ഒന്നും മിണ്ടാൻ പറ്റുന്നില്ല. വാക്കുകൾ ഉള്ളിൽ കിടന്ന് ചീർത്ത് വീർപ്പുട്ടിയ്ക്കുന്നു. അക്ഷരങ്ങൾ പുറത്തേക്കു വിടാനുള്ള ശ്രമത്തിൽ തൊണ്ട ഞരമ്പുകൾ മുറിയുന്ന പോലെ.
സുമേഷ് കാലുകളുയർത്താൻ ശ്രമിച്ചു. അനങ്ങുന്നില്ലല്ലോ. ശരീരത്തോടു് ചേർത്ത് തടിക്കഷണങ്ങൾ കെട്ടിയിട്ടിരിക്കുന്ന പോലെ. കൈകളുടെ ചലനവും കുറഞ്ഞു. രണ്ടു മൂന്നു കൊതുകുകൾ മൂളിപ്പാട്ടുംപാടി മുഖത്തും കഴുത്തിലും വന്നിരുന്ന് ചോരവലിച്ചൂറ്റുന്നു. കണ്ണിനു താഴെയിരുന്ന് കൂടുതൽ അസ്ഥസ്ഥതപ്പെടുത്തുന്ന കൊതുകിനെയെങ്കിലും കൊല്ലാനോ ഓടിച്ചു കളയാനോ പറ്റുന്നില്ല. ചലനമറ്റ കൈകൾ.
തന്നെ പരിചരിക്കാൻ വന്ന അമ്മയും സഹോദരിമാരും അകന്നു മാറിനിന്നു കുശുകുശുക്കുന്നു. ചെവി വട്ടം പിടിച്ചു. ചേച്ചിയാണ് –
” അവനറിയണ്ട ഒന്നും. ചെവിയുടെ കേൾവിയും കണ്ണിന്റെ കാഴ്ചയും ക്രമേണ കുറയുമെന്നാണ് ഡോക്ടർ പറഞ്ഞത് ” അമ്മ വിലപിക്കുന്നു: “എന്റെ ദൈവേ ഒന്നും വരുത്തല്ലേ, എന്റെ ഏക ആൺതരിയാണേ എൻെറ മുത്തിനെന്തെങ്കിലും വന്നാ ഞാനെങ്ങനെ സഹിക്കുവപ്പാ, ഞാനൊരു വിധവയാണേ, … നിയ്ക്കു മേലേ “
“ഒന്നും വരില്ലമ്മേ, അവനീ കെടപ്പു കെടക്കുമെന്നാ ഡോക്ടർ പറഞ്ഞെ. വലത്തെ കാൽമുട്ടിനു മുകളിലും, ഇടതുകാലിന്റെ പാദവും പോയില്ലേ, ഇനി ഒന്നും കാണാതേം, കേക്കാതേം കെടക്കട്ടെ “
അമ്മയുടെ ഏങ്ങലടി ഉച്ചത്തിലായി. അനിയത്തി ഷീബ അമ്മയെ ആശ്വസിപ്പിക്കുന്നു; “ഇല്ലമ്മച്ചി ചേട്ടന് ഒന്നും വരില്ല. നമുക്കു് പ്രാർത്ഥിയ്ക്കാം. എന്റെ പൊന്നുചേച്ചി ദയവു ചെയ്തൊന്ന് മിണ്ടാണ്ടിരിക്ക്, അമ്മേനെ കൂടുതൽ ആധിപിടിപ്പിക്കാണ്ട് “
” ഇല്ലെ ഞാനൊന്നും പറേന്നില്ലേ ആകെയൊള്ള കെടപ്പാടം വാങ്ങാൻ ആരെങ്കിലുമൊന്നു വന്നിരുന്നേലതുവിറ്റെങ്കിലും നമുക്കു് നമ്മുടെ സുമേഷ് കുട്ടനെ രക്ഷിക്കാർന്നു.
” അമ്മ വീട്ടിലോട്ട് പൊക്കോളൂ. പോയി ഒന്നു കുളിച്ച് ഇച്ചിരി ചൂട്കഞ്ഞിയൊക്കെ കുടിച്ചൊന്നു വിശ്രമിയ്ക്ക്. ഇവിടെ നിന്ന് പ്രഷർ കൂട്ടണ്ട. ഇവിടെ ഞാനും ഇവളുമൊണ്ടല്ലോ”
“ഇല്ല മോളെ എന്റെ പൊന്നിനെ ഈ നെലേൽ കെടത്തീട്ട് ഞനെങ്ങോട്ടുമില്ല.
