ഹിറ്റ്ലറെ പ്രണയിച്ച പെണ്‍കുട്ടി-യൂണിറ്റി വോള്‍കെര്‍മിറ്റ് ഫോര്‍ഡ് – കാരൂര്‍ സോമന്‍ (ലണ്ടൻ )

Facebook
Twitter
WhatsApp
Email

ചരിത്ര കഥ
ഹിറ്റ്ലറെ പ്രണയിച്ച പെണ്‍കുട്ടി-യൂണിറ്റി വോള്‍കെര്‍മിറ്റ് ഫോര്‍ഡ്
കാരൂര്‍ സോമന്‍
അങ്ങനെയൊരു അവസരത്തിനു വേണ്ടി അവള്‍ കാത്തിരിക്കുകയായിരുന്നു. മാതാപിതാക്കളോട് വാശി പിടിച്ച് ബ്രിട്ടനില്‍ നിന്നും മ്യൂണിക്കിലെത്തിയതു പോലും ഈ നിമിഷത്തിനു വേണ്ടിയായിരുന്നു. എതു സമയവും നാസിഗാനങ്ങള്‍ ചുണ്ടില്‍ തത്തിക്കളിച്ചിരുന്ന മുറിയുടെ ചുമരുകള്‍ നിറയെ ഹിറ്റ്ലറുടെ ചിത്രങ്ങള്‍ പതിപ്പിച്ചിരുന്ന പെണ്‍കുട്ടിക്ക് വിശ്വസിക്കാനാവുന്നതിലധികമായിരുന്നു അത്. അന്നു വരെ മനസില്‍ വച്ച് ആരാധിച്ചിരുന്ന അകലെ നിന്നെങ്കിലും നേരിട്ട് കാണാന്‍ കൊതിച്ചിരുന്ന അഡോള്‍ഫ് ഹിറ്റ്ലര്‍ അവളെ ഒരുമിച്ച് ഭക്ഷണം കഴിക്കുന്നതിനായി ക്ഷണിച്ചിരിക്കുന്നു. ആനന്ദാധിക്യം കൊണ്ട് യൂണിറ്റി പരിസരം മറന്നു. ഭക്ഷണമുറിയില്‍ ഹിറ്റ്ലര്‍ക്ക് അഭിമുഖമായി ഇരുന്നുകൊണ്ട് അന്നവള്‍ പറഞ്ഞു “ഫ്യൂറെര്‍ ഞാന്‍ അങ്ങയെ എത്രമാത്രം ആരാധിക്കുന്നു” വികാരനിര്‍ഭരമായ ഒരു ബന്ധത്തിന്‍റെ തുടക്കമായിരുന്നു ആ കൂടിക്കാഴ്ച.
കേട്ടാലിപ്പോഴും അവിശ്വസനീയമെന്നു തോന്നും. സര്‍വരാലും വെറുക്കപ്പെട്ട അഡോള്‍ഫ് ഹിറ്റ്ലര്‍ക്കു വേണ്ടി ജീവിതം തന്നെ മാറ്റി വച്ച പെണ്‍കുട്ടി. ഹിറ്റ്ലറുടെ കാമുകിയായി മറ്റൊരാള്‍ വാഴ്ത്തപ്പെടുമ്പോഴും അയാള്‍ക്കു വേണ്ടി ജീവന്‍ തൃജിക്കാന്‍ തയ്യാറായ യൂണിറ്റിവോള്‍കെര്‍മിറ്റ്ഫോര്‍ഡ്. അവള്‍ നാസിസത്തെ അന്ധമായി വിശ്വസിച്ചിരുന്നു. ഹിറ്റ്ലര്‍ അവള്‍ക്ക് മനുഷ്യസമുദായത്തിന്‍റെ രക്ഷകനായി ഒരു മിശിഹ ആയിരുന്നു. ഹിറ്റ്ലറെ കാണാന്‍ അവള്‍ അതീവതാല്പര്യത്തോടെയാണ് ഓടിനടന്നത്. ഒടുവില്‍ യൂണിറ്റി കണ്ടുമുട്ടി. ബ്രിട്ടണിലെ പ്രഭുകുടുംബത്തില്‍ പിറന്ന ആ പെണ്‍കുട്ടിയോട് ഹിറ്റ്ലര്‍ക്ക് മതിപ്പുതോന്നി. അയാള്‍ അവളോടുള്ള ചങ്ങാത്തം വളരെക്കാലം ആസ്വദിച്ചു. പിന്നീട് അവള്‍ മനംമാറ്റം വന്ന് മാതൃരാജ്യത്തേക്കു മടങ്ങി.
