ഓഫീസ് സംബന്ധമായ ആവശ്യങ്ങള്‍ക്കു വേണ്ടി രാഘവന്‍ മാസ്റ്ററുടെ വീട്ടില്‍ മുന്‍പൊക്കെ പലതവണ പോയിട്ടുള്ളതാണ്. എന്നാല്‍ ഇപ്പോഴത്തെ യാത്ര തികച്ചും വ്യക്തിപരമായിരുന്നു .
പട്ടണത്തില്‍നിന്നും ഒന്നുരണ്ടു കിലോമീറ്റര്‍ വടക്കോട്ട് ഉള്ളിലോട്ടു പോകണം രാഘവന്‍മാസ്റ്ററുടെ വീട്ടിലേയ്ക്ക്.
പണ്ടുവന്നതിനുശേഷം ഒരുപാടുമാററം വന്നിട്ടുണ്ടെങ്കിലും വഴി വളരെമോശംതന്നെയായിരുന്നു. മെറ്റല്‍വിരിച്ച പാതയായിരുന്നുവെങ്കിലും കുണ്ടുംകുഴിയും രൂപപ്പെട്ടുകിടന്നിരുന്നു. അതു കൊണ്ടൊക്കെത്തന്നെയാകണം ഒരു ഓട്ടോറിക്ഷകാരെയും വിളിച്ചിട്ട് വരാതിരുന്നത്. ഭാഗ്യത്തിന് ഒടുവില്‍ഒരു ലാംബ്രട്ട വണ്ടിക്കാരന്‍ വരാമെന്ന് സമ്മതം മൂളി.
‘’ വഴി മോശമാണ് സാറേ…പൈസയിത്തിരി ജാസ്തി തരണം…’’
അയാള്‍ വണ്ടി മുന്നോട്ടെടുക്കുമ്പോള്‍ തന്നെ പറഞ്ഞു.
ആകാശം മൂടി കെട്ടിയിരുന്നു. പെട്ടെന്ന് ഇരുട്ട് കടന്നുവരുന്ന തുലാമാസ കാലം .മഴയ്ക്കുള്ള ചെറിയൊരു സാദ്ധ്യതയുമുണ്ട്. രാഘവന്‍ മാസ്റ്ററെ കണ്ട് കാര്യം പറഞ്ഞ് വേഗം മടങ്ങണം .
രാഘവന്‍ മാസ്റ്ററുടെ വീട്ടുപടിക്കലെത്തി ഓട്ടോ പറഞ്ഞുവിട്ട് നേരെ മുറ്റത്തേയ്ക്ക് പ്രവേശിച്ചു. കോളിംഗ്ബെല്ലടിച്ചു കാത്തുനില്‍ക്കെ അകത്തുനിന്നും വേലക്കാരന്‍ പയ്യന്‍ വന്നു വാതില്‍ തുറന്നു
‘’ങ്ങാ…സാറോ…’’
‘’ രാഘവന്‍ മാസ്റ്ററില്ലേ…’’
‘’ഇല്ല..പുറത്തുപോയിരിക്കയാണ്.. വരാറായിട്ടുണ്ട്.’
സാറിരിക്ക് …
ഞാന്‍ സിറ്റൌട്ടില്‍ കിടന്നിരുന്ന കസേരയിലിരുന്നു.
‘’ മാസ്റ്റര്‍ എവിടെപോയതാണ് ..’’
മാഷുടെ മക്കളൊക്കെ വന്നിരുന്നു എല്ലാരും കൂടി രാവിലെ പോയതാ വൈകീട്ട് എത്തുംന്ന് പറഞ്ഞിരുന്നു…’’
ഞാന്‍ ടീപ്പോയില്‍ കിടന്നിരുന്ന പത്രമെടുത്ത് വെറുതെ മറച്ചു നോക്കിയിരുന്നു.
സാറിന് ചായയെടുക്കട്ടെ ….
ചായകഴിച്ചതാണ് …..മാഷിപ്പോ വരുമല്ലോ ല്ലേ ….
‘’വരും….സാറിരിയ്ക്ക്…എനിക് ക് അപ്പുറത്ത് കുറച്ചു പണിയുണ്ട്.അതൊന്നു തീര്‍ക്കണം …. ’’ അവന്‍ അതു പറഞ്ഞ് അപ്പുറത്തേയ്ക്ക് പോയി.
