LIMA WORLD LIBRARY

ഫാത്തിമ – സേബാജോയ് കാനം (നോവല്‍ – 4) Seba Joy Kanam

ഒരു നിമിഷം ആ കാഴ്ച കണ്ട് ഫത്തും അമ്പരന്നു നിന്നു. അടുത്ത
നിമിഷം അവള്‍ അലറിക്കരഞ്ഞു.
‘ഹൈത്തം… അവളെ വിടൂ….. വിടാനല്ലേ പറഞ്ഞത്. നിന്നെ ഞാന്‍…’
അവള്‍ ഉറക്കെ ആക്രോശിച്ചുകൊണ്ട് അവന്റെ നേരെ ചീറിയടുത്തു.
വാതിലിനു കുറ്റിയിടാന്‍ ശ്രമിക്കുകയായിരുന്ന ഹൈത്തം ഞെട്ടിത്ത രിച്ചു. അവന്റെ പിടി അയഞ്ഞു. ആ സമയം കൊണ്ട് മേരി അവന്റെ പിടിയില്‍ നിന്ന് കുതറിമാറി വാതിലിനു വെളിയില്‍ ചാടി. പുറകെ ഫത്തുമും ഓടിച്ചെന്നു. ഹൈത്തം ദേഷ്യം കൊണ്ട് വിറച്ചു. അവന്‍ ഊക്കോടെ കതകു വലിച്ചടച്ചു.
വലിയ അലര്‍ച്ചയും ശബ്ദവും കേട്ട് ബാബയും സല്‍മയും ഓടിയെ ത്തി.
‘എന്താ…എന്താ… മേരീ?’ബാബ ചോദിച്ചു.
‘ഹൈത്തം… ഹൈത്തം…’ നടന്ന സംഭവങ്ങള്‍ വിക്കി വിക്കി അവള്‍
പറഞ്ഞൊപ്പിച്ചു.
‘ഉം..’ അമര്‍ത്തിയ ഒരു മൂളലോടെ ബാബാ മേരിയെ രൂക്ഷമായി നോക്കി. ഒന്നും വിശ്വസിക്കാനാവാതെ സല്‍മ മിഴിച്ചു നിന്നു.
ഫത്തുമിന്റെ കൈത്തലം പിടിച്ചമര്‍ത്തി മേരി തേങ്ങി. ‘എന്നെ രക്ഷി ക്കണം’ എനിക്കിവിടെ ജോലി വേണ്ടാ…’
‘എന്താ… നീയീ പറയുന്നേ?’ ഫത്തും അത്ഭുതത്തോടെ മേരിയെ നോക്കി.
‘ഫത്തും, എനിക്ക് നാട്ടില്‍ പോകണം. എല്ലാവരെയും കാണണം.’
‘അവിടെച്ചെന്നാല്‍ ഇത്രയും ശമ്പളം നിനക്കു കിട്ടുമോ?’
‘എനിക്കിവിടെ കിടന്നു മരിക്കണ്ട’.

‘ഇനിം ഹൈത്തം എന്നെ ഉപദ്രവിക്കും.’ അവള്‍ മിഴി തുടച്ചു. ‘ഫത്തും, മാമയോടു പറയണം. എന്നെ ഉപേക്ഷിക്കരുത്.’

‘ശരി… നീ റൂമില്‍ പൊയ്‌ക്കോളൂ.’

‘ഞാന്‍ പറയാം.

‘വല്ലാത്ത തലവേദന. ഞാന്‍ ഒന്നു കിടക്കട്ടെ.’ മേരി മുകളിലേക്കു പോയി, മുറിയില്‍ കയറി കതകു കുറ്റിയിട്ടു.

അന്ന് മേരി ജോലികളെം ചെയ്തില്ല. മേരിയുടെ ജോലികള്‍ കൂടി ഫത്തുമിന് ചെയ്യേണ്ടതായി വന്നു. ഇടയ്ക്ക് ഫത്തും പോയി കതകില്‍ മുട്ടി. കരഞ്ഞു കലങ്ങിയ കണ്ണുകളുമായി മേരി വാതില്‍ തുറന്നു.
‘ഭക്ഷണം കഴിക്കൂ…’
‘എനിക്കു വേണ്ട ഫത്തും’
‘പറ്റില്ല.’

ഫത്തും കുബും ഇറച്ചിക്കറിയും ജ്യൂസും ടേബിളില്‍ വെച്ചിട്ട് പറഞ്ഞു.

‘പട്ടിണി കിടന്നു മരിക്കുമോ നീ. മേരീ, മര്യാദയ്ക്കു എടുത്ത് കഴിച്ചോളൂ’.

