LIMA WORLD LIBRARY

ദേശീയ അരി – ഷജിബുദീന്‍.ബി

വായനയ്ക്കായി പത്രം കൈയ്യിലെടുത്തതും ഭാര്യ ഓര്‍ക്കാപ്പുറത്ത് വന്ന് ചോദിച്ചു, ‘അരി വാങ്ങണില്ലേ?’ അവളങ്ങനെയാണ് അപ്രതീക്ഷിതമായി യുദ്ധഭൂമിയില്‍ ബോംബിടും പോലെയാണ് ഓരോന്ന് പറയുന്നത്.
‘അതിന് അരി തീര്‍ന്ന വിവരം എനിക്കറിയില്ലല്ലോ.’ ഞാന്‍ മിഴിച്ചു നോക്കിക്കൊണ്ട് ചോദിച്ചു.
‘എന്നാ അറിഞ്ഞോ അരി തീര്‍ന്നു.’അവള്‍ പറഞ്ഞു.
‘ഇത്ര വേഗം തീര്‍ന്നോ?’സാധാരണ ഭര്‍ത്താക്കന്‍മാരുടെ ചോദ്യം ഞാനും ചോദിച്ചു.
‘ ഉം. ഞാനിവിടെയിരുന്ന് വാരി വാരിത്തിന്നു.’ സാധാരണ ഭാര്യമാരുടെ ഉത്തരം ഉടന്‍ വന്നു.
കേരവൃക്ഷങ്ങളുടെ നാട്ടില്‍ കേരം തീരും മുന്‍പ് വയലേലകളുടെ നാട്ടില്‍ അരി തീര്‍ന്നിരുന്നല്ലോ. ശ്ശൊ ഞാനത് ഓര്‍ത്തില്ല.
ഞാന്‍ താക്കോലെടുത്ത് ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തു.

വിക്രമാദിത്യ മഹാരാജാവിന്റെ തോളില്‍ വേതാളം കയറുന്ന പോലെ മകള്‍ ഓടി വന്ന് ചാടി ബൈക്കിന്റ പുറകില്‍ കയറി.
‘ങാ, പോട്ടെ അരിക്കടയിലേയ്ക്ക്.’
ഗൃഹത്തിന്റെ ഉടമസ്ഥയോട് റ്റാറ്റ പറഞ്ഞ് ഞങ്ങള്‍ അരി തേടി സഞ്ചാരം തുടങ്ങി.

യാത്രയ്ക്കിടയില്‍ അവള്‍ ഒരു നൂറു കൂട്ടം ചോദ്യമാണ്. അതും വേതാളത്തെപ്പോലെ തന്നെ. എന്നെ കുഴക്കുന്ന ചോദ്യങ്ങള്‍. എങ്കിലും ഞാന്‍ മഹാരാജാവിനെപ്പോലെ ഉത്തരം നല്‍കിക്കൊണ്ടിരിക്കും. അങ്ങനെ ചോദ്യങ്ങളും ഉത്തരങ്ങളുമായി ഞങ്ങള്‍ അരിക്കടയിലെത്തി. ഞങ്ങള്‍ സാധാരണയായി അരി വാങ്ങുന്ന കടയില്‍ ജയചന്ദ്രന്‍ പറഞ്ഞു. ‘അരി തീര്‍ന്നു മാഷേ.കുറച്ചീസായി വരവു കുറവാ.’
നിരാശയോടെ ഞങ്ങള്‍ തിരിച്ചിറങ്ങി. എനിക്ക് സര്‍ക്കാര്‍ ഉദ്യോഗം ഉള്ളതുകൊണ്ട് റേഷന്‍ വിഹിതം ഞങ്ങള്‍ക്ക് കുറവാണ്. അതിനാല്‍ ആ പ്രതീഷ നേരത്തെ നഷ്ടപ്പെട്ടിരുന്നു.കുറച്ചു ദൂരം സമീപത്തെ കടകളിലൊക്കെ കാഴ്ചകള്‍ കണ്ട് അങ്ങനെ നടന്നു. ഞങ്ങളെപ്പോലെ, സഞ്ചരിക്കുന്നവരുടെ എണ്ണം അവിടെ കുറച്ചധികം ഉള്ളതായി ഞങ്ങള്‍ക്കു തോന്നി.

