കേന്ദ്രത്തിന്റെ ഡിജിറ്റൽ പേമെന്റ് സംവിധാനം നിലവിൽ വന്നു
🖱️കേന്ദ്ര സർക്കാരിന്റെ പുതിയ ഡിജിറ്റൽ പേമെന്റ് സംവിധാനം ‘ഇ-റുപ്പി’ പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിങ്ങിലൂടെ അവതരിപ്പിച്ചു. സർക്കാരിന്റെ ക്ഷേമ പദ്ധതികൾ ജനങ്ങളിൽ എത്തുന്നുവെന്ന് ഉറപ്പാക്കാൻ ലക്ഷ്യമിടുന്നതാണ് ഈ സംവിധാനം. വാക്സിനേഷൻ നടപടികൾ വേഗത്തിലാക്കാനും ഇത് സഹായകമാകുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.
നാഷണൽ പേമെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ് ഇ-റുപ്പി വികസിപ്പിച്ചത്. ക്യൂ.ആർ കോഡ്, എസ്എംഎസ് വഴി ലഭിക്കുന്ന ഇ-വൗച്ചർ എന്നിവ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന കറൻസി രഹിത, കടലാസ് രഹിത സംവിധാനമാണിത്. ഗുണഭോക്താക്കളുടെ മൊബൈൾ ഫോണിൽ ലഭിക്കുന്ന ഇ വൗച്ചർ ഉപയോഗിച്ച് അവർക്ക് വിവിധ സേവനങ്ങൾ നേടാം.
പുതിയ റാങ്ക് ലിസ്റ്റിന് പിഎസ്‌സി പരീക്ഷ ഉടൻ
🖱️493 റാങ്ക് പട്ടികകളുടെ കാലാവധി നാലാം തീയതി അവസാനിക്കാനിരിക്കേ പുതിയ റാങ്ക് ലിസ്റ്റിനായി പരീക്ഷകൾ നടത്താൻ പി.എസ്.സി. തീരുമാനിച്ചു. ട്രിബ്യൂണൽ വിധിക്കെതിരേ കേസുമായി മുന്നോട്ടുപോകും. തിങ്കളാഴ്ച ചേർന്ന പി.എസ്.സി. യോഗത്തിലാണ് തീരുമാനം. ലിസ്റ്റിന്റെ കാലാവധി നീട്ടില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ സഭയിലെ പരാമർശത്തിനുശേഷമാണ് പി.എസ്.സി.യുടെ നീക്കം.
ബി ജെ പിക്കെതിരെ തെരഞ്ഞെടുപ്പു കമ്മീഷന് റിപ്പോർട്ട്
🖱️കൊടകര കുഴൽപ്പണ കേസിൽ ബിജെപിക്കെതിരെ പോലീസ് തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട്ട് നൽകി. ബിജെപി തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചോയെന്ന് പരിശോധിക്കണമെന്നാണാവശ്യം. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ചെലവഴിച്ചത് 41.4 കോടി രൂപയാണ്. ഇത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഉപയോഗിച്ചോയെന്ന് പരിശോധിക്കണം. പണം ചെലവഴിക്കുന്നതിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാർഗനിർദേശം ലംഘിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.
റേഷൻ വ്യാപാരികൾ സമരത്തിന്
🖱️സംസ്ഥാനത്ത് റേഷൻ വ്യാപാരികൾ പട്ടിണി സമരത്തിലേക്ക്. ഓണത്തിന് സമരം നടത്താനാണ് തീരുമാനം. ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തതിലെ കമ്മീഷൻ വൈകുന്നതാണ് സമരത്തിന് കാരണമെന്ന് ഓൾ കേരള റേഷൻ ഡീലേഴ്സ് അസോസിയേഷൻ അറിയിച്ചു.
