LIMA WORLD LIBRARY

തേന്‍ മിഠായികള്‍ – സാക്കി നിലമ്പൂര്‍ (Sakki Nilambur)

‘മയമാപ്പാ…
ഒര് സിലൈറ്റ് പെന്‍സില് കാട്ടിക്കാണിം.’
ഇണ്ണിണ്ണി അത് പറയുമ്പോഴേക്കും വലിയ കാലുകളില്‍ താങ്ങിനിര്‍ത്തിയിരിക്കുന്ന പെട്ടിപ്പീടികയുടെ ഉള്ളില്‍ കാല്, തൂക്കിയിട്ടിരിക്കുന്ന മയമാപ്പ ,സ്ലേറ്റ് പെന്‍സിലിന് വേണ്ടി ആയാസപ്പെട്ട്
ഒന്ന് തിരിയും.
അപ്പോഴേക്കും വരിവരിയായി വെച്ചിരിക്കുന്ന ചില്ലുഭരണികളിലെ, തേന്‍മിഠായികള്‍ ഇട്ടുവെച്ച ഏറ്റവും ഒടുവിലത്തെ ഭരണിയുടെ
അടപ്പ് ഞാന്‍ അതിവിദഗ്ധമായി തുറക്കും.

കുറെയേറെ മിഠായി ഭരണികളുണ്ടാവും വരിയില്‍.
കട്ച്ചാപര്‍ച്ചി എന്ന ബുള്‍ബുള്‍ മിട്ടായി.
പല്ലില്‍ നന്നായി ഒട്ടിപ്പിടിക്കുന്ന, ശര്‍ക്കര കൊണ്ടുണ്ടാക്കുന്ന ഒരു മിഠായിയാണിത്.
പിന്നെ, മണിക്കൂറ്മുട്ടായി എന്നറിയപ്പെടുന്ന കട്ടായി . ഒരു മണിക്കൂറോളം വായിലിട്ട് കടിച്ചു പൊട്ടിക്കാന്‍ ശ്രമിച്ചാലും പൊട്ടില്ല ഇത്. പിന്നെ ഉള്ളില്‍ കടലയുള്ള ,
ചുവപ്പുംവെള്ളയും കളറുകളുള്ള
മധുരമണിമിഠായി.
ഞാനാലോചിക്കും. എങ്ങനെയായിരിക്കും ഇതിനുള്ളില്‍ ഇവര്‍ കടല വെക്കുന്നതെന്ന്.
പിന്നെ ഉണ്ടംപൊരി.
കുഞ്ഞുകുഞ്ഞു ജീരകമിഠായികള്‍.
സിഗററ്റിന്റെ രൂപമുള്ള സിഗരറ്റ് മിഠായി. അവസാന ഭരണിയിലാണ് തേന്‍മിഠായികള്‍ ഇരിക്കുന്നത്.
പഞ്ചാരത്തേന്‍ നിറഞ്ഞ ചുവന്ന്തുടുത്ത മനോഹരമായ ഒരു മിഠായി ആണിത്.

‘ഒര് ഫില്ലറുങ്കുടീം. ‘
പെന്‍സില്‍ കയ്യില്‍ വാങ്ങി ഇണ്ണിണി വീണ്ടും പറയും.
വീണ്ടും മയമാപ്പ റീഫില്ലര്‍ എടുക്കാനായി തിരിയും. ഞാനപ്പോഴേക്കും തേന്‍മിഠായികള്‍ ഒരു പിടിയങ്ങ് വാരും.
എന്നിട്ടത് തുണിയുടെ മടക്കിലേക്കിട്ട് വിദഗ്ധമായിത്തന്നെ ഉടുത്ത തുണി മടക്കിക്കുത്തും.

ഫില്ലറിന്റെയും പെന്‍സിലിന്റെയും പണം കൊടുത്ത് ഞങ്ങള്‍, ഒരു സംശയത്തിനും ഇട നല്‍കാതെ മെല്ലെ അവിടന്ന് തടിയെടുക്കും.

