ലണ്ടനെക്കുറിച്ച് പറയും മുന്‍പേ, അതൊക്കെ ഒന്നു കണ്ട് അതിനെക്കുറിച്ച് വിശദീകരിക്കുന്നതായിരിക്കും ഏറെ ഉചിതം. ഇംഗ്ലണ്ടിലെ മറ്റു സ്ഥലങ്ങളില്‍ നിന്നും തീര്‍ത്തും വ്യതസ്തമാണ് ലണ്ടന്‍. മറ്റൊരു ലോകത്ത് എത്തിയ പ്രതീതി. ശരിക്കും ഒരു മോഡേണ്‍ സിറ്റി. ലണ്ടന്‍ ചുറ്റി കാണാന്‍ ഗൈഡഡ് ടൂര്‍ ആണ് ഏറ്റവും ഉത്തമം. ഒരു ടിക്കറ്റ് എടുത്താല്‍ രണ്ടു ദിവസം മുഴുവന്‍ ഡബിള്‍ ഡെക്കര്‍ ബസ്സില്‍ അവര്‍ ലണ്ടന്‍ മുഴുവന്‍ ചുറ്റി കാണിക്കും. ഗൈഡിന്‍റെ സേവനമുള്ളതു കൊണ്ട്, എല്ലാ ചരിത്രാവശിഷ്ടങ്ങളെക്കുറിച്ചും കാര്യമായി തന്നെ പഠിച്ചെടുക്കാനാകും. ലണ്ടന്‍റെ ചരിത്രം വായിച്ചതിനു ശേഷമാണെങ്കില്‍ യാത്ര ഏറെ ഉപകരിക്കും.
ബിഗ് ബസിന്‍റെ ഏതു വണ്ടിയില്‍ വേണമെങ്കിലും കയറാം. ട്രഫല്ഗര്‍ സ്ക്വയറാണ് സെന്‍ട്രല്‍ ലണ്ടന്‍റെ ഏറ്റവും ഹൃദയഭാഗത്തുള്ള സ്ഥലം. അഥവാ ലണ്ടന്‍ ജംഗ്ഷന്‍. ലണ്ടനിലെ ചരിത്ര പ്രാധാന്യം ഉള്ള ഓരോ ഇടവഴികകളിലൂടെയുമാണ് യാത്ര.
ട്രഫല്ഗര്‍ സ്ക്വയര്‍ കഴിഞ്ഞാല്‍ കാണാം തല ഉയര്‍ത്തി നില്‍ക്കുന്ന ബ്രിട്ടീഷ് പാര്‍ലെമെന്‍റ്റ് മന്ദിരം അഥവാ വെസ്റ്റ് മിനിസ്റ്റെര്‍ പാലസ്. പ്രധാനമന്ത്രിയുടെ വസതി ആയ 10 ഡൗനിംഗ് സ്ട്രീറ്റും കടന്നു വെസ്റ്റ് മിനിസ്റ്റര്‍ പാലസിന്‍റെ മുന്നില്‍ നിന്നു കാണാം നാഴികമണിയുടെ തിണ്ണമിടുക്ക്. മിനിസ്റ്ററിന്‍റെ വടക്കേ മൂലയിലാണ് ക്ലോക്ക് ടവര്‍ അഥവാ ലണ്ടന്‍റെ മുഖമുദ്ര ആയ ബിഗ് ബെന്‍ എന്ന ക്ലോക്ക്. ആഡംബരത്തിന്‍റെ രാജകീയമുഖമാണിത്. ഒരു രാജ്യത്തിന്‍റെ ഏറ്റവും വലിയ പ്രതിബിംബം.
തെംസ് നദിയുടെ മറുകരയില്‍ ലണ്ടന്‍ ഐ എന്ന ജയന്‍റ് വീല്‍. തെംസ് നദിക്കു നമ്മുടെ പെരിയാറിന്‍റെ അത്രയും വീതിയെ ഉള്ളുവെങ്കിലും ലണ്ടന്‍ നഗരത്തിന്‍റെ ഹൃദയഭാഗത്ത് കൂടിയാണ് അതാണ് ഇതൊഴുകുന്നത്.
