കാന്താരി – സിസിലി ജോർജ് (ലണ്ടൻ)

Facebook
Twitter
WhatsApp
Email

 

ആൺകുട്ടികളെപ്പോലെ കൈവീശി കൂസലില്ലാതെ നടക്കുന്നതാണ് അവൾക്കിഷ്ടം. അതെങ്ങനെ അങ്ങനെ ഒരു ശീലം വന്നെന്നറിയില്ല. മനസ്സിനകത്ത് ഒരു കുസൃതിച്ചെക്കൻ ഓടി നടന്ന് കളിക്കുന്നെന്ന് പലപ്പോഴും തോന്നി. ഭാഗ്യത്തിന് എന്റെ ഈ പ്രകൃതം അമ്മയ്ക്കും ഇഷ്ടമായിരുന്നു.

”പെൺകുട്ടോളായാ, കുറച്ച് ചൊടിയൊക്കെ വേണം’

അമ്മ പറയുമ്പോൾ എനിക്കല്പം അഹങ്കാരമൊക്കെ തോന്നും.

ക്ലാസിൽ ചിലപ്പോൾ എന്റെ കുസൃതികൾ ടീച്ചർമാർക്ക് പിടിക്കാറില്ല. അമ്മയും ഒരു ഹൈസ്‌കൂൾ ഹെഡ്മിസ്ട്രസ്സ് ആണെന്നതിനാൽ മാത്രം അവരൊക്കെ എന്റെ നേരെ കണ്ണടയ്ക്കുകയാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.

ആൺകുട്ടികൾ നേർക്കുനേരെ വരുന്നത് കണ്ടാൽ പൂച്ചയെക്കാണുന്ന എലിക്കുട്ടി യെപ്പോലെ വിറയ്ക്കുന്ന പെൺകുട്ടികളോടെനിക്ക് പുച്ഛമായിരുന്നു. അങ്ങിനെയാണ് ‘കാന്താരി’ എന്ന പേര് എനിക്ക് ആൺകുട്ടികൾക്കിടിയിലെ ഇരട്ടപ്പേരായത്. ഒരിക്കൽ നൗഷാദിന്റെ അനിയത്തി സമീറയാണ് ഈ രഹസ്യം എന്നോട് പറഞ്ഞത്. വീട്ടിലെന്തോ ചർച്ചക്കിടയിൽ അവൾക്ക് സഹോദരനിൽ നിന്ന് വീണുകിട്ടിയ അറിവായിരുന്നു. പറഞ്ഞിട്ട് അവൾ സത്യം ചെയ്യിച്ചു’ ആരും അറിയരുതെന്ന്’.

‘നീ പോടീ, അവന്മാരങ്ങനെ വിളിക്കട്ടെ, എനിക്കെന്താ?’ കൂസലില്ലാതെ ആ അറിവ് പുച്ഛിച്ച് തള്ളി.

പുതിയ സ്‌കൂൾ കെട്ടിടത്തിന്റെ പണി നടന്നത് ഒരു ലോങ്ങ് വെക്കേഷനിലായിരുന്നു. സ്‌കൂൾ തുറന്നപ്പോഴും ആ ഭാഗത്ത് പണികൾ നടന്നു കൊണ്ടിരുന്നു. തട്ടലും മുട്ടലുമൊക്കെ ഞങ്ങളുടെ ക്ലാസ് മുറിയിലെ ശ്രദ്ധ പലപ്പോഴും തകരാറിലാക്കി.

