കൃതജ്ഞത പലപ്പോഴും ആചാരമര്യദകളുടെ രീതിയില്‍ ‘നന്ദി’ എന്ന് പറയുന്ന ഒരു ലളിതമായ പ്രവൃത്തിയായി പലരും കരുതുന്നു. എന്നാല്‍ അത് നല്ല പെരുമാറ്റത്തേക്കാളും ഭാവാത്മക ചിന്തയേക്കാളും വളരെ ശക്തമാണെന്ന് നാഡീശാസ്ത്രം വെളിപ്പെടുത്തുന്നു. നമ്മള്‍ ആത്മാര്‍ത്ഥമായി കൃതജ്ഞത അനുഭവിക്കുമ്പോള്‍, തലച്ചോറില്‍ അളക്കാവുന്ന അനേകം നാഢീയ മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. ഓരോ പ്രാവശ്യവും നാം നന്ദി പ്രകടിപ്പിക്കുമ്പോള്‍ അത് നിര്‍ദ്ദിഷ്ട ന്യൂറല്‍ സര്‍ക്യൂട്ടുകളെ സജീവമാക്കുകയും തലച്ചോറിന്റെ രസതന്ത്രത്തില്‍ മാറ്റം വരുത്തുകയും സമ്മര്‍ദ്ദ പ്രതികരണങ്ങള്‍ കുറയ്ക്കുകയും വൈകാരിക പ്രതിരോധശേഷി ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ചുരുക്കത്തില്‍, കൃതജ്ഞത ഒരു വികാരം പ്രകടനം മാത്രമല്ല – ഇത് മസ്തിഷ്‌ക പരിശീലനം കൂടിയാണ്.
ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്ന പ്രധാന മേഖലകളില്‍ ഒന്ന് നമ്മുടെ മസ്തിഷ്‌കത്തിന്റെ മുന്‍ഭാഗത്ത് സ്ഥിതിചെയ്യുന്ന പ്രീഫ്രോണ്ടല്‍ കോര്‍ട്ടെക്‌സാണ്. തീരുമാനമെടുക്കല്‍, വൈകാരിക നിയന്ത്രണം, പ്രേരണ നിയന്ത്രണം, കാഴ്ചപ്പാട് എടുക്കല്‍ തുടങ്ങിയ ഉയര്‍ന്ന തലത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഈ മസ്തിഷ്‌ക മേഖല ഉത്തരവാദിയാണ്. നമ്മള്‍ പതിവായി കൃതജ്ഞത പരിശീലിക്കുമ്പോള്‍, ഈ മേഖലയിലെ പ്രവര്‍ത്തനം സ്വഭാവികമായി വര്‍ദ്ധിക്കുന്നു. ആവേശത്തോടെ പ്രതികരിക്കുന്നതിന് പകരം കൂടുതല്‍ ചിന്താപൂര്‍വ്വം പ്രതികരിക്കുവാന്‍ ഇത് നമ്മെ സഹായിക്കുന്നു. കാലക്രമേണ, കൃതജ്ഞത ബുദ്ധിമുട്ടുള്ള വികാരങ്ങളെ നിയന്ത്രിക്കുവാനും സമ്മര്‍ദ്ദ സമയത്ത് സന്തുലിതാവസ്ഥ നിലനിര്‍ത്താനുമുള്ള നമ്മുടെ കഴിവിനെ ശക്തിപ്പെടുത്തുന്നു.
മറ്റൊരു പ്രധാന മസ്തിഷ്‌ക ഭാഗം ആന്റീരിയര്‍ സിംഗുലേറ്റ് കോര്‍ട്ടെക്‌സാണ്. സഹാനുഭൂതി, സാമൂഹിക അവബോധം, വൈകാരിക സംവേദനക്ഷമത എന്നിവയെല്ലാം നിയന്ത്രിക്കുന്നതില്‍ ഈ മേഖല ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഒരാളോട് നമുക്ക് നന്ദി തോന്നുമ്പോള്‍, ഈ ഭാഗം കൂടുതല്‍ സജീവമാകും, അത് അനുകമ്പയ്ക്കും ബന്ധത്തിനുമുള്ള നമ്മുടെ കഴിവ് വര്‍ദ്ധിപ്പിക്കുന്നു. അതിനാല്‍, കൃതജ്ഞത ആഴത്തിലുള്ള ബന്ധമാണ് നമ്മില്‍ സൃഷ്ടിക്കുന്നത്. മറ്റുള്ളവരെ മനസ്സിലാക്കുവാനും അവരുമായി ബന്ധം സ്ഥാപിക്കുവാനും സഹായിക്കുന്ന നാഡീവ്യവസ്ഥയെ ഇത് ശക്തിപ്പെടുത്തുന്നു.