‘ബാ… ബാ… ഓടി ബാ… ഇതാ അരി നമ്മുടെ സ്വന്തം അരി. ‘
ആര് എന്തു വച്ചുകൊണ്ട് വിളിച്ചാലും ഓടിച്ചെല്ലുന്ന കേരളീയന്റെ ആകാംക്ഷയോടെ ഞങ്ങള്‍ അവിടേയ്ക്ക് ഓടിയെത്തി. ഒരു ജനക്കൂട്ടം .പരസ്പരം തള്ളിമറിക്കുന്നു. മകളെ ഞാന്‍ ഒരു കടവരാന്തയില്‍ ഒതുക്കി നിറുത്തി ജനങ്ങളെ വകഞ്ഞ് ഒരു വിധം അകത്തെത്തി.
‘ദേ….അരി. ബി അരി. തുച്ഛമായ വിലയ്ക്ക്…. ‘ ജനങ്ങള്‍ വലിയ വലിയ ചാക്കുകളില്‍ അരി വാങ്ങി നിറച്ചു. ‘അഞ്ചു കിലോ, സുഹൃത്തേ അഞ്ചു കിലോ, എനിക്കും കൂടി അഞ്ചു
കിലോ ‘.തൊട്ടടുത്ത് നിന്ന് ആവശ്യപ്പെട്ടിട്ടും എന്നെപ്പോലെ ചില്ലറ കിലോ ചോദിച്ചവര്‍ക്കു ലഭിച്ചില്ല. ചാക്കു കണക്കിനു ചോദിച്ചവര്‍ക്കു മാത്രം ലഭിച്ചു. എന്തായാലും ആ മത്സരത്തില്‍ ഞാന്‍ തോറ്റുപുറത്തായി.മുന്നേ എത്തിയവര്‍ ഒരുമിച്ചു വാങ്ങി ഒക്കെയും തീര്‍ന്നു. എനിക്ക് ചെറുതായി ഒരു ബേജാറ് അനുഭവപ്പെട്ടു. കടകള്‍ ഇനിയുമെത്ര മുന്നിലുണ്ട്. എന്തിന് അധൈര്യപ്പെടുന്നു. ഞാന്‍ സ്വയം ധൈര്യപ്പെടുത്തി.വീണ്ടും ഞങ്ങള്‍ അരി തേടി മുന്നോട്ടു നടന്നു. ‘വാസൂട്ടന്റെ മൊത്തവ്യാപാര കടയുണ്ട്. വാ.ഞങ്ങള്‍ പരിചയക്കാരാ. അവിടുന്ന് വാങ്ങാം. ‘ എനിക്ക് സ്വന്തമായി ഒരു അരിക്കച്ചവടക്കാരന്‍ ഉണ്ടെന്ന ഭാവത്തില്‍ ഞാന്‍ മകളോട് പറഞ്ഞു.പക്ഷേ വാസൂട്ടന്റെ കട അന്നു തുറന്നില്ല. ‘അവന്‍ ഒരാഴ്ചയായി തുറക്കുന്നില്ല. അരി വരവില്ലല്ലോ.’ അടുത്ത പഴക്കടക്കാരന്‍ പറഞ്ഞു. ‘അവന്റെ മകള്‍ തൂങ്ങി മരിച്ചെന്നും കേള്‍ക്കുന്നു. പറഞ്ഞു വച്ച കല്യാണം മുടങ്ങീന്നോ മറ്റുമൊക്കെ
പറയുന്നുണ്ട്. ‘

ഒരു വളവു കൂടി തിരിഞ്ഞതും വീണ്ടും അതാ ഒരാള്‍ക്കൂട്ടം. ഞാന്‍ ധൃതിപ്പെട്ട് അവിടേയ്‌ക്കോടി. എന്റെ കൈയ്യിലെ സഞ്ചിയില്‍ പിടിച്ച് മകളും കൂടെ ഓടി. ഇത്തവണ ഞാന്‍ കുറച്ചുകൂടി വിദഗ്ധമായി ജനക്കൂട്ടത്തില്‍ തുരന്നു കയറി.
‘കെ അരി. കെ അരി. നമ്മുടെ നാടിന്റെ അരി. നമ്മുടെ സ്വന്തം ഉല്‍പ്പന്നം.’വില്‍പ്പനക്കാരന്‍ വിളിച്ചു പറയുന്നു. ഇത്തവണ ഞാന്‍ ഒരു പത്തു കിലോ ചോദിച്ചു. പക്ഷേ മൂന്നു കിലോയോ അതില്‍ കുറച്ചോ ആവശ്യപ്പെട്ടവര്‍ക്കേ അരി ലഭിച്ചുള്ളൂ. എന്നു മാത്രമല്ല പത്തു കിലോ ചോദിച്ച എന്നെ ഒരു ജന്‍മിയെ എന്ന പോലെ നികൃഷ്ടമായി വില്‍പ്പനക്കാരന്‍ വീക്ഷിക്കുകയും ചെയ്തു.

കഥയ്ക്കുത്തരം കിട്ടാത്ത രാജാവിനെപ്പോലെ ഞാന്‍ തിരിച്ചിറങ്ങി. മകള്‍ എന്നെ നോക്കി ഒരു ഇളിഭ്യ ചിരി .ഞാന്‍ ആരും കാണാതെ കൊഞ്ഞനം കുത്തി കാണിച്ചു.
‘എന്താ, ചിരിയിലൊരു കണ്‍ നിറ?’എന്റെ കണ്ണുകളില്‍ നോക്കി അവള്‍ ചോദിച്ചു. ‘വാസു മാമന്റെ മോളെ ഓര്‍മ്മ വന്നോ?’ഞാന്‍ വേതാളത്തെ എന്നിലേക്ക് ചേര്‍ത്തു പിടിച്ചു.

