എന്റെ സാരംഗിയെ തിരികെ നല്‍കാന്‍ മാഡത്തിനു കഴിയുമെന്നു ഞാന്‍ വിശ്വസിക്കുന്നു. അതോടെ അരുണിന്റെ ദുഃഖഭാവം അകന്നു. അവനില്‍ കൂടുതല്‍ ആത്മവിശ്വാസം കത്തിജ്വലിയ്ക്കുന്നതു പോലെ തോന്നി. അതുകണ്ട് ഞാന്‍ അരുണിനെ മെല്ലെ കളിയാക്കിക്കൊണ്ടു പറഞ്ഞു.
”അപ്പോള്‍ അരുന്ധതിയെയും എന്നെയും കബളിപ്പിച്ച് നീയി രഹസ്യം കൊണ്ടു നടക്കുകയായിരുന്നു അല്ലേ? എന്റെ രാഹുലിനെപ്പോലെ നീയും ഒളിച്ചു കളികള്‍ ശീലിച്ചിരിക്കുന്നു…’
‘സോറി മാഡം… ഞാന്‍…’ അരുണ്‍ ലജ്ജയാല്‍ തുടുത്ത മുഖവുമായി കുറ്റബോധത്തോടെ തലകുനിച്ചു.
”സാരമില്ല… എല്ലാം ഞാന്‍ അരുന്ധതിയോടു പറഞ്ഞോളാം. എന്റെ രാഹുല്‍ മോന്റെ കാര്യത്തില്‍ ഞങ്ങള്‍ക്കു സംഭവിച്ചത് അരുന്ധതിയ്ക്കും, ചരണിനും ഉണ്ടാകാന്‍ പാടില്ല. മാത്രവുമല്ല നീയിന്ന് എന്റേയും കൂടി മകനാണ്. അതുകൊണ്ട് നിങ്ങളുടെ വിവാഹം ഞങ്ങള്‍ ആര്‍ഭാടമായിത്തന്നെ നടത്തും…’ ഞാന്‍ പറഞ്ഞു.
എന്റെ വാക്കുകളില്‍ ഏതോ നഷ്ടബോധത്തിന്റെ ഒളിമിന്നല്‍ ഉണ്ടായിരുന്നു. ഒരുപക്ഷെ രാഹുല്‍ മോന്‍ ഇന്നു ജീവിച്ചിരുന്നെങ്കില്‍ അവന്റെ വിവാഹം അവന്റെ പ്രണയിനിയുമായി ഞങ്ങള്‍ക്കു നടത്താന്‍ കഴിഞ്ഞേനെ എന്ന നഷ്ടബോധം… എന്നാലിന്നവര്‍ രണ്ടുപേരും അകലങ്ങളിലെവിടെയോ തനിക്കെത്തിപ്പിടിക്കാനാവാത്തിടത്ത് അജ്ഞാതവാസം തുടരുന്നു.
ജീവിച്ചിരിക്കുന്ന അവന്റെ പെണ്ണിനെയെങ്കിലും എനിക്കു കണ്ടെത്താന്‍ കഴിഞ്ഞിരുന്നെങ്കില്‍… ഇന്നും അവിവാഹിതയായി കഴിയുന്ന അവളോട് മറ്റൊരു വിവാഹം കഴിക്കാന്‍ ആവശ്യപ്പെടാമായിരുന്നു. ഒരു മകളെപ്പോലെ അവളുടെ വിവാഹം ഞാന്‍ നടത്തിക്കൊടുക്കുമായിരുന്നു. പെട്ടെന്ന് എന്തോ ഓര്‍ത്ത് ഞാന്‍ അരുണിനോടു ചോദിച്ചു.