‘എന്തൊരു ശല്യം’

മനസ്സിലെല്ലാവരും പറഞ്ഞു. കാതടപ്പിക്കുന്ന ശബ്ദമാണ് ചിലപ്പോൾ. രാത്രി നിർത്താതെ മഴ പെയ്ത ഒരു ദിവസം രാവിലെ നേരത്തെ സ്‌കൂളിലെത്തിയപ്പോൾ, ടോയ്ലറ്റിന് വേണ്ടി തലേന്ന് കെട്ടി സിമന്റിട്ട് വച്ചിരുന്ന രണ്ട് ടാങ്കുകളിൽ വെള്ളം നിറഞ്ഞു കിടന്നു. തറനിരപ്പിൽ വെള്ളം നിറഞ്ഞു കിടന്ന ആ കുട്ടികൾക്ക് എത്ര ആഴമുണ്ടെന്നറിയില്ലായിരുന്നു. വെറുതെ അടുത്തെത്തി നോക്കി നിന്നതാണ്. പിന്നിൽ നിന്നൊരു തള്ള് അപ്രതീക്ഷിത മായ അ ശക്തിയിൽ ടാങ്കിൽ വീണത് ഒട്ടും പ്രതീക്ഷിക്കാതെയാണ്. ആരാണ് തള്ളിയതെന്ന് ആർക്കും അറിയില്ല. അറിഞ്ഞിട്ടെന്തു ചെയ്യാൻ! വീണുപോയില്ലേ? മുങ്ങിപ്പൊങ്ങി വന്നിട്ട് എവിടെയും പിടികിട്ടുന്നില്ല. കുണ്ടൻ കിണറ്റിൽ വീണ അനുഭവം. കൈ നീട്ടിത്തന്ന് പൊക്കിയെടുത്തത് നൗഷാദ് തന്നെ. ഭാഗ്യത്തിന് രക്ഷപ്പെട്ടെന്ന് പറയാം. പെൺകുട്ടികളുടെ ദീനരോദനം കേട്ട് ഓടി വന്നവരെല്ലാം പകച്ചു നിന്നതാണത്രേ. മൂന്നുപ്രാവശ്യം മുങ്ങിപ്പൊങ്ങി പിടിക്കാനൊരു തഞ്ചമില്ലാത്ത അവസ്ഥയായിരുന്നുവല്ലോ.

ഹെഡ്മാസ്റ്റർ കോപാക്രാന്തനായി. ആരാണ് പിടിച്ച് തള്ളിയതെന്ന് ആർക്കും അറിയില്ല. വിവരമറിഞ്ഞ് അമ്മ ഉറഞ്ഞു തുള്ളി. സ്‌കൂളിൽ വന്നു. ആ അപകടസ്ഥലത്തൊക്കെ പോയതിന് എല്ലാവരും കുറ്റപ്പെടുത്തി. ആ ടാങ്ക് അന്നുതന്നെ സ്ലാബിട്ട് മൂടി. ജീവിതത്തിൽ ആദ്യമായാണ് അത്തരമൊരപകടം നേരിട്ടത്. പ്രതിസന്ധിയിൽ സഹായിച്ച നൗഷാദിനോടൽപം ബഹുമാനവും തോന്നി. പിടിച്ചു പൊങ്ങിവന്നപ്പോൾ ധീരതയോടെ പൊക്കിയെടുത്ത് മാറിലമർത്തിപ്പിടിച്ച് ആശ്വസിപ്പിക്കാനും ഫസ്റ്റ് എയ്ഡ് തന്ന് പൂർവ്വ സ്ഥിതിയിലാക്കാനും ഉള്ള ശ്രമത്തിൽ ആ നല്ല മനസ്സ് അവൾ വ്യക്തമായറിഞ്ഞു. സ്‌കൂളിലെ റൗഡിസംഘത്തിൽ പലപ്പോഴും കണ്ടിട്ടുണ്ടെങ്കിലും നൗഷാദിന്റെ ആത്മാർത്ഥതയും സമയോചിതമായ പ്രവൃത്തിയും ശ്ലാഘനീയമാണല്ലോ.

