“അറിഞ്ഞോ ബീവാത്തൂ ? നമ്മുടെ സുമിത്ര കഥയെഴുതി “. വേലിക്കരുകിൽ നിന്ന് ആടിന് തീറ്റകൊടുത്തുകൊണ്ടിരുന്ന ബീവാത്തു അന്തംവിട്ടുപോയി. “കതയോ? എന്ത് കത? “അറിഞ്ഞൂടാ… സുമിത്ര കഥയെഴുതിയെന്ന് തെക്കേലെ ലീലാമ്മയാ പറഞ്ഞത്. “മാധവി അറിഞ്ഞത് വെളിപ്പെടുത്തി. “നീ വാ… ഞമ്മക്ക് ലീലാമ്മയോട് ചോതിക്കാം “. മോളേ.. പാത്തൂ… നീ.. യീ ആടിനെ നോക്കിക്കോണം അഴിഞ്ഞോണ്ട് പോയാ പിടിച്ചാ കിട്ടൂല “. ബീവാത്തു വീട്ടിനകത്തേയ്ക്ക് നോക്കി പാത്തൂന് നിർദ്ദേശം കൊടുത്ത് മുൻപേ നടന്നു…
ലീലാമ്മയുടെ വീട്ടിൽ ഒരു “കുടുംബശ്രീക്ക് “ഉള്ള ആളുകൾ കൂടിനിൽക്കുന്നു. “അയ്യോ.. ന്റെ.. റബ്ബേ.. എന്താ ഇബിടെ? ലീലാമ്മയ്ക്ക്.. ന്താ.. ഏനക്കേട് പറ്റീത്? പറഞ്ഞതും ബീവാത്തൂ നെഞ്ചത്തടിച്ചതും ഒരുമിച്ചു കഴിഞ്ഞു. “എന്റെ ഇത്താത്താ ലീലാമ്മയ്ക്കൊന്നും പറ്റീല. നിങ്ങള് സമാധാനപ്പെടിൻ “കൂട്ടത്തിൽ നിന്ന് കാർത്തി ബീവാത്തൂവിനെ സമാധാനിപ്പിച്ചു. “പിന്നെന്താ.. എല്ലാരും കൂടി?. മാധവി തന്റെ സംശയം മറച്ചുവെച്ചില്ല. “അതോ.. നമ്മടെ രാമുണ്ണിവൈദ്യരെ മോള് സുമിത്ര കഥ എഴുതീന്ന് “. മറിയാമ്മ ചാടിക്കേറി പറഞ്ഞു. “ഓ.. അതാണോ കാര്യം. ഞാങ്കരുതി ലീലാമ്മയ്ക്കെന്തോ പറ്റീന്ന്. എന്നിട്ട് ലീലാമ്മയെവിടെ? ” “ലീലാമ്മ വിഷമിച്ചിരിക്കുവാ”…. ലില്ലിക്കുട്ടിയും വായ്തുറന്നു. … “ലീലാമ്മേടെ മോള് ചെട്ടിയാര് പയ്യന്റെ കൂടെ ഒളിച്ചോടീതും ലീലാമ്മയും കെട്ട്യോനുംകൂടി രായ്ക്ക് രാമാനം പോയ് വിളിച്ചോണ്ട് വന്നതും സുമിത്രയ്ക്കറിയാം. അവളും ഇവളും ഒരുമിച്ചല്ലേ പള്ളിക്കൂടത്തിൽ പോണതും വരണതും. ഇനി ആ കഥയെങ്ങാനും ആണോ സുമിത്ര എഴുതിയതെന്ന് ലീലാമ്മയ്ക്ക് പേടി. കാര്യം ഇങ്ങനെയൊക്കെ ആണേലും അവളിപ്പോ കെട്ടും കഴിഞ്ഞ്, ഒരു കൊച്ചും ആയി കെട്ട്യോന്റെ കൂടെ പൊറുക്കുവല്ലേ? എന്തേലും ചെറുക്കൻ കൂട്ടരറിഞാൻ പെണ്ണിന്റെ ഭാവി പോയില്ലേ?” “അത് ശരിയാ “മാധവി താടിക്ക് കൈയ്യും കൊടുത്തിരുന്നു. “ഇനീപ്പോ…എന്നാ ചെയ്യാ… ലില്ലിക്കുട്ടി എല്ലാമുഖങ്ങളിലും മാറിമാറി നോക്കി. “ഞമ്മക്ക് കോയാക്കയോട് പറഞ്ഞാലോ? രാമുണ്ണി വൈദ്യരെ കണ്ട് ഓള് എയിതിയ കത എന്താന്ന് ചോദിക്കാൻ “. ബീവാത്തൂ തന്റെ ബുദ്ധി പ്രയോഗിച്ചു. “അതു ശരിയാ… ഇതിപ്പോ..കോയാക്ക ഇപ്പം എവിടെ ഉണ്ടാവാനാ? “മാധവിയ്ക്ക് സംശയമായി. “ഈ സമയത്ത് കോയാക്ക അലിയാര് കുഞ്ഞിന്റെ കടേല് ഉണ്ടാവാനാ സാധ്യത”. ലീലാമ്മ പുറത്തേയ്ക്ക് വന്ന് എന്തോ വലിയ കാര്യം പറയുന്നതുപോലെ മാധവിയെ പിൻതാങ്ങി. “അല്ല ലീലാമ്മേ… സുമിത്ര കത എഴുതീന്ന കാര്യം നീയല്ലേ ആദ്യം അറിഞ്ഞത്? “. “അതോ… നമ്മടെ, രമണി വേലുകണിയാരെ കണ്ട് മടങ്ങുന്ന വഴി എന്റെടുത്ത് പറഞ്ഞതാ… കത എഴുതിയാ വലിയ ആളാവാന്നും അതിനൊരു പേരും പറഞ്ഞു. പക്ഷെ ഞാനത് മറന്നു “. “എന്തര് കുന്തമായാലും മേണ്ടില… നിങ്ങള് പോയി കോയാക്കാനോട് പറയീ..” ബീവാത്തൂ ധൃതിവെച്ചു.ലീലാമ്മയുടെ ഇളയമോൻ സുഗുണൻ ഹസൻകോയയെ വിളിക്കാനോടി.. ലീലാമ്മയുടെ വീടിന്റെ മുറ്റത്തും വരാന്തയിലും അറിഞ്ഞും കേട്ടും കൂടുതൽപേർ വന്നുകൊണ്ടിരുന്നു.
“സുകുണൻ ചെക്കൻ പറഞ്ഞപ്പഴാ ഞമ്മള്… അറിഞ്ഞത് നേരാണോ…ലീലാമ്മേ.? “. സുഗുണൻ മുൻപിലും ഹസൻകോയ പിന്നിലുമായി ഓടിക്കിതച്ചെത്തി. “അതെ.. കോയാക്കാ… രമണി എന്റെട്ത്ത് പറഞ്ഞതാ…. ഞാനപ്പോ ഇത്രേം നിരീച്ചില്ല…”. ലീലാമ്മ ആവലാതിപ്പെട്ടു. “ഞമ്മക്ക് രാവുണ്ണി വൈദ്യരെ കുടീല്ബരെ ഒന്ന് പോയാലോ.. ബരീൻ… “. ഹസൻ കോയ തലയിൽകെട്ട് അഴിച്ചൊന്നു കുടഞ്ഞു. കൈയ്യിൽ പിടിച്ചുകൊണ്ട് രാവുണ്ണി വൈദ്യരുടെ വീട് ലക്ഷ്യമാക്കി വേഗത്തിൽ നടന്നു. പുറകെ ലീലാമ്മയും, ബീവാത്തൂവും, മറിയാമ്മയും, മാധവിയും, ലില്ലിക്കുട്ടിയും എന്നുവേണ്ട ഒരു പറ്റം ഹസൻ കോയയുടെ പിന്നാലെ വെച്ചുപിടിച്ചു.