ഒരു കിലോ എങ്കിലും അരി കിട്ടിയെ പറ്റൂ.

പുറകിലിരുന്ന വേതാളം ചോദിച്ചു, ‘അപ്പാ,എന്താ ഈ ബി അരി?’
‘അതാണ് ഭാരതിയാന്റെ അരി ‘
‘അപ്പോ കെ അരിയോ
‘അത് കേരളീയാന്റെ അരി. ‘
‘അതെന്താ വ്യത്യാസം.?’
‘അത് ആദ്യത്തേത് ദേശീയതയുടെ അരി. അത് ഭക്ഷിച്ചാല്‍ നമുക്ക് ദേശസ്‌നേഹം വരും. രണ്ടാമത്തേതും ദേശീയത തന്നെ പ്രാ-ദേശീയതയുടെ അരി, അത് തിന്നാല്‍ പ്രാ-ദേശീയ സ്‌നേഹം വരും.’
‘അപ്പോള്‍ അവയ്ക്ക് വിശപ്പ് മാറ്റാന്‍ കഴിയൂലേ.’അവള്‍ ചോദിച്ചു.
‘വിശപ്പ് നമ്മള്‍ ഉദ്ദേശിച്ച അളവില്‍ മാറില്ല. വിലക്കാര്‍ നിശ്ചയിച്ച അളവില്‍ മാറും.’
‘ഓഹോ …!’
അവള്‍ എന്തോ വലിയ കാര്യം മനസിലായവളെപ്പോലെ പറഞ്ഞു. എന്നിട്ട് ചോദിച്ചു, ‘അപ്പോള്‍ ഉമ്മ പറയണ സുലേഖയും സുരേഖയും എന്താ മുസ്ലിം അരിയും ഹിന്ദു അരി യുമാണോ? ‘
‘പതുക്കെ പറയെടി. നീ ഇപ്പോള്‍ തന്നെ വര്‍ഗീയ ലഹള പൊട്ടിപ്പുറപ്പെടുവിക്കോ? ‘
അവള്‍ ഒരു അപരാധിയെ പോലെ മുഖം കുനിച്ചു. അല്‍പം കഴിഞ്ഞ് പിന്നേം ചോദിച്ചു. ‘മുസ്ലീം അരി ഇനി പച്ച നിറമായിരിക്കോ.അപ്പോള്‍ നമ്മളിനി അതാണോ കഴിക്കേണ്ടത്.വസുദേവ് സ്‌കൂളില്‍ വരുമ്പോള്‍ ഏതു നിറത്തിലുള്ള ചോറാകും കൊണ്ടുവരിക.കാവി നിറമായിരിക്കോ?’
പടച്ചോനെ അങ്ങനെയൊക്കെ വന്നാല്‍ ഞങ്ങള്‍ മനുഷ്യ കുലം ആകെ വലഞ്ഞു പോകുമല്ലോ. ഒരു ചിന്ത വന്ന് എന്നെ പിടിച്ചു തള്ളി.
‘വാപ്പു ഈ അരിയിലൊക്കെ നിറമടിച്ചാലല്ലേ പച്ചയും വെള്ളയും മഞ്ഞയുമൊക്കെ ആക്കി മാറ്റാന്‍ കഴിയൂ .യഥാര്‍ത്ഥത്തില്‍ അരിയുടെ നിറമെന്താ….? ‘
വേതാളം ചോദ്യശരങ്ങള്‍ കൊണ്ട് എന്നെ ശരശയനത്തിലാക്കി.
ഭാഗ്യം, അരിയ്ക്കും വെള്ളത്തിനുമൊന്നും നിറമില്ലാതെ പോയത്. ഒടേതമ്പുരാന് കാര്യങ്ങളെ കുറിച്ച് ഒരു ദീര്‍ഘവീക്ഷണമുണ്ട്.
‘ അപ്പോള്‍ അരിയിലല്ല. അതില്‍ പൂശിയിരിക്കുന്ന നിറത്തിലാണു കാര്യം.’ അവള്‍ തന്നെ ഉത്തരവും പറഞ്ഞു.
‘അതെ. മനുഷ്യകുലമുണ്ടായപ്പോള്‍ മുതല്‍ക്കേയുള്ള പ്രശ്‌നമാണ് നിറം. ഇപ്പോള്‍ നിറത്തോടൊപ്പം മറ്റു കുഴപ്പങ്ങളുമുണ്ട്.’

