ലണ്ടന്‍ കത്തീഡ്രലിലൂടെ

Facebook
Twitter
WhatsApp
Email

സുന്ദരിയായ തെംസ് നദിയുടെ പരിലാളനമേറ്റു നില്‍ക്കുന്ന മനോഹരമായ ദേവാലയമാണ് സെന്‍റ് പോള്‍ കത്തീഡ്രല്‍. ഇതിന് ഇപ്പോഴും ഒരു പൗരാണിക ഭാവവും പ്രൗഢിയുമുണ്ട്. ഈ നഗരത്തിന്‍റെ ചരിത്രം സ്പന്ദിക്കുന്ന ദേവാലയമാണിത്. രാജ്യത്തെമ്പാടും ഇതുപോലുള്ള ചരിത്ര നിര്‍മിതികള്‍ കാണാനാവും. പതിനെട്ടാം നൂറ്റാണ്ടിന്‍റെ ആദ്യ കാലത്ത് നിര്‍മ്മിച്ച ഈ പള്ളി അക്കാലത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടനിര്‍മ്മിതികളില്‍ ഒന്നായിരുന്നു. രാജകുടുംബവുമായി ബന്ധപ്പെട്ടവരുടെ മാമ്മോദീസ, വിവാഹം, മരണം തുടങ്ങിയവ ഇവിടെയായിരുന്നു നടന്നത്. ഡയാനയുടേയും പ്രിന്‍സ് രാജകുമാരന്‍റേയും വിവാഹം ഇവിടെ വച്ചായിരുന്നു. ലുഡ്ഗേറ്റ് ഹില്‍ എന്ന ലണ്ടനിലെ ഏറ്റവും ഉയരം കൂടിയ ഭാഗത്താണ് ക്രിസ്റ്റഫര്‍ റെന്‍ എന്ന ശില്പി 1675-1710 കാലഘട്ടത്തില്‍ നിര്‍മ്മിച്ച 365 അടി ഉയരമുള്ള കത്തീഡ്രല്‍. ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിലെ ലണ്ടന്‍ ബിഷപ്പിന്‍റ ആസ്ഥാനം. ഇവിടെവച്ചാണു ബ്രിട്ടീഷ് രാജകുമാരനായിരുന്ന ചാള്‍സിന്‍റെയും ഡയാനയുടെയും വിവാഹം നടന്നത്. ബ്രിട്ടീഷ് രാജകുടുംബവുമായി ഏറെ അടുത്തു ബന്ധമുള്ള കത്തീഡ്രല്‍ ആണിത്. നെല്‍സന്‍, വെല്ലിംഗ്ടന്‍, ചര്‍ച്ചില്‍, താച്ചര്‍ എന്നിവരൊക്കെ ഇവിടെയാണ് അന്ത്യവിശ്രമംകൊള്ളുന്നത്. ഒന്നും രണ്ടും ലോകമഹായുദ്ധങ്ങള്‍ അവസാനിപ്പിച്ചശേഷം ഇവിടെയാണ് എല്ലാവരുംകൂടി സമാധാനപ്രാര്‍ത്ഥന നടത്തിയത്. മണിക്കൂറുകള്‍ തോറും പ്രാര്‍ത്ഥന നടക്കുന്ന അത്യന്തം തിരക്കേറിയ ഒരു പള്ളിയാണിത്. ആംഗ്ലിക്കന്‍ സഭയുടെ ഈ ദേവാലയം മുന്‍പ് ഡയാനദേവിയുടെ ക്ഷേത്രമായിരുന്നുവെന്നു കരുതുന്നവരുണ്ട്.