ബ്രിട്ടണിലെ കുലീനകുടുംബത്തില്‍ പിറന്ന യൂണിറ്റിവോള്‍കെര്‍ മിറ്റ്ഫോര്‍ഡ് നിന്ന് വളരെ വ്യത്യസ്തയായിരുന്നു. വളരെ ചെറുപ്പത്തിലേതന്നെ അവള്‍ ഹിറ്റ്ലറുടെ ആര്യവംശാധീശസിദ്ധാന്തം വളരെ ഇഷ്ടപ്പെട്ടിരുന്നു. ഫാസിസ്റ്റുകള്‍ ധരിക്കുന്ന കറുത്ത വസ്ത്രമാണ് അവള്‍ അണിഞ്ഞിരുന്നത്. 1934-ല്‍ യൂണിറ്റി അച്ഛനോടു പറഞ്ഞു, ജര്‍മ്മിനിയില്‍ താമസിക്കാന്‍ ആഗ്രിഹിക്കുന്നുവെന്ന്. പക്ഷേ പിതാവായ റെഡെസ് ഡെയ്ല്‍ പ്രഭു മ്യൂണിക്കിലുള്ള ഒരു ഫിനിഷിംഗ് സ്കൂളിലേക്കാണ് യൂണിറ്റിയെ അയച്ചത്.
അവളുടെ സ്വഭാവവൈചിത്ര്യം കണ്ട് ട്യൂട്ടറായ ബരോണസ് ലാറോഷ് അമ്പരന്നു. അവള്‍ എല്ലായിപ്പോഴും നാസീഗാനങ്ങള്‍ പാടുകയും സ്വന്തം മുറിയുടെ ചുവരുകളില്‍ ഹിറ്റ്ലറുടെ ചിത്രങ്ങള്‍ പതിക്കുകയും ചെയ്തു. ഹിറ്റ്ലര്‍ പങ്കെടുക്കുവാന്‍ സാധ്യതയുള്ള സമ്മേളനങ്ങളിലെല്ലാം വളരെ പെട്ടെന്ന് ഹാജരായി. നാസികളോടൊപ്പം പന്തംകൊളുത്തി പ്രകടനങ്ങളിലും അണിചേര്‍ന്നു. എങ്ങിനെയെങ്കിലും ഹിറ്റ്ലറെ ഒരുനോക്കു കാണുക എന്നതായിരുന്നു അവളുടെ ലക്ഷ്യം. ഒരിക്കല്‍ ആരോ പറഞ്ഞു ബാവേറിയ റസ്റ്റോറന്‍റില്‍ പലപ്പോഴും ഹിറ്റ്ലര്‍ സന്ദര്‍ശനം നടത്താറുണ്ടെന്ന്. അതുകേട്ടതുമുതല്‍ യൂണിറ്റി അവിടുത്തെ നിത്യസന്ദര്‍ശകയായി. ഹിറ്റ്ലര്‍ക്കും തവിട്ടു നിറമുള്ള ആ സുന്ദരിയോട് അവ്യാഖ്യേയമായ കൗതുകവും അടുപ്പവും തോന്നി. ഒരുദിവസം തന്‍റെ മേശയിലിരുന്ന ഭക്ഷണം കഴിക്കാന്‍ ഹിറ്റ്ലര്‍ യൂണിറ്റിയെ ഒരു ദൂതന്‍ മുഖാന്തരം ക്ഷണിച്ചു.
