ദൈവത്തിന്‍റെ കൈയൊപ്പ്
(കാരൂര്‍ സോമന്‍റെ ‘കാവല്‍ക്കാരുടെ സങ്കീര്‍ത്തനങ്ങള്‍’ എന്ന നോവലിനെക്കുറിച്ചുള്ള ആസ്വാദനക്കുറിപ്പ്)
ചുനക്കര ജനാര്‍ദ്ദനന്‍ നായര്‍
ശരീരത്തില്‍ ആത്മാവുള്ളതു പോലെ കാവ്യരചനയിലും ആത്മാവുണ്ട്. ആ കാവ്യത്തിന്‍റെ ആത്മാവാണ് അല്ലെങ്കില്‍ സൗന്ദര്യമാണ് ആസ്വാദകഹൃദയങ്ങളില്‍ ശക്തമായ ഇടപെടലുകള്‍ നടത്തുന്നത്. സാഹിത്യലോകത്തെ ബഹുമുഖ പ്രതിഭ കാരൂര്‍ സോമന്‍ ‘കാവല്‍ക്കാരുടെ സങ്കീര്‍ത്തനങ്ങള്‍’ എന്ന നോവലില്‍ ആത്മാവില്‍ ഉറച്ച ഒരു ക്രിസ്തീയ പുരോഹിതന്‍റെ സത്യാന്വേഷണ യാത്രയാണ് വായനക്കാര്‍ക്ക് മുന്നില്‍ തുറന്നിടുന്നത്. നോവല്‍ ആദ്യതവണ വായിച്ചപ്പോള്‍ അനുഭവപ്പെട്ടത് ഇത്തരമൊരു വികാരമായിരുന്നുവെങ്കില്‍ ദാര്‍ശനിക പരിവേഷത്തോടെ, വായനയെ ഉത്കൃഷ്ടമാക്കുന്ന സൂചനകളാണ് രണ്ടാം വായനയില്‍ മുന്നിലെത്തിയത്. വായന ജ്ഞാനോദയം ഉണര്‍ത്തുന്ന ഉത്കൃഷ്ടവും പരമപ്രധാനവുമായ പ്രവര്‍ത്തിയാണ്. ഇത് സാംസ്ക്കാരികമായ മുന്നേറ്റത്തിന് യുക്തിഭദ്രമായ ആവശ്യകത കൂടിയാണ്. അതു പോലെ തന്നെയാണ് ഭക്തിയും. രണ്ടും വിശ്വാസത്തിന്‍റെ വ്യത്യസ്ത ധ്രുവങ്ങളാണ്. രണ്ടും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ മനുഷ്യ മനസ്സിന് ആത്മവിവേകത്തോടെയുള്ള ആശ്വാസം പകരും.അത് ഉത്തേജനത്തിന്‍റെ പരിപ്രേക്ഷ്യങ്ങളാണ്. സാഹിത്യത്തില്‍ സാന്ത്വനമല്ല, ആശ്വാസമാണ് ലഭിക്കുന്നതെന്നു മാത്രം. ഇവിടെ ഭക്തിക്കും വിശ്വാസത്തിനും മധ്യേ മനുഷ്യന്‍റെ ആശ്വാസ ലബ്ധിയെയാണ് കാരൂര്‍ ഈ നോവലില്‍ ചിത്രീകരിക്കുന്നത്.
ലോകമെമ്പാടും ആത്മീയതയുടെ അടിത്തറയ്ക്ക് ഇളക്കമുണ്ടാക്കി ഭൗതികമായ അസ്വസ്ഥകള്‍ സൃഷ്ടിച്ച് തമ്മില്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ ഉണ്ടായിക്കൊണ്ടേയിരിക്കുന്നു. ഒരു കാലത്ത് ഈശ്വരന്‍റെ മുന്നില്‍ പ്രണമിച്ചു നിന്നവര്‍ ഇന്ന് ഭൗതികതയുടെ പ്രതീകങ്ങളായി മാറിയിരിക്കുന്നു. ഇതിന്‍റെയാരു പ്രധാനപ്പെട്ട സ്വാധീനമായി കാണേണ്ടത് സ്വന്തം താത്പര്യങ്ങളോടുള്ള അമിതമായ അഭിനിവേശമാണ്. അത് അഹം എന്ന ഭാവത്തെ സ്വയം സ്വീകരിക്കാനുള്ള വ്യഗ്രതയാണ്. ഇത് സാധാരണക്കാരില്‍ നിന്നും പൗരോഹിത്യ സംന്യാസ സമൂഹത്തിലേക്ക് വ്യാപൃതമായിരിക്കുന്നു.