ഒറ്റ വാരലിന് ഏകദേശം
അഞ്ചെട്ട് തേന്‍ മിഠായികളുണ്ടാവും. നേരെ സുല്ലമുല്‍ ഉലൂംമദ്രസയുടെ അരത്തിണ്ണയില്‍ പോയി ഇരുന്ന്
ഞങ്ങളാ മോഷണമുതല്‍ പങ്കിട്ടെടുക്കും.
ഒറ്റസംഖ്യയാണെങ്കില്‍ പകുതി വെച്ച് മുറിച്ചെടുക്കും. ഇരട്ടയാണെങ്കില്‍ തുല്യമായി വീതിക്കും. അത്രയും ആത്മാര്‍ത്ഥമായിട്ടാണ് ഓഹരിവെക്കല്‍.
കളവ് മുതല്‍ പങ്കിടുമ്പോള്‍ ചതിയോ വഞ്ചനയോ ഒട്ടുമില്ല.
എന്നിട്ട് ഞങ്ങളത് ആസ്വദിച്ച് തിന്നും. മയമാപ്പയുടെ കണ്ണു വെട്ടിച്ച് മിട്ടായി കട്ടെടുത്ത കാര്യം പറഞ്ഞ് പൊട്ടിച്ചിരിച്ച് വീട്ടിലേക്ക് നടക്കും.

കൈയില്‍ ഒരു പത്തോ ഇരുപതോ പൈസ കിട്ടിയാല്‍ ഉടന്‍ ഞങ്ങളുടെ ഒരു സ്ഥിരം പ്ലാനിതാണ്.
ചെറിയ സാധനങ്ങളെന്തെങ്കിലും മയമാപ്പയുടെ പെട്ടിപ്പീടികയില്‍ പോയി ഞങ്ങള്‍ വാങ്ങും. അദ്ദേഹം അത് എടുത്തു തരുന്നതിനിടയില്‍ ഞങ്ങള്‍ പണിയൊപ്പിക്കും.
നാട്ടില്‍ ധാരാളം കടകളുണ്ട്.
പക്ഷേ,മയമാപ്പയുടെ പെട്ടിപ്പീടിക തന്നെ ഈയൊരു സംഗതിക്കായി ഞങ്ങള്‍ തിരഞ്ഞെടുത്തതിന് പിന്നില്‍ ഒരു രഹസ്യമുണ്ട്.
അത്ര ഗംഭീരന്‍ രഹസ്യമൊന്നുമല്ല.
മയമാപ്പ ഒരു പഞ്ചപാവമാണ്.
നിഷ്‌കളങ്കനാണ്. ഞങ്ങളുടെ ഈ മോഷണത്തെക്കുറിച്ച് അദ്ദേഹത്തിന് ഒട്ടുമറിയില്ല. അദ്ദേഹത്തിന്റെ ശാരീരികഅവശതകള്‍ മുതലെടുത്ത് തന്നെയാണ് അദ്ദേഹത്തെ ഞങ്ങള്‍ ടാര്‍ജറ്റ് ചെയ്തിട്ടുള്ളത്.

അങ്ങനെ എന്റെയും ഇണ്ണിണ്ണിയുടെയും വീട്ടില്‍ വിരുന്നുകാര്‍ വരുമ്പോള്‍ നല്‍കുന്ന ചില്ലറത്തുട്ടുകള്‍ക്കും ഉമ്മയുടെ കണ്ണ് തെറ്റിയാല്‍ മേശയില്‍ നിന്ന് ഇസ്‌കിയെടുക്കുന്ന നാണയതുട്ടുകള്‍ക്കും ഞങ്ങള്‍ മയമാപ്പയുടെ പീടികയില്‍ നിന്ന് ആവശ്യസാധനങ്ങള്‍ വാങ്ങും. കൂടെ ഞങ്ങളുടെ ആവശ്യത്തിനുള്ള മിഠായികള്‍ മോഷ്ടിക്കുകയും ചെയ്യും.

