റോട്ടിലൂടെ നടക്കുകയായിരുന്നു, അയാള്‍. കാല്‍നടക്കാരന്‍, വെറും കാല്‍നടക്കാരന്‍!
ചുറ്റും വണ്ടികളാണ്. ഇരു ചക്രവാഹനങ്ങളും, കാറുകളും, മിനി-ട്രക്കുകളും ബസ്സുകളും കൊണ്ട് നിറഞ്ഞിരിക്കുന്നു നിരത്ത്. അയാളുടെ കണ്ണുകള്‍ ചുറ്റും സശ്രദ്ധം വീക്ഷിച്ചുകൊണ്ടിരുന്നു. അയാള്‍ക്കറിയാമായിരുന്നു, ഒരു ചെറിയ തെറ്റ്, ഒരു ചെറിയ കണ്ണബദ്ധം മതി, തന്റെ ജീവന്‍ അപകടത്തിലാവാന്‍.
അയാള്‍ക്ക് പെട്ടെന്നാ പരസ്യ-വാചകമാണ് ഓര്‍മ്മയില്‍ തെളിഞ്ഞത് ‘നിങ്ങള്‍ വലീയ വില കൊടുക്കേണ്ടി വരും. അതേ. അശ്രദ്ധയേറിയ കാല്‍നടക്കാരേ, നിങ്ങള്‍ വലീയ വില കൊടുക്കേണ്ടി വരും,” അയാള്‍ കൂട്ടിച്ചേര്‍ത്തു.
ചക്രത്തിലൂടെ ഓടുന്നവരാണ് കൂടുതല്‍. ഒന്നുകില്‍ രണ്ടു ചക്രത്തില്‍, അല്ലെങ്കില്‍ നാലുചക്രത്തില്‍.
മൂന്നു ചക്രക്കാരുമുണ്ടിഷ്ടപ്പടി! ഓരോരുത്തനും, പാതയുടെ മീതെ തന്റേതാണ് പ്രാഥമികാധികാരം, അത് കഴിഞ്ഞേ മറ്റുള്ളവര്‍ക്കുള്ളൂ എന്ന മട്ടിലാണ് പാച്ചില്‍!
തങ്ങളുടെ ആവശ്യം കഴിഞ്ഞേ ബാക്കിയുള്ളവര്‍ക്ക് അധികാരമുള്ളൂ എന്നതാണ് അവരുടെ നിലപാട്. കാല്‍നടക്കാര്‍ ചക്രങ്ങളിലോടുന്നവരുടെ ദയവില്‍ വേണം കഴിയാന്‍!
വാഹനമോട്ടുന്ന ഓരോരുത്തനും തന്റെ അധികാരവും അവകാശവും സ്ഥാപിച്ചെടുക്കാനുള്ള തിടുക്കത്തിലാണ്. ഇരച്ചു വന്നും, അപ്രതീക്ഷിതമായി വെട്ടിച്ചു കടന്നും, കാതലപ്പിക്കുന്ന ഉഗ്രശബ്ദത്തില്‍ ഹോണടിച്ചും, ഇടക്കിടെ കണ്ണുകള്‍ തുറന്നു പ്രകാശം പായിച്ച് അസ്വസ്ഥമാക്കിയുമാണ് ഓരോരുത്തനും നിരത്തില്‍ സ്ഥാനമുറപ്പിക്കുന്നത്.
തന്നെപോലെയുള്ള വെറും-കാല്‍നടക്കാര്‍ക്ക് നിരത്തിന്മേല്‍ അവകാശം ഒന്നും ഇല്ലാത്ത പോലെയായിരിക്കുന്നു എന്നതോര്‍ത്ത് അയാളുടെ മനസ്സില്‍ അമര്‍ഷം കയറി. വിമ്മിഷ്ടവും!
പാത മുഴുവന്‍ എനിക്ക് സ്വന്തം, അത് പാതയോ, നടപ്പാതയോ ആവട്ടെ! എന്റെ അവകാശം കഴിഞ്ഞു മാത്രം നിനക്ക് എന്ന മട്ടിലല്ലേ അവരുടെ പോക്ക്?
നടക്കുമ്പോള്‍ നാലുഭാഗത്തും കണ്ണെത്തണം. വണ്ടിയോടിക്കൊണ്ടിരിക്കുന്ന ദിശക്കെതിരെ പെട്ടെന്നായിരിക്കും ഇരുചക്രക്കാര്‍ കേറി വരുന്നത്. കേറി വന്നു നോക്കുന്നതോ, വന്യമൃഗത്തിന്റെ ക്രൗര്യത്തോടെയായിരിക്കും.
