അതിരാവിലെ വീട്ടില്‍ നിന്നുമിറങ്ങുമ്പോള്‍ മിനി ഒരിക്കല്‍ക്കൂടി തിരിഞ്ഞു നോക്കി ,വാതില്‍പൂട്ടിയിട്ടുണ്ട് എന്ന് ഉറപ്പു വരുത്തി. അതിനകത്ത് ഒരു മനുഷ്യ ജീവി ഉണ്ടെന്ന് ഇപ്പോള്‍ ആരും അറിയുകയില്ല.
വേണുവേട്ടന്‍ ഉറങ്ങിക്കിടക്കുന്നത് കണ്ടിട്ടാണ് പുറത്തേക്കിറങ്ങിയത്.
പക്ഷെ ഉണര്‍ന്നു കഴിഞ്ഞാല്‍ തന്നെ കണ്ടില്ലെങ്കില്‍ ആകെ ബഹളമാകും. ഈയിടെയായി കൊച്ചു പിള്ളേരെപ്പോലെയാണ് ആള് . തൊട്ടതിനുoപിടിച്ചതിനുമൊക്കെ കുറ്റം പറച്ചിലും വാശിയും . എല്ലാം സഹിച്ചല്ലേ തീരൂ. ഭര്‍ത്താവായിപ്പോയില്ലേ?. പോരാത്തതിന് വയ്യായ്കയും .
ഇന്ന് തന്നെ മൂന്നുപേര്‍ക്കുള്ളആഹാരം പാകം ചെയ്ത്, വേണുവേട്ടന് വേണ്ടആഹാരം എടുത്തു കൊടുത്ത് , മകളെ കോച്ചിംഗ് ക്ലാസ്സില്‍ പറഞ്ഞയച്ചപ്പോഴേക്ക് തന്റെ സമയം അതിക്രമിച്ചിരുന്നു.
ഇനി ഓരോ വീട്ടില്‍ ചവര്‍ എടുക്കാന്‍ പോകണം . വേഗം നടന്നു.
‘എന്താ മിനി ഇന്ന് താമസിച്ചുപോയോ? ഇന്നും വന്നില്ലെങ്കില്‍ ഞാന്‍ മുരുകനേയും കൂട്ടി ചവറെടുക്കാന്‍ പോവുകയായിരുന്നു.’
എന്നും രാവിലെ തന്നോടൊപ്പം ചവറെടുക്കാന്‍ വരുന്നത് വേലായുധന്‍ ചേട്ടനാണ്. ചേട്ടന്‍ വണ്ടിയുന്തുമ്പോള്‍ താന്‍ വീടുകളിലെ ചവര്‍ ശേഖരിച്ച് വണ്ടിയില്‍ കൊണ്ടുപോയിവയ്ക്കും.
പ്ലാസ്റ്റിക് ബക്കറ്റുകളിലെ ചീഞ്ഞളിഞ്ഞ ആഹാരപദാര്‍ത്ഥങ്ങളില്‍ നിന്നും ഒഴുകിവരുന്ന ദുര്‍ഗന്ധം നാസാരന്ധ്രങ്ങളിലൂടെ കടന്ന് തലച്ചോറിനെ മരവിപ്പിക്കും.
എന്തൊക്കെയായാലും എല്ലാം സഹിച്ചേ തീരൂ. ക്യാന്‍സര്‍ ബാധിതനായി വീണു കിടക്കുന്ന ഭര്‍ത്താവിനും , വേണിമോള്‍ക്കും വേണ്ടി താന്‍ ഈ പണിയെടുത്തേ തീരൂ.