ശരിക്കും മയമാപ്പയുടേതല്ല ഈ പീടിക. അദ്ദേഹത്തിന്റെ
ജേഷ്ഠന്റെ മകന്‍ കരീമിക്കാന്റേതാണ്.
കരീംക്ക കടയിലേക്കുള്ള സാധനങ്ങള്‍ വാങ്ങാന്‍ പോകുന്ന അവസരത്തിലാണ് എന്റെയും ഇണ്ണിണ്ണിയുടെയും രംഗപ്രവേശം.
അങ്ങനെ വലിയ പ്രശ്‌നങ്ങളൊന്നുമില്ലാതെ ജീവിതം തേന്‍ മിഠായിയെപ്പോലെ മധുരോദാരമായി കഴിഞ്ഞു പോകുന്നതിനിടയിലാണ് ഈയൊരു സംഭവമുണ്ടാവുന്നത്.

ഇണ്ണിണ്ണിക്ക് അവന്റെ വീട്ടില്‍ വിരുന്നുകാര്‍ വന്നപ്പോള്‍ കൊടുത്ത പത്ത് പൈസയുണ്ട് കയ്യില്‍ .

‘യെടാ… യിന്ന് ബുദനായ്ച്ച്യല്ലേ…?’
അവന്‍ എന്നോട് ചോദിച്ചു. എന്നിട്ട് തുടര്‍ന്നു.
‘കരിമാക്ക പീടീക്ക് സാനം മാങ്ങാന്‍ പോണ ദെവസം ഇന്നാ..’
അവന്‍ ആഹ്‌ളാദത്തള്ളിച്ച യോടെ പറഞ്ഞു.

ശരിയാണല്ലോ.
കടയില്‍ തീര്‍ന്ന സാധനങ്ങളെടുക്കാന്‍ കരീംക്ക മഞ്ചേരിയിലേക്ക് പോവുന്ന ദിവസമാണ് ഇന്ന്. കടയില്‍ മയമാപ്പ തനിച്ചായിരിക്കും.
എനിക്കും നല്ല റങ്കായി.

ഞങ്ങള്‍ വളരെ സ്വാഭാവികമായ മുഖഭാവത്തോടെ കടയിലെത്തി.
‘ഒരു പായപ്പേപ്പറ് കാട്ടിക്കാണിം മയമാപ്പാ…’
അവന്‍ ആവശ്യപ്പെട്ടു.

‘വെരട്ടതോ.. വെരല്ലാത്തതോ..?’
മയമാപ്പയാണ്.

‘വെരട്ടത്. ‘
ഞാന്‍ പറഞ്ഞു.

ഏ – ഫോര്‍ ഷീറ്റാണ് ഈ പായപ്പേപ്പര്‍.
അതെടുക്കാന്‍ ഇച്ചിരി സമയം പിടിക്കും. ഇണ്ണിണ്ണിയുടെ ആ ബുദ്ധി എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു.
മയമാപ്പ അതെടുക്കാന്‍ തിരിഞ്ഞു. പല പേപ്പറുകള്‍ക്കിടയില്‍ നിന്ന് നമുക്ക് ആവശ്യമുള്ളത് എടുക്കാന്‍ സമയം പിടിക്കും.

നമ്മുടെ കുറ്റകൃത്യത്തിന് ഇഷ്ടം പോലെ സമയമുണ്ട്. ഞാന്‍ വളരെ കൂളായി എന്റെ സ്വന്തം കടയിലെ ഭരണി തുറക്കുന്ന ലാഘവത്തോടെ ഭരണി തുറന്ന് തേന്‍മിഠായി വാരി.

