LIMA WORLD LIBRARY

ഖദീജുമ്മാ-റെജി ഇലഞ്ഞിത്തറ

”ഓള് നീ പറഞ്ഞോലെ നല്ല മൊഞ്ചത്തി ആണല്ലോ പഹയാ. ഓടെ ബാപ്പേം ഉമ്മേ അറിഞ്ഞിനാ”…. ഉമ്മാക്ക് സംശയം. നിക്കാഹ് രജിസ്റ്റര്‍ ആപ്പീസില്‍ ആയിരുന്നുമ്മാ. അന്റെ ചങ്ങായി മാരും കൂടെ ജോലി ചെയ്യുന്നോരും ഒക്കെ ഉണ്ടായിരുന്നു. പ്രായമായ കുട്ടിയല്ലേ, ഓള്‍ക്ക് മൊഹബത്ത് ഒള്ളോരുടെ കൂടെ പൊറുക്കാന്‍ ഇന്നാട്ടില്‍ നിയമമുണ്ടുമ്മാ. ”ഒരൊക്കെ പെരുത്ത കായി ഉള്ളോരല്ലേ, നീ സൂശ്ശിക്കണേ…….ഓളോടെ പണ്ടങ്ങളൊക്കെ എവിടേലും വെച്ച് പൂട്ടി ബെക്കാനെ കൊണ്ട് പറ, ഈ ദുനിയാവില്‍ ആരേം വിശ്വസിച്ചൂട. ഞമ്മടെ കുടിയൊക്കെ ഓള്‍ക്ക് ഇഷ്ടാവോ ആവോ, വലിയ വീട്ടില്‍ വളര്‍ന്ന കുട്ടിയല്ലേ”. കദീജുമ്മാക്ക് ബേജാറ്, ”റബ്ബേ ഒരേ കാത്തോളണേ, അല്‍ഹംദുലില്ലാ”……..ആത്മഗതം പോലെ ഉമ്മ എന്തൊക്കയോ പുലമ്പുന്നുണ്ടായിരുന്നു. കാലത്തിന്റെ ഗതിവിഗതികള്‍ എന്തെല്ലാമോ മാറ്റങ്ങള്‍ ഈ ഭൂമി മലയാളത്തില്‍ വരുത്തിയെങ്കിലും, സ്‌നേഹവും പ്രേമവുമെല്ലാം കാലാതിവര്‍ത്തിയായി തുടര്‍ന്നു കൊണ്ടേയിരുന്നു.

 

ഒന്‍പത് സഹോദരങ്ങള്‍ക്ക് ഏക സഹോദരി, ഖദീജ, കൂലിപ്പണിയും പട്ടിണിയുമൊക്കെ ആണെങ്കിലും സഹോദരിയെ അല്ലലറിയിക്കാതെ വളര്‍ത്തി, അവളെ നോക്കുമെന്ന് ഉറപ്പുള്ള ഒരു മാപ്പിളയ്ക്ക് കെട്ടിച്ചും കൊടുത്തു. പരമ കാരുണികനായ അല്ലാഹു എന്തുകൊണ്ടോ ആ കാരുണ്യമൊന്നും ഖദീജയോട് കാട്ടിയില്ല. പറക്കമുറ്റാത്ത രണ്ടു കുഞ്ഞുങ്ങളെ അവളെ ഏല്പിച്ച് അവളുടെ ഭര്‍ത്താവ് പള്ളിപ്പറമ്പില്‍ കബറടങ്ങി. വലിയ വലിയ തറവാട് വീടുകളില്‍ അടുക്കളവേല ചെയ്തും മറ്റും തന്റെ മക്കളെ പോറ്റാന്‍ അവള്‍ നന്നേ പണിപ്പെട്ടു. മൂത്തവനെ പഠിപ്പിച്ച് വലിയ സര്‍ക്കാര്‍ ജോലിക്കാരന്‍ ആക്കണമെന്നും ഇളയവളെ പഠിപ്പിക്കാനൊന്നും പറ്റിയില്ലെങ്കിലും പ്രായമാകുബോള്‍ അവളെ നല്ലൊരുത്തന് നിക്കാഹ് കഴിപ്പിച്ച് കൊടുക്കണമെന്നും. പത്താംതരം തോറ്റതോടെ ബഷീര്‍ അടുത്തുള്ള ചെരുപ്പ് കമ്പനിയില്‍ പണിക്ക് പോയിതുടങ്ങി. ഉമ്മാക്ക് ഒരു സഹായം ആകുമല്ലോ. പതിനെട്ട് തികയും മുന്നേ നല്ലൊരു ആലോചന വന്നപ്പോള്‍ ഷംലത്തിന്റെ വിവാവും നടത്തി. ”കൊയിലാണ്ടിക്ക് ഈടുന്ന് അത്രോണ്ട് ദൂരോന്നു ഇല്ലാലോ, എപ്പബേണേലും അനക്ക് ഈടെ ബരാം, നിന്ന് ചിണുങ്ങാതെ ബണ്ടീലേറ്.” ഹൃദയഭാരം മുഖത്ത് അറിയിക്കാതിരിക്കാന്‍ ഉമ്മ നന്നേ പാടുപെടുന്നത് അവള്‍ക്ക് മനസ്സിലായി.