തെംസ് നദിയിലൂടെ ഒരു ബോട്ട് യാത്രയും മേല്‍പ്പറഞ്ഞ ടിക്കറ്റില്‍ ഉള്‍പ്പെടുന്നു. തെംസ് നദിയിലൂടെ ഒഴുകി നടന്നു ലണ്ടന്‍റെ ഭംഗി ആസ്വദിക്കാന്‍ ബോട്ടിന്‍റെ മുകളിലത്തെ നിലയിലെ മുന്നിലുള്ള സീറ്റ് തന്നെ ബെസ്റ്റ്. ലണ്ടന്‍ ബ്രിഡ്ജ്, വാട്ടര്‍ ലൂ ബ്രിഡ്ജ് എന്നിവ കടന്നാണ് ടവര്‍ ബ്രിഡ്ജിനു സമീപം എത്തുന്നത്. ന്യൂയോര്‍ക്കിനു സ്ടാച്ചു ഓഫ് ലിബര്‍ട്ടി പോലെയാണ് ലണ്ടന് ടവര്‍ ബ്രിഡ്ജ്.
ഇരുട്ട് വീഴുമ്പോള്‍ ടവര്‍ ബ്രിഡ്ജ് ലൈറ്റുകള്‍ കൊണ്ട് അലങ്കരിക്കും. ലണ്ടന്‍റെ ഏറ്റവും ഭംഗിയുള്ള കാഴ്ചകളില്‍ ഒന്നാണത്. ടവര്‍ ബ്രിഡ്ജ് നടന്നു കയറിയാല്‍ അക്കരെ ലണ്ടന്‍ മേയറുടെ ഓഫീസ്. വല്യ ബോട്ടുകള്‍ പോവാന്‍ വേണ്ടി ആ പാലം നടുവേ പൊക്കും.
ഒക്സ്ഫൊര്‍ഡ് സര്‍ക്കസ് ആണ് ലണ്ടന്‍റെ ഏറ്റവും വലുതും തിരക്കേറിയതും ആയ ഷോപ്പിംഗ് വീഥി. ജനസാഗരം ഒഴുകുകയായിരിക്കും എപ്പോഴും. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന സഞ്ചാരികളാണ് ഭൂരിഭാഗവും.
ട്യൂബ് അഥവാ അണ്ടര്‍ ഗ്രൗണ്ട് റെയില്‍വേയാണ് മറ്റൊരു മുഖമുദ്ര. ലണ്ടന്‍റെ മറ്റൊരു അത്ഭുതം. ലണ്ടന്‍ നഗരത്തില്‍ മാത്രം 400 കിലോമീറ്റര്‍ തലങ്ങും വിലങ്ങും നഗരത്തിന്‍റെ അടിയിലൂടെ ആരും കാണാതെ പായുന്ന ട്രെയിനുകള്‍. ആറ് നിലകള്‍, പതിനൊന്നു ലൈനുകള്‍, 250 ഓളം സ്റ്റേഷന്‍, ഓരോന്നും പല നിലകളില്‍ ആയി പല വഴിക്ക്. ലണ്ടന്‍റെ മുക്കിലും മൂലയിലും വരെ ഒരു ട്യൂബ് സ്റ്റേഷന്‍ കാണാം. ലണ്ടന്‍റെ തെക്കേ അറ്റം മുതല്‍ വടക്കേ അറ്റം വരെ പോകാന്‍ പരമാവധി ഒരു മണിക്കൂര്‍ മാത്രം മതി. രണ്ടു ട്യൂബ് തമ്മില്‍ രണ്ടു മിനിറ്റ് വ്യത്യാസമേ ഉള്ളു. ട്യൂബ് മിസ്സ് ആയി എന്ന് ആരും ഇന്നു വരെ ഒരിക്കലും പരാതി പറഞ്ഞു കാണില്ല. ഓരോ ലൈനും എങ്ങോട്ടേക്ക് പോകുന്നു എന്ന് എല്ലാ സ്റ്റേഷനിലും, ട്യൂബിലും കൃത്യമായി എഴുതി വച്ചിട്ടുണ്ട്. ഓരോ ലൈന്‍ ഓരോ പേരിലും ഓരോ നിറങ്ങളിലും കൃത്യമായി മാപ്പുകളില്‍ വ്യക്തമായി രേഖപ്പെടുത്തി ഇരിക്കുന്നു. റെയില്‍വേയുടെ കാര്യത്തില്‍ ബ്രിട്ടന്‍ കഴിഞ്ഞേ ലോകത്തില്‍ ആരുമുള്ളു. ഇന്ത്യയടക്കമുള്ള കൊളോണിയല്‍ രാജ്യങ്ങളില്‍ അവര്‍ റെയില്‍വേ ഫലപ്രദമായി നടത്തിയിരുന്നുവെന്നതും ഓര്‍ക്കണം.
