LIMA WORLD LIBRARY

എവിടമിവിടം , കല്പറ്റ നാരായണൻ മാഷിന്റെ പുതിയ നോവൽ – ഷിജി അലക്സ് ഷിക്കാഗേ

എവിടമിവിടം , കല്പറ്റ നാരായണൻ മാഷിന്റെ പുതിയ നോവൽ ആണ്. നൂറ്റി മുപ്പത്തിരണ്ട് പുറത്തിൽ ഒരു ചെറിയ നോവൽ. പക്ഷെ ഞാൻ ഈ അടുത്ത് ഏറ്റവും കൂടുതൽ സമയം എടുത്തു വായിച്ച നോവൽ ആണിത്. കാരണം അദ്ദേഹം തന്നെ പറയുന്നു “മുറ്റി തഴച്ചു വളർന്ന ഒരു ചെടിയാണെന്റെ രൂപ ശില്പ മാതൃക. ഓരോ ഇലയിലും തുടിച്ചു നിൽക്കുന്ന യൗവനം. ഒരു വരിയും ഉറങ്ങിക്കൂടാ” എന്ന്. ഒരു വരിയും ഉറങ്ങുന്നില്ല , മറിച്ചു എല്ലാ പ്രഭാതത്തിലും ആദ്യപ്രഭാതം ഉള്ള പോലെ ഓരോ വരിയും വായനയിലൂടെ വീണ്ടും ഉണരുന്നു.

ശരീരവും മനസും ഉരുകി ഒലിക്കപ്പെടുന്ന, സമൂഹത്തിൽ മുഖം നഷ്ടപെടുന്ന സ്ത്രീജന്മത്തെ ലോകമെന്ന പുരുഷ കാഴ്ചക്ക് മുന്നിൽ വ്യഖ്യാനിക്കപ്പെടുന്ന എഴുത്തു. നാം പറയാറുണ്ട് , പുരുഷൻ വാതിലിലൂടെ ലോകം കാണുമ്പോൾ സ്ത്രീ അത് കാണുന്നത് ജനാലയിലൂടെ ആണെന്ന്. മാഷിൻറെ വാക്കുകളിൽ വാതിലിനു പേരിട്ടത് ആദവും ജാലകത്തിനു പേരിട്ടത് ഹവ്വയുമാണ് , കാരണം ഹവ്വയുടെ വാതിൽ ആ ജാലകമായിരുന്നല്ലോ.

താനനുഭവിച്ച യാതനകളുടെ കരുത്തിൽ ഇരുമ്പിനെ സ്വർണമാക്കാനും, ഒരു ഗ്രാമത്തെ മുഴുവൻ വൈദ്യുതികരിക്കാനും , ചത്ത് പോയ പക്ഷികളെ പറപ്പിക്കുവാനുമാകുമായിരുന്നു എന്ന് ദീനദയ.

മുഖം കത്തിയമർന്നപ്പോൾ ഉണ്ടായ പുതിയ പ്രഭ തൻറെ മരവിച്ച മുഖത്തിനു പ്രദർശിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിലും അതിന്റെ ചൂടിൽ ശരീരം മുഴുവൻ നക്ഷത്രങ്ങൾ കൊണ്ട് പ്രകാശിപ്പിക്കുവാൻ കഴിഞ്ഞു എന്ന് സുലഭ.

മുഖം നഷ്ടപ്പെട്ടവർക്ക് വാക്കുകൾ ഉച്ചരിക്കാൻ പേടിയാണ് , കാരണം കല്ലിൽ പറ്റിപ്പിടിച്ച ദോശ പോലെ ഓരോ സംഭാഷണത്തിലും വാക്കുകൾ മുഖത്തിൽ പറ്റിപിടിക്കും. ലോകം പുറത്തു നിർത്തിയ എല്ലാവരുടെയും പ്രതിനിധിയാണ് താനെന്നു ചിന്തിച്ചിരുന്ന സുലഭ , കാടിനു ഓടിട്ടത് പോലെയുള്ള അഭയം എന്ന വീട്ടിൽ ജാലകത്തിലൂടെ , നിലാവിൽ തുടിക്കുന്ന പുഴയിൽ നോക്കി മൽസ്യങ്ങളുടെ സന്തത സഹചാരികൾ ആയ ചന്ദ്രനെയും നക്ഷത്രങ്ങളെയും നോക്കി , നികിതയുടെ കഥയിലെ തനിക്കു നൃത്തം ചെയ്യാനായി ഈ ഭൂമിയെ സൃഷ്‌ടിച്ച ആ പെൺകുട്ടിയെ ഓർത്തു അവൾ സുഖമായുറങ്ങി.

