പുറത്തെ ഗേറ്റിലേക്ക് ഇടയ്ക്കിടെ അമലു എത്തിനോക്കുന്നുണ്ടായിരുന്നു. മുറ്റത്തെ പടിഞ്ഞാറേക്കോണിൽ നിന്ന തെങ്ങിന്റെ ചുവട്ടിലേക്ക് ഒരു കൊതുമ്പ് പാറി വീണ ഒച്ച കേട്ട് കുറച്ചു മുമ്പും അവളെത്തി നോക്കിയിരുന്നു…ആരുടെയോ കാലൊച്ചകൾക്കു കാതോർത്തു കൊണ്ട്..
കണ്ണെത്തും ദൂരങ്ങളിൽ ഒഴുക്കുകുന്ന പുഴയിൽ ആരോ വലയെറിയുന്നതും ഉറക്കെ സംസാരിക്കുന്നതും അവൾ കേട്ടു… കഴിഞ്ഞ പ്രളയത്തിന്
വീടിന്റെ കോലായിൽ വരെ വെള്ളം ഇരച്ചെത്തിയിരുന്നു…അയല്പക്കകാരെല്ലാം നിർബന്ധിച്ചിട്ടും അമലു മാത്രം അവിടം ഉപേക്ഷിച്ചു പോയില്ല…വെള്ളത്തിൽ മുങ്ങി അവസാനിക്കാനാണ് വിധിയെങ്കിൽ അങ്ങനെയാകട്ടെയെന്നു കരുതി…പക്ഷേ പ്രളയം അമലുവിന്റെ അടിയുറച്ച തീരുമാനത്തിന് മുമ്പിൽ തോറ്റു എന്ന് പറയുന്നതാവും ശരി… പുഴ മാറിയൊഴുകി..
ജനിച്ചപ്പോൾ തുടങ്ങി കാണുന്നതല്ലേ അവൾ പുഴയെ…
ആ പുഴയുടെ തീരങ്ങളിൽ എത്രയോ തവണ ഗിരിശങ്കറിന്റെ കൂടെ നടന്നിട്ടുണ്ട്..വലിയ ആറ്റുവഞ്ചിയുടെ പടർപ്പിൽ, പുളിമരത്തിന്റെ തണലിൽ… കണ്ണിൽ കണ്ണിൽ പരസ്പരം നോക്കി നിന്നിട്ടുണ്ട്. ഒന്നും സംസാരിക്കാനാവാതെ .
..മൗനം
അത് ചിലപ്പോൾ വാക്കുകളേക്കാൾ തീവ്രതയുള്ളതാണെന്നു അവൾക്കു തോന്നിയിരുന്നു… മൗനത്തിന് ഒരുപാട് അർത്ഥ തലങ്ങളുണ്ടെന്നും…. ഒരു പക്ഷെ ചിലരെങ്കിലും അത് തങ്ങൾ തമ്മിലുള്ള പ്രണയമാണെന്ന് തെറ്റിദ്ധരിച്ചിട്ടുണ്ടായാവാം …തങ്ങളുടെ പ്രണയം എപ്പോഴും പുഴയോടും പുഴയുടെ തീരത്തോടും , പിന്നെ അച്ഛനും അമ്മയും ആരെന്നറിയാത്ത അനാഥ ബാല്യങ്ങളെ സനാതരാക്കുന്ന പുണ്യ പ്രവർത്തിയോടും മാത്രമായിരുന്നു …
ഗിരിശങ്കറിന്റെ കൂടെ നടക്കുമ്പോൾ എല്ലാം ഒരു ആശ്വാസമായിരുന്നു…
എന്തിനും ഗിരിക്ക് സംബന്ധിച്ചിടത്തോളം ഉപാധി ഉണ്ടായിരുന്നു.
പ്ലസ്ടു വിനു ശേഷം എന്തിന് ചേരും എന്നുള്ളതിന് ഗിരി തന്ന ഒരു ആശയം ആയിരുന്നു..അനാഥകുട്ടികളെ പരിപാലിക്കുക എന്നത്…
താൻ ആദ്യം കരുതിയത് ..ചിലപ്പോൾ നഴ്സിംഗ് പഠിക്ക് എന്ന് പറയുമെന്നായിരുന്നു..
ഒരു പക്ഷെ വിദേശത്തോ മറ്റോ പോയി നല്ല ജോലിയും തേടാമല്ലോ…
എല്ലാറ്റിൽ നിന്നും വ്യത്യസ്തത പുലർത്തുന്ന ആളായിരുന്നു ഗിരി …
അയാൾ പറയാറുണ്ടായിരുന്നു .. ആർക്കും വേണ്ടാതെ തെരുവിൽ വലിച്ചെറിയപ്പെടുന്ന കുരുന്നുകളുടെ അമ്മയും അച്ഛനും നമ്മളാവണം
ഒരുപാട് കുട്ടികളുടെ എല്ലാമെല്ലാമായിനമ്മളും…അതെ താനും അത് ഒരു പാടിഷ്ട്ടപ്പെട്ടിരുന്നല്ലോ …
അയാൾ ഇപ്പോഴും പറയുന്ന ഒരു കാര്യമുണ്ട് ..