ഓക്സ്ഫോര്‍ഡ് സര്‍ക്കസ് സ്റ്റേഷനില്‍ നിന്ന് രണ്ടാം നിലയില്‍ ഉള്ള പിക്കടലി ലൈന്‍ ട്യൂബ് വഴി കാനോന്‍ സ്ട്രീറ്റ് എന്ന സ്റ്റേഷനില്‍ ഇറങ്ങാം. അവിടുന്ന് അഞ്ചാം നിലയില്‍ ഉള്ള വാട്ടര്‍ ലൂ എന്ന ലൈന്‍ പിടിച്ചു ഗ്രീന്‍ വിച്ചിലേക്കു പോകാം. അര മണിക്കൂര്‍ കൊണ്ട് ഗ്രീന്‍ വിച്ച് മെര്‍ഡിയന്‍ ഒബ്സേര്‍വറ്ററിയുടെ മുന്നിലെത്തും. അവിടെ നിന്ന് അഞ്ചാറ് ട്യൂബ് മാറി കയറി വെസ്റ്റ് മിനിസ്റ്റെര്‍ അബ്ബെ എന്ന പള്ളിയുടെ മുന്നിലുമെത്താം.
ലോര്‍ഡ്സ്, വിംബിള്‍ഡെന്‍, ചെല്‍സി സ്ട്രാംഫോര്‍ഡ് ബ്രിഡ്ജ്, അര്‍സെനല്‍ ക്ലബ്ബിന്‍റെ എമിരേറ്റ്സ് സ്റ്റേഡിയം, ഇവയെല്ലാം ബിഗ് ബസില്‍ ഇരുന്നു തന്നെ ഒരു സഞ്ചാരിക്കും കാണാം. രാത്രി സമയത്ത് തെംസ് നദിയുടെ തെക്കേകരയില്‍! 135 മീറ്റര്‍ ഉയരത്തില്‍ പടര്‍ന്ന് പന്തലിച്ച് നില്‍ക്കുന്ന ലണ്ടന്‍ ഐയിലെ വെളിച്ചം വീക്ഷിക്കാം. തെംസ് നദിയില്‍ വര്‍ണ്ണ ചിത്രമാണ് പലപ്പോഴും ബ്രിട്ടന്‍റെ സാമ്രാജ്യത്തിന്‍റെ സമകാലിക പ്രതീകമായി ലോകമെങ്ങും വിടര്‍ന്നു നില്‍ക്കുന്നത്.
ടിക്കറ്റെടുത്ത് ലണ്ടന്‍ ഐയുടെ ട്യൂബുകളൊന്നില്‍ കയറാം. ആളുകള്‍ കയറുന്നതിനനുസരിച്ച് അതിന്‍റെ വീല്‍ കറങ്ങും. കറങ്ങി കറങ്ങി അങ്ങ് മുകളിലെത്തിയപ്പോള്‍ ലണ്ടന്‍ സിറ്റി മുഴുവനായും ഒരു മനോഹര ദൃശ്യമായി മുന്നില്‍ തെളിയും.