പലപ്പോഴും അയാള്‍ക്ക് തോന്നാറുണ്ട്. ഇത് പാതയല്ല, കാടാണ്, വെറും കാട്! വന്യമൃഗങ്ങളാണ് ചുറ്റും. ഓരോ വണ്ടിയും ഇര തേടുന്ന മൃഗങ്ങളാണ്. താനാണ് ഇര! തന്നെയാണവ വേട്ടയാടുന്നത്. താനാണവയുടെ ലാക്കും ഉന്നവും! ഓരോ തവണയും അയാള്‍ക്ക് നിരത്തിലേക്കിറങ്ങുമ്പോള്‍ മനസ്സില്‍ ഭയം ഉരുണ്ടുകൂടും.
പാതയുടെ അറ്റത്തുകൂടി ശ്രദ്ധിച്ചു ശ്രദ്ധിച്ചു നടക്കുമ്പോളാണ് പെട്ടെന്ന് തന്റെ പിന്നില്‍ ഒരു മൃഗത്തിന്റെ അലറല്‍. ഞെട്ടി ഒരരുകിലേക്കു ചാടി മാറി, പുറകിലേക്ക് നോക്കി. ഒരു ഇരുചക്രവാഹനക്കാരന്‍ വീണ്ടും ശക്തിയായി ഹോണടിച്ചു, അയാളെ തൊട്ടു, തൊട്ടില്ല എന്ന മട്ടില്‍ അലറിക്കൊണ്ടോടിപ്പോയി. ജീവന്‍ തിരിച്ചുകിട്ടിയ ആശ്വാസത്തോടെ, അയാള്‍ റോട്ടിനരികിലെ ഇല്ലാത്ത നടപ്പാത തിരഞ്ഞു നടന്നു.
മുന്നില്‍ ഒട്ടകലെയല്ലാതെ, പ്രായമേറെയായ ഒരു സ്ത്രീ നേരമേറെയായി റോഡരികത്തു നില്‍ക്കുന്നു. മുഖത്ത് ആകാംക്ഷയും ഭീതിയും വ്യക്തമായിരുന്നു. റോഡ് മുറിച്ചു കടക്കാനുള്ള ശ്രമത്തിലാണെന്ന് വ്യക്തം. സ്വല്പം ദൂരം നടന്നു, റോഡ് മുറിച്ചു കടക്കുന്നതിനുള്ളില്‍, ചക്രങ്ങളില്‍ ഓടി നടക്കുന്ന ഭൂതങ്ങളില്‍ ഏതെങ്കിലും ഒന്ന് തന്റെ നേരെ ഓടിയെത്തുമോ എന്നാല്‍ ഭീതി മൂലമാവണം വീണ്ടും തിരികെ അതെ സ്ഥാനത്തു തന്നെ വന്നുനില്‍ക്കുന്നത്. അയാള്‍ക്ക് ആ സ്ത്രീയുടെ നിസ്സഹായാവസ്ഥയോടുള്ള തിരിച്ചോട്ടം കണ്ട് സങ്കടവും വിഷമവും മനസ്സില്‍ നിറഞ്ഞു.
അയാള്‍ അവരുടെ സമീപത്തെത്തി ചോദിച്ചു, ‘അപ്പുറത്തേക്ക് കടക്കാനാവുന്നില്ലല്ലേ? മനസ്സില്‍ ഭീതി നിറയുന്നല്ലേ?’
അവര്‍ തലയാട്ടി. സംശയത്തോടെ അവര്‍ ചോദിച്ചു,
‘അതെ, കടക്കാന്‍ പറ്റുന്നേയില്ല. നടക്കുന്നത് നിയമവിരുദ്ധമായോ? ഓടുന്ന വണ്ടികള്‍ക്കൊക്കെ ഭ്രാന്ത് പിടിച്ച മട്ടുണ്ടല്ലോ? അതോ വണ്ടിയോട്ടുവന്നവരെല്ലാം ഉന്മാദാവസ്ഥയിലാണോ?’
അയാള്‍ക്ക് മറുപടിയില്ലായിരുന്നു.
‘നിങ്ങള്‍ അപ്പുറത്തേക്കാണോ? എന്നെയും ഒന്ന് കടത്തി വിടാമോ?’
‘അതെ.’ അയാള്‍ നുണ പറഞ്ഞു. സത്യത്തില്‍ അയാള്‍ക്ക് അപ്പുറത്തേക്ക് കടക്കേണ്ട ആവശ്യമില്ലായിരുന്നല്ലോ!
അയാള്‍ക്ക് ഒന്നറിയാമായിരുന്നു. ഡിസ്‌കവറി ചാനലില്‍ വന്യമൃഗങ്ങളെ കുറിച്ച് കണ്ട നിരവധി ടീവീ പ്രോഗ്രാമുകളില്‍നിന്ന് അയാള്‍ മനസ്സിലാക്കിയ ഒരു കാര്യം അയാള്‍ കൃത്യമായി ഓര്‍ത്തെടുത്തു. ജീവരക്ഷക്കെപ്പോഴും ഇരകള്‍ കൂട്ടമായി പോവുന്നതാണ് ബുദ്ധി. ഒരുത്തനല്ലെങ്കില്‍ ഇനിയൊരുത്തന് സഹായിക്കാനോ, വെറുതെ ബഹളമുണ്ടാക്കി ഇരതേടുന്നവന്റെ ശ്രദ്ധ വ്യതിചലിക്കാനോ ആവും.
