രണ്ടാം ലോകമഹായുദ്ധക്കെടുതിയിൽ നിന്നും റഷ്യൻ ജനത ഉയിർത്തെഴുന്നേൽക്കാൻ തുടങ്ങിയിരിക്കുന്നു. ഓളങ്ങൾ ഇല്ലാതെ തണുത്തുറഞ്ഞു ശാന്തമായൊഴുകുകയാണ് നേവാ നദി. മഞ്ഞിൽ കുളിച്ചു നിന്ന ആ സായന്തനത്തിൽ ലെനിൻ ഗ്രാഡിലെ തെരുവുകളൊന്നിലെ ബിർച്ച് മരത്തടികളാൽ തീർത്തൊരു മനോഹര ഭവനത്തിലേക്ക് നടന്നെത്തുമ്പോൾ തന്റെ ഉള്ളിൽ പെരുമ്പറ കൊട്ടുന്ന വികാരമെന്തെന്ന് വിവേചിച്ചറിയാനയാൾക്കാവുമായിരുന്നില്ല.
*ബാറങ്കിയ്ക്കൊപ്പം നല്ല ചൂട് ബീറ്റ് റൂട്ട് ജൂസു നുണഞ്ഞു കൊണ്ടിരിക്കുകയായിരുന്നു മിഷേൽ. കതകിലാരോ മുട്ടുന്നതു കേൾക്കേ അവളുറക്കെ വിളിച്ചുകൂവി
‘.
“മമ്മാ …പാപ്പ വന്നേ… ”
“ഓ… മിഷേൽ.. ഒന്നു പതുക്കെ ഒച്ചവയ്ക്കൂ.. മരിയ ഉണരും.. ” ഉരുളക്കിഴങ്ങും ഓട്‌സ് ബേക്കണും ഉപ്പിലിട്ട വെള്ളരിക്കയും ഒക്കെയുള്ള മുല്‍ഗിപുതര്‍ അത്താഴത്തിനായി ഒരുക്കുകയായിരുന്ന നതാലിയ വിളിച്ചു പറഞ്ഞു.
മിഷേൽ ഓടിപ്പോയി കതകു തുറന്നു.എന്നാൽ പുറത്തെ ഇരുൾ മറയ്ക്കുള്ളിലെ അവ്യക്തമായ രൂപം കണ്ടിട്ടവൾ “മമ്മാ” ന്നു ഭയന്നു നിലവിളിച്ചു കൊണ്ട് തിരിഞ്ഞോടി.
അവളെക്കണ്ടതും “മിഷേൽ ..
എന്റെ പൊന്നുമോളേ “എന്നൊരു നിലവിളിയോടെ അവളെ വാരിപ്പുണരാനെന്നവണ്ണം കൈകൾ നീട്ടിക്കൊണ്ടയാൾ അകത്തേക്ക് ഓടിക്കയറുമ്പോൾ അവൾ നിന്നിടം ശൂന്വമായിരുന്നു. പിടയ്ക്കുന്ന ഹൃദയത്താൽ ചുറ്റും പരതുമ്പോഴാണ് ചുവരിലെ ഛായാചിത്രം അയാളുടെ കണ്ണിലുടക്കിയത്.തന്റെ എല്ലാമെല്ലാമായ നതാലിയ ഇപ്പോൾ വേറൊരാൾക്ക് സ്വന്തം. നാട്ടുകാർ പറഞ്ഞതൊക്കെയും സത്യമാണെന്ന തിരിച്ചറിവിൽ അയാളൊന്നു പിടഞ്ഞു. താനില്ലെങ്കിൽ മരിക്കുമെന്ന് ശപഥം ചെയ്തവൾ… ഉള്ളിൽ നിന്നുയർന്നൊരു തേങ്ങല മർത്താൻ ശ്രമിക്കവേ അടർന്നുവീണ മിഴിനീർക്കണങ്ങളാൽ അയാളിലെ വിശ്വാസങ്ങൾ പൊള്ളിയടർന്നു. മുറിയക്കുള്ളിലെ ചൂളയിലെ മരക്കരികൾ തിളങ്ങുമ്പോഴും തണുപ്പേറ്റവനെപ്പോൽ അയാൾ വിറയ്ക്കാൻ തുടങ്ങി. പിന്നിലൊരു കാൽപ്പെരുമാറ്റം കേട്ടയാൾ തിരിഞ്ഞു നോക്കി. കൈയിലൊരു കൈക്കുഞ്ഞുമായി നതാലിയ. ജർമ്മൻ പട്ടാളത്തടങ്കലിലെ
ഭീകരതയിലും തനിക്ക് മനോധൈര്യം പകർന്നിരുന്ന മുഖം. തന്റെ സ്വപ്നങ്ങളുടെ കാവൽക്കാരി.