ആത്മാവില്‍ ആത്മനിയന്ത്രണത്തോടെ തപസ്സു ചെയ്യുന്നവരാണ് സന്യാസ സമൂഹം. അവരില്‍ ആ പ്രത്യാശയുടെ ദീപക്കാഴ്ചകള്‍ പ്രകടമായി അനുഭവിക്കാനാവും. എന്നാല്‍ ഈ കാലത്ത്, ജ്വലിക്കുന്ന സമൂഹത്തില്‍- പ്രത്യേകിച്ച് ന്യൂ ജനറേഷന്‍ സങ്കല്‍പ്പങ്ങളെ ഇറുകെ പിടിക്കുന്ന സാംസ്ക്കാരിക അധിനിവേശ ലോകത്ത് അതിന്ന് ലഭ്യമാണോ എന്ന ചോദ്യം പ്രസക്തമായിരിക്കുന്നു. നമ്മുടെ കപട ജനാധിപത്യം പോലെ കപട ആത്മീയ കേന്ദ്രങ്ങളും ലോകസുഖങ്ങളുടെ മദാലസമന്മദ മേഖലയിലാണ്. അവയൊക്കെയും ഭൗതികമായ ആശയസമൃദ്ധികളെ ലക്ഷ്യമിടുന്നുണ്ടെങ്കിലും അതൊക്കെയും എത്രയോ ദൂരത്താണെന്നു തിരിച്ചറിഞ്ഞ് നെടുവീര്‍പ്പിടുന്നു. ചിന്തകള്‍, ഏകാഗ്രതകള്‍, ധ്യാനാവസ്ഥകള്‍, ഈശ്വരനുമായുള്ള അടുപ്പം എന്നിവയൊക്കെയും ഭൗതികമായ സുഖലോലുപമായ ഓളങ്ങളില്‍ പെട്ട് ആടിയുലയുകയാണ്. അതിന്‍റെ പ്രധാന കാരണമായി നമുക്ക് മാറ്റി നിര്‍ത്താവുന്ന രണ്ടു ഘടകങ്ങള്‍ മതവും രാഷ്ട്രീയവുമാണ്. അതില്‍ തന്നെ മതം പല മേഖലയിലും പ്രതിനായക സ്ഥാനത്ത് നില്‍ക്കുന്നു. അവര്‍ രാഷ്ട്രീയത്തെ കൂടെക്കൂട്ടാന്‍ ശ്രമിക്കുന്നു. അതിലൂടെ വ്യക്തിയെ അധീനതയിലാക്കാന്‍ ജാഗ്രത പുലര്‍ത്തുന്നു. വ്യക്തിയെ വലയിലാക്കി അവന്‍റെ സ്വത്വത്തെയും ആത്മാവിനെയും പിടിച്ചു കെട്ടി കൂടെ നടത്താന്‍ അവര്‍ ശ്രമിക്കുന്നു. ഇതാണ് ആദ്ധ്യാത്മിക ജീവിതത്തിലെ ഇന്നത്തെ ദുരവസ്ഥ. ആത്മാവിന്‍റെ ആഴവും വ്യാപ്തിയും ഇവര്‍ മനസ്സിലാക്കുന്നില്ല. ഈശ്വര സാന്നിധ്യത്തെ അവര്‍ തിരിച്ചറിയുന്നില്ല, ആ മഹത് സങ്കല്‍പ്പത്തെ അവര്‍ സ്വാധീനിച്ചിട്ടില്ല. അവരെ സ്വാധീനിക്കുന്നതും കാലുറപ്പിച്ചിരിക്കുന്നതും ഈ ലോകസുഖത്തിന്‍റെ സമ്പാദ്യത്തിന്‍റെ കോട്ടയ്ക്കുള്ളിലാണ്. ആ കോട്ടയവാട്ടെ സുഖസൗകര്യങ്ങളുടെ പഞ്ചനക്ഷത്ര വിഹായസ്സാണ്, മറ്റൊരു അര്‍ത്ഥത്തില്‍ അധികാരത്തിന്‍റെ ദുഷ്പ്രഭുത്വം നിറഞ്ഞ ബോണ്‍സായ് തണലാണ്. ആ തണലില്‍ അവര്‍ സുരക്ഷിതരുമാണ്. ഭൗതികതയെ വാനോളം പുകഴ്ത്തുന്ന പൊതുജനത്തിന്‍റെ പ്രതിനിധി മാത്രമല്ല, മതങ്ങളുടെ എക്കാലത്തെയും ഇളക്കമില്ലാത്ത പ്രതിനിധി കൂടിയാണ് ഇവര്‍. ഇവരുടെ മധ്യത്തില്‍ നിന്നു കൊണ്ടാണ് മലയാള ഭാഷയില്‍ ഇതു വരെ ദര്‍ശിച്ചിട്ടില്ലാത്ത ശക്തമായ വെല്ലുവിളികള്‍ ഉയര്‍ത്തിക്കൊണ്ട് നോവലിസ്റ്റ് നിശബ്ദതയ്ക്ക് നേരെ തൂലിക എന്ന പടവാള്‍ ചലിപ്പിക്കുന്നത്. അതിനു വേണ്ടി ശുഭ്രവസ്ത്രധാരിയായ ലാസര്‍ മത്തായി എന്ന ക്രിസ്തീയ പുരോഹിതനെ അദ്ദേഹം സൃഷ്ടിച്ചിരിക്കുന്നു. അദ്ദേഹത്തെ നാട്ടുകാര്‍ വിളിക്കുന്നത് കത്തനാര്‍ എന്നാണ്. പ്രമുഖമായ ഒരു സഭയുടെ കീഴിലുള്ള അനാഥ രായ അഗതികള്‍ നിറഞ്ഞ അംഗവൈകല്യ സ്ഥാപനങ്ങളുടെ ചുമതലയാണ് അദ്ദേഹത്തിനുള്ളത്. അദ്ദേഹം പൗരോഹിത്യത്തിന്‍റെ വാക് രൂപമാണ്. സ്വത്വനിര്‍മ്മിതമായ ഒരു നായകനിര്‍മ്മിതിയുടെ സമര്‍ത്ഥമായ പരിവേഷം ഇവിടെ ദര്‍ശിക്കാം. ഉദാത്ത നായകനും അതിപ്രഭാവനമായു പുരുഷസങ്കല്‍പ്പത്തെ നോക്കികാളിദാസന്‍ പറഞ്ഞതു പോലെ തന്നെ അംഗപുംഗവനാണ് ഇവിടെയും നായകന്‍. എന്നാല്‍ അത് നഷ്ടമായ ധാര്‍മ്മികമൂല്യങ്ങളെ തിരിച്ചു കൊണ്ടു വരാന്‍ ളോഹ അണിഞ്ഞെത്തിയ പുരോഹിതനാണെന്നു മാത്രം.
കത്തനാര്‍ വേറിട്ട ഒരു രൂപമാണ്. ഈ രൂപം ഒരേസമയം ദ്വന്ദ്വവ്യക്തിത്വങ്ങളായി പരിണമിക്കുന്നത് നോവലില്‍ ഉടനീളം അനുഭവിക്കാന്‍ കഴിയും. ധ്യാനവും ഉപവാസവും പ്രാര്‍ത്ഥനയും വാക്കുകളും മനുഷ്യനെ മനുഷ്യനായി രൂപാന്തരപ്പെടുത്തുന്നത് എങ്ങനെയെന്ന് നാം വിശ്വസാഹിത്യത്തില്‍ വായിച്ചിട്ടുണ്ട്. ഇവിടെ, ആ തട്ടകത്തിലേക്കാണ് നോവലിസ്റ്റ് വായനക്കാരെ നയിക്കുന്നത്. അവിടേക്ക് കൂട്ടിക്കൊണ്ടു പോകുമ്പോള്‍ സമരസപ്പെട്ടു നില്‍ക്കുന്ന പല മേഖലകളെയും അനാദൃശ്യപ്പെടുത്താന്‍ എഴുത്തുകാരന്‍ മറന്നിട്ടില്ല.
സാഹിത്യസൃഷ്ടികള്‍ ആസ്വാദകഹൃദയങ്ങളില്‍ അനിര്‍വചനീയമായ ആനന്ദാനുഭൂതി പ്രദാനം ചെയ്യുന്നതു പോലെ കത്തനാരുടെ പ്രാര്‍ത്ഥനാ കൂട്ടങ്ങളില്‍ ആത്മീയാനന്ദം അനുഭവിക്കുന്നവര്‍ ധാരാളമാണ്. ഇത് സാര്‍വത്രികമായ ബ്രഹ്മമാണെന്ന് അദ്ദേഹം തന്‍റെ ഭക്തരെ അറിയിക്കുന്നു. ഈ ഭക്തസാന്നിധ്യത്തിലൂടെ ദുഷിച്ച സമൂഹത്തിനു നേരെ ഒരേസമയം ചാട്ടവാര്‍ എറിയുകയും അവരെ ബ്രഹ്മപദത്തിലെത്തിക്കാന്‍ ജാഗ്രതയോടെ വര്‍ത്തിക്കുകയും ചെയ്യുന്നത് നമുക്ക് പ്രകടമാകുന്നു. കത്തനാര്‍ പുറത്തെടുക്കാന്‍ ശ്രമിക്കുന്ന ഈശ്വരസാന്നിധ്യം നിറഞ്ഞ ബ്രഹ്മം തന്നെയാണ് പരിശുദ്ധവും പാവനവുമായ ലോകത്തെ ആത്മാവ്. ആദ്ധ്യാത്മിക രംഗത്തു നിന്നും ഇങ്ങനെ ബ്രഹ്മപദത്തിലെത്തുന്നവര്‍ ചുരുക്കമാണ്. ഇവിടെ വേറിട്ട പാത്രസൃഷ്ടിയായി കത്തനാര്‍ മാറിയിരിക്കുന്നു.
