വെള്ളിയാഴ്ചത്തെ അവസാന പീരീഡ് കഴിയുമ്പോൾ ജനഗണ മന പാടി ക്ലാസ് പിരിഞ്ഞു സ്കൂളിന്റെ പടിക്കെട്ടുകൾ ഇറങ്ങുമ്പോൾ ഓരോ പ്രാവശ്യവും ഓർക്കും അടുത്ത ആഴ്ചയിലെ ഇ സി എ (എക്സ്ട്രാ കരിക്കുലർ ആക്ടിവിറ്റീസ്)യിൽ ഒരു ഇനം എങ്കിലും തനിക്കും അവതരിപ്പിക്കണമെന്ന്.ഒൻപതാം ക്ലാസ്സിലെ നാല്പത്തി രണ്ടുകുട്ടികളിൽ താനൊഴിച്ചു എല്ലാവരും ഓരോ ഇനം അവതരിപ്പിച്ചു കഴിഞ്ഞിരിക്കുന്നു.
ലളിത ഗാനം,നാടൻ പാട്ട്, മാപ്പിളപ്പാട്ട് ,സംഘഗാനം, മിമിക്രി ,മോണോ ആക്ട് ……
പാട്ട് പാടാമെന്നു വിചാരിച്ചു കഴിഞ്ഞ മാസം ഒന്ന് ശ്രമിച്ചു നോക്കിയതാ..
തുടക്കത്തിലേ പണി പാളി… തന്റെ പാട്ട് കേട്ട്…താഴത്തെ വീട്ടിലെ സതി ചേച്ചി വെപ്രാളത്തോടെ ഓടി വന്ന് “എന്ത് പറ്റി മോനെ …എവിടെയെങ്കിലും വീണോ “- എന്ന് ചോദിച്ചപ്പോൾ തന്നെ തന്റെ മേഘലയല്ല സംഗീതം എന്ന് മനസ്സിൽ ഉറപ്പിച്ചു. പിന്നെ ഏത് ഇനം അവതരിപ്പിക്കും എന്നായി പിന്നീടുള്ള ചിന്ത…
കുട്ടികളെല്ലാം കളിയാക്കാൻ തുടങ്ങിരിക്കുന്നു… “പോഴൻ -” എന്ന്
എന്താ ശരിക്കും തന്റെ പ്രശ്‍നം…അവൻ ആലോചിച്ചു…
പത്തു ആളുകളുടെ മുന്നിൽ നിന്ന് സംസാരിച്ചാൽ വിയർക്കും ….പിന്നെ ആളുകൾ ശ്രദ്ധിക്കുന്നുണെന്നറിഞ്ഞാൽ വിറക്കുകയും ചെയ്യും …ഇതൊക്കെ മിക്കവാറും കുട്ടികൾക്കുമുള്ളതല്ലേ.. ആദ്യമൊക്കെയാകുമ്പോൾ സഭാകമ്പം കാണുമല്ലോ..മനസിനെ പറഞ്ഞു മനസിലാക്കാൻ അവൻ വീണ്ടും ശ്രമിച്ചു….