മാഷുവരുന്നതും കാത്ത്
ഞാനവിടെ കുറച്ചധികം സമയം ഇരുന്നു . നേരം സന്ധ്യയാകാന്‍ തുടങ്ങിയിരിക്കുന്നു . തുലാമാസമായതുകൊണ്ട് അന്തരീക്ഷത്തില്‍ ഇരുട്ടു പരക്കാനും തുടങ്ങി.
മാഷാണെങ്കില്‍ എത്തിയതുമില്ല.
ഇനിയും മാഷേ കാത്തിരുന്നാല്‍ വീടെത്താന്‍ വൈകുമെന്നോര്‍ത്തപ്പോള്‍ വേലക്കാരന്‍ പയ്യനോട് പിന്നെ വരാമെന്നു പറഞ്ഞ് തിരിച്ചു പോരാന്‍ നിശ്ചയിച്ച് ഞാനിറങ്ങി.ഒരു ഇടികുലുങ്ങി .
റോഡിലെത്തി ഞാന്‍ അല്പനേരം നിന്നു. നേരിയതായി മഴ ചാറാന്‍ തുടങ്ങിയിരിക്കുന്നു.
ആ വഴി ഒരു ഓട്ടോറിക്ഷ പോലും വരില്ലെന്നറിയാമായിരുന്നിട്ടും ഞാന്‍ കാത്തുനിന്നു. മനസ്സ് അങ്ങിനെയാണ്. വരില്ലെന്നറിയാമായിരുന്നിട്ടും ഒരുപക്ഷെ വന്നെങ്കിലോയെന്നുള്ള ചിന്ത.
നേര്‍ത്തചാറലില്‍ തുടങ്ങിയ മഴയ്ക്കു കനംവയ്ക്കാന്‍ തുടങ്ങിയതും അവിടെയങ്ങിനെ നിന്നതുകൊണ്ട് പ്രയോജനമില്ലെന്നറിഞ്ഞ് ആരെയോക്കെയോ മനസ്സില്‍ പിരാകി കൊണ്ട് മെയിന്‍ റോഡിലെത്താന്‍ ഞാന്‍ തിടുക്കത്തില്‍ നടന്നു.
വഴി കുറച്ചു പിന്നിട്ടപ്പോഴേയ്ക്കും മഴയ്ക്കു ശക്തിപ്രാപിച്ചു. വഴിവിളക്കുകള്‍ അങ്ങിങ്ങ് നേര്‍ത്ത പ്രകാശത്തില്‍ കണ്ണുംചിമ്മി നില്‍ക്കുന്നുണ്ടായിരുന്നു. മെറ്റല്‍വിരിച്ച പാതയിലെ കുണ്ടിലുംകുഴിയിലും കയറിയിറങ്ങി എന്‍റെ കാലുകള്‍ വേദനിച്ചു.
അപ്പോഴും മഴ പെയ്തുകൊണ്ടെയിരിക്കുകയാണ് അതില്‍ ഞാനാകെ നനഞ്ഞുകുതിര്‍ന്നു. പെട്ടെന്നാണ് വഴിവിളക്കുകള്‍ കെട്ടത് . രാത്രി അധികമായിട്ടില്ലെങ്കിലും അവിടമാകെ കനത്ത ഇരുട്ടു വ്യാപിച്ചു കിടന്നിരുന്നു . റോഡില്‍ അന്ധനെപോലെയാണ് തപ്പിത്തടഞ്ഞു നടന്നത് . എവിടെയെങ്കിലും ഒന്നു കയറിനില്‍ക്കാന്‍ ഒരിടം കിട്ടിയെങ്കിലെന്നു ഞാനാഗ്രഹിച്ചു.
പൊടുന്നനെ ഒരു ടോര്‍ച്ചിന്‍റെ വെളിച്ചം എന്‍റെ കണ്ണിലടിച്ചു. എതിരെനിന്നും ടോര്‍ച്ചും മിന്നിച്ച് വരുന്നു ഒരാള്‍ . അയാളെന്‍റെ തൊട്ടടുത്തെത്തിയതും മഴ നനഞ്ഞു പോകുന്ന എന്നെ ടോര്‍ച്ചിന്‍റെ വെളിച്ചത്തില്‍ കണ്ടതാവാം, അയാളെന്നോടു ചോദിച്ചു.
