അനിരുദ്ധന്റെ ചിന്തകൾ – പൂന്തോട്ടത്ത്‌ വിനയകുമാർ (ഖത്തർ)

Facebook
Twitter
WhatsApp
Email

ഈ കെട്ട കാലത്ത് തനിക്കു എങ്ങനെ പോസിറ്റീവായി ചിന്തിക്കാൻ കഴിയും …? അനിരുദ്ധന്റെ ചിന്തകൾ അങ്ങനെയായിരുന്നു.പലപ്പോഴും ഈ  സ്വഭാവം അയാളെ മറ്റുള്ളവരിൽ നിന്നും അകറ്റിയിരുന്നു.പണ്ട് മുതലേ വീട്ടിലുള്ളവരും സ്കൂളിൽ വെച്ച് അദ്ധ്യാപകരും പലവട്ടം അവർത്തിക്കപ്പെരിക്കുന്നു..

“പോസിറ്റിവാവുക….”- എന്ത് കണ്ടാലും നെഗറ്റീവായി ചിന്തിക്കുന്ന  അയാളെ ആളുകൾ കാണുന്നത് പോലും തെല്ല് ഈർഷ്യയോടെയായിരുന്നു.

നെഗറ്റീവുകൾ തേടുന്നതിൽ അയാൾ ഒരു ഹരം കണ്ടെത്തിയിരുന്നു.

എന്തുപറഞ്ഞാലും ആലോചിച്ചാലും നെഗറ്റീവ് ചിന്തകൾ നിറഞ്ഞു കവിഞ്ഞൊഴുകി അയാളുടെ ബൗദ്ധിക മണ്ഡലത്തിൽ.

സ്കൂളിൽ പഠിക്കുമ്പോൾ കൂട്ടുകാർക്കെല്ലാം കുറ്റമായിരുന്നു ‌അയാളുടെ നോട്ടത്തിൽ.അനിരുദ്ധനു ,ആരിലും നല്ലത് കാണാൻ കഴിഞ്ഞിരുന്നില്ല എന്നതായിരുന്നു സത്യം.

പ്രായമുള്ള മുത്തച്ഛനും അയാളോട് ഉപദേശിക്കാറുണ്ടറിയുന്നു

“പോസിറ്റിവ് ആകാൻ,കാര്യങ്ങളെ അങ്ങനെ വിലയിരുത്താൻ “-

“ഇവൻ ഒന്ന് പോസിറ്റീവ് ആയിക്കണ്ടിട്ടു എനിക്ക് മരിക്കാൻ കഴിയുമോ “-

മുത്തച്ഛൻ അകത്തെ മുറിയിലിരുന്ന് പിറുപിറുത്തു.

സ്ഥലത്തെ  ചെറുപ്പക്കാർ വായനശാലയിൽ ഇരുന്നു രാഷ്ട്രീയം പറഞ്ഞപ്പോൾ അനിരുദ്ധൻ ഇടപെട്ടു..”ഈ വ്യവസ്ഥിതിയേ ശരിയല്ല…ഇപ്പോൾ വേണ്ടത് ഒരു ഹിറ്റ്ലറോ ,മുസോളിനിയോ ആണ്..”- അയാൾ വാദഗതികൾ നിരത്തി …മറ്റുള്ളവർക്ക് ദഹിച്ചില്ലെങ്കിലും അവർ മറുപടി പറഞ്ഞില്ല ..വെറുതെ ഒരു വാക് തർക്കം വേണ്ടല്ലോ..!

വായനശാലയുടെ പുറത്തു കുട്ടികൾ കാൽ പന്ത് തട്ടി കളിച്ചു രസിക്കുന്നതു കണ്ട അയാൾ സ്വയം പറഞ്ഞു…

” ഇവറ്റകൾക്ക് പഠിക്കാനൊന്നും ഇല്ലേ…സമയം വെറുതെ കളിച്ചു കളയുന്നു…”- മറ്റുള്ളവരുടെ കുറ്റം മാത്രം കണ്ടുപിടിക്കുന്നതിലായിരുന്നു അനിരുദ്ധന്റെ ആകെ ജോലി…

വായനശാലയിൽ ഇരുന്നു പത്രം എല്ലാം ചികഞ്ഞു അയാൾ ഭരണപക്ഷത്തും പ്രിതിപക്ഷത്തുമുള്ള ആളുകളെ കുറ്റം പറഞ്ഞുകൊണ്ടേയിരുന്നു….