”അരുണ്‍… നിന്റെ കൈയ്യില്‍ രാഹുല്‍ സ്‌നേഹിച്ച ആ പെണ്‍കുട്ടിയുടെ ഫോട്ടോയുണ്ടോ? എന്നിക്കൊന്നു കാണാനാണ്…’
‘ആ ഫോട്ടോ എന്റെ കൈയ്യില്‍ ഉണ്ടായിരുന്നു മാഡം… എന്നാലിപ്പോള്‍ കൈവശമില്ല… ഞാന്‍ പീന്നിടെപ്പോഴെങ്കിലും ആ ഫോട്ടോ കാണിച്ചു തരാം.
അരുണിന്റെ വാക്കുകള്‍ക്കു മുന്നില്‍ ആശ്വാസ നിശ്വാസങ്ങളോടെ ഞാനിരുന്നു. അറിയാതെ ഒരു ദീര്‍ഘനിശ്വാസം എന്നില്‍ നിന്നും അടര്‍ന്നു വീണു. ഒരു നഷ്ട സ്വപ്നത്തിന്റെ ഓര്‍മ്മകള്‍ പേറിക്കൊണ്ട് ഒരിളം കാറ്റ് എന്നെ കടന്നു പോയി. ഇനി ഞാന്‍ കിടന്നോട്ടെ മാഡം രാവിലെ വാരണാസി സ്റ്റേഷനിലെത്തുമ്പോള്‍ ഉണരേണ്ടതല്ലേ?
ഞാന്‍ മൗനാനുവാദം നല്‍കിയതോടെ അരുണ്‍ മുകളിലെ ബര്‍ത്തിലേയ്ക്കു പോയി. വീണ്ടും ഏകയായതോടെ മനസ്സില്‍ അസ്വാസ്ഥ്യം കൂടുകൂട്ടി.
മനസ്സ് നഷ്ട സ്വപ്നങ്ങളുടെ പുറകേ ഘോഷയാത്ര തുടങ്ങിക്കഴിഞ്ഞിരുന്നു. നരേട്ടനും രാഹുലുമൊന്നിച്ചുള്ള ഇത്തരം എത്രയോ യാത്രകളെക്കുറിച്ചുള്ള സ്മരണകള്‍. ഓര്‍മ്മയുടെ നേര്‍ത്ത മഞ്ഞുപാളികള്‍ക്കിടയില്‍ നിന്നും അവ ആവരണം നീക്കി പുറത്തു വന്നു.
യാത്രയ്ക്കിടയില്‍ നരേട്ടനും രാഹുല്‍മോനും പറയുന്ന തമാശകള്‍ കേട്ട് ഒരു ചെറുപ്പക്കാരിയെപ്പോലെ പൊട്ടിച്ചിരിക്കുന്ന എന്നെ നോക്കി രാഹുല്‍ മോന്‍ പറയുമായിരുന്നു.
”മമ്മീ… മമ്മിയ്ക്ക് യാത്രകള്‍ ഹരമാണല്ലേ… അതുകൊണ്ടു തന്നെ യാത്രയ്ക്കിടയില്‍ മമ്മി കൂടുതല്‍ ചെറുപ്പമാകുന്നു. ഒരു പത്തുകൊല്ലമെങ്കിലും പുറകോട്ട് പോയതു പോലെ…’ അവന്റെ കോംപ്ലിമെന്റ്‌സ് ഏറ്റുവാങ്ങി ആഹ്ലാദവതിയാകുന്ന ഞാന്‍. അതുകേട്ട് പൊട്ടിച്ചിരിച്ചു കൊണ്ട് നരേട്ടന്‍ പറയുമായിരുന്നു.
”നിങ്ങള്‍ക്കും മമ്മിയെപ്പോലെ പത്തുകൊല്ലം മുമ്പത്തെപ്പോലെ ചെറുപ്പമാകാന്‍ കഴിഞ്ഞിരുന്നെങ്കില്‍ കൊള്ളാമായിരുന്നു അല്ലേ? പണ്ടത്തെ കുട്ടികളെപ്പോലെ നിങ്ങള്‍ക്കിപ്പോള്‍ ഞങ്ങളുടെ മടിയിലിരുന്ന് കളിക്കാമായിരുന്നു.