ഓണത്തിന് പട്ടിണി സമരം നടത്തും. എന്നാൽ കടയടച്ച് സമരം നടത്തില്ല. ഓണത്തിന് പട്ടിണി സമരം സൂചനാ സമരമാണെന്നും പരിഹാരമായില്ലെങ്കിൽ കടയടപ്പ് സമരത്തിലേക്ക് നീങ്ങുമെന്നും റേഷൻ ഡീലേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ജോണി നെല്ലൂർ പറഞ്ഞു.
ലോക്ക് ഡൗൺ ഇനി സ്വർണാഭരണ പർച്ചെസിനെ ബാധിക്കില്ല
💫സ്വർണ്ണമായാലും വജ്രമായാലും വാങ്ങുവാൻ ഇനി ഷോപ്പിൽ എത്തേണ്ട ആവശ്യം ഇല്ല.
ജോസ് ആലുക്കാസിൻെറ online shopping site ൽ ആയിരക്കണക്കിന് ഡിസൈനുകൾ ഉണ്ട്.
100% സുരക്ഷിതമായ ഇടപാടുകൾ. കൃത്യമായ ഡെലിവറി. എല്ലാ പുതിയ ഡിസൈനുകളും ലഭിക്കും.പ്രിയപ്പെട്ടവരുടെ സവിശേഷ ദിനത്തിൽ നിങ്ങൾക്കു എത്തിച്ചേരാൻ സാധിച്ചില്ലെങ്കിലും സ്വർണം സമ്മാനമായി അയക്കാം
ലോഗിൻ ചെയ്യുക : www.josalukkasonline.com
കൂടുതൽ വിവരങ്ങൾക്ക് : 8606083922
✉️ ( വാർത്തകൾ സുഹൃത്തുക്കൾക്ക് ഷെയർ ചെയ്ത് വായനാ പങ്കാളികളാക്കാം.)
( ‘വാർത്താകേരളം’ വാർത്തകൾ വാട്സാപ്പിൽ ലഭിക്കണമെന്ന് താൽപ്പര്യപ്പെടുന്നവർ, താഴെ കൊടുത്തിട്ടുള്ള ഏതെങ്കിലും നമ്പറിൽ VK എന്ന് വാട്സാപ്പ് മെസേജ് അയക്കുക.
9447189032 or 7907662275)
—————————————————
ഇ – മെയിൽ: _varthakeralamdaily@gmail.com
വെബ്സൈറ്റുകൾ : https://www.varthakeralam.com https://www.vyaparakeralam.com
—————————————————
പിഎസ്‌സി റാങ്ക് പട്ടികകൾ നീട്ടില്ല
🖱️നാളെ കാലാവധി അവസാനിക്കുന്ന പിഎസ്‌സി റാങ്ക് പട്ടികകൾ നീട്ടാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. കോവിഡ് കാലമായിട്ടും ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ കാലതാമസം ഉണ്ടായിട്ടില്ല. മൂന്ന് വർഷത്തെ കാലാവധി കഴിഞ്ഞ പട്ടികയാണ് റദ്ദാക്കുന്നത്. ഇതിൽ കൂടുതൽ റാങ്ക് ലിസ്റ്റ് നീട്ടണമെങ്കിൽ പ്രത്യേക നിബന്ധനകളുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.
റാങ്ക് പട്ടികകൾ നീട്ടണമെന്ന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ വിധി നിയമപരമായ വിഷയമാണെന്നും മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി.
റാങ്ക് ലിസ്റ്റിലുള്ളവരുടെ പ്രതിഷേധം
🖱️പി.എസ്.സി റാങ്ക് ലിസ്റ്റ് നീട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയതിന് പിന്നാലെ സെക്രട്ടേറിയറ്റിന് മുന്നിൽ ഉദ്യോഗാർഥികളുടെ പ്രതിഷേധം. വനിത സിവിൽ പോലീസ് ഓഫീസർ ലിസ്റ്റിലുള്ള ഉദ്യോഗാർഥികൾ മുടിമുറിച്ച് പ്രതിഷേധിച്ചു. സെക്രട്ടേറിയറ്റിന് മുന്നിലെ പ്രതിഷേധം തുടരാനാണ് സമരക്കാരുടെ തീരുമാനം.