 

 

 

ബഷീറും പുതുപെണ്ണും ബന്ധുവീട്ടിലൊക്കെ ചുറ്റി കറങ്ങി തിരിച്ച് വന്നു. പുതുമോടി തീരും മുന്നേ വീണ്ടും ബഷീര്‍ കമ്പനിയില്‍ പോയിത്തുടങ്ങി. ”ഉമ്മാ ഇനി വീട്ടുപണിക്കൊന്നും പോവണ്ടാ, അത് ഓടെ കുടുംബക്കാര്‍ കണ്ടാല്‍ അതിന്റെ നാണക്കേട് ഓള്‍ക്ക് കൂടിയല്ലേ”. മനസ്സില്ലാ മനസ്സോടെ ഖദീജുമ്മാ തലയാട്ടി. പക്ഷേങ്കില് ഓന്‍ ഒരുത്തന്‍ പണി ചെയ്ത് കൊണ്ടുവരണ കൊണ്ട് വീട്ടുകാര്യങ്ങള് എങ്ങനെ ഉഷാറായി നടക്കും പടച്ചോനെ. അല്ലേലും ഇക്കണ്ട കലോക്കെ കണ്ടവന്റെ എച്ചില്‍ പത്രം മോറിയതല്ലേ, ഇനിയുള്ള കാലം വീട്ടില്‍ എങ്ങാനും കുത്തിരിക്കാം…………. എവിടെ പോയാലും ഉമ്മേനേം കാറി കേറ്റിക്കൊണ്ട് നടക്കണ എന്തിനാ, കുട്ടിയോള്‍ക്ക് നേരാംവണ്ണം ഇരുന്ന് യാത്ര ചെയ്യാന്‍ പോലും പറ്റണില്ല. സിനിമാ ടാക്കീസില്‍ പോയാലും, ഒരു ഹോട്ടലീ പോയാലും ഇങ്ങളോടൊന്ന് മുണ്ടാനകൊണ്ടു പോലും പറ്റണില്ല. അല്ലേലും എന്റെ ബിട്ടീന്ന് കിട്ടിയ പണം കൊണ്ട് ബീഡ്കെട്ടി, ഇങ്ങള് പണി എടുത്തിരുന്ന ഫാക്ടറി വാങ്ങി, കാറായി പത്രാസായി. എന്നെ മാത്രം കണ്ണീ പുടിക്കൂല്ലാ. ആയിഷ ബീവിയുടെ പരിഭവം ഏറിവന്നു. സംസാരത്തില്‍ മാത്രമല്ല, മുഖ ഭാവത്തിലും ശരീര ഭാഷയിലും അതിര്‍വരമ്പ് കടന്നു തുടങ്ങിയിരിക്കുന്നു. തന്നോടുള്ള ബഷീറിന്റെ നിസ്സംഗ ഭാവം ഉമ്മ കാരണമല്ലേ എന്ന ചിന്ത അവളെ വല്ലാതെ അലട്ടി. ആദ്യമൊക്കെ ബഷീറിന്റെ മുന്നില്‍ ഉമ്മയോടുള്ള ദേഷ്യവും വെറുപ്പും പരോക്ഷമായി കാണിച്ചിരുന്ന ആയിഷ ഇപ്പോള്‍ പ്രത്യക്ഷമായും കാണിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഡൈനിങ് ടേബിളില്‍ മറ്റുള്ളവര്‍ക്ക് ഒപ്പം ആഹാരം കൊടുക്കാതെ ഉമ്മാക്ക് അവരുടെ മുറിയില്‍ കൊടുത്തു തുടങ്ങി. ചോദിച്ചാല്‍ ‘ഉമ്മാക്ക് അബിടെ ഇരുന്നു കഴിക്കണാ പെരുത്ത് സന്തോഷം’. എല്ലാവരും വീടിന് പുറത്ത് പോകുമ്പോള്‍, ഉമ്മയുടെ മുറിയുടെ വാതില്‍ പുറത്ത് നിന്നും അടച്ച് കുറ്റി ഇടുന്നത് പതിവായി. ജനാല അഴിയിലൂടെ അയല്‍വാസി കൊടുക്കുന്ന ആഹാരം വീട്ടിലുള്ളവര്‍ കാണാതെ ശുചിമുറിയില്‍ നിന്ന് തേങ്ങലോടെ കഴിക്കുമ്പോഴും, പടച്ചോനേ മക്കളെ കാത്തോളണേ എന്ന പ്രാര്‍ത്ഥന മാത്രമായിരുന്നു ഖദീജുമ്മായ്ക്ക്.