‘’എന്തൊരു മഴ…എന്തിനിങ്ങനെ മഴ നനയുന്നു…എവിടെയെങ്കിലും ഒന്നു കയറി നില്‍ക്കരുതോ?’
‘’എവിടെ…….’’ ഞാന്‍ ചോദിച്ചൂ.
വരൂ …ഇനി അധികം നനയേണ്ട
അയാള്‍ കുട എന്നോടടുപ്പിച്ചു.
‘’മഴമുഴുവനും കൊണ്ടുവല്ലേ ..’’ അയാള്‍ എന്‍റെ ദേഹത്തെയ്ക്ക് ടോര്‍ച്ചു മിന്നിച്ചു.
എന്തു ചെയ്യാം ….എനിക്കു വേഗം മെയിന്‍ റോഡിലെത്തണം.
‘’മഴ കുറയുന്ന ലക്ഷണമില്ല.. വിരോധമില്ലെങ്കില്‍ എന്‍റെ കൂടെവരൂ..ദാ..ആ കാണുന്നതാണ് എന്‍റെ വീട്..മഴ തെല്ലു കുറഞ്ഞിട്ടുപോകാം..’’
അയാളുടെ സ്നേഹവും പെരുമാറ്റവും കണ്ട് ഇങ്ങിനെയുള്ളവരും ഉണ്ടല്ലോയെന്നു ഞാനോര്‍ത്തു.
പ്രായം ഒരു അമ്പത്തിയഞ്ച് വയസ്സു തോന്നിച്ചിരുന്നു അയാള്‍ക്ക് .അയാളുടെ സ്നേഹപൂര്‍വ്വമായ ക്ഷണം സ്വീകരിച്ച് അയാളോടൊപ്പം കുടയില്‍ , തെല്ലുമാറി ചെറിയൊരു വെളിച്ചം കാണുന്ന ദിക്കിലേയ്ക്ക് ഞാന്‍ നടന്നു
‘’എവിടെയാണ് വീട്..’’ അയാള്‍ ചോദിച്ചു
ഞാന്‍ സ്ഥലപേര് പറഞ്ഞു.
എപ്പോഴും ബസ്സുണ്ട് …മഴമാറടട്ടെ ….
എവിടെപോയതാണ്
രാഘവന്‍ മാഷെ അറിയുമോ…..അവിടെ വരെ പോയതാണ് …
”സാഹിത്യകാരനായ രാഘവന്‍ മാസ്റ്ററെല്ലേ
അതേ …
അദ്ദേഹത്തെ അറിയാത്തവരാരെങ്കിലുമുണ്ടോ ഈ നാട്ടില്‍ …
ആട്ടെ പോയ കാര്യം നടന്നോ
ഇല്ല ….നേരമിരുട്ടിയതും ..ഞാനിങ്ങുപോന്നൂ..”
നന്നായി ….അതുകൊണ്ടല്ലേ നമുക്കു തമ്മില്‍ കാണാന്‍ കഴിഞ്ഞത് ….അയാള്‍ വല്ലാതൊന്നു ചിരിച്ചു…..
ഒരു വെളിച്ചം അടുത്തുകണ്ടു. അയാള്‍ പറഞ്ഞു.
ദാ നമ്മളെത്തി ..
ഇതാണ് എന്‍റെ വീട്..ഇവിടെ ഞാനും ഭാര്യയും മാത്രമേ താമസമുള്ളു..’’
‘’കുട്ടികളോ …..’’
അയാള്‍ നിശബ്ദനായി.അത് ചോദിക്കേണ്ടെന്നു പിന്നീട് എനിക്ക് തോന്നി.അതയാളെ വിഷമിപ്പിച്ചിരിക്കാം . കാരണം അവര്‍ക്ക് അതിനുള്ള ഭാഗ്യമുണ്ടായിരുന്നില്ല.
മുറ്റത്തെത്തിയതും ഉറക്കെതന്നെഅയാള്‍ ഭാര്യയെ വിളിച്ചു.
വാതില്‍ തുറന്നു കൊണ്ട് അയാളുടെ ഭാര്യ പുറത്തുവന്നു. കൂടെ ഒരാളെ കണ്ടതും അവര്‍ വാതിലിന്‍റെ മറപറ്റിനിന്നു.
‘’നമുക്കിന്നു ഒരതിഥിയുണ്ട്..’’ അയാള്‍ അവരോട് പറഞ്ഞു’’
നീ പോയി വേഗം രണ്ടു കാപ്പിയിട്..തണുക്കുന്നു.’’
