LIMA WORLD LIBRARY

അടുക്കള യന്ത്രം – പൂന്തോട്ടത്തു വിനയകുമാർ (ഖത്തർ)

അടുക്കള യന്ത്രം

പൂന്തോട്ടത്തു വിനയകുമാർ

വീടിന്റെ വലിയ വരാന്തയിലെ പതുപതുത്ത സോഫയിൽ ചാരിക്കിടന്നു “ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ “- എന്ന സിനിമ ഗോവർധൻ കണ്ടുകൊണ്ടിരിക്കുന്നതിനിടയിൽ ഒരു ശല്യവുമുണ്ടാക്കാതെ ഭാര്യ ഒരിക്കൽ ചൂട് ചായയും,പിന്നെ മറ്റു രണ്ടു തവണ കുടിക്കാൻ വെള്ളമുമായി വന്നു…”

ഭാര്യ സിനിമ ഏതെന്നു പോലും ശ്രദ്ധിക്കാതെ അകത്തേക്ക് വീണ്ടും പോയി .അവിടെ പിടിപ്പതു പണി ഉണ്ടല്ലോ….

ഇടയ്ക്കു കിച്ചണിൽ ഒരു സ്റ്റീൽ പത്രം അറിയാതെ താഴെ വീണു ചെറിയ ശബ്‍ദം കേട്ടപ്പോൾ അയാൾ അസ്വസ്ഥതയോടെ മുരണ്ടു …

“കുറച്ചു പതുക്കെ…”-

പിന്നെയും അയാൾ സോഫയിലേക്ക് ചാരി വിശാലമായി കിടന്നു.

ഭാര്യ അകത്തു കിച്ചണിൽ വൈകിട്ടത്തെ ആഹാരം ഉണ്ടാകുന്ന തിരക്കിലാണ്. കുട്ടികൾ മൂന്നുപേർ അകത്തെ മുറിയിൽ  പഠനത്തിലും. കുട്ടികൾ ഇടയ്ക്കു എന്തൊക്കെയോ അമ്മയോട് അടുക്കളയിലേക്കു

അവൾ ശരിയെന്നും…

സമയം രാത്രി ഒൻപതു കടന്നു,….ഭാര്യ വന്നു പറഞ്ഞു  ..”ഭക്ഷണം റെഡി ആയീട്ടോ”- “കുറച്ചുകൂടി കഴിഞ്ഞോട്ടെ ….””- അയാൾ ടിവി യിൽ നിന്ന് കണ്ണെടുക്കാതെ പറഞ്ഞു.

അവൾ വീണ്ടും തിരക്കിട്ടു കിച്ചണിലേക്കു ഊളിയിട്ടു.

ഇടക്കെപ്പോഴോ കുട്ടികൾ കഴിച്ചു അവരവരുടെ മുറിയിലേക്ക് പോയി…

അപ്രതീക്ഷിത നിമിഷത്തിലെപ്പോഴോ സിനിമ സൃഷ്ട്ടിച്ച ഒരു ചലനം അയാളിൽ,അടുക്കള യന്ത്രമായി പൂർണ്ണമായും രൂപാന്തരം പ്രാപിച്ച – തന്റെ ഭാര്യയെ ഓർക്കുവാനിടവരുത്തി. അവൾ ഇന്ന് കാലത്തേ അഞ്ചു മണിക്ക് എഴുന്നേറ്റതാണ്.അതുകഴിഞ്ഞു ഇത് വരെ അവൾ റസ്റ്റ് എന്താണെന്നു അറിഞ്ഞിട്ടുണ്ടോ….. ?