മുറിയിലെ മങ്ങിയ വെളിച്ചത്തിൽ, താടിയും മുടിയും നീട്ടി വളർത്തിയ ആ രൂപത്തെ ഒറ്റനോട്ടത്തിൽത്തന്നെ നതാലിയ തിരിച്ചറിഞ്ഞു. പ്രജ്ഞയിലാരോ ഇരുമ്പു കൂടംവച്ചടിക്കുന്നതു പോലെയും ഹൃദയം പറിഞ്ഞു പോകുന്നതു പോലെയും അവൾക്ക് തോന്നി. മരിച്ചു പോയെന്ന് റഷ്യൻ ഭരണകൂടം തീർപ്പു കല്പിച്ചയാൾ തിരിച്ചു വന്നിരിക്കുന്നു. ദൈവമേ ഇതെന്തത്ഭുതം! അതു വരെ കെട്ടി നിർത്തിയിരുന്ന വിരഹ നൊമ്പരം അണപൊട്ടിയൊഴുകുന്ന തവളറിഞ്ഞു. “എന്റെ ജീവനേ ‘ എന്നൊരു നിലവിളിയോടെ അവളയാൾക്കരികിലേക്ക് കുതിച്ചു.പെട്ടന്നയാൾ പിന്നിലേക്ക് മാറി. “തൊടരുതെന്നെ. വഞ്ചകീ…” പല്ലുകൾ ഞെരിച്ചുകൊണ്ടയാൾ അലറി. മുന്നോട്ടുവച്ച കാലുകൾ പിന്നോട്ടെടുക്കുവാനാകാതെ സ്തബ്ദയായവൾ നിന്നു. ശബ്ദം കേട്ടുണർന്ന കുഞ്ഞിനെ മാറോടടക്കിപ്പിടിക്കുമ്പോൾ തന്റെ സർവ്വനാഡികളും തളരുന്നതവളറിഞ്ഞു. ഭയപ്പാടോടെ തന്നെ വീക്ഷിക്കുന്ന രണ്ടു കുഞ്ഞിക്കണ്ണുകളുടെ അടുത്തേയ്ക്കയാൾ നടന്നടുത്തു. അവളെ ഒന്ന് വാരിപ്പുണരാൻ കൊതിച്ച അയാളുടെ കൈകളെ തട്ടിമാറ്റിയിട്ടവൾ അമ്മയ്ക്ക് പിന്നിലൊളിച്ചു. എല്ലാം നഷ്ടപ്പെട്ടവനെപ്പോലെ അയാളിറങ്ങി നടന്നു.
അയാളെ തിരികെ വിളിക്കാനാവാത്ത നിസ്സഹായതയിൽ നതാലിയ വെന്തുനീറി. അയാളുടെ പുറകെ തന്റെ ജീവനേയും അഴിച്ചുവിട്ടൊരുന്മാദിനിയെപ്പോലവൾ നിന്നു.
പതിവില്ലാതെ തുറന്നു കിടക്കുന്ന വാതിൽ കണ്ട് കുസ്നെറ്റോവിന് അത്ഭുതമായി. കോട്ടിൽ പറ്റിപ്പിടിച്ചിരിക്കുന്ന മഞ്ഞുകണങ്ങൾ കുടഞ്ഞു കളഞ്ഞ് അകത്തേക്ക് കയറുമ്പോഴേക്കും മിഷേൽ ഓടിച്ചെന്ന് കെട്ടിപ്പിടിച്ചു. “പാപ്പാ … മമ്മ” .
