”അങ്ങോട്ട് മാറിയിരിയടാ ചെക്കാ”
പുലർച്ചയായതുകൊണ്ട് ഹോസ്പിറ്റലും ചുറ്റുവട്ടവും ഉണർന്നു വരുന്നതേയുള്ളൂ . സെക്യൂരിറ്റികാരന്‍റെ അലർച്ചയോടെയുള്ള പരുക്കൻ ശബ്ദം സ്റ്റെർകേസിൽ പല കുറി പ്രതിധ്വനി ഉണ്ടാക്കി . പറഞ്ഞത് അനുസരിക്കാതെ,വന്യ മൃഗത്തെ നോക്കുന്നപോലെ പകച്ചു തുറിച്ചു നോക്കിയിരുന്ന ചെക്കനെ പരുഷമായി കണ്ണുരുട്ടികൊണ്ട് സെക്ക്യൂരിറ്റി എന്തോ പറയാനാഞ്ഞപ്പോൾ വരാന്തയിലൂടെ പോയ ഒരു വൃദ്ധൻ പറഞ്ഞു:
” എടോ ഉവ്വേ അവന് മലയാളം അറിയാമ്മേല .ഹിന്ദി പയ്യനാ”
അത് കേട്ട് സെക്യൂരിറ്റിയുടെ മസിലൊന്ന് അയഞ്ഞു .
” ബച്ചാ, വഹാം ബൈട്ടോ ”
അറിയാവുന്ന മുറി ഹിന്ദി വച്ച് ,അവിടേയ്ക്കു നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ്, സ്റ്റെപ്പിറങ്ങി വന്ന ജേക്കബ് പറഞ്ഞൊപ്പിച്ചപ്പോൾ അവനു കാര്യം പിടികിട്ടി .അവൻ നടക്കല്ലിൽ നിന്ന് എണിറ്റു ജനറൽ വാർഡിന് മുന്നിലെ വരാന്തയിൽ പോയി ഇരുന്നു .ജേക്കബ് അവന്‍റെ അടുത്തേയ്ക്കു ചെന്നു. ദാരിദ്ര്യം അടയാള പെടുത്തിയ അവന്‍റെ കുട്ടി നിക്കറിലേക്കും ,ഹിന്ദിയിൽ എന്തെക്കെയോ വരയും കുറിയുമുള്ള മുഴിഞ്ഞ ഷർട്ടിലേക്കും സൂക്ഷിച്ചു നോക്കി. എന്തൊക്കെയോ വിഷമങ്ങൾ തെളിയാതെ കിടക്കുന്ന അവന്‍റെ കണ്ണുകളിലേക്ക് കണ്ണെടുക്കാതെ നോക്കി നിന്നപ്പോൾ അവൻ അയാളെയൊന്ന് പാളി നോക്കി
” ക്യാ ഹുവ ബച്ചാ ”
അവൻ അയാളെയൊന്ന് വീണ്ടും നോക്കിയിട്ടു ,മുഖം ജനറൽ വാർഡിന്‍റെ കോർണറിലേക്കു തെറ്റിച്ചു കാണിച്ചു . ബെഡിൽ ,കാല് ഒടിഞ്ഞു കിടക്കുന്ന പോലെ ഒരു സ്ത്രി പ്ലാസ്റ്റർ ഇട്ടു, ബെഡിലെ ഭാരം തൂങ്ങിയ ഉയർന്ന സ്റ്റാന്റിൽ കാൽ ബന്ധിപ്പിച്ച രീതിയിൽ കിടക്കുന്നു .അടുത്തേയ്ക്ക് നടന്നപ്പോൾ ,അവനും എണിറ്റു അയാളുടെ പുറകെ ചെന്നു .കട്ടിലിനു അരികിലെ നിലത്തു ചമ്രം പടിഞ്ഞിരിക്കുന്ന കവിളൊട്ടിയ പ്രായമായ സ്ത്രി , ജേക്കബ് ഇട്ടിരിക്കുന്ന വെള്ള വസ്ത്രം കണ്ട് എണിറ്റു കൈ കൂപ്പി ‘മാസ്റ്റർജി’ യെന്ന് ചുണ്ടിൽ മന്ത്രിച്ചു . അപ്പോൾ പെട്ടന്ന് ജേക്കബിന്, നഴ്‌സായി കുറച്ചു കാലം താൽക്കാലിക തസ്തികയിൽ ജോലി ചെയ്ത ഡൽഹിയിലെ ജി ബി പന്ത് ഹോസ്പിറ്റൽ ഓർമ്മവന്നു . അയാൾ ആ വൃദ്ധയെ അവരുടെ രീതിയിൽ കൈ കൂപ്പിയപ്പോൾ , ആ സ്ത്രി തിടുക്കപ്പെട്ട് ഉറങ്ങി കിടക്കുന്ന സ്ത്രിയെ വിളിക്കാനൊരുങ്ങി. അയാൾ വേണ്ടന്ന് കൈ കാണിച്ചു . അപ്പോൾ അവർ എങ്ങെനെയാണ് കാൽ ഒടിഞ്ഞതെന്ന് വിവരിക്കാൻ തുടങ്ങി . ഹിന്ദിയും, ബംഗാളിയും മലയാളവും കലർന്ന വിവരണങ്ങളിൽ നിന്ന് ഒരു കാര്യം പിടികിട്ടി കല്ലുവെട്ടു കോറയിലെ പണിക്കിടയിൽ മെഷിൻ കല്ല് വീണാണ് കാലൊടിഞ്ഞത്,കൂടാതെ ബംഗാളിന്ന് കേരളത്തിൽ എത്തിട്ടു അധികമായിട്ടില്ല .എന്തെങ്കിലും കൊടുക്കാതെ പോകുന്നത് മോശമാണല്ലോന്ന് വിചാരിച്ചു അയാൾ പോക്കറ്റിൽ കൈയിട്ടപ്പോൾ കാനറാ ബാങ്കിന്‍റെ ഏറ്റിഎം കാർഡല്ലാതെ ഒറ്റ പയിസ ഇല്ല . പിന്നെ കാണുമ്പോൾ കൊടുക്കാമെന്ന് വിചാരിച്ചു വാർഡിന് പുറത്തിറങ്ങി റോഡിലേക്ക് കയറാൻ നോക്കിയപ്പോൾ തന്നിലേക്ക് വിളറിയ നോട്ടം എറിഞ്ഞു വരാന്തയിലെ തൂണിൽ ചാരി അവൻ നിൽക്കുന്നു . കൈ കാട്ടി വിളിച്ചപ്പോൾ അനുസരണ കാരനെ പോലെ അവൻ അയാളുടെ പിന്നാലെ ചെന്നു .