നോവലിലെ പ്ലോട്ടിലേക്ക് കടക്കുമ്പോള്‍, അതൊരു സാധാരണപ്പെട്ട നിലയിലേക്ക് മാറി നില്‍ക്കുന്നതും സമൂഹത്തില്‍ നമുക്ക് ഏറെ പരിചിതമായതുമാണെന്ന തോന്നല്‍ അല്ലെങ്കില്‍ ഇഫക്ട് സൃഷ്ടിക്കാന്‍ കാരൂര്‍ സോമന് കഴിയുന്നുണ്ട്. അതാണ് ഒരു നോവലിസ്റ്റിന്‍റെ ഏറ്റവും വലിയ വിജയം. സാധാരണക്കാര്‍ നിറഞ്ഞ സ്ഥലം. അതിലെ സാധാരണപ്പെട്ടതും പ്രാദേശികവാദങ്ങള്‍ നിറഞ്ഞതുമായ സാമൂഹിക അന്തരീക്ഷം. അവിടെ ജാതിയും മതവും, രാഷ്ട്രവും രാഷ്ട്രീയവും തമ്മിലുള്ള ദ്വന്ദയുദ്ധത്തിന്‍റെ ശീതരസങ്ങള്‍ തുളുമ്പി നില്‍ക്കുന്നു. ഇതില്‍ നിന്ന് നമ്മുടെ നായകപ്രതിരൂപമായ കത്തനാര്‍ക്ക് രക്ഷപ്പെടാന്‍ കഴിയുന്നില്ല. കത്തനാരോടു അസൂയയുള്ള പുരോഹിതരുടെ ഇടപെടലുകള്‍ കാണുമ്പോള്‍ അറിയാതെ സുഭാഷിതങ്ങളിലേക്കും സങ്കീര്‍ത്തനങ്ങളിലേക്ക് കടന്നു പോകാന്‍ വായനക്കാര്‍ നിര്‍ബന്ധിതരാവുന്നു. എതിരാളികള്‍ പൂര്‍ണ്ണമായും ഭൗതികലോക സന്തതികളാണ്. അവര്‍ ഈ ലോകത്തെ തൃപ്തിപ്പെടുത്താന്‍ വന്നവരാണ്. അങ്ങനെയൊരു സാഹചര്യത്തെ സാക്ഷിനിര്‍ത്തിയാണ് കത്തനാര്‍ക്കെതിരേ ഒളിയമ്പുമായി അവര്‍ രംഗപ്രവേശം ചെയ്യുന്നത്. അദ്ദേഹം ചെയ്ത കുറ്റം പ്രതിക്കൂട്ടിലേക്ക് നിര്‍ത്താന്‍ തക്കവിധമാണെന്ന് അവര്‍ ജാതിയുടെയും മതത്തിന്‍റെയും പൂര്‍ണ്ണകായ അധികാരവര്‍ഗ്ഗത്തെ ബോധ്യപ്പെടുത്തുന്നു. അനുവാദം കൂടാതെ ശബരിമല ശാസ്താവിനെ തൊഴുതു വണങ്ങാന്‍ പോയി. അതും തലയില്‍ വെള്ള തോര്‍ത്തും ചൂടി. സഭയുടെ ചട്ടക്കൂട്ടില്‍ നിന്നു കൊണ്ട് ഇതു സാധ്യമാണോ എന്നതാണ് സഭാ നേതൃത്വത്തെ അലോസരപ്പെടുത്തിയത്.