പെട്ടെന്ന്,
എവിടുന്നാണെന്നറിയില്ല. ഭരണിയിലിട്ട എന്റെ കൈയില്‍ ഒരു ബലിഷ്ഠമായ കൈ കടന്നു പിടിച്ചു.
നോക്കുമ്പോള്‍ മറ്റേ കൈ കൊണ്ടയാള്‍ ഇണ്ണിണ്ണിയുടെ കൈയിലും മുറുകെ പിടിച്ചിട്ടുണ്ട് .
ഞാന്‍ പേടിച്ച് വെപ്രാളപ്പെട്ട് തിരിഞ്ഞു നോക്കി.
കടയുടെ ഉടമസ്ഥനായ
കരീംക്കയാണ്…
എന്റെ തൊണ്ട വരണ്ടു. കൈകാലുകള്‍ വിറച്ചു. സര്‍വ്വാംഗം തളര്‍ന്നു. എന്ത് ചെയ്യണമെന്നറിയാതെ ഞാനാകെ ബേജാറായി. നോക്കുമ്പോള്‍
എന്റെ അതേ വികാരവിചാരങ്ങളോടെ നില്‍ക്കുകയാണ് ഇണ്ണിണ്ണിയും. എനിക്ക് ശരിക്കും അപ്പിയിടാന്‍ മുട്ടി.
ഞാന്‍ നോക്കുമ്പോഴതാ ഇണ്ണിണ്ണിയുടെ കാലിലൂടെ മൂത്രം ചാലിട്ടൊഴുകുന്നു.

‘കൊറേക്കാലായി ഇങ്ങള് മുട്ടായി കക്കല് തൊടങ്ങീറ്റ്.
ഇന്ന് ഇദൊന്ന് പുട്ച്ചണംന്ന് കെര്തി , നിക്ക്വെയ്‌നു ഞാന്‍.’
കരീംക്കയുടെ മാസ് ഡയലോഗ്.
ഇണ്ണിണ്ണിയും ഞാനും ഒപ്പം കരഞ്ഞു.
ആളുകള്‍ കൂടി.

‘വിട്ടള കെരീമേ… ചെറ്യേ കുട്ട്യേളല്ലേ…’
കൂട്ടത്തില്‍ ചിലര്‍ പറഞ്ഞു.

‘ഏയ് , ഈ നായ്ക്കളെ അങ്ങനെ വിടാന്‍ പറ്റൂല. എത്തര കാലായി കക്കല്
തൊടങ്ങീറ്റ് ന്നോ.
ഇവലെ രണ്ടാള്‍ടീം പെരീല് അറീച്ചണം. ‘

യാറബ്ബേ. എന്റെ ഉമ്മയെങ്ങാനുമറിഞ്ഞാല്‍….!
കീറിയ ഒരു വിറകിന്‍ കൊള്ളി ശക്തമായി
മുതുകത്ത് വീഴുന്നത് ഞാന്‍ മുന്നില്‍ക്കണ്ടു.
തകര്‍പ്പന്‍ അടി കിട്ടിയാലെന്നപോലെ ഞാന്‍ പുളഞ്ഞു.

‘മാണ്ട കെരീമേ,
ഞ്ഞിണ്ടാവൂല. ഇപ്രാവശ്യം ജ്ജ് ഷെമിക്ക്. ‘
വീണ്ടും ആരോ പറഞ്ഞു. ഞങ്ങളാണെങ്കില്‍ ജനമദ്ധ്യത്തില്‍ നഗ്‌നരാക്കപ്പെട്ട പോലെ തലകുനിച്ച് നില്‍ക്കുകയാണ്.

‘പറ്റൂല.!
പീടീല് എത്തര മുട്ടായി കൊണ്ട് വന്ന് വെച്ചാലും അതൊന്നും
കാണ്‍ണില്ലാന്ന്. ഇദെന്തായാലും ഓലെ തന്താരെ ഞാനറീച്ചും. ‘
കരീംക്ക ഉറച്ച് തന്നെയാണ്.
ഞങ്ങള്‍ രണ്ട് പേരും കാറിക്കരഞ്ഞു.

‘അയ്റ്റങ്ങളെ
വിട്ടള ജ്ജ്..
അറ്യാദെ ചെയ്തദെയ്ക്കാരം.
അയ്‌ന്റെ കായി എത്തരേന്ന് വെച്ചാല് ഞാം ഓലെപ്പാന്റേക്കെന്ന് മാങ്ങിത്തെരണ്ട് .’
ആ പറഞ്ഞത് മയമാപ്പയാണ്.