1914-ആഗസ്ത് 8-ാം തീയതിയാണ് യൂണിറ്റി മിറ്റ് ഫോര്‍ഡ് ജനിച്ചത്. ബുദ്ധിമതിയാണെങ്കിലും അവളൊരു അരപ്പിരിക്കാരിയാണെന്ന് മാതാപിതാക്കള്‍ മുമ്പേ ഗ്രഹിച്ചിരുന്നു. പതിനാലു വയസ്സായപ്പോള്‍ യൂണിറ്റിയെ ഹെര്‍ട്ട്ഫോര്‍ഡ് ഷെയറിലുള്ള സെന്‍റ് മാര്‍ഗരറ്റ് ബോര്‍ഡിംഗ് സ്കൂളില്‍ അയച്ചു. ഫാസിസ്റ്റുകളുടെ കറുത്ത വസ്ത്രമാണ് അപ്പോള്‍ അവള്‍ ഉപയോഗിച്ചിരുന്നത്. വ്യവസായത്തില്‍ നഷ്ടം വന്ന യൂണിറ്റിയുടെ പിതാവ് സാമ്പത്തികമായി നന്നെ തകര്‍ന്നു. പെണ്‍മക്കളെ വേണ്ടവിധം പോറ്റാന അദ്ദേഹത്തിനു കഴിഞ്ഞില്ല. അങ്ങനെ യൂണിറ്റിക്കും ഡയാനയ്ക്കും ഇഷ്ടത്തിനൊത്തു നടക്കാനുള്ള സ്വാതന്ത്ര്യമുണ്ടായി. ഡയാനയെപ്പോലെ യൂണിറ്റിയും ഫാസിസ്റ്റ് പ്രസ്ഥാനത്തിനറെ ബ്രിട്ടണിലെ ശക്തിയുള്ള വക്താവായി. ഓസ്വാള്‍ഡ് മോസ്ലി ആയിരുന്നു അതിന്‍റെ നേതാവ്. ഡയാനയുടെ ക്ഷണമനുസരിച്ച് 1933 ജൂണ്‍ 14-ാം തീയതി മോസ്ലി സ്വന്‍ബേണിലുള്ള അവരുടെ ഭവനം സന്ദര്‍ശിച്ചു.
ഓസ്വാള്‍ഡ് മോസ്ലി അവരുടെ നേതാവായെ ഹിറ്റ്ലറെക്കുറിച്ചും ഹിറ്റ്ലറുടെ സിദ്ധാന്തങ്ങളെക്കുറിച്ചും യൂണിറ്റിയോട് സംസാരിച്ചു. യൂണിറ്റിക്ക് വലിയ മതിപ്പു തോന്നി. അവള്‍ ഫാസിസ്റ്റ് യൂണിയനിലെ ഒരംഗമായി. ബ്രിട്ടണില്‍ ഒരു ഏകാധിപതിയുടെ കീഴില്‍ സവര്‍ണ്ണ ഫാസിസ്റ്റ് ഭരണം സ്ഥാപിക്കാന്‍വേണ്ടി സംഘടന പ്രവര്‍ത്തനം ആരംഭിച്ചു. ആര്യേതരവര്‍ഗ്ഗക്കാരെല്ലാം ഇംഗ്ലണ്ടില്‍ നിന്നും തുടച്ചു നീക്കാന്‍ അവര്‍ ആവശ്യപ്പെട്ടു. ബ്രിട്ടീഷുകാരെല്ലാം ആര്യന്‍ വംശജരാണെന്നും ലോകത്തെ അടക്കി ഭരിക്കാന്‍ അവര്‍ക്ക് അധികാരമുണ്ടെന്നും അവര്‍ വിശ്വസിച്ചിരുന്നു. യൂണിറ്റി നാസിസത്തിന്‍റെ തീവ്രവാദിയായി. ഒരിക്കല്‍ അവള്‍ ഒരു റിക്കാര്‍ഡിംഗ് തിയേറ്ററില്‍ വച്ച് സ്വന്തം അഭിപ്രായം ഇങ്ങനെ ലേഖനം ചെയ്തു ‘ജൂതര്‍…..ജൂതര്‍ …ജൂതരെ ഉന്മൂലനം ചെയ്യാന്‍ ഞങ്ങള്‍ തീരുമാനിച്ചു കഴിഞ്ഞു”