അയാള്‍ ചുറ്റും നോക്കി, വേറെ രണ്ടു പേരും കൂടെയുണ്ട്, അപ്പുറത്തേക്ക് കടക്കാനായി.
അവരോടെല്ലാമായി അയാള്‍ പറഞ്ഞു, ‘ നാം ഒന്നിച്ചു കടക്കുന്നതാണ് നല്ലത്. വയസ്സായ ഇവരെക്കൂട്ടി പോവുമ്പോള്‍ സ്വല്പം സ്പീഡ് കുറച്ചു നടന്നാ മതി. വാഹനങ്ങളെ ഞാന്‍ ശ്രദ്ധിച്ചോളാം. നമുക്കൊന്നിച്ച് പുറപ്പെടാം.’
ആശങ്ക പ്രകടമായ മുഖത്തോടെ എല്ലാവരും തലയാട്ടി. അയാള്‍ മുന്നിലേക്ക് നീങ്ങി, തൂവാല കയ്യിലെടുത്തു ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്, അവരോട് കൈ കാട്ടി,
‘വരൂ….ഒന്നിച്ചു നടക്കൂ.’
വയസ്സായ ആ സ്ത്രീയുടെ കയ്യും പിടിച്ചു അയാള്‍ തൂവാല ഇളക്കി, തങ്ങളുടെ നേരെ ഓടിവരുന്ന ഹിംസ്രജന്തുക്കള്‍ക്കിടയില്‍ താല്‍ക്കാലികവിഭ്രമം ഉണ്ടാക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു.
ഒരു പരിധി വരെ അത് വിജയിച്ചെന്നു വേണം പറയാന്‍.
ഒരു തടയുണ്ടെങ്കില്‍ അതൊഴിവാക്കി ഒഴിഞ്ഞുകിടക്കുന്ന ബാക്കിയുള്ള ഇടത്തില്‍ക്കൂടെ തിക്കിയോടുന്ന മൃഗക്കൂട്ടത്തെപ്പോലെ, റോഡ് മുറിച്ചു കടക്കുന്നവരെ ഒഴിവാക്കികൊണ്ടു, അവര്‍ താണ്ടിയ റോഡിന്റെ ഭാഗത്തേക്ക് ചക്രങ്ങളെല്ലാം തിരിഞ്ഞുതുടങ്ങി, ഒരു പ്രകൃതി നിയമം പോലെ.
നാലുപേരും മറുപുറത്തേക്കു കടന്നു, വലിയ വിപത്തേതോ താണ്ടിയ സമാധാനത്തോടെ! ദീര്‍ഘശ്വാസം വിട്ട്, വയസ്സായ സ്ത്രീ പ്രത്യേക നന്ദി പറഞ്ഞു മെല്ലെ നടന്നു നീങ്ങി.
അവരെ അപ്പുറത്തേക്ക് കടത്തിവിട്ട സന്തോഷം മായും മുന്‍പ്, അയാളുടെ മനസ്സില്‍ കൊള്ളിയാന്‍ മിന്നി. ഇനി വേണം തനിക്ക് അപ്പുറത്തേക്ക് കടക്കാന്‍, അതും ഒറ്റയ്ക്ക്! എങ്കിലും തനിക്കതു ചെയ്യാതെ ആവില്ലല്ലോ. ഭയന്നിട്ടാണെങ്കിലും അയാള്‍ മനസ്സിനെ പാകപ്പെടുത്തി എടുക്കാന്‍ ശ്രമിക്കുകയായിരുന്നു.
പാതയിലെ വാഹനത്തിരക്കിനിടയിലെ ഒരു ചെറിയ ഒഴിവിനു വേണ്ടി അയാള്‍ കാത്തിരുന്നു. രണ്ടു തവണ കാലെടുത്തുവെച്ചെങ്കിലും അമറികൊണ്ടു വരുന്ന വാഹനങ്ങള്‍ അയാളെ മുന്നോട്ടു പോവുന്നതില്‍നിന്നു പിന്തിരിപ്പിച്ചു.
അതിനിടയിലാണ്, പെട്ടെന്ന് ഇടതുഭാഗത്തു കൂടെ മുന്നിലെത്താന്‍ ശ്രമിച്ച ഒരു ബൈക്കുമായി അതറിയാതെ ഇടത്തേക്ക് തിരിഞ്ഞ ഒരു മുച്ചക്രവാഹനം ഉരസി, റോട്ടില്‍ ബഹളവും കശപിശയും ഉണ്ടായത്. വാഹനങ്ങളുടെ കുത്തൊഴുക്കിന് വിഘാതമുണ്ടാക്കിയ ഈ നേരം ഉപയോഗിക്കാം എന്ന് കരുതിയാണ്, അയാള്‍ വണ്ടികളുടെ ഇടയില്‍ക്കൂടെ അപ്പുറത്തേക്ക് കടക്കാനൊരുങ്ങിയത്.