മിമിക്രി ആയാലോ….അവൻ വീടിന്റെ പിന്നാമ്പുറത്തു മാറിനിന്ന് നായയുടെ സ്വരം അനുകരിക്കാൻ ശ്രമിച്ചു…പക്ഷെ പുറത്തു വന്നത് വേറെ ഏതോ ജീവിയുടെ വികൃത ശബ്ദമായിരുന്നു…തുടലിൽ പൂട്ടിയിട്ടിരുന്ന, സുഖ സുഷുപ്തിയി യിൽ ഉറങ്ങിക്കിടന്നിരുന്ന അപ്പു നായ പിടഞ്ഞുണർന്നു തുടലു പൊട്ടിക്കാൻ ശ്രമിച്ചത് മിച്ചം….അതോടെ അതും തനിക്കു പറ്റില്ലെന്നു അവൻ മനസിലാക്കി… രാത്രിയുടെ യാമങ്ങളിൽ അവന്റെ മനസ്സിൽ നിറയെ അടുത്ത വെള്ളിയാഴ്ചയിലെ അവതരിപ്പിക്കേണ്ട ഒരു പരിപാടിക്കുറിച്ചു മാത്രമായിരുന്നു ആലോചന. ഓരോന്നും മനസ്സിൽ വിരിയുമ്പോൾ തന്നെ , പരിപൂർണ്ണതയിലെത്താതെ അലസിപ്പിരിയുന്നു.കവിത,കഥാ പാരായണം ,മോണോ ആക്ട് …പക്ഷെ അതിലൊന്നും വിജയിക്കാൻ കഴിയില്ലെന്നവന് തന്നെ നല്ല പോലെ ബോധ്യമായിരുന്നു….
പൊടുന്നനെ അവന്റെ മനസിലേക്ക് യാദൃച്ഛികമായി ഇടിച്ചു കയറിയതായിരുന്നു പ്രസംഗം …ഇനി ഒന്നും ആലോചിക്കാനില്ല.
എത്രയോ ആളുകൾ പ്രസംഗിക്കുന്നത് അവൻ കണ്ടിരിക്കുന്നു.
രാഷ്ട്രീയക്കാര് തന്നെ…അവർ വല്ലതിനെയും കുറിച്ച് പഠിച്ചിട്ടാണോ തട്ടിവിടുന്നത് ..?? ചിലർ സംസാരിച്ചു മൈക്ക് വരെ വിഴുങ്ങിക്കളയും.
ഒകെ ,ഇത് തന്നെ തെരഞ്ഞെടുക്കാം. പ്രസംഗം.
പിറ്റേ ദിവസം അവൻ ക്ലാസ് ടീച്ചറിന്റെ കൈയിൽ പേരും അവതരിപ്പിക്കുന്ന വിഷയവും എഴുതിക്കൊടുത്തു.
പങ്കജാക്ഷൻ – ഇനം -പ്രസംഗം .
പിന്നെ മൂന്ന് പേജ് ഒരു ഉശിരൻ പ്രസംഗം തയ്യാറാക്കി… കാണാതെ പഠിക്കാൻ തുടങ്ങി… ഏതു ഉറക്കത്തിലും പ്രസംഗം റെഡി ….ഇനി വെള്ളിയാഴ്ച ആയാൽ മതി.ചിലപ്പോൾ അവൻ വിചാരിച്ചു ..എന്തേ , തനിക്കിതു നേരത്തെ തോന്നിയില്ല…കഷ്ടമായിപ്പോയി .അല്ലെങ്കിൽ നേരത്തെ തന്നെ മറ്റുള്ളവരുടെ കളിയാക്കലുകൾ കേൾക്കേണ്ടി വരില്ലായിരുന്നു
സാരമില്ല.അവൻ സ്വയം ആശ്വസിച്ചു.ഇപ്പോഴെങ്കിലും തോന്നിയല്ലോ.
കാത്തിരുന്ന് വെള്ളിയാഴ്ചയെത്തി….അന്നത്തെ ദിവസം ആദ്യമായി അവൻ വെളുത്ത മുണ്ടും ഉടുത്തു ..രാഷ്ട്രീയക്കാരും പൊതു പ്രവർത്തകരുമൊക്കെ അങ്ങനെയാണല്ലോ .വെള്ള ഡ്രസ്സ് ആണല്ലോ ധരിക്കുന്നത്
പച്ചവെള്ളം പോലെ കാണാതെ പഠിച്ചിരുന്നെങ്കിലും വെറുതെ എഴുതിയിരുന്ന പ്രസംഗം കൂടി ഒരു തുണ്ടുകടലാസിൽ അവൻ കുറിച്ച് വെച്ചരുന്നു..