1933-ലെ ഒരു വസന്തകാലത്ത് ലണ്ടനിലെ സ്കൂള്‍ ഓഫ് ആര്‍ട്സില്‍ അവള്‍ക്കു പ്രവേശനം ലഭിച്ചു. എങ്കിലും അവിടെ കൂടുതല്‍ കാലം തങ്ങാന്‍ അവള്‍ക്കു കഴിഞ്ഞില്ല. അതേവര്‍ഷം ആഗസ്തില്‍ ജര്‍മ്മിനിയിലെ ന്യൂറെബര്‍ഗില്‍ ഫാസിസ്റ്റുകളുടെ സമ്മേളനം സംഘടിക്കപ്പെട്ടു. ബ്രിട്ടണിലുള്ള ഫാസിസ്റ്റുകളുടെ പ്രതിനിധിയായി സമ്മേളനത്തില്‍ പങ്കെടുത്ത ഒരേഒരു വനിത യൂണിറ്റി ആയിരുന്നു. സമ്മേളനം വലിയ വിജയമായിരുന്നു. നാലുലക്ഷം ആളുകള്‍ പങ്കെടുത്തുവെന്നാണ് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്. അനുയായികളെല്ലാം ഹിറ്റ്ലര്‍ക്ക് നാസി സല്യൂട്ട് നല്കുമ്പോള്‍ യൂണിറ്റി അത്ഭുത പരതന്ത്രയായി നോക്കി നിന്നു. ഈ ലോകത്ത് അവള്‍ കാണാനാഗ്രിഹിക്കുന്ന ഒരേഒരു പുരുഷന്‍ ഹിറ്റ്ലര്‍ ആണെന്ന് അവള്‍ തുറന്നുപറഞ്ഞു.
ഈ സമ്മേളനത്തിനുശേഷം അവളുടെ നിര്‍ബന്ധത്തിനു വഴങ്ങി പിതാവ് അവളെ മ്യൂണിക്കിലുള്ള സ്കൂളില്‍ പഠിക്കാന്‍ വിട്ടു. മ്യൂണിക്കിലെത്തിയ യൂണിറ്റി കൂടുതല്‍ സമയവും യോഗങ്ങളില്‍ സംബന്ധിക്കുകയും ഹിറ്റ്ലറെ കാണാനുമാണ് വിനിയോഗിച്ചത്. ഹിറ്റ്ലറുടെ സെക്യൂരിറ്റി വയത്തിലുള്ള ഉദ്യോഗസ്ഥരുമായി യൂണിറ്റി വലിയ ചങ്ങാത്തത്തിലായി. ഹിറ്റ്ലറുടെ പോക്കുവരവുകളെക്കുറിച്ച് ഉദ്യോഗസ്ഥന്മാര്‍ അവള്‍ക്ക് വിവരങ്ങള്‍ നല്കി.
ഹിറ്റ്ലറുടെ സന്നദ്ധസൈന്യത്തിന്‍റെ മന്ത്രിയും എഴുത്തുകാരനുമായ ആല്‍ബേര്‍ സ്പീര്‍ ഒരു ഇന്‍റര്‍വ്യൂവില്‍ വെളിപ്പെടുത്തി ‘അവള്‍ ഹിറ്റ്ലറോട് അഗാധപ്രേമത്തിലായിരുന്നു. നമുക്ക് അത് മനസ്സിലാക്കാന്‍ ഒരു പ്രായാസവുമില്ല. ഹിറ്റ്ലറുടെ സമീപ്യത്തില്‍ അവളുടെ കണ്ണുകള്‍ തിങ്ങുകയും മുഖം തുടുക്കുകയും ചെയ്തിരുന്നു. ശാലീനസുന്ദരിയായ ആ പെണ്‍കുട്ടിയുടെ ആരാധന ഏറ്റുവാങ്ങുന്നതില്‍ ഹിറ്റ്ലറും സന്തുഷ്ടനായിരുന്നു. അവള്‍ സുന്ദരിയായിരുന്നു. അവിഹിതമായി തരത്തില്‍ ഹിറ്റ്ലര്‍ തന്നോട് ബന്ധപ്പെട്ടിരുന്നുവെന്ന് യൂണിറ്റി ഒരിക്കലും സമ്മതിച്ചിട്ടില്ല. അവള്‍ പറയുമായിരുന്നു അദ്ദേഹം ഒരു മിശിഹായാണ്. മനുഷ്യരാശിക്കു ആകമാനം വേണ്ടിയുള്ള മിശിഹ.
