അവള്‍ വന്നു കയറിയവള്‍. പുറംതള്ളാന്‍ ഒരുപാടു ശ്രമിച്ചു. പോയില്ല. ഉദിച്ചവെയില്‍ മുഴുവന്‍കൊണ്ട് മതിലിനുമുകളില്‍ അവള്‍ ഉണങ്ങി വിറങ്ങലിച്ച്, ചത്തതുപോലെ കിടന്നു. ആദ്യമൊക്കെ ഉച്ചത്തില്‍ കാറിക്കരഞ്ഞു. പിന്നീട് ശബ്ദം നേര്‍ത്തുനേര്‍ത്തുവന്നു.
മനുഷ്യമനസ്സ് അങ്ങനെ കല്ലാക്കാന്‍ പറ്റുമോ? മതിലില്‍ നിന്നിറക്കി അല്പം പാല്‍ ഒരു കുഞ്ഞിപ്പാത്രത്തില്‍വച്ചു കൊടുത്തു. കുടിയ്ക്കാനുള്ള ബലമോ ത്രാണിയോ ഇല്ലാത്ത പാവം പാല്‍പ്പാത്രത്തിനു സമീപം ചുരുണ്ടുകിടന്നു. രണ്ടുമൂന്നുതുള്ളി വിരലില്‍മുക്കി ഞാനാക്കുഞ്ഞു വായില്‍ തൊട്ടുകൊടുത്തു.
എനിക്ക് പെന്‍ഷന്‍ എടുക്കാനും മറ്റുമായി പുറത്തു പോകേണ്ടിവന്നു. വഴിയില്‍ ഉടനീളം ഞാനവളെക്കുറിച്ചോര്‍ത്ത് വ്യാകുലപ്പെട്ടു. വന്നപാടെ ഓടിവന്നുനോക്കി. ആരോ പിടിച്ചുകിടത്തിയതുപോലെ മതിലിനുമുകളില്‍ കിടക്കുന്നു. വെയില്‍ ചാഞ്ഞുതുടങ്ങിയിരുന്നു. താഴെയിരുന്ന പാല്‍പ്പാത്രത്തില്‍ നിറയെ കൂനന്‍ഉറുമ്പുകള്‍ താവളം തേടിയിരിക്കുന്നു. തുള്ളിപോലും അവള്‍ കുടിച്ചിട്ടില്ല.
അവളുടെയമ്മ ആ പാവം കുഞ്ഞിനെ ഒട്ടും സ്‌നേഹിച്ചില്ല. കൈവീശി അടിച്ചു കൊണ്ടിരുന്നു. അമ്മയെപ്പോലെതന്നെയാണ് അവളുടെ മുഖവും ശരീരവും സ്വരവും കരച്ചിലും. എന്നിട്ടും അമ്മ അവളെ സ്‌നേഹിച്ചില്ല. അവളുടെ ഒരു കൈയില്‍ ഒരു പുലിയടയാളമുണ്ട്. ഇതാണോ അമ്മയ്ക്ക് അവളോട് വെറുപ്പ്. മൂക്കില്‍ ചെളിപിടിച്ചതുപോലെ കറുപ്പ്. അവള്‍ക്ക് ഒട്ടും സൗന്ദര്യം തോന്നിച്ചില്ല. അമ്മയുടെ ബാക്കിയുള്ള രണ്ടുമൂന്നു മക്കള്‍ നല്ല ഭംഗിയുള്ളവരായിരുന്നു. വെള്ളയും കറുപ്പും കൂടിക്കലര്‍ന്ന രണ്ടെണ്ണം, ബ്രൗണുമഞ്ഞയും കലര്‍ന്ന രണ്ടു മക്കള്‍ ഇവയെയെല്ലാം അമ്മ ഏറെലാളിച്ച് ഓരോന്നിനെയും പ്രത്യേകം പ്രത്യേകമെടുത്ത് അവറ്റകള്‍ക്ക് മുലപ്പാല്‍ മാറി മാറികൊടുക്കുന്നു. ഇനി ഇവള്‍ ആ അമ്മയുടേതല്ലേ?, പക്ഷേ ഇവള്‍ക്ക് അമ്മയെപ്പോലെ തന്നെയുള്ള രൂപഭാവങ്ങള്‍. എന്റെ സംശയങ്ങള്‍ ആ അമ്മയോട് ഞാന്‍ ചോദിച്ചു കൊണ്ടിരുന്നു. ഉത്തരംകിട്ടാത്ത ചോദ്യങ്ങള്‍.