നടക്കുമ്പോൾ ബട്ടൻസ് പൊട്ടിയ അവന്‍റെ ഷർട്ടിനുള്ളിലെ ഒട്ടിയ വയറിലേക്ക് നോക്കി . രാവിലെ എന്തെങ്കിലും കഴിച്ചോന്നു ആംഗ്യത്തിൽ ചോദിച്ചപ്പോൾ അവന്‍റെ മുഖം മ്ലാനമായി . ”ഡോണ്ട് വറി”, അറിയാതെ പെട്ടന്ന് ജേക്കബിന്‍റെ വായിൽ ഇംഗ്ലീഷ് വന്നു:”അബ് ഹം കായെങ്കെ ”
അത് പറഞ്ഞപ്പോൾ അവന്‍റെ മുഖം പ്രസരിപ്പോടെ പെട്ടന്ന് തെളിഞ്ഞു വന്നത് അയാൾ ശ്രദ്ധിച്ചു. പിന്നാലെ ഇറ്റിയ കണ്ണീർ കണങ്ങൾ അവന്‍റെ വിളറിയ കൺ പീലികളെ ചെറുതായി നനയിച്ചു.
” ക്യാ നാം ?”
അവൻ മുഖത്ത് കൂടുതൽ തെളിച്ചം വരുത്തിക്കൊണ്ട് പറഞ്ഞു:
”റഹിം ”
ബസ്റ്റോപ്പിനോട് ചേർന്ന തട്ടുകടയിലേക്കു വരുന്നത് കണ്ടു ഗോപിയേട്ടൻ ചിരിച്ചു കൊണ്ട് ചോദിച്ചു :
”ജേക്കബിനി വഴിയൊക്കെ അറിയോ? ”
അയാൾ ചിരിച്ചു .റഹിം പിന്നാലെ കയറി വരുന്നത് കണ്ടു ഗോപിയേട്ടൻ എന്തോ പറയാൻ ഒരുങ്ങിയെങ്കിലും ജേക്കബിന്‍റെ കൂടെയാണെന്ന് കണ്ട് അയാൾ പിൻവാങ്ങി . ചപ്പാത്തിയും ചിക്കൻ കറിയും അവന്‍റെ മുന്നിൽ കൊണ്ടു വച്ചപ്പോൾ നിയന്ത്രം വിട്ടതുപോലെ അവന്‍റെ കണ്ണുകൾ നിറഞ്ഞൊഴുകി .ജേക്കബ് അവന്‍റെ തോളിൽ തലോടിക്കൊണ്ട് കഴിക്കെന്ന് കണ്ണുകൊണ്ടു സ്നേഹപൂർവ്വം പറഞ്ഞപ്പോൾ അവൻ പുറം കൈകൊണ്ടു കണ്ണ് തുടച്ചിട്ട് , ജേക്കബിനെ വിനീതനായിയൊന്ന് നോക്കി. എന്നിട്ട്,വേഗം കഴിക്കാൻ തുടങ്ങി .കഴിക്കുന്നതിനിടയിൽ ഗോപിയേട്ടൻ,കല്ലിൽ പകുതി പൊള്ളിയ ചപ്പാത്തി തിരിച്ചിടുന്നതിനിടയിൽ ചോദിച്ചു;
”പുതിയ സ്ഥലത്തെ പണിയെങ്ങനുണ്ട് ”
” കുഴപ്പയില്ല, ലെവലായി വരുന്നു ”
താലൂക്കാശുപത്രിൽ നഴ്‌സായി ജോലിക്കു കയറിട്ടിപ്പോൾ രണ്ടാഴ്ച ആകുന്നതേയൊള്ളൂ. സ്ഥിരതയില്ലാത്ത ജോലിയും മര്യാദയില്ലാത്ത ശമ്പളവും കൊണ്ട് ഡൽഹിയും ബോംബെയും കുറെ അലഞ്ഞൊരു പരുവമായിരിക്കുമ്പോഴാണ് ഇടയ്‌ക്കെപ്പോഴോ നാട്ടിൽ വന്നപ്പോൾ എഴുതിട്ടു പോയ പി.എസ്.സി പരീക്ഷയിൽ കര തൊട്ടത് . ഈ ജോലിയിലൊന്ന് പിടിച്ചു കയറിട്ടു വേണം പഠിക്കുന്ന കാലത്തു ഗ്രാമീണ ബാങ്കിന്ന് എടുത്ത, ലെവല് തെറ്റി കിടക്കുന്ന ലോൺ മുതൽ പലതും ശരിയാക്കാൻ . കഴിച്ചു കഴിഞ്ഞ്, അയാൾ എന്തെകിലും പറയുന്നതും കാത്തു അവൻ അവിടെത്തന്നെ ചുറ്റി പറ്റി നിന്നപ്പോൾ അയാൾ ,അവനെയും കൂട്ടി തൊട്ടടുത്ത് റോഡിനോട് ചേർന്നുള്ള ഏറ്റിഎം സെന്‍റെറിന്‍റെ മുന്നിലേക്ക് നടന്നു .അവനോടു ഗ്ലാസ് ഡോറിന് വെളിയിൽ നിൽക്കാൻ പറഞ്ഞിട്ട് , തിടുക്കത്തിൽ പണം എടുത്തു പുറത്തു വന്നു, കുറച്ചു നോട്ട് മടക്കി അവന്‍റെ വലതു കൈയിൽ പിടിപ്പിച്ചിട്ടു പറഞ്ഞു:
” മാം കോ ദേ ദോ ”
അവൻ ശരിയെന്നു തലയാട്ടിട്ട് എന്തോ പറയാൻ ബാക്കിയുള്ളതുപോലെ ജേക്കബിനെ ഒന്നുടെയൊന്ന് സൂക്ഷിച്ചു നോക്കി. എന്നിട്ടു ഹോസ്പിറ്റലിലേക്ക് നടന്നു . അപ്പോൾ ഗോപിയേട്ടൻ തിന്നതിന്‍റെ കാശ് മേടിക്കാൻ അയാളെ തിരിഞ്ഞു മറിഞ്ഞു നോക്കുന്നത് കണ്ടപ്പോഴാണ് ഓർത്തത് കാശ് കൊടുത്തിട്ടില്ലെന്ന കാര്യം . ഈയിടെയായിട്ട് മറവി ഒരൽപം കൂടുതലാണെന്ന് ചിന്തിച്ചുകൊണ്ട് ജേക്കബ്, വേഗം അങ്ങോട്ടേക്ക് പോയി.
എവിടെയോ ഓട്ടം പോയി കാലിവന്ന ഓട്ടോയ്ക്ക് ഇരിട്ടി പഴയ ബസ്റ്റാന്റിൽ വന്നിറങ്ങിയപ്പോൾ,നഗരം മോദിയുടെ പൗരത്വ ബില്ലിനെതിരായ പ്രക്ഷോപത്തിൽ ജന സാഗരമായിരുന്നു . ഒരേ താളത്തിൽ മുഴങ്ങിയ മുദ്രവാക്യം വിളിയുടെയും , ചെവി തുളച്ചെത്തുന്ന നിലയ്ക്കാത്ത ഹോണടിയുടെയും ഇടയിലൂടെ വളരെ വിദക്തമായി ഊളിയിട്ട് പുതിയ ബസ്റ്റാന്റിലേക്കു തിരിയുന്ന വളവിൽ എത്തിയപ്പോൾ ‘ജേക്കബേന്നുള്ള’ ആവർത്തിച്ചുള്ള വിളികേട്ടു തിരിഞ്ഞു നോക്കുമ്പോൾ നിർമല ബസിന്റെ മുന്നിലത്തെ ഡോറിലൂടെ തലയിട്ട് കണ്ടക്റ്റർ തങ്കച്ചൻ ചേട്ടൻ .