ലാസ്റ്റ് ഗ്രേഡ്, എൽ.ഡി.സി, സ്റ്റാഫ് നഴ്സ്, സിവിൽ പോലീസ് ഓഫീസർ എന്നീ ലിസ്റ്റുകളിലുൾപ്പെട്ടവരാണ് പ്രതിഷേധിക്കുന്നത്. അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ തിരുവനന്തപുരം ബെഞ്ച് ലിസ്റ്റ് കാലാവധി നീട്ടിയതിനെതിരെ പി.എസ്.സി അപ്പീൽ സമർപ്പിച്ചിട്ടുണ്ട്.
റോബിൻ വടക്കുംചേരിയുടെ ആവശ്യം കേരളം എതിർക്കും
🖱️കൊട്ടിയൂർ പീഡന കേസിൽ ശിക്ഷിക്കപ്പെട്ട മുൻ വൈദികൻ റോബിൻ വടക്കുംചേരി വിവാഹംകഴിക്കുന്നതിനായി ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികളെ കേരളം സുപ്രീം കോടതിയിൽ എതിർക്കും. കേസിലെ ഇരയെ വിവാഹം കഴിക്കാൻ ഹ്രസ്വ കാലത്തേക്ക് ജാമ്യം അനുവദിക്കണം എന്നാണ് സുപ്രീം കോടതിയിൽ റോബിൻ വടക്കുംചേരി നൽകിയ ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. വിവാഹം കഴിക്കണം എന്ന റോബിൻ വടക്കുംചേരിയുടെയും ഇരയുടെയും ആവശ്യത്തിൽ കേരളം സുപ്രീം കോടതിയിൽ നിലപാട് അറിയിക്കില്ല.
വിവാഹത്തിന് കോടതി അനുമതി നൽകിയാൽ ജയിലിൽ വച്ച് വിവാഹം നടക്കട്ടെ എന്ന നിലപാടാകും കേരളം കോടതിയിൽ സ്വീകരിക്കുക. നാല് വയസ്സുള്ള മകനെ സ്കൂളിൽ ചേർക്കുമ്പോൾ അച്ഛന്റെ പേര് രേഖപ്പെടുത്തുന്നതിന് വിവാഹം അനിവാര്യമാണെന്ന് വ്യക്തമാക്കിയാണ് ഇര സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
ഇരട്ട സഹോദരന്മാർ മരിച്ച നിലയിൽ
🖱️ക്രെയിൻ സർവീസ് ജീവനക്കാരായിരുന്ന ഇരട്ടസഹോദരങ്ങൾ തൂങ്ങിമരിച്ച നിലയിൽ. കോട്ടയം കടുവാക്കുളത്താണ് സംഭവം. നസീർ, നിസാർ (33) എന്നിവരെയാണ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ചതായി കണ്ടെത്തിയത്. സഹോദരങ്ങളും ഇവരുടെ അമ്മയും മാത്രമാണ് ഈ വീട്ടിൽ താമസിച്ചിരുന്നത്. ക്രെയിൻ സർവീസ് ഉടമ മരിച്ചതോടെ ഇവർക്ക് ജോലി നഷ്ടപ്പെടുകയും മറ്റ് ജോലികൾ ചെയ്ത് ജീവിക്കുകയുമായിരുന്നു. ലോക്ഡൗണിൽ കൂലിപ്പണിയും കുറഞ്ഞതോടെയാണ് സാമ്പത്തിക പ്രതിസന്ധി കടുത്തത്.
ഇരുവരും ഒരു ബാങ്കിൽ നിന്ന് ലോൺ എടുത്തിരുന്നുവെന്നും ജപ്തി ഭീഷണിയെത്തുടർന്നാണ് ആത്മഹത്യയെന്നുമാണ് നാട്ടുകാർ പറയുന്നത്.