പാതയുടെ മധ്യഭാഗത്തുള്ള ഡിവൈഡര്‍ എത്തിക്കാണണം, ആ നേരത്താണ് ഒരു ബൈക്കുകാരന്‍ തിരക്കിനിടയില്‍ കുത്തിക്കേറാനുള്ള ആവേശത്തില്‍, ആ വണ്ടിയുടെ ചക്രം അയാളുടെ കാലില്‍ തട്ടിച്ചത്. എങ്ങോട്ടും പോവാനാവാത്ത തിരക്കിലും അക്ഷമ കൂട്ടുന്ന ഒരു ചെറുപ്പക്കാരനായിരുന്നു അത്.
ടയര്‍ ഉരഞ്ഞു കാലു നൊന്ത അയാള്‍ക്ക് രോഷം കയറി. ‘ഈ തിരക്കിനിടയില് താനെങ്ങോട്ടാണെടോ ഓടണത്? റോട്ടില് നടക്കണ ഞങ്ങളൊക്കെ പുഴുക്കളാ, തോന്ന്യ മാതിരി അരച്ച് പോവാന്‍? ആള്‍ക്കാരെ കണ്ട് കൊണ്ട് വണ്ടി നെഞ്ചത്ത് കയറ്റുമോടോ താന്‍?’
അവനു കൂസലുണ്ടായിരുന്നില്ല. താന്‍ ചെയ്തതില്‍ തെറ്റൊന്നും അവന്‍ കണ്ടില്ല എന്നത് വ്യക്തമായിരുന്നു അവന്റെ തിരിച്ചുള്ള ആക്രോശത്തില്‍.
‘റോട്ടിലല്ലാതെ കാട്ടിലാണോടോ വണ്ടിയോട്ടണ്ടത്? ഇത് നിനക്ക് എഴുതി തന്ന പാതയൊന്നുമല്ലല്ലോ? അതോ, ഈ പാത നിന്റെ അപ്പന്റെ വകയാണോ?’
ഒരേ തൂവല്‍ പക്ഷികളായ പലരും തമാശ ശ്രദ്ധിക്കുന്നുണ്ടായിരുന്നു, അവരവരുടെ ചക്രത്തിന്മേലിരുന്നുകൊണ്ടു തന്നെ. ആരും കയ്യോ നാവോ ഉയര്‍ത്തിയില്ല.
അയാള്‍ക്ക് മനസ്സിലായി. പോത്തുകളുടെ മുന്നിലാണ് താന്‍. കുത്തിയാല്‍ ഹാനിയും പരുക്കും തനിക്ക് തന്നെ. വിട്ടു പോവാം. ഡിവൈഡറിന്റെ മേലേക്ക് കാലെടുത്തുവെച്ചുകൊണ്ട് അയാള്‍ എല്ലാവരും കേള്‍ക്കെ പറഞ്ഞു,’ശരിയാണ്. ഈ പാത എന്റപ്പന്റേതല്ല. സര്‍ക്കാര്‍ എന്റെ അപ്പനല്ല. പിന്നെ നീ അത് സ്വന്തം എന്ന് പറയുമ്പോള്‍, നിന്റെ പിതൃത്വത്തെ മാനിച്ചേ പറ്റൂ. ഞാനതു അംഗീകരിച്ചു മാറിപ്പോവുന്നു’.
പെട്ടെന്നായിരുന്നു എല്ലാം. ‘അങ്ങിനെ നീ പോവണ്ട’ എന്ന് അലറിക്കൊണ്ട് ഇരുചക്രക്കാരന്‍ ബൈക്കിന്റെ മുന്‍ചക്രം അനായാസം ഉയര്‍ത്തി കാല്‌നടക്കാരന്‍ടെ മീതേക്ക് വണ്ടി ചാടിച്ചു കേറ്റി. അയാള്‍ തെറിച്ചു വീണത് ഡിവൈഡറിന്റെ മറുപുറത്തേക്കായിരുന്നു.
ഓര്‍മ്മ വന്നപ്പോള്‍ അയാള്‍ സര്‍ക്കാര്‍ ആശുപത്രി കിടക്കയിലായിരുന്നു.
ഭാര്യയും മകളുമുണ്ട്, കരഞ്ഞവശരായി. പോലീസുണ്ട്……, കൂടെ രണ്ടു സുഹൃത്തുക്കളും.
അയാള്‍ കണ്ണ് തുറന്നപ്പോള്‍, ഭാര്യ ഏങ്ങലൊതുക്കിക്കൊണ്ടു പറഞ്ഞു
‘ചേട്ടാ, എപ്പോഴും പറയാറില്ലേ, റോട്ടില് നടക്കുമ്പോ ശ്രദ്ധിക്കണം, ശ്രദ്ധിക്കണം ന്ന്. കാലക്കേട്…… കാലക്കേടെന്നല്ലാതെ ഞാന്‍ എന്താ പറയാ, എന്റെ ദേവീ, എനിക്കീ ഗതി വന്നല്ലോ, എന്റെ ഭര്‍ത്താവിന്റെ കാലിങ്ങനെ ആക്കിലോ, നീ…. ദേവീ, മറപുത്തൂരമ്മേ !”