” കീഴ്പള്ളിക്കല്ലേ ? ,കേറിക്കോ ”
തങ്കച്ചൻ ചേട്ടനെ നോക്കി ഒരു ചിരിപാസാക്കിട്ടു അയാൾ പുറകിലൂടെ ഓടി അകത്തു കേറി . സമരം തുടങ്ങിയതേയൊള്ളൂ എങ്കിലും ബസിൽ നല്ല രീതിയിൽ തന്നെ ആളുകളുണ്ട്.
”അടുത്ത ട്രിപ്പിന് നിങ്ങടെ വണ്ടി കാലു കുത്താനിടകാണില്ല”
മുന്നിലെ ഡോറിനോട് ചേർന്ന സീറ്റിൽ ഇരുന്ന് തോമസ് ചേട്ടൻ പറഞ്ഞത് കേട്ട് തങ്കച്ചൻ ചേട്ടൻ ചിരിച്ചു .ഓർമ്മ വച്ച കാലം മുതൽ കാണുന്നതാണ് ഈ ബസിൽ തങ്കച്ചൻ ചേട്ടനെ .എത്ര തിരക്കിനിടയിലും എല്ലാവരോടും കുറഞ്ഞതൊരു ചിരിയോ അല്ലങ്കിൽ എന്തെങ്കിലും ഒരു കുശലാന്വേഷണമോ നടത്താതെ പോകില്ല തങ്കച്ചൻ ചേട്ടൻ . ഇരിട്ടി പാലത്തിനു മുന്നിലെ ട്രാഫിക് കുരുക്കിൽ ബസ് നിന്നപ്പോൾ പ്രതിഷേധക്കാരെ ആവേശം കൊള്ളിച്ചു കൊണ്ട് റോഡ് സൈഡിലെ മുള കമ്പിൽ കുത്തി ചാരി വച്ച ലൗഡ് സ്‌പീക്കറിലൂടെ സഖാവ് വൈ.വൈ മത്തായിയുടെ ശബ്ദം പ്രകമ്പനം കൊണ്ടു. ഒന്നും മിണ്ടാനാവാതെ ,ആ മുഴക്കത്തിന്റെ പടവുകൾ വിപ്ലവ വീര്യത്തോടെ ബസിലുള്ളവരെ വരിഞ്ഞു മുറുക്കി . ജേക്കബ് മുന്നിലെ സീറ്റിൽ നിന്ന് തലതിരിച്ചു നോക്കി . തലകളുടെ ഏറ്റക്കുറച്ചിലുകൾക്കിടയിലൂടെ ഒരു മിന്നായം പോലെ വൈ.വൈ മത്തായെ കുറെ കാലം കൂടി അയാൾ കണ്ടു . ഒറ്റ നോട്ടം നോക്കിയപ്പഴേ പഴയ തീപ്പൊരി കാലം തലയിൽ കത്തി . പഴയ ആവേശത്തിന് ലവലേശം കുറവ് വന്നിട്ടില്ലെന്ന് മുന്നിലുള്ളവരുടെ മുദ്രാവാക്ക്യം വിളിയും കൈയടിയും തന്നെ സാക്ഷ്യം .
” ബംഗാളിന്നും ആസ്സാമിന്നും വന്നോരും മനുഷ്യരാണ് . അവരെ മതത്തിന്റെ പേരിൽ നാട് കടത്തുന്നത് മനുഷ്യത്വ വിരുദ്ധമാണ് ” ബസ്, ഇരിട്ടി പാലം കടന്നപ്പോൾ വൈ.വൈ മത്തായുടെ പ്രസംഗത്തിന്റെ ബാക്കി എന്നപോലെ അലക്സ് ചേട്ടൻ പറഞ്ഞു .
” ഈ വരുന്നോരു പലരും തീവ്രവാദികളാ. എന്‍റെ അഭിപ്രായത്തിയി അന്യ സംസ്ഥാന തൊഴിലാളികളെ മുഴുവൻ കയറ്റി അയയ്ക്കണം .അവര് നമ്മടെ നാട് കുട്ടി ചോറാക്കും”
അത് ഏറ്റുപിടിച്ചു കൊണ്ടു ജേക്കബിന്‍റെ തൊട്ടപ്പുറത്തിരുന്ന പ്രകാശൻ അലക്സിന്റെ നേരെ തിരിഞ്ഞിട്ടു പറഞ്ഞു .
അങ്ങോട്ടും ഇങ്ങോട്ടുമുള്ള ചൂടേറിയ ഏറ്റുമുട്ടൽ കോളിക്കടവ് പാലം പിന്നിടുന്ന വരെ തുടർന്നു. ജേക്കബിന്‍റെ മനസ്സിൽ അപ്പോൾ റഹിമിന്‍റെ മുഖം തെളിഞ്ഞു വന്നു . അവന് പൗരത്വം ഉണ്ടോ ? ജീവിക്കാൻ വേണ്ട രേഖകളുണ്ടോനൊന്നും അറിയില്ല . അതിന്‍റെയൊക്കെ അർത്ഥ വ്യാപ്ത്തി അവനറിയോന്ന് തന്നെ തിട്ടയില്ല . ഈ ലോകം എല്ലാവരുടേതുമല്ലെ ? കുറച്ചു പേർക്ക് മാത്രം അവകാശ പെട്ടതാണോ ? രേഖകൾ ഇല്ലാത്തോർക്കും ഈ ഭൂമിയിൽ ജീവിക്കണ്ടേ ? ആരാണ് മനുഷ്യർക്ക് ഇടയിൽ വിവേചനത്തിന്റെ മതിൽ പണിതത് ? അടിസ്ഥാനപരമായി ദാരിദ്രമല്ലേ മനുഷ്യരെ അതിജീവനത്തിന്‍റെ പുതിയ ഇടം തേടി ഇങ്ങനെ പാലായനം ചെയ്യിക്കുന്നത് എന്നൊക്കെ ആലോചിച്ചങ്ങനെ ഇരുന്നപ്പഴേയ്ക്ക് ബസ് കീഴ്പ്പള്ളിയെത്തി .വീടിന്‍റെ നടക്കല്ല് കയറിയപ്പഴേ വീട്ടിൽ വല്ല്യപ്പച്ചി പോത്തറച്ചി വെട്ടുന്നതിന്‍റെ തട്ടും മുട്ടും കേൾക്കാം .അപ്പോഴാണ് വീണ്ടും ഓർത്തത് ഇന്ന് ഞായറാഴ്ചയാണെന്ന്. എല്ലാവരും ഇടവക പള്ളിൽ കുർബാനയ്ക്കു പോയിരിക്കുവാണ്. വല്ല്യപ്പച്ചൻ,പിന്നെ പണി പെട്ടന്ന് കഴിക്കാൻ അതിരാവിലെ കുർബാന തുടങ്ങുകയും വേഗം തീരുകയും ചെയ്യുന്ന വീടിന് തൊട്ടടുത്തുള്ള ലത്തീൻ പള്ളിലെ പോകു . അതാകുമ്പോൾ കുർബാന പെട്ടന്ന് തീർത്ത് ,എല്ലാവരും വരുന്നെന് മുന്നേ ഹൈദ്രോസ്‌ക്കാ പോത്തിനെ വെട്ടുന്നിടത്തു
പോയി,അധികം ലൈൻ നിൽക്കാതെ നല്ല മിഴുമിഴാന്നുള്ള ഇറച്ചിയും മേടിച്ചു വീട്ടിൽ വരാം .
