എനിക്ക് നിന്നെ പേടിയാണ് – പി. ടി. പൗലോസ് (അമേരിക്ക)

Facebook
Twitter
WhatsApp
Email

തുഷാരകണങ്ങൾ ഇറ്റുവീണ ചെങ്കൽനടപ്പാതയിൽ അവൾ നിന്നു, അവളുടെ അരഞ്ഞാണച്ചരടിലെ ഏലസ്സിൽ ആരെയും മയക്കുന്ന മന്ത്രവുമായി, ഇലഞ്ഞിപ്പൂവിന്റെ സുഗന്ധവുമായി.

തീയിൽ പഴുത്ത ചെമ്പിന്റെ നിറമുള്ള
മുഖത്തെ പ്രായത്തിന്റെ ചുളിവുകൾ
പ്ലാസ്റ്റർ ഓഫ് പാരീസ് നികത്തി. മുല്ലപ്പൂ പോലുള്ള വെപ്പുപല്ലുകൾ വെളിയിൽകാട്ടി പകൽപോലെ ചിരിക്കുമ്പോൾ അതൊരു കൊലച്ചിരി ആണെന്ന് പറയാൻ ആരും ആദ്യം മടിക്കും. രാമ രാവണ യുദ്ധത്തിൽ ലക്ഷ്മണന് മേഘനാഥൻ ഏല്പിച്ച മുറിവുണക്കാൻ സഞ്ജീവനിക്ക് വേണ്ടി പണ്ട് ഹനുമാൻ ഹിമാലയത്തിൽനിന്നും അടർത്തിയെടുത്ത ദ്രോണഗിരി പർവ്വതത്തിന്റെ കൊച്ചു കൊച്ചു പതിപ്പുകൾ പോലെ അവളുടെ നിതംബവും നിറഞ്ഞ മാറും. ദ്രോണഗിരിയിലെ സഞ്ജീവനി കൊതിച്ച ഋഷിപുംഗവന്മാരെ കാലം യവനികയിട്ടു മൂടിക്കൊണ്ടിരിക്കുന്നു. ഇന്നും താഴ് വാരത്തിലെ കാട്ടരുവികളിൽനിന്നും പാലും തേനും സഞ്ജീവനിയായി അച്ചടക്കത്തോടെ ഒഴുകുന്നു.

അവളുടെ വില്ലയിലേക്ക് നടപ്പാതയിലെ മേപ്പിൾ മരങ്ങളുടെ
ഇടയിലൂടെ കഴപ്പനുറുമ്പുകൾ വരിവരിയായി പോകുന്നു, വില്ലക്കുളളില്‍ ഉറക്കമില്ലാതെ ഉരുണ്ടലക്കുന്ന തമ്പുരാട്ടിയുടെ വിരിപ്പിനടിയിൽ ഒളിച്ചിരുന്ന് ഉറക്കം
കൊടുക്കാൻ. ഉറുമ്പുവരികളുടെ അവസാനം വഴി തെറ്റി വരിയിൽ വന്ന
എന്നെ അവൾ കണ്ടു. കണ്ണുകൾ വെട്ടിത്തിളങ്ങി. എന്റടുത്തേക്ക് നടയിറങ്ങിവരുമ്പോൾ ആഞ്ഞുവീശിയ കോടക്കാറ്റില്‍ അവളുടെ ഉടയാടകൾ ഉയർന്നുതാണു . അവളുടെ കാൽതുടയുടെ മേൽമേഖലയും അതിനപ്പുറത്തെ സങ്കീർണ്ണമായ സമർപ്പണത്തിന്റെ ഗദ്സമനെയും കണ്ട്‌ വില്ലയുടെ ജാലകപ്പടിയിൽ രണ്ടാം പുസ്തകമെഴുതാൻ അദൃശ്യനായി പതുങ്ങിയിരുന്ന വാത്സ്യായനന്‍ പോലും നാണിച്ചു തലതിരിച്ചു. അവൾ
എന്റെ അടുത്തെത്തി. പേടിച്ചുവിറച്ച എന്നെ ആർത്തിയോടെ ചുറ്റിവരിഞ്ഞു. എന്നിട്ടു ചെവിയിൽ മന്ത്രിച്ചു.

”ഒരു മഴത്തുള്ളിയായി വീണ്ടും നിന്നിലേക്ക്‌ എനിക്ക് പെയ്തിറങ്ങണം”

എന്റെ കാൽവിരലുകളിലൂടെ ഭയത്തിന്റെ തണുപ്പ് അരിച്ചുകയറി. അവളോട് പറയാൻ വാക്കുകൾ പുറത്തേക്ക്‌ വന്നില്ല. എങ്കിലും പറഞ്ഞൊപ്പിച്ചു.

”വേണ്ട….എനിക്ക് നിന്നെ പേടിയാണ്. പണ്ട് നീ എന്നിലേക്ക്‌ ഒരു പെരുമഴയായി പെയ്തിറങ്ങി. ആ
മഴകണങ്ങള്‍ എന്റെ ഹൃദയഭിത്തികളിൽ പറ്റിയമർന്നിരിക്കുന്നു. അത് ദുഃസ്വപ്നമായി ഇന്നും എന്റെ ഉറക്കം കെടുത്തുന്നു. വേണ്ട…എനിക്ക് നിന്നെ പേടിയാണ് ”

ഞാൻ പിടിവിടുവിച്ച് ഓടി….. മേപ്പിള്‍ മരങ്ങളുടെ ഇടയിലൂടെ, പൊന്തക്കാടുകളുടെ നടുവിലൂടെ……. ഉള്ളിൽ ചോരപൊടിയുന്ന മുറിവുമായി

About The Author

Leave a Reply

Your email address will not be published. Required fields are marked *