ലണ്ടന്‍ ഐയില്‍ നിന്നിറങ്ങിയാല്‍ ബിഗ് ബെന്‍ ഉണ്ട്. വെസ്റ്റ് മിനിസ്റ്റര്‍ പാലസിനോട് (ഇപ്പോള്‍ ഹൗസസ് ഓഫ് പാര്‍ലമെന്‍റ് എന്നറിയപ്പെടുന്നു) ചേര്‍ന്ന് നില്‍ക്കുന്ന ബിഗ് ബെന്‍ ഒരു ലാന്‍റ് മാര്‍ക്ക് എന്നതിലുപരി ഈ അടുത്ത കാലത്ത് വരെ ലോകത്തിലെ ഏറ്റവും വലിയ ക്ലോക്ക് ടവറുകൂടിയായിരുന്നു. (ഈയിടെ സൗദിയിലെ മക്കായില്‍ പണികഴിപ്പിച്ച ക്ലോക്ക് ടവര്‍ ഇതിനെ പിന്നിലാക്കി). കാലങ്ങളായി വെസ്റ്റ് മിനിസ്റ്റര്‍ നിവാസികളുടെ രാവും പകലും വിളിച്ചറിയിച്ചുകൊണ്ടിരിക്കുന്ന ഗോപുരമണിയാണത്.
ഇവിടെ ഭിക്ഷാടനം നമ്മുടെ നാട്ടിലെപോലെ അധികമില്ലെങ്കിലും, അങ്ങിങ്ങായി കാണാം. അവര്‍ക്കുമൊരു പ്രത്യേകതയുണ്ട്. വെറുതെ നമ്മുടെ അടുത്ത് വന്ന് അവര്‍ യാചിക്കില്ല പകരം അവരേതെങ്കിലുമൊരു മ്യൂസിക്കല്‍ ഉപകരണം വായിച്ചുകൊണ്ട് തെരുവോരത്തായി സ്ഥാനമുറപ്പിക്കും. അവരെ കടന്നുപോകുന്നവര്‍ ചില്ലറ പൈസ അവര്‍ക്കിട്ടുകൊടുക്കും. യാചിക്കുന്ന സ്വഭാവം എവിടെയും കാണാന്‍ കഴിയില്ല.
ഇവിടെ ട്രെയിനുകളില്‍ കൂടുതലും അണ്ടര്‍ഗ്രൗണ്ട് ട്യൂബുകളാണ്. ടിക്കറ്റ് കൗണ്ടറില്‍ ചെന്ന് ടിക്കറ്റെടുത്ത ശേഷം എസ്കലേറ്റര്‍ വഴി രണ്ട് നില താഴേക്ക് ഇറങ്ങി വേണം ട്യൂബില്‍ കയറാന്‍. ട്യൂബിന്‍റെ അകത്ത് കയറിയാല്‍ ഒരു ഫ്ളൈറ്റിലെന്ന പോലെ മനോഹരമായ ക്രമീകരണങ്ങളാണ്. ലണ്ടന്‍ നഗരത്തിലെ പ്രധാനപ്പെട്ട കാഴ്ചകളെക്കുറിച്ചുള്ള ഏകദേശ വിവരണമാണിത്.
ലണ്ടന്‍റെ പ്രാന്തപ്രദേശങ്ങളില്‍ ഏറെയും ചരിത്രാവശിഷ്ടങ്ങളാണുള്ളത്. പന്ത്രണ്ടാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച ഗില്‍ഫോര്‍ഡ് കാസില്‍ (കോട്ട) കാണേണ്ട കാഴ്ചയാണ്. മനുഷ്യന്‍റെ കരങ്ങളാല്‍ വൃണപ്പെടാത്ത പ്രകൃതിയിലൂടെയുള്ള ഒരുപിടി നല്ല ഓര്‍മ്മകളാണ് ഇവിടെയൊക്കെ കിട്ടുക. പ്രകൃതി സംരക്ഷണത്തിന്‍റെ ഉത്തമ ഉദാഹരണങ്ങളായി ഇവ നിലനില്‍ക്കുന്നു.
സൂര്യന്‍ അസ്തമിക്കാത്ത ഈ സാമ്രാജ്യത്തിന്‍റെ സിരാകേന്ദ്രമായ തെംസിനെ ലണ്ടനില്‍ എവിടെ നിന്നാലും കാണാം. തെംസ് നദിയില്ലാതെ ബ്രിട്ടീഷ് ചരിത്രമില്ല. ഈ ജലപാത അതിന്‍റെ നാഡിവ്യൂഹമാണ്. ലോകചരിത്രവും ഭൂപടവും തിരുത്തിക്കുറിച്ച പല പടയോട്ടങ്ങളുടെയും പ്രഭവസ്ഥാനമായ പുരാതന ലണ്ടന്‍ തുറമുഖം സ്ഥിതിചെയ്യുന്ന നദി. ഇംഗ്ലണ്ടിന്‍റെ തെക്ക് ഭാഗത്തുകൂടി ഒഴുകുന്ന നദിയാണ് തെംസ്. ഇംഗ്ലണ്ടിലെ ഏറ്റവും നീളമുള്ളതും, യുണൈറ്റഡ് കിങ്ഡത്തിലെ രണ്ടാമത്തെ ഏറ്റവും നീളം ഉള്ളതും ആണ് ഇത്.