മനസ്സിനകത്ത് ഗൂഢമായൊരാരാധന അന്നുമുതൽ ഉണ്ടായി. നൗഷാദിന്റെ ഓരോ ചുവടുവയ്പ്പിലും അറിയാത്തൊരുൽക്കണം. അനിയത്തി സമീറയുടെ വിവരണങ്ങൾക്കൊക്കെ പിന്നെ കാതോർക്കാനൊരു താൽപര്യം! പഠനത്തിൽ മിടുമിടുക്കിയായിരുന്നതിനാൽ ആ ഒരഹങ്കാരവും തനിക്കുണ്ടായിരുന്നു. എന്നിട്ടും മരണം നേരിട്ടനുഭവിച്ച വെപ്രാളം ഒരല്പം വിറയലുണ്ടാക്കി എന്നു പറയാം. സ്‌കൂൾ വാർഷികത്തിന്റെ സ്റ്റേജിൽ നൃത്തവും നാട കവുമൊക്കെ അവതരിപ്പിച്ച് കൈയടി നേടി, കൈനിറയെ സമ്മാനങ്ങളും മനസ്സുനിറയെ അഭിമാനവുമായിറങ്ങി വന്നപ്പോൾ അപ്രതീക്ഷിതമായി നൗഷാദ് വന്ന് അഭിനന്ദനമറിയിച്ചു. പണ്ടാണെങ്കിൽ ‘പോടാ.. ചെക്കാ’ എന്നു പറഞ്ഞ് അവഗണിക്കുമായിരുന്ന അവൾ അന്ന് അവനോട് ഹൃദയംഗമമായ നന്ദി പറഞ്ഞു.

”എന്റെ ജീവനുപോലും ഞാൻ നൗഷാദിനോട് കടപ്പെട്ടിരിക്കുന്നു’ അവൾ പറഞ്ഞു.

”അത്രയ്ക്കും പറയാനെന്തിരിക്കുന്നു. ചെയ്യേണ്ടതല്ലെ ചെയ്തത്’

”എന്നാലും അന്നത് ചെയ്തില്ലെങ്കിലോ?’ ഒരു പുഞ്ചിരി പകരം നൽകി നൗഷാദ് പോയി. കൂട്ടുകാരോടൊത്ത്.

പത്താംക്ലാസ് പരീക്ഷ കഴിഞ്ഞ് നൗഷാദ് സ്‌കൂൾ വിട്ട് പോയിരുന്നു. സമീറ ചിലപ്പോൾ ‘ഇക്കാ’ യുടെ കോളേജ് വിശേഷങ്ങൾ പങ്കിടുമ്പോൾ ഉത്സാഹത്തോടെ കേട്ടിരുന്നിട്ടുണ്ട്. രണ്ടുവർഷം കഴിഞ്ഞ് സ്‌കൂൾ പഠനം പൂർത്തിയാക്കി കോളേജ് വിദ്യാഭ്യാസത്തിന്റെ ആദ്യ ദിവസം സമീറയെയും കൊണ്ട് വന്നത് നൗഷാദാണ്. സ്‌കൂളിൽ കണ്ടപോലെയല്ല. നല്ല പൊക്കവും വിരിഞ്ഞ മാറിടവുമൊക്കെയായി മൂക്കിനു താഴെ കറുത്തു തഴച്ച മീശ തടവി. നിൽക്കുന്ന സുമുഖനായ ചെറുപ്പക്കാരനെ നോക്കി പുഞ്ചിരിച്ചപ്പോൾ അറിയാതെ ഒരു നാണം അവളെ തൊട്ടുതലോടി.

”എന്താ….. കാന്താരി? മറന്നു പോയോ?’

കൂമ്പിയ നാണം വിടർന്നു വന്നു. അന്നാദ്യമായി അവളുടെ മുഖം ചെന്താമരപോലെ വിരിഞ്ഞു. സമീറയുടെ വിരലിൽ പിടിച്ച അവളുടെ കൈത്തലം വിറപൂണ്ടു നിന്നു.

”സമീറാ… വരൂ…. ഇന്റർവ്യൂ അവിടെയാണ്’.