ഓഫീസില്‍ മാല ടീച്ചര്‍ അടുത്തൂണ്‍ പറ്റി പിരിഞ്ഞു പോകുന്ന ദിവസം നല്‍കിയ സ്‌നേഹവിരുന്ന് എനിക്ക് ഓര്‍മ്മ വന്നു. വിഭവസമൃദ്ധമായ ഊണ്. സാമ്പാര്‍, അവിയല്‍, ഓലന്‍, തോരന്‍, കാളന്‍. ഈന്തപ്പഴ അച്ചാര്‍ ഉള്‍പ്പെടെ നാല്.ഞങ്ങള്‍ പത്തു പേര്‍ തകൃതിയായി വിളംബല്‍ ആരംഭിച്ചു.ബാല ടീച്ചറിന്റെ അടുക്കല്‍ സ്റ്റീല്‍ തൊട്ടിയില്‍ ഞാന്‍ കറിയുമായി എത്തി. ‘എന്താത് ? ‘
‘ചിക്കന്‍ .’
‘കൊണ്ടു പോ ദൂരെ .’ ഒറ്റയാട്ട് ഞാന്‍ തെറിച്ച് ചുമരില്‍ പോയി തട്ടി താഴെ വീണു.ഇല്ല അങ്ങനെ സംഭവിച്ചിട്ടില്ല. എനിക്കു തോന്നിയതാണ്. ‘ഞാനിത്തരം സാധനങ്ങളൊന്നും കഴിക്കില്ലെന്നറിയില്ലേ?”
‘ക്ഷമിക്കണം ടീച്ചര്‍ ‘ പിന്നീട് ആര്‍ക്കും ചിക്കന്‍ കറി വിളമ്പാന്‍ എനിക്കു തോന്നിയില്ല.ഞാന്‍ മുന്നോട്ട് നീങ്ങി.
‘എനിക്കെന്താ ചിക്കന്‍ തരാത്തെ?’ അപമാനത്തിന്റെ കുഴിയില്‍ നിന്നും തൊട്ടടുത്തിരുന്ന സുകുമാരന്‍ സാര്‍ ചിരിച്ചു കൊണ്ട് എന്നെ പിടിച്ചു കയറ്റി.ഞാന്‍ അദ്ദേഹത്തിനു ചിക്കന്‍ വിളമ്പി. പിന്നെ ഓരോരുത്തരുടെ അടുക്കലും ഞാന്‍ ചിക്കന്‍ നിറഞ്ഞ തൊട്ടിയുമായി ഒരു പരുങ്ങലോടെ നിന്നു.ആവശ്യപ്പെട്ടപ്പോള്‍ മാത്രം വിളമ്പി.

മാല ടീച്ചര്‍ പറഞ്ഞത് ഓര്‍മ വന്നു. ‘മാഷേ ദിവസം തിരഞ്ഞെടുക്കുമ്പോള്‍ കഴിയുന്നതും ഒരു അവധി ദിവസം വേണം. വേറൊന്നുമല്ല. നമ്മുടേതൊരു സര്‍ക്കാര്‍ പള്ളിക്കൂടമല്ലേ. ഈ ചിക്കന്റയൊക്കെ മണംപിടിച്ച് പിള്ളേര് വരും. അത്ങ്ങള്‍ക്ക് ഇതൊന്നും വല്ലപ്പോഴും പോലും ലഭിക്കില്ലെന്ന് മാഷ്‌ക്ക് അറിയാല്ലോ.’മാല ടീച്ചര്‍ എപ്പോഴും അങ്ങനെയാണ് കുട്ടികളുടെ കണ്ണിലൂടെയാണ് മിക്കവാറും എല്ലാം നോക്കി കാണുന്നത്.

എല്ലാവര്‍ക്കും ഊണു വിളമ്പി അവസാനക്കാരോടൊപ്പം ഞങ്ങള്‍ വിളമ്പുകാരുമിരുന്നു.എന്റെ അടുക്കല്‍ ശാരദ ടീച്ചര്‍.
‘ടീച്ചര്‍ ചിക്കന്‍ കഴിക്കില്ലേ? ‘ഞാന്‍ ചോദിച്ചു.
‘എല്ലാം കഴിക്കും. പക്ഷേ ഊണിനൊപ്പം കഴിക്കില്ല. ഊണ് ദൈവീകമാണ്. അത് പ്രസാദമാണ്. അതിനെ മാംസം തൊട്ട് മലിനമാക്കരുത്.’ടീച്ചര്‍ ഒരോ വറ്റായി ഭക്ത്യാദരങ്ങളോടെ കഴിക്കാന്‍ ആരംഭിച്ചു. എന്തോ ഒരു പ്രത്യേക ഭക്തിപാരവശ്യം എല്ലാ വറ്റിലുമുള്ളതായി അവര്‍ കഴിക്കുന്നതു കണ്ടപ്പോള്‍ എനിക്കു തോന്നി. ആദ്യം മുതല്‍ അവസാനം വരെ കഴിക്കേണ്ട വിധം ടീച്ചര്‍ വിശദമായി പറഞ്ഞു. ഞാന്‍ ടീച്ചര്‍ കഴിക്കുന്നതു പോലെ ആരംഭിച്ചു.ഊണ് ദേശീയ ഭക്ഷണമാണ്. ബിരിയാണി വൈദേശികവും.ടീച്ചര്‍ പറഞ്ഞു നിര്‍ത്തി.ഞാന്‍ നെഞ്ചില്‍ വെടിയേറ്റ പോലെയായി. ടീച്ചര്‍ വൈദേശികമായി വേറെയും വിഭവങ്ങള്‍ ഉണ്ടല്ലോ എന്നു പറയണമെന്നുണ്ടായിരുന്നു. എന്തുകൊണ്ടോ എനിക്കത് പറയാനായില്ല.