“വൈദ്യരേ…..” നീട്ടിയുള്ള വിളി കേട്ട് സരസമ്മ പുറത്തേയ്ക്കിറങ്ങിയതും മുറ്റം നിറയെ ആളുകളെ കണ്ട് പകച്ചു. “അയ്യോ.. എന്താ കാർത്തി… മാധവീ.. എന്താ എല്ലാരുംകൂടി? “. സരസമ്മയുടെ വെപ്രാളം കണ്ട് പുലിപോലെ വന്ന ഹസൻകോയ മിണ്ടാട്ടം മുട്ടിയതുപോലെ നിന്നു. “സരസൂ…. നിങ്ങള് വൈദ്യരെ വിളിക്കീൻ”.ബീവാത്തു പറഞ്ഞൊപ്പിച്ചു. “അതിന്.. സുമിത്രേടച്ചൻ രണ്ടീസമായി മലപ്പുറത്തമ്മാവന്റെ വീട്ടീപോയിരിക്കേണ്…. മൂപ്പീന്നിന് ദിനം. കൂടുതലാന്നും പറഞ്ഞ് ആള് വന്നിരിന്ന്”..സരസമ്മയുടെ മറുപടി കേട്ടതും വന്നവരൊക്കെ നിരാശപ്പെട്ടു. കൂട്ടത്തിൽ ലില്ലിക്കുട്ടി ചാടിക്കേറി പറഞ്ഞു..”എങ്കി.. സുമിത്രയിവിടില്ലേ? “. അപ്പോഴാണ് എല്ലാവർക്കും അങ്ങനെയൊരു ബുദ്ധി ഉദിച്ചത്. “…. സുമിത്രേ വിളിക്ക്….”. “മോളേ…. സുമിത്രേ… “. സരസമ്മ ഉച്ചത്തിൽ വിളിച്ചു. എവിടെ നിന്നോ സുമിത്ര പ്രത്യക്ഷപ്പെട്ടു. സുമിത്രയെ കണ്ടതും എല്ലാ മുഖങ്ങളും അവളിലേയ്ക്കായി. ആർക്കും മിണ്ടാട്ടമില്ല. “എന്താ കോയ മാമാ… മാധവിയമ്മേ.. എല്ലാരും കൂടി എവിടെ പോകുവാ? “. പൊതുവെ സമാധാനപ്രിയയായ സുമിത്ര എല്ലാവരോടുമെന്നപോലെ ചോദിച്ചു. വെള്ളം വറ്റിയ തൊണ്ട നനച്ചുകൊണ്ട് ഹസൻകോയ ഒന്നു മിടയിറക്കി.. ” മോളേ… സുമിത്രേ.. നീ കത എയുതീന്ന് കേട്ട്… അതിനാ ഞമ്മള് എല്ലാരും വന്നത് “. തന്റെ അഭിപ്രായം ശരി വെയ്ക്കുന്ന രീതിയിൽ ഹസൻകോയ തിരിഞ്ഞ് ഒപ്പമുള്ളവരെ ഒന്നു നോക്കി ഉറപ്പിച്ചുകൊണ്ടു പറഞ്ഞു.. “അതാണോ കാര്യം ” സുമിത്ര പുഞ്ചിരിച്ചു. “കോയ മാമാ… ഞാൻ കഥ എഴുതിയത് നേരാ.. എല്ലാരും കേറി ഇരുന്നാൽ കഥ പറയാം “. കേൾക്കേണ്ട താമസം വീടിന്റെ ഉമ്മറത്തും, നിലത്തും, കസേരകളിലും കട്ടിളപ്പടിയിലും വൈദ്യരുടെ ചാരുകസേരയിലുമായി വന്നവർ ആസനസ്ഥരായി. സുമിത്ര പുരയ്ക്കകത്തേയ്ക്ക് കയറിപോയതും ഹസൻ കോയ തലപുകഞ്ഞാലോചിച്ചു. “എന്തായിരിക്കും സുമിത്രേന്റെ കത? മുമ്പെങ്ങാണ്ട് ഞമ്മള് പാത്തൂന്റെ പെരേല് പാത്തിരിക്കാൻ ചെന്ന കതയാകുമോ? ഏയ്.. അതാവൂല. അതൊക്കെ എപ്പയേ അളീള് മറന്നിരിക്കണ്. ഇപ്പോ പുതിയ കത എന്താ നാട്ടില്? ലില്ലിക്കുട്ടീന്റെ കെട്ട്യോൻ തോമാച്ചൻ മൊതലാളീന്റെ തെങ്ങേന്ന് തേങ്ങ മോട്ടിച്ചത് ആയിരിക്ക്വോ? ലില്ലിക്കുട്ടിയും മോശമല്ല. സുമതീന്റെ പറമ്പീന്ന് വായക്കൊല മോട്ടിച്ചത് കയ്യോടെ പിടിച്ചതല്ലേ? “. ചിന്ത അത്രയുമെത്തിയപ്പോഴേയ്ക്കും സുമിത്ര കൈയിൽ കുറെ പേപ്പറുകളുമായി പുറത്തേയ്ക്ക് വന്നു.