വെസ്റ്റ് മിനിസ്ടര്‍ എന്ന സ്ഥലത്തു ട്രെയിന്‍ ഇറങ്ങിച്ചെന്നാല്‍ 1859-ല്‍ 96 മീറ്റര്‍ ഉയരത്തില്‍ ഗോതിക് റിവൈവല്‍ നിര്‍മ്മാണശൈലിയില്‍ പണിതീര്‍ത്ത ലണ്ടന്‍റെ സമയമാപിനിയായ ബിഗ്ബെന്‍ കാണാം. അതിന്‍റെ നേരെ എതിര്‍ഭാഗത്തു നദിയുടെ വടക്കേക്കരയില്‍ 135 മീറ്റര്‍ ഉയരത്തില്‍ 2000-ല്‍ പണി തീര്‍ത്ത ലണ്ടന്‍ ഐ എന്ന ഭീമാകാരനായ ചക്രം. നദിയുടെ വിക്ടോറിയ എംബാങ്ക്മെന്‍റ് എന്ന നടപ്പാതയില്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട ഭടന്മാരുടെ രണ്ടു സ്മാരകങ്ങള്‍ ഉണ്ട്.
അടുത്തായി നാഷണല്‍ ആര്‍ട്ട് ഗാലറി കാണാം. വിശാലമായ അതിന്‍റെ അങ്കണം ട്രഫല്ഗര്‍ സ്ക്വയര്‍ എന്നറിയപ്പെടുന്നു. മുമ്പു കിംഗ് വില്ല്യം നാലാമന്‍ സ്ക്വയര്‍ എന്നായിരുന്നു പേര്. നെപ്പോളിയനെ 1805-ല്‍ തോല്പിച്ചതോടെ ഈ പേരിടുകയായിരുന്നു. നടുവില്‍ നാലു സിംഹങ്ങള്‍ക്കു മധ്യത്തായി നെല്‍സന്‍സ് കോളം എന്ന വലിയ സ്തൂപം. പല വീരന്മാരുടെയും പൂര്‍ണ്ണകായപ്രതിമകള്‍, വലിയ ജലധാരയന്ത്രങ്ങള്‍. ഇവിടെയാണ് നാട്ടിലെ സമ്മേളനങ്ങള്‍, പ്രക്ഷോഭങ്ങള്‍ അരങ്ങേറുന്നത്. പത്രക്കാരും ചാനല്‍കാരുമൊക്കെ ഇവിടെയെത്തും. ആകെ ഇവര്‍ ചെയ്യുന്ന ക്രൂരകൃത്യം ഇവിടുത്തെ കൃത്രിമജലാശയങ്ങളില്‍ സോപ്പുപൊടി ഇടുന്നതു മാത്രം. ഈ ജലധാരയന്ത്രങ്ങള്‍ ഒക്കെ പിന്നെ പത ചീറ്റും. ലണ്ടന്‍റെ ഹൃദയഭാഗമായതിനാല്‍ പുതുവര്‍ഷപ്പുലരിയും ഇവിടെത്തന്നെ കൊണ്ടാടുന്നു.
അമേരിക്കന്‍ പ്രസിഡണ്ട് ആയിരുന്ന ജോര്‍ജ് വാഷിങ്ങ്ടന്‍റെ പ്രതിമയും അവിടെ കാണാം. ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയ്ക്ക് ഉത്തരവിട്ട ജനറല്‍ ഡയറിന്‍റെ പ്രതിമയും ഇവിടെ സ്ഥാപിച്ചിരിക്കുന്നു. തൊട്ടടുത്തു തന്നെ മഹാത്മാഗാന്ധിജിയുടെ പ്രതിമയും. ചരിത്രത്തിന്‍റെ വിരോധാഭാസം.