അയാളുടെ ഭാര്യ അതുകേട്ട് അകത്തേയ്ക്ക് പോയി. അയാള്‍ അകത്തുകയറി ഒരു ടര്‍ക്കി ടവലെടുത്ത് എന്‍റെ നേര്‍ക്ക് നീട്ടി.
’’നനഞ്ഞതല്ലേ.. തല തുവര്‍ത്തിക്കോളൂ അതുകഴിഞ്ഞ് നമുക്ക് അകത്തോട്ടിരിയ്ക്കാം..പുറത്തു നല്ല തണുപ്പുണ്ട്.’’
ഞാന്‍ തോര്‍ത്തെടുത്ത് തുടച്ചു മെല്ലെ അകത്തേയ്ക്ക് കയറി .
അയാള്‍ നീക്കിയിട്ട സ്റ്റുളില്‍ ഞാനിരുന്നു.
അല്പം കഴിഞ്ഞപ്പോഴേയ്ക്കും അയാളുടെ ഭാര്യ ചൂടുള്ളകാപ്പിയുമായിവന്നു. തണുപ്പില്‍ ആവിപറക്കുന്ന കാപ്പി ഒരാശ്വാസംതന്നെയായിരുന്നു.
കാപ്പി മൊത്തികുടിച്ച്
അയാള്‍ സംസാരത്തിനു തുടക്കമിട്ടു .
‘’ നിങ്ങടെ നാട്ടിലൊക്കെ ഞാന്‍ വന്നിട്ടുണ്ട്……..കോളേജില്‍ കെമിസ്ടിയായിരുന്നു പഠിപ്പിച്ചിരുന്നത് .എന്‍റെ കുറച്ചു സ്റ്റുഡന്‍സൊക്കെ നിങ്ങളുടെ നാട്ടിലുമുണ്ട്.വീട്ടുകാര്‍ക്ക് എന്നെ ഡോക്ടറാക്കാനായിരുന്നു ആഗ്രഹം എന്നാല്‍ ആയത് ഇങ്ങനെ .”
സംസാരത്തിനിടയില്‍ പ്രൊഫസര്‍ ചിലരുടെ പേരൊക്കെ പറഞ്ഞു. എന്നിട്ട് അവരെയൊക്കെ പരിചയമുണ്ടോയെന്നു ചോദിച്ചു .നാട്ടില്‍ സ്ഥിരതാമസക്കാരനായിരുന്നുവെങ്കി ലും പ്രൊഫസര്‍ പറഞ്ഞപേരുള്ളവരെയൊന്നും എനിക്ക് പരിചയമുണ്ടായിരുന്നില്ല.
കുറച്ചു നേരത്തെ സംസാരംകൊണ്ടും പ്രൊഫസരുടെ പെരുമാറ്റം കൊണ്ടും എനിക്ക് അദ്ദേഹത്തോട് ബഹുമാനവും സ്നേഹവും തോന്നിതുടങ്ങിയിരുന്നു.
മഴയ്ക്കു ശക്തി കുറയാന്‍ തുടങ്ങിയിരൂന്നു . വാച്ചുനോക്കുന്നതുതുകണ്ട് പ്രൊഫസ്സര്‍ ചോദിച്ചു ‘ഇന്നുതന്നെ പോകണമെന്നുണ്ടോ. ഇന്നിവിടെ കൂടണമെങ്കിലും എനിക്ക് വിരോധമൊന്നുമില്ലാട്ടോ …..’
പ്രൊഫസര്‍ക്ക് സംസാരിക്കാനൊരു ആളെ കിട്ടിയ സന്തോഷത്തില്‍ എന്നെയവിടെ പിടിച്ചു നിര്‍ത്താനുള്ള ആഗ്രഹമുണ്ടായിരുന്നുവെന്നു തോന്നി.
വീട്ടില്‍ നേരം വൈകിയെത്തിയാല്‍ നൂറുകൂട്ടം ചോദ്യങ്ങളുമായി പിന്തുടരുന്ന എന്‍റെ ഭാര്യയുടെ മുഖം കടുക്കുന്ന കാര്യമോര്‍ത്തതും സ്നേഹപൂര്‍വ്വം അദ്ദേഹത്തോട് പിന്നെയൊരിക്കലാകട്ടെയെന്നു പറഞ്ഞുഞാനെഴുന്നേറ്റു .