വൈകുന്നേരം ഫത്തും സല്‍മയോടു പറഞ്ഞു: ‘മാമാ, മേരി ഒരേ കരച്ചിലാണ്. ഇന്ന് ജോലിക്കൊന്നും വന്നില്ല.’
‘ഞാന്‍ പോയി വിളിക്കാം.’ സല്‍മ പറഞ്ഞു.
അവള്‍ക്കു നാട്ടില്‍പ്പോകണം എന്നാണ് പറയുന്നത്. മാമ ബാബ യോടൊന്നു പറയണം.
‘ശരി…’ സല്‍മ അകത്തേക്കു നടന്നു.
പത്രം വായിച്ചുകൊണ്ടിരുന്ന ബാബ വിവരം കേട്ട് ചാടിയെഴുന്നേറ്റു.
അയാളുടെ ശബ്ദം വല്ലാതെ ഉയര്‍ന്നു-
‘ഇല്ല, കോണ്‍ട്രാക്ട് കഴിയാതെ വിടാന്‍ സാധിക്കില്ല. ഇനി ഇക്കാര്യം സംസാരിച്ചു പോകരുത്.’ അയാള്‍ പത്രം അലക്ഷ്യമായി ദൂരേക്ക് വലി ച്ചെറിഞ്ഞു മുറിയിലേക്കു നടന്നു.
അന്ന് ഹൈത്തമിനെ അഭിമുഖീകരിക്കുവാന്‍ ബാബയും മാമയും ഒരുങ്ങിയില്ല. എന്തായാലും രാത്രിയില്‍ അവനെ ശല്യപ്പെടുത്തേണ്ടെന്ന് അവര്‍ കരുതി.

ഒന്നും സംഭവിക്കാത്തതു പോലെ പുലരി ചിരിച്ചുകൊണ്ടുണര്‍ന്നു. കിളികളും പൂക്കളും കിന്നാരം പറഞ്ഞു കണ്ണില്‍ കണ്ണില്‍ നോക്കി.

അതിരാവിലെ തന്നെ ഫത്തും ഉണന്നു ജോലികള്‍ ചെയ്യുവാന്‍ തുടങ്ങി. മേരിയുടെ അനക്കമൊന്നും കാണാത്തതിനാല്‍ അവള്‍ ആകു ലതയോടെ അങ്ങോട്ടുമിങ്ങോട്ടും ഓടിപ്പാഞ്ഞു നടന്നു.

അല്പം ഒഴിവു കിട്ടിയപ്പോള്‍ അവള്‍ മേരിയുടെ മുറിയിലേക്കു ചായ യുമായി ചെന്നു. അടച്ചിട്ടിരുന്ന വാതിലില്‍ അവള്‍ മുട്ടി വിളിച്ചു.

‘മേരീ, കതകൊന്നു തുറന്നേ…’

മേരി കതകു തുറന്നു…. അവള്‍ പറഞ്ഞു: ‘വല്ലാത്തൊരു ശരീര വേദ ന. പനിക്കുന്നതുപോലെ…’

ഫത്തും അവളുടെ നെറ്റിയില്‍ തൊട്ടു നോക്കി.

‘ചൂടുണ്ട്. നീ ഈ ചായ കുടിച്ചേ. ഞാന്‍ മരുന്നു കൊണ്ടുത്തരാം’

അന്നും മേരി ഒരു ജോലിയും ചെയ്തില്ല. അവള്‍ മൂടിപ്പുതച്ചു കിട ന്നു. ഫത്തും അവളെ നിര്‍ബന്ധിപ്പിച്ചു ഉച്ചയ്ക്ക് അല്പം ചോറും മീന്‍ കറിയും കഴിപ്പിച്ചു.
ഹൈത്തമിനോടു ബാബ ഒന്നും ചോദിച്ചില്ല. മാമയും ഒന്നും അറി ഞ്ഞതായി ഭാവിച്ചില്ല. ഭക്ഷണം കൊടുക്കുവാനും മറ്റും ഹൈത്ത ത്തിന്റെ മുറിയില്‍ അന്ന് പോയത് മാമയും റുക്കയ്യയും ലൈലയുമാണ്.

തനിക്ക് ഫിലിപ്പൈന്‍സിലേക്ക് മടങ്ങിപ്പകാന്‍ സാധിക്കില്ലെന്നറിഞ്ഞ് ഫത്തുമിനെ കെട്ടിപ്പിടിച്ച് മേരി ഏങ്ങലടിച്ചു. ഫത്തുമിന് ഒരു ആശ്വാസ വാക്കുപോലും പറയുവാന്‍ സാധിച്ചില്ല. അവളുടെ കണ്ണില്‍ നിന്നും കണ്ണുനീര്‍ ധാരധാരയായി ഒഴുകി മേരിയുടെ ചുമലില്‍ പതിച്ചു.