അമ്മ സൗന്ദര്യമുള്ള കുഞ്ഞുങ്ങളെയൊക്കെ ഏതൊക്കെയോ വീടുകളിലെത്തിച്ച് സുരക്ഷിതരാക്കി. അമ്മയെ ഞാന്‍ കല്ലെറിഞ്ഞ് ഓടിച്ചു. അഭയംചോദിച്ചു വന്നുകയറിയ പാവത്തിനോട് ഞാന്‍ പറഞ്ഞു:
‘എടീ സോമാലിയപ്പെണ്ണേ, നിനക്ക് ഞാന്‍ ഭക്ഷണം തരാം, നീ ഇവിടുന്ന് എങ്ങും പോകണ്ടാ അഭയം തരാം. പക്ഷേ എന്റെ ഡെല്ലാപ്പെണ്ണിന്റെ സ്ഥാനംതരില്ല. അതിനെ നിന്റമ്മയുടെ കഴിഞ്ഞപേറിന് ചോദിച്ചു വാങ്ങിയതാ, എടുത്തു വളര്‍ത്തിയതാ. ഏറ്റം നല്ലതിനെ, സുന്ദരിയെ എനിക്കുതരാന്‍ നിന്റമ്മയോട് പറഞ്ഞപ്പോള്‍ അവളപ്പഴേ കൊണ്ടെത്തന്നു,എന്നു മാത്രമല്ല; അമ്മയുടെ അടുത്ത പ്രസവംവരെ അവള്‍ വന്ന് പാലും കൊടുത്തുകൊണ്ടിരുന്നു. പാലിനു കൂലിയായി ഞാനവള്‍ക്ക് തീറ്റയും നല്കിയതാണ്’
വന്നുകയറിയ സോമാലിയ അച്ചടക്കവും അനുസരണവും സ്‌നേഹവുമുള്ള നല്ല കുട്ടിയായിരുന്നു. ഞാന്‍ അവളെ സോമു എന്ന് ലാളിച്ചു വിളിക്കാന്‍ തുടങ്ങി. സ്‌നേഹം കൂടിയപ്പോള്‍ ‘കിറ്റി’ എന്ന് അതിസ്‌നേഹത്തോടെ വിളിച്ചു. ആന്‍ഫ്രാങ്കിന്റെ കിറ്റിഡയറിയെ ഓര്‍മ്മിച്ച്.
ഇറച്ചിയും ചോറും മഞ്ഞള്‍പ്പൊടിയിട്ടുവേവിച്ച് ഓറിയോപ്പനു മാറ്റിവച്ചിട്ട് ഡെല്ലയ്ക്കും കിറ്റിയ്ക്കുംകൂടെ കൊടുക്കും. ഡെല്ല കഴിച്ചുമാറുന്നതുവരെ എന്റെ കിറ്റിമോള്‍ ഡെല്ല കഴിക്കുന്നതു നോക്കി മാറിയിരിക്കും. അപ്പോള്‍ ഞാനവള്‍ക്ക് പ്രത്യേകം വേറെ പാത്രത്തില്‍ കൊടുത്തു. ഡെല്ല മുരളുമ്പോള്‍ അവള്‍ അതും കഴിക്കാതെ മാറിയിരിക്കും. ഡെല്ലയുടെ ആമാശയം ചെറുതാണ് ഇറച്ചിക്കഷണങ്ങള്‍ മാത്രം കഴിച്ച് അവള്‍ സ്ഥലം വിടും. ബാക്കി പാവം സോമുവെന്ന കിറ്റി ഉണ്ണിക്കുടവയര്‍ നിറയുന്നതുവരെ കഴിക്കും. എന്നിട്ടുപോയി ഡെല്ലച്ചേച്ചിയ്ക്ക് ഉമ്മ കൊടുത്ത് തലോടിക്കൊടുത്ത് ഉരുമ്മല്‍ ഏറ്റുവാങ്ങിയിട്ട് inverter ന്റെ മുകളില്‍ അല്ലെങ്കില്‍ കോര്‍ട്ട് യാര്‍ഡിലെ കുഷനിട്ട കസേരയില്‍ വിശ്രമിക്കും.