”ശരിയാണ് ഡാഡീ… ഞാന്‍ അതിനുവേണ്ടി ദൈവത്തോട് പ്രാര്‍ത്ഥിക്കാന്‍ പോവുകയാണ്. ഞങ്ങളെ വീണ്ടും കുട്ടികളാക്കണേ എന്ന്. നിഷ്‌ക്കളങ്കരായ കുട്ടികള്‍…’ എന്നിട്ടവന്‍ കൈകള്‍ക്കൂപ്പി കണ്ണടച്ച് പ്രാര്‍ത്ഥനയില്‍ മുഴുകും.
അവന്റെ അന്നത്തെ പ്രാര്‍ത്ഥനകള്‍ ദൈവം കൈകൊണ്ടു കാണുമോ? മറ്റൊരു ജന്മം നല്‍കി, ഒരു ശിശുവായി അവനെ പുനര്‍ജ്ജനിപ്പിക്കുവാനായി ദൈവം അവനെ വിളിച്ചു കൊണ്ടു പോയതായിരിക്കുമോ? ആവോ അറിയില്ല. ഒരുപക്ഷെ ലോകത്തിന്റെ ഏതെങ്കിലും കോണില്‍ ഒരു ശിശുവായി അവന്‍ പുനര്‍ജജനിച്ചിട്ടുണ്ടാവാം. എന്നെപ്പോലെ ഏതെങ്കിലും അമ്മയുടെ മടിത്തട്ടിലിരുന്ന് അവന്‍ നിഷ്‌ക്കളങ്കമായി പുഞ്ചിരി പൊഴിക്കുന്നുണ്ടാവാം…
തണുപ്പിന്റെ അലകള്‍ ശരീരത്തെ പൊതിയാന്‍ തുടങ്ങിയപ്പോള്‍ റെയില്‍വേയുടെ വെള്ളപ്പുതപ്പെടുത്ത് മൂടിപ്പുതച്ചു. ചിന്തകളുടെ കടന്നാക്രമണത്തില്‍ നിന്നും മോചനം കിട്ടുവാനായി കണ്ണുകളിറുക്കിപ്പൂട്ടി ചെറുപ്പത്തില്‍ അമ്മ പഠിപ്പിച്ചു തന്നെ നാമജപങ്ങളുരുവിട്ട് കണ്ണടച്ച് കിടന്നപ്പോള്‍ മെല്ലെ മെല്ലെ ഉറക്കം കണ്‍പോളകളെ തഴുകിയെത്തി.
പുലരിയുടെ നേര്‍ത്ത വെളിച്ചം ജനലിലൂടെ ശരീരത്തില്‍ പതിച്ചപ്പോള്‍ ഞാന്‍ കണ്ണുതുറന്നു. ഏതോ സ്റ്റേഷനില്‍ വണ്ടിയെത്തി നില്‍ക്കുന്നു. ഒരു പുതിയ പ്രഭാതത്തിന്റെ ജീവസുറ്റ ചലനങ്ങള്‍ കണ്ണുകളേയും കാതുകളേയും കുളിര്‍പ്പിച്ചു കൊണ്ട് റയില്‍വേ സ്റ്റേഷനില്‍ മുഴങ്ങിക്കേള്‍ക്കുന്നു. അരുണ്‍ മുകളിലെ ബര്‍ത്തില്‍ നിന്നും താഴേയ്ക്ക് ഇറങ്ങിക്കഴിഞ്ഞിരുന്നു.
”നമുക്കിറങ്ങേണ്ടിടമായി മാഡം…’ അരുണ്‍ ലഗ്ഗേജുകള്‍ ഓരോന്നായി കൈയ്യിലെടുത്തു കൊണ്ടു പറഞ്ഞു.
