ലണ്ടനിലെ വിടുഭോഷൻ കൊറോണ കോയിപ്പൻ.. കഥ.. കാരൂർ സോമൻ

Facebook
Twitter
WhatsApp
Email

ആകാശച്ചെരുവിൽ വെളിച്ചം മങ്ങിയ സമയം. എങ്ങും കൊറോണ വൈറസ് ഭീതിയിലാണ്. ലണ്ടനിൽ നിന്നെത്തിയ കോയി പറമ്പിലെ കോയിപ്പൻ എന്ന് വിളിപ്പേരുള്ള യാക്കൂബ് കൊറീത് വറീത് കാറുമായി റോഡിലിറങ്ങി. കർശന നിയമമുണ്ടായിട്ടും ഒരു സമൂഹത്തെ നശിപ്പിക്കാനിറങ്ങിയവരെ വെറുതെ വിടാൻ പോലീസ് തയ്യാറായില്ല. കാറുമായി മുന്നിലെത്തിയ കോയിപ്പൻ തന്റെ പൊങ്ങച്ചം പൊലീസിന് മുന്നിൽ എടുത്തു കാട്ടി. മാസ്‌ക് ധരിച്ചിട്ടില്ല. ഉടനടി പോലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോൾ ഇയാൾ വൈറസ് കുടുബത്തിലുള്ളതെന്ന് മനസ്സിലാക്കി. മുൻപ് ആലപ്പുഴയിൽ ധാരാളം കോഴികൾ വൈറസ് മൂലം ചത്തൊടുങ്ങിയിരുന്നു. കോഴിപറമ്പിലെ കോയിപ്പന്റെ പിതാവ് കൊറീതിനും ധാരാളം കോഴികളുണ്ടായിരുന്നു. ആരോഗ്യ വകുപ്പ് വൈറസ് കണ്ടെത്തിയത് കോഴിപറമ്പിലെ കോഴികൾക്കാണ്. കോഴികളെയെല്ലാം കൊന്നു കുഴിച്ചുമൂടി. ഇപ്പോൾ കൊറോണ പരത്താൻ മകനും ലണ്ടനിൽ നിന്നെത്തിയിരിക്കുന്നു.

കോയിപ്പൻ നാട്ടിലെത്തിയത് രോഗക്കിടക്കയിലുള്ള പിതാവിനെ കാണാനാണ്. ആ വരവിന് മറ്റൊരു ഉദ്ദേശവുമുണ്ട്. കോഴികളെ പരിപാലിച്ചിരുന്ന മനോജ് കോഴികൾക്കൊപ്പം കോഴിപ്പനി പിടിച്ചു് മരണപ്പെട്ടു. ആ കുടുംബത്തിന്റ എല്ലാം ഉത്തരവാദിത്വ൦ കുട്ടികളുടെ പഠനമെല്ലാം കോഴിപറമ്പൻ കൊറീത് ഏറ്റെടുത്തു. അതിനാൽ കേസിൽ നിന്ന് രക്ഷപ്പെട്ടു. കൊറിതിന്റ മകൻ കോയിപ്പൻ പിതാവറിയാതെ മനോജിന്റ് ഭാര്യ കുഞ്ഞുമോളുടെ ഉത്തരവാദിത്വ൦ ഏറ്റെടുത്തു. കോയിപ്പന്റെ മധുര സ്മരണയിൽ കഴിയുന്ന കുഞ്ഞുമോൾ കോഴിക്കാല് പൊരിച്ചു കാത്തിരിക്കുമ്പോഴാണ് പോലീസ് അറസ്റ്റ് ചെയ്തതറിഞ്ഞത്. ആ വാർത്ത അവളെ അഗാധ ചിന്തയിലേക്ക് വലിച്ചിഴച്ചു.

