രാവിലെ പ്രിയതമ പത്രവുമായി ഇരിക്കുന്നതു കണ്ടപ്പൊഴേ എന്തോ ആശങ്ക മനസ്സില്‍ നിറഞ്ഞു., ഇത്ര കാര്യമായിട്ട് വെളുപ്പിനെ തന്നെ നോക്കണമെങ്കില്‍ എന്തോ പ്രധാന വാര്‍ത്ത കാണും..അങ്ങോട്ട് ചോദിച്ച് ആവശ്യമില്ലാത്ത പൊല്ലാപ്പ് വലിച്ച് തലയില്‍ വെക്കേണ്ട എന്നോര്‍ത്ത് കണ്ടിട്ടും കാണാത്ത മട്ടിലിരുന്നു.
”നിങ്ങള്‍ ഈ വാര്‍ത്ത കണ്ടില്ലായിരുന്നോ?” ശ്രദ്ധിക്കാതിരുന്നിട്ടും രക്ഷ കിട്ടിയില്ല, ഞാന്‍ പത്രം വാങ്ങി നോക്കി.
.”ഇത് വാര്‍ത്തയല്ലല്ലോ,പരസ്യമല്ലേ..” ഏതോ പ്രദര്‍ശന വില്‍പ്പനക്കാരുടെ പരസ്യമാണ്, കാണാതിരുന്നിട്ടല്ല,.ഞാനായിട്ട് ഒരു പ്രശ്‌നമുണ്ടാക്കണ്ട എന്നു കരുതി മിണ്ടാതിരുന്നതാണ്.പക്ഷേ ഫലമുണ്ടായില്ല,അവസാനം പ്രിയതമ കണ്ടു പിടിച്ചു കളഞ്ഞു.
”എന്നാലും ഇന്ന് ഞാനിത് കണ്ടില്ലായിരുന്നെങ്കില്‍ എന്തോരം ഓഫറുകള്‍ പോയേനേ ചേട്ടാ..”
അവസാന ദിനമായ ഇന്ന് പോയില്ലായിരുന്നുവെങ്കില്‍ നഷ്ടപ്പെട്ട് പോകുമായിരുന്ന ഓഫറുകളോര്‍ത്ത് അവള്‍ വിഷണ്ണയായി.
”ഏതായാലും ഇന്ന് നമുക്ക് പോകാം.” പറഞ്ഞതും അവള്‍ പത്രത്തിന്റെ അറ്റം വലിച്ച് കീറിയതും ഒന്നിച്ച്…
”ഇതെന്താ,പത്രം വലിച്ചു കിറിയത്,ഞാന്‍ വായിച്ച് കഴിഞ്ഞില്ലായിരുന്നു..”
” ഈ പരസ്യം വന്ന പത്ര കട്ടിംഗുമായി ചെല്ലുന്ന വനിതകള്‍ക്ക് പ്രവേശനം സൗജന്യമാ..”
അപ്പോള്‍ പുരുഷന്‍മാര്‍ ടിക്കറ്റെടുത്തു തന്നെ കേറണം..എതായാലും ഈ പ്രദര്‍ശനം തീരുന്നതു വരെ ഒരു വീട്ടിലും പത്രം മുഴുവന്‍ കാണാന്‍ വഴിയില്ല.
കൂടെ പോയില്ല എന്ന പേരില്‍ ഒരു വഴക്ക് വേണ്ട എന്ന് വിചാരിച്ചു പ്രിയതമയുടെ കൂടെ പ്രദര്‍ശനം കാണാന്‍ പോയി. പ്രദര്‍ശനത്തിന്റെ തിരക്കിനിടയില്‍ ഇടയ്ക്ക് നോക്കുമ്പോള്‍ പ്രിയതമയെ കാണുന്നില്ല. ഇത്ര നേരം ഇവിടെയുണ്ടായിരുന്നതാണല്ലോ,പിന്നെ എവിടെ പോയി? തിരക്കി നടക്കുന്നതിനിടയില്‍ ഒരു കടയുടെ മുന്നില്‍ മറ്റൊന്നും ശ്രദ്ധിക്കാതെ കടക്കാരനുമായി എന്തോ കാര്യമായി സംസാരിച്ചു കൊണ്ടിരിക്കുന്ന ഭാര്യയെ കണ്ടെത്തി… ഞാന്‍ ആ കടയുടെ ബോര്‍ഡ് നോക്കി, റോബോട്ടുകള്‍ വില്‍ക്കുന്ന കടയാണ്.
”എന്താ, റോബോട്ട് വാങ്ങാനുള്ള പ്‌ളാനാണോ?”
”ഓ,ഞാനുദ്ദേശിച്ച റോബോട്ട് ഇവിടെങ്ങുമില്ല..” നിരാശയോടെ അവള്‍ പറഞ്ഞു.
”അല്ല,എന്തു റോബോട്ടാ നീ ഉദ്ദേശിച്ചത്..” ആകാംക്ഷയോടെ ഞാന്‍ ചോദിച്ചു
”റോബോട്ട് ഹസ്‌ബെന്റ്” ഉണ്ടോന്ന് നോക്കാനാ കേറിയത്, ഇനിയുള്ള കാലത്ത് അതില്ലാതെ പറ്റുമെന്ന് തോന്നുന്നില്ല, അടുക്കള ജോലിയില്‍ സഹായിച്ചു തരാന്‍ പറഞ്ഞാല്‍ ഈ ഭര്‍ത്താക്കന്‍മാര്‍ക്ക് എന്തൊരു ജാഡയാ, റോബോട്ടാകുമ്പോള്‍ അതൊന്നുമില്ലല്ലോ?”
”പക്ഷേ, ആദ്യം ഇറക്കേണ്ടത് റോബോട്ട് വൈഫിനെയാ..ഒരു സ്വിച്ചിട്ടാല്‍ എല്ലാം ചെയ്‌തോളും, ഓരോ കാര്യത്തിനും ഭാര്യമാരുടെ കാലു പിടിച്ച് മടുത്തു..”…ഞാനും വിട്ടു കൊടുത്തില്ല.
പ്രദര്‍ശന നഗരിയില്‍ നിന്നും തിരികെ പോരുമ്പോള്‍ റോബോട്ട് കടക്കാരന്‍ നോക്കി ചിരിച്ചു.
”മാഡം അടുത്ത വര്‍ഷം തന്നെ നമ്മള്‍ പറഞ്ഞ റോബോട്ട് എത്തും..ഒത്തിരി ഓര്‍ഡറുകള്‍ വരുന്നുണ്ട്..”
ഹസ്‌ബെന്റ് റോബോട്ടാണോ വൈഫ് റോബോട്ടാണോ ആദ്യമെത്തുക എന്ന സംശയത്തില്‍ ഞാന്‍ അയാളെ നോക്കി..അതു മനസ്സിലാക്കിയിട്ടാകാം അയാള്‍ പറഞ്ഞു…
”രണ്ടും ഒരുമിച്ച് എത്താനാ സാദ്ധ്യതയെന്ന് തോന്നുന്നു,അല്ലെങ്കില്‍ പിന്നെ അതിന്റെ പേരിലാവും വഴക്ക്..”
പ്രദര്‍ശന നഗരിക്ക് പുറത്ത് കടക്കുമ്പോള്‍ എത്രയും പെട്ടെന്ന് റോബോട്ടുകള്‍ എത്തിയാല്‍ മതിയെന്ന പ്രാര്‍ത്ഥനയായിരുന്നു ഞങ്ങള്‍ക്ക്…