അവളോർത്തു കൂടുതൽ കൂടുതൽ വേദനിക്കുന്നവരിലേക്കുള്ള യാത്രയാവാം പരിണാമം. മണ്ണിൽ നിന്നും മനുഷ്യനായപ്പോൾ വേദനയുടെ തീവ്രത കൂടി.മനുഷ്യനെ പീഡിപ്പിക്കാവുന്ന പോലെ മറ്റൊരു ജീവജാലത്തെയും പീഡിപ്പിക്കാനാവില്ല. അതിൽ തന്നെ പെണ്ണിനുള്ള പീഡന യോഗ്യത മറ്റാർക്കുമില്ല.മാഷ് പരിചയപ്പെടുത്തുന്ന മറ്റൊരു പെണ്ണ് തീയിൽ ക്ഷൗരം ചെയ്യപ്പെട്ട സ്നുഷ, നമ്മെ വല്ലതെ പൊള്ളിക്കുന്നുണ്ട്.

ഓരോ പെണ്ണും ഓരോ അഹല്യയാണ്, ശിലയാകുന്നതിനു മുൻപും പിൻപും ശില മാത്രമായവർ. ശിലീകരിക്കപ്പെട്ട പെൺജന്മത്തെ ആസിഡിന്റെ , പെട്രോളിൻറെ, ഇരുമ്പ് ദണ്ഡിൻറെ , രൂപത്തിൽ അഗ്നിപരീക്ഷക്കു വിധേയരാകുന്ന രാമന്റെ പിൻഗാമികൾ. രണ്ടു കാലുള്ള കൊറ്റികൾ ഒറ്റക്കാലിൽ നിൽക്കുമ്പോൾ , ഒറ്റക്കാൽ മാത്രമുള്ള കൊറ്റിക്കു ആ കാൽ നിലനിൽപാണ്.

വായന അങ്ങനെ ഗന്ധമറിഞ്ഞും സ്പർശിച്ചും , കരഞ്ഞും, പ്രതിഷേധിച്ചും, ദേഷ്യപെട്ടും മുന്നേറുമ്പോൾ തൊണ്ണൂറ്റൊൻപതാം പുറത്തു നാം ഒരു യാത്രക്ക് തയാറാകുന്നു. ഭൂമിയിലെ ഏറ്റവും നല്ല രാത്രികൾ പിറ്റേന്നത്തെ യാത്രക്കായി ഒരുങ്ങുന്ന രാത്രികൾ ആണ്. സാവകാശം അഥവാ തിടുക്കപെടാതിരിക്കൽ ജീവിത മന്ത്രമായി കാണുന്ന ഒരു ജനതയുടെ നാട്ടിൽ,ധാരാളം വളവുകളുള്ള റോഡിലൂടെ വളരെ പതുക്കെ യാത്ര ചെയ്തു അവരും ഒരു പ്രാര്ത്ഥനാചക്രങ്ങളായി മാറുന്നു. ഇരുള് മാറി നിലാവുദിക്കുന്നു.

കവിത പോലെ ഒരു നോവൽ. ഗദ്യത്തിലൂടെ പദ്യത്തിന്റെ സോപാനം കയറുന്ന രചന. വായിലിട്ടു നുണയുന്ന ഒരു മിഠായി പോലെ ആണീ വായന , പെട്ടെന്ന് അലിയില്ല, എന്നാൽ മധുരം മാത്രമല്ല രുചി. ആ രുചിയോ നമ്മെ വിട്ടു പോകുകയും ഇല്ല. ഡോണ്ട് ഹറി എന്ന് ഓർമിപ്പിച്ചു ആരുടേയും ധ്യാനത്തിന് ഭംഗം വരുത്താതെ, നടന്നു തുടങ്ങുന്ന ഒരു കുഞ്ഞിനെ നയിക്കുന്ന പോലെഒരു വായന.

മാഷിനോട് ഒരുപാട് സ്നേഹം.

ഷിജി അലക്സ്
ഷിക്കാഗേ

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px