നൗഷാദിന്റെ പിന്നാലെ നടക്കുമ്പോൾ സമീറയുടെ മുഖത്ത് നോക്കിയില്ല. അമ്മ സ്‌കൂളിൽ നിന്ന് ഓടിപ്പിടഞ്ഞാണ് സമയത്തിനെത്തിയത്. ക്ലാസ് മുറികൾ കാണിച്ചു തന്നിട്ട് നൗഷാദ് പോയിരുന്നു. സമീറയുടെ പിതാവും വരാൻ വൈകിയിരുന്നു. ടൗണിൽ വലിയ ബിസിനസ്സുകാരനായിരുന്നു അയാൾ. ഇന്റർവ്യൂ കഴിഞ്ഞ് ഹോസ്റ്റലിൽ അഡ്മിഷനും ആക്കി എല്ലാവരും പോയപ്പോൾ സമീറ പറഞ്ഞു.

‘ഇക്കാ ഇവിടെ ഉള്ളത് നമുക്ക് രണ്ടാൾക്കും നല്ലതാ’

‘ഊം…’ വെറുതേ മൂളാനേ കഴിഞ്ഞുള്ളൂ.

സഹോദരിയെ കാണാൻ ചിലപ്പോഴൊക്കെ നൗഷാദ് വന്നു. ഒരിക്കൽ പോലും തന്നെപ്പറ്റി ചോദിച്ചില്ല. അതിലല്പം വിഷമം തോന്നി, ഒരു സഹോദരനോ, സഹോദരിയോ ഇല്ലെന്നതിൽ ദുഃഖം തോന്നിയ ദിവസങ്ങളായിരുന്ന അത്. വല്ലപ്പോഴും അമ്മ ഹോസ്റ്റലിൽ വരുമ്പോൾ സമീറയെ വിളിച്ചു സംസാരിക്കും. മകളെ വലിയൊരാപത്തിൽ നിന്ന് രക്ഷിച്ച നൗഷാദിന്റെ വിവരങ്ങളും ചോദിക്കും. അപ്പോഴൊക്കെ, തന്റെ സുഖവിവരമന്വേഷിക്കാത്ത നൗഷാദിനെപ്പറ്റി അവൾ ഓർത്തു, ചിലപ്പോൾ സ്വയം ശാസിച്ചു. ചിലപ്പോൾ സ്വയം സംസാരിച്ചു.

”വല്ലേ പവറായിരിക്കും. ആർക്കാ ചേതം!’

എഞ്ചിനീയറിംഗിന് ഐ.ഐ.ടിയിൽ പ്രവേശനം കിട്ടി നൗഷാദ് മദ്രാസിലേക്ക് പോകുന്നെന്ന് സമീറ പറഞ്ഞു. പിറ്റേന്ന് ഹോസ്റ്റലിൽ വന്ന് സമീറയെ കണ്ട് സംസാരിച്ച ശേഷം നൗഷാദ് അവളോട് ചോദിക്കുന്നത് കേട്ടു.

”നമ്മുടെ കാന്താരി എന്ത്യ?’

”ശ്ശോ! അവള് കേൾക്കേണ്ട. ഞാനിപ്പൊ വിളിച്ചോണ്ട് വരാം’

കോണിച്ചുവട്ടിൽ നിന്ന് നൗഷാദിനെ ശ്രദ്ധിക്കുകയായിരുന്നെന്ന് സമീറ അറിയാതിരിക്കാൻ ധൃതിയിൽ സ്റ്റെപ്പ് കയറി.

‘നിക്ക്, നിന്നെ ഇക്കാ അന്വേഷിക്കുന്നു’ സമീറ പറഞ്ഞു.

‘നൗഷാദോ? എന്താ വിശേഷിച്ച്?’

‘ഇക്കാ പോക്വാണ്.മദ്രാസില്’.

അവൾ ഒന്നുമറിയാത്തപോലെ നിർവ്വികാരയായി മുന്നിൽ വന്നു നിന്നു. നൗഷാദിന്റെ തീക്ഷ്ണമിഴികൾ അവളുടെ ഉള്ളിലേക്ക് ചുഴിഞ്ഞു നോക്കി. പിടക്കുന്ന കണ്ണുകളിലെ അഗാധതയിൽ അയാൾ അവളുടെ തുടിക്കുന്ന ഹൃദയം കണ്ടു. പ്രണയം പൂത്തുലയുന്നത് കണ്ട് ആസ്വദിക്കാതിരിക്കാനായില്ല.