ഡാനിഷ് സിദ്ദിഖിയെ കൊലപ്പെടുത്തിയതാണെന്ന് സ്ഥിരീകരണം
🖱️പുലിറ്റ്സർ അവാർഡ് ജേതാവായ ഇന്ത്യൻ ഫോട്ടോഗ്രാഫർ ഡാനിഷ് സിദ്ദിഖിയെ അതിക്രൂരമായി താലിബാൻ കൊലപ്പെടുത്തിയതാണെന്ന് ഔദ്യോഗിക സ്ഥിരീകരണം അഫ്ഗാൻ നാഷണൽ ഡിഫൻസ് ആൻഡ് സെക്യൂരിറ്റി ഫോഴ്സസിന്റെ വക്താവ് അജ്മൽ ഒമർ ഷിൻവാരിയാണ് സ്ഥിരീകരണം നൽകിയത്.
അഫ്ഗാൻ സൈന്യവും താലിബാനും തമ്മിലുള്ള ഏറ്റുമുട്ടലിനിടയിലാണ് സിദ്ദിഖിക്ക് വെടിയേറ്റതെന്ന വാദം ഒമർ ഷിൻവാരി തള്ളി. പിടികൂടി തടവിലാക്കിയ താലിബാൻ സിദ്ദിഖിയെ കൊലപ്പെടുത്തുകയായിരുന്നു.
എല്ലാ കടകളും തുറക്കുമെന്ന് നസറുദ്ദീൻ
🖱️സംസ്ഥാനത്ത് കടകൾ തുറക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. ഈ മാസം ഒമ്പതു മുതൽ എല്ലാ കാറ്റഗറിയിലുമുള്ള കടകൾ തുറക്കും. സർക്കാരുമായി ചർച്ചയ്ക്ക് തയ്യാറാണ്. എന്നാൽ സർക്കാർ എതിർത്താൽ നേരിടുമെന്നും സംസ്ഥാന പ്രസിഡന്റ് ടി. നസറുദ്ദീൻ പറഞ്ഞു.
ഗൂഢാലോചനയില്ലെന്ന് പോലീസ്
🖱️ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ ജില്ലാ ജഡ്ജി വാഹനമിടിച്ച് മരിച്ച സംഭവത്തിൽ ക്രിമിനൽ ഗൂഢാലോചന തള്ളി പോലീസ്. നിലവിൽ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ആണ് ഇതു സംബന്ധിച്ച പ്രാഥമിക റിപ്പോർട്ട് സർക്കാരിന് നൽകിയത്.
ഓട്ടോ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമായത്. അപസ്മാരത്തിനുള്ള മരുന്നും മദ്യവും ഓട്ടോ ഡ്രൈവർ കഴിച്ചിരുന്നുവെന്നും എസ്ഐടി വ്യക്തമാക്കുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് ജഡ്ജിയുടെ മരണം കൊലപാതകമാണോയെന്ന സംശയം ഉയര്‍ന്നുവന്നത്.
ദമ്പതികൾ പിടിയിൽ
🖱️കാറില്‍ പോലീസ് സ്റ്റിക്കര്‍ പതിപ്പിച്ച് യാത്ര ചെയ്ത ദമ്പതികള്‍ക്കെതിരെ കേസ്. തമിഴ്നാട് തിരുനല്‍വേലി സ്വദേശികളായ മഹേന്ദ്രന്, ഭാര്യ ശരണ്യ എന്നിവര്‍ക്കെതിരെയാണ് നടപടി. തലശേരിയിൽ നിന്ന് കോയമ്പത്തൂരിലേക്ക് പോവുകയായിരുന്നു ദമ്പതികൾ. ആൾമാറാട്ടം നടത്തി പോലീസ് വാഹനമെന്ന് തെറ്റിദ്ധരിപ്പിച്ച് ദുരുപയോഗം ചെയ്തതിനും പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവുമാണ് ദമ്പതികള്‍ക്കെതിരെ കേസെടുത്തത്.