അപ്പോഴാണ് ഓര്‍ത്തത്. വേണിമോള്‍ക്ക് ഇന്ന് ഫീസ് കൊടുക്കേണ്ട ദിവസമാണ്. ഈമാസം കിട്ടിയ ശമ്പളം എല്ലാം തീര്‍ന്നു കഴിഞ്ഞു
വേണുവേട്ടന് മരുന്ന് വാങ്ങിക്കുവാന്‍ തന്നെ തന്റെ ശമ്പളം തികയില്ല. അതിനിടയിലാണ് മോളുടെ ഡോക്ടര്‍ ആകണമെന്ന അഭിലാഷം പൂര്‍ത്തീകരിക്കേണ്ടത്
അവള്‍ക്കുമാത്രമല്ല തനിക്കും വേണുവേട്ടനും അത് തന്നെയാണ് ആഗ്രഹം. എങ്ങനെയും അവളെ പഠിപ്പിച്ച് ഒരു ഡോക്ടര്‍ ആക്കണം
‘ എന്താ മിനി,കഴിഞ്ഞദിവസം ഒന്നും തന്നെ കണ്ടില്ലല്ലോ. ഇവിടെ ഞങ്ങളുടെ ചവറെല്ലാം ഇരുന്ന് ചീഞ്ഞുനാറാന്‍ തുടങ്ങി.’
ചവര്‍ എടുക്കുന്ന വീട്ടിലെ ചേച്ചിയാണ്. ഏതോ കോളേജിലെ ലെക്ചറര്‍ ആണത്രേ . എല്ലാ കാര്യത്തിനും കൃത്യത വേണമെന്നാണ് അവരുടെ പക്ഷം. നല്ല മുന്‍ ശുണ്ഠിയുള്ള സ്ത്രീ . ഇവരോട് സംസാരിക്കുന്നത് സൂക്ഷിച്ചു വേണ മെന്നറിയാം
ശബ്ദം താഴ്ത്തി ദയനീയതയോടെ പറഞ്ഞു
‘അത് പിന്നെ…… ചേച്ചി ….. ഭര്‍ത്താവിന് തീരെ വയ്യാതെ കിടക്കുകയാണ്.
കഴിഞ്ഞ രണ്ടുമൂന്നു ദിവസമായി അങ്ങേര്‍ക്ക് അസുഖം കൂടുതല്‍ ആയിരുന്നു. അതുകൊണ്ടാണ് വരാന്‍ പറ്റാതിരുന്നത്’
‘ എന്തായാലും ഇങ്ങനെ ആയാല്‍ പറ്റില്ല തനിക്ക് പറ്റില്ലെങ്കില്‍ മറ്റ് ആരെയെങ്കിലും ഏല്‍പ്പിക്കൂ.’
‘ അതെ ഇവിടെ കൊച്ചു കുട്ടികള്‍ എല്ലാം ഉള്ളതാണ്. ഈ ദുര്‍ഗന്ധം ശ്വസിച്ച് അവര്‍ക്ക് വല്ല അസുഖവും പിടിക്കും.’
അവരെ പിന്താങ്ങിക്കൊണ്ട് അടുത്ത വീട്ടിലെ ധന്യ ചേച്ചിയും എത്തി. ഇവര്‍ക്ക് ഒന്നും പാവങ്ങളുടെ ദുഃഖം തിരിച്ചറിയാന്‍ ആവുകയില്ല. അവരോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന് തോന്നി.
അതുകൊണ്ട് ഒന്നും മിണ്ടാതെ മുന്നോട്ടു നടന്നു
‘ ഹും…അവളുടെ പോക്ക് കണ്ടില്ലേ. അധിക പ്രസംഗിത്തരമാണ്കയ്യില്‍…. തൊഴിലാളി യൂണിയനുകള്‍ ഉണ്ടല്ലോ. അവരോട് പറഞ്ഞു സമരം ചെയ്ത് നമ്മുടെ വായ് അടപ്പിക്കാന്‍ ആയിരിക്കും ഉദ്ദേശം’
‘ഉം. ശരിയാ ചേച്ചി . നമുക്ക് വാര്‍ഡ് കൗണ്‍സിലറോട് പറയാം. അങ്ങേര്
വഴിയുണ്ടാക്കിത്തരുമായിരിക്കും. എത്ര നാളാണ് ഇങ്ങനെ രണ്ടു മൂന്നു ദിവസംചവറ് കെട്ടിവെച്ചോണ്ടിരിക്കുക. ‘
അവര്‍ ഒരു തുറന്നസമരത്തിന് ഉള്ള പുറപ്പാടില്‍ ആണെന്ന് മനസ്സിലായി. അവരെയും പറഞ്ഞിട്ട് കാര്യമില്ല. എത്ര ദിവസമാണ് ഇങ്ങനെ ചവറും കെട്ടിപ്പൂട്ടി ഇരിക്കാന്‍ കഴിയുക. പ്ലാസ്റ്റിക് കൂടിലാ ണെങ്കിലും ബക്കറ്റിലാണെങ്കിലും പുഴുഅരിച്ചു തുടങ്ങും. ആകപ്പാടെയുള്ള ചുറ്റുവട്ടത്തില്‍ ചവറുകള്‍ വയ്ക്കുവാനും സ്ഥലമില്ല. പുറത്തുവച്ചാല്‍ പട്ടിയും പൂച്ചയും വന്ന് അത് മറിച്ചിട്ട് ഉള്ളിലുള്ളത് തിന്നാന്‍ നോക്കും.പരിസരമാകെവൃത്തികേടാകും.
ഇതൊക്കെ ആലോചിച്ച് അവര്‍ കോപിക്കുന്നതിന് ഒന്നും മിണ്ടാന്‍ ആവുകയില്ല.
കഴിഞ്ഞ രണ്ടു മൂന്നു ദിവസമായിവേണുവേട്ടന് നല്ല പനിയുണ്ടായിരുന്നു പിന്നെ പിച്ചും പേയും പറച്ചിലും. ഇടയ്ക്കിടയ്ക്ക് നെഞ്ചില്‍ കൈവെച്ച് വേദനയുണ്ടെന്ന് പറയും. ലങ് ക്യാന്‍സര്‍ ആയതുകൊണ്ട് ശ്വാസംമുട്ടലും ഉണ്ട് . എല്ലായ്‌പ്പോഴുംആശുപത്രിയില്‍ കൊണ്ടുപോകാന്‍ ആണെങ്കില്‍ തന്റെ കയ്യില്‍ പണവുമില്ല. മുമ്പ് ഡോക്ടറുടെ പക്കല്‍ നിന്നുംഎഴുതി വാങ്ങിച്ചിരുന്ന മരുന്നും, ചില ഒറ്റമൂലികളും കൊണ്ട് ഇപ്പോള്‍ അല്പം കുറഞ്ഞിട്ടുണ്ട്.
എന്നാലും ആളിന് നല്ല ക്ഷീണം ഉണ്ട് . അടുത്തിരുന്ന് ശുശ്രൂഷിക്കേണ്ടപ്പോള്‍ ജോലി ഓര്‍ത്ത് പുറത്ത് കടന്നതാണ്. ഇന്നും വന്നില്ലെങ്കില്‍ ചിലപ്പോള്‍ തന്റെ പണി പോകും. തന്റെ സ്ഥാനത്ത് മറ്റ് ആരെയെങ്കിലും അവര്‍ ഏര്‍പ്പെടുത്തും
തുഛമായ ഈ ശമ്പളം കൊണ്ടാണ് വീട്ടിലെ എല്ലാ കാര്യങ്ങളും നടന്നു പോകുന്നത്. അതും ഇല്ലാതായാല്‍ ഉള്ള അവസ്ഥ ഓര്‍ക്കാന്‍ വയ്യ.
‘ എടീ ഒന്നും വേഗം വാ. ഈ ചവറ് കൊണ്ടുപോയി നമ്മള്‍ഇടാറുള്ള സ്ഥലത്ത് ഇട്ടിട്ട് വേണം എനിക്ക് പോകുവാന്‍ .’
ശരിയാണ് തനിക്കും വീട്ടില്‍ വേഗം എത്തിയേ തീരൂ. ഇനിബാക്കി ഒന്ന് രണ്ട് വീടുകള്‍ കൂടിയുണ്ട്. അവിടെ നിന്നും ചവറുകള്‍ ശേഖരിച്ച് വേഗം ഇവിടെ നിന്നും പോകണം . വേണുവേട്ടന്‍ ഉണര്‍ന്നു കഴിഞ്ഞാല്‍ തന്നെ കാണാഞ്ഞ് ആകെ ശുണ്ഠിയായിരിക്കും
വേഗം നടന്നു പോയി ബാക്കിയുള്ള രണ്ട് വീടുകളില്‍ നിന്നും കൂടി ചവര്‍ എടുത്തു
പ്ലാസ്റ്റിക് കവറുകളിലും ബക്കറ്റിലും ഉള്ള വ ഉന്തുവണ്ടിയിലെ ഡബ്ബയിലേക്ക് കുടഞ്ഞിട്ടു. എല്ലാംതീര്‍ന്നപ്പോള്‍ വേലായുധന്‍ ചേട്ടന്‍ വണ്ടിഉന്തിത്തുടങ്ങി. ചവര്‍ ഇടാറുള്ള പൊതുസ്ഥലത്ത് എത്തിയപ്പോള്‍ എല്ലാം അവിടെ നിക്ഷേപിച്ചു.