മഴയ്ക്ക് ശക്തി കുറഞ്ഞെങ്കിലും മുഴുവനും തോര്‍ന്നിരുന്നില്ല. അതുകണ്ട് പ്രൊഫസ്സര്‍ പറഞ്ഞു
‘’മഴ ഇനിയും പെയ്തേക്കാം..ഈ കുട കൈയ്യില്‍ വച്ചോളൂ ഇനി വരുമ്പോള്‍ എങ്ങാനും കൊണ്ടുവന്നാല്‍മതി.അങ്ങിനെയെങ് കിലും ഇനി നിങ്ങള്‍ക്കിവിടെ വരാമല്ലോ ” പ്രൊഫസര്‍ ഒരു ചിരിയോടെ കുട എനിക്കു നേരെ നീട്ടി .
അയാളുടെ പെരുമാറ്റത്തില്‍ സന്തുഷ്ടനായി നന്ദിയോടെ കുടവാങ്ങി അടുത്തുതന്നെ വരാമെന്നും പറഞ്ഞ് അവിടെനിന്നുമിറങ്ങി.പ്രൊഫസറുടെ ഭാര്യ മുറ്റത്തുനിന്നിറങ്ങുന്ന വഴിയിലേയ്ക്കു ടോര്‍ച്ച് മിന്നിച്ചുതന്നു.
രാഘവന്‍ മാസ്റ്ററെ കാണാന്‍ പിന്നീട് കുറച്ചു ദിവസങ്ങള്‍ക്കു ശേഷമാണ്
ഞാന്‍ പോയത്. ഇത്തവണ ഓട്ടോറിക്ഷയൊന്നും കാത്തുനില്‍ക്കാതെ ഞാന്‍ നടന്നു. പ്രൊഫസ്സരുടെ വീട്ടിലൊന്നുപോകണം കുട തിരിച്ചേല്പിക്കണം എന്നുള്ളതുകൊണ്ടാണ് നടന്നുപോകാന്‍ തീരുമാനിച്ചത് .
പ്രൊഫസ്സറുടെ വീടെതെന്നറിയാനായി അന്നു രാത്രിയില്‍ തന്നെ ഞാനൊരടയാളം കണ്ടുവച്ചിരുന്നു. പാലത്തിലേക്കിറങ്ങുന്ന വഴിയില്‍ കാണുന്ന രണ്ടാമത്തെ ഓടിട്ട വീടായിരുന്നു അത്.
പ്രൊഫസ്സറുടെ വീട്ടുപടിക്കലെത്തിയതും മുറ്റത്തേയ്ക്കു പ്രവേശിച്ചപ്പോള്‍ വീടു തെറ്റിയോ എന്നെനിക്കു സംശയമായി . കാരണം താമസമില്ലാത്ത ഒരു വീടുപോലെയാണ് അത് കിടന്നിരുന്നത്. വീട്ടുമുറ്റം പുല്ലും ചപ്പുചവറുകളും വന്നു മൂടികിടക്കുന്നു എങ്കിലും വീടിന്‍റെ മുന്‍വശത്തുചെന്ന് നോക്കി.വാതില്‍ അടഞ്ഞുകിടക്കുകയാണ്.
വീട്ടിലാരുമില്ല. പ്രൊഫസ്സറും ഭാര്യയും എവിടെയ്ക്കെങ്കിലും പോയിരിക്കാമെന്നു ഞാന്‍ വിചാരിച്ചു. പ്രൊഫെസറെ പിന്നീടു വന്നു കാണാമെന്ന് കരുതി ഞാന്‍ രാഘവന്‍ മാസ്‌റ്ററുടെ വീട്ടിലേയ്ക്കു നടന്നു.
ഞാന്‍ ചെല്ലുമ്പോള്‍ രാഘവന്‍ മാസ്റ്റര്‍ മുറ്റത്തെ പൂച്ചെടികളോക്കെ സ്ഥാനംമാറ്റി പൂന്തോട്ടം വൃത്തിയാക്കുകയായിരുന്നു . എന്നെകണ്ടതും ‘ങ്ങാ …ഇരിക്ക് ദേ വരണൂ..’’ എന്ന് പറഞ്ഞ് അപ്പുറത്തെയ്ക്കുപോയി കൈയ്യും മുഖവും കഴുകി തിരിച്ചുവന്നു .