” കട്ടൻകാപ്പിയെടുക്കട്ടെടാ? ”, ഇറച്ചിടൊപ്പം കയറിക്കൂടിയ കൊറക് എല്ല് നുറുക്കുന്നതിനിടയിൽ വല്ല്യപ്പച്ചി ചോദിച്ചു .
”ഇപ്പ വേണ്ട, പിന്നെ ഞാനെടുത്തോളാം”
”ഞാനാ നാറിയോട് ,കൊറകെല്ലിടല്ലെന്നു പറഞ്ഞതാ ”,വല്ല്യപ്പച്ചിടെ വെട്ടലിനൊച്ച കൂടി .
പോത്തറിച്ചി കപ്പയും കൂട്ടി ഒരു പിടി പിടിച്ചിട്ട് വല്ല്യപ്പച്ചി കൈതയ്ക്കന്‍റെ മല കയറും .കൂട്ടുകാരോടുപ്പം ഗുലാം പരിശു കളിക്കാൻ . അത് എല്ലാ ഞായറാഴ്ചയുമുള്ള ശീലമാണ് . കളിയിൽ വല്ല്യപ്പച്ചൻ അത്ര മോശമല്ല .നല്ല വൈബുള്ള കളിക്കാരനാണ് .കൂടെ കളിക്കാൻ പുനത്തികുട്ടി ഔദ ചേട്ടനൂടെ ഉണ്ടെങ്കിൽ എതിരെ കളിക്കുന്നവർ ഒന്ന് ബലം പിടിക്കും . അത്രയ്ക്ക് കട്ട കോംബോയാണ് രണ്ടാളും . പള്ളിൽ പോയ്യിട്ട് ഭാര്യ ട്രീസയും ,മകൻ ആൽബിനും ,ചാച്ചനും,അമ്മയും വരുന്നതിനു മുന്നേ വല്ല്യപ്പച്ചന്റെ ഇറച്ചി വെട്ടിന്‍റെ പതിഞ്ഞ താളത്തിൽ ജേക്കബ് നൈറ്റ് ഡ്യൂട്ടിയുടെ ക്ഷീണത്തിൽ മയക്കം പിടിച്ചു . ഉറക്കത്തിൽ കാഴ്ചയുടെ വേറൊരു ലോകം പൊടുന്നനെ പൊട്ടി വീണു . അതിൽ ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേയ്ക്കു കെട്ടിയ ഒരു നൂൽപ്പാലം ജേക്കബ് വ്യക്തമായി കണ്ടു . ആ പാലത്തിൽ ഒരുപാട് പേരുണ്ട് . എല്ലാവരും ഭയം ഘനീഭവിച്ച മുഖത്തോടെ ഓരോ സ്റ്റെപ്പും പതിയെ പറിച്ചെടുത്തു മുന്നോട്ടു പോകുകയാണ് . കുറച്ചു കൂടി അടുത്തേയ്ക്കു ചെന്നപ്പോൾ ആളുകളിൽ ചിലരെ വ്യക്തമായി കാണാനാവുന്നുണ്ട് റഹീമും, ഉമ്മയും, വല്ല്യമ്മയും .പകുതി എത്തിയപ്പഴേയ്ക്ക് പെട്ടന്ന് വലിയൊരു പ്രകമ്പനത്തോടെ പാലം പൊട്ടി വീണ ഒച്ചയിലാണ് ജേക്കബ് ചാടി എണീറ്റത് .അപ്പോൾ നേരത്തത്തെക്കാൾ ഉച്ചത്തിൽ ഇറച്ചി വെട്ടിന്‍റെ മുഴക്കം ചെവിയിൽ പതിച്ചു . വിയർത്തു കുളിച്ച ബനിയൻ ഊരി കട്ടിലിന്‍റെ കാൽക്കലേക്ക് എറിഞ്ഞിട്ടു,അയാൾ വീണ്ടും മുറിഞ്ഞു പോയ ഉറക്കത്തെ തിരിച്ചു പിടിക്കാൻ ബെഡിൽ ചുരുണ്ടു .
പിറ്റേന്ന് ഡ്യൂട്ടിക്ക് ചെല്ലുമ്പോൾ റഹിം, അയാളുടെ വരവ് കാത്തിരിക്കുന്നപോലെ താടിക്കു രണ്ടു കയ്യും കൊടുത്തു വരാന്തയുടെ നടക്കല്ലിൽ തന്നെ ഇരിപ്പുണ്ട് .ഡ്യൂട്ടിക്ക് കേറാൻ വൈകിയത് കൊണ്ട് ഉച്ചയ്ക്ക് കാണാമെന്നു അവന് മനസിലാകുന്ന രീതിയിൽ പറഞ്ഞൊപ്പിച്ചിട്ട് ,വേഗം ജോലിചെയ്യുന്ന പ്രീയോപ്പറേറ്റീവ് വാർഡിലേക്ക് നടന്നു .