അന്ന് രാത്രി ഫത്തുമിനും ഉറങ്ങാനായില്ല. ഫത്തും നാട്ടിലുള്ള തന്റെ ഉമ്മച്ചിയെയും അനിയത്തിയെയും ഓര്‍ത്തു കിടന്നു. വീട്ടില്‍ അനുജത്തിയും ഉമ്മച്ചിയും തനിച്ചേയുള്ളൂ എന്നകാര്യം എപ്പോഴും അവളുടെ മനസ്സിനെ മഥിച്ചിരുന്നു. പുരനിറഞ്ഞു നില്‍ക്കുന്ന പെണ്ണിനെ അന്തസ്സുള്ള ഒരു പുരുഷന്റെ കയ്യില്‍ ഏല്‍പ്പിച്ചു കഴിഞ്ഞാല്‍ സമാധാ നമായി.

പിന്നെ തന്റെ കാര്യം… അതോര്‍ത്തപ്പോള്‍ മുഖം രക്തഛവിയാര്‍ന്നു. ചുണ്ടില്‍ ചെറു ചിരി പടര്‍ന്നു. നാസര്‍…. അവളുടെ എല്ലാമെല്ലാമാണ്. ഫത്തുമിന്റെ വീടിനടുത്തു തന്നെയാണ് നാസറും ഉമ്മയും താമസിക്കു ന്നത്. സുബൈദയുടെ ഒരേയൊരു മകനാണ് നാസര്‍. വിവേകശാലി യായ നല്ലൊരു ചെറുപ്പക്കാരന്‍. ജംഗ്ഷനില്‍ ഒരു പലചരക്കുകട നട ത്തുന്നു. എല്ലാവരോടും സ്‌നേഹത്തോടും സൗമ്യതയോടുകൂടെയും പെരുമാറുന്ന ദൃഢഗാത്രനായ ആ ചെറുപ്പക്കാരനെ നാട്ടുകാര്‍ക്കെല്ലാം വലിയ ഇഷ്ടവുമാണ്.

ഫത്തുമും നാസറും തമ്മില്‍ പ്രണയബദ്ധരായിട്ട് ഏതാണ്ട് മൂന്നു വര്‍ഷത്തിലേറെയായി. അവള്‍ കടയില്‍ ചെല്ലുമ്പോഴൊക്കെ ഫത്തുമി നെ അവന്‍ ശ്രദ്ധിച്ചിരുന്നു. അവളുടെ സൗമ്യമായ പെരുമാറ്റവും ചിരി യും അവനെ ഹഠാദാകര്‍ഷിച്ചു. നാസറിന് പലേ കല്യാണാലോചനക ളും വന്നുകൊണ്ടിരുന്ന സമയം.

നിസ്സംഗനായി നിന്ന അവന്റെ നേരെ സുബൈദ കയര്‍ത്തു.

‘എന്താ നിയ്യ് സന്യസിക്കാന്‍ പോകുന്നോ?’

‘അല്ലുമ്മ… എനിക്കുടനെ കല്യാണം വേണ്ടെന്നല്ലേ പറഞ്ഞുള്ളൂ.’

‘മൂക്കില്‍ പല്ലു കിളുത്തിട്ടു മതിയെന്നാണോ?’- അവര്‍ ഉച്ചത്തില്‍ പറഞ്ഞു.

‘എനിക്കു മേലാണ്ടായി. ഒരു പെണ്‍കുട്ടിയെ താലോലിക്കാനും വല്യുമ്മ ആകാനും എനിക്കും കൊതിയുണ്ടേ….. അതെത്രയും പെട്ടെ ന്നായാല്‍ നല്ലത്.’

നാസര്‍, ഫത്തുമിന്റെ കാര്യം ഉമ്മയോടു പറഞ്ഞു. അവര്‍ കാതുകൂര്‍ പ്പിച്ചിരുന്നു.

‘ഫത്തുമിന് ഒരേ ഒരു വാശി. അവളുടെ അനുജത്തിയെ കെട്ടിച്ചയ ച്ചാല്‍ മാത്രമേ അവള്‍ നിക്കാഹിനൊരുങ്ങൂ എന്നാണവള്‍ പറയുന്നത്.

‘അതിനൊക്കെ ഒരുപാട് പണം വേണ്ടേ?’