‘’അന്നു കുറെ കാത്തിരുന്നുല്ലേ …
‘’ അതു സാരമില്ല മാഷെ …
എന്തായി …തന്‍റെ …കഥാസൃഷ്ടികള്‍ ….
കഥയൊക്കെ ശരിയാക്കി വച്ചിട്ടുണ്ട് … മാഷെ.. അവതാരിക മാഷൊന്ന് എഴുതി തരണം ….
മാഷു ചിരിച്ചു .വേറെയാരെ കൊണ്ടെങ്കിലും എഴുതിയ്ക്കുകയല്ലേ നല്ലത്…
പോരാ മാഷെ …മാഷുതന്നെ എഴുതണമെന്നാണ് എന്‍റെ ഒരാഗ്രഹം …
‘’ശരി ..തന്‍റെ ഒരാഗ്രഹമല്ലേ നടക്കട്ടെ …
’’എന്നേയ്ക്ക് വേണം …രണ്ടാഴ്ചയോളം കഴിഞ്ഞിട്ടു മതിയോ ….
പറ്റുമെങ്കില്‍ ..കുറച്ചു നേരത്തെ കിട്ടിയാല്‍ ….
ശരി ..നോക്കട്ടെ …..
സംസാരം അങ്ങനെ നീണ്ടുപോയി അതിനിടയില്‍ മാഷുടെ ഭാര്യ ചക്കവറുത്തതും കാപ്പിയുമായി വന്നു. മാഷുടെ ഭാര്യ വീട്ടുവിശേഷങ്ങള്‍ തിരക്കി.
ഇയാള്‍ കഥയൊക്കെ പ്രസിദ്ധപ്പെടുത്താന്‍ പോണൂ ..മാഷ് ഭാര്യയോടു ഉത്സാഹത്തോടെ പറഞ്ഞു .
”ഒന്നുമില്ലാതെ ..ഇങ്ങനെ പെട്ടെന്നങ്കട് വരില്ലാന്ന് ഞാനും വിചാരിക്കാതില്ല കുട്ടി .ആദ്യൊക്കെ എടയ്ക്കെടയ്ക്ക് വന്നോര്‍ന്നതല്ലേ …ഇപ്പോ വഴി മറന്നൂ….
”അതിനിപ്പോ ഇയാള്‍ക്ക് തെരക്കായില്ലേ..പിന്നെ കവിതയെഴുത്തും കഥയെഴുത്തും ഒക്കെ കൂടി വല്ല്യ തെരക്ക് .അല്ലേ.. മാഷ് ചിരിച്ചു കൊണ്ടെന്നെ നോക്കി .
അങ്ങനൊന്നുംല്ല്യ …..
മാഷുമായി കുറേനേരം സംസാരിച്ചു. സംസാരത്തിനിടയില്‍ കഴിഞ്ഞതവണ മാഷുടെ വീട്ടില്‍ നിന്നും തിരിച്ചുപോകുമ്പോള്‍ ഒരു പ്രൊഫസറെ പരിചയപ്പെട്ടതും അവരുടെ കുട വാങ്ങിയതും മാഷോട് ഞാന്‍ പറയുകയുണ്ടായി.
അതുകേട്ടതും മാഷുടെ മുഖത്ത് അത്ഭുതവും അമ്പരപ്പുമുണ്ടായി .
‘’പ്രൊഫെസ്സറോ …..’’
‘അതെ മാഷെ ആ പാലത്തിന്‍റെ അടുത്തുള്ള രണ്ടാമത്തെ വീട്ടില്‍ താമസിക്കുന്ന.. മാഷിനെയൊക്കെ നല്ല പരിചയമുണ്ടെന്നാണ് പറഞ്ഞത്.. ഞാനിന്നുപോരുമ്പോള്‍ അതിലേയാണ് വന്നത് .