ഉച്ചയ്ക്ക് ഗോപിയേട്ടന്‍റെ തട്ടുകടയിൽ ഇരുന്ന് അവനോടൊപ്പം ചപ്പാത്തി തിന്നുമ്പോൾ അയാൾ ,അവന്‍റെ മുഖം ശ്രദ്ധിച്ചു .കഴിഞ്ഞ തവണ ഇല്ലാതിരുന്ന ഉത്സാഹമുണ്ടിന്ന് .അപ്പോൾ ധനുമാസത്തിലെ ചെറിയ ചൂടിലേക്ക് യാതൊരു പ്രതീക്ഷയും തരാതെ ഒരു മഴ വന്നു പതിച്ചു .തട്ടുകടയുടെ ടാർപോളിന് അടിയിലേക്ക് അയാളും അവനും ചേർന്നിരുന്നു.അവന്‍റെ മനസിൽ എന്തോയൊരു സുരക്ഷിതത്വ ബോധം വന്നതുപോലെ അവൻ അയാളെ ആർദ്രമായി നോക്കി . അയാൾ,അപ്പോൾ ചെറുതായി പുഞ്ചിരിച്ചു .അവനും പുഞ്ചിരിച്ചു .അത്ര ശക്തിയില്ലാത്ത മഴയാണ് . കാറ്റൊന്ന് ആഞ്ഞു വീശിയാൽ പിടിച്ചു നിൽക്കാൻ ത്രാണി ഉണ്ടെന്നു തോന്നുന്നില്ല . റഹിം ,മഴയെയും ,മുന്നിൽ ടാർപോളിനിൽ കെട്ടിനിന്ന വെള്ളം കമ്പുകൊണ്ട് കുത്തിക്കളയാൻ വന്ന ഗോപിയേട്ടനെയും ഒന്ന് പാളി നോക്കിയിട്ടു പാത്രത്തിൽ അവശേഷിച്ച ഉരുളകിഴങ്ങു കറിയുടെ ചാറ് ചൂണ്ടു വിരലിൽ വടിച്ചെടുത്തു നാക്കിൽ വച്ച്, അതിന്‍റെ എരുവ് പിടിച്ചത് പോലെ നാവു നുണഞ്ഞു . സ്കൂളിൽ പോയിരുന്നെകിൽ ഇവനിപ്പോൾ ആൽബിന്‍റെ ക്ളാസിലായിരുന്നേനെയെന്ന് അയാൾ അപ്പോൾ ഓർത്തു . തിരിച്ചു ഡ്യൂട്ടിക്ക് കേറാൻ ഇനിയും സമയമുള്ളതുകൊണ്ട് അവനോടൊപ്പം ഹോസ്പിറ്റൽ വരാന്തയുടെ നടക്കല്ലിൽ ഇരുന്നു .ഇടയ്ക്കു അവന്‍റെ പഴയ കാലത്തെ കുറിച്ച് ചോദിച്ചപ്പോൾ മറുപടിയായി അവന്‍റെ കണ്ണ് നിറഞ്ഞു . ഉള്ളിലെവിടെയോ മറക്കാനാവാത്ത വേദനയുടെ ഒരദ്ധ്യായം ഏങ്ങലടിയുടെ അലകൾ തീർക്കുന്നപോലെ തോന്നി . ബാപ്പയെ കുറിച്ച് ചോദിച്ചപ്പോൾ അവൻ കണ്ണുകൾ തുടച്ചിട്ട് പറഞ്ഞു :
” ചലഗയാ ,മാംനെ ഭോലാതാ നയിയാവുഗാ ”
പറഞ്ഞു തീരുന്നതിനു മുന്നേ അവന്‍റെ കണ്ണ് വീണ്ടും നിറഞ്ഞു . ഇനിയൊന്നും കൂടുതൽ ചോദിച്ചു അവനെ വിഷമിപ്പിക്കുന്നില്ലാന്നു ഉറച്ചു അയാൾ, അവന്‍റെ മനസ്സു മാറ്റാനെന്നപോലെ അരമതിലിനു പുറത്തെ കൈ തെങ്ങിൽ കൈ വീശി മാടി വിളിച്ചുകൊണ്ട് കാറ്റത്താടിയ ഓലയെ നോക്കികൊണ്ട് ചോദിച്ചു:
” ബേട്ടാ,നാരിയൽക്കാ പട്ടാ..പമ്പരം പസന്ത് ഹെയാപ് ?”
പമ്പരത്തിന്‍റെ ഹിന്ദി വാക്ക് അത്ര പിയില്ലാരുന്നതുകൊണ്ടു സംശയിച്ചു, തപ്പി തടഞ്ഞാണ് പറഞ്ഞത് . അവന് കാര്യം പിടികിട്ടി .അവന്‍റെ കരഞ്ഞു കലങ്ങിയ കണ്ണുകളിൽ തെളിച്ചം വന്നു.സ്വപ്നങ്ങളുടെയും മോഹങ്ങളുടെയും ലാഞ്ചന നിറഞ്ഞ ഒരു ചിരി അവന്‍റെ കറ പിടിച്ച കവിളുകളിൽ നങ്കുരമിട്ടു .
”ഉം ”
റഹിമിനും അൽപ്പം ഹിന്ദി അറിയാവുന്നത് വലിയ ഉപകാരമായെന്ന് ചിന്തിച്ചുകൊണ്ട് ജേക്കബ്, തെങ്ങിൽ ഞാന്നു കിടന്ന ഒരു ഓല പിഴുതെടുത്ത് , നാല് സൈഡിലേക്കും നീണ്ടു നിൽക്കുന്നപോലെ ഓല അങ്ങോട്ടും ഇങ്ങോട്ടും മടക്കി,നടുക്ക് ഇറക്കലി കുത്തി കാറ്റിനെതിരെ വീശി . ഓല കാറ്റാടി പോലെ കറങ്ങുന്നതു കണ്ടു അവൻ തുള്ളിച്ചാടി . അവൻ ഓല പമ്പരം കൊണ്ട് ഹോസ്പിറ്റൽ മുറ്റം വലം വക്കുന്നത് നോക്കി ചിരിച്ചു കൊണ്ട് ജേക്കബ് തിടുക്കത്തിൽ ഹോസ്പിറ്റലിനുള്ളിലേക്ക് നടന്നു .
പിറ്റേന്ന്,വെളിമാനം പള്ളിലെ പെരുന്നാളായിരുന്നു . വല്ല്യപ്പച്ചിയും അച്ചാച്ചനും നേരത്തെ പോയി . വല്ല്യപ്പച്ചിയുടെ ലക്ഷ്യം കുട്ടുകാരെ കിട്ടിയാൽ മാറി എവിടെയേലും ഇരുന്ന് ഒതുക്കത്തിൽ രണ്ടെണ്ണം കീറി , ഗുലാം പരിശു കളിക്കലിനപ്പുറമൊന്നുയില്ല. അച്ചാച്ചന് കമ്പം കൊട്ടി കേറുന്ന ബാന്റ് മേളത്തിനോടും, വെടികെട്ടിനോടുമാണ്. പണ്ട്, ചെറുപ്പത്തിൽ, കാവറു കാണിക്കാൻ ചാച്ചൻ തന്നെയും തോളിൽ എടുത്തു, കാട് കയറി ഓടംതോട് പെരുന്നാളിന് പോയ ആ രാത്രി പെട്ടന്ന് മനസ്സിന്‍റെ പടി കയറി വന്നു .ആ കാലം പിന്നിട്ട് , ഇപ്പോൾ ഇവിടെ എത്തി നിൽക്കുമ്പോൾ ഒന്ന് ബോധ്യമാകുന്നു;ചെറുപ്പമെന്ന് പറയുന്നത് തന്നെ ആഗ്രഹങ്ങളുടെ ഒരു കാലമാണ് . അപ്പോൾ അയാൾ റഹിന്‍റെ കാര്യം ഓർത്തു . മനസ്സിൽ ഒരുപാട് കുഞ്ഞു കുഞ്ഞു ആഗ്രഹങ്ങൾ ഉണ്ടായിട്ടും അതൊന്നും സാധിച്ചു തരാൻ ആരും ഇല്ലാണ്ടായാൽ ? അതൊരു വല്ലാത്ത അവസ്ഥയാണ് !.
