ആരും മരിക്കാത്ത സ്ഥലം കണ്ടുപിടിക്കാന്‍ ശ്രമിച്ച ഒരു ചെറുപ്പക്കാരന്റെ കഥയുണ്ട്. അച്ഛനമ്മമാരോട് യാത്രപറഞ്ഞ് അയാള്‍ നടന്നു തുടങ്ങി. വളരെ ദൂരം ചെന്നപ്പോള്‍, നെഞ്ചുവരെ താടിരോമം വളര്‍ത്തിയ ഒരു വയസ്സനെ അയാള്‍ കണ്ടു. മലയില്‍ നിന്നു പാറക്കഷണങ്ങള്‍ അടര്‍ത്തിയെടുത്ത് കൈവണ്ടിയില്‍ കയറ്റിക്കൊണ്ടുപോകുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു വൃദ്ധന്‍. യുവാവ് അയാളോടു ചോദിച്ചു:
”ആര്‍ക്കും മരണമില്ലാത്ത സ്ഥലമെവിടെയെന്നു നിങ്ങള്‍ക്കറിയാമോ?”
കിഴവന്‍ മറുപടി നല്കി
”എന്നോടൊരുമിച്ചു താമസിക്കു. ഈ മല മുഴുവന്‍ ഞാന്‍ അടര്‍ത്തിയെടുത്തു കൈവണ്ടിയില്‍ വച്ച് അങ്ങുദൂരെ കൊണ്ടിടുന്നതുവരെ നിങ്ങള്‍ മരിക്കില്ല”
”അതെത്ര കാലം?”
‘നൂറുകൊല്ലം”
അതുപോരെന്നു പറഞ്ഞ് ചെറുപ്പക്കാരന്‍ നടന്നു. ഏറെദൂരം അയാള്‍ സഞ്ചരിച്ചപ്പോള്‍ അരവരെ താടിമീശ വളര്‍ത്തിയ വേറൊരു വൃദ്ധനെ കണ്ടു. അയാള്‍ മരക്കൊമ്പുകള്‍ വെട്ടിയെടുക്കുകയായിരുന്നു കാട്ടില്‍ നിന്ന്. അവസാനമില്ലാത്ത കാട്. ചെറുപ്പക്കാരന്റെ ചോദ്യത്തിന് അയാള്‍ ഉത്തരം പറഞ്ഞു:
”എന്നോടൊരുമിച്ചു താമസിക്കു. ഈ കാട്ടിലെ എല്ലാ മരങ്ങളും മുറിച്ചെടുക്കുന്നതുവരെ നിങ്ങള്‍ മരിക്കില്ല”
‘അതെത്ര കാലം?”
‘ഇരുന്നൂറുകൊല്ലം.”
പോരെന്ന് അറിയിച്ചിട്ട് യുവാവ് വീണ്ടും നടക്കുകയായി. ഏറെ ദൂരം ചെന്ന അയാള്‍ മറ്റൊരു വൃദ്ധനെ കണ്ടു. മുട്ടുവരെ താടിരോമം വളര്‍ത്തിയ അയാള്‍ സമുദ്രജലം കുടിക്കുന്ന താറാവിനെ നോക്കി നില്ക്കുകയായിരുന്നു.
”എന്നോടൊരുമിച്ചു താമസിക്കു. ഈ താറാവ് കടല്‍വെള്ളം കുടിച്ചു തീരുന്നതുവരെ നിങ്ങള്‍ മരിക്കില്ല.”
”അതെത്ര കാലം?”
”മൂന്നൂറുകൊല്ലം.”
ചെറുപ്പക്കാരന്‍ പിന്നെയും നടന്നു. നടന്നു നടന്ന് അയാള്‍ ഒരു ദുര്‍ഗ്ഗഹര്‍മ്മ്യത്തിലെത്തി.
കാല്‍വിരലോളം താടിരോമം വളര്‍ത്തിയ ഒരു വൃദ്ധനെ അവിടെക്കണ്ട് യുവാവ് തന്റെ അഭിലാഷമറിയിച്ചു. അതറിഞ്ഞ വൃദ്ധന്‍
”ആര്‍ക്കും മരണമില്ലാത്ത സ്ഥലം ഇതുതന്നെയാണ്. വരൂ.”
ചെറുപ്പക്കാരന്‍ അകത്തുകയറി; താമസവുമായി. കാലം കഴിഞ്ഞു. ഒരുദിവസം അയാള്‍ കിഴവനോടു പറഞ്ഞു:
”ഞാന്‍ വീട്ടില്‍ച്ചെന്ന് അച്ഛനമ്മമാരോട് യാത്ര പറഞ്ഞിട്ടു വരാം.”
വൃദ്ധന്‍ മറുപടി നല്കി ”ശതാബ്ദങ്ങള്‍ കഴിഞ്ഞിരിക്കുന്നു. അവരൊക്കെ മരിച്ചു.”