കോയിപ്പന്റെ കാറിൽ നിന്ന് പോലീസ് ഒരു ജോണി വാക്കർ വിസ്‌കിയെടുത്തു് തിരിച്ചും മറിച്ചും നോക്കി. നാട്ടിൽ വരുമ്പോഴൊക്കെ കോയിപ്പൻ ജോണിവാക്കറുടെ ജന്മനാട്ടിലെ കുപ്പികൾ കൊണ്ടുവരാറുണ്ട്. ലണ്ടനിലേതുപോലെ ചില മഞ്ഞപ്പത്ര ഓൺലൈൻകാർ മദ്യം മോന്താനും കോഴിക്കാലുകൾ കടിച്ചുകീറാനുമെത്താറുമുണ്ട്. ഒറ്റ ലക്ഷ്യമേ അയാൾക്കുള്ളു. പേര് സോഷ്യൽ മീഡിയയിൽ നിലനിർത്തണം. അതിനയാൾ ഫേസ് ബുക്കിൽ ബിരുദാനന്തര ബിരുദമെടുത്തിട്ടുണ്ട്. അയാൾക്ക് പൊരിച്ച കോഴിയും കുപ്പിയും കുഞ്ഞുമോളും വിലപ്പെട്ടതാണ്. പൊലീസ് മൊബൈൽ പരിശോധിച്ചു. ഇവൻ ഫേസ് ബുക്കിലെ മിന്നും താരമെന്ന്‌ മനസ്സിലാക്കി. പേജിലെ ചിലത് വായിച്ചു. മറ്റുള്ളവരുടെ കഴുത്തിൽ കത്തിവെക്കുന്ന പരാമർശങ്ങൾ, പരിഹാസങ്ങൾ. ലണ്ടനിൽ അടുത്തറിയുന്നർ ഇയാളെ കണ്ടാൽ ഒഴിഞ്ഞുമാറി പോകാറുണ്ട്. ലണ്ടനിൽ ഇയാൾ അറിയപ്പെടുന്നത് പരദൂഷണക്കാരൻ, വിടുഭോഷൻ, സ്ത്രീ പീഡകൻ, എരപ്പാളി, മറ്റുള്ളവരുടെ വളർച്ചയിൽ അസൂയയുള്ളവൻ എന്നൊക്കയാണ്. മലയാളി സംഘടനകൾ വിളിച്ചില്ലെങ്കിൽ നോട്ടീസിൽ പേരില്ലെങ്കിൽ ഇരച്ചുവിട്ട വാണംപോലെ ഫേസ് ബുക്കിൽ പരിഹസിക്കും. അതിനൊരിക്കൽ സംഘടന പ്രസിഡന്റ് മറുപടി കൊടുത്തത്. “കൂനൻ കുലുക്കിയാൽ ഗോപുരം കുലുങ്ങുമോ? ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത ഇവനാരാണ്? പേരുണ്ടാക്കാൻ നടത്തുന്ന തറവേലകൾ. ഫേസ് ബുക്കിനും നാണം തോന്നില്ലേ?

ഉത്തമ കൂട്ടുകാരൻ മനോജ് ഗംഗാധരൻ വീടിന് മുന്നിൽ പടിയടച്ചു പിണ്ഡം വെച്ചു. കാരണം മനോജിന്റ് ഭാര്യയോടുള്ള നിന്ദ്യമായ സമീപനം. മനോജ് പരിഹസിച്ചത്. ഇവൻ പഠിച്ച വിദ്യ പതിനെട്ടും മറ്റുള്ളവരെ പരിഹസിക്കാനും പാരവെക്കാനുമാണോ? മറ്റുള്ളവർക്കെതിരെ നടത്തുന്ന അധിക്ഷേപ കൂരമ്പുകൾ പോലീസ് വായിച്ചിട്ട് പറഞ്ഞു. “കുറെ വായിച്ചപ്പോൾ മനസ്സിലായി നീ ആർക്കും ഉപകാരമില്ലാത്ത ഒരു പാവം ഉപദ്രവകാരിയെന്നു. നീ മറ്റുള്ളവർക്ക് ഒരു കൊറോണ വൈറസ് തന്നെ”. തന്റെ തെറ്റുകൾ പൊറുക്കണമെന്ന് പോലീസിനോട് കേണപേക്ഷിച്ചെങ്കിലും പോലീസുകാരൻ കണ്ണു കുർപ്പിച്ചു് വെറുപ്പോടെ നോക്കിയറിയിച്ചു. “നിന്നെപോലുള്ള നികൃഷ്ട ജീവികൾ ജയിലിൽ കിടന്നാലെ പഠിക്കു. നീ ലണ്ടനിലായിട്ടും നന്നാകാത്തത് എന്താടാ നാറി. അവിടെയാരും നിന്നെ അകത്താക്കിയില്ലേ? ഇതില് അതിനുള്ള വകുപ്പൊക്കെ ഉണ്ടല്ലോ”. കോയിപ്പൻ ദയനീയ ഭാവത്തിൽ കണ്ണു തുറന്ന് നോക്കി.

സംഭവമറിഞ്ഞ ലണ്ടനിൽ നിന്ന് രണ്ട് മക്കളുള്ള ഭാര്യ അലീന പോലീസ് സ്റ്റേഷനിലുള്ള ഭർത്താവിനോട് വ്യാകുലപ്പെട്ടുകൊണ്ടറിയിച്ചു.

” ഇവിടുന്ന് നാട്ടില് പോയത് കൊറോണ പടർത്താനാണോ മനുഷ്യ? രോഗമുള്ള വ്യക്തിയുടെ ചുമ, തുമ്മൽ, അകലം പാലിക്കണം ഇതൊന്നും അറിയില്ലേ? വീട്ടിലിരിക്കാതെ വൈറസ് പരത്താൻ ഇറങ്ങിയിരിക്കുന്നു? ഇവിടുത്തെ പാരപ്പണി, പരദൂഷണം
അവിടെയും തുടങ്ങിയോ? നിങ്ങൾക്ക് നാണമില്ലേ? ? നിങ്ങൾ ആരെ കാണാനാണ് ഇത്ര തിടുക്കത്തിൽ പോയത്?