ആരെങ്കിലും ഇപ്പൊ ” ജോലിയെന്താ “-എന്ന് ചോദിച്ചാൽ അയാളുടെ ഭാവം മാറും. പിന്നെ രാജ്യത്തുള്ള തൊഴിലില്ല്ലായ്മയെക്കുറിച്ചു വാചാലനാകും…

ആളുകളുടെ ചിന്ത ശരിയല്ല എന്നാണു അനിരുദ്ധൻ പറയുന്നത്…

പോസിറ്റീവായി ചിന്തിക്കാൻ ഉപദേശിച്ചു ആളുകൾ മടുത്തത് മിച്ചം

ഹാജിയാരുടെ മകളുടെ കല്യാണത്തിന് നൂറു പവൻ കൊടുത്തത് കണ്ടു  അനിരുദ്ധൻ പറഞ്ഞത്

“പെണ്മക്കളുണ്ടായാൽ ഇതാണ് കുഴപ്പം ..” എന്നാണ്…

കല്യാണത്തിന്റെ അന്ന് ഹാജിയാർ നടത്തിയ പാർട്ടിയിൽ ഉണ്ടായിരുന്ന മട്ടൻ ബിരിയാണി വെട്ടി വിഴുങ്ങി ഏമ്പക്കം വിട്ട് അനിരുദ്ധൻ പറഞ്ഞു..”എല്ലായിരുന്നു കൂടുതലും…ഇങ്ങനെ കൊടുക്കുന്നതിനേക്കാൾ ഭേദം തരാതിരിക്കുന്നതായിരുന്നു…”-

താഴത്തങ്ങാടിയിൽ വെറുതെ കിട്ടിയ ചായയും കുടിച്ചു ലോകത്തെ മുഴുവൻ കുറ്റം പറഞ്ഞു നേരം കളഞ്ഞു അനിരുദ്ധൻ വീട്ടിൽ ചെല്ലാൻ വൈകും.അവിടെ ചെന്നാൽ ജോലിക്കു പോകാൻ അമ്മയും പറഞ്ഞെന്നിരിക്കും.അത് മാത്രമല്ല നമ്മൾ ചെയ്യുന്ന ജോലിക്കു തുശ്ചമായ കൂലി കിട്ടിയയാൾ എങ്ങനെ ജോലി ചെയ്യാൻ കഴിയും.അയാളെ കണ്ടാൽ

മുത്തച്ഛൻ തുടങ്ങുകയും ചെയ്യും.വളരെ താമസിച്ചു ചെന്നാൽ അടുക്കളയിൽ മൂടി വെച്ചിരിക്കുന്ന കഞ്ഞിയും പുഴുക്കും അകത്താക്കി നേരെ അകത്തു പോയി ചുരുളാം.ഇവരൊക്കെ തന്നോടെന്തിനാ

“ആവശ്യമില്ലാതെ ജോലിയില്ല , കൂലിയില്ലേ എന്നന്വേഷിക്കുന്നത് …വെറുത്തു പോകുമല്ലോ ”..അയാൾ അങ്ങനെയാണ് ചിന്തിച്ചു കൂട്ടിയത്…

കാലത്തേ കുളിച്ചൊരുങ്ങി പുറത്തേക്കിറങ്ങിയ അനിരുദ്ധനോട് ‘അമ്മ വിളിച്ചു പറഞ്ഞു… “മോനെ,മാസ്ക് ഇട്ടു പോ …”-

അവൻ ഈർഷ്യയോടെ പറഞ്ഞു “ഇതാണ് ആളുകളുടെ കുഴപ്പം…ഒരാൾ മുഖം മറയ്ക്കും ബാക്കിയുള്ളവരും അത് തന്നെ തുടരും…. “മാസ്ക്, ധരിക്കാതെ അയാൾ കൈ വീശി നടന്നു.. പുതിയ നെഗറ്റീവ് കാഴ്ചകളിലേക്ക്. “ഇനി എന്നിവൻ എന്ന് പോസിറ്റീവ് ആയി ചിന്തിച്ചു തുടങ്ങും എന്റെ ഈശ്വരാ …..”-…”- മുത്തച്ഛന്റെ പരിഭവം അവജ്ഞയോടെ അയാൾ കേട്ടില്ലെന്നു ബോധ പൂർവം നടിച്ചു.

അന്ന് ഏറെ വൈകി വീട്ടിൽ വന്ന അനിരുദ്ധന് അകെ ഒരു അസ്വസ്ഥത ..

പേശികൾ നുറുങ്ങുന്ന കടുത്ത ശരീരവേദന…

ശിരസ് ഉയർത്താൻ  പറ്റാത്ത പോലെ തലയ്ക്കു ഭാരം,വേദന… കഠിനമായ പനി.. പിന്നെ ചുമയും

അയാൾക്ക്‌ അയാൾ അല്ലാതാകുന്ന ഒരു അവസ്ഥ… വീട്ടുകാർ നിർബന്ധിച്ചു, ഡോക്ടറിന്റെ അടുക്കലെത്തിച്ചു …അപ്പോഴും അനിരുദ്ധൻ അവരെ നോക്കി വെറുപ്പോടെ പറഞ്ഞു  “പൈസ വാങ്ങിക്കാൻ ഇരിക്കുന്നവർ “_

ഒടുവിൽ പരിശോധനാ ഫലം വന്നു.

കാലങ്ങളായുള്ള മുത്തച്ഛന്റെ നിരന്തര  പ്രാർത്ഥന ഫലം കണ്ടിരിക്കുന്നു ഒടുവിൽ…! അനിരുദ്ധൻ അങ്ങനെ ജീവിതത്തിൽ ആദ്യമായി പോസിറ്റീവ് ആയി….

അതെ…. കോവിഡ് പോസിറ്റീവ് ……!!!

About The Author

Leave a Reply

Your email address will not be published. Required fields are marked *