ഇവരുടെ അമ്മയെ അയല്‍വാസി താമസം മാറിയപ്പോള്‍ ഉപേക്ഷിച്ചുപോയതാണ്. ആ തള്ളയ്ക്ക് പ്രസവിക്കാനേ നേരമുള്ളൂ. വയറു വലുതാകുന്നതുപോലും മനസ്സിലാവില്ല. ആ തള്ളയെ ബലാത്സംഗം ചെയ്യാനും ഉഭയസമ്മതബന്ധത്തിനുമായി യുവാക്കന്മാര്‍ വരുന്നുത് എന്റെ ദൃഷ്ടിയില്‍പ്പെട്ടാല്‍ ഞാന്‍ എറിഞ്ഞോടിക്കാറുണ്ട്. എന്നാലും വലിയവായിലെ കാറിക്കൊണ്ട് പൂവാലന്മാര്‍ തള്ളയ്ക്കു ചുറ്റും കാലാകാലങ്ങളില്‍ നടക്കുന്നത് കാണാം. എനിക്ക് തോന്നുന്നത് മുമ്മൂന്നു മാസം കൂടുമ്പോള്‍ അവള്‍ പ്രസവിക്കുന്നുണ്ടെന്നാണ്. പ്രസവവും വാസവുമൊക്കെ അയല്‍വീടുകളിലാണ്. എന്നാലും ഭക്ഷണം കഴിക്കാനും മക്കളെ ദാനം ചെയ്യാനും എന്റടുക്കല്‍ വരും.
ഡെല്ലയ്ക്ക് മുമ്പ് ആ തള്ള ഒരു ഇളം റോസ് സുന്ദരിയെ എനിക്ക് തന്നതാണ്. ഞാന്‍ സ്വീകരിക്കാതെ വന്നപ്പോള്‍ എന്റെ ചുണ്ടില്ലാക്കണ്ണന്‍ വാഴച്ചുവട്ടില്‍ ഉപേക്ഷിച്ചുപോയി. കുറെക്കാലം അനാഥത്വത്തിന്റെ കയ്പുംപേറി ആ കുഞ്ഞ് കഴിഞ്ഞു. ഒടുവില്‍ ദൈന്യം തോന്നി. ഞാനതിനെ എടുത്തുവീട്ടില്‍ക്കയറ്റി. ദേഹം മുഴുവന്‍ ചെള്ളായിരുന്നു. വെളിച്ചെണ്ണയില്‍ കുരുമുളകു ചതിച്ചിട്ട് ചൂടാക്കിയും മെഡിക്കല്‍സ്റ്റോറില്‍നിന്ന് പേന്‍ മരുന്നുവാങ്ങിയും തേയ്പ്പിച്ച് കുളിപ്പിച്ച് വെടിപ്പാക്കിയെടുത്തു. അവളെ മകള്‍ ബെല്ല എന്നു വിളിച്ചു. ഇസബെല്ല വിശുദ്ധ ബൈബിളിലെ ദുഷ്ടസ്ത്രീ ആയിരുന്നതിനാല്‍ ഞാനവളെ ഡെല്ല എന്നു വിളിച്ചു. ആ പേരു് നിലനിര്‍ത്താന്‍ എടുത്തു വളര്‍ത്തിയതിനെയും ഡെല്ല എന്നു വിളിച്ചു. എന്നാല്‍ ആദ്യത്തെ പാവം ഡെല്ല അയലത്തെ പറമ്പിലെ വിഷപ്പുല്ലു കഴിച്ച് എന്റെ മുന്നില്‍ പിടഞ്ഞുചത്തു. ആ വേദന ഇനിയും മാറിയിട്ടില്ല. അന്ന് മകള്‍ വാവിട്ട് ഉച്ചത്തില്‍ കരഞ്ഞു. അതിന് നല്ലൊരു സംസ്‌കാരവും നല്കി. പുഷ്പങ്ങള്‍ കൊണ്ടൊരു റീത്തും നല്കി ആദരിച്ചു. അതുപോട്ടെ, അതൊരു പഴയ സംഭവം.