കൃതജ്ഞത തലച്ചോറിന്റെ പ്രതിഫല സര്‍ക്യൂട്ടറിയെ, പ്രത്യേകിച്ച് വെന്‍ട്രല്‍ സ്ട്രിയാറ്റത്തെ ഉത്തേജിപ്പിക്കുന്നു. ആനന്ദകരമായ അനുഭവങ്ങളാല്‍ സജീവമാക്കപ്പെടുന്ന മേഖലയാണിത്. കൃതജ്ഞത ഈ ഭാഗത്തെ സജീവമാക്കുമ്പോള്‍, തലച്ചോറ് ഡോപാമൈന്‍ പുറത്തുവിടുന്നു – പ്രചോദനവും ശക്തിപ്പെടുത്തലും ബന്ധപ്പെട്ട ഒരു ന്യൂറോ ട്രാന്‍സ്മിറ്ററാണിത് ഡോപാമൈന്‍. തലച്ചോറിനെ പ്രതിഫലദായകമായ അനുഭവങ്ങള്‍ ഓര്‍മ്മിക്കുവാന്‍ സഹായിക്കുകയും ആവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഇതിനര്‍ത്ഥം നമ്മള്‍ കൂടുതല്‍ കൃതജ്ഞത പരിശീലിക്കുന്തോറും നമ്മുടെ മസ്തിഷ്‌കം അത് പുറപ്പെടുവിക്കുവാന്‍ തുടങ്ങുന്നു എന്നാണ്.
ഡോപാമൈന് പുറമേ, കൃതജ്ഞത മറ്റ് ഏതാനും പ്രധാന ന്യൂറോകെമിക്കലുകളെയും സ്വാധീനിക്കുന്നു. ഇത് സെറോടോണിന്‍ എന്ന ന്യൂറോ ട്രാന്‍സ്മിറ്ററിന്റെ ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നു. ഇത് മാനസികാവസ്ഥയെ സ്ഥിരപ്പെടുത്തുകയും ക്ഷേമത്തിന്റെ വികാരങ്ങള്‍ക്ക് സംഭാവന നല്‍കുകയും ചെയ്യുന്ന ഹോര്‍മോണ്‍ ആണ്. ഇത് ‘ബന്ധന ഹോര്‍മോണ്‍’ എന്നറിയപ്പെടുന്ന ഓക്‌സിടോസിനെ നമ്മുടെ മസ്തിഷ്‌കത്തില്‍ സ്വയമേവ വര്‍ദ്ധിപ്പിക്കും. ഇത് നമ്മുടെ പരസ്പര വിശ്വാസവും സാമൂഹിക അടുപ്പവും വര്‍ദ്ധിപ്പിക്കുവാന്‍ സഹായിക്കും. കൃതജ്ഞത എപ്പോഴും നമ്മെ ഊഷ്മളവും പരസ്പര ബന്ധിതവും വൈകാരികമായി ഉത്തേജിപ്പിക്കുന്നതുമായി തോന്നിപ്പിക്കുന്നത് എന്തുകൊണ്ടാണെന്ന് ഈ രാസമാറ്റങ്ങള്‍ വിശദീകരിക്കുന്നു.
അതേസമയം, കൃതജ്ഞത തലച്ചോറിന്റെ ഭയവും ഭീഷണിയും കണ്ടെത്തല്‍ കേന്ദ്രമായ അമിഗ്ഡാലയുടെ പ്രവര്‍ത്തനം മന്ദഗതിയിലാക്കുവാനും സഹായിക്കും. അമിഗ്ഡാല പ്രതികരണശേഷി കുറയുമ്പോള്‍, സമ്മര്‍ദ്ദ നില നമ്മില്‍ കുറയുന്നു. പ്രാഥമിക സമ്മര്‍ദ്ദ ഹോര്‍മോണായ കോര്‍ട്ടിസോള്‍ കുറയുന്നതിനും ഇത് ഇടയാക്കും. ഈ മാറ്റം തലച്ചോറിനെ അതിജീവന കേന്ദ്രീകൃത അവസ്ഥയില്‍ നിന്ന് കൂടുതല്‍ തുറന്നതും വളര്‍ച്ചയെ അടിസ്ഥാനമാക്കിയുള്ളതുമായ ഒരു അവസ്ഥയിലേക്ക് മാറ്റുന്നു. അപകടത്തിനായി നിരന്തരം സ്‌കാന്‍ ചെയ്യുന്നതിനുപകരം, തലച്ചോറ് സുരക്ഷ, പിന്തുണ, വിഭവങ്ങള്‍ എന്നിവ ശ്രദ്ധിക്കുവാന്‍ തുടങ്ങുന്നു.