”കാന്താരീ, ഞാൻ നാളെ പോവും. സമീറയെ വിളിക്കുമ്പോൾ സംസാരിക്കണം കേട്ടോ’

നൗഷാദ് തിരിഞ്ഞു നടക്കുമ്പോൾ ഒരിക്കൽ കൂടി തിരിഞ്ഞു നോക്കി. അന്നാദ്യമായി ആ മിഴികൾ അവളെ നോക്കി കണ്ണിറുക്കി. ഹൃദയം പടപടാ മിടിക്കുന്നുണ്ടായിരുന്നു. ഒറ്റക്കിരുന്ന് ഒന്ന് കരയണമെന്നാണ് തോന്നിയത്. എന്തെന്നില്ലാത്ത ഒരാലസ്യം, ഉടലാകെ തളരുന്നപോലെ. മദ്രാസിൽ നിന്ന് ഫോൺ വന്നപ്പോഴൊക്കെ നൗഷാദ് അവളെ വിളിക്കുന്നെന്ന് സമീറ വന്ന് പറഞ്ഞു.

”സുഖമല്ലേ……. കാന്താരീ’.

‘ഉം…’. ‘എന്താ ഇപ്പോ ശബ്ദം നിലച്ചത്’.

‘വെറുതെ…’,

സമീറ അടുത്തുണ്ടായിരുന്നതിനാൽ ഫോൺ വേഗം വച്ചു. ഹൃദയം വെറുതെ വിറയ്ക്കുന്നുണ്ടായിരുന്നു, ആ സ്വരം കേൾക്കുമ്പോൾ

ആ കൊല്ലത്തോടെ സമീറ പഠിപ്പു നിർത്തി. അവളുടെ നിക്കാഹ് ഉറപ്പിച്ചു. വെക്കേഷന് ആ ആഘോഷത്തിൽ കൂട്ടുകാരെല്ലാം പങ്കെടുത്തു. കൂടെ പഠിച്ചവരൊക്കെ വിവാഹിതരാ യിക്കഴിഞ്ഞിരുന്നു. ചിലരൊക്കെ അമ്മമാരും.

”നീയെന്താടി.. പഠിച്ചോണ്ടിരിക്ക്യാണോ?’

എല്ലാവരും ചോദിച്ചു. ”പഠിക്കണം. ജോലി നേടണം. അത് കഴിഞ്ഞ് മാത്രം വിവാഹം’ അവൾ ഉറച്ച ശബ്ദത്തിൽ പറഞ്ഞു. കണ്ണുകൾ നൗഷാദിനെ തിരഞ്ഞു. എവിടെയും കണ്ടില്ല. സമീറയോട് ചോദിക്കാനും ഭയം തോന്നി. അവളാണെങ്കിൽ സന്തോഷം കൊണ്ട് പൂത്ത് നിൽക്കുകയായിരുന്നു. അവളെ ഒന്ന് ഒറ്റക്ക് കിട്ടുന്നുപോലുമില്ല.

‘ഞാൻ പോകുന്നു സമീറെ, നാളെ നിക്കാഹിന് വരാം’ യാത്ര പറഞ്ഞപ്പോൾ സമീറ സമ്മതിച്ചില്ല.

‘നീ പോവ്വേ…നിന്നെ പറഞ്ഞയക്കരുതെന്ന് ഇക്ക പ്രത്യേകം പറഞ്ഞിട്ടുണ്ട്. ഇല്ലെങ്കിലും ഞാൻ സമ്മതിക്കില്ല’

”എന്നിട്ട് നിന്റെ ഇക്ക എവിടെ? ഇവിടെയൊന്നും കണ്ടില്ലല്ലോ?