അച്ഛനും മകളും മരിച്ച നിലയിൽ
🖱️കോഴിക്കോട് രാമനാട്ടുകരയിൽ പിതാവിനെയും മകളെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. വൈദ്യരങ്ങാടി പുല്ലുംകുന്ന് റോഡിൽ ഓയാസിസിൽ കാലിക്കറ്റ് എയർപോർട്ട് റിട്ട:ടെക്ക്നിക്കൽ ഡയറക്ടർ ആവേത്താൻ വീട്ടിൽ പീതാംബരൻ(61), മകൾ ശാരിക(31) എന്നിവരെയാണ് ഞായറാഴ്ച വൈകിട്ടോടെ വീട്ടിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇരുവരും ഒരേ സാരി മുറിച്ചാണ് ഫാനുകളിൽ കെട്ടിയത്. ആത്മത്യാ കുറിപ്പ് പോലീസിന് ലഭിച്ചെന്നാണ് ലഭിക്കുന്ന സൂചന. പീതാംബരന്റെ ഭാര്യ പ്രഭാവതി. മകൻ പ്രജിത്(എഞ്ചിനീയർ ബാംഗ്ലൂർ).
ആയിഷ എന്ന സോണിയയെ തിരികെ എത്തിക്കാൻ ഹർജി
🖱️അഫ്ഗാനിസ്താൻ ജയിലിൽ കഴിയുന്ന മലയാളിയായ ഐഎസ് വിധവ ആയിഷയെ ഇന്ത്യയിലേക്ക് മടക്കി കൊണ്ട് വരാൻ നിർദേശിക്കണം എന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. ആയിഷയുടെ പിതാവ് വി.ജെ സെബാസ്റ്റ്യൻ ഫ്രാൻസിസ് ആണ് സുപ്രീംകോടതിയെ സമീപിച്ചത്. രാജ്യ സുരക്ഷയ്ക്ക് ഭീഷണി അല്ലാത്തതിനാൽ രാജ്യാന്തരതലത്തിൽ തന്നെ വനിതാ ഭീകരവാദികളോട് മൃദു സമീപനമാണ് രാജ്യങ്ങൾ സ്വീകരിക്കുന്നത് എന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അഫ്ഗാനിലെ പുൽ ഇ ചർക്കി ജയിലിലാണ് നിലവിൽ ആയിഷ എന്ന സോണിയ സെബാസ്റ്റ്യനും ഏഴ് വയസുള്ള മകളും തടവിൽ കഴിയുന്നത്. യുഎപിഎ നിയമപ്രകാരം ആയിഷയ്ക്കെതിരെ എൻ ഐ എ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇന്ത്യയിൽ എത്തിച്ച ശേഷം ഈ കേസിൽ വിചാരണ നടത്തണമെന്നാണ് സുപ്രീം കോടതിയിൽ ഫയൽ ചെയ്തിരിക്കുന്ന ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
ആലപ്പുഴയിലെ സർക്കാർ ഡോക്ടർമാർ കൂട്ട അവധിക്ക്
🖱️ഡോക്ടറെ മർദിച്ച സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ആലപ്പുഴയിലെ സർക്കാർ ഡോക്ടർമാർ ഇന്ന് കൂട്ട അവധിയെടുക്കും. ഒ.പി, വാക്സിനേഷൻ, സ്വാബ് ടെസ്റ്റ് അടക്കമുള്ളവയിൽ നിന്ന് ഡോക്ടർമാർ വിട്ടുനിൽക്കും. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ പ്രധാനപ്പെട്ട താലൂക്ക് ആശുപത്രികളെ വരെ ഇത് ബാധിക്കും.
ജൂലൈ 24ന് കുട്ടനാട്ടിൽ വാക്സിൻ വിതരണത്തെ ചൊല്ലിയുള്ള തർക്കത്തിനൊടുവിലാണ് ഡോക്ടർ ശരത് ചന്ദ്രപ്രസാദിന് മർദനമേൽക്കുന്നത്.