അങ്ങനെ ഇ സി എ പീരീഡ് ആയി.ആദ്യം ക്ലാസിലെ ഗാന ഗന്ധർവ്വൻ എന്നറിയപ്പെടുന്ന ഒരു ഗാനം ബിജു ആലപിച്ചു …
അത് കഴിഞ്ഞു ക്ലാസ്സ് ടീച്ചർ സുഹറ ടീച്ചർ അവന്റെ പേര് വിളിച്ചു….പ്രസംഗത്തിനായി.
അത്യുത്സാഹത്തോടെ പങ്കജാക്ഷൻ തന്റെ ഇരിപ്പിടത്തിൽ നിന്നും ചാടി എഴുന്നേറ്റു.. കൈയിൽ, അഥവാ മറന്നാൽ തന്നെ നോക്കാനായി പ്രസംഗം എഴുതി സൂക്ഷിച്ചിരുന്ന തുണ്ടു കടലാസും… ചെല്ലുന്നതു വരെ പങ്കജാക്ഷന് ഒരു കുഴപ്പവുമില്ലായിരുന്നു. കുട്ടികൾക്ക് അഭിമുഖമായി ചെന്നുനിന്ന പങ്കജാക്ഷന്റെ തൊണ്ട വരണ്ടുണങ്ങി. മുഴുവൻ കുട്ടികളും ടീച്ചറും അവനെ നോക്കുന്നത് കണ്ടു അവൻ വിയർത്തു…അത് വരെ സംഭരിച്ചു വെച്ചിരുന്ന ധൈര്യമെല്ലാം എവിടേക്കോ ചോർന്നു പോയിരിക്കുന്നതായി അവൻ അറിഞ്ഞു.. കാണാതെ പഠിച്ചു വെച്ചിരുന്നതെല്ലാം എവിടെയോ പോയി മറഞ്ഞിരിക്കുന്നു… കുട്ടികളെല്ലാം അവനെ നോക്കി മിഴിച്ചിരിക്കുകയാണ് അവന്റെ തൊണ്ടക്കുഴിയിൽ നിന്നും വീഴുന്ന വാക്കുകൾക്കായി കാതോർത്തു കൊണ്ട്….
പ്രസംഗം എഴുതിയ തുണ്ടു കടലാസ്സ് വിറയാർന്ന കരങ്ങളോടെ , നോക്കിയെങ്കിലും വായിക്കാമോയെന്ന ശ്രമത്തിനിടയിൽ അടുത്ത പ്രഹരമായി ആ കടലാസു കഷണം നിർദാക്ഷണ്യം താഴേക്ക് ഊർന്നു വീണു.
മുമ്പിലിരുന്ന കുട്ടികളെ നോക്കി കൊണ്ട് താഴേക്ക് പതിയെ കുനിഞ്ഞു പരതിയ കൈവിരലുകൾക്കിടയിൽ കുരുങ്ങിയ മുണ്ടിന്റെ കോന്തല , കടലാസാണെന്നു കരുതി പങ്കജാക്ഷൻ ഉയർത്തി. അതുവരെ നിശബ്‌ദമായിരുന്ന ക്ലാസിൽ പൊട്ടിച്ചിരിയുടെ മാലപ്പടക്കം…
” സയലൻഡ്‌സ്” എന്ന് പറഞ്ഞ സുഹറ ടീച്ചർക്കും ചിരി അടക്കാൻ കഴിഞ്ഞിരുന്നില്ല.. അവനെ സംന്ധിച്ചിടത്തോളം അതൊരു ദുഖവെള്ളിയാഴ്ചയായിരുന്നു.ഭൂമി പിളർന്നു അതിലേക്കു താണ് പോയിരുന്നെങ്കിലെന്നു അത്യധികമായി അവൻ ആഗ്രഹിച്ച നിമിഷത്തിലും ക്ലാസ്സിൽ ഉയർന്ന ചിരിയുടെ അലകൾ നിലച്ചിരുന്നില്ല.
About The Author
No related posts.