അരുണിനു പുറകേ നടന്ന് കംപാര്‍ട്ടുമെന്റിനു പുറത്തു കടന്നപ്പോള്‍ മുഗള്‍ സരായ് ജംഗ്ഷന്‍ എന്ന ബോര്‍ഡു കണ്ടു. രാത്രിയുടെ അന്ത്യയാമത്തില്‍ മിക്കവാറും ചലനരഹിതവും മൂകവും, വിജനവുമായ സ്റ്റേഷന്‍ പരിസരം പിന്നിട്ട് ഞങ്ങള്‍ നടന്നു.
വെറും നിലത്ത് സ്റ്റേഷനില്‍ നിരനിരയായി ഉറങ്ങിക്കിടക്കുന്നവരെ കാലുകൊണ്ടു ചവിട്ടാതെ പുറത്തു കടക്കുമ്പോള്‍ കണ്ടു, പുറത്ത് പ്രഭാതത്തിന്റെ ആദ്യകിരണങ്ങള്‍ പൊട്ടിവിടരാന്‍ തുടങ്ങുന്നതേയുള്ളൂ. ഇരുളും, വെളിച്ചവും ഒളിച്ചു കളി നടത്തുന്ന നടപ്പാതയിലൂടെ സ്റ്റേഷനു പുറത്തെത്തിയപ്പോള്‍ അരുണ്‍ പറഞ്ഞു.
”നമുക്ക് ഒരു ഓട്ടോ പിടിച്ച് വിശ്വനാഥ ക്ഷേത്രത്തിലേയ്ക്കും, ദശാശ്വമേധഘട്ടിലേയ്ക്കും പോകാം. ദശാശ്വമേധഘട്ടില്‍ ചെന്നാല്‍ മാഡത്തിന് സൂര്യോദയം കാണുകയും ബലിയിടല്‍ പോലുള്ള കര്‍മ്മങ്ങള്‍ ചെയ്യുകയും ചെയ്യാം.
”ഞാന്‍ സമ്മതം സൂചിപ്പിക്കും പോലെ അരുണിനെ നോക്കി. എന്നിട്ടു പറഞ്ഞു. അരുണ്‍ ഓട്ടോ വിളിച്ചോളൂ… ഞാന്‍ ഇവിടെ കാത്തുനില്‍ക്കാം.”
സ്റ്റേഷനരികില്‍ ലഗ്ഗേജുമായി ഞാന്‍ മാറി നിന്നപ്പോള്‍ അരുണ്‍ അല്‍പം ദൂരെ റോഡരികില്‍ നിന്നും ഓട്ടോ വിളിച്ചു കൊണ്ടു വന്നു.
ലഗ്ഗേജ് എടുത്ത് ഓട്ടോയില്‍ വച്ച് അരുണ്‍ ആദ്യം കയറി. പിന്നീട് എന്റെ കൈപിടിച്ച് ഓട്ടോയില്‍ കയറാന്‍ സഹായിച്ചു. തുടര്‍ച്ചയായുള്ള യാത്രകള്‍ എന്നെ ക്ഷീണിതയാക്കിയിരുന്നു. അരുണ്‍ അത് മനസ്സിലാക്കി എന്നെ സഹായിക്കുകയായിരുന്നു.
കാറുകളും, ബൈക്കുകളും, ഓട്ടോറിക്ഷകളും, പഴയ രീതിയിലുള്ള റിക്ഷാവണ്ടികളും റോഡില്‍ നിറഞ്ഞു കവിഞ്ഞിരുന്നു. അതിപുരാതനമായ ആ നഗരത്തിലൂടെ ഞങ്ങളുടെ ഓട്ടോ പാഞ്ഞു പൊയ്‌ക്കൊണ്ടിരുന്നു.
ഇതിനെല്ലാമിടയിലൂടെ നടന്നു നീങ്ങുന്ന ധാരാളം പശുക്കളേയും കാളകളേയും കണ്ടു. അതുകണ്ട് ഞാനത്ഭുതപ്പെട്ടപ്പോള്‍ അരുണ്‍ പറഞ്ഞു.