‘ എടീ മിനി .പ്ലാസ്റ്റിക്കും , എച്ചിലും എല്ലാം പ്രത്യേകം പ്രത്യേകംകെട്ടിലാക്കി , വേറെ വേറെ സ്ഥലത്ത് വേണം ഇടാന്‍ . ഇല്ലെങ്കില്‍ അതെല്ലാം ഒന്നിച്ചു കിടന്നാല്‍ നമുക്ക് റോബര്‍ട്ടിന്റെ കയ്യില്‍ നിന്ന് നല്ലവഴക്ക് കേള്‍ക്കും’
ലീലച്ചേച്ചി തന്നെപ്പോലെ പണിയെടുക്കുന്ന മറ്റൊരു ചേച്ചിയാണ്. പ്രാരബ്ധക്കെട്ടിനാല്‍ ഒടിഞ്ഞു തൂങ്ങി നേരത്തേ വാര്‍ദ്ധക്യം പ്രാപിച്ചവള്‍ .
‘ ഉം…. റോബര്‍ട്ട് . അവനൊരു ദുഷ്ടനാ .
ഈ പാടൊക്കെ നമ്മളെക്കൊണ്ട് പെടീച്ചിട്ട് മര്യാദക്ക് കാശും തരൂല്ല. ‘ചിട്ടി കുട്ടീന്ന് ‘ഓരോരോ പേരും പറഞ്ഞ് പൈസമുഴുവന്‍ അവന്‍ തന്നെ പിടുങ്ങും’
മീനുച്ചേച്ചിയാണ്. അവര്‍ക്കും രണ്ടു മക്കളെ വിദ്യാഭ്യാസo ചെയ്യിക്കണം. ഭര്‍ത്താവാണെങ്കില്‍ കള്ളുകുടിയനും
ശരിയാണ്. തങ്ങളെയെല്ലാം നയിക്കുന്നത് റോബര്‍ട്ട് എന്ന ചെറുപ്പക്കാരന്‍ആണ് . ചെയ്തത് ശരിയായില്ലെങ്കില്‍ അയാള്‍ കണ്ണും മൂക്കും ഇല്ലാതെ വഴക്ക് പറയും.കാശു മുഴുവന്‍ തരികയുമില്ല.
അതോര്‍ത്ത് വണ്ടിയിലുള്ള മാലിന്യങ്ങള്‍ എല്ലാം പ്രത്യേകം പ്രത്യേകം ശേഖരിച്ച് അതാത് സ്ഥലത്തിട്ടു. എല്ലാം കഴിഞ്ഞപ്പോള്‍ ഒന്നുരണ്ടു മണിക്കൂര്‍ പിന്നിട്ടിരുന്നു. വെപ്രാളത്തോടെ വീട്ടിലേക്ക് തിരിച്ചു.
വേണുവേട്ടന്‍ ഉണര്‍ന്നു കാണുമോ എന്തോ . എങ്കില്‍പിന്നെ തന്നെ ചീത്ത പറഞ്ഞു കുളിപ്പിക്കും. ഓട്ടോ പിടിക്കാന്‍ ആണെങ്കില്‍ തന്റെ കയ്യില്‍ കാശില്ല. ബസ്സ് കാത്തുനില്‍ക്കാന്‍ നേരവുമില്ല.മൂന്നുനാലു കിലോമീറ്റര്‍ ഓടിയുംനടന്നുo വിയര്‍ത്തൊലിച്ച് വീട്ടിലെത്തി.
പൂട്ടിയിട്ടിരുന്ന വാതില്‍ തുറന്ന് അകത്തു കയറി. അപ്പോള്‍ വളര്‍ത്തുനായ മണിയന്‍ ഓടി വന്നു. വീട്ടുകാവല്‍ താന്‍ അവനെ ഏല്‍പ്പിച്ചിട്ടാണ് പോകുന്നത്. കാലില്‍ വന്നു നക്കിയ അവനെ പതുക്കെ തലോടി അകത്തേക്ക് നടന്നു.