മയമാപ്പ പറഞ്ഞത് കേട്ടപ്പോള്‍ കരീംക്ക ഒന്നയഞ്ഞു.
ഞങ്ങളുടെ പിടി വിട്ടതും തുമ്പിയെ പിടിച്ചു വിട്ടത് പോലെ ഞാനും ഇണ്ണിണ്ണിയും ഓടി.

‘കുഞ്ഞ്യേ…! ‘
പുറത്ത് നിന്ന് വിളിക്കുന്നത് മയമാപ്പയാണ്.
ഞാന്‍ വല്ലാതെ മിടിക്കുന്ന ഹൃദയത്തോടെ അകത്ത് നില്‍ക്കാനും ഇരിക്കാനും പറ്റാത്ത അവസ്ഥയിലാണ്.

‘ങാ. എന്തേയ്
മയമാപ്പാ.? ‘

‘അന്റെ ചെറ്ക്കന്‍ പീടീന്ന് ലേസം
മുട്ടായി കടം മാങ്ങീക്ക്ണ്. ‘
അദ്ദേഹം ലളിതമായി കാര്യം അവതരിപ്പിക്കുകയാണ്.

‘മുട്ടായോ..?
കടോ.. ?
ഓനന്ന് ഞാം തച്ച് കൊല്ലും.’
ഉമ്മയാണ്.
കണ്ടോ. കടം എന്ന് പറഞ്ഞിട്ട് പോലും ഉമ്മയുടെ കലി കണ്ടോ.? അപ്പോള്‍ കട്ടു എന്നെങ്ങാനും പറഞ്ഞാല്‍, ഹൊ…!
ഓര്‍ക്കാന്‍ വയ്യ.

‘കുട്ട്യേളല്ലേ . അദ്,
പ്രസ്‌നാക്കണ്ട.
ഓനും ഓന്റെ ചെങ്ങായ്മാരും മന്ന് മാങ്ങ്യേദാ…ഇജ്ജ് ബീഡി തെരുമ്പോ കൊറേശ്ശെ പൈസ അയ്ന്ന് ഞാന്‍ കൊറച്ചോണ്ട്. ‘

‘പൊന്നാര
മയമാപ്പാ.
നോക്കീംങ്ങള് . ഓന്റെ ഇപ്പ കൊര്‍ഞ്ഞ സമ്പളത്തിന് മദര്‍സില് പടിപ്പിച്ച്വാണ്. പിന്നെ ഞാനും കൂടി ബീടി തെരച്ചിട്ടാണ് ഈ പെരീത്തെ ചെലവ്കള് മുമ്പ്ക്ക് പോണത്.
അയ്‌ന്റെടീല് ഇബല് കുട്ട്യേള് ഇമ്മാദിരി തെമ്മാടിത്തരം കാട്ട്യാ , എന്ത് ചെയ്യും.’
ഉമ്മ കരയുകയാണ്.
എനിക്കും വല്ലാതെ കരച്ചില്‍ വന്നു. ഞാനും അകത്തിരുന്ന് കരഞ്ഞു.

പിന്നീട്,
എന്റെ ഉമ്മ ബീഡി തെറുത്ത് കടയിലെത്തിച്ച് കൊടുക്കുമ്പോള്‍
മയമാപ്പ പറയും.
‘ ചെറ്ക്കന്‍
തേന്‍മുട്ടായി കടം മാങ്ങ്യേ, വഗീല് പത്ത് പൈസ കൊറക്ക്ണ് ണ്ട് ട്ടോ ഇദീന്ന്. ‘

അങ്ങനെ എത്ര കാലം ബീഡി കൊടുത്തിട്ടുണ്ടാവും ഉമ്മ ആ കടം
വീട്ടാന്‍.. ?

അതൊന്ന് ചോദിക്കാനായി,
നാടിന്റെ അടയാളമായിരുന്ന നിഷ്‌കളങ്കനായിരുന്ന
പഞ്ചപാവമായിരുന്ന
മയമാപ്പയും ഇന്ന് ജീവിച്ചിരിപ്പില്ല.
എന്റെ പ്രിയപ്പെട്ട ഉമ്മയും ജീവിച്ചിരിപ്പില്ല.

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px