പള്ളിയുടെ നിലത്തു ഗ്രില്ലിട്ട ഒരു വലിയ ഓട്ടയുണ്ട്. അതിലൂടെ താഴെ പ്രവര്‍ത്തിക്കുന്ന ഒരു ഹോട്ടലില്‍ ഉണ്ടാക്കുന്ന സ്വാദേറിയ വിഭവങ്ങളുടെ ഗന്ധം വരെ മൂക്കിലേക്കടിച്ചുകയറും. ഒരു തരം കൂട്ടു കച്ചവടം! താഴേക്കിറങ്ങുന്നവര്‍ മിക്കവരും ആ ഹോട്ടലിലും കയറും. അവിടെയും പുരാതനമായ പല പ്രതിമകളും കലാശേഖരങ്ങളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. സാല്‍വേഷന്‍ ആര്‍മിയുടെ (ഒരു ക്രിസ്ത്യന്‍ സന്നദ്ധസംഘടന) ആസ്ഥാനവും ഇവിടെ കാണാം. അവിടവിടെയായി വളരെ ഭംഗിയുള്ള ചില മാര്‍ബിള്‍ പ്രതിമകള്‍ കണാം. ഡോമിന്‍റെ ഉള്ളിലുള്ള ബാല്‍ക്കണിയും ആകര്‍ഷകം. ഇവിടെയെത്താന്‍ വളരെ ഇടുങ്ങിയ ഒരു പിരിയന്‍ കോവേണി കയറണം. വളരെ ബുദ്ധി മുട്ടിയാലേ അവിടെ എത്താനാവൂ. പാശ്ചാത്യ രാജ്യങ്ങളിലുള്ളതുപോലെ, കണ്ണിനു കുളിര്‍മ നല്‍കുന്ന, പ്രതിഭാധനരായ കലാകാരന്‍മാരാല്‍ നിര്‍മിക്കപ്പെട്ട ദേവാലയങ്ങള്‍ ഇതു പോലെ ലോകത്തു മറ്റെങ്ങും കാണാനാവില്ല. ഇവിടത്തെ കത്തീഡ്രല്‍, വലിയ ദേവാലയങ്ങള്‍ ഒന്നുകില്‍ നഗരങ്ങളിലോ അല്ലെങ്കില്‍ കുന്നിന്‍ മുകളിലോ മലഞ്ചെരിവിലോ പര്‍വത നിരകള്‍ക്കടുത്തോ പുല്‍മേടുകളിലോ ആണ് സ്ഥിതി ചെയ്യുന്നത്. ഇതില്‍ പലതും യേശു ക്രിസ്തുവിനു മുന്‍പ് വിഗ്രാഹാരാധനകള്‍, നരബലി, മൃഗബലി മുതലായവ ഈശ്വരനെ പ്രീതിപ്പെടുത്താന്‍ വേണ്ടി നല്‍കിയിരുന്ന ക്ഷേത്രങ്ങളായിരുന്നു. നിത്യജീവന്‍ നല്‍കുന്ന യേശുവിന്‍റെ നാമവുമായി വന്ന വിശുദ്ധന്‍മാര്‍ റോമന്‍ സാമ്രാജ്യത്തിലെ പൈശാചിക ശക്തികളുമായി ഏറ്റുമുട്ടാന്‍ ആരംഭിച്ചു. ഈ യുദ്ധത്തില്‍ ആയിരക്കണക്കിനു ക്രിസ്തുമത വിശ്വാസികള്‍ യൂറോപ്പിലെങ്ങും കൊല്ലപ്പെട്ടു. റോമന്‍ സാമ്രാജ്യത്തിന്‍റെ ആസ്ഥാനമായിരുന്ന റോമില്‍ തന്നെ ക്രിസ്തുവിന്‍റെ അരുമ ശിഷ്യന്‍ വിശുദ്ധ പത്രോസ് വധിക്കപ്പെട്ടു. അവിടെ ഇന്നു കാണാന്‍ കഴിയുന്നത് അദ്ദേഹത്തെ അടക്കം ചെയ്ത സെന്‍റ് പീറ്റേഴ്സ് ബസലിക്കയാണ്. ഇതു പോലെ യൂറോപ്പിലെങ്ങും സംഭവിച്ചിട്ടുണ്ട്. അവിടെയെല്ലാം സന്ന്യാസി മഠങ്ങളും കത്തീഡ്രലുകളും നിലകൊള്ളുന്നു. റോമന്‍ ചക്രവര്‍ത്തിമാര്‍ ലോകത്തിന്‍റെ പല ഭാഗങ്ങളില്‍നിന്നും പേരും പെരുമയുമുള്ള ദേവീദേവന്‍മാരെ റോമിലേക്ക് ഇറക്കുമതി ചെയ്ത് ആരാധനകള്‍ നടത്തിയിരുന്നു. അതില്‍ ദേവസുന്ദരിയായ, യുവാക്കളുടെ ഹരമായി മാറിയിരുന്ന സയാന ദേവിയുമുണ്ടായിരുന്നു. സയാനാ ദേവി വന്നത് ഗ്രീസില്‍നിന്നാണ്. മറ്റു ദേവീ ദേവന്‍മാരെക്കാള്‍ എല്ലാവരും ഇഷ്ടപ്പെട്ടത് ഈ ദേവസുന്ദരിയെ ആയിരുന്നു. ഇന്നു കാണുന്ന സെന്‍റ് പോള്‍ കത്തീഡ്രല്‍ നിന്നിടത്ത് സയാനാ ദേവിയുടെ ക്ഷേത്രമായിരുന്നു സ്ഥിതി ചെയ്തിരുന്നത്. ഈ ദേവിയുടെ ക്ഷേത്രം ഇന്നും ഗ്രീസിലുണ്ട്. റോമന്‍ സാമ്രാജ്യം അസ്തമിച്ചതോടെ ഈ ദേവീദേവന്‍മാരും അധഃപതിച്ചു നാമാവശേഷരായി.
റോമില്‍ നിന്നെത്തിയ വിശുദ്ധ അഗസ്റ്റിന്‍റെയും മറ്റു സുവിശേഷകരുടെയും സഹായത്താല്‍ പോപ്പ് ഗ്രിഗോറിയാണ് വിശുദ്ധ സെന്‍റ് പോളിന്‍റെ നാമത്തില്‍ സെന്‍റ് പോള്‍ കത്തീഡ്രല്‍ ദേവാലയത്തിനു തുടക്കം കുറിച്ചത്. ബ്രിട്ടനിലെ മാത്രമല്ല പാശ്ചാത്യ ലോകത്തെ തന്നെ ഏറ്റവും മനോഹരമായ ദേവാലയങ്ങളിലൊന്നാണിതെന്നു പ്രഥമദൃഷ്ട്യാ ആര്‍ക്കും ബോധ്യപ്പെടും. ഇതിനു രണ്ടാം സ്ഥാനമേ നല്‍ക്കപ്പെടുന്നുള്ളൂവെങ്കില്‍, ഒന്നാം സ്ഥാനത്തെത്താന്‍ യോഗ്യത സുന്ദരമായ ലിവര്‍പൂള്‍ കത്തീഡ്രലിനായിരിക്കും. സൗന്ദര്യം ആത്മനിഷ്ഠമാണല്ലോ. പ്രത്യേകിച്ച് ദേവാലയങ്ങളുടെ കാര്യത്തില്‍!
എഡി രണ്ടാം നൂറ്റാണ്ട് മുതലാണ് ബ്രിട്ടനില്‍ ക്രിസ്തീയ വിശ്വാസം ഉടലെടുത്തത്. യേശുവിന്‍റെ ഉയിര്‍പ്പിനു ശേഷം പാശ്ചാത്യലോകത്ത് യേശുവിന്‍റെയും കന്യാമറിയത്തിന്‍റെയും നാമത്തില്‍ ധാരാളം അദ്ഭുതങ്ങള്‍ നടന്നിട്ടുണ്ട്. ഇന്നത്തെ മത തീവ്രതയെക്കാള്‍ ജനങ്ങള്‍ അന്ന് ആത്മീയ തീവ്രതയില്‍ ജീവിച്ചിരുന്നവരായിരുന്നു. എഡി 17 മുതല്‍ 1962 വരെ ഈ ദേവാലയം ലണ്ടനിലെ ഉയരം കൂടിയ കെട്ടിടവും, യൂറോപ്പിലെ പ്രമുഖ തീര്‍ഥാടന കേന്ദ്രവുമായിരുന്നുവെന്നു ചരിത്രരേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു. പല കാലഘട്ടങ്ങളിലായി ഈ ദേവാലയത്തിന്‍റെ പല ഭാഗങ്ങള്‍ അഗ്നിക്കിരയാകുകയും പുഃനര്‍നിര്‍മാണം നടത്തുകയും ചെയ്തിട്ടുണ്ട്. പാശ്ചാത്യലോകത്തെ അടക്കി വാഴുന്ന രാജാക്കന്‍മാരുമായി പോലും യേശുവിന്‍റെ നാമത്തില്‍ പലവട്ടം കലഹിച്ചിരുന്നു വിശുദ്ധ പത്രോസിന്‍റെ നാമത്തില്‍ കടന്നുവന്ന മാര്‍പാപ്പമാരെന്നതാണ് ചരിത്രം. ഈ കലഹം ഏറ്റവും കൂടുതല്‍ മൂര്‍ച്ഛിച്ചത് ഹെന്‍ട്രി എട്ടാമന്‍റെ കാലത്താണ്. അദ്ദേഹം പുതിയൊരു സഭയ്ക്കു രൂപം കൊടുത്തു. എഡി 1534-ല്‍ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് അങ്ങനെ ജന്മമെടുത്തു. അദ്ദേഹത്തിന്‍റെ സംരക്ഷിക്കാന്‍ ഒപ്പമുണ്ടായിരുന്നത് യുദ്ധക്കൊതിയന്മാരിലൊരാളായിരുന്ന ആംബ്രോസിയ ഔറോലിയസ് പ്രഭു ആയിരുന്നു. എഡി 1491-ല്‍ ജനിച്ച ഹെന്‍ട്രി എട്ടാമന്‍ മരിക്കുന്നത് എഡി 1547-ലാണ്. ഒന്നും രണ്ടു ലോക മഹായുദ്ധങ്ങളില്‍ ജര്‍മന്‍കാര്‍ പലവട്ടം ഈ ദേവാലയത്തിനു മുകളില്‍ ബോംബുകള്‍ വര്‍ഷിച്ചെങ്കിലും അതില്‍ പലതും പൊട്ടാതിരിക്കുകയും, നിര്‍വീര്യമാകുകയും ചെയ്തത് ദൈവത്തിന്‍റെ കാരുണ്യം ഈ ദേവാലയത്തിനു മേല്‍ ഉള്ളതുകൊണ്ടാണെന്ന് ഇവിടുത്തുകാര്‍ വിശ്വസിക്കുന്നു.

പീറ്റര്‍ബറോ കത്തീഡ്രല്‍
സെന്‍റ് പീറ്റര്‍, സെന്‍റ് പോള്‍, സെന്‍റ് ആന്‍ഡ്രൂ എന്നീ മൂന്ന് പുണ്യാളന്മാരുടെ പേരിലാണ് ഈ കത്തീഡ്രല്‍ അറിയപ്പെടുന്നത്. ആംഗ്ലിക്കന്‍ ബിഷപ്പുമാരുടെ കീഴിലാണ് ഈ പള്ളി. പന്ത്രണ്ടാം നൂറ്റാണ്ടിലെ നോര്‍മന്‍ ശില്‍പ്പകലയുടെ ഏറ്റവും വലിയ ആകര്‍ഷണം ഇവിടെ കാണാം. പ്രാചീന ഇംഗ്ലീഷ് ഗോഥിക് കലാശൈലിയുടെ തനിപകര്‍പ്പാണ് ഇതെന്ന് ഒറ്റനോട്ടത്തില്‍ തോന്നും. മനോഹരമായ ശില്‍പ്പകലയാണ് പല യാത്രികരെയും ഇവിടേക്ക് ആകര്‍ഷിക്കുന്നത്. മൂന്നു ഗോപുരങ്ങളിലായി 44 മീറ്റര്‍ ഉയരത്തിലാണ് ഈ പള്ളി