” എന്നാ അമ്മ ഇവിടിരി. ഞാൻ വീട്ടിച്ചെന്ന് എല്ലാം കാലാക്കി കൊണ്ടരാം. ചേച്ചി വീട്ടിലേക്ക് പോയി.
സുമേഷ് കാലുകളിലേക്കു നോക്കാൻ ശ്രമിച്ചു. പുതപ്പിച്ചിരിക്കുകയാണ്. കാണാൻ പറ്റുന്നില്ല.
ദുഃഖമടക്കാൻ കഴിയാതെ അമ്മ ഓടി വന്നു. പുതപ്പു നീക്കി.”എന്റെ ദൈവേ, ഞാനെന്നാണോ ഇക്കാണുന്നേ, എനിക്കു വയ്യായേ, വയസാവുമ്പം തൊള്ളി വെള്ളം വായിലിറ്റിച്ചു തരേണ്ട പൊന്നുമോൻ “
വെള്ള യൂണിഫോം ധരിച്ചു വന്ന നേഴ്സു് അമ്മയെ ശകാരിച്ചു ” ഇറങ്ങിറങ്ങു് പേഷ്യന്റിന്റടുത്ത് കെടന്ന് ബഹളം വെയ്ക്കാണ്ട് ” അവർ ദയാദാക്ഷിണ്യമില്ലാതെ ശകാരിച്ച് അമ്മയെ പുറത്തിറക്കി.
“അവനു കെട്ട്യോളും കുട്ട്യോളുമൊന്നുമില്ലെ? “നേഴ്സ് തിരക്കി. അമ്മ വിലാപം വീണ്ടും തുടർന്നു:
“അവക്കു സുഖം പിടിയ്ക്കാതെ കുഞ്ഞിനേം കൂട്ടി അവടെ വീട്ടിപ്പോയതാ. അതാ അവനിത്തരത്തിലായതു് ”
സുമേഷിന്റെ മനസ്സിൽ ഗതകാല സ്മരണകൾ വേദനയോടെ പാഞ്ഞെത്തി. തന്റെ ഭാര്യ എത്ര പ്രാവശ്യം തന്റെ പൊന്നുമോളെ തന്റെ മാറോടു ചേർത്തുകൊണ്ടു പറഞ്ഞതാണ്. “ചേട്ടനീ കുഞ്ഞിനെ ഓർത്ത് ഇനി കുടിക്കരുത്, പുകവലിക്കരുത്.”
അമ്മായിഅമ്മയും, നാത്തൂന്മാരും, ലഹരിക്കടിമയായ ഭർത്താവും, വിട്ടുമാറാത്ത ദാരിദ്യവുമായി ഒത്തു പോകാൻപറ്റാതെ ഒരു നാൾ മോളെയും കൂട്ടി അവൾ ഇറങ്ങിയതാണ്.
വാശിയായി, കൂടുതൽ കൂടുതൽ വിഷക്കുപ്പികൾ കുടിച്ചു തീർത്തു, ചെയിൻ സ്മോക്കിംഗ് ശീലമാക്കി. അവളെ ഒരു പാഠം പഠിപ്പിച്ചെ അടങ്ങൂ, അടങ്ങാത്ത വാശിയാണ്. ഉറക്കമുണരുമ്പോഴെല്ലാം പുകയാസ്വദിച്ചു. ടൊയ്ലറ്റിൽ പോയാൽ “പുക’ യില്ലാതെ ‘രക്ഷ’യില്ലെന്നായി.
നല്ലദിനങ്ങൾ എല്ലാം ലഹരിയുടെ ആലസ്യത്തിൽ നഷ്ടപ്പെട്ടു കൊണ്ടിരുന്നു. ഭർത്താവ് മരിച്ച ചേച്ചിയും കെട്ടുപ്രായം കഴിഞ്ഞ അനിയത്തിയും കൂടി തയ്യൽ ജോലി ചെയ്ത് കുടുംബം പുലർത്തി. അവരെ വിവാഹം ചെയ്ത് അയയ്ക്കുന്നതിനെക്കുറിച്ച് ഒരിക്കൽ പോലും താൻ ചിന്തിച്ചില്ല.
ആദ്യം തന്റെ സഹപാഠി സുരേഷാണ് ആഞ്ഞിലിയിലയിൽ തിരിവച്ച് തന്നെ പുക ആസ്വദിക്കാൻ പഠിപ്പിച്ചത്.