‘മൂപ്പര് കോളേജീന്ന് ഒരു മാച്ചിന് പോയിരിക്യാ…. രാത്രി വരും’

രാത്രി വളരെ വൈകി നൗഷാദും കൂട്ടുകാരും വന്ന ശബ്ദകോലാഹലം കേട്ടു. കാറ് വന്നു നിന്നപ്പോൾ മേലെ ബാൽക്കണിയിൽ നിന്ന് അവൾ ആ ബഹളമൊക്കെ കണ്ടു. നൗഷാദ് ഒരു വളർന്ന പുരുഷനായിക്കഴിഞ്ഞിരന്നു. പെട്ടിയും ബാഗുമൊക്കെയായി സ്റ്റെയർകേസ് കേറി വരുമ്പോൾ, അവൾ പതുങ്ങി മുറിയിൽ കയറിക്കൂടി. കൂട്ടുകാരുമൊത്ത് സമീറയെ ഉറക്കെ വിളിച്ച് അവളുടെ അടുത്തേക്ക് പോകുന്നത് കണ്ടു. കുറച്ച് കഴിഞ്ഞ് കൈ പിടിച്ച് സമീറ മുറിയിൽ വന്നു. ഇക്കയുടെ സമ്മാനമായ ‘വൈരമോതിരം’ പൊക്കിക്കാണിച്ച് അവൾ ചുംബിച്ചു.

നൗഷാദിന്റെ കണ്ണിൽ മിന്നിമറിഞ്ഞ പ്രകാശത്തിന് വൈരത്തെക്കാൾ തിളക്കമുണ്ടെന്ന വൾക്ക് തോന്നി. ഹൃദയത്തിന്റെ അഗാധതയിലേക്കാണ് ആ രശ്മികൾ കടന്നു ചെന്നത്.

”കാന്താരീ… സുഖമല്ലേ?’

പതിവുചോദ്യം. അവൾ വെറുതെ ചിരിച്ചു. സാരിയിൽ അവൾ ഒരു വളർന്ന പെണ്ണായി തിളങ്ങി നിന്നു. നാണം അവളുടെ മുഖത്ത് ഇരച്ചുകയറി. ആദ്യമായി ആ മുഴങ്ങുന്ന ശബ്ദത്തിന് മുന്നിൽ അവൾ വ്രീളാവിവശയായി നിന്നു.

സമീറയെ ചേർത്തുപിടിച്ച് പുറത്തേക്കിറങ്ങുമ്പോൾ അയാൾ അവളുടെ തോളിൽ അറിയാത്തപോലെ ഒന്ന് മുട്ടിയുരുമ്മി. പെട്ടെന്ന് ഞെട്ടിപ്പോയി. പതിനാലു വയസ്സിൽ സുരക്ഷിതത്വം ഓഫർ ചെയ്ത ആ നന്മനിറഞ്ഞ മനസ് അവളെന്നും നന്ദിയോടെ സ്മരിക്കുന്നതാണ്. തോളിലെസ്പർശം അവളെ കോരിത്തരിപ്പിച്ചു. മനസ്സാകെ പൂത്തുലഞ്ഞു പോയി. കട്ടിലിൽ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറങ്ങാൻ കഴിഞ്ഞില്ല. പിന്നെ നേരം വെളുക്കാൻ നേരത്താണ് ഒന്നുറങ്ങിപ്പോയത്. തട്ടിപ്പിടഞ്ഞെഴുന്നേറ്റ് വേഗം കുളിമുറിയിൽ കയറി. നിക്കാഹ് രാവിലെതന്നെയാണ് അതിനു മുമ്പ് ഒരുങ്ങിയിറങ്ങണം.

ബാഗ് തുറന്ന് ഇടാനുള്ള വസ്ത്രങ്ങൾ പുറത്തെടുത്ത് വച്ചു. അമ്മയുടെ സെലക്ഷനാണ്. നന്നാവാതിരിക്കില്ല. വാതിലിൽ ആരോ മുട്ടുന്നത് പോലെ. വേഗം വന്ന് വാതിൽ തുറന്നു. ഞെട്ടിപ്പോയി. വാതിൽക്കൽ നിൽക്കുന്നു നൗഷാദ്. വേഗത്തിലകത്തേക്ക് കയറി, വാതിൽ ചാരി. കയ്യിലിരുന്ന പാക്കറ്റ് അവളുടെ കൈപിടിച്ച് അതിൽ വച്ചു.