അന്നു രാത്രിയില്‍ ആഹാരം കഴിക്കുമ്പോള്‍ ഞാന്‍ മോളോട് ആ വിവരങ്ങള്‍ മുഴുവന്‍ വിശദീകരിച്ചു. ‘വിശന്നാ പിന്നെ ഇതൊന്നും നോക്കിയിരിക്കാന്‍ പറ്റില്ലേ.ഞാന്‍ ആരെയെങ്കിലും പിടിച്ചു തിന്നും.’ അവള്‍ എല്ലാത്തിനും കൂടി ചേര്‍ത്തൊരുത്തരം നല്‍കി.

ഞാനും ആ രുചി അനുഭവിക്കുന്ന പോലെ ശാരദ ടീച്ചറിനൊപ്പം കഴിച്ചു. അത്രയേറെ വിശപ്പുണ്ടായിരുന്നതിനാലും ഇനിയും ചിലര്‍ക്കു കൂടി വിളമ്പാനുണ്ടായിരുന്നതിനാലും ഞാന്‍ അല്‍പം വേഗം കഴിച്ചെഴുന്നേറ്റു.രണ്ടു മൂന്നു ഭിക്ഷക്കാര്‍ പുറത്ത് നില്‍പ്പുണ്ടായിരുന്നു.ഞങ്ങള്‍ അവര്‍ക്കു ചോറുവിളമ്പി. അവര്‍ എന്നും സ്‌കൂളില്‍ നിന്നുമാണ് ആഹാരം കഴിക്കുന്നത്.ഞങ്ങളെ നോക്കി ചിരിച്ചു കൊണ്ട് നിറകണ്ണുകളോടെ അവര്‍ ചോറുകഴിച്ചു. കറികള്‍ തൊടുന്നതിനോ എടുക്കുന്നതിനോ ഒന്നും ഒരു ക്രമവുമില്ലായിരുന്നു. വിശപ്പും ദാരിദ്രവും ചേര്‍ന്ന് രൂപപ്പെടുത്തിയ അവശതകള്‍ മാത്രമായിരുന്നു ആ വെപ്രാളത്തിലുണ്ടായിരുന്നത്. ഊണും ചിക്കനും ഒക്കെ അവര്‍ കഴിച്ചു. ഏതോ ആരാധനാലയത്തിലെ ദൈവത്തെ നോക്കും പോലെ അവര്‍ ഞങ്ങളെ നോക്കി. മാല ടീച്ചറെ കണ്ണാല്‍ നമസ്‌കരിച്ചു. തീര്‍ച്ചയായും ആ വിളമ്പുമുറിയിലെവിടെയോ വച്ച് ആ വിശപ്പാളര്‍ ദൈവത്തെ കണ്ടിരിക്കണം. ഭക്ഷണം കഴിച്ചു കഴിഞ്ഞ് കൈ കഴുകി അവര്‍ ഞങ്ങളെ വന്നു കണ്ട് താണു വണങ്ങി. മാല ടീച്ചര്‍ അവരെ വിലക്കി. വണക്കം ഉടയോനോട് മാത്രം.അവര്‍ ആകാശത്തേയ്ക്ക് കണ്ണുയര്‍ത്തി. ശേഷം തിരിഞ്ഞു നടന്നു.