ഫോൺ ചോർത്തൽ സംഭവത്തിൽ എൻഡിഎയിൽ ഭിന്നത
🖱️പെഗാസസ് ഫോൺ ചോർത്തൽ വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ജെ.ഡി.യു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ. പ്രതിപക്ഷം ആവശ്യപ്പെടുന്നത് അനുസരിച്ച് വിഷയം സഭയിൽ ചർച്ച ചെയ്യണമെന്നും നിതീഷ് കുമാർ ആവശ്യപ്പെട്ടു. പെഗാസസ് വിഷയത്തിൽ എൻഡിഎ സഖ്യകക്ഷികളിൽ നിന്ന് അന്വേഷണം ആവശ്യപ്പെടുന്ന ആദ്യ നേതാവാണ് നിതീഷ് കുമാർ.
വഴിത്തർക്കത്തിൽ കൂട്ടത്തല്ല്
🖱️കൊട്ടാരക്കര വെണ്ടാറിൽ വഴിത്തർക്കത്തെ തുടർന്നുണ്ടായ കൂട്ടത്തല്ലിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറൽ. കഴിഞ്ഞ ദിവസം നടന്ന സംഭവത്തിന്റെ വീഡിയോയാണ് സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
സ്ത്രീകളടക്കമുള്ളവർ കൈക്കോട്ടും വടിയുമായി പരസ്പരം അടിക്കുന്നതും തെറി വിളിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.
പ്രധാനമന്ത്രിയുടെ ഉപദേശകൻ രാജിവെച്ചു
🖱️പ്രധാനമന്ത്രിയുടെ ഉപദേശകരിലൊരാളായ അമർജീത് സിൻഹ തിങ്കളാഴ്ച രാജിവെച്ചു. ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രസ്താവനകൾ പുറത്തുവന്നിട്ടില്ല. എന്നാൽ ഇക്കാര്യം പ്രധാനമന്ത്രിയുടെ ഓഫീസിലെ ഒരു ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.
റോബിൻ വടക്കുംചേരിക്ക് ജാമ്യമില്ല
🖱️വിവാഹം കഴിക്കാനായി ജാമ്യം തേടിക്കൊണ്ടുള്ള കൊട്ടിയൂർ പീഡനക്കേസ് പ്രതി റോബിൻ വടക്കുംചേരിയുടേയും ഇരയുടേയും ഹർജി സുപ്രീംകോടതി തള്ളി
വിവാഹക്കാര്യത്തിൽ ഇരുവർക്കും ഹൈക്കോടതിയെ സമീപിക്കാമെന്നും ഹർജി തള്ളിക്കൊണ്ട് കോടതി പറഞ്ഞു.
സമാന്തര എക്സ്ചേഞ്ച് വിഷയത്തിൽ കർശന നടപടി
🖱️കോഴിക്കോട് സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കണ്ടെത്തിയ സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ്. എംപിമാരായ ബെന്നി ബെഹന്നാനും കൊടിക്കുന്നിൽ സുരേഷും നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
കല്യാണി മേനോൻ അന്തരിച്ചു
🖱️ഗായിക കല്യാണി മേനോൻ(80) അന്തരിച്ചു. പക്ഷാഘാതത്തെ തുടർന്ന് ചെന്നെയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഋതുഭേദ കൽപന, ജലശയ്യയിൽ, പവനരച്ചെഴുതുന്നു തുടങ്ങിയവയാണ് പ്രശസ്ത ഗാനങ്ങൾ.
തമിഴിലും മലയാളത്തിലുമായി നൂറിലേറെ പാട്ടുകൾ പാടിയിട്ടുണ്ട്.
ഓഹരി വിപണിക്ക് നേട്ടം
🖱️വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ ഓട്ടോ, ഓയിൽ ആൻഡ് ഗ്യാസ് തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളുടെ കരുത്തിൽ നിഫ്റ്റി 15,850ന് മുകളിൽ ക്ലോസ്ചെയ്തു.
363.79 പോയന്റാണ് സെൻസെക്സിലെ നേട്ടം. 52,950.63ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 122.20 പോയന്റ് ഉയർന്ന് 15,885.20ലുമെത്തി.