മൂന്നുമാസംപോലും പ്രായമാകാത്ത കുഞ്ഞാവയെ മലര്‍ത്തിപ്പിടിക്കുന്നതുപോലെ കിറ്റിയെ ഞാനെടുത്ത് ലാളിച്ച് ഒക്കത്തുകിടത്തും. അവളും ഒട്ടും നോവിക്കാതെ എന്നെ കളിപ്പിക്കും. അവളുടെ കണ്ണുകള്‍ തിളക്കമാര്‍ന്നതാണ്. പളുങ്കുഗോട്ടികള്‍പോലുള്ള ഉണ്ടക്കണ്ണുകളാല്‍ അവളെന്നെനോക്കും; ആ നോട്ടത്തില്‍നിന്ന് ഞാന്‍ വായിച്ചെടുക്കും’ ‘എന്നെ ഇത്രയധികം സ്‌നേഹിക്കുന്നതെന്തിനാ’ എന്ന്. അപ്രകാരം ഡെല്ലയെ പിടിച്ചാല്‍ അവളുടെ നഖംകൊണ്ട് അവളറിയാതെ മാന്തും, എന്റെ ശരീരം നോവും. പോറലുകള്‍ ഉണ്ടാവും. ഞാനെളുപ്പം അവളെ താഴെയിറക്കും.
ഒരു കുഴപ്പംമാത്രം. ഞാന്‍ ഫോണ്‍ കൈയിലെടുത്താല്‍ കിറ്റിയത് താഴെവയ്പിക്കും. എന്നിട്ട് കഴുത്തും തലയും തലോടാന്‍ പറയും.
കിറ്റി കരയുന്നത് ‘യ്യോ…… ‘ എന്നാണ്. ഡെല്ല അമ്മേ എന്നു വിളിക്കും വണ്‍ ടൂ ത്രീ ഫോര്‍ ഫൈവ് വരെ ഏറ്റുപറയും. പറഞ്ഞാല്‍കൈക്കൂലിയുണ്ട്. ഓറിയോയുടെ treat ല്‍ നിന്ന് അല്പം മോഷ്ടിച്ചുകൊടുക്കും. അപ്പോള്‍ വേറുകൃത്യം കാണിക്കില്ല. കിറ്റിക്കുട്ടിക്കും കൊടുക്കും.
കിറ്റി ഇരപിടിക്കാന്‍ ബഹുമിടുക്കിയാണ്. ഉടുമ്പുംകുഞ്ഞിനെ വരെ പിടിക്കും. ഒറ്റപ്പാറ്റയെയും എട്ടുകാലിയെയും വിടില്ല. ഡെല്ല പല്ലിയെ മാത്രമേ പിടിയ്ക്കൂ. എത്ര ഉയരത്തിലുള്ള പല്ലിയെയുംപിടിച്ച് ഏത്തയ്ക്കാബോളിപോലെ ഡെല്ല തിന്നും.
സ്‌കൂള്‍കുട്ടികള്‍ വരുമ്പോലെ ഉച്ചയ്ക്ക് ഒരു മണിയ്ക്ക് ലഞ്ചിനും രാത്രി എട്ടുമണിക്ക് അത്താഴത്തിനും ‘യ്യോ…’ എന്നു പറഞ്ഞ് കിറ്റി ഓടിവരുന്നതാണ്. രാവിലെ ഉണര്‍ത്തുന്നത് കിറ്റിയും ഡെല്ലയുമാണ്.