തുടരെത്തുടരെ ഉണ്ടായ ഗതാഗത കുരുക്കിൽ പെട്ട് അവസാനം ബസിറങ്ങി വീട്ടിൽ എത്തുമ്പോഴേക്ക് പ്രദിക്ഷണം അന്തോനീസ് പുണ്യാളന്‍റെ കപ്പേളയിൽ എത്തിയതിന്‍റെ വെടിക്കെട്ടും കുട്ടമണിയും കേട്ടു. നേരത്തെ വന്ന് കഴുന്ന് എടുക്കണുന്ന് അമ്മ ഓർമ്മിപ്പിച്ചതാണ് പക്ഷെ ഹോപിറ്റലിൽ പതിവിലും കൂടുതലിന്ന് തിരക്കായിരുന്നതുകൊണ്ടു ഹാൻഡ് ഓവർ കൊടുത്തു ഇറങ്ങിപ്പഴേയ്ക്ക് താമസിച്ചു. ജേക്കബ് ,പള്ളി പറമ്പിൽ എത്തിയപ്പഴേയ്ക്കും പ്രദിക്ഷണം തിരിച്ചെത്തി,വെടി മരുന്ന് പ്രകടനം കാണാൻ ആളുകൾ വട്ടം കൂടി നിൽപ്പ് തുടങ്ങി .ആൽബിനെ അധികം തിരയേണ്ടി വന്നില്ല . തന്‍റെ വരവ് കാത്തു നിൽക്കുന്നപോലെ അച്ചാച്ചൻ മേടിച്ചു കൊടുത്ത ലോറിയുടെ ഹോൺ അടിച്ചുകൊണ്ട് ആൾക്കൂട്ടത്തിലേക്കു വന്നു ചേരുന്നതിനു മുൻപിൽ തന്നെയുണ്ട് .
”ചേട്ടാ അവന് കീ കൊടുമ്പോ ഓടുന്ന വിമാനം കൂടി വേണുന്ന്”
ട്രീസ പറഞ്ഞപ്പോൾ,തൊട്ടടുത്തു നിരനിരയായുള്ള കളിക്കോപ്പു കടയിലേക്കു ചൂണ്ടിക്കൊണ്ട് ആൽബിൻ പറഞ്ഞു;
” പപ്പാ ദോണ്ടേ അവിടെയുണ്ട് ”
” മേടിക്കാന്നെ”
അയാൾ അവന്‍റെ കൈ പിടിച്ചു പോകാൻ ഒരുങ്ങിയപ്പോൾ ട്രീസ പറഞ്ഞു ;
”വേഗം ചെല്ല് ഇപ്പത്തന്നെ ലൈറ്റൊക്കെ ഓഫാകും, വെടി കെട്ട് തൊടങ്ങാറായി”
” കിത്തനെ കിത്തനെ എന്നാ കിത്തനെ നിന്‍റെടുത്തെത്ര കാശുണ്ടന്നാദ്യം പറ ”
കടക്കാരന്‍റെ കലിച്ചുള്ള വർത്താനം കേട്ടുകൊണ്ട് ജേക്കബ് തിരിഞ്ഞു നോക്കി .
” കയ്യിലൊരു കുക്കേംയില്ല , എന്നിട്ടാവൻ വിലചോദിക്കാൻ നടക്കുന്നെ പോടാ ”
ആ കുട്ടി വിഷമത്തോടെ പോകാൻ തിരിഞ്ഞപ്പഴാണ് ജേക്കബ് അവന്‍റെ മുഖം ശ്രദ്ധിച്ചത് .റഹിം !.അവന്‍റെ ദേഹത്തുന്നു കണ്ണ് പറിക്കാതെ ആൽബിൻ എടുത്ത വിമാനത്തിന് പണം കൊടുത്തോണ്ടിരിക്കുമ്പോൾ പൊടുന്നനെ ലൈറ്റുകളെല്ലാം ഒളിച്ചു . വെടിക്കെട്ടിന്റെ സ്ട്രാറ്റർ ആകാശത്തു പൊട്ടി ചിതറി. അതിന്‍റെ വെളിച്ചം പകല് പോലെ പടന്നപ്പോൾ അയാൾ റഹിമിനെ തിരഞ്ഞു.എന്നാലും,ഈ ചെക്കൻ ആകാശത്തു മിന്നി മറയുന്ന പൂത്തിരി പോലെ എവിടെയാണ് മിന്നി മറഞ്ഞത് . ഒന്നിന് പുറകെയൊന്നായി പൊട്ടി വിരിഞ്ഞ വർണ്ണ പൂത്തിരിയുടെ വെളിച്ചത്തിൽ അവിടെയൊക്കെ തിരഞ്ഞിട്ടും അവനെ കാണാനില്ല. കളിക്കോപ്പു കടയുടെ മുന്നിലൂടെ രണ്ടുമൂന്നു പ്രാവശ്യം പോകുന്നതു കണ്ട് ചെട്ടിയാര് ചോദിച്ചു
” ചേട്ടാ ഓർമ്മയുണ്ടോ ”
അത് കേട്ട് അയാൾ ചിരിച്ചു . അച്ചാച്ചനെക്കാൾ മൂത്തതാണ് എന്നാലും ബഹുമാനകലർന്ന ചേട്ടാ വിളി ചെട്ടിയാര് ഒഴുവാക്കില്ല. സെബസ്ത്യാനോസ് പുണ്യയാളന്‍റെ പെരുന്നാളിന് മായാത്ത മുഖമാണ് ചെട്ടിയാരുടെത്. കളിക്കോപ്പുകളും,വളകളും അടുക്കി വച്ച തട്ടിനടിയിലാണ് പെരുന്നാള് മൂക്കുന്ന അവസാനത്തെ രണ്ടു ദിവസം ചെട്ടിയാരുടെയും കെട്ടിയോളുടെയും ലോകം. ഇതിന്‍റെ കൂടെ പണ്ട് ചാരായ വാറ്റും ഉണ്ടാരുന്നെന്നു കേട്ടിട്ടുണ്ട് . ഒരിക്കൽ പള്ളി പറമ്പിന്ന് പോലീസ് പിടിച്ചെ പിന്നെ അത് നിർത്തി .പിന്നത്തെ വർഷം പള്ളി കമ്മിറ്റി ഒരു തവണ പെരുന്നാളിന് വിലക്കും ഏർപ്പെടുത്തിരുന്നു .
” ചേട്ടാ ഇത് വേണോ ”
അയാൾ റഹിം എടുത്ത കളിക്കോപ്പിലേക്കു തന്നെ തുറിച്ചു നോക്കുന്നത് കണ്ടു ചെട്ടിയാര് ചോദിച്ചു .