അപ്പോഴാണ് പുറത്തേക്ക് മിഴി നീട്ടിയ ഒരു ശില പോലെ നിൽക്കുന്ന നതാലിയയെ അയാൾ ശ്രദ്ധിച്ചത്.
” പാപ്പാ അയാൾ മമ്മയെ വഴക്കു പറഞ്ഞു”
“ആര് ആരാണിവിടെ വന്നത്? നതാലിയ പറയൂ ”
അയാൾ നതാലിയയെ ചേർത്തു പിടിച്ചുകൊണ്ട് ചോദിച്ചു.
” സെമിയോൻ…? ”
അടക്കിവച്ചൊരു തേങ്ങലവളിൽ നിന്നുയർന്നു. അവളയാളുടെ മാറിലേക്ക് കുഴഞ്ഞു വീണു.
മോസ്കോയിൽ നിന്നും വളരെയകലെയുള്ള വോലോഗ്‌ദ ഗ്രാമത്തിൽ കുസ്നെറ്റോവ് എത്തുമ്പോൾ മധ്യാഹ്നം പിന്നിട്ടിരുന്നു. ഗ്രാമ പാതയ്ക്കരുകിൽ മരം കൊണ്ട് പണിത ആ പഴയ വീട്ടിലേക്ക് കയറിച്ചെല്ലുമ്പോൾ നോവു കുടിച്ചവനെപ്പോൽ അയാൾ വിളറിയിരുന്നു.
ആഗതനെ സെമിയോൻ തിരിച്ചറിഞ്ഞുവെങ്കിലും യാതൊരു മടിയും കൂടാതെ കുസ്നെറ്റോവിനെ അയാൾ അകത്തേക്ക് ക്ഷണിച്ചു.
നിശബ്ദത തളം കെട്ടി നിൽക്കുന്ന ആ നിമിഷത്തെ എങ്ങനെ നേരിടണമെന്നറിയാതെ
അവർ രണ്ടു പേരും കുഴങ്ങുന്നുണ്ടായിരുന്നു’. റൂമിലെ നെരിപ്പോടിനേക്കാൾ വലിയൊരു നെരിപ്പോട് ഉള്ളിലൊതുക്കിയാണ് സെമിയോന്റെ ഇരിപ്പെന്ന് കുസ്നെറ്റോവിന് അറിയാമായിരുന്നു.
“സെമിയോൻ… ഒരിക്കലും നതാലിയ നിങ്ങളെ വഞ്ചിച്ചിട്ടില്ല. നിങ്ങളറിയണം എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചതെന്ന്.”
കുസ്നെറ്റോവ് അവർക്കിടയിലെ മൗനം ഭഞ്ജിക്കാനെന്നവണ്ണം പറഞ്ഞു. യാതൊരു ഭാവഭേദവുമില്ലാതിരിക്കുന്ന സെമിയേനെ നോക്കിക്കൊണ്ടയാൾ തുടർന്നു
“ഞാനും നിങ്ങളെപ്പോലെ രാജ്യത്തിന്റെ രക്ഷക്കായി സൈനികസേവനത്തിന് ഇറങ്ങണമെന്ന് ഭരണകൂടം കല്പിച്ചപ്പോൾ മറുത്തൊന്നും പറയാതെ രാജ്യ സേവനത്തിനായി ഇറങ്ങിപ്പുറപ്പെട്ടയാളാണ്.
ജർമ്മനിയുടെ ശക്തനായ ഫീൽഡ് മാർഷൽ ഫ്രെഡറിക് വോൺ പാ വുളുസിന്റെ നേതൃത്വത്തിൽ ലെനിൻഗ്രാഡ് പിടിച്ചടക്കാനുള്ള പദ്ധതിയായ ഓപ്പറേഷൻ ബാർബറോസ എന്ന സൈനിക മുന്നേറ്റത്തിനിടയ്ക്കാണ് ചെമ്പടയ്ക്കൊപ്പം എന്നെയും അവർ യുദ്ധത്തടവുകാരനാക്കിയത്. ”
“ഉം … ഞാനും ആ ചെമ്പടയ്ക്കൊപ്പമുണ്ടായിരുന്നു”
സെമിയോൻ അത്ഭുതത്തോടെ പറഞ്ഞു.