ബിരിയാണി മാത്രം വൈദേശികമായതിന്റെ രഹസ്യം അലട്ടുന്ന മനസുമായി ഞാന്‍ അന്നു മുഴുവന്‍ അലഞ്ഞു തിരിഞ്ഞു.പക്ഷികളേയും മൃഗങ്ങളെയും തിന്നുന്ന ഞാന്‍ എത്ര നികൃഷ്ടനാണ് എന്ന ചിന്ത എന്നെ അലട്ടിക്കൊണ്ടിരുന്നു.
അന്നു വൈകുന്നേരത്തെ യാത്രാവേളയില്‍ ഏഴാം ക്ലാസുകാരി പറഞ്ഞു, ‘അപ്പാ, ഇത് ഹെര്‍ബി വോറസ് കാര്‍നിവോറസ് ഡിഫറന്‍സാണ്. ‘
‘അതെന്താടേ പുതിയ വൈറസ്?
‘ വൈറസല്ല മണ്ടാ. സസ്യഭുക്ക്, മാംസഭുക്കുകള്‍ തമ്മിലുള്ള വ്യത്യാസമാണെന്ന്.
സയന്‍സില്‍ ഞാന്‍ പഠിച്ചതല്ലേ. പിന്നെയൊരു സംശയം ഈ മാംസഭുക്കും സസ്യഭുക്കും എങ്ങനെയുണ്ടായി. ‘അവള്‍ ചോദ്യത്തില്‍ കൊണ്ട് കഥ നിര്‍ത്തി.
‘ദാ ആ മല കണ്ടോ. കാഫ് മല.’ ഞാന്‍ പറഞ്ഞു.
‘ അത് ഏത് മല?’ അവള്‍ക്ക് സംശയം .
‘അങ്ങനെയൊരു മലയുണ്ട്. ‘ഞാന്‍ തുടര്‍ന്നു.ആ മലയ്ക്കിപ്പുറം താഴ് വാരങ്ങളും നമ്മുടെ കിള്ളിയാറും. അതു മാത്രമല്ല പേരാറും പെരിയാറും തുടങ്ങി അങ്ങ് സിന്ധുഗംഗബ്രഹ്‌മപുത്ര വരെ.ധാരാളം ജലം.ഫലഭൂയിഷ്ഠമായ മണ്ണ്. അതു കൊണ്ടു സസ്യലതാദികള്‍ തഴച്ചു വളര്‍ന്നു. ഫലങ്ങള്‍ കൊണ്ടവ നിറഞ്ഞു. മനുഷ്യര്‍ക്കു കഴിക്കാന്‍ ധാരാളം പ്രകൃതി വിഭവങ്ങള്‍.അവര്‍ സസ്യഭുക്കുകളായി. അതിന്റെ പരമ്പരകളുണ്ടായി.കാഫ് മലയ്ക്കപ്പുറം കണ്ണെത്താ ദൂരം മണലാരണ്യം. നീരുറവകള്‍ തീരെ കുറവ്.സസ്യലതാദികള്‍ തീരെയില്ല.അവര്‍ ഉപജീവനത്തിനായി മൃഗങ്ങളെ വളര്‍ത്തി.അവര്‍ മാംസഭുക്കുകളായി. ‘
‘അപ്പോള്‍ ഒരു സംശയം. ‘വേതാളം ഇടയില്‍ കയറി. ‘രണ്ടും തിന്നുന്നവരെങ്ങനെയുണ്ടായി എന്നല്ലേ?’ അവളുടെ ചോദ്യം ഞാന്‍ മുന്‍കൂറായി അറിഞ്ഞു.
‘നമ്മുടെ സല്‍മമ്മയെ അറിയില്ലേ.?’ ‘ങും. വാപ്പൂന്റെ വല്യുമ്മ.’
‘അതെ. അവര്‍ മാംസഭുക്കു പരമ്പരയായിരുന്നു.ചെറുപ്പത്തില്‍ അവരുടെ അയല്‍പക്കത്ത് വല്യുപ്പ കല്യാണത്തിന് ബിരിയാണി വയ്ക്കാന്‍ പോയി. അത് കഴിച്ച സത് മ വല്യുപ്പാന്റെ കൂടെപ്പോന്നു. ആ സത്മയാണ് ഇന്നത്തെ സല്‍മ. നമ്മുടെ സല്‍മാമ്മ.’
‘ അത് മിശ്രഭുക്കല്ലല്ലോ. പ്രേമഭുക്കല്ലേ.’
‘അതന്നെ. പ്രേമം മിശ്രഭുക്കുകളെ ജനിപ്പിച്ചു. ‘
‘അപ്പോള്‍ പരീക്ഷയ്ക്ക് ഈ ഉത്തരം എഴുതിയാ മതിയാ.മാര്‍ക്കു കിട്ടോ.’ അവളും ഞാനും ഉറക്കെ ചിരിച്ചു.

കഞ്ഞിക്ക് അരി തേടിയുള്ള ഞങ്ങളുടെ യാത്ര ഏകദേശം ഇരുപതോളം കട പിന്നിട്ടു.ദാ ഇപ്പപ്പോയി ജയചന്ദ്രന്റെ കടയില്‍ നിന്നും അരിയുമായി വരാം എന്നു പറഞ്ഞിറങ്ങിയ ഞങ്ങളാണ് വിക്രമാദിത്യനും വേതാളവും പോലെ വഴിയോരക്കടകളും മാര്‍ക്കറ്റുകളും പിന്നിട്ട് യാത്ര തുടരുന്നത്.ഇനി വന്‍കിട മാളുകളാണുള്ളത്. നാട്ടിന്‍ പുറത്തുകാരന്റെ പക്കല്‍ നിന്നു മാത്രമേ സാധനം വാങ്ങൂ എന്ന എന്റെ അഴുക്ക പിടിവാശി ഇതുവരെ അതിനു സമ്മതിച്ചിട്ടില്ല.

കടകള്‍ പലതും പിന്നിടുന്നതനുസരിച്ച് ഞങ്ങളുടെ ആശങ്ക വര്‍ദ്ധിച്ചു കൊണ്ടിരുന്നു. മുന്നില്‍ അഗാധമായ ഒരു ഗര്‍ത്തത്തിലേയ്ക്കാണ് ഞങ്ങള്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നതെന്ന് ക്രമേണ ഞങ്ങള്‍ക്ക് തോന്നി.ആ വഴി ക്രമേണ ഇരുളടഞ്ഞതായി മാറി, ഞങ്ങള്‍ ഇരുളില്‍ ലയിച്ചു പോകുമെന്നും തോന്നി. ‘ വാപ്പു അപ്പോള്‍ അരി കിട്ടില്ല എന്നത് സത്യമാണോ? ഏഴാം ക്ലാസുകാരിയുടെ ആശങ്ക നിറത്ത ചോദ്യം. വര്‍ദ്ധിച്ച ഒരാശങ്ക എന്നെയും ചുറ്റി നിന്നിരുന്നുവെങ്കിലും അതു പുറത്തു കാട്ടാതെ ഞാന്‍ പറഞ്ഞു, ‘അരിയൊക്കെ കിട്ടും. നീ സമാധാനിക്ക്.’