” കാശ് കുറച്ചു താരന്നെ”
റഹീമിന്‍റെ അതെ പ്രായം തോന്നിക്കുന്ന ഒരു പയ്യൻ ഓടിക്കുന്ന മോട്ടോർ ബൈക്ക്! .പയ്യന്‍റെ മുഖത്തെ ചിരി ജേക്കബ് ശ്രദ്ധിച്ചു . അപ്പോൾ ആകാശത്തു പൊട്ടി വീണ,മുൻപ് ഒരിക്കലും കണ്ടിട്ടില്ലാത്ത തരത്തിലുള്ള ആ അമിട്ട് ഒരു പ്രത്യേകതരം വെളിച്ചത്തിന്‍റെ കീറ് ആകാശത്തു വരഞ്ഞിട്ടു . അതിന്‍റെ വെളിച്ചം ,മോട്ടോർ ബൈക്കിനു മുകളിലെ പയ്യന്‍റെ മുഖത്തും പടരുന്നു . അവന്‍റെ തിളങ്ങുന്ന ചിരിക്കൊരു പ്രത്യേക ഭംഗിയുണ്ടെന്നു ജേക്കബിന് അപ്പോൾ തോന്നി .
” ഇത് കണ്ടോ ചേട്ടാ ,കീ കൊടുത്താ ഒച്ചയുണ്ടാക്കികൊണ്ടോടും ”, ചെട്ടിയാര് പറഞ്ഞിട്ട് ,പല വർണ്ണത്തിലുള്ള കുപ്പിവളകൾ അടുക്കി വച്ച പലകേടെ സൈഡികൂടെ ഓടിക്കാൻ തുടങ്ങി. ജേക്കബ് അത് കൈയിലെടുത്തു തിരിച്ചും മറിച്ചും നോക്കി .അപ്പോൾ തൊട്ടു മുൻപ് ഈ കളിക്കോപ്പുകളുടെ വില മാറി മാറി ചോദിച്ച റഹീമിനെ പരിഹസിച്ചു കൊണ്ട് ചെട്ടിയാര് ഹിന്ദിയിലും മലയാളത്തിലും കൂടി എന്തോ പറഞ്ഞു . പറഞ്ഞത് ദഹിക്കാത്ത മട്ടിൽ ജേക്കബ് ചുണ്ടു ഇടത്തോട്ട് കോടിച്ചുകൊണ്ടു വേഗം പറഞ്ഞ പണം നീട്ടിയപ്പോൾ ചെട്ടിയാർക്കു കാര്യം പിടികിട്ടി . ചെട്ടിയാര്,പറച്ചിൽ നിർത്തി,പണം മേടിച്ചപ്പോൾ ആകാശത്തു കൂട്ടം തെറ്റിയ ഒരു കുതിരവാലൻ കരിമേഘ കൂട്ടത്തിലേക്കു മിന്നായം പോലെ പാഞ്ഞു . ഇത് അവനു കൊടുക്കണം വെടിക്കെട്ടു കഴിഞ്ഞു ലൈറ്റ് തെളിയുമ്പോൾ അവൻ ഇവിടെ എവിടേലും കാണാതിരിക്കില്ല .പുറകെ,പൊട്ടി വിരിഞ്ഞ കളർ കോടൻ ആകാശത്തു കളർ മഴ പെയ്യിച്ചപ്പോൾ അതുവരെ ആൽബിനെ മടിയിലിരുത്തി ആലസ്യത്തോടെ കണ്ടിരുന്ന ചാച്ചൻ ‘ഉയിന്റാപ്പോ’ ന്ന് വിളിച്ചുകൊണ്ട് എണിറ്റു പോയി .
വെടികെട്ട് ഒഴിഞ്ഞ ആകാശം യുദ്ധ ഭൂമിയിലെ മാനം പോലെ കറുത്ത് കരുവാളിച്ചു കിടന്നു . ആളുകൾ കൂട്ടം തെറ്റി തുടങ്ങിയപ്പോൾ ജേക്കബ് അവനെ തിരയാൻ തുടങ്ങി .എങ്ങും കാണാഞ്ഞ് ഇനി എന്ത് ചെയ്യുമെന്ന് വിചാരിച്ചു നിൽക്കുമ്പോൾ ആൽബിൻ വന്നു കയ്യിൽ തൂങ്ങി.ജേക്കബിന്‍റെ കയ്യിലെ പൊതി കണ്ട് അവനിൽ ആകാംഷ ജനിച്ചു ;
” ഇതെന്നാ പപ്പ ?,എനിക്കാണോ?”
” അല്ല മോനെ ,ഇത് വേറൊരാക്കു വേണ്ടി മേടിച്ചയൊരു സാധനാ ”
പൊതിക്കുള്ളിലേത് കളിക്കോപ്പ് അല്ലെന്നു കള്ളം പറഞ്ഞിട്ടും അവൻ വിടാൻ ഭാവം ഉണ്ടായില്ല . ആൽബിൻ അങ്ങനെയാണ് എത്ര കളിക്കോപ്പ് കിട്ടിയാലും പിന്നേം പിന്നേം വേണം . ഇത് കൊടുത്തിട്ട് വേറൊന്നു മേടിക്കാന്ന് വച്ചാ, കടിയിൽ ഇനി ഇതുപോലെ വേറൊന്നില്ല .എന്തായാലും ഭാഗ്യത്തിന് വല്ല്യപ്പച്ചിയുടെ കയ്യിൽ ഇരുന്ന മങ്കി ബലൂൺ അവന്‍റെ ശ്രദ്ധ തിരിച്ചു . അവൻ,അത് മേടിച്ചു ,വല്ല്യപ്പച്ചിടെ തോളിൽ ചാടി കേറി .
കുറച്ചു ദിവസത്തെ അവധി കഴിഞ്ഞു ഹോസ്പിറ്റലിൽ എത്തിയപ്പോൾ, ജേക്കബ് തിരുമാനിച്ചുറച്ചതുപോലെ റഹീമിന്‍റെ അമ്മ കിടന്ന വാർഡിൽ നിന്ന് അവന്‍റെ വീട്ട് അഡ്രസ് സംഘടപ്പിച്ചു . പരിചയുള്ള വീടാണ് . സുകുമാരൻ നായരുടെ പഴയ വീട് . സുകുമാരൻ നായരുടെ മോൻ കാനഡയിൽ പോയി പുത്തൻ കാശുണ്ടാക്കി,ആഡംബരത്തിൽ കടഞ്ഞെടുത്ത പുതിയ ഒരു ആധുനിക നാല് കെട്ട് പണിതപ്പോൾ,പഴയ കട്ട പുരെന്ന് നാല് പറമ്പ് അപ്പുറത്തുള്ള പുത്തൻ വീട്ടിലേക്കു കേറി കൂടുന്നന്ന് വിളിച്ചതാണ് . വല്ല്യപ്പച്ചിയും,ചാച്ചനും പോകുകയും ചെയ്തു .സുകുമാരൻ നായരുടെ പഴയ കാലം വിളിച്ചു പറയുന്ന കട്ട പുരയുടെ അഴിക്കുള്ളിലൂടെ ജേക്കബ് അകത്തേക്ക് നോക്കിയപ്പോൾ ആരെയും കാണാനില്ല . ഡോറിൽ ഒന്ന് രണ്ടു തവണ മുട്ടിയപ്പോൾ മുൻപൊരിക്കലും കണ്ടിട്ടില്ലാത്ത ഒരു ചെറുപ്പക്കാരി സ്ത്രി പുറത്തേക്ക് വന്നു . ഇവർ ഏതായാലും ഉത്തരേന്ത്യക്കാരി അല്ലെന്നു ഒറ്റ നോട്ടത്തിൽ മനസിലായി.