പ്രഭാത ചായ, പ്രാതൽ, ഉച്ചയൂണ്, നാലുമണിപലഹാരം അത്താഴം …….അടുക്കളയിൽ നിന്നും ഒരിക്കലും മോചനമില്ലാതെ ….അവർ ഒരിക്കലെങ്കിലും വിശ്രമം ആവശ്യപ്പെടാറുമില്ലല്ലോ……ഒരിക്കലും അവസാനമില്ലാത്ത ജീവിതചര്യ   …, കൂടാതെ മറ്റെന്തെല്ലാം ജോലികൾ മുറ്റമടി..തുണിയലക്ക്,പാത്രം കഴുകൽ…താൻ ഇന്ന് എതെങ്കിലും പണി ചെയ്തോ ഇത്രയും സമയം വരെ….അയാളെ കുറ്റബോധം പിടിയമർത്തി…. ഇടക്ക് അവൾ കഴിച്ചോ ,സുഖമുണ്ടോ എന്ന് ആരന്വേഷിക്കുന്നു…അയാൾക്ക്‌ ജീവിതത്തിൽ ആദ്യമായി തന്നോട് തന്നെ പുച്ഛം തോന്നി…വര്ഷങ്ങള്ക്കു മുമ്പേ തന്നെ മാത്രം വിശ്വസിച്ചു പടിയിറങ്ങിയവളെ ഇന്ന് വരെ അവളുടെ അവളുടെ ഇഷ്ട്ടം എന്താണെന്നു ചോദിയ്ക്കാൻ പോലും മിനക്കെടാതിരുന്നതിൽ കടുത്ത വിഷമം ഉള്ളു നീറ്റി.

ശ്ശേ..കഷ്ടമായിപ്പോയി…ഒരു സിനിമ വേണ്ടി വന്നു കണ്ണ് തുറപ്പിക്കുവാൻ.

അയാൾ അടുക്കളയിലേക്കു ചെന്നു…സാരി അൽപ്പം പൊക്കിക്കുത്തി   അവൾ അടുക്കളയിൽ കൂടിക്കിടക്കുന്ന എച്ചിൽ പാത്രങ്ങൾ  കഴുകാനുള്ള തയ്യാറെടുപ്പിലായിരുന്നു.. ഗോവർധനെ  കണ്ടതും അവൾ ചോദിച്ചു…

“എന്താ വെള്ളം വേണമായിരുന്നോ… ഞാൻ കൊണ്ടുവന്നു തരുമായിരുന്നല്ലോ…”-

“അയാൾക്ക്‌ അവളോട് അന്നുവരെയില്ലാത്ത ഒരു സ്‌നേഹവും അനുകമ്പയുമൊക്കെ ഉടലെടുത്തു.. സഹാനുഭൂതിയോടെ ആഴങ്ങളിലേക്ക് ആണ്ടുപോയ അയാൾ നിറഞ്ഞ സ്നേഹവായ്പോടെ ജീവിതത്തിൽ ആദ്യമായി സ്വന്തം ഭാര്യയോട് പതിയെ  പറഞ്ഞു “നീ പോയി വിശ്രമിച്ചോളൂ , ഞാൻ ഈ പാത്രങ്ങൾ കഴുകാം ..””-

അവിശ്വനീയമായ എന്തോ കേട്ടത് പോലെ പൊതുവെ അവളുടെ വിടർന്ന  മുഴുത്ത കണ്ണുകൾ ഒന്നുകൂടി  പുറത്തേക്കുന്തി…

സ്ഥലകാല ബോധം വീണ്ടെടുത്ത് അവൾ പറഞ്ഞു

“കുറച്ചു പാത്രമല്ലേയുള്ളൂ..ഇത് ഞാൻ പെട്ടെന്ന് കഴുകിയേക്കാം…ഭക്ഷണം കഴിച്ചോളൂ….”-

ഭർത്താവിന്റെ തുടർച്ചയായുള്ള നിർബന്ധത്താൽ മനസില്ലാ മനസോടെ അവൾ അകത്തെ മുറിയിലേക്ക് പോയി.അയാൾ മുണ്ടു മടക്കിക്കുത്തി പതിയെ പാത്രങ്ങൾ കഴുകാൻ തുടങ്ങി… കറികളെല്ലാം പാത്രങ്ങളിൽ ഉണങ്ങി പറ്റിപ്പിടിച്ചിരിക്കുന്നു… അഴുക്കുകൾ ഒഴിഞ്ഞു പോകാതിരിക്കാൻ കഠിന വ്രതം നോറ്റപോലെ…..കഴുകുന്ന പാത്രങ്ങളിൽ അവിടവിടെ ഭക്ഷണ അവശിഷ്ട്ടങ്ങൾ….!

വീണ്ടും കഴുകിയിട്ടും…….!!

ഇവൾ ഇതെങ്ങനെ കഴുകി ഒപ്പിക്കുന്നു…

പാത്രം കഴുകുന്ന ജോലി ഏറ്റവും ശ്രദ്ധവേണ്ടതും, കഠിനവുമാണെന്ന സത്യം അയാൾ ആദ്യമായി മനസ്സിലാക്കുകയായിരുന്നു.