രണ്ടു കാര്യങ്ങളാണ് നമുക്ക് വേണ്ടത് ഒന്ന് സന്തോഷവും സമാധാനവും രണ്ട് ഉറക്കവും.
ചെറിയ വീട് മതി …ആഹാരവും പിന്നെ വസ്ത്രവും ഉണ്ടെങ്കിൽ ധാരാളം….
തനിക്കും എതിരഭിപ്രായമൊന്നും ഇല്ലായിരുന്നല്ലോ..
മുറ്റത്തെ ചാമ്പ ചുവട്ടിലേക്ക് കുറെ പഴുത്ത ചാമ്പയ്‌ക്ക അടർന്നു വീണു…അവയെ നോക്കി അമലു നിന്നു…
പഴയ ഓർമ്മകളിലേക്ക് അവൾ അറിയാതെ മൂക്കുകുത്തി.ഒരിക്കൽ പുഴയുടെ തീരത്തുള്ള പടർപ്പുള്ള ആറ്റുവഞ്ചിയുടെ ചുവട്ടിൽ വെച്ച് ഭക്ഷണം കഴിക്കാതെ വയറു കാഞ്ഞിരിക്കുമ്പോൾ ഗിരി പൊതിഞ്ഞു കൊണ്ട് വന്ന ചാമ്പയ്‌ക്കയുടെ മധുരം…
ഇപ്പോൾ അണ്ണാറക്കണ്ണൻമാർ തലങ്ങും വിലങ്ങും പാഞ്ഞുനടക്കുന്നു.
… ഒടുവിൽ, രാജ്യത്തെ സേവിക്കാനായി വന്ന പട്ടാളക്കാരന്റെ ജോലി അയാൾ മറ്റൊന്നും ആലോചിക്കാതെ സ്വീകരിച്ചു …അതിൽ കൂടുതൽ എന്തഭിമാനം …കാശ്മീരിലും, ലഡാക്കിലും ആസ്സാമിലും എത്രയോ സഹോദരന്മാർ ഉണ്ണാതെ , ഉറങ്ങാതെ രാജ്യത്തിന് വേണ്ടി കാവലിരിക്കുന്നു… സെലെക്ഷൻ വന്നു കഴിഞ്ഞ ദിവസം ആണ് അവർ അവസാനമായി കണ്ടത്.
അവർ പുഴയുടെ തീരത്തു കൂടി നടന്നു…
ഇനി എന്നാണ് ഇതുപോലെ …..കായലോരത്തെ ആറ്റുവഞ്ചി മരത്തിന്റെ ചുവട്ടിലിരിരിക്കുമ്പോൾ അവൾ ചോദ്യത്തിന് മറുപടി പറയാതെ അകലെയുള്ള മറുകര കാണാൻ കഴിയാത്ത പുഴയിൽ നോക്കി അയാൾ ഇരുന്നു. അയാളുടെ പല ഉത്തരങ്ങളും മൗനമായിരുന്നു …ആ മൗനത്തിന്റെ അർത്ഥ തലങ്ങൾ അമലുവിനു മാത്രമേ തിരിരിരിച്ചറിയാൻ കഴിഞ്ഞിരിന്നുള്ളൂ…….. വഞ്ചിക്കാരൻ ആളുകളെ തന്റെ വഞ്ചിയിൽ കയറ്റി അക്കരക്ക് പോകുന്നതവർ കണ്ടു ..വഞ്ചിക്കാരന്റെ ആവർത്തിച്ചുള്ള ഒരേ പാട്ട്..”ഏലയ്യ..ഐലേസാ …തോണി തുഴഞ്ഞെ ..ഐലേസാ …”-
പുഴയോരത്തെ പുൽപ്പടർപ്പിൽ ഗിരിശങ്കർ മലർന്നു കിടന്ന് ആകാശത്തേക്ക് നോക്കി ….പഞ്ഞി മേഘങ്ങളിൽ നോക്കി അയാൾ പറഞ്ഞു …അമലു, ചിരിക്കുന്നവർക്കു മാത്രം ഉള്ളതാണാകാശം…”-
“അപ്പോൾ ചിരിയില്ലാത്തവർക്കോ …”-
” ചിരിക്കുന്നതാരാണ് …നല്ല മനസോടെ ജീവിക്കുന്നവർ , അല്ലാത്തവർക്ക് ആകാശത്തിലെ മേഘ കൂടാരങ്ങളിലേക്കു പ്രവേശനമില്ല…..”-
അവർ പൊട്ടിച്ചിരിച്ചു ..
