LIMA WORLD LIBRARY

മാറ്റൊലികൾ – ബീന ബിനിൽ , തൃശൂർ

ആരോടെന്നില്ലാതെ അവൾ ആത്മഗതം പറഞ്ഞു, യാതൊന്നിൻ്റെയും പിൻബലമില്ലാതെ സ്വയം വളരാൻ പറ്റുമെന്നതാണല്ലോ ഇവിടം വരെ ജീവിച്ചതിൻ്റെ നേർസാക്ഷ്യം. അതു പറ്റാത്ത മനുഷ്യരാണ് പല വഴിക്കായി, പല ലക്ഷ്യങ്ങൾക്കായി ,പലരുടെ പ്രീതിക്കായി വളവു തിരിവുകളിലൂടെ സഞ്ചരിക്കുന്നത്.

ജാലകത്തിലെ ചെറിയ വിടവിലൂടെ പോലും കയറിവരുന്ന സൂര്യപ്രകാശത്തിനു പോലും നെടുനേർക്ക് നിലക്കുന്ന സൂര്യൻ്റെ ചൂടിനോളം കാഠിന്യമേൽക്കുന്നതായി അവൾക്ക് അനുഭവപ്പെട്ടു.

.ജീവിതത്തിൻ്റെ സഞ്ചാര പാതകൾ ഓരോരുത്തരിലും വ്യത്യസ്തമാവും എന്നത് കാര്യങ്ങളെ വേർതിരിച്ച് അറിഞ്ഞ് സ്വാഭിപ്രായങ്ങൾ എടുക്കാൻ തുടങ്ങിയ നാൾ മുതൽ അവൾ ആഴത്തിൽ മനസ്സിലാക്കിയ സത്യമാണ്. സ്വന്തം നിലപാടുകളോടു മാത്രമേ എന്നും മുന്നോട്ട് പോയിട്ടുള്ളൂ,
സമൂഹത്തിലും, കുടുംബത്തിലും, അവൾ പ്രഥമമായി ആഗ്രഹിച്ച സ്ഥാനം കോളേജിലെ അധ്യാപികയായി അറിയപ്പെടുക എന്നതു തന്നെ, അതിനുശേഷം എഴുത്തുകാരിയും.

ഇന്നിപ്പോൾ അവൾ തിരിഞ്ഞു നോക്കിയപ്പോൾ 20 വർഷത്തിലേറെയായ അധ്യാപന പരിചയമുളള അധ്യാപിക, ഒരു പാട് ശിഷ്യഗണ സ്നേഹം, കൂടാതെ Perfect Teacher എന്ന ആവർത്തിച്ച് പറയുന്ന സുഹൃത്തുക്കൾ അതെല്ലാം അവളെ കൂടുതൽ വിനയമുള്ളവളും, സന്തോഷവതിയുമാക്കി,
ആ യാത്രയിലും തൂലികയെ പടവാളാക്കി എഴുതുകയും ചെയ്തു.

എഴുത്തിലെ ശക്തിയും, ധൈര്യവും, തുറന്ന് പറയുവാനുള്ള സ്ത്രീയുടെ ആർജ്ജവവും അവളിൽ കത്തിജ്വലിച്ചിരുന്നു.തെറ്റിന് കൂട്ടുനിൽക്കാതിരിക്കുകയും, ആർക്കും അടിമയാവാതിരിക്കുകയും, തൻ്റെ നിലപാടിൽ മാത്രം ഉറച്ച കാൽവെപ്പുകളോടെ മാത്രം സഞ്ചരിച്ചതാണ്, സത്യസന്ധതയുടെ സ്ത്രീയായി അവളിൽ പലരും തിരിച്ചറിഞ്ഞതും, ബഹുമാനിച്ചതും.

ആവൂ, “എന്തൊരു ആശ്വാസം ” കനത്ത കാറ്റും ഇടിയുമായി ഒരു മഴ പെയ്തു തോർന്ന പോലെ അവൾക്ക് തോന്നി.