ഹിറ്റ്ലറും യൂണിറ്റിയും തമ്മിലുള്ള ബന്ധം മുറുകിവന്നതോടെ സംഘടനയില്‍ മുന്‍നിരയിലുള്ള സഹപ്രവര്‍ത്തകര്‍ സംശയാലുക്കളായി. യൂണിറ്റിയെ ഒരു ചാരപ്രവര്‍ത്തകയായി അവര്‍ ചിത്രീകരിച്ചു. പക്ഷേ ഹിറ്റ്ലര്‍ക്കറിയാമായിരുന്നു അവള്‍ തന്‍റെ ആത്മാര്‍ത്ഥതയുള്ള ആരാധികയാണെന്ന് അതുകൊണ്ടുതന്നെ ഉപജാപങ്ങളൊന്നും വകവയ്ക്കാതെ ഹിറ്റ്ലര്‍ ഒരുക്കിയ വിരുന്നുകളിലെല്ലാം അവള്‍ ക്ഷണിക്കപ്പെട്ടു. രാത്രികാലങ്ങളില്‍ യൂണിറ്റിക്കുവേണ്ടുന്ന പാര്‍പ്പിടങ്ങളൊരുക്കി കൊടുക്കാന്‍ ഗിബല്‍സിന്‍റെ ഭാര്യയായ മാഗ്ദയോട് ഹിറ്റ്ലര്‍ പ്രത്യേകം ഏര്‍പ്പാടു ചെയ്തിരുന്നു. ഹിറ്റ്ലറില്‍ അവള്‍ക്കുണ്ടായിരുന്ന സ്വാധീനം പ്രത്യക്ഷമായി വര്‍ദ്ധിച്ചുവന്നു. അവളുടെ സാന്നിധ്യത്തില്‍ തന്നെ വിമര്‍ശിക്കുന്നവരെ 48 മണിക്കൂറിനുള്ളില്‍ അറസ്റ്റു ചെയ്തിരുന്നു. മ്യൂണിക്കിലെ ഒളിംബിക്സില്‍ പങ്കെടുക്കാന്‍ ഡയാനയെയും ഭര്‍ത്താവായ മോസ്ലിയെയും വിശിഷ്ടാതിഥികളായി ക്ഷണിച്ചത് ഹിറ്റ്ലര്‍ യൂണിറ്റിയെ എത്രത്തോളം മാനിച്ചിരുന്നുവെന്നതിന് തെളിവാണ്.
മ്യൂണിക്കിലെ ഒളിംബിക്സിന് അല്പം മുമ്പാണ് ഇവാ ബ്രൗണ്‍ ഹിറ്റ്ലറുടെ ജീവിതത്തില്‍ കടന്നുവന്നത്. രണ്ടു സുന്ദരിമാരും പലപ്പോഴും പ്രത്യേക ചേംബറില്‍ ഒരുമിച്ചിരിക്കാറുണ്ടായിരുന്നു. കീര്‍ത്തിമാനായ ഒരാള്‍ ബന്ധപ്പെടുന്ന സുന്ദരികള്‍ പരസ്പരം അസൂയാലുക്കളാകുന്നത് തികച്ചും സ്വാഭാവികമാണ്. പ്രത്യക്ഷകാമുകയായ ഈവാ ബ്രൗണും പ്രച്ഛന്ന കാമുകിയായ യൂണിറ്റിയും അതിനൊരു അപവാദമായില്ല. എങ്കിലും പരസ്പരം ചേര്‍ന്നുനിന്ന് അങ്കം കുറിച്ചതായി അറിവില്ല.
ഹിറ്റ്ലറെക്കുറിച്ചുള്ള ആധികാരിക പഠനങ്ങള്‍ വെളിവാക്കുന്നത് യൂണിറ്റി എല്ലാ അര്‍ത്ഥത്തിലും ഒരു കാമുകിയായിരുന്നുവെന്നാണ്. അവള്‍ തന്‍റെ കാല്‍ച്ചോട്ടില്‍ ഇരിക്കുമ്പോള്‍ തഴച്ചു സമൃദ്ധമായ തവിട്ടുനിറമാര്‍ന്ന അവളുടെ മുടിയിഴകളെ ഹിറ്റ്ലര്‍ വികാരാദ്രമായി തഴുകി താലോലിച്ചിരുന്നുപോലും.