മദ്യത്തിന്റെ വില കൂട്ടി
🖱️വിദേശ നിർമിത മദ്യത്തിന്റെ വില കൂട്ടി. ഇതോടെ പ്രമുഖ ബ്രാൻഡുകൾക്ക് ആയിരം രൂപയോളം വില കൂടും.
എന്നാൽ ഇന്ത്യൻ നിർമിത വിദേശമദ്യം, ബിയർ, വൈൻ വിലയിൽ മാറ്റമില്ല. കോവിഡ് കാല വരുമാനനഷ്ടം നികത്താനെന്ന് വിശദീകരണം.
അതിർത്തി സംഘർഷത്തിലെ കേസുകൾ പിൻവലിക്കും
🖱️അതിർത്തി സംഘർഷത്തിൽ ആറ് അസം ഉദ്യോഗസ്ഥർക്കും 200 ഓളം പോലീസുകാർക്കുമെതിരെയുള്ള കേസ് പിൻവലിക്കാൻ തീരുമാനിച്ച് മിസോറാം സർക്കാർ.
ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള അതിർത്തി തർക്കത്തിൽ കേന്ദ്ര സർക്കാരിന്റെ ഇടപെടലിന് പിന്നാലെയാണ് കേസുകൾ പിൻവലിക്കാനുള്ള തീരുമാനം. അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമയ്ക്കെതിരെ എടുത്ത കേസും പിൻവലിച്ചിരുന്നു.
മത്സ്യത്തൊഴിലാളികൾക്കു നേരെ ശ്രീലങ്കൻ സേന വെടിവെച്ചു
🖱️തമിഴ്നാട് സ്വദേശികളായ മത്സ്യത്തൊഴിലാളികൾക്ക് നേരെ ശ്രീലങ്കൻ നാവികസേന വെടിയുതിർത്തു. ഒരാൾക്ക് പരിക്കേറ്റു. നാഗപട്ടണത്തു നിന്നും മീൻപിടുത്തത്തിന് പോയവർക്ക് നേരെയാണ് വെടിയുതിർത്തത്. ഇന്നലെ പുലർച്ചെ ഒന്നരയ്ക്കാണ് സംഭവം. നാഗപട്ടണം സ്വദേശി കലൈശെൽവനാണ് പരിക്കേറ്റത്.
ഒളിമ്പിക്സ് വിശേഷങ്ങൾ
ഷൂട്ടിങ്ങിൽ തോറ്റമ്പി
🖱️ഷൂട്ടിങ്ങിൽ ഇന്ത്യയ്ക്ക് സമ്പൂർണ നിരാശ. പുരുഷൻമാരുടെ 50 മീറ്റർ റൈഫിൽ 3 പൊസിഷനിൽ ഐശ്വരി പ്രതാപ് സിങ് തോമറും സഞ്ജീവ് രജ്പുത്തും ഫൈനൽ കാണാതെ പുറത്തായി. ഇതോടെ ഇത്തവണത്തെ ഒളിമ്പിക്സിലെ ഇന്ത്യയുടെ ഷൂട്ടിങ് ഇനങ്ങൾ അവസാനിച്ചു.
ഹോക്കിയിൽ അവിശ്വസനീയമായ ഉയർത്തെഴുന്നേൽപ്പ്
🖱️ടോക്യോ ഒളിമ്പിക്സ് ഇതാ ഇന്ത്യൻ ഹോക്കിയുടെ അവിശ്വസനീയമായ ഉയർത്തെഴുന്നേൽപിന് സാക്ഷ്യം വഹിക്കുന്നു. പുരുഷ ടീമിന് പിറകെ വനിതകളും ഒളിമ്പിക്സിന്റെ സെമിയിൽ പ്രവേശിച്ചു. ചരിത്രത്തിൽ ഇതാദ്യമായാണ് ഇന്ത്യൻ വനിതകൾ ഒളിമ്പിക്സിന്റെ സെമിയിൽ പ്രവേശിക്കുന്നത്. ക്വാർട്ടറിൽ ലോക രണ്ടാം നമ്പറുകാരായ ഓസ്ട്രേലിയയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപിച്ചാണ് ഇന്ത്യ ചരിത്രം കുറിച്ചത്. രണ്ടാം ക്വാർട്ടറിൽ ഗുർജിത്ത് കൗറാണ് ഇന്ത്യയുടെ വിജയഗോൾ നേടിയത്. ഇരുപത്തിരണ്ടാം മിനിറ്റിൽ കിട്ടിയ പെനാൽറ്റി കോർണർ സമർഥമായി വലയിലെത്തിക്കുകയായിരുന്നു മികച്ച ഡ്രാഗ് ഫ്ളിക്കറായ ഗുർജിത്ത്.