” ഇവിടിയല്ലേ ഒരു റാഹിമെന്നു പേരുള്ളയൊരു കുട്ടിയൊക്കെയുള്ളയൊരു ബംഗാളി ഫാമിലി താമസിക്കുന്നെ ”
അത് കേട്ടു കാര്യം മനസിലാകാത്തപോലെ അവൾ കണ്ണുകൾ വിടർത്തി :
” അങ്ങനെയാരുയിവിടില്ലല്ലോ , ഞങ്ങളിവിടെ വന്നിട്ടിപ്പം രണ്ടുസായി ,ഇനി അതിനു മുന്നേയാരെങ്കിലും ഉണ്ടാരുന്നോന്നറിയില്ല”
അപ്പോൾ മുകളിലത്തെ റബർ തോട്ടത്തിൽ നിന്ന് മുറ്റത്തേയ്ക്ക് കുമ്പിട്ടു കിടന്ന പേരയുടെ കൊമ്പിൽ പിടിച്ചു,കയ്യിൽ ഒരു നീളൻ റബർ കത്തിയുമായി സുകുമാരൻ നായർ അവിടേയ്ക്കു വന്നു
” അവരെ ഇവിടുന്നു ഓടിച്ചു വിട്ടു കേട്ടോ . അവരെന്നാ..വല്ല കുഴപ്പോം ഉണ്ടാക്കിയോ ? ”
ജേക്കബ് മറുപടി പറയാതെ മരവിച്ചു നിന്നു.
” വാടക തരിയേലന്ന് , ചെക്കനീടുന്ന് തേങ്ങാ കട്ട് തിന്നുന്നുണ്ടോനൊരു സംശയുണ്ട് ”
”വിശന്നിട്ടാരിക്കും ”,ഉള്ളിൽ പെട്ടന്ന് വന്ന സങ്കടത്തിൽ ജേക്കബ് പറഞ്ഞു പോയി .
” ഉവ്വ എന്നാ വീട്ടിലേക്കു കൂട്ടിക്കോ” ,പറഞ്ഞതിഷ്ടപ്പെടാതെ,സുകുമാരൻ നായർ റബർ കത്തി കിണറിന്‍റെ അരമതിലിൽ വച്ചിട്ട്, കൈയിലെ ഒട്ടുവാല് പറിച്ചു കൊണ്ട് പറഞ്ഞു :
”പുതിയെ പൗരത്വ നിയമൊക്കെ അറിയാലോ ? ബെങ്കാളിയാ ,സർട്ടിപ്പിക്കറ്റും കോപ്പൊന്നുണ്ടാകിയേല .ചിലപ്പോ ബെഗ്ലാദേശിന്ന് വലിഞ്ഞു കേറീതായിരിക്കും ”, പറഞ്ഞിട്ട് ഇടതു കൈയിലെ തടിച്ച മോദിരത്തിന് താഴത്തെ രോമകൂട്ടത്തിൽ ബലത്തിൽ പിടിച്ചിരുന്ന ഓട്ടുപാല് പറിച്ചെടുത്തപ്പോൾ വേദനകൊണ്ടു സുകുമാരൻ നായർ ‘ ആ ‘യെന്നു ചെറുതായി നിലവിളിച്ചു പോയി .
” ഓട്ടുപാല് കയ്യിലിരുന്നു വല്ലാണ്ടുണങ്ങിയാ പറിച്ചുകളയാൻ പാടാ ” , അയാൾ ജേക്കബിന് നേരെ ഒരു നോട്ടം എറിഞ്ഞിട്ട്, അരകെട്ടിന്ന് സിഗരറ്റു എടുത്തു കത്തിച്ചു .
”അവര് തിരിച്ചു ബംഗാളിലോട്ടെങ്ങാണ്ട് പോയന്നാ കേട്ടെ,വല്ല വഴിക്കും പോട്ടെ”
അപ്പോൾ ആ സ്ത്രി കുപ്പിഗ്ലാസ്സിൽ രണ്ടു കട്ടൻ ചായയുമായി അവിടെക്ക് വന്നു . ജേക്കബ് മേടിക്കാൻ കൂട്ടാക്കാതെ തിരിഞ്ഞു നടന്നു . അപ്പോൾ സുകുമാരൻ നായരുടെ ഒച്ച പുറകെ വന്നു :
” എന്നാ കാര്യോന്നു പറഞ്ഞില്ലല്ലോ ?”
അയാൾ തിരിഞ്ഞു നോക്കാതെ കയ്യാല മാട്ടയിൽ നിന്നു നടവഴിലയിലേക്കു പടർന്നു കിടന്ന നഞ്ചു മരത്തെ പിന്നിലാക്കി മുന്നോട്ടു നടന്നു .നടവഴിയിലെ കല്ലിൻ കുട്ടത്തിൽ തെറിച്ചു വീണു കിടന്ന നഞ്ചുകായിൽ ഒന്നിൽ ചവിട്ടി കാൽ ഇടറാൻ പോയെങ്കിലും വീഴാതെ ബാലൻസ് ചെയ്തു.അപ്പോൾ കയ്യിൽ ഇരുന്ന പൊതി പിടി വിട്ട്,നിലത്തേക്ക് വീണു . നഞ്ചിൻ കായ്‌കളുടെ നടുവിൽ വീണു കിടക്കുന്ന ആ കാളിപാട്ടത്തിലേക്കു ജേക്കബ് സൂക്ഷിച്ചു നോക്കി.റഹീമിന്‍റെ പ്രായമുള്ള മോട്ടോർ ബൈക്ക് ഓടിക്കുന്ന ആ കുട്ടിയുടെ മുഖത്തെ ചിരിക്കു മങ്ങലേറ്റത് അപ്പോൾ ജേക്കബ് ശ്രദ്ധിച്ചു .കളിപ്പാട്ടം കൈയിൽ എടുത്ത് ,പെട്ടന്ന് അപരിചിതമായി പോയ ആ ഇടവഴിയിലൂടെയും, മനുഷ്യരിലൂടെയും മുന്നോട്ടു നടക്കുബോൾ, ഒരു നഴ്‌സ് എന്ന നിലയിൽ മുൻപൊരുപാട് ആർദ്രമായ സന്ദർഭങ്ങളിലൂടെ കടന്നുപോയിട്ടുണ്ടെങ്കിലും അന്നാദ്യമായി അയാൾ പതറി.
കടപ്പാട് ദീപിക
About The Author
No related posts.