വിചാരിച്ചത് പോലെ വേണുച്ചേട്ടന്‍ കണ്ണുതുറന്ന് കിടപ്പുണ്ട്. എന്നാല്‍ ശുണ് ഠിക്ക് പകരം സൗമ്യതയാണ് ഇന്നാ മുഖത്ത് കാണുന്നത്.
‘ സോറിവേണുവേട്ടാ . ഇന്ന് കുറേ ദിവസം പോകാതിരുന്നത് കാരണo വീടുകളില്‍ നിന്നുംധാരാളം മാലിന്യo ശേഖരിക്കണമായിരുന്നു. അതാണ് താമസിച്ചത്’
‘ നീ ഒരുപാട് പ്രയാസപ്പെടുന്നുണ്ട് അല്ലേ മിനി മോളെ. എന്റേയും വേണിയുടെയും കാര്യങ്ങള്‍ എല്ലാം നോക്കി വേണ്ടേ നിനക്ക് ജോലിക്ക് പോകുവാന്‍ . ‘
അത് കേട്ട് അത്ഭുതത്തോടുകൂടി വേണുച്ചേട്ടന്റെ മുഖത്തേക്ക് നോക്കി.
കുറെ നാളുകളായി വേണു ചേട്ടന്റെ മുഖത്ത് കാണാത്ത സ്‌നേഹഭാവം ഇപ്പോള്‍ ആ കണ്ണുകളില്‍ തനിക്ക് കാണാം. ഏതാനും നാളുകള്‍ മുമ്പ് വരെ വേണുച്ചേട്ടന്‍ ഇങ്ങനെയായിരുന്നു. തനിക്ക് എല്ലാ കാര്യങ്ങള്‍ക്കും പിന്തുണ നല്‍കിയിരുന്ന ആള്‍. തന്നോടും മോളോടുംസ്‌നേഹത്തോടെ മാത്രമേ പെരുമാറുകയുള്ളൂ. എന്നാല്‍ അസുഖം മൂര്‍ഛിച്ചപ്പോള്‍ വേണുച്ചേട്ടന്റെ സ്വഭാവവും മാറി.
‘ വേണിമോള്‍ ഉച്ചയോടെ എത്തുകയില്ലേ?. ഡോക്ടര്‍ ആവാന്‍ അവള്‍ നല്ലോണം പരി ശ്രമിക്കുന്നുണ്ടല്ലോ അല്ലേ ?. അവള്‍ പഠിച്ചു ഡോക്ടറായിവന്നു കഴിഞ്ഞാല്‍ നമ്മുടെവിഷമങ്ങളെല്ലാം മാറും….. അതുവരെയേ നീ കഷ്ടപ്പെടേണ്ടതുള്ളൂ ‘
ശരിയാണ് വേണുച്ചേട്ടന്‍ പറഞ്ഞത്. തങ്ങള്‍ രണ്ടുപേരുടെയും സ്വപ്നമാണത്. വേണി മോളെ എങ്ങനെയും പഠിപ്പിച്ച് ഒരു ഡോക്ടര്‍ ആക്കണം.
വെയിലിന്റെ ചൂടും വിയര്‍പ്പും കാരണം ഇത്ര ദൂരംനടന്നെത്തിയതിന്റെ ക്ഷീണംനല്ലതുപോലെ അനുഭവപ്പെടുന്നുണ്ടായിരുന്നു. ഒരു ചായ ഇട്ടു കുടിക്കാം എന്ന് വിചാരിച്ചു അടുക്കളയിലേക്ക് നടന്നു.
വേണി മോള്‍ കോച്ചിങ്ങ് ക്ലാസ് കഴിഞ്ഞ് ഉച്ചയാകുമ്പോഴേക്കുo എത്തും. അതിനുമുമ്പ് അവള്‍ക്കും വേണുവേട്ടനും കഴിക്കാനുള്ളത് പാചകം ചെയ്യണo. തലേന്ന് മുറ്റത്തെവാഴയില്‍ നിന്നും മുറിച്ചുവച്ചിരുന്ന പച്ചക്കായഎടുത്ത് നുറുക്കാന്‍ തുടങ്ങി.