മകള് തലയില്‍ തലോടിക്കൊണ്ട് ചോദിച്ചു,
”അച്ഛാ വേദന ണ്ടോ ഇപ്പഴും? കാലിലെ ഒടിവ് ഇത്തിരി സീരിയസാ. എല്ല് ബസ് കേറി ചതഞ്ഞിട്ടുണ്ട്. സര്‍ജറി ചെയ്യും നാളെ. കാലിനൊരിത്തിരി നീളം കുറയുത്രെ. കാലിലെ ഒടിവ് നേരാക്കണം ന്നുണ്ടെങ്കില് സ്റ്റീല്‍ കമ്പി ഇടണം ന്നാ ഡോക്ടര്‍ പറയണത്’
അയാള്‍ സ്തബ്ധനായി. അയാളുടെ മുഖം വിളറി വിളര്‍ത്തു.
‘അയ്യോ…..ന്റെ കാല് ……അയ്യോ……’ ഞെട്ടിത്തരിച്ചു അയാള്‍ അലറിവിളിച്ചു, ”അയ്യോ… അമ്മേ ……ന്റെ കാല്…’
സ്‌നേഹിതരില്‍ ഒരുത്തന്‍, ഉലഹന്നാന്‍, ആണത് പറഞ്ഞത്,
‘ബസ്സിനെതിരെ കേസ് എടുത്തിട്ടുണ്ട്. ബസ്സിലെ ഡ്രൈവര്‍ പറഞ്ഞത്, നീ തെറിച്ചു വീണു, റോട്ടിലേക്ക്, ന്നാണ്. എന്താ പറ്റീത്? ഡ്രൈവര്‍ക്കു നിര്‍ത്താന്‍ പറ്റീലാത്രെ. അയാള്‍ടെ കുറ്റല്ലായിരുന്നു, ന്നാണ് അയാള്‍ടെ ഭാഗം.”
അയാളുടെ ചെവിയില്‍ ഒന്നും വീഴുന്നുണ്ടായിരുന്നില്ല. അയാള്‍ നടുക്കത്തിന്റെ ഒത്ത നടുവിലായിരുന്നു.
അതിനിടെ പോലീസുകാരന്‍ പറഞ്ഞു. ‘അപകടത്തിന്റെ കാര്യങ്ങള്‍ ഭാര്യയോട് പറഞ്ഞിട്ടുണ്ട്. ഭാര്യയെക്കൊണ്ട് പെറ്റീഷന്‍ ഒപ്പിടീച്ചിട്ടും ണ്ട് . അന്വേഷണത്തിന്റെ ഭാഗായിട്ടു, ആശുപത്രി വിട്ണതിനു മുന്‍പ് പരാതിക്കാരന്‍ ന്ന നിലക്ക് പെറ്റീഷനില്‍ നിങ്ങളെക്കൊണ്ട് ഒപ്പിടീപ്പിക്കാന്‍ ഞാന്‍ വീണ്ടും വരും.’
പോലീസുകാരന്‍ അതും പറഞ്ഞു യാത്രയായി.
അയാള്‍ ഒന്നും കേള്‍ക്കാനുള്ള മനസ്ഥിതിയിലായിരുന്നില്ല. ആരെയൊക്കെയോ അയാള്‍ ശപിച്ചുകൊണ്ടിരുന്നു. അതില്‍ ആ ബൈക്കുകാരനും, ബസ് ഡ്രൈവറും, പിന്നെ ഈശ്വരന്‍ എന്ന വിളിപ്പേരിലുള്ള ഒരു പേര് കൂടെ ഉള്‍പ്പെട്ടിരുന്നു. പിന്നെ താനും, അനവസരത്തിലെ തന്റെയാ വിവേകശൂന്യമായ വാക്‌പോരാട്ടവും.
അതിനിടയിലാണ്, അയാളുടെ മറ്റേ സ്‌നേഹിതന്‍ ഒരു പുതിയ അറിവും കൊണ്ട് വന്നത്. ജാബിര്‍ എന്ന സഹപ്രവര്‍ത്തകനായിരുന്നത്.