കത്തനാരുടെ സ്വഭാവ രീതികള്‍ സഭാ നേതൃത്വത്തിന് അറിയാം. അദ്ദേഹം വ്യത്യസ്തനാണ്. അദ്ദേഹത്തെക്കുറിച്ച് ഇടവകാംഗങ്ങള്‍ക്കിടയില്‍ രൂപപ്പെട്ടിരിക്കുന്നത് യഥാര്‍ത്ഥ്യ സന്യാസസമൂഹത്തിന്‍റെ പ്രതിനിധി എന്ന നിലയിലാണ്. അങ്ങനെയുള്ള ഒരാള്‍ക്കെതിരേ ധൃതിപ്പെട്ട് നിലപാട് സ്വീകരിക്കുന്നതിലും നടപടിയെടുക്കുന്നതിലുമൊക്കെ പ്രശ്നങ്ങള്‍ ഉയര്‍ത്തും. നേതൃത്വത്തിന് കയ്ച്ചിട്ട് തുപ്പാനോ, മധുരിച്ചിട്ട് ഇറക്കാനോ വയ്യാത്ത അവസ്ഥയായി. കത്തനാര്‍ അനീതി കണ്ടാല്‍ ചോദ്യം ചെയ്യും. ഒട്ടും വഴങ്ങുന്ന പ്രാകൃതമല്ല. സഭയ്ക്ക് തലവേദനയുണ്ടാക്കുന്ന പല ലേഖനങ്ങളും അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. സഭാ നേതൃത്വം കുറെയൊക്കെ കണ്ണടയ്ക്കുന്നതും സഭയ്ക്കുള്ളില്‍ ഇതു പോലെ ദൈവീക ദര്‍ശനമുള്ള മറ്റൊരാളില്ലാത്തതിനാലാണ്. അതിലൂടെ രോഗികള്‍ സൗഖ്യം നേടിയിട്ടുണ്ട്. ആത്മീയ ദര്‍ശനം പോലെതന്നെ പ്രകൃതിയേയും അദ്ദേഹം പ്രണമിക്കുന്നുണ്ട്. അതു കൊണ്ടാണ് ഒരു കൃഷിക്കാരന്‍റെ വേഷത്തിലും അദ്ദേഹത്തെ കാണാന്‍ കഴിയുന്നത്. കത്തനാരുടെ പ്രസംഗങ്ങളില്‍ പോലും സഭ ഒരു വിവേചനം കാണുന്നുണ്ട്. ആ വാക്കുകള്‍ ഇങ്ങനെയാണ്. നോവലിസ്റ്റ് പറയാന്‍ ഒരുക്കിനിര്‍ത്തിയ പൗരോഹിത്യത്തിന്‍റെ പ്രതിരൂപത്തിന്‍റെ വാക്കുകള്‍ നോക്കൂ-
“ക്രിസ്തുവിനെ അറിയാന്‍ ക്രിസ്ത്യാനിയാകണമെന്നില്ല. ചെകുത്താനെതിരേ പടപൊരുതാന്‍ പ്രാര്‍ത്ഥനയെന്ന മഹായുധം ധരിക്കുക. പ്രാര്‍ത്ഥന പടക്കളത്തിലെ തേരാളിയാണ്.” മറ്റൊരിടത്ത് പറയുന്നു- “നാം ഇന്ത്യക്കാരാണ്. യേശുക്രിസ്തുവിന് മുന്‍പുള്ള ഇന്ത്യക്കാര്‍ ആരാണ്? എന്നാണ് ഇന്ത്യയില്‍ ക്രിസ്ത്യാനിയും മുസ്ലീമും ഉണ്ടായത്? നമ്മുടെ രക്തത്തിലൊഴുകുന്നത് ഹിന്ദുവിന്‍റെ രക്തമാണ്.” ഇങ്ങനെയുള്ള പ്രസംഗങ്ങളുടെ സാംഗത്യം സഭയ്ക്ക് തിരിച്ചറിയാന്‍ കഴിയുന്നുണ്ടെങ്കിലും അവരതിനെ നോക്കിക്കാണുന്നത് തികഞ്ഞ പരിഭ്രാന്തിയോടെയാണ്. ശബരിമലയില്‍ പോയതിനെക്കുറിച്ച് സഭാ നേതൃത്വം വിശദീകരണം ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം കൊടുത്ത മറുപടി ഇങ്ങനെയായിരുന്നു. “പിതാക്കന്മാരോട് എനിക്കുള്ള അപേക്ഷ അരമനകളിലെ സുഖലോലുപതയില്‍ നിന്നിറങ്ങി, അറിയാത്ത ദേശങ്ങളിലൂടെ ദേവന്മാരിലൂടെ ചരിത്രത്തിലൂടെ സഞ്ചരിക്കാന്‍ ശ്രമിക്കുകയെന്നതാണ്. അത് ദേശത്തിനും ജനത്തിനും ഗുണം ചെയ്യും.”
ഇത്തരം വാദങ്ങള്‍ തുടരെ മുഴക്കിയതിനാണ് കത്തനാരെ ലണ്ടനിലേക്ക് സ്ഥലം മാറ്റിയതെന്ന് എല്ലാവര്‍ക്കുമറിയാം. അതില്‍ വേദനിച്ച, അംഗവൈകല്യത്തില്‍ കഴിഞ്ഞവരോട് അദ്ദേഹം കൊടുത്ത മറുപടി ഇങ്ങനെയായിരുന്നു- “എല്ലാത്തിനും ഒരു കാലമുണ്ട്. ജനിക്കാന്‍ ഒരു കാലം, മരിക്കാന്‍ ഒരു കാലം. സമ്പാദിക്കാന്‍ ഒരു കാലം. നഷ്ടപ്പെടാന്‍ ഒരു കാലം. എന്‍റെ യാത്ര ദൈവനിശ്ചയമാണ്. നിങ്ങള്‍ പ്രാര്‍ത്ഥനയില്‍ ജീവിക്കുക. ഈശ്വരത്വത്തിന്‍റെ കൊടുമുടി കയറുന്നവര്‍ ഇതെല്ലാം സഹനത്തോടെ സഹിക്കാന്‍ ബാദ്ധ്യസ്ഥരാണ്.”