ഓർമ്മകൾ അയാളെ വേട്ടയാടി. ഒന്നും മറക്കാൻ പറ്റുന്നില്ല. കല്ലേച്ചിത്രം പോലെ എല്ലാം തെളിഞ്ഞു വരുന്നു. സുരേഷ് പിന്നീടു് എവിടെ നിന്നൊക്കെയോ ചെറു ബീഡികൾ കൊണ്ടെത്തന്നു. സിഗററ്റുവാങ്ങാൻ അമ്മ പശുവിൻപാലു വിറ്റും കോഴിമുട്ട വിറ്റുമൊക്കെ കുടുംബം നടത്താൻ കരുതി വച്ച പണം മോഷ്ടിച്ചു തുടങ്ങി. സിഗററ്റു വലിയും മദ്യപാനവും അമ്മയിൽ നിന്ന് മറച്ചു പിടിച്ചു. തന്റെ സ്വഭാവ വൈകല്യങ്ങൾ അമ്മയെ മനസ്സിലാക്കാൻ സാധിയ്ക്കാതെ സഹോദരിമാർ വിഷമിച്ചു. ആണിൻ്റേം ആഞ്ഞിലിക്കുരുവിൻ്റേം വിലയറിയുന്ന അമ്മ തന്നെ ഏറെവിശ്വസിച്ചു.
സുമേഷ് ഉള്ളം നൊന്തു കരഞ്ഞു. ഈ കിടപ്പു തുടർന്നാൽ അമ്മയും സഹോദരിമാരും കിടപ്പാടം കൂടി നഷ്ടപ്പെട്ട് പെരുവഴിയിലാകും. അവർക്കാഗതി വരരുത്.
അവൻ നെഞ്ചു തകർന്ന് വിളിച്ചു. “ഈശ്വരാ എന്നെയിങ്ങനെ കിടത്താതെ എന്റെ പ്രാണനങ്ങു് പെട്ടെന്ന് എടുക്കണേ”
കണ്ണീർ ചാലുകൾ ധാരധാരയായി ഒഴുകിയപ്പോൾ മുഖത്ത് സൂചിക്കൊമ്പുകൾ താഴ്ത്തി ചോര കുടിച്ചു കൊണ്ടിരുന്ന കൊതുകുകൾ അല്പമൊന്ന് ഉയർന്നു പറന്നിട്ട് വീണ്ടും അങ്ങുമിങ്ങും മാറി മാറി വന്നിരുന്ന് ചോര കുടി തുടർന്നു.
……..
(ഇതിനാധാരമായ സംഭവങ്ങൾ:
(1) മനോരമ ദിനപ്പത്രത്തിൽ ജോമേഷ് എന്ന റിമാൻഡ് പ്രതി സിഗററ്റ് ലഭിയ്ക്കാഞ്ഞിട്ട്, സഞ്ചരിച്ച വാഹനത്തിന്റെ കമ്പിയഴികളിൽ തലയിട്ടടിച്ച് പരുക്കേറ്റ് ആശുപത്രിയിൽ കിടക്കുന്ന വാർത്ത ഫോട്ടോ സഹിതം. സെപ്തം.8, 2015 മനോരമ ദിനപ്പത്രം.
(2) മനോരമ ദിനപ്പത്രത്തിൽ പൊതുസ്ഥലത്ത് പുകവലിക്കരുതെന്നു വിലക്കിയ പോലീസുദ്യോഗസ്ഥനെ മർദ്ദിച്ച വാർത്ത.
(3) കോട്ടയം ഡയനോവ സ്കാനിംഗ് സെൻററിൽ പുകവലി മൂലം കാലുകൾ മുറിച്ച് മരത്തിന്റെ ചുവടുകൾ പോലെയുള്ള, മുൻപാദങ്ങളില്ലാത്ത കാലുകളുള്ള ഒരു മനുഷ്യനെ എടുത്തുകൊണ്ടു് അയാളുടെ മകനും ഭാര്യയും കഷ്ടപ്പെടുന്നതു കണ്ട് കയ്യിലുണ്ടായിരുന്ന 600/- രൂ കൊടുത്ത്, അയാൾക്കുവേണ്ടി പ്രാർത്ഥിച്ച് ഞാൻ മടങ്ങിപ്പോന്ന അനുഭവം)
About The Author
No related posts.