ഒരു മണിക്കൂറിനകം അയാൾ പാടെ തളർന്നു കഴിഞ്ഞിരുന്നു ..കൂടാതെ ശരീരമാകെ എച്ചിലുകളുടെ  പ്രളയ മഴയും…കിച്ചണിലെ തറയിൽ വെള്ളവും. ധരിച്ചിരുന്ന വസ്ത്രങ്ങൾ പാത്രം കഴുകുന്നതിനിടയിൽ നനഞ്ഞു കുതിർന്നിരുന്നു..ഒരുതരത്തിൽ പാത്രങ്ങളെല്ലാം കഴുകി കമഴ്ത്തി, കിച്ചൻ വൃത്തിയാക്കിയപ്പോഴെക്കെയും അയാൾ ഭക്ഷണം കഴിക്കാൻ മറന്നു പോയിരുന്നു…ശരീരമാകെ ദുർഗന്ധം പോലെ…..

ശരിക്കു നടക്കാൻ പറ്റുന്നില്ല…നടുവിന് കൊളുത്തിപ്പിടിക്കുന്ന വേദന..

അയാൾ വെറുതെ ഭാര്യയെ കുറിച്ചോർത്തു ..കാലത്തുമുതൽ രാത്രി വളരെ വൈകിവരെ വരെ പണിയെടുക്കുന്ന അവൾക്കു അപ്പോൾ ഇങ്ങനെ വേദനയില്ലെ……? അവൾ എന്ത് മാത്രം വേദനയും വിഷമവും അനുഭവിക്കുന്നുണ്ടാകും …

ഇന്നുവരെ അവളുടെ അടുക്കള ജോലിയുടെ കഷ്ട്ടപ്പാടിനെക്കുറിച്ചു താൻ ഓർത്തിരുന്നില്ലല്ലോ എന്ന് നേരിയ നൊമ്പരത്തോടെ ഓർത്തു.തികച്ചും മോശമായിപ്പോയി എന്ന് അയാൾക്ക്‌ സ്വയം തോന്നി… മനസിലാക്കേണ്ടിയിരുന്നു…!!

വെറും ഒരു മണിക്കൂർ അടുക്കളയിൽ പത്രം കഴുകിയ അയാൾ, യോദ്ധാ  സിനിമയിൽ കാവിലെ ഉത്സവത്തിന് മാമാങ്കത്തിൽ അശോകനോട്  തോറ്റ അപ്പുക്കുട്ടനെപ്പോലെ ഭാര്യ കിടക്കുന്ന മുറിയിലെത്തി…അവൾ ഏതോ മാസിക മറിച്ചു നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. നടുവുളുക്കിയിരിക്കുന്നതുപോലെ…

അയാൾ കിടക്കയുടെ ഓരം ചേർന്ന് പതുക്കെ കിടന്നു…ഇനി ഒരാഴ്ച തന്നെക്കൊണ്ട് ഒരു ജോലിയെടുക്കാനും കഴിയില്ല എന്നയാൾ മനസ്സിലോർത്തു…ശരിക്കു നടക്കാൻ കഴിഞ്ഞാൽ ഭാഗ്യം.

“ലൈറ്റ് അണക്കട്ടെ…”- ഭാര്യ വിളറിയ  ചിരിയോടെ  ചോദിച്ചു…

താൻ സാധാരണ ചോദിക്കുന്ന ചോദ്യം… അവളുടെ മുഖത്തേക്ക് അയാൾ പാളി നോക്കി

അടിച്ചമത്തപ്പെട്ട സ്ത്രീ സമൂഹത്തിന്റെ മുഴുവൻ പരിഭവവും,വിദ്വേഷവും സങ്കടങ്ങളും ആ ചിരിയിലുണ്ടെന്നയാൾക്കു തോന്നി….

ഒന്നും പറയാനാവാതെ ഗോവർധൻ കണ്ണുകളടച്ചു കിടന്നു.

അപ്പോൾ ഭാര്യയുടെ മനസ്സിൽ ഗാഢമായി നിറഞ്ഞുനിന്നിരുന്നത് നാളത്തെ പ്രാതലിനുണ്ടാക്കേണ്ട വിഭവങ്ങളെക്കുറിച്ചുള്ള ചിന്തയായിരുന്നു.

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px