കത്തനാര്‍ എന്ന പൗരോഹിത്യപ്രതിരൂപത്തിന്‍റെ പാത്രസൃഷ്ടി എത്ര ഗംഭീരമായാണ് നോവലിസ്റ്റ് നടത്തിയിരിക്കുന്നതെന്നു നോക്കുക. ഇവിടെ ചരിത്രത്തെയും പൗരാണികതയെയും സംസ്ക്കാരത്തെയുമൊക്കെ തന്‍റെ വാദത്തെ നിലനിര്‍ത്താന്‍ കാരൂര്‍ സോമന്‍ ഉയര്‍ത്തിക്കാണിക്കുന്നു. വൈജ്ഞാനികത നിറഞ്ഞ ആര്‍ഷഭാരത സംസ്ക്കാരത്തിന്‍റെ സംന്യാസ (എല്ലാം ഉപേക്ഷിക്കുക) ഭാവത്തെയാണ് ഇവിടെ നോവലിസ്റ്റ് ഉദ്ദീപിപ്പിക്കുന്നത്. അതാവട്ടെ, വേറിട്ട മലയാള നോവല്‍ സാഹിത്യത്തിന് തികച്ചും വ്യത്യസ്തമായ ഒരു അനുഭവസാക്ഷ്യത്തിന് നിദാനമാകുന്നു.
ആത്മീയ അരാജകത്വം അനുഭവിക്കുന്ന സൂര്യന്‍ അസ്തമിക്കാത്ത രാജ്യത്ത് ഒരു ഇടവക വികാരിയായി കത്തനാരെ അവതരിപ്പിക്കുന്നതില്‍ കാരൂരിന്‍റെ പ്രവാസി സാന്നിധ്യം വഹിക്കുന്ന പങ്ക് ചെറുതല്ല. പുതിയ മണ്ണ്, പുതിയ ആകാശം എന്ന സ്വത്വബോധം നഷ്പ്പെട്ട പ്രവാസിയെ പോലെയാണ് പിന്നീട് നാം കത്തനാരെ കണ്ടു തുടങ്ങുന്നത്. എന്നാല്‍ അതൊക്കെയും നൈമിഷികമായിരുന്നു. അദ്ദേഹം വളരെ പെട്ടെന്നു തന്നെ ഉയിര്‍ത്തെഴുന്നേറ്റു. അതിനു കാരണമുണ്ടായിരുന്നു. കത്തനാര്‍ കണ്ട കാഴ്ചകള്‍ സാമൂഹികമായ ദുര്‍മേദസ്സുകളേതായിരുന്നു. ആത്മീയ ബോധമില്ലാത്ത, ആത്മീയതയെ ചവുട്ടി മെതിക്കുന്ന, ആത്മീയതയുടെ ആഴം എത്രയെന്ന് അറിയാന്‍പോലും മനസ്സില്ലാത്ത ഇടവക ചുമതലക്കാരെയാണ് കത്തനാര്‍ പുതിയ ലോകത്ത് കണ്ടത്. ഇന്ത്യക്കാരുടെ ഭരണത്തില്‍ നീണാള്‍ വാഴുന്നതു പോലെ ഇടവകക്കാരുടെ ഭാരവാഹിത്വങ്ങള്‍ ഒരു പറ്റമാളുകളുടെ കൈകളിലാണെന്നും അവരത് ചൂഷണവിധേയമാക്കുന്നുവെന്നും കത്തനാര്‍ തിരിച്ചറിയുന്നു. പൗരോഹിത്യത്തിന്‍റെ ത്യാഗസങ്കീര്‍ത്തനങ്ങളെ ആവേശമായി കാണേണ്ടവര്‍, ചൂഷണമേധാവിത്വത്തിന്‍റെ പൊന്‍തൂവലുകള്‍ സ്വയം അണിഞ്ഞിരിക്കുന്നത് കത്തനാര്‍ കണ്ടു. അതവര്‍ ഒരു അംഗീകാരമായി കാണുകയാണ്. അവര്‍ക്കൊപ്പം കേരളത്തിലെ സഭാ നേതൃത്വവുമുണ്ടെന്നത് ഞെട്ടിക്കുന്ന തിരിച്ചറിവ് കത്തനാരില്‍ ഉണ്ടാക്കുന്നു. കേരളത്തില്‍ സഭാ നേതൃത്വമായിരുന്നുവെങ്കില്‍, ഇവിടെ ഒരു കൂട്ടര്‍ യേശുക്രിസ്തുവിനെ തടവറയില്‍ തളച്ചിട്ടിരിക്കുകയാണെന്നു കത്തനാര്‍ കണ്ടെത്തുന്നതില്‍ നിന്നാണ് നോവല്‍ പ്രമേയപരമായ വ്യതിയാനം കൈവരിക്കുന്നത്.