ഈ ലീഡ് അവസാന വരെ കരുത്തുറ്റ പ്രതിരോധം കൊണ്ട് കാത്തുസൂക്ഷിക്കുകയായിരുന്നു ഇന്ത്യ. ഗോൾകീപ്പർ സവിത പുനിയയുടെ അസാമാന്യ പ്രകടനമാണ് ഇന്ത്യയുടെ വിജയത്തിന് വഴിവച്ചത്.
കാനഡ വനിതാ ഫുട്ബോൾ ഫൈനലിൽ
🖱️കരുത്തരായ അമേരിക്കയെ അട്ടിമറിച്ച് കാനഡ ഒളിമ്പിക്സ് വനിതാ ഫുട്ബോളിന്റെ ഫൈനലിൽ പ്രവേശിച്ചു. എതിരില്ലാത്ത ഒരു ഗോളിനാണ് കാനഡ നിലവിലെ വനിതാ ഫുട്ബോൾ ലോകകപ്പ് ജേതാക്കളായ അമേരിക്കയെ കീഴടക്കിയത്.
ദ്യുതി ചന്ദ് പുറത്ത്
🖱️ഒളിമ്പിക്സ് 200 മീറ്ററിൽ ഇന്ത്യയുടെ ദ്യുതി ചന്ദ് ഹീറ്റ്സിൽ പുറത്ത്. നാലാം ഹീറ്റ്സിൽ ദ്യുതി അവസാന സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
ഡിസ്കസ്ത്രോ ഫൈനലിൽ കമൽ പ്രീത് ആറാംസ്ഥാനത്ത്
🖱️വനിതകളുടെ ഡിസ്കസ്ത്രോ ഫൈനൽ മത്സരത്തിൽ ഇന്ത്യയുടെ കമൽപ്രീത് കൗറിന് മെഡൽ നേടാനായില്ല. ഫൈനലിൽ ആറാം സ്ഥാനമാണ് ഇന്ത്യൻ താരത്തിന് നേടാനായത്. മൂന്നാം റൗണ്ടിൽ നേടിയ 63.70 മീറ്ററാണ് ഫൈനലിലെ കമൽപ്രീതിന്റെ മികച്ച പ്രകടനം.
🖱️കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 118 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 16,955 ആയി.
🖱️കേരളത്തിൽ ഇന്നലെ 13,984 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂർ 2350, മലപ്പുറം 1925, കോഴിക്കോട് 1772, പാലക്കാട് 1506, എറണാകുളം 1219, കൊല്ലം 949, കണ്ണൂർ 802, കാസർഗോഡ് 703, കോട്ടയം 673, തിരുവനന്തപുരം 666, ആലപ്പുഴ 659, പത്തനംതിട്ട 301, വയനാട് 263, ഇടുക്കി 196 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്നലെ രോഗ ബാധ സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 10.93.
🖱️രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 15,923 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 931, കൊല്ലം 1317, പത്തനംതിട്ട 445, ആലപ്പുഴ 1006, കോട്ടയം 884, ഇടുക്കി 354, എറണാകുളം 1521, തൃശൂർ 2313, പാലക്കാട് 1309, മലപ്പുറം 2653, കോഴിക്കോട് 1592, വയനാട് 237, കണ്ണൂർ 682, കാസർഗോഡ് 679 എന്നിങ്ങനേയാണ് രോഗമുക്തിയായത്. 1,65,322 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 32,42,684 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.
About The Author
No related posts.