” ഉവ്വോ.. അപ്പോൾ നമുക്കു രണ്ടു പേർക്കും സംഭവിച്ചത് ഒന്നു തന്നെ. യുദ്ധത്തടവുകാരക്കപ്പെട്ടവർ
ഒരിക്കലും തിരിച്ചെത്താൻ വഴിയില്ലെന്ന് ഭരണകൂടത്തിനറിയാം. അതിനാൽ അവർ നമ്മുടെ വീടുകളിലെത്തിച്ച “പൊഹറൂങ്ക “യാണ് നമ്മുടെ ജീവിതം ഈ വഴിത്തിരിവിലേയ്ക്കെത്തിച്ചത്”
കുസ്നെറ്റോവ് പറഞ്ഞുകൊണ്ടിരിക്കേ ചെറുതായി നുറുക്കിയ മാംസം പുളിക്കാത്ത മാവുകൊണ്ട് പൊതിഞ്ഞ് പുഴുങ്ങിയെടുത്ത ‘ പെൽമെനിയും റൈ ബ്രെഡ്ഡിൽ നിന്നും വാറ്റിയെടുത്ത ക്വാസ്സും സെമിയോൻ അയാളുടെ മുൻപിലേക്ക് വച്ചു.
” ഇത് കഴിക്കൂ കുസ് നെറ്റോവ്. തടവിൽ നിന്നും രക്ഷപ്പെട്ട ഞാൻ എത്തിച്ചേർന്നത് നമ്മുടെ റഷ്യൻ സൈനിക ക്യാമ്പിലാണ്. പക്ഷേ അവരെന്നെ വിശ്വസിക്കാൻ തയ്യാറായില്ല. എന്നെ ചാര നായി സംശയിച്ച് കാരാഗൃഹത്തിലടച്ച് നിരീക്ഷിക്കുകയായിരുന്നവർ. വർഷങ്ങൾക്ക് ശേഷം പുറത്തിറങ്ങുമ്പോൾ ഞാനന്വേഷിച്ചത് പൊഹ റൂങ്ക കിട്ടിയെന്നാലും എന്നെ കാത്തിരിക്കുന്ന എന്റെ ഭാര്യയേയും കുഞ്ഞിനേയുമാണ്. പക്ഷേ…. ”
പറഞ്ഞു നിർത്തുമ്പോൾ അയാൾ കരച്ചിലിന്റെ വക്കിലായിരുന്നു.
” വിഷമിക്കരുതെന്ന് പറയാനെനിക്കാവില്ല സഹോദരാ… ” കുസ്നെറ്റോവ് തുടർന്നു
” പക്ഷേ എന്നെ മുഴുവനായും നീ കേൾക്കണം. ആറു മാസങ്ങൾക്ക് ശേഷം ശത്രുവിന്റെ തടവിൽ നിന്നും രക്ഷപ്പെട്ട് ഞാനോടിയത് പൂർണ്ണ ഗർഭിണിയായ എന്റെ ഭാര്യയുടെ അടുത്തേക്കാണ്. എന്റെ മരണക്കുറിപ്പ് അവൾക്കും കിട്ടിയിട്ടുണ്ടാകുമെന്ന് എനിക്ക് അറിയാമായിരുന്നു .എങ്കിലും ദുരിതപ്പെരുമഴ നനഞ്ഞിരിക്കുന്നവളെയൊന്നു ചേർത്തു പിടിക്കാൻ..
ആ തോരാത്തമിഴികൾ ചുംബനത്താലുണക്കാൻ കൊതിയോടെ ഓടി എത്തിയ എന്നെ കാത്തിരുന്നത് അവളുടെ മരണവാർത്തയാണ്. യുദ്ധം വരുത്തി വച്ച ക്ഷാമവും രോഗവും നമ്മുടെ സ്ത്രീകളുടെയും കുട്ടികളുടെയും ജീവനെടുത്തത് നീയും അറിയുന്നുണ്ടായിരുന്നില്ലേ സെമിയോൻ …?