ഞങ്ങളുടെ മുന്നില്‍ ദീര്‍ഘമായ സഞ്ചാര പാത.വേനല്‍ കലിയോടെ മനുഷ്യനെ കടിച്ചു തിന്നുന്നു. ഗോതമ്പും റാഗിയുമൊക്കെ കടകളില്‍ ധാരാളമുണ്ടെങ്കിലും അരിയാഹാരമാണ് ഞങ്ങളുടെ നാവിന്റെ ദാഹം. ഈ ഭൂമിയിലെന്താ കിളികള്‍ പറക്കാത്തത്? ഈ ഭൂമിയിലെന്താ കാറ്റു വീശാത്തത്? ദൂരത്തെ പിന്നാലാക്കവേ മകള്‍ ചോദിച്ചു കൊണ്ടിരുന്നു.

ഇരുപത്തിനാലു കിലോമീറ്ററുകള്‍ സഞ്ചരിച്ച് ഞങ്ങള്‍ സേതുനാടാരുടെ മുണ്ടകന്‍ പാടത്തെത്തി.ഗ്രാമത്തിന്റെ അരുകിലായി ഇനിയും മരിക്കാത്ത
ത്ത് പ്പൂലം പാടം. തന്റെ ഒരേക്കര്‍ പാടത്ത് സേതുനാടാര്‍ നെല്‍വിത്തുകള്‍ പാകി കിളിര്‍പ്പിക്കുന്നിടം. എന്റെ ബാല്യം അനേക വട്ടം മുറിച്ചുകടന്നിട്ടുള്ള നെല്‍വയല്‍ .ഒരിക്കല്‍ വയല്‍ വരമ്പില്‍ വഴുതി ചെളിയില്‍ മുങ്ങി ഞാന്‍ വീണു. ചാലിലേയ്ക്കു വെള്ളം തുറന്നു വിട്ടു നിന്ന അപ്പുനാടാര്‍, സേതുനാടാരുടെ അച്ഛന്‍ ഓടി വന്ന് എന്നെ വാരി തൂക്കി എടുത്തു.ചെളിയില്‍ മുങ്ങിയ എന്നെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു, ‘ഇപ്പോള്‍ പാടത്ത് വെക്കാന്‍ പറ്റിയ കോലമായി. ‘
പിന്നെ ഓടയിലെ വെള്ളത്തില്‍ മുക്കിയെടുത്തു.ചെളി തൂവിക്കളഞ്ഞു.

ഞങ്ങള്‍ സേതുനാടാരുടെ വീട്ടിലെത്തി. അടഞ്ഞുകിടക്കുന്ന വാതില്‍ മുട്ടി വിളിച്ചു. ആളനക്കം ഒന്നും കാണുന്നില്ല. ഞങ്ങള്‍ അവിടെ ചുറ്റിത്തിരിഞ്ഞു നോക്കി. ‘അവിടാരുമില്ല. സേതുനാടാര്‍ സമരത്തിനു പോയി. ‘
അപ്പുറത്തെ വീട്ടിലെ കുഞ്ഞി ,വയസു തൊണ്ണൂറു കഴിഞ്ഞിട്ടുണ്ടാകും, വന്നു പറഞ്ഞു. ‘ഇപ്പോള്‍ ഇവിടെ ആരൊക്കെയുണ്ട്.?’
‘സേതു മാത്രമേയുള്ളൂ. ബാക്കിയുള്ളോരൊക്കെ പാടത്തെ പണി മതിയാക്കി. സേതൂന്റെ മൂത്ത മകന്‍ തലസ്ഥാനത്തെ മാളില്‍ സെക്യൂരിറ്റിയായി പോകുന്നു. രണ്ടാമത്തവന്‍ ഏതോ കമ്പൂട്ടര്‍ കമ്പനീല്. മോളൊരുത്തിയുള്ളവള്‍ ആരുടെയോ കൂടെ ഒളിച്ചോടിപ്പോയി. ‘ ഞങ്ങള്‍ സേതൂന്റെ പാടത്തേയ്ക്ക് നോക്കി. മാരനെ കാത്തിരിക്കുന്ന പെണ്ണൊരുത്തിയെ പോലെ അവള്‍ ആരെയോ കാത്തിരിപ്പാണ്. ഇനിയൊരു പ്രതീക്ഷയില്ലാതെ ഞാനും വേതാളവും പരസ്പരം നോക്കി. ഒഴിഞ്ഞ സഞ്ചിയുമായി ഞങ്ങള്‍ തിരിച്ചിറങ്ങി. ‘അരിയും ആഹാരങ്ങളൊക്കെയും ദേശവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു. ഓരോന്നോരോന്നായി മനുഷ്യകുലത്തില്‍ നിന്നും ആരോ കവര്‍ന്നെടുക്കുന്നു.
‘വാപ്പൂ. ആരാ ആ കവര്‍ച്ചക്കാരന്‍? ‘വേതാളത്തിന്റെ ചോദ്യത്തില്‍ ഞാന്‍ ഉത്തരമറ്റു തോറ്റു. അവള്‍ ഇപ്പോള്‍ വേതാളത്തെപ്പോലെ ചാടി പോകുമോ എന്ന് ഞാന്‍ ഭയന്നു. അപ്പോഴേയ്ക്കും ഞങ്ങള്‍ നന്നെ ക്ഷീണിച്ചിരുന്നു. ഞങ്ങളുടെ സഞ്ചാരം മൈലുകള്‍ താണ്ടി ദിവസങ്ങള്‍ പിന്നിട്ടതായി ഞങ്ങള്‍ക്കു തോന്നി.മലിനജലത്തിന്റെ ചാലുകള്‍ കടന്ന് ഞങ്ങള്‍ സഞ്ചരിച്ചുകൊണ്ടിരുന്നു.ഇന്ത്യയുടെ ഞരമ്പുകളിലൂടെ മലിനജലം ഒഴുകുകയാണ്.