”ഇവിടുത്തെ ജനങ്ങള്‍ ഗോപൂജ നടത്താറുണ്ട് മാഡം. മിക്കവാറും എല്ലാത്തരം മൃഗങ്ങളേയും പക്ഷികളേയും ആരാധനാ മനോഭാവത്തോടെ കാണുന്ന ഹിന്ദുക്കള്‍ നിറഞ്ഞ ഒരു സ്ഥലം കൂടിയാണ് വാരണാസി.”
ഒടുവില്‍ ഞങ്ങളുടെ ഓട്ടോ ആ പ്രസിദ്ധമായ ക്ഷേത്രത്തിനു മുന്നില്‍ എത്തിച്ചേര്‍ന്നു. വലിയ താഴികക്കുടങ്ങളോടു കൂടിയ ആ ക്ഷേത്രത്തിനുള്ളില്‍ വിശ്വനാഥനായ ശിവന്റെ ശിവലിംഗ പ്രതിഷ്ഠയാണുള്ളത്.
”ഇവിടെക്കയറി തൊഴുത ശേഷം നമുക്ക് ദശാശ്വമേധഘട്ടിലേയ്ക്കു പോകാം മാഡം. അതല്ലേ നല്ലത്?” അരുണ്‍ ചോദിച്ചു.
”അല്ല അരുണ്‍… ആദ്യം നമുക്ക് ദശാശ്വമേധഘട്ടിലേയ്ക്കു പോകാം. അവിടെ സൂര്യോദയം കണ്ട് ഗംഗയില്‍ മുങ്ങിക്കുളിച്ച്, ബലികര്‍മ്മങ്ങള്‍ ചെയ്ത് ചിതാഭസ്മ നിമഞ്ജനവും ചെയ്തശേഷം വൈകുന്നേരമോ നാളെയോ നമുക്ക് ക്ഷേത്രത്തിലെത്തി തൊഴാം…’
തന്റെ മറുപടി കേട്ട് അരുണ്‍ പറഞ്ഞു. ”മാഡം പറഞ്ഞതാണ് ശരി. കാരണം കുളി കഴിഞ്ഞ ശേഷമേ ക്ഷേത്രത്തില്‍ കയറാന്‍ പാടുള്ളൂ എന്ന കാര്യവും ഞാന്‍ മറന്നു പോയി. പിന്നെ ബലികര്‍മ്മങ്ങള്‍ ചെയ്ത ശേഷം ഉടന്‍ തന്നെ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ പാടുള്ളതല്ല എന്ന് എന്റെ മുത്തശ്ശി പണ്ടെന്നോ പറഞ്ഞിട്ടുള്ളത് ഇപ്പോഴെനിയ്ക്ക് ഓര്‍മ്മ വരുന്നു. അതുകൊണ്ട് വൈകുന്നേരമോ നാളെയോ നമുക്ക് ക്ഷേത്രത്തിലെത്തി തൊഴാം. സോറി മാഡം? എന്റെ അറിവില്ലായ്മ മാഡം ക്ഷമിക്കണം.”
”സാരമില്ല അരുണ്‍… വര്‍ഷങ്ങളായി നോര്‍ത്തിന്ത്യയില്‍ ജീവിക്കുന്നതു കൊണ്ടാണ് അരുണ്‍ ഇതൊന്നുമറിയാതെ പോയത്.”
ഞാന്‍ അരുണിനെ സമാധാനിപ്പിക്കാന്‍ വേണ്ടി പറഞ്ഞു. പിന്നെ ദശാശ്വമേധഘട്ടിലേയ്ക്ക് ഞങ്ങള്‍ യാത്ര തുടര്‍ന്നു. ഇടയ്ക്കു വച്ച് അല്‍പം ആത്മനിന്ദയോടെ അരുണ്‍ പറഞ്ഞു.