ആദ്യത്തെ കൂടിക്കാഴ്ചയില്‍ തന്നെ ഇടവകയുടെ ഭാരവാഹി ബര്‍ണാഡ് കസ്തൂരിമഠം ബംഗ്ലാവിന്‍റെ അടിത്തട്ടിലുള്ള ആഡംബരമുറിയിലെത്തിച്ച് കത്തനാര്‍ക്ക് റെഡ് വൈന്‍ നല്‍കുകയാണ്. വീര്യമേറിയ വീഞ്ഞിന്‍റെ ലഹരി നുണഞ്ഞിരുന്നുവെങ്കില്‍ കത്തനാര്‍ക്ക് ആധുനികോത്തര ഭൗതികലോകത്തിന്‍റെ എല്ലാ സൗന്ദര്യവും ഊറ്റിയെടുക്കാമായിരുന്നു. കേരളത്തില്‍ നിന്ന് വന്നിട്ടുള്ള മന്ത്രിമാരടക്കമുള്ള പ്രമുഖര്‍ തന്‍റെ സല്‍ക്കാരത്തില്‍ സംതൃപ്തിയടഞ്ഞാണ് പോയിട്ടുള്ളതെന്നും ഏത് പ്രമുഖ വ്യക്തിയായാലും അവരുടെ ലക്ഷ്യം തന്‍റെ സമ്പത്തിലാണെന്നും കസ്തൂരിമഠം കത്തനാരെ അറിയിക്കുന്നു. എന്നാല്‍ ഇതൊക്കെയും കത്തനാര്‍ നിഷേധിക്കുകയാണ്. പക്ഷേ, അതു മുഖവിലയ്ക്കെടുക്കാന്‍ ബര്‍ണാഡ് കസ്തൂരിമഠം തയ്യാറാവുന്നില്ല. പാരമ്പര്യമതവിശ്വാസിയായ ബര്‍ണാഡ് യേശുക്രിസ്തുവിന്‍റെ അപ്പോസ്തലനായി എത്തിയിട്ടുള്ള ആത്മാവില്‍ പരിജ്ഞാനിയായ കത്തനാരുടെ മുന്നില്‍ കീഴടങ്ങാന്‍ തയ്യാറല്ലായിരുന്നു.
പിന്നീട്, രോഗികളും കുട്ടികളുണ്ടാകാത്ത സ്ത്രീകളും മാനസികവ്യഥകള്‍ അനുഭവിക്കുന്നവരും ഈ ദിവ്യന്‍റെ മുന്നില്‍ മുട്ടുമടക്കുന്നത് വിദ്വേഷത്തോടെയാണ് ബര്‍ണാഡ് കണ്ടത്. ഒരു ശുശ്രൂഷയില്‍ കത്തനാര്‍ പറഞ്ഞു “പ്രാര്‍ത്ഥന ഈ ലോകത്തിന്‍റെ സൗന്ദര്യസിന്ദൂരമാണ്. ആ സിന്ദൂരം ചാര്‍ത്തുന്നവരൊക്കെ രക്ഷപ്രാപിക്കും”.
മറ്റൊരിക്കല്‍ ആത്മീയതയുടെ നിറസാന്നിധ്യം കത്തനാര്‍ അറിയിച്ചതിങ്ങനെ- “വിശുദ്ധബലിയെന്ന കുര്‍ബാനയില്‍ പങ്കെടുക്കുന്നവര്‍ പാപം ചെയ്യാത്തവര്‍ ആയിരിക്കണം. അത് ദൈവകല്പനയാണ്”. ഈ വിളംബരത്തോടെ ബര്‍ണാഡിനും കൂട്ടര്‍ക്കും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ നിര്‍വാഹമില്ലാതെയായി. ഇതോടെ രോഗികളെ സൗഖ്യമാക്കാനും ആത്മാവിനെ ഖനനം ചെയ്യാനുമെത്തിയ കത്തനാരെ നാടു കടത്താനായി കേരളത്തിലെ സഭാപിതാവിനെ വിളിച്ച് കാര്യങ്ങള്‍ വിശദീകരിച്ചു. വന്ദ്യപിതാവ് തന്‍റെ നീണ്ടു വളര്‍ന്ന വെളുത്ത താടിയില്‍ തടവി കൊണ്ടെടുത്ത നിലപാടാണ് നോവലിന്‍റെ ക്ലൈമാക്സ്.