വടക്കോട്ടുള്ള വളവു തിരിഞ്ഞതും ഞങ്ങളെ പോലീസ് തടഞ്ഞു,
‘എവിടെ പോകുന്നു. സമരത്തില്‍ പങ്കെടുക്കാനാണോ? ‘
എന്തു സമരം? ഒരു വേള ഞാന്‍ സ്വയം ചോദിച്ചു. ‘അല്ല സാര്‍. ഞങ്ങള്‍ അരി വാങ്ങാനിറങ്ങിയതാ.’ അരി എന്നു കേട്ടതും ബോംബുമായി പൊട്ടിത്തെറിക്കാന്‍ വന്ന ഭീകരവാദിയെപ്പോലെ പെട്ടന്ന് ഞങ്ങളെ പോലീസുകാര്‍ ചുറ്റി വളഞ്ഞു. മകള്‍ എന്നെ ചുറ്റിപിടിച്ചു.
‘കര്‍ഷക സമരത്തില്‍ പങ്കെടുക്കാനാണെങ്കില്‍ ആവാം. പക്ഷേ ചാകാന്‍ കൂടി തയ്യാറായിക്കോ.’
കുറച്ചു ദിവസങ്ങളായി പത്രത്തില്‍ വരുന്ന വാര്‍ത്തകള്‍ എനിക്കോര്‍മ്മ വന്നു. വീട്ടില്‍ അരി തീര്‍ന്നെന്നും അങ്ങനെ കുറച്ചു അരി കിട്ടുമോ എന്നു അന്വേഷിച്ചിറങ്ങിയതാണ് എന്നും ഞാന്‍ കരഞ്ഞു കാലു പിടിച്ചു പറഞ്ഞു. അപ്പോഴേയ്ക്കും ഏതോ സേനയുടെ ലാത്തിച്ചാര്‍ജ്ജ് ആരംഭിച്ചിരുന്നു. ജനങ്ങള്‍ ചിതറിയോടി. മരിച്ചു പോയ കര്‍ഷകന്റെ മൃതശരീരവുമായുള്ള സമരത്തെ പോലീസ് അടിച്ചമര്‍ത്തുകയാണ്.പോലീസിന്റെ ശ്രദ്ധ അങ്ങോട്ടു തിരിഞ്ഞതും ഞാന്‍ വിദഗ്ധമായി ബൈക്കു തിരിച്ച് വേഗത്തില്‍ രക്ഷപ്പെട്ടു. ‘അപ്പാ ബൈക്കു നിര്‍ത്ത്. ‘ ( അവള്‍ ഇടയ്ക്ക് എന്നെ അപ്പാ എന്നും വിളിക്കാറുണ്ട്.)പെട്ടെന്ന് വേതാളം പറഞ്ഞു. ഞാന്‍ അല്‍പ്പം കൂടി മുന്നോട്ടോടിച്ച് സുരക്ഷിതമായ സ്ഥലത്ത് വണ്ടി നിറുത്തി. മകള്‍ വണ്ടിയില്‍ നിന്നും താഴെയിറങ്ങി,ശേഷം എന്റെ കവിളില്‍ ഒരുമ്മ നല്‍കി അവള്‍ തിരിഞ്ഞോടി അതിവേഗം സമര ഭൂമിയിലേയ്ക്ക്. എനിക്കെന്തെകിലും ചെയ്യാനാകും മുന്‍പ് അവള്‍ ഒരു വെടിയുണ്ട പോലെ അതിലേയ്ക്ക് ലയിച്ചു.

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px