”ഞാന്‍ കേരളത്തേയും അതിന്റെ സംസ്‌കാരത്തേയും കുറിച്ച് കൂടുതലറിയേണ്ടതായിരുന്നു മാഡം. ഒരു കേരളീയനായി മാത്രം എനിക്കു ജനിക്കാന്‍ കഴിഞ്ഞില്ലല്ലോ. കേരളത്തില്‍ വളരാന്‍ കഴിഞ്ഞില്ലല്ലോ. അതോര്‍ത്തിട്ടിപ്പോള്‍ എനിക്ക് കുണ്ഠിതം തോന്നുന്നു.”
”സാരമില്ല അരുണ്‍… അരുണ്‍ ജനിച്ചതും ജീവിച്ചതും രണ്ടു ഭിന്ന സംസ്‌കാരങ്ങളുടെ ഇടയില്ലല്ലെ. അതോര്‍ത്ത് അഭിമാനിക്കുകയല്ലെ വേണ്ടത്? ഓരോ സംസ്‌കാരത്തിനും അതിന്റേതായ പ്രാധാന്യമുണ്ട് അരുണ്‍.”
എന്നിലെ അദ്ധ്യാപിക അപ്പോഴേയ്ക്കും ഉണര്‍ന്നു കഴിഞ്ഞിരുന്നു. ഒരദ്ധ്യാപികയെപ്പോലെ ഞാന്‍ വാചാലയാകുന്നതു കണ്ട് അരുണ്‍ ചിരിച്ചു കൊണ്ട് പ്രതിഷേധിച്ചു. ”എനിക്കെന്റെ പഴയ അമ്മയെത്തന്നെ മതി. അദ്ധ്യാപികയാകുമ്പോള്‍ മാഡം വല്ലാതെ ഗൗരവക്കാരിയാകുന്നു.”
”ശരി… ശരി… ഞാനിനി അരുണിന്റെ മുമ്പില്‍ പഴയ അമ്മ തന്നെയാകാം. അതുപക്ഷെ കോളേജിലെത്തുമ്പോള്‍ പറ്റില്ലല്ലോ. അവിടെ ഞാന്‍ അദ്ധ്യാപികയും അരുണ്‍ എന്റെ സ്റ്റുഡന്റുമായിരിക്കുമല്ലൊ.” അതുകേട്ട്, അരുണ്‍ ഒന്നും മിണ്ടാതെ പുഞ്ചിരിച്ചു.
ഞങ്ങളുടെ യാത്ര ദശാശ്വമേധഘട്ടില്‍ അവസാനിച്ചു. ദശാശ്വമേധഘട്ടിലെ പടവുകളുടെ മുകള്‍ത്തട്ടില്‍ നിന്നു കൊണ്ട് ഞങ്ങള്‍ ആ കാഴ്ച കണ്ടു.
അക്കരെ ഗംഗാ നദിയില്‍ ഉദിച്ചുയരുന്ന സൂര്യബിംബം. ചുറ്റിലും രക്തഛവി പരത്തി മെല്ലെ മെല്ലെ ഉദിച്ചുയരുന്ന ആ സൂര്യബിംബം ഒരസാധാരണ കാഴ്ചയായിരുന്നു. സൂര്യന്റെ പൊന്‍കതിരുകള്‍ ഗംഗാ നദിയുടെ ഓളങ്ങളടങ്ങി നിശ്ചലമായ ജലപ്പരപ്പില്‍ പൊങ്ങിക്കിടക്കുന്നതും അഭൗമമായ ആനന്ദം നല്‍കുന്ന കാഴ്ചയായിരുന്നു. അതുവരെയുണ്ടായിരുന്ന മനസ്സിലെ എല്ലാ ദുഃഖ ചിന്തകളും ഓടിയകലുന്നതു പോലെ തോന്നി. പകരം അലൗകികമായ ഓരാത്മീയ പരിവേഷത്തിലേയ്ക്ക് മനസ്സ് എത്തിച്ചേര്‍ന്നു കഴിഞ്ഞിരുന്നു.
”ഭൂമിയിലെ സ്വര്‍ഗ്ഗം”…. അതിവിടെയാണെന്ന് മനസ്സു പറഞ്ഞു.
(തുടരും)