സുമിത്രയ്ക്കിരിക്കാൻ സുഗുണൻ തന്റെ കസേര ഒഴിഞ്ഞുകൊടുത്തുകൊണ്ട് നിലത്തേയ്ക്കിരുന്നു. എല്ലാവരും ആകാംക്ഷയോടെ, സുമിത്ര കത പറയുന്നത് കേൾക്കാൻ കാതുകൾ കൂർപ്പിച്ചു. “കഥ ഇപ്പോ.. ആരാ വായിക്കുക.? “സുമിത്ര എല്ലാവരോടുമായി ചോദിച്ചു. പരസ്പരം നോക്കിയതല്ലാതെ ആരുമൊന്നും മിണ്ടിയില്ല. “സുഗുണൻ വായിക്കട്ടെ. ഓൻ രണ്ടാം ക്ലാസ് വരെ പടിച്ചോനല്ലേ? “ബീവാത്തു നിർദ്ദേശിച്ചു. ഹസൻ കോയ കഥ വാങ്ങി സുഗുണന് കൊടുത്തു. മുഴുവൻ തേങ്ങ കിട്ടിയ കുരങ്ങിനെപ്പോലെ സുഗുണൻ കഥ തിരിച്ചും മറിച്ചും നോക്കി. “വായിക്ക് സുഗുണാ “..ലീലാമ്മ പ്രോത്സാഹിപ്പിച്ചു. “എനിച്ച് പറ്റൂല…” പൊതുവെ വർത്തമാനത്തിൽ കൊഞ്ഞയുള്ള സുഗുണൻ നിസ്സഹായതയോടെ പറഞ്ഞു. “എന്റീശ്വരാ… വെറുതേയായല്ലോ ഞാനീ ചെക്കനെ രണ്ടാംക്ലാസുവരെ പടിപ്പിച്ചത്. ” ലീലാമ്മ നെഞ്ചത്തടിയ്ക്കാൻ കൈയ്യോങ്ങി. “മിണ്ടാണ്ടി രി… ലീലാമ്മ ചേച്ചി. കഥ സുമിത്ര വായിച്ചാലും മതീല്ലോ.” കാർത്തി ലീലാമ്മയുടെ നെഞ്ചത്തടിക്കാനോങ്ങിയ കൈ തടഞ്ഞുകൊണ്ട് പറഞ്ഞു. “ശരിയാ “.. അതുവരെ മിണ്ടാതിരുന്ന സരസമ്മ സുഗുണന്റെ കൈയ്യിൽ നിന്ന് കഥ വാങ്ങി സുമിത്രയെ ഏല്പിച്ചു. നെഞ്ചിടിപ്പോടെ എല്ലാവരും കഥ കേൾക്കാൻ കണ്ണും കാതും തുറന്നുപിടിച്ചു.
സുമിത്ര കഥ വായിക്കാൻ തുടങ്ങി.
” ആ മഹാനഗരത്തിൽ എവിടെയാണ് എഡിസനെ അന്വോഷിക്കുക…? എങ്ങും വൈദ്യുതി വിളക്കുകളാൽ അലങ്കരിച്ച വർണ്ണകാഴ്ചകൾ… പക്ഷെ ഒന്നും ആസ്വദിക്കാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല “ഡോറ”.തന്റെ എല്ലാമെല്ലാമായ എഡിസനെ കാണാതായിരിക്കുന്നു. റൂഫിയോയും, എമിലിയും ഇപ്പോൾ കാത്തിരിക്കുകയാവും. ലൂയിസസ് തന്നെയാവും കുറ്റപ്പെടുത്തുക. ഈ പട്ടണത്തിൽ തനിയ്ക്ക് ആരാണ് സഹായത്തിനെത്തുക? അവളുടെ ചിന്തകൾ കടിഞ്ഞാണില്ലാതെ പാഞ്ഞുകൊണ്ടിരുന്നു…… പെട്ടെന്ന് അവളുടെ മനസ്സിൽ ഒരു മുഖം തെളിഞ്ഞുവന്നു. “സെന്തിൽ മൽഹോത്ര” “അതെ… സെന്തിലിന് ഒരു പക്ഷെ തന്നെ സഹായിക്കാനാവും. പക്ഷെ അയാളുടെ താമസസ്ഥലം തനിക്കറിയില്ലല്ലോ…….. ”