അങ്കണം രണ്ടു തട്ടായിട്ടാണ്. മുകളിലത്തെ തട്ടില്‍ വിചിത്രവേഷഭൂഷാദികള്‍ അണിഞ്ഞു ചില കലാകാരന്മാര്‍ അവരുടെ വിദ്യകള്‍ പ്രദര്‍ശിപ്പിച്ച് പണം വാരുന്നു. ഹര്‍മ്മോണിയം, ഗിറ്റാര്‍, ബാഗ് പൈപ്പ്, വയലിന്‍ തുടങ്ങിയവ ചിലര്‍ മീട്ടുന്നു. ചിലര്‍ അഭ്യാസം കാട്ടുന്നു. പല സ്ഥലത്തും ഇതൊക്കെ കാണാം.
ലണ്ടന്‍ ഐ
ലോകത്തിലെ ഏറ്റവും വലിയ നിരീക്ഷണചക്രമാണ് ലണ്ടന്‍ ഐ. ലണ്ടനില്‍ തെംസ് നദിയുടെ തീരത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. 135 മീറ്റര്‍ ആണ് ഉയരം. തെളിഞ്ഞ അന്തരീക്ഷമാണെങ്കില്‍ 45 കിലോമീറ്റര്‍ ദൂരത്തൊളം ഇതില്‍ നിന്നും കാണാന്‍ കഴിയും. ഇതിലുള്ള 32 ക്യാപ്സൂള്‍ ആകൃതിയുള്ള മുറികള്‍ എല്ലാം ശീതീകരിച്ച ഭദ്രമാക്കിയവയാണ്. ഓരോ മുറിയും 25 പേര്‍ക്ക് നില്‍ക്കാനും ഇരിക്കാനും കഴിയുന്ന രീതിയിലാണ് ഒരുക്കിയിട്ടുള്ളത്. മണിക്കൂറില്‍ 900 മീറ്റര്‍ വേഗതയില്‍ തിരിയുന്ന ഈ ചക്രം, മുപ്പതു മിനിറ്റു കൊണ്ട് ഒരു കറക്കം പൂര്‍ത്തിയാക്കുന്നു. ചെറിയ വേഗതയിലെ ഈ കറക്കം കാരണം ആളുകള്‍ കയറാന്‍ ഇതു സാധാരണ നിര്‍ത്താറില്ല; കറങ്ങിക്കൊണ്ടിരിക്കേ ആളുകള്‍ ഇതില്‍ കയറുകയാണ് പതിവ്.
സാധാരണ ഒബ്സേര്‍വറിനെ വ്യത്യസ്തമായി 360 ഡിഗ്രീയില്‍ ചുറ്റുപാടുകള്‍ വീക്ഷിക്കാനുള്ള സവിധാനം ലണ്ടന്‍ ഐയ്ക്ക് ഉണ്ട്. ഇതിന്‍റെ ഉദ്ഘാടനം 1999 ഡിസംബര്‍ 31-നു രാത്രി 8 മണിക്കായിരുന്നു. അതുകൊണ്ട് ഇതിനെ മില്ലേനിയം വീല്‍ എന്നും വിളിക്കാറുണ്ട്. ഒരു തവണ ഇതു സന്ദര്‍ശിക്കാന്‍ 1200 രൂപയാണു ഫീസ്. എന്നിട്ടും വര്‍ഷം തോറും 35 ലക്ഷം ആളുകള്‍ ഇതില്‍ കയറാറുണ്ട് (ഒരു ദിവസം ശരാശരി 10,000 ആളുകള്‍). ഇതുവരെ നാല് കോടി പേര്‍ ലണ്ടന്‍ ഐയില്‍ കയറിയിട്ടുണ്ടെന്നാണ് അനുമാനം.