‘തന്റെ ഈ കാലിന്റെ പ്രശ്‌നം കേട്ട ഉടനെ, നമ്മടെ ആപ്പീസായി ബന്ധപ്പെട്ടു നില്‍ക്കുന്ന NGO ഇല്ലെ? അവരെ വിളിച്ചു സംസാരിച്ചു സൂചന കൊടുത്തിട്ട്ണ്ട്. അവര് ഇത്തരം കേസുകളില് സഹായം അനുവദിക്കാറുണ്ട്. തന്റെ ജോലിടെ ഭാഗായ ചിട്ടിപ്പിരിവ് നടന്നോണ്ടു ചെയ്‌തെടുക്കാന്‍ ബുദ്ധിമുട്ടാവും ഇന്യങ്ങോട്ട്. മൂന്നു ചക്രംള്ള ഇലക്ട്രിക് സ്‌കൂട്ടര്‍, ശാരീരികവൈകല്യമുള്ളോര്‍ക്കു സംഭാവനായി അവര് നല്‍കാറുണ്ട്. ഞാന്‍ നമ്മടെ ആപ്പീസിലെ മറ്റുള്ളോരായി ബന്ധപ്പെട്ടു അയിനെന്തെങ്കിലും വഴി ണ്ടാക്കാനൊരു ശ്രമം നടത്താം. നീ വെഷമിക്കാതിരിക്ക്. നിന്റെ പോക്കുവരവും യാത്രയും ഒട്ടും ബാധിക്കപ്പെടാത്ത രീതിയില്‍ നമുക്കതു കൈകാര്യം ചെയ്യാം. ജീവന്‍ പോയില്ലല്ലോ; എങ്കില്‍ കുടുംബത്തിന്റെ സ്ഥിതി എന്താകുമായിരുന്നു ന്നാലോചിച്ചു സമാധാനിക്ക്.”
അയാള്‍ക്ക് ഒരു സമാധാനവും വന്നില്ല.
പകരം കണ്ണില്‍ കട്ടപിടിച്ച ഇരുട്ടാണ് നിറഞ്ഞിരുന്നത്. പുറത്തു കണ്ണുനീരും! ഭാര്യ, സ്വയം വിങ്ങല്‍ അടക്കിക്കൊണ്ട്, അയാളുടെ കണ്ണീര്‍ ഒപ്പിക്കൊണ്ടിരുന്നു.
അയാളുടെ മനസ്സില്‍ നിരനിരയായി രംഗപ്രവേശം നടത്തിക്കൊണ്ടിരുന്നവയില്‍ പ്രധാന കഥാപാത്രങ്ങള്‍ സംഭ്രമം, മനസ്താപം, തകര്‍ച്ച എന്നിവയായിരുന്നു.
‘ഒന്ന് പുറത്തേക്കു നില്‍ക്കൂ, ഡോക്ടര്‍ പരിശോധനക്കായി വരുന്നുണ്ട്,’ അതിനിടയില്‍, നഴ്സ് കടന്ന് വന്ന് അവരോട് എല്ലാവരോടുമായി പറഞ്ഞു.
പുറത്തേക്ക് നടന്നുചെല്ലുന്ന നേരത്തു ഉലഹന്നാന്‍ കാല്‌നടക്കാരന്റെ ഭാര്യയോടും മകളോടുമായി ചോദിച്ചു, ‘നിങ്ങള്‍ക്ക് വീട്ടില്‍പോയി തിരിച്ചു വരാനുള്ള സാവകാശം വേണമല്ലോ?’
ഉലഹന്നാന്‍ ജാബിറിന്റെ നേരെ തിരിഞ്ഞു, ‘ ജാബിറേ, നീ ഒന്നിവരെ വീട്ടിലെത്തിക്ക്. ഞാന്‍ ഉണ്ടിവിടെ. നിങ്ങള്‍ ആരെങ്കിലുമൊക്കെ വരുന്ന വരെ ഞാനിവിടെ സഹായിയായിരിക്കാം. ഇവിടത്തെ കാര്യങ്ങള്‍ എന്താച്ചാ ഞാന്‍ നോക്കിക്കോളാം. നാളെയല്ലേ ഓപ്റേഷന്‍? ഇവര് വൈകുന്നേരം ആവുമ്പളേക്കും വന്നാല്‍ മതി. നീ ആപ്പീസില്‍ ഒന്ന് എഴുതിക്കൊടുത്തേക്ക് എന്റെ ലീവും, ഇവന്റെ NGO റിക്വസ്റ്റും.’
ശസ്തക്രിയയും ആശുപത്രിവാസവും പൂര്‍ത്തിയാക്കി, അയാള്‍ പരുക്കുകള്‍ പൂര്‍ണ്ണമായി ശമിക്കാനായി വീട്ടില്‍ കുറച്ചു നാളുകള്‍ കഴിച്ചുകൂട്ടി. ക്രമേണ ശരീരത്തിലെ മുറിവുകള്‍ ഉണങ്ങിത്തുടങ്ങിയെങ്കിലും മനസ്സും അസ്ഥിയും ഏച്ചുകെട്ടിയപോലെത്തന്നെ കിടന്നു!
കാലു നിലത്തു കുത്താന്‍ തുടങ്ങിയപ്പോളാണ് ക്രച്ചില്ലെങ്കില്‍ നടക്കാന്‍ വിഷമമാണെന്ന ബോധ്യം ഉണ്ടായത്. മുച്ചക്രവണ്ടി അനുവദിച്ചുകിട്ടിയത് മഹാഭാഗ്യമായി അനുഭവപ്പെട്ടതും അപ്പോഴാണ്.