വീടുകളിൽ നിന്നും ആശുപത്രികളിൽ നിന്നും മരണപ്പെട്ടവരുടെ ശരീരങ്ങൾ ഒന്നിച്ചു സംസ്ക്കരിക്കുന്നതിനായി ശ്മശാന വണ്ടിയിലേക്ക് വലിച്ചു കയറ്റി കൊണ്ടുപോകുന്ന കാഴ്ച… അത് കാണേണ്ടി വരുന്ന അവരുടെ ബന്ധുജനങ്ങളുടെ വേദന… അതനുഭവിച്ചറിഞ്ഞവനാണ് ഞാനും. അന്ന് ആ ശവശരീരങ്ങളുടെ കൂട്ടത്തിൽ എന്റെ ഭാര്യയും കാണുമെന്നോർത്ത് അത്തരമൊരു ശവവണ്ടിയിലേക്ക് ചാടിക്കയറിയതാണ് ഞാൻ. പക്ഷേ അവളെ കണ്ടു കിട്ടിയില്ല. പൊട്ടിക്കരഞ്ഞുകൊണ്ട് തിരികെയിറങ്ങാൻ തുടങ്ങുമ്പോഴാണ് ആരുടെയോ ഞരക്കം കേട്ടത്. നോക്കുമ്പോൾ ഇനിയും ജീവൻ നഷ്ടപെടാത്തൊരു സ്ത്രീ ശരീരം. വണ്ടിയിൽ നിന്ന് വലിച്ചിറക്കി ആശുപത്രിയിൽ എത്തിച്ചു. അവിടന്ന് കിട്ടിയ ഭക്ഷണവും മരുന്നും എന്റെ പരിചരണവും അവരെ ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവന്നു.അവൾ നിങ്ങളുടെ നതാലിയ ആയിരുന്നു. ബന്ധുക്കളുടെ അടുത്തു നിന്ന് മിഷേലിനേയും ഞങ്ങൾ കൂടെ കൂട്ടി. ഞാനും നതാലിയയും കൂടി നിങ്ങളെ അന്വേഷിക്കാത്തിടങ്ങൾ ഇല്ല . ആർക്കും നിങ്ങളെപ്പറ്റി അറിയില്ല. ഒടുവിൽ
നിങ്ങൾ മരിച്ചു പോയി എന്നു തന്നെ ഞങ്ങൾ വിശ്വസിച്ചു.അതിനു ശേഷമാണ് ആരോരുമില്ലാത്ത ഞങ്ങൾ പരസ്പരം തുണയാകാൻ തീരുമാനിച്ചത്”
ഒന്നു നിർത്തിയിട്ട് കുസ് നെറ്റോവ് തുടർന്നു.
” ഒരു അപേക്ഷയുണ്ട് .ന താലിയയ്ക്ക് നിങ്ങൾ മാപ്പു കൊടുക്കണം. അവൾക്ക് നിങ്ങളെ കാണണമെന്നുണ്ട് സെമിയോൺ. നിങ്ങൾ എന്നോടൊപ്പം വരില്ലേ? ”
” ഇല്ല കുസ്നെറ്റോവ്. ഞാൻ വരില്ല ഇനിയും ”
” നിർബന്ധിക്കാൻ ഞാനളല്ല സെമിയോൻ. പക്ഷേ ഈ തീരുമാനത്തിന്റെ പേരിൽ നിങ്ങളൊരിക്കലും പശ്ചാത്തപിക്കാനിടയാകരുത്”
സെമിയോൻ ചോദ്യ ഭാവേന കുസ്നെറ്റോവിനെ നോക്കി.
