പാച്ചുപ്പട്ടി പഠിച്ച പാഠം – മിനി സുരേഷ്

Facebook
Twitter
WhatsApp
Email
കണ്ണൻകുന്നു വീട്ടിലെ പട്ടിയായിരുന്നു പാച്ചു.
വഴിയോരത്ത് തനിയെ അലഞ്ഞുതിരിഞ്ഞു
നടന്നിരുന്ന പാച്ചുവിനെ കുഞ്ഞായിരുന്നപ്പോൾഒരുദിവസം കാരണവർ കണ്ണമ്മാവൻ വീട്ടിലേക്ക് കൂട്ടികൊണ്ടു വന്നതാണ്.
തവിട്ടു നിറവും,ഭംഗിയുള്ള വാലുമെല്ലാമായി
നല്ലൊരു സുന്ദരൻ പട്ടിക്കുഞ്ഞായിരുന്നു പാച്ചു.
മുട്ടയും, പാലും,ഇറച്ചിയുമെല്ലാം കൊടുത്ത് വളരെ
സ്നേഹത്തോടെ അവർ അവനെ വളർത്തി.
കുട്ടികളുടെ കൂടെ പന്തു കളിക്കുവാനും,രാവിലെ
ഗേറ്റിൽ നിന്ന് പത്രമെടുത്ത് കൊണ്ട് വരുവാനുമെല്ലാംഅവന്‌ വലിയഉൽസാഹമായിരുന്നു.
രാത്രിയും, പകലുമെല്ലാം പറമ്പ് മുഴുവനും കുരച്ചു കൊണ്ട് ഓടി നടക്കും. പരിചയമില്ലാത്ത ആരെയും
വീടിൻറെ പരിസരത്തേക്ക് പോലും അടുപ്പിക്കുകയില്ല.
കണ്ണമ്മാവൻ കാണാതെ തൊടിയിൽ നിന്നും തേങ്ങയും,കുരുമുളകും എല്ലാം മോഷ്ടിച്ചു കൊണ്ടു പോയിരുന്ന കള്ളന്മാരുടെ ശല്യവും അതോടെ ഇല്ലാതായി.അങ്ങനെ പാച്ചു വീട്ടിലെ എല്ലാവരുടെയും ഓമനയായി.
എല്ലാ ദിവസവും കണ്ണമ്മാവൻ രാവിലെ നടക്കുവാൻ
പോകുമ്പോൾ പാച്ചുവിനെയും കൊണ്ടു പോകും.
ഒരു ദിവസം അവർ മാർക്കറ്റിലേക്കുള്ള വഴിയിലൂടെ
നടക്കുമ്പോൾ കുറെ പട്ടികൾ അലഞ്ഞു തിരിഞ്ഞു
നടക്കുന്നത് കണ്ടു.
അതിലൊരു പാണ്ടൻ പട്ടിക്ക് പാച്ചുവിനെക്കണ്ടിട്ട് കുശുമ്പു വന്നു.
“അമ്പട ഞങ്ങളൊക്കെ ഇവിടെ ഭക്ഷണം കിട്ടാതെ
വിഷമിക്കുമ്പോൾ ഇവൻ തടിച്ചു കൊഴുത്ത് മിനുങ്ങി നടക്കുകയാണല്ലോ.ഇവനെയും തങ്ങളുടെ
കൂട്ടത്തിലേക്ക് കൂട്ടണം.”
പിന്നെ കണ്ണമ്മാവനും,പാച്ചുവും നടന്നു പോകുമ്പോൾ ആ പാണ്ടൻ പട്ടി പതുക്കെ പുറകെ ചെല്ലും.
“ഡാ ,നീയിങ്ങനെ ആവീട്ടിലെകാക്കയെയും,പൂച്ചയെയും ഓടിച്ചു നടന്നിട്ട് ഒരു കാര്യവുമില്ല കേട്ടോ. ഇടക്ക് രാത്രി പുറത്തേക്കൊക്കെ ഇറങ്ങി വാ.എന്തു രസമാണെന്നോ ഞങ്ങൾ എല്ലാവരും കൂടി കളിക്കുമ്പോൾ.പിന്നെ ഇവിടെ ഇഷ്ടം പോലെ മീനും,ഇറച്ചിയും ഒക്കെ കിട്ടും.” പാണ്ടൻ അവൻറെ