താന്‍ ജനിച്ച സ്ഥലമെങ്കിലും കണ്ടിട്ടുവരാമെന്നായി യുവാവ്. അതുകേട്ടു വയസ്സന്‍ പറഞ്ഞു
”എന്നാല്‍ ലായത്തില്‍ ചെന്ന് എന്റെ വെള്ളക്കുതിരയെ കെട്ടഴിച്ചെടുത്ത് കയറിപ്പോകു. വായുവിന്റെ വേഗമാണ് അതിന് ഒരിക്കലും അതിന്റെ പുറത്തുനിന്നിറങ്ങരുത്. ഇറങ്ങിയാല്‍ നിങ്ങള്‍ മരിക്കും.”
യുവാവ് കുതിരപ്പുറത്തു യാത്രയായി. താറാവ് കടല്‍വെള്ളം കുടിക്കുന്നിടത്ത് അയാളെത്തി. കടലാകെ വറ്റി കട്ടംതറയായി മാറിയിരിക്കുന്നു.
ഒരിടത്ത് വെളുത്ത കുറെ എല്ലിന്‍ കഷണങ്ങള്‍ മാത്രം. മുട്ടുവരെ താടിവളര്‍ത്തിയ വൃദ്ധന്റെ അസ്ഥികളാണവ. യുവാവ് യാത്രതുടര്‍ന്ന് കാടായിരുന്ന സ്ഥലത്തെത്തി. അവിടം തരിശുഭൂമി. മലയുണ്ടായിരുന്ന സ്ഥലത്ത് ചെറുപ്പക്കാരന്‍ ചെന്നുചേര്‍ന്നു. മലയ്ക്കു പകരം സമതലം. ഒടുവില്‍ ജന്മദേശത്തെത്തിയപ്പോള്‍ അവിടെ ഒന്നുമില്ല. എല്ലാം മാറിയിരിക്കുന്നു. അയാള്‍ ദുര്‍ഗ്ഗഹര്‍മ്മ്യത്തിലേക്കു തിരിച്ചു യാത്രയായി. അങ്ങനെ പോരുമ്പോള്‍ സന്ധ്യയോട് അടുത്ത സമയത്ത് ഒരു കാളവണ്ടി കണ്ടു. അതില്‍ നിറച്ച് തേഞ്ഞ ബൂട്ട്‌സും ഷൂസും. വണ്ടിക്കാരന്‍ പെട്ടെന്നു വിളിച്ചു പറഞ്ഞു
”നോക്കൂ, വണ്ടിച്ചക്രം ചെളിയില്‍ പുതഞ്ഞുപോയി. എന്നെ ഒന്നു സഹായിക്കു.”
തനിക്കു കുതിരപ്പുറത്തു നിന്നിറങ്ങാന്‍ ഒക്കുകയില്ലെന്നു ചെറുപ്പക്കാരന്‍ അറിയിച്ചെങ്കിലും വണ്ടിക്കാരന്റെ ദയനീയമായ അപേക്ഷയെ അയാള്‍ക്കു നിരസിക്കാന്‍ കഴിഞ്ഞില്ല. ”ഒരു നിമിഷംകൊണ്ട് ഇരുട്ടു വ്യാപിക്കും, എല്ലാം മരവിക്കും. ഞാന്‍ കിഴവന്‍. നിങ്ങള്‍ ചെറുപ്പക്കാരന്‍, എന്നെ സഹായിക്കു.” എന്നായി വണ്ടിക്കാരന്‍. യുവാവ് ദയയ്ക്കു അധീനനായി കുതിരയുടെ പുറത്തു നിന്നിറങ്ങി. ഉടനെ അയാളെപ്പിടിച്ചുകൊണ്ട് വണ്ടിക്കാരന്‍ പറഞ്ഞു:
”നോക്കൂ, ഞാനാരെന്ന് അറിയാമോ? ഞാനാണ് മരണം. വണ്ടിക്കകത്തു തേഞ്ഞപാദരക്ഷകള്‍ കണ്ടോ? നിന്നെ അന്വേഷിച്ചു ഞാന്‍ ഓടിയതുകൊണ്ടു തേഞ്ഞുപോയ പാദരക്ഷകള്‍. ഇപ്പോള്‍ എനിക്കു നിന്നെ കാണാന്‍ കഴിഞ്ഞു. ആരും എന്നില്‍ നിന്ന് രക്ഷനേടുന്നില്ല.”
മഹാനായ സാഹിത്യകാരന്‍ ഇതലോ കാല്‍വീനോ സമാഹരിച്ച Italian Folk Tales എന്ന ഗ്രന്ഥത്തിലുള്ളതാണ് ഇക്കഥ.
കാലത്തിന്റെ നിര്‍ദ്ദയാവസ്ഥ, മരണത്തിന്റെ അനിവാര്യത, നിത്യതക്കായുള്ള അഭിലാഷം ഇവയൊക്കെ സ്ഥായിയായി നിലനില്‍ക്കുന്നു എന്നാണ് ഈ നാടോടികഥ പറയുന്നത്.