ഇംഗ്ലണ്ടിന്‍റെ തെക്ക് ഭാഗത്തുകൂടി ഒഴുകുന്ന നദിയാണ് തെംസ്. ഇംഗ്ലണ്ടിലെ ഏറ്റവും നീളമുള്ളതും, യുണൈറ്റഡ് കിങ്ഡത്തിലെ രണ്ടാമത്തെ ഏറ്റവും നീളമുള്ളതും ആണിത്. ഗ്ലൌസെസ്റ്റെര്‍ഷൈര്‍, വില്‍റ്റ്ഷൈര്‍, ഒക്സ്ഫോര്‍ഡ്ഷൈര്‍, ബെര്‍ക്ഷൈര്‍, ബക്കിങ്ഹാംഷൈര്‍, സ്സറി, എസ്സെക്സ്, കെന്‍റ് എന്നീ പ്രവിശ്യകളിലൂടയാണ് തെംസ് ഒഴുകുന്നത്. 346 കിലോമീറ്ററാണ് ഇതിന്‍റെ നീളം. വെസ്റ്റ്മിന്‍സ്റ്റര്‍ പാലം മുതല്‍ ലണ്ടന്‍ പാലം (ലണ്ടന്‍ ബ്രിഡ്ജ്), തെംസിന്‍െറ തീരത്ത് കൂടെ നടക്കാം. ഈ പാതക്ക് ക്യൂന്‍സ് വാക്ക് എന്ന് പേര്. സൗത്ത് ബാങ്ക് വാക്ക് എന്നും വിളിക്കും. 1977-ല്‍ എലിസബത്ത് രാജ്ഞിയുടെ അധികാര സ്ഥാനാരോഹണത്തിന്‍െറ ഭാഗമായാണ് പാത ശരിക്കും വികസിക്കപ്പെടുന്നത്. 1990-ല്‍ ലണ്ടന്‍ ബ്രിഡ്ജ് സിറ്റിയുടെ നിര്‍മാണം പൂര്‍ത്തിയായതോടെ പാത പൂര്‍ണമായും സജ്ജമായി. രണ്ടുമണിക്കൂര്‍ വേണം ഒരറ്റം മുതല്‍ മറ്റേയറ്റം വരെ നടക്കാന്‍. വേഗത്തിലാണെങ്കില്‍ 45 മിനിറ്റ്. ഏകദേശം 4.3 കിലോമീറ്റര്‍. ക്യൂന്‍സ് വാക്ക് കാഴ്ചയുടെ സമൃദ്ധിയാണ്. കഫേകള്‍, ബാറുകള്‍, തീയേറ്റുകള്‍, ചരിത്ര സ്മാരകങ്ങള്‍ എന്നിങ്ങനെ വിവിധ കാഴ്ചകളാണ് ആധുനിക ലണ്ടന്‍ ബേ ലോകത്തിനു സമ്മാനിക്കുന്നത്.
ബ്രിട്ടീഷ് പാര്‍ലമെന്‍റ് മന്ദിരത്തിന് സമീപത്തെ വെസ്റ്റ്മിന്‍സ്റ്റര്‍ പാലത്തില്‍ നിന്നാണ് നടക്കാന്‍ തുടങ്ങുന്നത്. ക്യൂന്‍സ് വാക്കിന്‍റ തുടക്കത്തിന് സമാന്തരമായി മറുകരയില്‍ തിരക്കാണ്. വലിയ യാനങ്ങള്‍ ആളുകളെയകറ്റിയും ഇറക്കിയും നീങ്ങുന്നതും ഇവിടെ നിന്നാല്‍ കാണാം. ലണ്ടനില്‍ ജലമാര്‍ഗവും പ്രധാനമാണ്. ഇംഗ്ലണ്ടിലെ പ്രമുഖ വാണിജ്യ ജലപാതകളില്‍ ഒന്നാണ് തെംസ്. യാത്രാബോട്ടുകള്‍ക്ക് പുറമെ സവാരിബോട്ടുകളുമുണ്ട്. 1862-ല്‍ തുറന്ന വെസ്റ്റ്മിന്‍സ്റ്റര്‍ പാലമാണ് ആദ്യത്തെ കാഴ്ച. അതിന്‍റെ തീരത്ത് 13 ടണ്‍ ഭാരവും 150 വര്‍ഷം പഴക്കമുള്ള സിംഹ പ്രതിമകള്‍. അടുത്തായി ലണ്ടന്‍ ഹൈ വീല്‍ കൗണ്ടി ഹാള്‍. 