വെറുതെ ഒരുസ്വപ്നം – സൂസൻ പാലാത്ര

Facebook
Twitter
WhatsApp
Email

എന്തൊരു നടപ്പായിരുന്നു. നടപ്പ് അല്ല, ഓട്ടം. ഓട്ടം അവസാനിച്ചപ്പോൾ ചെന്നുനിന്നത് ഒരു ഇടവഴിയിലാണ്. ഇsവഴി, തൊണ്ട്, ഒറ്റയടിപ്പാത എന്നൊക്കെപ്പറയാം. ഇടവഴിയ്ക്കിരുവശത്തും ഫലഭൂയിഷ്ഠമായ ഭൂമി. തെക്കുവടക്കായി ഒറ്റയടിപ്പാത നീണ്ടു വളഞ്ഞു കിടക്കുന്നു. കിഴക്കുവശം ഒരാൾ പൊക്കത്തിലെ കാട്ടുകല്ലുകയ്യാലയാണ്. കയ്യാലയിൽ മൈസൂർ ചീരയും നിറയെ പൂത്തു നില്ക്കുന്ന മുല്ലവള്ളികളും കോഴിവാലൻചെടികളും മറ്റു കാട്ടുചെടികളും നിയന്ത്രണമില്ലാതെ വളർന്നു കെട്ടുപിണഞ്ഞു കിടക്കുന്നു. ഒരു മഞ്ഞച്ചെമ്പരത്തി ഒന്നു രണ്ടു പുഷ്പങ്ങളുമായി ചിരിച്ചു നില്ക്കുന്നു. ഒരു മൈലാഞ്ചിച്ചെടി കുലച്ചു നില്ക്കുന്നു. പൊളിച്ചെടുത്ത ഒരു വീടിൻ്റെ അവശിഷ്ടങ്ങളും തറയും കാണാം. തൊണ്ടിന് പടിഞ്ഞാറുവശം മതിലില്ലാതെ, കയ്യാലയില്ലാതെ വള്ളിപ്പുല്ലുകളും തൊട്ടാവാടിച്ചെടികളും വളർന്നു പടർന്നു കിടക്കുന്നു. പറമ്പുനിറയെ കമുകും തെങ്ങും. മുരിക്കുമരത്തിലും കിളിഞ്ഞിൽ മരത്തിലും വളർന്നു പന്തലിച്ച കരിമുണ്ട, കാനേക്കാടൻ ഇനങ്ങളിൽപ്പെട്ട കൊടിമുളകു ചെടികളും, അങ്ങിങ്ങായി കായ്ച്ചു നില്ക്കുന്ന മാവുകളും പ്ലാവുകളും ഒന്നോ രണ്ടോ തെങ്ങുകളും കാണാം. ദിനവും കുറെപ്പേർ നടക്കുന്ന വഴിയാണെന്നു തോന്നുന്നു. ഒറ്റയടിപ്പാതയല്ലേ, എതിരെ ആരെങ്കിലും വന്നാൽ കൂട്ടിയിടിക്കും. സുഗമമായി നടക്കാൻ മറ്റുമാർഗ്ഗമില്ല.
എന്തോ കാലുകൾ മുന്നോട്ടു ഗമിക്കുന്നേയില്ല. ആരോ പിടിച്ചു നിർത്തിയതുപോലെയാണ്. ബാല്യത്തിൽ പല തവണ കണ്ടിട്ടും നടന്നിട്ടുമുള്ള തൻ്റെ കുഗ്രാമത്തിലെ ഇടവഴികൾ പെട്ടെന്ന് ഓർമ്മ വന്നു. തോടും തോട്ടരികിലെ ഇഞ്ചപ്പടർപ്പുകളും തോട്ടിലേക്കു ചാഞ്ഞു നില്ക്കുന്ന ഒതളമരവും കുടമ്പുളിമരവും തോട്ടിലേയ്ക്കുള്ള കൽപ്പടവുകളും സ്മരണയിൽ തെളിഞ്ഞു.