ഒരുപക്ഷേ, ഏറ്റവും ശ്രദ്ധേയമായത് കൃതജ്ഞതാ പ്രകടനം നമ്മുടെ മസ്തിഷ്‌ക വ്യതിയാനത്തില്‍ വഹിക്കുന്ന (neuroplasticity) പങ്കാണ്. അനുഭവങ്ങള്‍ വീണ്ടും വീണ്ടും മസ്തിഷ്‌കത്തില്‍ പതിയുമ്പോള്‍, അവയുടെ സ്വാധീനത്തില്‍ സ്വയം പുനര്‍രൂപപ്പെടാനുള്ള തലച്ചോറിന്റെ കഴിവിനെയാണ് മസ്തിഷ്‌ക വ്യതിയാനം എന്ന് പറയുന്നത്. ബ്രെയിന്‍ ഇമേജിംഗ് ഉപയോഗിച്ച് ഇന്ത്യാന യൂണിവേഴ്‌സിറ്റിയില്‍ നടത്തിയ ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത് പതിവായുള്ള കൃതജ്ഞതാ പരിശീലനം മീഡിയല്‍ പ്രീഫ്രോണ്ടല്‍ കോര്‍ട്ടെക്‌സില്‍ നിലനില്‍ക്കുന്ന മാറ്റങ്ങള്‍ സൃഷ്ടിക്കുന്നു എന്നാണ്. നമ്മള്‍ കൃതജ്ഞത ഒരാളോട് അറിയിച്ചതിനുശേഷം ഘടനാപരമായ സമഗ്ര മാറ്റം നമ്മുടെ തലച്ചോറില്‍ സംഭവിക്കുന്നതായി പരീക്ഷണം നടത്തിയവര്‍ കണ്ടെത്തി . ഇതിനര്‍ത്ഥം കൃതജ്ഞത ഒരു താല്‍ക്കാലിക മാനസികാവസ്ഥ വര്‍ദ്ധിപ്പിക്കുക മാത്രമല്ല; അത് ഒരു നാഢീയ മുദ്ര നമ്മുടെ മസ്തിഷ്‌കത്തില്‍ പതിപ്പിക്കുകയും ചെയ്യുമെന്നാണ്.
ദൈനംദിന ജീവിതത്തില്‍, ഈ കൃതജ്ഞത പ്രകടനം ക്രമേണ തലച്ചോറിന്റെ സ്വാഭാവിക നിഷേധാത്മക നിലപാടിനെ മാറ്റി പ്രശ്‌നങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാനുള്ള നമ്മുടെ മനസ്സിന്റെ പ്രവണതയെ പ്രോത്സാഹിപ്പിക്കുയും ചെയ്യുന്നുണ്ട്. ആവര്‍ത്തിച്ചുള്ള പരിശീലനത്തിലൂടെ, എന്താണ് പ്രവര്‍ത്തിക്കുന്നത്, എന്താണ് പിന്തുണയ്ക്കുന്നത്, എന്താണ് അര്‍ത്ഥവത്തായതെന്ന് ശ്രദ്ധിക്കുന്നതില്‍ നമ്മുടെ തലച്ചോറ് കൂടുതല്‍ മികച്ചതാകുന്നു.
കൃതജ്ഞതാ കുറിപ്പെഴുത്ത്, അഭിനന്ദന കത്ത് എഴുത്ത്, അല്ലെങ്കില്‍ ജീവിതത്തിന്റെ ഭാവാത്മക വശങ്ങളെക്കുറിച്ച് മാനസികമായ പരിചിന്തനം തുടങ്ങിയ ലളിതമായ പരിശീലനങ്ങള്‍ ഈ നാഢിയ സംവിധാനങ്ങളെ സജീവമാക്കും. സ്ഥിരതയോടെ, കൃതജ്ഞതാ പ്രകടനം വൈകാരിക നിയന്ത്രണത്തെ ശക്തിപ്പെടുത്തുകയും, ബന്ധങ്ങളെ ആഴത്തിലാക്കുകയും, ഉത്കണ്ഠ കുറയ്ക്കുകയും, മൊത്തത്തിലുള്ള സുസ്ഥിതി വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
ആത്യന്തികമായി, കൃതജ്ഞത എന്നത് ബുദ്ധിമുട്ടുകള്‍ നിഷേധിക്കലല്ല. തലച്ചോറിനെ പുനര്‍നിര്‍മ്മിക്കുന്ന അവധാനപൂര്‍വ്വമായ പരിശീലനമാണ്. ഓരോ തവണയും നാം നന്ദിയുള്ളവരായിരിക്കുവാന്‍ പരിശീലിക്കുമ്പോള്‍, പ്രതിരോധശേഷി, മെച്ചപ്പെട്ട സാമൂഹ്യ ബന്ധം, മാനസികാരോഗ്യം എന്നിവയുടെ നാഡീ പാതകളെ നാം തന്നെ നമ്മില്‍ ശക്തിപ്പെടുത്തുകയാണ്.
നന്ദി നമ്മുടെ വൈകാരികാവസ്ഥയെ മാറ്റുന്നു.
വൈകാരികാവസ്ഥ കാഴ്ചപ്പാടിയെയും പെരുമാറ്റത്തെയും സ്വാധീനിക്കുന്നു.
കാഴ്ചപ്പാടും പെരുമാറ്റവും ജീവിതഫലങ്ങളെ സ്വാധീനിക്കുന്നു.
അതിനാല്‍, നന്ദി നമ്മുടെ യാഥാര്‍ത്ഥ്യത്തെ മാറ്റുന്നു.