തുടർച്ചയായി വന്നു കൊണ്ടിരുന്ന ഫോൺ കാളുകൾ.. അപ്രതീക്ഷിതമായി അത് നിലച്ചു ..
ഓരോ ദിവസവും ബെല്ല് കേൾക്കുമ്പോൾ,അവൾ ടെലഫോണിൽനടുത്തേക്കു കുതിച്ചു…പക്ഷെ അത് വേറെയാരെങ്കിലുമായിരിക്കും…നീണ്ടു പോയ അഞ്ചു വർഷങ്ങൾ ….അമ്മയും അച്ഛനും തന്നെ തനിച്ചാക്കി ഈ ലോകം വിട്ടുപോയപ്പോഴും പലരും നിർബന്ധിച്ചു വിവാഹം കഴിക്കാൻ …പക്ഷെ എന്തോ …. ഗിരിയുടെ ആഗ്രഹം പോലെ അനാഥ കുരുന്നുകളെ ഉപേക്ഷിക്കാനും മനസ് വന്നില്ല…
താൻ പോയാൽ ആര് അവർക്കു ഊണ് പൊതിയുമായിപ്പോകും …
അപ്രതീക്ഷിതമായി വീണ്ടും ആ ഫോൺ ചിലക്കാൻ തുടങ്ങി മറുപുറത്തു ഗിരിയായിരുന്നു
…തികഞ്ഞ വിമ്മിഷ്ടത്തോടെ ശ്വാസമെടുക്കാൻ പ്രയാസപ്പെട്ടു എന്താണ് പറ്റിയതെന്ന് ചോദിക്കുന്നതിനു മുൻപ് തന്നെ ഗിരി പറഞ്ഞു …ഇതാ ഞാൻ എത്തുകയാണ് ……പിന്നെ നമ്മുടെ നൂറുകണക്കിന് കുരുന്നുകൾക്ക് കൂട്ടായി ഞാനുമുണ്ടാകും … പിന്നെ നമ്മുടെ ലോകം മാത്രം….
അവൾക്കു ലോകം പിടിച്ചടക്കിയ സന്തോഷമായിരുന്നു…ശരിക്കു ഉറങ്ങീട്ടു കൂടിയില്ല .. ഇടയ്‌ക്ക് നഷ്ട്ടപ്പെട്ടുപോയ പുഴയോടും ആറ്റുവഞ്ചിയോടും മേഘക്കൂടാരങ്ങളോടും ഉള്ള പ്രണയം തിരിച്ചെത്തിയതുപോലെ ..
പുഴ കൂടുതൽ സുന്ദരിയായതുപോലെ അവൾക്കു തോന്നി… ആറ്റു വഞ്ചി പടർന്നു പന്തലിച്ചിരിക്കുന്നു …
അതിനും പ്രണയം മൊട്ടിട്ടിരിക്കുന്നതുപോലെ..
അതി വെളുപ്പിനെ തന്നെ എഴുന്നേറ്റ് ആഹാരമുണ്ടാക്കി. കാത്തിരിക്കുകയാണ് .
ഉച്ചയൂണ് പല ഇല പ്പൊതികളിലാക്കി വെച്ചു… അനാഥ കുരുന്നുകളോടൊപ്പം അവരുടെ അച്ഛനും അമ്മയുമായി ഇരുന്നു ഭക്ഷണം കഴിക്കണം …ഗിരിക്ക് തന്നെക്കാൾ കൂടുതൽ സന്തോഷം ഉണ്ടാവും ഇങ്ങനെ ഒരു സസ്പെൻസ് ഒരുക്കിയതിൽ…
കാത്തിരുന്ന് കണ്ണ് കഴച്ച നേരത്തു അവളുടെ മൊബൈൽ ചിലച്ചു ..
മറുപുറത്തു പരിചിതമില്ലാത്ത ആളുടെ ശബ്ദം അവളുടെ കാതുകളിൽ മുഴങ്ങി… വന്നു വീണ വാക്കുകളിലൂടെ, അനാഥ കുരുന്നുകൾക്ക് ഇനിമുതൽ അച്ഛനും അമ്മയും താൻ മാത്രമാണെന്ന് തിരിച്ചറിവിൽ അവൾ തളർന്നിരുന്നു…. ……അമലു ആകാശത്തേക്ക് നോക്കി …ആകാശത്തിന്റെ ഏതെങ്കിലുമൊരു കോണിൽ ചിരിക്കുന്ന ആ മുഖം തേടി……. പുഴയപ്പോൾ അതിന്റെ രൗദ്ര ഭാവംപ്രാപിക്കുകയായിരുന്നു… പ്രണയം നഷ്ട്ടപ്പെട്ട അവളെപ്പോലെ
About The Author
No related posts.