നാളുകള്‍ ഒട്ടനവധി കടന്നുപോയപ്പോള്‍, കാല്‍നടക്കാരന്‍ തന്റെ രൂപാന്തരവുമായി മാനസികമായും ശാരീരികമായും ഒരു ധാരണയുണ്ടാക്കി കഴിഞ്ഞിരുന്നു. ഇപ്പോള്‍ അയാള്‍ പൊതു നിരത്തുകളില്‍ നടക്കുന്ന ഒരു ”വെറും കാല്‍നടക്കാരന്‍” അല്ലല്ലൊ!
NGO സമ്മാനിച്ച ഇലക്ട്രിക് ത്രിചക്രവുമായി ഒത്തുതീര്‍പ്പുണ്ടാക്കുവാനുള്ള ശ്രമത്തിലായിരുന്നു അയാള്‍. പതുക്കെ പതുക്കെ, ശകടവും നിരത്തിലെ രീതികളുമായി പരിചയപ്പെട്ടു വന്നാല്‍ മാത്രമല്ലേ ധൈര്യത്തോടെ യാത്ര ചെയ്യാനാവൂ.
ആദ്യമാദ്യം കാല്‍നടക്കാര്‍ മുറിച്ചു കടക്കുമ്പോഴും അരികത്തു വരുമ്പോഴും, വളരെ ശ്രദ്ധിച്ചും, അകന്നു മാറിയും ഓടിച്ചിരുന്നു അയാള്‍. പക്ഷെ അയാള്‍ക്കൊന്നു മനസ്സിലായി. താന്‍ അനുകമ്പയും അലിവും കാണിക്കുന്ന ഈ നിമിഷങ്ങളിലൊക്കെ തന്റെ ചുറ്റുമുള്ള കൂട്ടത്തിന് അത് സഹിക്കാനാവുന്നില്ല.
മുറുമുറുത്തും ഇരപ്പിച്ചും ഗര്‍ജനം നടത്തിയും, തിക്കി തിരക്കി മുന്നിലേക്ക് വന്നു കൊണ്ട് അവര്‍ തന്റെ മുന്നിലേക്കെറിയുന്ന ചോദ്യം മറ്റൊന്നല്ല തന്നെ, ‘എന്താണ് നീ ഇങ്ങനെ? ഞങ്ങളുടെ കൂട്ടത്തില്‍ നിന്നുകൊണ്ട് ജാതിധര്‍മ്മത്തിനു എതിര് നില്‍ക്കുകയോ? വ്യത്യസ്തമായി പെരുമാറുകയോ?’
‘കാല്‍നടക്കാര്‍ ആരാണ് നിന്റെ? മാമനാരോ? മച്ചാനോ? എന്താണ് നിനക്ക് മാത്രം അവരോടു ഒരു പ്രത്യേക മമതയും പരിഗണനയും? ഞങ്ങളുടെ കൂട്ടത്തിനൊപ്പം നില്‍ക്കാത്തവന്‍ ഞങ്ങളെ സംബന്ധിച്ചിടത്തോളം ഞങ്ങള്‍ക്കെതിരെ നില്‍ക്കുന്നതിനു തുല്യം തന്നെ.’ നേരിട്ട് പറഞ്ഞില്ലെങ്കിലും, ഇതായിരുന്നു ആ ചോദ്യത്തിന്റ സത്തയും പൊരുളും!
അന്നയാള്‍ ഒരിത്തിരി വൈകിയിരുന്നു. ആപ്പീസിലാണെങ്കില്‍ ഇടപാടുകാരുടെ കയ്യില്‍ നിന്ന് വസൂലാക്കിയ അടങ്കല്‍ തുക ഏല്പിയ്‌ക്കേണ്ട അവസാന തീയ്യതിയും!
അക്കൂട്ടത്തില്‍, ഒരു ഇടപാടുകാരന്‍ രാവിലെ തന്നെ വന്നു പണം വാങ്ങിക്കൊണ്ടുപോവണമെന്ന് എന്ന് പറഞ്ഞേല്‍പ്പിച്ച ദിവസമായിരുന്നത്. അതും കൂടെ വാങ്ങി, ആപ്പീസില്‍ ഹാജര്‍ സമര്‍പ്പിച്ച് , ബാങ്കില്‍ പണമടച്ച ശേഷം വേണം മറ്റു പിരിവിനിറങ്ങേണ്ടത്. അതയാളെ സ്വല്പം പിരിമുറുക്കത്തിലാക്കിയിരുന്നു.