ഒരു മെഴുക്കുപുരട്ടിയും മോരുകറിയും ഉണ്ടാക്കി. ഇതു തന്നെ തങ്ങള്‍ക്കിന്ന് ആര്‍ഭാടമാണ്. ആഹാരവുമായി വേണുവേട്ടന്റെ മുറിയിലേക്ക് നടക്കുമ്പോള്‍ വേണിമോളും എത്തി.
‘അമ്മേ വിശക്കുന്നു ‘എന്ന് പറഞ്ഞുകൊണ്ടാണ് അവള്‍ കയറി വന്നത്.
‘ അടുക്കളയില്‍ ചോറും കറികളും പ്ലേറ്റില്‍ എടുത്തു വച്ചിട്ടുണ്ട്. നീ ചെന്ന് എടുത്തു കഴിച്ചോ. ‘
‘ശരി അമ്മേ…വേറൊരു കാര്യം പറയാനുണ്ട്. എന്റെ കോച്ചിങ്ങ് സെന്ററിലെ ഫീസും , എന്ററന്‍സിനുള്ള ഫീസിലും നല്ല ഇളവുകള്‍ കിട്ടുമത്രെ. പാവപ്പെട്ടവര്‍ക്കുള്ള ആനുകൂല്യം എനിക്കും കിട്ടുമെന്ന്’
മകളുടെ വാക്കുകള്‍ ഉള്ളില്‍ അല്പം സന്തോഷo നിറച്ചുവെങ്കിലും ബാക്കി പണത്തിനായ് എന്തു ചെയ്യുo എന്നാലോചിച്ചു താന്‍ ഇതികര്‍ത്തവ്യതാമൂഢയായിരുന്നു.
വേണുവേട്ടന് കഞ്ഞി കോരിക്കൊടുത്തു കൊണ്ടിരിക്കുമ്പോഴാണ് താന്‍ ചവറെടുക്കാന്‍ പോകുന്ന ഹൗസിംഗ് കോളനിയിലെ ഒരുവില്ലയിലെ ഡോക്ടര്‍ തന്നോട് മകളുടെ പഠനക്കാര്യമൊക്കെ അന്വേഷിച്ച കാര്യം ഓര്‍ത്തത്. അദ്ദേഹം ധാരാളം പാവങ്ങളെ സഹായിക്കുന്ന ആളാണെന്നു കേട്ടിട്ടുണ്ട്.
അദ്ദേഹത്തോട് കുറച്ച് പണം കടം ചോദിച്ചാലോ എന്ന് ആലോചിച്ചു. ഒരു ചിട്ടിയില്‍ ചേര്‍ന്നിട്ടുണ്ട്. ആ പണംകിട്ടുമ്പോള്‍ അദ്ദേഹത്തിന്റെ കടം വീട്ടാം. വേണുവേട്ടനോട് ആലോചിച്ചപ്പോള്‍ അദ്ദേഹവും അതിന് അനുകൂലിച്ചു
പിറ്റേന്നു ചവര്‍ എടുക്കുവാന്‍ ചെന്നപ്പോള്‍ ഡോക്ടറെ കണ്ട് കാര്യം പറഞ്ഞു. മകള്‍ക്ക് ഫീസ് അടയ്ക്കാന്‍ ആണെന്ന് പറഞ്ഞപ്പോള്‍അദ്ദേഹം ഉടനെ ഒരു ചെക്ക് എഴുതിത്തന്നു . അദ്ദേഹത്തിന്റെ കാലില്‍ വീണ് നന്ദി പറയണമെന്ന് തോന്നി. കാലില്‍ വീഴുവാന്‍ തുടങ്ങിയ തന്നെ തടഞ്ഞു കൊണ്ട് അദ്ദേഹം പറഞ്ഞു.
‘ മിനിയുടെ മകള്‍ നല്ലോണം പഠിക്കുന്ന കുട്ടിയല്ലേ . അവള്‍ പഠിച്ച് ഡോക്ടര്‍ ആകട്ടെ . എന്റെ ഹോസ്പിറ്റലില്‍ ഞാന്‍ അവള്‍ക്ക് ജോലി നല്‍കാം. അന്ന് ഈ കടം വീട്ടിയാല്‍ മതി.’