‘ഉമ്മാ, ഫത്തുമിന് സൗദിയിലേയ്‌ക്കൊരു വിസാ റെഡിയായിട്ടുണ്ട്. അവള്‍ മൂന്നു നാലു മാസത്തിനകം പോകും.’

‘എല്ലാം പടച്ചവന്‍ നടത്തട്ടെ. നിന്റെ ഇഷ്ടത്തിന് ഞാനെതിരില്ല.’

അവര്‍ ദീര്‍ഘനിശ്വാസത്തോടെ പിന്‍തിരിഞ്ഞു.

പിറ്റേന്ന് ഫത്തുമിന്റെ വീട്ടില്‍ നിന്നും ചായ കുടിച്ച ശേഷം നാസര്‍ ഫത്തുമിന്റെ ഉമ്മയോടു പറഞ്ഞു.

‘ഉമ്മച്ചീ… എനിക്കു ഫത്തുമിനെ ബീവിയാക്കി തരണം. ആലോചി ക്കാന്‍ വരാനോ വിവരം പറയാനോ എനിക്ക് ഉമ്മയല്ലാതെ മറ്റാരുമില്ല.’

‘മോന്റെ ഉമ്മാക്ക് വിരോധമില്ലെങ്കില്‍ എനിക്ക് സമ്മതക്കുറവൊന്നു മില്ല. ഫത്തുമിനോടൊന്നു ചോദിച്ചിട്ട് ഞാന്‍ പറയാം. മോന്‍ നാളെ വരൂ.’

പിറ്റേന്ന് നാലുമണിക്കു ശേഷം സുബൈദയും നാസറും ഒരു അകന്ന ബന്ധവും കൂടി ഫത്തുമിന്റെ വീട്ടിലെത്തി. സുബൈദ ഒരു വളയും കയ്യില്‍ കരുതിയിരുന്നു. അവര്‍ക്ക് ഫത്തുമിനെ ഒരുപാടിഷ്ട മായി. വളയിട്ടശേഷം അവര്‍ പറഞ്ഞു:
‘നീ ഉടനെ അങ്ങു പോരൂ…’

ഫത്തും നാണിച്ചു തലകുനിച്ചു. എല്ലാം ഓര്‍മ്മയിലൂളിയിട്ടു നടന്നു. അവള്‍ കിടക്കുവാനൊരുങ്ങുമ്പോള്‍ ഫോണ്‍ ചിലച്ചു.

‘നാസറിക്ക’ അവള്‍ ആത്മഗതം ചെയ്തു. ചുണ്ടില്‍ തത്തിക്കളിച്ച
പുഞ്ചിരിയുമായി അവള്‍ ഫോണ്‍ കയ്യിലെടുത്തു.

‘ഇക്കായെക്കുറിച്ച് ഞാനിപ്പോള്‍ വിചാരിച്ചതേയുള്ളൂ’, അവള്‍ നേരി യ നാണത്തോടെ പറഞ്ഞു.

‘എന്താ വിചാരിച്ചേ…?’

‘അതു ഞാന്‍ പറയൂല…’

‘നിനക്ക് സുഖമാണോ ഫത്തും?’

‘എന്തു സുഖം ഇക്കാ.’ നേരം പുലര്‍ന്നാല്‍ രാത്രി വരെ ജോലിപ്പാടു കള്‍. ഒരുപാടു ചായ സല്‍ക്കാരങ്ങള്‍. ഓരോ മണിക്കൂറിലും അതിഥി കള്‍ക്ക് കാവയും ചായയും പഴവര്‍ഗങ്ങളും എത്തിച്ചു വരുമ്പോള്‍ത്ത ന്നെ ഒരു പരുവമാകും. അവള്‍ ഒരു ദീര്‍ഘവിശ്വാസത്തോടെ പറഞ്ഞു. ആകെയുള്ള ആശ്വാസം സല്‍മ മാമാ മാത്രമാണ്. പൊന്നുംകുടത്ത് മാമയാണവര്‍. ഫത്തും തുടര്‍ന്നുകൊണ്ടേയിരുന്നു.

അവള്‍ അങ്ങനെയാണ്. വലിയ സംസാരപ്രിയയാണ്. പ്രത്യേകിച്ച് നാസറിനോടു സംസാരിക്കുമ്പോള്‍ അവര്‍ക്ക് ബെല്ലും ബ്രേക്കും ഒന്നുമില്ല.

അവളുടെ സംസാരം കേള്‍ക്കാന്‍ നാസറിന് വല്ലാത്തൊരിഷ്ടമാണ്. ചെവി കൂര്‍പ്പിച്ച് അവന്‍ എല്ലാം കേട്ടിരിക്കും.