ആരെ കാണാനെന്നുള്ള ചോദ്യം കേട്ടപ്പോൾ കോയിപ്പൻറ് ഹ്ര്യദയം മിടിച്ചു. തന്റെ തലക്ക് മുകളിൽ നാട്ടിലെ കാമുകിയുടെ വാൾ തൂങ്ങികിടക്കുന്നത് അലിനക്കറിയില്ല. മാതാപിതാക്കളെ കാണാൻ വളരെ ഉത്സാഹത്തോടെ പോകുമ്പോൾ ഭർത്താവ് കാമുകിയുമായി പ്രേമസുഖത്തിൽ പുളച്ചൊഴുകാനെന്ന് ഒരു ഭാര്യയും ചിന്തിക്കില്ല. പേരിനും പെരുമക്കും വേണ്ടി സോഷ്യൽ മീഡിയയിൽ എന്തെങ്കിലും കത്തിച്ചുവിടുമെങ്കിലും അതൊന്നും കാര്യമായി എടുത്തിട്ടില്ല. സ്വന്തം വലുപ്പം കാട്ടാൻ തലയില്ലാത്ത ഫേസ് ബുക്കിൽ ഭർത്താവ് പലതും കത്തിച്ചുവിടാറുണ്ട്. ഇണങ്ങിയാൽ നക്കിക്കൊല്ലും പിണങ്ങിയാൽ ഞെക്കികൊല്ലുമെന്നുള്ളത് അറിവില്ലാത്തവന്റെ പോഴത്തമായിട്ടെ താൻ കണ്ടിട്ടുള്ളു. വിവരമുള്ളവർ ഈ ചപ്പും ചവറും വായിക്കുമോ?

കോയിപ്പന്റെ മൂടുപടം പുറത്താക്കിയത് കൂട്ടുകാരി ആനിയാണ്. ദേവാലയത്തിൽ പോകുമ്പോഴൊക്കെ മുഖം വടിച്ചു മിനുക്കും, പള പളുപ്പൻ കറുത്ത കോട്ടും സ്യൂട്ടുമണിയും, അതിൽ സുഗന്ധം പരത്തുന്ന പെർഫ്യൂമടിക്കും, തിളങ്ങുന്ന ഷൂസു൦ കറുത്ത കണ്ണടയും സ്ത്രീകളുടെ ശ്രദ്ധ ക്ഷണിക്കാൻ മാത്രമെന്ന് കൂട്ടുകാരി പറഞ്ഞ നാൾ മുതൽ അതിന്റ ദൂഷ്യവശം മനസ്സിലാക്കി അലീന ഒപ്പം പോയി. ആനിയുടെ ആദ്യത്തെ കുടിക്കാഴ്ചയിൽ തന്നെ ഇയാളൊരു കോഴിയെന്ന് മനസ്സിലാക്കി അകൽച്ച പാലിച്ചു. ഇപ്പോൾ ആ കോഴിപ്പനി സോഷ്യൽ മീഡിയയിലാണ്. പോലീസ് പിടികൂടിയപ്പോൾ കാമുകിയുടെ കഥകളും നാട്ടിൽ പാട്ടായി.

ഭർത്താവിനെ ഓർത്തിരുന്ന അലീനയുടെ മനസ്സ് ദേവാലയ ഭിത്തികളിൽ ചിറകുവിരിച്ചു പറക്കുന്ന സുന്ദരികളായ മാലാഖമാരിലെത്തി. ഒരിക്കൽ ഭർത്താവ് ആ ചിറക് വിടർത്തി പറക്കുന്ന മാലാഖ സുന്ദരികളെപ്പറ്റി പറഞ്ഞു. ഇവരെപോലുള്ളവർ ഇതൊക്കെ കണ്ണ് കുളുർത്തു കാണാനാണോ ദേവാലയത്തിൽ പോകുന്നതെന്ന് തോന്നി. ഭക്തിസാന്ദ്രമായ ദേവാലയത്തിലെ മാലാഖ ദേവതമാരും മണ്ണിലെ കാമ സുന്ദരിമാരും ഭർത്താവിന്റയുള്ളിൽ അഴകുള്ള പക്ഷികളായി പറക്കുന്നത് അലീനയുടെ ഹൃദയത്തിൽ ദുഖത്തിന്റ നിഴലുകൾ നിറച്ചു. മറ്റുള്ളവരിലെ നന്മകൾ കാണാതെ കുറ്റങ്ങൾ മാത്രം കണ്ടുപിടിക്കുന്നവനെ വിടുഭോഷൻ എന്ന് നാട്ടുകാർ വിളിക്കുന്നതിൽ യാതൊരു തെറ്റുമില്ലെന്ന് അലീനക്ക് തോന്നി. പഠിച്ച ഭോഷൻ വിടുഭോഷൻ എന്ന് കേട്ടിട്ടുണ്ട്. മനസ്സിലെ മനോവിഭ്രമം കണ്ണിൽ ഉരുണ്ടുകൂടിയ മിഴിനീരായി മാറി. (www.karoorsoman.net)

കടപ്പാട് ദീപിക

About The Author

Leave a Reply

Your email address will not be published. Required fields are marked *