” ഉം…
ട്യൂമറിന്റെ രൂപത്തിൽ മരണം അവളെ വട്ടമിട്ടിരിക്കുന്നു . ഈയിടെയാണ് അതറിഞ്ഞതും. ഇന്നലെ നിങ്ങൾ അവിടെ നിന്നും പോന്നപ്പോൾ തളർന്നുവീണതാണവൾ. ഇപ്പോൾ ആശുപത്രിയിലാണ്. നിങ്ങളെ ഒരു നോക്ക് കാണണമെന്നു പറഞ്ഞപ്പോൾ കൂട്ടിക്കൊണ്ടു വരാമെന്ന വാക്കുമായിറങ്ങിയതാ ഞാൻ. ഇനി നിങ്ങളുടെ ഇഷ്ടം പോലെ ചെയ്യൂ ”
കുസ്നെറ്റോവിന്റെ വാക്കുകൾ കേൾക്കേ തനിക്കു ചുറ്റുമുള്ളതെല്ലാം കീഴ്മേൽ മറിയുമ്പോലെ തോന്നി സെമിയോന്. അയാൾ താനിരുന്ന കസേരയിൽ മുറുകെപ്പിടിച്ചു.
കുഞ്ഞുമരിയയുടെ നിലവിളി ആശുപത്രി മതിലുകൾക്കുള്ളിൽ പ്രതിധ്വനിച്ചുകൊണ്ടിരുന്നു. അവളുടെ കരച്ചിലടക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് അവളെ എടുത്തിരിക്കുന്ന സ്ത്രീയും മിഷേലും . നതാലിയയ്ക്കരുകിൽ നിന്ന് ഇറങ്ങി വന്ന ഡോക്ടർ കുസ്നെറ്റോവിനെയും സെമിയോനെയും ദയനീയമായൊന്നു നോക്കി എന്നിട്ടു പറഞ്ഞു ” യെയെ ബൊൽഷിനെത്ത് “[ She is no more]
ഒരേസമയമൊരു ഈർച്ചവാൾ രണ്ടു ഹൃദയങ്ങളെയും കീറി മുറിച്ചു പായുമ്പോൾ കുഞ്ഞു മരിയ കരഞ്ഞുകൊണ്ടേയിരിക്കുകയായിരുന്നു.
ഒറ്റപ്പെടലിന്റെ ഒരു പകലൊടുങ്ങവെ കൊടും ശൈത്യത്തെ വകവയ്ക്കാതെ റെഡ് സ്ക്വയറിലെ സെന്റ് ബേസിൽസ് കത്തീഡ്രലിലെ സെമിത്തേരിയിൽ ഉറങ്ങുന്ന നതാലിയയ്ക്കരുകിലേക്ക് നടക്കുകയായിരുന്നു കുസ്നെറ്റോവ്. നതാലിയയുടെ കല്ലറയിൽ കമഴ്ന്നു കിടക്കുന്നൊരു രൂപത്തെ മഞ്ഞ് മറയ്ക്കുള്ളിൽ അവ്യക്തമായി അയാൾ കണ്ടു. ആശ്ചര്യത്തോടെ അടുത്തെത്തുമ്പോഴാണ്ആ മഞ്ഞു രൂപം സെമിയോനാണെന്നയാൾക്ക് മനസ്സിലായത്.
“സെമിയോൻ.. “കുസ്നെറ്റോവ് നീട്ടി വിളിച്ചു.
അയാൾ തല ഉയർത്തി നോക്കി. കുസ്നെറ്റോവിനെ കണ്ടപ്പോൾ അവിടെ നിന്ന് പതിയെ എഴുന്നേറ്റു.
” ഞാൻ പോകുകയാണ് കുസ്നെറ്റോവ് .ഇനി ഒരിക്കലും ഇവിടേക്ക് മടങ്ങി വരില്ല. എന്റെ മിഷേലിന്റെ പാപ്പ നിങ്ങളാണ് .”
നിറഞ്ഞു തുളുമ്പിയ മിഴികൾ തുടച്ച്
മറുപടിക്ക് കാത്ത് നിൽക്കാതെ മഞ്ഞുപാകിയ വഴിയിലൂടെ സെമിയോൻ എവിടേയ്ക്കോ പോയ്മറഞ്ഞു.
I
* പൊഹറൂങ്ക [മരണക്കുറിപ്പ് ]
* ബാറങ്കി [വട്ടത്തിൽ മധുരമുള്ള റൊട്ടി ]
സാഗ ജെയിംസ്
About The Author
No related posts.