“കാലാകാലങ്ങളായി സഭയ്ക്ക് സാമ്പത്തികവിഹിതം നല്‍കി പരിപാലിക്കുന്നവരെ എന്തിനാണ് കത്തനാര്‍ വെറുപ്പിക്കുന്നത്. ദേവാലയത്തെ ഇടിച്ചു കളയാനല്ലാതെ പണിതുയര്‍ത്താനാണ് കത്തനാരേ അങ്ങോട്ടയച്ചത്.”
അങ്ങനെ, കത്തനാരെ കേരളത്തിലേക്ക് മടക്കിക്കൊണ്ടുവരുവാന്‍ സഭാനേതൃത്വം തീരുമാനിച്ചു. ലണ്ടനില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങുന്നതിനിടയില്‍ ഒരു വൃക്ക ദാനമായി ഒരു ഹൈന്ദവന് നല്കാനും അദ്ദേഹം മറന്നില്ല. അതാവട്ടെ, അടുത്തിടെ ഒരു ഹൈന്ദവന്‍ ക്രൈസ്തവനായ ഒരാള്‍ക്ക് സ്വന്തം ഹൃദയം ദാനം ചെയ്ത മഹത്തായ അവയവ ദാനമെന്ന പത്ര വാര്‍ത്തയെ ഉദ്ഘോഷിക്കുന്ന തരത്തിലാണ് വായനക്കാരുടെ സ്മരണീയപഥത്തിലെത്തുന്നത്. യഥാര്‍ത്ഥസംഭവം നടക്കുന്നതിനും എത്രയോ മുന്‍പ് കാരൂര്‍ സോമന്‍ ഈ സംഭവം തന്‍റെ മനോരഥത്തില്‍ കാണുകയും അക്ഷരങ്ങളായി എഴുതിത്തീര്‍ക്കുകയും ചെയ്തിരിക്കുന്നു.
കത്തനാര്‍ കേരളത്തില്‍ തിരിച്ചെത്തിയിരിക്കുന്നു. അദ്ദേഹം വിദേശത്തേക്ക് പോകും മുന്‍പ് ഹൃദയം നൊന്ത് പ്രാര്‍ത്ഥിച്ച കാന്‍സര്‍ രോഗികളും സംസാരിക്കാന്‍ കഴിവില്ലാത്തവരും രോഗസൗഖ്യം പ്രാപിച്ചിരിക്കുന്നു. അങ്ങനെ ശിഷ്ടകാലം അംഗവൈകല്യം ബാധിച്ചവരുടെ അധിപനായും കൃഷിക്കാരനായും അതിലുമുപരി വെറുമൊരു സാധാരണക്കാരനുമായി ജീവിതം തള്ളിനീക്കാന്‍ തയ്യാറെടുക്കുമ്പോഴാണ്, ബിഷപ്പാക്കാന്‍ സഭാനേതൃത്വം തീരുമാനിച്ച വാര്‍ത്ത എത്തുന്നത്. ആ തീരുമാനം കത്തനാര്‍ സ്നേഹത്തോടെ നിരസിച്ചു. അതറിഞ്ഞ് മാധ്യമപട അദ്ദേഹത്തെ കാണാനെത്തുന്നു. അവരോട് കത്തനാര്‍ പറഞ്ഞ മറുപടി ശരിക്കും സമൂഹത്തോടുള്ളതായിരുന്നു-
“ഈ അംഗവൈകല്യമുള്ളവരെ, ഈ പ്രകൃതിയെ സേവിക്കാനാണ് എന്‍റെ നിയോഗം. ഒരു ജനസേവകന് എം.എല്‍.എ. ആകണമെന്നില്ല. ഒരു പദവിയുമില്ലാത്ത ജനസേവനം യേശുവിനെപോലെ ചെയ്യാനാണ് എന്‍റെ ആഗ്രഹം.”
എല്ലാവിധ സാമൂഹിക സങ്കല്‍പ്പങ്ങളെയും തകിടം മറിച്ചു കൊണ്ട്, ഈ നോവല്‍ ശരിക്കും ദൈവത്തിന്‍റെ കയ്യൊപ്പ് ചാര്‍ത്തുന്നത് ഇവിടെയാണ്. യാഥാസ്ഥിതികരായ സമുദായങ്ങള്‍ക്കും ഈശ്വരനെ അറിയാനാഗ്രിക്കുന്നവര്‍ക്കും ജ്ഞാനാന്ധകാരമെന്ന സമകാലികപ്രതിസന്ധിയുടെ മുന്നില്‍ നിന്ന് അഹംബോധമില്ലാത്ത, നിസ്വാര്‍ത്ഥമായ പ്രകാശത്തിന്‍റെ മെഴുകുതിരി വെട്ടം സമ്മാനിക്കുമെന്ന കാര്യത്തില്‍ സംശയമേതുമില്ല.