അയാൾ മൂക്കു തുറന്നുപിടിച്ച് മുല്ലപ്പൂമണമുള്ള ശുദ്ധവായു ആവോളം ശ്വസിച്ചു. വള്ളിപ്പുല്ലിൻ്റെ തലയ്ക്കം ഒടിച്ചെടുത്ത് കയ്യിലിട്ടു തിരുമ്മി പുല്ലിൻ്റെ ഗന്ധം ആസ്വദിച്ചു. തൊട്ടാവാടിപ്പൂവ് അടർത്തി കവിളിൽ ഉരസി കവിളിന് പഴയ ആ ഇക്കിളി നല്കി.
ആ പൊളിച്ചെടുത്ത വീടിൻ്റെ തിണ്ണയിൽ കയറി അല്പനേരം ഇരിക്കാൻ കൊതി തോന്നി. കയ്യാലക്കെട്ടിൻ്റെ ഓരത്തു കണ്ട കുത്തുകല്ലു കയറണം. രണ്ടു മൂന്നു കുത്തുകല്ലുകളുണ്ട്.
എത്ര കാലമായി മടുപ്പിക്കുന്ന നഗരജീവിതത്തിൽ ഉടക്കിക്കിടന്നതാണ്. ഒരു മുക്തി വേണം. പ്ലാസ്റ്റിക്കും കടലാസ്സുകളും മറ്റുമാലിന്യങ്ങളും കൂടിക്കത്തിക്കുന്ന മണമാണ് ഇത്രകാലവും ശ്വസിച്ചത്. മതിൽക്കെട്ടിനുള്ളിൽ തളയ്ക്കപ്പെട്ട ജീവിതം. ക്വാർട്ടേഴ്സിനടുത്തു തന്നെ ഓഫീസ്. വീട്, ജോലി, മക്കളെ വളർത്തൽ. മക്കൾ ഒരു കരപറ്റി. ഭാര്യസോഷ്യൽ മീഡിയയിൽ സജീവമാണ്. അതിനാൽ മടുപ്പില്ലാതെ ജീവിക്കുന്നു. താനോ…. ഇല്ല കഴിഞ്ഞദിനം വരെ ഉദ്യോഗത്തിൽ ശ്രദ്ധയൂന്നി. അടുത്തൂൺ പറ്റിയപ്പോഴാണ് മടുപ്പിയ്ക്കുന്ന ജീവിതഗന്ധം മൂക്കിലേയ്ക്കാഞ്ഞടിച്ചത്. ഇനി ഈഗ്രാമത്തിൽ പാർക്കാം. ഈ പൊളിച്ച വീടിൻ്റെ അടിത്തറ വാങ്ങാം. വീടുവച്ച് ഭാര്യയെക്കൂട്ടി ഇവിടെ ശിഷ്ടായുസ്സ് കഴിക്കാം.
ആരുടെവകയാണീ സ്ഥലം. അവർ ഇത് തരുമോ?എന്തായിരിക്കും വില?
കുത്തുകല്ലുകയറി ആ മുറ്റത്തു കയറാം. . അല്പസമയം ആ പൊളിച്ചിട്ട തിണ്ണയിലിരുന്ന് കാറ്റു കൊള്ളാം. കയറാൻ പറ്റുന്നില്ലല്ലോ .. കാലുകൾ നീങ്ങുന്നില്ല … സർവ്വശക്തിയുമെടുത്ത് അയാൾ കാലുകൾ ആഞ്ഞു ചവിട്ടി.
‘ശ്ശൊ… എന്തൊരു ശല്യമാ? എന്തൊരു ചവിട്ടാണ്? എന്നെച്ചവിട്ടി താഴെ വീഴിച്ചില്ലേ…. എന്തായിത്? ഭാര്യ കട്ടിലിൻ കീഴിൽകിടന്ന് വിലപിക്കുന്നത് അരണ്ട വെളിച്ചത്തിൽ കണ്ട് അയാൾ പുലമ്പി: “സ്വപ്നമായിരുന്നോ? എത്ര ശാന്തിദായകമായ… രസകരമായ സ്വപ്നം”

About The Author

Leave a Reply

Your email address will not be published. Required fields are marked *