ഹിറ്റ്ലര്‍ തിരക്കേറിയ ഒരു വലിയ മനുഷ്യനായി.യൂണിറ്റിയെ പഴയതുപോലെ കാണാനും ശ്രദ്ധിക്കാനും കഴിയാതെ വന്നപ്പോള്‍ അവളുടെ മനസ് സംഘര്‍ഷഭരിതമായി. ചില അവസരങ്ങളില്‍ ഹിറ്റ്ലര്‍ അവളെ അവഗണിക്കുകപോലുമുണ്ടായി. 1938-ലെ വസന്തകാലത്ത് ഹിറ്റ്ലര്‍ ആസ്ത്രിയയിലേക്ക് മാര്‍ച്ചു ചെയ്തത് ആഘോഷിക്കാന്‍ വിയന്നയിലെ ഇംപീരിയല്‍ ഹോട്ടലില്‍ ഒരുക്കിയ കലാപരിപാടികളിലും വിരുന്നു സല്‍ക്കാരത്തിലും പങ്കെടുക്കാന്‍ യൂണിറ്റിക്ക് ക്ഷണം ലഭിച്ചു. അന്ന് ഹിറ്റ്ലര്‍ യൂണിറ്റിയോട് കുറച്ചുനേരം മാത്രമേ സംസാരിച്ചിരുന്നുള്ളൂ. ഒരിക്കല്‍ യൂണിറ്റി തന്‍റെ മാതാപിതാക്കളെ പരിചയപ്പെടുത്താന്‍ ഹിറ്റ്ലറുടെ അടുത്തേക്കു കൊണ്ടുപോയി. ഹിറ്റ്ലര്‍ അപ്പോള്‍ ഏതോചിന്തയില്‍ ലയിച്ച് പരിസരം മറന്ന് ഇരിക്കുകയായിരുന്നു. യൂണിറ്റി വലിയ മോഹഭംഗത്തോടെ തിരിച്ചുപോയി. അടുത്ത വര്‍ഷം ലോകമഹായുദ്ധം പൊട്ടപ്പിറപ്പെട്ടു. ഹിറ്റ്ലറുമായുള്ള അവളുടെ കൂടിക്കാഴ്ച ഏതാണ്ടവസാനിച്ചു. അവള്‍ക്ക് അസൗകര്യങ്ങളൊന്നും ഉണ്ടാകരുതെന്ന് കരുതി ഹിറ്റ്ലര്‍ ഒരു വീട് ഏര്‍പ്പാടാക്കി കൊടുത്തു. എങ്കിലും പഴയ ബന്ധം പുനഃസ്ഥാപിക്കപ്പെട്ടില്ല. യൂണിറ്റിക്കു നല്കിയ വീടിന്‍റെ പൂര്‍ണ്ണമായ സംരക്ഷണം ഹിറ്റ്ലറുടെ മേല്‍നോട്ടത്തിലായിരുന്നു. കിടപ്പറയില്‍ യൂണിറ്റി ഒരു റിവോള്‍വര്‍ സൂക്ഷിച്ചിരുന്നു. അതിന്‍റെ ആവശ്യത്തെക്കുറിച്ച് ചോദിക്കുന്നവരോടൊക്കം അവള്‍ പറയുമായിരുന്നു-ജര്‍മ്മനി വിടാന്‍ നിര്‍ബന്ധിതയായതുകൊണ്ട് ആത്മഹത്യ ചെയ്യാന്‍ വേണ്ടിയാണെന്ന്. രണ്ടാം ലോകമഹായുദ്ധത്തോടുകൂടി ജര്‍മ്മനിയിലുള്ള ബ്രിട്ടീഷുകാരെല്ലാം സ്വദേശത്തേക്കു മടങ്ങി. ബ്രിട്ടീഷ് നയതന്ത്രകാര്യാലയം ഇംഗ്ലണ്ടിലേക്ക് പോകാന്‍ യൂണിറ്റിയെ ഉപദേശിച്ചു. ജര്‍മ്മിനിയില്‍ താന്‍ സുരക്ഷിതയാണെന്ന് അവള്‍ മറുപടി പറഞ്ഞു. ഇങ്ങനെയാണെങ്കിലും മാതൃരാജ്യത്തെ അവള്‍ സ്നേഹിച്ചിരുന്നു. ലണ്ടന്‍ നഗരത്തെ നശിപ്പിക്കുമെന്ന് ഹിറ്റ്ലര്‍ ഒരിക്കല്‍ പറഞ്ഞപ്പോള്‍ അവള്‍ വിതുമ്പി കരഞ്ഞു.