സുമിത്ര വായന തുടർന്നുകൊണ്ടിരുന്നു. “മോളെ സുമിത്രേ… ഞമ്മള് ആടിന് കാടി കൊടുത്തീല…. പാത്തു ആടിനെ പിടിച്ചു കെട്ടീട്ടുണ്ടാവോ…. ഇല്ലേല് വയറ്റുകണ്ണിയാടാ… ചീനിത്തണ്ട് തിന്നാ പിന്നെ മയ്യത്താവും “…..ബീവാത്തു പതുക്കെ എണീറ്റു. ഒപ്പം മാധവിയും കാർത്തിയും ലില്ലിക്കുട്ടിയും പുറത്തേയ്‌ക്കിറങ്ങി. ഹസൻ കോയ കോട്ടുവായിട്ടു. സുഗുണൻ ഇടത് കൈകൊണ്ട് തലമാന്തിക്കൊണ്ടിരുന്നത് നിർത്തി. “അപ്പോ…കഥ കേൾക്കണ്ടെ നിങ്ങൾക്ക്? ” സുമിത്ര വായന നിർത്തിക്കൊണ്ട് ചോദിച്ചു. “അതിപ്പോ നമ്മക്ക് മനസിലാവാത്ത കതയാണ് മോള് എയുതീയതെന്ന് ബിജാരിച്ചില്ല. ഞമ്മള് കരുതി എല്ലാരിക്കും മനസിലാവണ കതയായിരിക്കൂന്ന്. ” “അയ്യോ… എന്റെ കോയാ മാമാ ഇതാണ് കഥ. കോളേജിൽ ഈ കഥയ്ക്കാ എനിക്ക് ഫസ്റ്റ് കിട്ടിയത്. ” ” ഇങ്ങനെ മനസിലാവാത്ത ഫാശേല് എഴുതുന്നതാ കത? “.ബീവാത്തു അത്ഭുതപ്പെട്ടു. “വലിയ വലിയ ആളുകള് ഇങ്ങനെയാ കഥ എഴുതുന്നത്. ഇതിന് ഒരു പേരും പറയും എന്താ മോളെ….. ആ പേര്? “. സരസമ്മ സുമിത്രയെ നോക്കി. “സാഹിത്യം” സുമിത്ര മറുപടിയും കൊടുത്തു. “ബരീൻ…. പൂവ്വാ… കത ഇനീം കേക്കാലോ “… ബീവാത്തു മുൻപേ നടന്നു. “മോള് വലിയ “സാകിത്യം”എഴുതണം. വലിയ ആളാവുമ്പം നമ്മളെ എല്ലാരേം ഓർക്കണം. ” ലീലാമ്മ സുമിത്രയുടെ തലയിൽ തടവി അനുഗ്രഹിച്ചു. കൂട്ടം തെറ്റിയ കുഞ്ഞാടുകളെപ്പോലെ പലരും പലവഴിയ്ക്ക് പിരിഞ്ഞു. ബീവാത്തു മുന്നിലുംഹസ്സൻകോയയും മാധവിയുംപിന്നിലും നടന്നു തുടങ്ങി. “എന്നാലും.. ന്റെ.. ബീവാത്തൂ.. സുമിത്രേന്റെ “സാകിത്യം”ഞമ്മക്ക് മനസിലായില്ല. സുകുണൻ ചെക്കൻ വന്നില്ലായിരുന്നെങ്കി.. ഞമ്മളിപ്പോ അലിയാര് കുഞ്ഞിന്റെ കടേല് കുത്തിയിരുന്നേനെ… നൂറു ബീഡി തെറുത്താ കായീം കിട്ടും.” ഹസൻ കോയ മുണ്ട് മടക്കിക്കുത്തി ആഞ്ഞ് നടന്നു. “സെരിയാ… കോയാക്കാ… ഞമ്മക്ക് പിടിച്ചാ പുടിക്കിട്ടണതല്ല…. ത്… ഇമ്മിണി വല്ല്യ സാ”കി”ത്യം. പടിപ്പുള്ള സാറമ്മാരക്ക് പറ്റണ പണിയാ…. നീ ബാ…. മാതവീ…. ആടിനെ കറന്ന് ചായേന്റെ ബെള്ളം കുടിച്ചിട്ട് പൂവ്വാം… ” വീടിന്നരികിലെ വേലക്കരികിലെത്തിയപ്പോൾ ബീവാത്തു ക്ഷണിച്ചു. “അതിന് വയറ്റുകണ്ണി ആടല്ലേ ബീവാത്തൂ? കറവ വറ്റീലേ? “. “ന്നാലും…. കിട്ടും…. എടങ്ങയിപ്പാല് “…… ബീവാത്തൂവിന്റെ പാൽചായ കുടിക്കാൻ മാധവിയും പുറകെ കൂടി. ” ങ്ങളും… ബരീൻ കോയാക്കാ…. ചായ കുടിച്ചോണ്ട് പൂവ്വാം…” കേട്ടപാതി കേൾക്കാത്തപാതി കോയയും ചാടി ബീവാത്തുവിന്റെ വേലി.
ബീവാത്തു വിളിച്ചാൽ പോകാതിരിക്കാൻ പറ്റ്വോ ഹസൻ കോയയ്ക്ക്?…
സന്ധ്യാ ജയേഷ് പുളിമാത്ത്