അതെ അവൾ കഴിഞ്ഞതിൻ്റെ ചിത്രങ്ങളെ ചിന്തയുടെ മൂർത്തതയിലേക്ക് കൊണ്ടുവന്നു. എഴുത്തിലെ സ്ത്രീയായതുകൊണ്ടും, അച്ചടക്കത്തോടും, കൃത്യനിഷ്ഠതയോടും പ്രവൃത്തി പരിചയം സെമിനാർ പോലെയുള്ള പരിപാടികളിൽ ഉണ്ടെന്ന് അവളിൽ മനസ്സിലാക്കിയ ചില മനുഷ്യർ പല സാഹിത്യ പരിപാടികളും ചെയ്യാനായി ഉത്തരവാദിത്തം ഏൽപ്പിച്ചു കൊടുത്തു. കുറച്ച് നാൾ ചെയ്താൽ മനസ്സിലാവും മനുഷ്യപ്രകൃതം, പ്രത്യേകിച്ച് അവൾ ആറാമിന്ദ്രീയദർശനക്കാരിയെ പോലെ
സ്വയം അവൾ മനസ്സിലാക്കുകയായിരുന്നു, ഈ പ്രവൃത്തി ചെയ്യുന്നതിൽ ആത്മാർത്ഥതയെ മുതലെടുക്കുകയോ, സ്വന്തം വ്യക്തിത്വം ചൂഷണം ചെയ്യുകയോ ആണെന്ന്.അടിമവ്യവസ്ഥയുടെ കാലമല്ല ഇപ്പോൾ…

കോറിയിട്ട ചിത്രങ്ങൾ ദർശിച്ച് ദർശിച്ച് അവൾക്ക് തിരിച്ചറിയാനായി, എൻ്റെ തോന്നൽ യാഥാർത്ഥ്യമാണല്ലോ,
സമൂഹത്തിലെ ഏറ്റവും നല്ല മാർഗ്ഗദർശിയായ അധ്യാപികയാവണം എന്ന മനപ്രതിജ്ഞയിലാണ് അധ്യാപനവൃത്തിയിലേക്ക് കടന്നത്. അതുകൊണ്ട് നല്ല രീതിയിൽ തെളിയാൻ എൻ്റെ നിലപാടുകളിൽ നിൽക്കാനെ പറ്റൂ,
എന്ന് ആത്മഗതം മനസ്സിലാക്കിയ അവൾ സാഹിത്യ പരിപാടികൾ ചെയ്യുന്നതിൽ നിന്നും സ്വമേധയാ ഒഴിയുകയും,

” എല്ലാവരെപോലെയല്ല ഞാൻ ,എനിക്ക് ഞാനാവാനേ പറ്റൂ, ന്യായമായ വഴിയിലൂടെയേ സഞ്ചരിക്കൂ, അപ്പോൾ എവിടെയോ തലയുർത്തി നിൽക്കാനും ,മുഖം നോക്കാതെ സംസാരിക്കാനും കഴിയും”

എന്ന് മനസ്സിൽ അടിവരയിട്ട്

കുറിച്ചിടുകയും ചെയ്തു.

” ആരും മറ്റുള്ളവരെ വളർത്തുകയില്ല, അവരുടെ ചില ലക്ഷ്യങ്ങൾ നേടാനായി മാത്രമേ പ്രവർത്തിക്കൂ, അത്തരത്തിൽ ആവാൻ എനിക്കാവില്ല ”

ആ ഉറച്ച തീരുമാനത്തോടെ സ്ത്രീകൾക്ക് മാർഗ്ഗദർശിയായി ,ധൈര്യത്തെ പകർന്നു കൊടുത്തുകൊണ്ട് സ്വന്തം ജീവിതം, കുടുംബം, അധ്യാപനം, എഴുത്ത്, സ്ത്രീകൾ നേരിടുന്ന പ്രവർത്തനങ്ങൾ എന്നിവയിലേക്കായി അവൾ തിരിഞ്ഞു പോന്നു.

ആഞ്ഞടിച്ചു വീശുന്ന കാറ്റിന് മുന്നോടിയായി തഴുകിയുണർത്തുന്ന കാറ്റായിരുന്നു പ്രതിഫലിച്ചത് ആദ്യത്തിൽ,
ലോകം എന്നും വ്യത്യസ്തയിലൂടെയല്ലേ മനുഷ്യരെ വളർത്തുന്നത്.
പല മനുഷ്യർക്ക് എപ്പോഴും മരു പച്ചയിലേക്ക് ആയിരിക്കും നോട്ടം. അങ്ങനെയാവുമ്പോൾ തഴുകിയ കാറ്റ് മനുഷ്യരിൽ നിന്ന് കൊടുങ്കാറ്റായി വിശീയടിപ്പിക്കും,
പിന്നീട് ചുഴലിയായി, കനത്ത മഴയായി ,വെള്ളപാച്ചിലായി, ഒഴുകി ഒഴുകി പോവും.
അവൾ ഇടി വെട്ടും മുഴക്കത്തിൽ പൊട്ടിത്തെറിച്ചത് സ്വന്തം നിലപാടുകൾ ഉള്ളതുകൊണ്ടാണ്.
അങ്ങനെ ആർത്തലച്ച മഴ പെയ്തു തോർന്നു.

ബീന ബിനിൽ , തൃശൂർ

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px