സെപ്തംബര്‍ മൂന്നാം തീയതി യൂണിറ്റി ആഭ്യന്തര മന്ത്രാലയത്തിലേക്ക് പോയി. കൈ നിറയെ മെഡലുകളുമായി മടങ്ങിവന്നു. കുറെ സമയം കഴിഞ്ഞ് അവള്‍ ഒരു പാര്‍ക്കില്‍ പോയി. റിവോള്‍വറെടുത്ത് സ്വന്തം ശിരസ്സിനു നേരെ കാഞ്ചി വലിച്ചു. അവളുടെ ആത്മഹത്യശ്രമം ഹിറ്റ്ലറെ വല്ലാതെ അസ്വസ്ഥനാക്കി. എന്തുവിലകൊടുത്തും അവളുടെ ജീവന്‍ രക്ഷിക്കണമെന്ന് ഹിറ്റ്ലര്‍ ഡോക്ടര്‍ക്ക് നിര്‍ദ്ദേശം നല്കി. അഞ്ചുദിവസം കഴിഞ്ഞ് ഒരു പൂച്ചെണ്ടുമായി ഹിറ്റ്ലര്‍ യൂണിറ്റിയെ കാണാന്‍ വന്നു. ഇംഗ്ലണ്ടിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നുവെന്ന് അവള്‍ ഹിറ്റ്ലറോട് പറഞ്ഞു. യാത്രയ്ക്കു വേണ്ടുന്ന ഏര്‍പ്പാടുകള്‍ എല്ലാം ചെയ്യാമെന്ന് ഹിറ്റ്ലര്‍ വാക്കുകൊടുത്തു. യുദ്ധം കൊടുമ്പിരികൊണ്ടിരുന്നുവെങ്കിലും ഒന്‍പതുദിവസത്തിനുള്ളില്‍ത്തന്നെ യൂണിറ്റിയെ ലണ്ടനിലെത്തിച്ചു. യൂണിറ്റി ശാരീരികമായും മാനസികമായും മാറിക്കഴിഞ്ഞിരുന്നു. അവള്‍ ദിവസം മുഴുവന്‍ പ്രാര്‍ത്ഥനയില്‍ മുഴുകി.
തലച്ചോറിന് ക്ഷതം സംഭവിച്ചാലോ എന്നുകരുതി ഡോക്ടര്‍മാര്‍ വെടിയുണ്ട നീക്കം ചെയ്തിരുന്നില്ല. തന്മൂലം യൂണിറ്റി വല്ലാത്ത കുഴപ്പത്തിലായി. ഏറെത്താമസിക്കാതെ അവള്‍ക്കു മസ്തിഷ്കജ്വരം പിടിപെട്ടും. മതിഭ്രമം മൂത്ത് പിച്ചും പേയും പറഞ്ഞുകൊണ്ടിരുന്നു. 1948 മെയ് 28-ാം തീയതി യൂണിറ്റി അന്തരിച്ചു. മാനസികനില തകരാറിലായപ്പോഴും അവളുടെ മനസില്‍ നിന്നും ഹിറ്റ്ലര്‍ മാഞ്ഞു പോയിരുന്നില്ല. ഓരോ നിമഷത്തിലും അവള്‍ താനും ഹിറ്റ്ലറും ഒരുമിച്ചുള്ള ദിവസങ്ങളെക്കുറിച്ചും ആ ഓര്‍മകളെക്കുറിച്ചുമെല്ലാമാണ് പറഞ്ഞു കൊണ്ടിരുന്നത്. ഹിറ്റലറോടുള്ള അവളുടെ കളങ്കമേല്‍ക്കാത്ത സ്നേഹത്തിന് അതിനേക്കാള്‍ വലിയ തെളിവോ വിശദീകരണമോ ഒന്നും നല്‍കേണ്ടിയിരുന്നിമില്ല.
(കടപ്പാട് – ശ്രേഷ്ഠ പബ്ലിക്കേഷന്‍സ്)

About The Author

Leave a Reply

Your email address will not be published. Required fields are marked *