അത്താഴം കഴിഞ്ഞാലുടന്‍ ചായ്പില്‍ അവളെ ഉപേക്ഷിച്ച തള്ളയെ കാണാനും വായില്‍ക്കരുതിയ ചിക്കന്‍കാല്‍ നല്കാനുമായി അവളിറങ്ങും. ഒരുപോക്കുകഴിഞ്ഞ് രാത്രി 10 മണിയോടെ കോര്‍ട്ടുയാര്‍ഡിലെ കുഷനില്‍ വന്നുകിടക്കും. എന്റെ അനക്കം കേട്ടാല്‍ ഓടിവരും. ഞാന്‍ വീട്ടിനുള്ളിലാക്കും. ഇന്‍വേര്‍ട്ടറിനുമുകളില്‍ വന്നു കിടക്കും. ഞാന്‍ അവിടെനിന്നു മാറ്റിയെടുത്ത് വീട്ടുപൂച്ചയായ ഡെല്ലയ്‌ക്കൊപ്പം കിടത്തും. രണ്ടുപേരും പരസ്പരം ആശ്ലേഷിച്ച് കിടക്കുന്നതുകണ്ട മനഃസുഖത്തോടെ ഞാന്‍ good night പറഞ്ഞ് ഉറങ്ങാന്‍പോകും.
ഇതെഴുതുമ്പോളും ഡെല്ല എന്റെ ബഡ്ഡില്‍എന്റടുത്തിരുന്ന് കൊഞ്ചിക്കരയുന്നുണ്ട്, ലാളല്‍ ഏറ്റുവാങ്ങുന്നുണ്ട്. ഒത്തിരി കാര്യങ്ങള്‍ പറയാനുണ്ട്. എഴുതാനുള്ള ആരോഗ്യം കമ്മിയാണ്.
ഇനി കാര്യത്തിലേക്ക് വരാം. ഈയിടെ എനിക്ക് സുഖമില്ലാതെ ആശുപത്രിവാസം വേണ്ടിവന്നു. തിരിച്ചുവന്നിട്ട് ഇന്ന് പതിമൂന്നാം ദിവസം. വന്നതുമുതല്‍ ഞാനും ഭര്‍ത്താവും അവളെ തേടുകയാണ്.
‘കിറ്റീ എന്ന് നീട്ടി വിളിച്ചുകൊണ്ട് ഞങ്ങളുടെ കുഞ്ഞുപറമ്പിന്റെ അതിര്‍ത്തിയിലൂടെയും ആരുമില്ലാത്തപ്പോള്‍ റോഡിലൂടെയും നടന്ന് അയല്‍പറമ്പുകളില്‍ ഞാന്‍ എത്തി നോക്കുന്നു, കാണാമറയത്തിരിക്കുന്ന പൊന്നിനെ കാണാന്‍. അവളെ ആരെങ്കിലും കൊന്നുകാണും. അല്ലെങ്കില്‍ എന്റെ പൊന്നു വന്നേനേ. അവള്‍ക്കെന്നെയും എനിക്കവളെയും കാണാതിരിക്കാനാവില്ലല്ലോ!
ആരെങ്കിലും തല്ലിക്കൊന്നതാണെങ്കില്‍ തീര്‍ച്ച നിങ്ങള്‍ വിറച്ചുവിറച്ചു ചാകും. പണ്ടുള്ളവര്‍ പറയുന്നതങ്ങനെയാ. പഴഞ്ചൊല്ലില്‍ പതിരില്ലല്ലോ.
എന്റെ കിറ്റി ചത്തിട്ടില്ല, എന്നു വിശ്വസിക്കാനാണെനിക്കിഷ്ടം. അവള്‍ ഇറച്ചിയും മീനും ഉണ്ടാക്കുന്ന, കൊടുക്കുന്ന ഒരു വീട്ടില്‍ സുഖമായി ജീവിക്കുകയെങ്കിലും ചെയ്താല്‍ എനിക്കും ഒരുപരിധിവരെ അതാശ്വാസമാണ്. ആരുടെയെങ്കിലും കൈയില്‍ അവള്‍ ഉണ്ടെങ്കില്‍ ദയവായി ഒന്നറിയിക്കണേ.
കിറ്റി love you da മുത്തേ …. ഉമ്മ ….. God bless you da….