ചെക്കുമായിഅദ്ദേഹം പറഞ്ഞ ബാങ്കില്‍ ചെന്ന് പണം വാങ്ങി. തിരികെ വീട്ടിലെത്തിയപ്പോള്‍ ആഹ്ലാദത്തോടെ വേണുവേട്ടന്റെ അരികില്‍ ഓടിയെത്തി.
‘ വേണുവേട്ടാ പണം കിട്ടി’
സന്തോഷത്തോടെ വേണുവേട്ടന്‍ പറഞ്ഞു
‘ മോളെ വേണി…. ഇനി നീ നല്ലോണം പഠിച്ചോളൂ. നീഡോക്ടര്‍ ആകുന്നത് കണ്ടിട്ടേ ഞാന്‍ കണ്ണടയ്ക്കുകയുള്ളൂ’
നീറ്റ് എന്‍ട്രന്‍സ് പരീക്ഷ എഴുതിയ ശേഷം മടങ്ങിവന്ന മകള്‍ ആഹ്‌ളാദവതിയായിരുന്നു.
‘ അച്ഛാ തീര്‍ച്ചയായും ഞാന്‍ ഈപരീക്ഷ റാങ്കോടെ പാസ്സാകുo’
വേണുവേട്ടനും താനും അതു കേട്ട് മതിമറന്ന് സന്തോഷിച്ചു.
റിസല്‍ട്ട് വന്ന ദിവസം മകള്‍ അടുത്തുള്ള കമ്പ്യൂട്ടര്‍ സെന്ററിലേക്ക് പോയി. അവിടെ വെബ്‌സൈറ്റില്‍ നോക്കാന്‍ ആയിരുന്നു അവള്‍ പോയത് റിസള്‍ട്ട് അറിഞ്ഞ ഉടനെ അവള്‍ ഫോണില്‍ തന്നെ വിളിച്ച് ആ ആഹ്ലാദ വര്‍ത്തമാനം അറിയിച്ചു
അതു പറയുവാനായി താന്‍ വേണുവേട്ടന്റെകിടപ്പു മുറിയിലേക്ക് ഓടിച്ചെന്നു.
‘വേണുവേട്ടാ നമ്മുടെ മോള് എന്ററന്‍സ് പാസ്സായി.’
‘ ങേ….ദൈവം തുണച്ചു…. നീ ഈ സന്തോഷത്തിന് ഒരു പായസം ഉണ്ടാക്കിയേ മിനി. ‘
‘ ശരി വേണുവേട്ടാ’
അടുക്കളയില്‍ ഒരിടത്ത്‌സൂക്ഷിച്ചു വച്ചിരുന്ന ഉണക്കലരിയെടുത്ത് പായസം ഉണ്ടാക്കി വേണുവേട്ടന്റെ അടുത്തെത്തി.
എന്നാല്‍ അദ്ദേഹം കണ്ണടച്ച് ഉറങ്ങുന്നതാണ് കണ്ടത്. അല്പനേരം കുലുക്കി വിളിച്ചിട്ടും ഉണരാതിരിക്കുന്നത് കണ്ടപ്പോള്‍ സംശയം തോന്നി. ആ ശ്വാസം നിലച്ചത് ആയി കണ്ടു.
ഉറക്കെ കരഞ്ഞപ്പോള്‍ അടുത്തുള്ളവര്‍ ഓടിയെത്തി. അല്പം കഴിഞ്ഞ് മകളും വന്ന് ചേര്‍ന്നു. താന്‍ ഒരു ഡോക്ടര്‍ ആയി കാണുവാന്‍ ആഗ്രഹിച്ച അച്ഛനെ അവള്‍ കെട്ടിപ്പുണര്‍ന്നു കരഞ്ഞു.
തങ്ങള്‍വിതച്ച കനവുകള്‍ കൊയ്‌തെടുക്കാന്‍ കഴിഞ്ഞതില്‍ ആ മരവിച്ചചുണ്ടുകളില്‍ അപ്പോഴും ചാരിതാര്‍ത്ഥ്യത്തിന്റെ നിറപുഞ്ചിരി തെളിഞ്ഞു നിന്നിരുന്നു












