LIMA WORLD LIBRARY

“ബലിയാടുകൾ ” (നോവൽ) ( പാലാത്ര പബ്ലിക്കേഷൻസ്, തിരുവഞ്ചൂർ )

എബി പാലാത്രയുടെ ബലിയാടുകൾ എന്ന നോവലിൻറെ രണ്ടാം പതിപ്പാണിത്. ഒരു നോവലിൻറെ രണ്ടാം പതിപ്പ് ഇറക്കുന്നത് വായനക്കാരുടെ സ്വീകാര്യതയാണ് കാണിക്കുന്നത്.

ഭാരത സംസ്കാരത്തിൽ ഊന്നിയ സാമുദായിക മത സൗഹാർദ്ദം നോവലിൻറെ പ്രമേയത്തെ കൂടുതൽ അർത്ഥസമ്പുഷ്ടമാക്കണം എന്ന് നോവലിസ്റ്റ് കരുതുന്നു.

വാക്കുകൾ മധുരതരമായി ഉപയോഗിക്കാനും ഒരേ ഒഴുക്കിൽ വായനക്കാരന് വായിച്ചു പോകാനും കഴിയുന്ന ശൈലിയും ഉണ്ടെങ്കിലേ ഒരു നോവലിന് വായനക്കാരെ ആകർഷിക്കാൻ കഴിയുകയുള്ളൂ.അത്തരം ഭാഷയും ശൈലിയും ഈ പുസ്തകത്തെ വായനാ സുഖമുള്ളതാക്കുന്നുണ്ട്.

സെമിത്തേരിയിലെ സിമൻറ് സ്ലാബിൽ ഇരിക്കുന്ന കണ്ണൻ, ലില്ലിയുടെ നോട്ട് പുസ്തകം വായിക്കുന്നതോടെ നോവൽ ആരംഭിക്കുന്നു.

കുടുംബത്തിലെ എല്ലാവരും ഇഷ്ടപ്പെടുന്ന ദ ലില്ലി എന്ന സുന്ദരിയായ പെൺകുട്ടിയുടെ ജീവിത കഥയാണ് നോവലിൽ അനാവരണം ചെയ്യപ്പെടുന്നത്. ലില്ലിയെ നല്ല രീതിയിൽ വിവാഹം കഴിപ്പിച്ച് അയക്കുകയാണ്. കുഞ്ഞുമോൻ എന്ന വ്യാപാരിയാണ് വരനായി വന്നുചേർന്നത്. മാതൃകാപരമായ ജീവിതമാണ് അവർ നയിക്കുന്നത്. കുഞ്ഞുമോന്റെ ജീവിതത്തിൽ വളരെയധികം മാറ്റങ്ങൾ ഉണ്ടാകുന്നു. ഇരുവരും ചേർന്ന് ധാരാളം ഭൗതികമായ നേട്ടങ്ങൾ ഉണ്ടാക്കുന്നുണ്ട്.

ഇതിനിടെ ഇടിത്തീ പോലെയാണ് അവരുടെ ജീവിതത്തിൽ ചില അസ്വസ്ഥതകൾ
ആൾ രൂപങ്ങളായി വളർന്നുവരുന്നത്.
അതോടെ ലില്ലി ഒരു ബലിയാടായി മാറുകയാണ് .ഏതൊരു അവസ്ഥയിലും സ്വന്തം ഭർത്താവിനെ തള്ളിപ്പറയാതെ അയാൾക്ക് വേണ്ടി എന്തും സഹിക്കാൻ തയ്യാറാകുന്ന ഉത്തമയായ സ്ത്രീയെയാണ് നാം കാണുന്നത്.

തന്റെതല്ലാത്ത കുട്ടികളെ സ്വന്തം കുട്ടികളെ പോലെ വളർത്തി അവർ ഉന്നതങ്ങളിൽ എത്താൻ വേണ്ടതെല്ലാം ചെയ്യുന്നുണ്ട്. അവരുടെ വളർച്ച കാണുമ്പോൾ ലില്ലി സന്തോഷവതി ആവുകയാണ്.

മനുഷ്യസഹജമായ ദൗർബല്യങ്ങൾ ആണ് കുഞ്ഞുമോന്റെയും അതുവഴി ലില്ലിയുടെയും ജീവിതവും തകരാറിലാക്കിയത് എന്ന് വേണമെങ്കിൽ പറയാം. എങ്കിലും പല സന്ദർഭങ്ങളിലും കുഞ്ഞുമോനോട് അങ്ങനെ അല്ല ഇങ്ങനെ ചെയ്യൂ എന്ന് പറയാൻ വായനക്കാരൻ വല്ലാതെ കൊതിച്ചു പോകും. അത് എഴുത്തുകാരന്റെ വിജയമായി കാണാനാകുന്നതാണ്.

ശരീരത്തിന്റെയും മനസ്സിന്റെയും വേദനകളെ ഒരുപോലെ കടിച്ചമർത്തി മുന്നോട്ടുപോകുന്ന ലില്ലി നമ്മുടെ മനസ്സിൽ എന്നും നിറഞ്ഞു നിൽക്കുന്ന വ്യക്തിത്വമുള്ള കഥാപാത്രമായി മാറുകയാണ്.

ഒരിക്കൽ കുട്ടികളുടെ കൂട്ടുകാർ വന്നപ്പോൾ അവരോടൊപ്പം ചെന്നിരിക്കുന്ന ലില്ലിയെ കണ്ണൻ കരണത്ത് ആഞ്ഞടിക്കുന്ന ദയനീയമായ ഒരു രംഗമുണ്ട്. എന്നാൽ അവൻ ജീവിതത്തിൽ എത്ര ഉയർന്നിട്ടും അങ്ങനെ ചെയ്തത് ശരിയല്ല എന്ന് ഒരിക്കൽ പോലും ചിന്തിച്ചു കാണുന്നില്ല. ഇത് വായനക്കാരുടെ മനസ്സിൽ ഒരു വിഷമം ആയി തന്നെ അവശേഷിക്കുന്നുണ്ട്.

സുമതി ജാനു തുടങ്ങിയ കഥാപാത്രങ്ങളെ വായനക്കാർ വല്ലാതെ വെറുത്തു പോകുന്നുണ്ട്.

മനസ്സിൽ നന്മയുള്ള തമ്പിക്കുഞ്ഞിനെപ്പോലുള്ള
ഏതാനും കഥാപാത്രങ്ങളും ഇതിൽ വന്നു പോകുന്നുണ്ട്.

ഏതായാലും വായനക്കാരുടെ മനസ്സിൽ തങ്ങി നിൽക്കുന്ന ജീവിത യാഥാർത്ഥ്യങ്ങളുമായി ഇണങ്ങിച്ചേരുന്ന ഹൃദയസ്പർശിയായ ഒരു നോവൽ രചിക്കുന്നതിൽ എബി പാലാത്ര വിജയിച്ചിരിക്കുന്നു എന്ന് പറയാം.

(വി ആർ നോയൽ രാജ്)

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px