 

വല്ലാതെ വിളറിയ മുഖവും കവിളത്തെ ചുവന്ന് തണച്ച പാടും കണ്ട അയല്‍വാസി, എന്തുപറ്റി ഉമ്മ എന്ന് ചോദിച്ചപ്പോള്‍. ‘എനക്ക് ഒന്നൂല്ലാ മോളെ’. എന്തോ പന്തികേട് തോന്നിയപ്പോള്‍, വീട്ടില്‍ ആരും ഇല്ലെന്ന് ഉറപ്പുവരുത്തി വീണ്ടും ജനാലയിലൂടെ ഉമ്മാ………ഉമ്മാ……..,ആ കണ്ണുകളിലെ ദീനഭാവം അണപൊട്ടി ഒഴുകി. വിറങ്ങലിക്കുന്ന ശരീരം, ആരെയോ എന്തിനെയോ ഭയപ്പെടുന്ന കണ്ണുകള്‍. വെള്ളം എന്ന് ആംഗ്യ ഭാഷയില്‍ കാണിക്കുന്നു, എന്തെല്ലാമോ പറയണം എന്നുള്ളപോലെ, ഒന്നും വ്യക്തമായി കേള്‍ക്കാന്‍ പറ്റുന്നില്ല. വീട്ടില്‍ പോയി ഒരു കുപ്പിയില്‍ വെള്ളം നിറച്ച് ഉമ്മയ്ക്ക് നേരെ വെച്ച് നീട്ടിയപ്പോള്‍, വിറയാര്‍ന്ന കൈകള്‍ കൊണ്ട് വാങ്ങി കുടിച്ച വെള്ളം പാതിമുക്കാലും തുളുമ്പി ശരീരത്തില്‍ വീണു. ‘പെരുത്ത് റാഹത്തായി മോളേ’. കുറച്ച് ദിവസമായി ഉമ്മ നേരാംവണ്ണം ആഹാരം കഴിച്ചതായി തോന്നുന്നില്ല. ഉമ്മാ, വിശക്കുന്നുണ്ടോ? തല താഴ്ത്തി കട്ടിലില്‍ ഇരിക്കുന്ന ഉമ്മയുടെ ചിത്രം മനസ്സില്‍ വല്ലാത്ത നോവ് പടര്‍ത്തി. ആര്‍ത്തിയോടെ ആഹാരം കഴിക്കുമ്പോഴും ചുറ്റിനും പരതുന്ന കണ്ണുകള്‍. ‘എനക്ക് ഷംലത്തിനെ ഒന്ന് ഫോണില്‍ വിളിച്ച് തരുവോ’.

 