പണം വാങ്ങിയ ശേഷം എത്രയും വേഗം ആപ്പീസിലെത്താനുള്ള ധൃതിയില്‍ അയാള്‍ വണ്ടി ഇടപാടുകാരന്റെ ഗേറ്റിനു പുറത്തേക്കെടുത്തു. അപ്പോഴാണയാളതു ശ്രദ്ധിച്ചത്. റോട്ടില്‍ ഭയങ്കര ട്രാഫിക് ജാം. നേര്‍ വഴിക്കു പോയാല്‍ ഉറപ്പായും വൈകിയേ ആപ്പീസില്‍ എത്തൂ . അങ്ങനെയെങ്കില്‍ ഹാജര്‍ സമയത്തിന് സമര്‍പ്പിക്കാനാവില്ല. അന്നത്തെ പണികളെല്ലാം മുടങ്ങും!
താന്‍ നിരത്തിന്റെ വലതുവശത്താണ്. തനിക്കു പോവേണ്ട ദിശക്ക് തിരിയണമെങ്കില്‍ റോഡിന്റെ ഇടതു വശത്തെത്തണം.
തൊട്ടടുത്തൊന്നും തന്നെ ആ ദിശയിലേക്ക് തിരിയാന്‍ യു-ടേണ്‍ ഇല്ല. മാത്രമല്ല, ഒരു പാട് ദൂരം പോയി തിരിച്ചു വന്നാലും, താനെന്തായാലും ഈ ഗതാഗതക്കുരുക്കില്‍ കുടുങ്ങും, വൈകും എന്നത് ഉറപ്പ്.
അയാള്‍ കൂടെയറിയാതെ അയാളുടെ മനസ്സില്‍ പെട്ടെന്നൊരാശയം കേറിക്കൂടി. താനിപ്പോഴുള്ള റോഡിന്റെ വലതുവശത്തെ കാല്‍നടപ്പാതയില്‍ കേറി ഓടിച്ചുപോയാല്‍ കുറെ ദൂരെ ചെന്ന് ട്രാഫിക് ജാം ഇല്ലാത്ത അടുത്ത ജംഗ്ഷനില്‍ ചെന്നെത്തി, ഇടത്തേക്ക് തിരിയാം! ഈ കുരുക്കിന്റെ പ്രശ്‌നം ഒഴിവാക്കാം.
പിന്നെയൊന്നും ആലോചിച്ചില്ല. മൃഗക്കൂട്ടത്തിലെ മറ്റു പലരും ചെയ്യുന്ന പോലെ നടപ്പാതയില്‍ ഓടിച്ചു കയറ്റി, ട്രാഫിക്കിന്റെ എതിര്‍ദിശയിലേക്കോടിച്ചു. മുച്ചക്രക്കാരന്‍ കാല്‍നടക്കാരുടെ തൊട്ടു പിന്നില്‍ച്ചെന്നു മുക്രയിട്ടും, അമറിയും വിരട്ടിയോടിച്ചും അതിലൂടെ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.
ആദ്യമായി അയാള്‍ മൃഗക്കൂട്ടത്തിന്റെ ഭാഗമായതില്‍ സന്തോഷം കാണുകയായിരുന്നു.
പക്ഷെ തന്നില്‍ വന്ന മാറ്റത്തെക്കുറിച്ചു അയാള്‍ ബോധവാനായിരുന്നില്ല!
അയാള്‍ ജങ്ഷന്‍ എത്തുന്നതിന്റെ തൊട്ടു മുന്‍പാണ് ഒരു കാല്‍നടക്കാരന്‍ അയാളുടെ മുച്ചക്ര-സ്‌കൂട്ടര്‍ ഓട്ടം തടഞ്ഞത്, ‘തനിക്കൊക്കെ ആരാടോ ഡ്രൈവിംഗ് ലൈസന്‍സ് തന്നത്? ഇത് കാല്‍നടക്കാര്‍ക്കുള്ള നടപ്പാതയാണോ, വണ്ടിയോടിക്കുന്ന നിരത്താണോ? ഇതിലൂടെ വണ്ടി ഓടിക്കാന്‍ പാടില്ലെന്ന് തന്നെയാരും പഠിപ്പിച്ചിട്ടില്ലേ?’
ഒരിക്കല്‍ കാല്‍നടക്കാരനായിരുന്നെങ്കിലും, അതെല്ലാം അയാള്‍ മറന്നിരുന്നു. ഇപ്പോളയാള്‍ ചക്രത്തിലോടുന്നവനായി താദാത്മ്യം പ്രാപിച്ചിരുന്നല്ലോ!
രോഷം കാരണം അയാളുടെ തല പെരുത്ത് കയറി. അയാളുടെ വണ്ടിയും മുറുമുറുത്തുകൊണ്ടിരുന്നു.
അയാള്‍ക്ക് സംശയമേ ഉണ്ടായിരുന്നില്ല.
അയാള്‍ ചോദിച്ചു,
‘ഈ നടപ്പാത നിനക്ക് എഴുതിത്തന്നിട്ടുണ്ടോ? അതോ ഇത് നിന്റെ അപ്പന്റെ സ്വന്തമാണോ?’ —