‘ഇക്കാ, ഇന്നലെ ഒരു ഭയങ്കര സംഭവമുണ്ടായി.

‘പറയൂ.’

ഫത്തും കഴിഞ്ഞദിവസം നടന്ന കാര്യങ്ങളെല്ലാം അവനെ പറഞ്ഞു
കേള്‍പ്പിച്ചു. ചെറിയ ഒരു തേങ്ങലോടെ അവള്‍ മൗനം പാലിച്ചു.

നാസര്‍ അല്പം ഉറക്കെത്തന്നെ ചോദിച്ചു.

‘എന്നിട്ട് നീ എന്താ ഇതുവരെ പറയാത്തത്?’
‘അത്… ഇക്ക… ദേഷ്യപ്പെടും എന്നെനിക്കറിയാം.’

നാസര്‍ ഒന്നും മിണ്ടാതെ നിന്നു.

‘ഇക്കാക്ക് ദേഷ്യമാണോ?’

‘അതെ…’ അല്പം ചൊടിച്ചു കൊണ്ടയാള്‍ പറഞ്ഞു.

‘എന്റെ വാക്കിന് നീ പുല്ലുവില കല്‍പ്പിക്കുന്നില്ല.’

‘എന്റിക്കാ…. ഇല്ലാത്തതൊന്നും പറയാതെ’

ഫത്തും കരച്ചിലിന്റെ വക്കോളമെത്തി.

‘എന്താ ഇങ്ങനൊക്കെ പറയുന്നത്?’

‘ഞാനെത്രതവണ പറഞ്ഞു നിന്നോട് തിരികെ വരാന്‍.’

‘ഇപ്പോള്‍ ഞാന്‍ വന്നിട്ട് ഒരു വര്‍ഷം കഴിഞ്ഞതേയുള്ളൂ അടുത്ത വിസ പുതുക്കും മുന്‍പ് ഞാന്‍ വീട്ടിലെത്തും ഇക്കാ…’ അവള്‍ തുടര്‍ന്നു.

‘സീനത്തിന്റെ കല്യാണം ഒന്ന് കഴിഞ്ഞിരുന്നെങ്കില്‍..’
അവള്‍ നെടുവീര്‍പ്പിട്ടു.

‘വിഷമിക്കാതെ ഞാന്‍ ഇല്ലേ ഇവിടെ?’

‘ധൈര്യമായിരിക്കൂ. അതൊക്കെ നടക്കും.’

അവര്‍ പിണങ്ങിയും ഇണങ്ങിയും കുറേസമയം സംസാരിച്ചിരുന്നു. പിന്നീട് എപ്പോഴോ സംസാരം നിര്‍ത്തി സമാശ്വസിപ്പിച്ചു. അവള്‍ ഉറങ്ങു വാന്‍ കിടന്നു.

അന്നും രാവിലെ ഫത്തുമിനു പിടിപ്പതു ജോലി ഉണ്ടായിരുന്നു. അടുക്കളയിലെത്തി അവള്‍ പതിവുപോലെ പ്രഭാത ഭക്ഷണവും ചായയും ഡൈനിങ് ടേബിളില്‍ ഒരുക്കി വെച്ചു. ഈ സമയമത്രയും മേരി താഴേക്കിറങ്ങി വന്നതേയില്ല.

ഫത്തും ഒരു ട്രേയില്‍ ചായയും തനിക്ക് വേണ്ടി ഉണ്ടാക്കിയ പുട്ടും കടലക്കറിയും എടുത്തുകൊണ്ട് മുകള്‍ നിലയിലേക്കുള്ള സ്റ്റെപ്പുകള്‍ കയറി. മിക്കവാറും ദിവസങ്ങളില്‍ ഫത്തും ഇഷ്ടമുള്ളത് ഉണ്ടാക്കി കഴിക്കാറുണ്ട്. മാമാ എപ്പോഴും പറയും. ‘നിനക്ക് ഇഷ്ടമുള്ളത് ഉണ്ടാക്കി കഴിച്ചോളൂ, സാധനങ്ങള്‍ തീരുമ്പോള്‍ ലിസ്റ്റ് തന്നാല്‍ മതി.’
മേരിയുടെ മുറിയില്‍ കയറിയ ഫത്തും അമ്പരന്നുപോയി. അവള്‍ ഉറക്കെ വിളിച്ചു.
‘മേരി…’
ഫത്തും കിതച്ചുകൊണ്ട് താഴെക്കോടി…

(തുടരും)

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px