1922-ല്‍ പണിതതാണിത്. ഒരര്‍ഥത്തില്‍ ക്യൂന്‍സ് വാക്കിന്‍െറ തുടക്കത്തില്‍ തന്നെയാണ് ലണ്ടന്‍ ഐ. ക്യൂന്‍സ് വാക്കിലെ അടുത്ത ആകര്‍ഷണം ക്യൂന്‍സ് ജൂബിലി ഫുട് ബ്രിഡ്ജാണ്. പിന്നീട് സൗത്ത് ബാങ്ക് സെന്‍ററിലേക്ക്. റോയല്‍ ഫെസ്റില്‍വ ഹാള്‍, ഹേവാര്‍ഡ് ഗാലറി, പുര്‍സെല്‍ പോയട്രി ലൈബ്രറി എന്നിവയുണ്ടിവടെ. പ്രശസ്തമായ ദ റോയല്‍ നാഷണല്‍ തീയേറ്ററും ഇവിടെ തന്നെ. തീയേറ്ററിനു മുന്നില്‍ ഒരു കൂട്ടമാള്‍ക്കാര്‍ വിവിധ വാദ്യോപകരണങ്ങളുമായി സംഗീതമവതരിപ്പിക്കുന്നു. വര്‍ഷം ഇരുപത് നാടകങ്ങളിലേറെ ഈ തീയേറ്ററില്‍ അവതരിപ്പിക്കുന്നു. തൊട്ടടുത്തു കാണാം ഓക്സോ ഗോപുരം. ഒരു കാലത്ത് ലണ്ടനിലെ രണ്ടാമത്തെ ഏറ്റവും ഉയരം കൂടി വാണിജ്യ കെടിട ഗബ്രിയേല്‍ വാര്‍ഫ് ഇവിടെ അടുത്താണ്. മദ്ധ്യകാല ലണ്ടനിലെ ഏറ്റവും ശക്തനായ ബിഷപ്പിന്‍റെ ആസ്ഥാനമായിരുന്നു വിഞ്ചസ്റ്റര്‍ കൊട്ടാരവും ഇവിടെയടുത്തു തന്നെയാണ്. ചരിത്രാവശിഷ്ടമായിം സംരക്ഷിച്ചിരിക്കുകയാണെങ്കിലും ഇപ്പോഴും അതിന്‍റെ പ്രൗഢി തെളിഞ്ഞു നില്‍ക്കുന്നു.
420 ലേറെ വര്‍ഷം പഴക്കമുള്ള ഷേക്സ്പിയര്‍സ് ഗ്ളോബ് തീയേറ്ററാണ് ക്യൂന്‍സ് വാക്കിലെ പ്രധാന ആകര്‍ഷണം. മിക്കവാറും ദിവസങ്ങളില്‍ പ്രദര്‍ശനമുണ്ട്. ജൂലിയസ് സീസര്‍, കിംഗ് ലിയര്‍ നാടകങ്ങളുടെ പ്രദര്‍ശനമുണ്ടെന്നറിയിച്ച് പോസ്റ്റുകള്‍ തീയേറ്ററിന്‍െറ ചുമരില്‍ കാണാം. ക്യൂന്‍സ് വാക്കിലെ മികച്ച കാഴ്ച 2000 ല്‍ തുറന്ന മില്ലേനിയം കാല്‍നടപ്പാലമാകും. ഇത് തെംസിന്‍െറ ദക്ഷിണ തീരത്തെ നഗരവുമായി ബന്ധിപ്പിക്കുന്നതാണ്. ഇതിലൂടെ സെന്‍റ് പോള്‍ കത്തീഡ്രലിലേക്ക് പോകാം. കത്തീഡ്രലിന് 604 എ.ഡിയോളം പഴക്കമുണ്ട്. 1710-ല്‍ കത്തീഡ്രല്‍ പുതുക്കിപ്പണിതു. 1666-ല്‍ ലണ്ടനിലെ വിഴുങ്ങിയ തീയിയില്‍ കത്തീഡ്രല്‍ തകര്‍ന്നു. കത്തീഡ്രലിന്‍റെ പ്രശസ്തിയില്‍ 1981-ല്‍ ചാള്‍സും ഡയനായും വിവാഹിതരായതിവിടെയാണെന്ന് എഴുതിചേര്‍ത്തിട്ടുണ്ട്.
(കാരൂർ സോമൻ)