മാഷ് അത്ഭുതത്തോടെ അതു കേട്ട് എന്നേയും നോക്കിയിരുന്നു . മാഷുടെ അമ്പരന്ന നോട്ടം കണ്ടതും ഞാന്‍ ചോദിച്ചു
എന്താ മാഷേ …’’
‘അപ്പോള്‍ …..തനിക്കും അങ്ങിനെയൊരു അനുഭവമുണ്ടായി..അല്ലേ’’
. ”അനുഭവമോ” എനിക്കൊന്നും മനസ്സിലായില്ല
മാഷ് ഒരത്ഭുത കഥ വിവരിക്കുന്നതുപോലെ പറയാന്‍ തുടങ്ങി
‘ താന്‍ കണ്ട ആ വീടു പൂട്ടി കിടക്കാന്‍ തുടങ്ങിയിട്ട്..എത്ര വര്‍ഷമായീന്നാ വിചാരം. കണ്ടുവെന്നു പറയുന്ന ആ പ്രൊഫസ്സറില്ലേ അദ്ദേഹവും ഭാര്യയും ആ വീട്ടില്‍ തന്നെയാണ് താമസിച്ചിരുന്നത് പക്ഷെ ഇപ്പോള്‍ അവിടെയില്ലാ യെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്
‘ഞാന്‍ അന്നു കണ്ടതാണല്ലോ..’
ഇടയ്ക്കു കയറി പറഞ്ഞതും മാഷ് പറഞ്ഞു
അതാണ് ഞാന്‍ പറയാന്‍ പോകുന്നത്…..
മാഷ് തുടര്‍ന്നു.
‘കുട്ടികളില്ലാതിരുന്ന അവര്‍ റിട്ടയര്‍മെന്‍റിനു ശേഷം മിക്കപ്പോഴും തീര്‍ത്ഥാടനയാത്രകളിലായിരുന്നു .പലപ്പോഴും വീടു പൂട്ടികിടക്കുന്നത് പതിവു കാഴ്ചതന്നെയാണ്
ഒരിക്കല്‍ പ്രൊഫസറും ഭാര്യയും അതായത് മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പാണത് .
ഒരു തീര്‍ഥാടനത്തിനു പോയതായിരുന്നു. പക്ഷെ തീര്‍ഥാടനം പൂര്‍ത്തിയാക്കാന്‍ അവര്‍ക്ക് സാധിച്ചില്ല.’
‘എന്തുപറ്റി’’
ഞാന്‍ ആകാംഷയോടെ ചോദിച്ചു
‘’വഴിമദ്ധ്യേ എതിരെ വന്ന ഒരു വാഹനവുമായി അവര്‍യാത്ര ചെയ്ത വാഹനം ഇടിക്കുകയും സഞ്ചരിച്ച വണ്ടി അഗാധമായ കൊക്കയിലേയ്ക്ക് മറിയുകയും ചെയ്തു .
അയ്യോ …എന്നിട്ടോ …
അന്നു വണ്ടിയിലുണ്ടായിരുന്ന യാത്രക്കാരില്‍ പതിനാലു പേരാണ് മരിച്ചത് .അക്കൂട്ടത്തില്‍ പ്രൊഫസറും ഭാര്യയും പെട്ടിരുന്നു.’’
മാഷുടെ കഥ പറച്ചില്‍ കേട്ടതും ഞാനാകെ തരിച്ചിരുന്നു .
”അപ്പോള്‍ ഞാനന്നു കണ്ടത് ……ആരെയായിരുന്നു.”
എന്‍റെ ശബ്ദത്തില്‍ വിറയലുണ്ടായി .
‘’പലരും പലതവണ ആ പ്രൊഫസറെ ആ പാതവക്കത്ത് കണ്ടിട്ടുണ്ട്..’’
”ങ്ങേ..”
ഞാനതുകൂടി കേട്ടതും നടുങ്ങിവിറച്ചു.
പക്ഷെ ആ മഴയില്‍ ഞാനവരുടെ വീട്ടില്‍ പോയതു തന്നെയല്ലേ . അവരുമായി ഏറെ നേരം സംസാരിച്ചതും കാപ്പി കുടിച്ചതും മടങ്ങാന്‍ നേരംകുട തന്നതുമാണല്ലോ ,
”ദേ നോക്കൂ ….
ഞാനത് ഇന്ന് അവര്‍ക്ക് തിരിച്ചേല്‍പ്പിക്കാന്‍ വേണ്ടി എന്‍റെ ബാഗില്‍ കൊണ്ടുവന്നിട്ടുണ്ട് .” അതും പറഞ്ഞ്
ഞാന്‍ ബാഗു തുറന്നു. എന്നാല്‍ ആ കുട ബാഗില്‍ നിന്നും എപ്പോഴോ അപ്രത്യക്ഷമായി കഴിഞ്ഞിരുന്നു…….











