LIMA WORLD LIBRARY

പ്രാണദ്യൂതം .. ചെറുകഥാ സമാഹാരം- ജോജിത വിനീഷ്

ജോജിതയുടെ, ജനുവരി 2020ൽ പുറത്തിറങ്ങിയ ആദ്യ ചെറുകഥാ സമാഹാരമായ ദേജാവുവിനു ശേഷം രണ്ടാമത്തെ കൃതിയായ പ്രാണദ്യൂതം എന്ന പുസ്തകത്തിൻ്റ് പ്രകാശനം ഓൺലൈനിൽ ഏപ്രിൽ 25ന് നൂറ് സൗഹൃദയർ ചേർന്ന് ഒരേ സമയം നിർവഹിച്ചു .മലയാള സാഹിത്യത്തിലെ പ്രശസ്തർ പങ്കെടുത്തിരുന്ന ഈ ചടങ്ങ് നിങ്ങൾ മുഖപുസ്തകത്തിലൂടെ  കണ്ടിരിക്കുമല്ലൊ ..
സത്യവും മിഥ്യയും തമ്മിലുള്ള ചൂതുകളി .പ്രാണൻ പണയം വച്ചു കൊണ്ടുള്ള ഒരു ചൂതുകളി .അതാണ് പ്രാണദ്യൂതം! ദേ ജാവു എന്ന ആദ്യ കൃതിയിൽ നിന്നും വളരെ വ്യത്യസ്തമാണ് ഇതിലെ കഥകൾ .സൈക്കോളജിക്കൽ, ക്രൈം സ്‌റ്റോറികളിൽ നിന്നും വ്യതിചലിച്ചു കൊണ്ട് ഹൃദയബന്ധങ്ങളുടെയും, അനുഭവസാക്ഷ്യങ്ങളുടെയും നേരറിവുകൾ പകർത്തുവാൻ ശ്രമിച്ചിട്ടുണ്ടെന്ന് കഥാകാരി സമ്മതിക്കുന്നുണ്ട് ..
കഥാരചനയിൽ തൻ്റേതായ ഒരു ശൈലിക്കുടമയാണ് ജോജിത .ഇതുവരെ അനുവർത്തിച്ചു പോന്നിരുന്ന ചട്ടക്കൂടുകളെ ഭേദിച്ചു കൊണ്ട് വിലക്കപ്പെട്ട മേഖലകളിൽ കഥാബീജത്തെ കണ്ടെത്തി അത് വായനക്കാരുടെ മുന്നിലേക്ക് കുടഞ്ഞിടുവാൻ ധൈര്യമാർജിച്ച യുവ എഴുത്തുകാരി .ഇവരുടെ സമീപനങ്ങൾ സ്ത്രീ ശാക്തീകരണത്തിൻ്റെ മറ്റൊരു മുഖമാണെന്നു പറയാം. ഇത്തരമൊരു ചുവടുവയ്പ്പ് തീർച്ചയായും സാഹിത്യത്തിന് വലിയൊരു മുതൽക്കൂട്ടാണ് ..
പ്രശസ്ത എഴുത്തുകാരൻ ശ്രീ. സഖറിയയാണ് ഈ കൃതിയുടെ അവതാരിക എഴുതിയിരിക്കുന്നത് .ശ്രീ.ഡോ. പള്ളിപ്പുറം മുരളി കഥകളെക്കുറിച്ച് ചെറിയൊരു ആസ്വാദനം നടത്തിയിട്ടുണ്ട് .പതിനാലു കഥകളിൽ എല്ലാം ഒന്നിനൊന്നു മെച്ചം .അവയിൽ ആറാം വിരൽ ഒരു അഘോര ദർശനം, പ്രാണദ്യൂതം, അമേയ വേഴ്സസ് അമേയ കൊറോണ .com , ഉയിർ പേച്ച്, നിംഫോ, വെള്ളാട്ടം , ഒയോ എന്നിവ എടുത്തു പറയേണ്ടിയിരിക്കുന്നു .തളപ്പ്, പൂച്ചക്കുഞ്ഞുങ്ങളുടെ വീട്, കെ.എം.എൽ.എഫ്.ഒരു ചിന്തോദ്ധാരണി, ആമത്തല, ഭാഗ്യദേവത ,ഞണ്ടുകൾ പറഞ്ഞ കഥ എന്നീ കഥകളും ശ്രദ്ധേയങ്ങളാണ് ..
ദാമ്പത്യത്തിലെ പൊരുത്തക്കേട്, ലൈംഗികാസക്തി, പശ്ചാത്താപം, അനാചാരം, മാനസിക വിഭ്രാന്തി, പകപോക്കൽ, ഇന്നു നമ്മളെ ഭീതിയുടെ മുൾമുനയിൽ നിർത്തുന്ന മഹാമാരി, മന:ശാസ്ത്രം, സഹജീവി സ്നേഹം  എന്നിങ്ങനെ പലതും കഥാകാരി കഥക്കു വിഷയങ്ങളാക്കിയിട്ടുണ്ട് .വളരെ ലളിതമായ ശൈലിയാണ് കഥയെഴുത്തിൽ കൊണ്ടുവന്നിരിക്കുന്നത് .അതുകൊണ്ടു തന്നെ വായനക്കാർക്ക് രണ്ടാമതൊന്നു വായിക്കേണ്ടതായ ആവശ്യം വരുന്നില്ല .എനിക്ക് വളരെ ഇഷ്ടപ്പെട്ടു .
ഒറ്റയിരുപ്പിൽ വായിച്ചു പോകാവുന്ന, തൊണ്ണൂറ്റാറ് പേജുകൾ മാത്രമുള്ള ഈ കൃതി പബ്ളിഷ് ചെയ്തിരിക്കുന്നത് ലിപി പബ്ളിക്കേഷൻസ് കോഴിക്കോടാണ്. കമനീയമായ കവർ ചിത്രം ഒരുക്കിയിരിക്കുന്നത് ശ്രീ.രാജേഷ് ചാലോടാണ് .വില 130 രൂപ മാത്രം .തീർച്ചയായും ഈ കൃതി നിങ്ങളുടെ പുസ്തക ശേഖരത്തിന് ഒരു മുതൽക്കൂട്ടായിരിക്കുമെന്ന് ഉറപ്പു പറയുന്നു .പ്രിയ സൗഹൃദങ്ങൾ ദേജാവുവിനെപ്പോല പ്രാണദ്യൂതത്തേയും മനസിലേക്കേറ്റെടുക്കുമെന്ന് ഞാൻ  വിശ്വസിക്കുന്നു .ഇനിയുമിനിയും എഴുത്തിൻ്റെ ഉയരങ്ങൾ താണ്ടുവാൻ പ്രിയ കഥാകാരിക്ക് കഴിയട്ടെയെന്ന് ആശംസിക്കുന്നു .അഭിനന്ദനങ്ങൾ …

✍️ജയലക്ഷ്മി രമേഷ്

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px