അടുത്ത് എന്നും ചെന്ന് പറയുവാൻ തുടങ്ങി.
വേറെ ഒരു പട്ടി പതുക്കെ അടുത്തു കൂടുന്നതു കണ്ട
കണ്ണമ്മാവൻ പാച്ചുവിനെ ഉപദേശിച്ചു.
“പാച്ചു നീയാ പട്ടിയോട് കൂട്ടു കൂടാൻ പോകരുത്.
അലഞ്ഞു തിരിഞ്ഞു നടക്കുന്ന ഇവറ്റക്ക് കുത്തിവയ്പ്പ് ഒന്നും എടുത്തിട്ടുണ്ടാവില്ല.
ചീത്ത കൂട്ടുകാരോട് കൂടെ കൂടി ചീത്ത സ്വഭാവങ്ങൾ
പഠിച്ചിട്ട് വന്നാൽ വീട്ടിൽ പിന്നെ കയറ്റില്ല”. കണ്ണമ്മാവൻ ദേഷ്യത്തിൽ നടന്നു.
കണ്ണമ്മാവനെ പേടിയുള്ളതു കാരണം പാച്ചു പിന്നീട്
പാണ്ടൻ പട്ടിയുടെ നേരെ നോക്കാനേ പോയില്ല.
തൻറെ നേരെ നോക്കാതെ നടന്നു പോകുന്ന പാച്ചുവിനെ വലയിലാക്കുവാൻ പാണ്ടൻ പട്ടി ഒരു
സൂത്രം പ്രയോഗിക്കുവാൻ തീരുമാനിച്ചു.
മാർക്കറ്റിലുള്ള പട്ടികളെയെല്ലാം കൂട്ടി രാത്രി
പാച്ചുവിൻറെ വീട്ടിൽ ചെന്നു. എല്ലാ പട്ടികളും
കൂടി ഇറങ്ങിച്ചെല്ലുവാൻ അവനെ നിർബന്ധിച്ചു
കൊണ്ടേയിരുന്നു.
ഒടുവിൽ മനസ്സില്ലാ മനസ്സോടെ പാച്ചുഅവരുടെ കൂടെ ചെന്നു.
ആദ്യമൊക്കെ കൂട്ടു കൂടി എല്ലാവരും നിന്നെങ്കിലും
കുറച്ചു കഴിഞ്ഞപ്പോൾ എല്ലാ പട്ടികളും ചേർന്ന് വളഞ്ഞ് അവനെ കടിക്കുവാൻ തുടങ്ങി.ഒരു തരത്തിൽ ഓടി വീട്ടിലെത്തിഅവൻ വേദന കാരണം തളർന്ന് ഉറങ്ങിപ്പോയി.
പിറ്റേ ദിവസം രാവിലെ ചോരയൊലിക്കുന്ന മുറിവുകളുമായി കിടക്കുന്ന പാച്ചുവിനെ കണ്ട്
കണ്ണമ്മാവന് നല്ല ദേഷ്യം വന്നു.
ഒരു മുട്ടൻ വടിയെടുത്ത് പാച്ചുവിന് പൊതിരെ തല്ലു കൊടുത്തു.
‘ വീട്ടിൽ നിന്നും ഇറക്കി വിടല്ലേ’ എന്ന മട്ടിൽ
ദയനീയമായി അവൻ യജമാനനെ നോക്കിക്കരഞ്ഞു.
വഴക്കു പറയുമെങ്കിലും പാച്ചുവിനോടു സ്നേഹമുള്ളതിനാൽ കണ്ണമ്മാവൻ വടി താഴെയിട്ട്
അകത്തേക്ക് പോയി മരുന്ന് എടുത്തു കൊണ്ട് വന്ന്
അവൻറെ മുറിവുകളിൽ പുരട്ടിക്കൊടുത്തു.
ഇനി ഒരിക്കലും അനുസരണക്കേട് കാണിക്കുകയില്ലെന്നും, ചീത്ത കൂട്ടുകാരോട് കൂടുകയില്ലെന്നും പാച്ചു മനസ്സിൽ ഉറപ്പിച്ചു.

About The Author

Leave a Reply

Your email address will not be published. Required fields are marked *