”ഇന്നിതുടുക്കണം. എന്റെ സെലക്ഷനാണ്’

”അയ്യോ. സാരിയോ?’… ഇത്… ഇത്” അവൾ വിക്കി.

‘ഇതുടുത്ത് വേഗം വാ…….എനിക്ക് കാണണം’ അവളെ കൂട്ടിപ്പിടിച്ച് ചുണ്ടിൽ ആദ്യചുംബനം നൽകിക്കഴിഞ്ഞിരുന്നു.’

‘നൗഷാദ്! ഇത് വസ്ത്രമല്ലേ? ഇത് ഞാൻ വാങ്ങിയാൽ!’

”വാങ്ങിയലെന്താ?’

‘വരൻ വധുവിന് നൽകേണ്ടതാണീ സമ്മാനം……’ അവൾ മടിച്ചു മടിച്ചു പറഞ്ഞു.

”അപ്പൊ എന്തിനീ സംശയം?’

”സംശയം!’ അവൾക്ക് ഉത്തരം വിക്കി.

”സംശയിക്കേണ്ട… വരൻ വധുവിനായി തിരഞ്ഞെടുത്തതാണ്’

അവൾക്ക് എന്തു പറയണമെന്നറിയില്ല. ഒരിക്കൽ കൂടി ഒരു ചുടു ചുംബനം അവളെ നിശബ്ദയാക്കി.

‘ആരെങ്കിലും കാണും. ഞാൻ പോകുന്നു. സംശയം വേണ്ടേ വേണ്ട’. ആ സാരി കണ്ണിൽ ചേർത്തു. വളരെ വിലകൂടിയ സമ്മാനം! സമീറയ്ക്കും തനിക്കും ഒരേ അളവാണെ ന്നറിയുന്നതിനാൽ, ചേർച്ചയിൽ തയ്ച്ച ബ്ലൗസും. വേഗം ഉടുത്തൊരുങ്ങി പുറത്ത് വന്നപ്പോൾ, അകലെ നിർന്നിമേഷനായി നോക്കിനിൽക്കുന്നത് കണ്ട് നാണിച്ചു പോയി. തള്ളവിര ലുയർത്തി നന്നായിരിക്കുന്നെന്ന് പറഞ്ഞു നൗഷാദ്.

സമീറയുടെ അടുത്തെത്തിയപ്പോൾ അവൾ ആകെയൊന്ന് നോക്കി. എന്ത് ഭംഗ്യാടീ… ആരുടെ സെലക്ഷനാ!’

‘പെട്ടെന്ന് ഞെട്ടിപ്പോയി. നുണപറഞ്ഞേ പറ്റൂ. ‘

‘എന്റെ തന്നെ’.

അകലെ നൗഷാദിന്റെ കണ്ണുകൾ തിളങ്ങിത്തന്നെനിന്നു. നിക്കാഹ് കഴിഞ്ഞ് തിരക്കൊഴി ഞ്ഞപ്പോൾ അകത്തു വന്ന് സാരി മാറ്റാൻ തുടങ്ങുന്നതിന് മുമ്പ് കൊടുങ്കാറ്റുപോലെ നൗഷാദ് മുറിയിൽ വന്നതു കണ്ട് അവൾ ഞെട്ടി.

”എന്റെ….. എന്റെ… കാന്താരീ’

ആ ബലിഷ്ഠകരങ്ങളിൽ ഒരു ചെമ്പനീർപ്പൂപോലെ അവൾ ഞെരിഞ്ഞമർന്നു. എരി വുള്ള ഒരു ചുംബനം നൽകി നൗഷാദ് പുറത്ത് പോയപ്പോൾ അവൾ ആലിലപോലെ വിറച്ചു നിന്നു. ആണിന്റെ ഉശിരൊക്കെ നഷ്ടപ്പെട്ട് അവളൊരു വെറും പെണ്ണായി കൂമ്പിപ്പോയി.

 

About The Author

Leave a Reply

Your email address will not be published. Required fields are marked *