”നീ ഈടെ വന്ന് എന്നെ ഏഡേലും ഒരു യതീം ഖാനേല് കൊണ്ട് ബിഡീന്‍” ഇടറുന്ന ശബ്ദത്തില്‍ ഖദീജുമ്മാ പറയുമ്പോള്‍ കാര്യങ്ങള്‍ ഇത്രകണ്ട് മോശമായിരുന്നു എന്ന് കരുതിയില്ല. കൊയിലാണ്ടിയിലെ യതീം ഖാനയില്‍ എത്തിയ റെസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികളും പോലീസും എത്ര ചോദിച്ചിട്ടും ഉമ്മാ ഒന്നും വിട്ടു പറയുന്നില്ല. തന്റെ വിധിയെ പഴിച്ചാല്‍ മതിയല്ലോ, ആരെങ്കിലും അറിയാതെ കൊടുത്തിരുന്ന ആഹാരം പോലും വീട്ടില്‍ മറ്റാരും കാണാതെ ശുചിമുറിയില്‍ വെച്ച് കഴിച്ചിരുന്നതും, ശരീരത്തിലെ മുറുപ്പാടുകളും, മുഖം വീങ്ങി ഇരിക്കുന്നതും എന്തിന് മറ്റുള്ളവരെ അറിയിക്കണം. ഓള് എന്നോട് ചെയ്തത് പടച്ചോന്‍ കണ്ടിരിക്കിണ്, ഓള് പറേണ കണക്കിന് കട്ടിലീന്ന് ബീണാന്നു തന്നെ നിരുച്ചോളിന്‍. പാവം ബശീരിനേം കൊണ്ട് പോലീസ് പോണ എനക്ക് കാണണ്ട. ഇനി അങ്ങോട്ട് ഒരു തിരിച്ച് പോക്കിന് തയ്യാറല്ല എന്ന ഉറച്ച നിലപാടില്‍, ”ഓരവിടെ സുഖായി കയിയട്ടെ”.

 

യതീം ഖാനയുടെ ചുമതലയുള്ള സായിവ് പറഞ്ഞു, നിങ്ങളെല്ലാം പോയ്‌കോളിന്‍ ഉമ്മ ഇവിടെ മറ്റുള്ളോരുടെ കൂടെ സുഖായി കഴിഞ്ഞോളും. നിങ്ങള്‍ക്ക് ഇഷ്ടമുള്ളപ്പോള്‍ ഉമ്മയെ ഇവിടെ വന്ന് എപ്പവേണേലും കാണാല്ലോ. തന്നെ കാണാന്‍ വന്നവര്‍ നടന്ന് അകലേക്ക് മറയും വരെ അവരേയും നോക്കി നെടുവീറുപ്പോടെ ഖദീജുമ്മാ അവിടെ വരാന്തയില്‍ തന്നെ നിന്നു. ‘ ഇങ്ങള് ഇബിടെ കുത്തി നിക്കാണ്ട് ഹാളില്‍ പോയി ടി. വി നോക്കിന്‍’. മറ്റുള്ളവര്‍ ടി. വി കാണുന്ന കൂട്ടത്തിലും കലപിലകൂട്ടുന്നു, ചിരിക്കുന്നു. ഉമ്മ മാത്രം എന്തൊക്കയോ ആലോചിച്ച് മണിക്കൂറുകള്‍ അവിടെ ഒരേ ഇരുപ്പ്. ആരോ റിമോട്ട് എടുത്ത് ചാനല്‍ മാറ്റി വാര്‍ത്ത വെച്ചു. ”കുടുംബസമേതം കോഴിക്കോട്ടേയ്ക്ക് പോയിരുന്ന കാര്‍ വൈദുത പോസ്റ്റില്‍ ഇടിച്ച് സഹയാത്രികയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ഡ്രൈവറും കുട്ടികളും നിസ്സാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപെട്ടു. ഓടിക്കുന്നതിന് ഇടയില്‍ ഡ്രൈവര്‍ ഉറങ്ങി പോയതാകാം എന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപതിയിലേക്ക് മാറ്റിയിരിക്കുന്നു. ഡ്രൈവറും കുട്ടികളും ആശിപത്രിയില്‍ ചികിത്സയില്‍ തുടരുന്നു”. ‘പടോച്ചോനെ നീ അന്നെ വിളിക്കാണ്ട് എന്തിന് ഓളോട് ഇത്’. പൊട്ടി കരയുന്ന ഉമ്മയെ നോക്കി, ഇത് ഈ ഉമ്മാന്റെ മകനും മരുമോളും അല്ലേ………..

 

 

 

  • Comment (1)
  • നന്നായിരിക്കുന്നു എഴുത്തുകാരൻ വളരെ നല്ല വരികളിൽ എഴുതിയിരിക്കുന്നു ഉമ്മയുടെ മാനസിക സംഘർഷങ്ങൾ വായനക്കാർക്ക് അവരുടേതായി മനസ്സിലാക്കാൻ പറ്റുന്നുണ്ട് ഇനിയും പ്രതീക്ഷിക്കുന്നു

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px