നിര്‍മ്മിച്ചിരിക്കുന്നത്. കാന്‍റര്‍ബറി പ്രവിശ്യയുടെ കീഴിലുള്ള ഈ പള്ളിയില്‍ ചിലയിടത്ത് റോമന്‍ ശില്‍പ്പകലയുടെ ഭംഗി കണ്ണിലേക്ക് കടന്നു കയറി നില്‍ക്കുന്നു. വിശാലമായ പുല്‍ത്തകിടി കടന്ന് അകത്തേക്ക് കടന്നാല്‍ തണുപ്പുകാലത്ത് ദേവാലയത്തിന്‍റെ ഉള്‍വശം ചൂടാക്കാന്‍ ഉപയോഗിക്കുന്ന ഒരാള്‍പ്പൊക്കത്തിലുള്ള വലിയ ഹീറ്ററുകള്‍ കാണാം. ഇതാവട്ടെ, പഴയ സാങ്കേതികവിദ്യയുടെ ഒരു സ്മാരകമെന്നവണ്ണം പലമൂലകളിലും ഇപ്പോഴും നിലയുറപ്പിച്ചിട്ടുണ്ട്. മാമ്മോദീസാ ചടങ്ങുകള്‍ പോലുള്ള അവസരങ്ങള്‍ക്ക് ഉപയോഗിക്കുന്ന മാര്‍ബിളിന്‍റെ ഒരു തൊട്ടി ഹെല്‍പ്പ് ഡെസ്ക്കിന്‍റെ തൊട്ടുപിന്നില്‍ കാണാം. അവിടന്നങ്ങോട്ട് അള്‍ത്താരയിലേക്ക് ഒരുപാട് ദൂരമുള്ളതുപോലെ തോന്നും. നടുത്തളത്തിലൂടെ വീണ്ടും മുന്നോട്ട് നടക്കുമ്പോള്‍ കാണുന്ന ഇരിപ്പിടങ്ങള്‍ കാണുമ്പോള്‍ത്തന്നെ, നിലവില്‍ ദേവാലയത്തിലെ മാസ്സ് നടത്തുന്ന ഇടമാണതെന്ന് മനസ്സിലാക്കാനാവും.
ദേവാലയത്തിനെ പഴക്കത്തോളം വരില്ലെന്നുറപ്പാണ് അതിന്‍റെ ഒത്ത നടുക്കായി തൂങ്ങിക്കിടക്കുന്ന അല്‍പ്പം മോഡേന്‍ ഭാവങ്ങളുള്ള ക്രൂശിതരൂപത്തിന്. ജോര്‍ജ്ജ് പേസ് ഡിസൈന്‍ ചെയ്ത് 1975 ഫ്രാങ്ക് റോപ്പര്‍ ഉണ്ടാക്കിയ, രൂപത്തിന്‍റെ താഴെ ലാറ്റിന്‍ ഭാഷയില്‍ എഴുതിയിരിക്കുന്നതിന്‍റെ അര്‍ത്ഥം, ഭൂമി കറങ്ങുമ്പോള്‍ കുരിശ് സ്ഥിരമായി നില്‍ക്കുന്നു എന്നാണ്.
ഇരുവശങ്ങളിലുമുള്ള ആകാശം മുട്ടുന്ന ചുമരുകളില്‍ അതിമനോഹരമായ ഗ്ലാസ്സ് പെയിന്‍റിങ്ങുകള്‍ നോക്കി എത്രനേരം നിന്നാലും മതിയാകില്ല. പുറത്ത് നിന്ന് സൂര്യപ്രകാശം ആ ഗ്ലാസുകളിലൂടെ അകത്ത് വീഴുമ്പോള്‍ ആ പെയിന്‍റിങ്ങുകളുടെ ഭംഗി വര്‍ണ്ണനാതീതം. ലാസ്റ്റ് സപ്പര്‍ അടക്കമുള്ള ചിത്രങ്ങള്‍ അക്കൂട്ടത്തിലുണ്ട്. 30 വെള്ളിക്കാശിന്‍റെ പണക്കിഴിയും പിടിച്ചിരിക്കുന്ന യൂദാസിന്‍റെ ചിത്രമെല്ലാം വളരെ വലുതായും വ്യക്തമായും ലാസ്റ്റ് സപ്പറിന്‍റെ ഗ്ലാസ്സ് പെയിന്‍റിങ്ങില്‍ കാണാം.
2001 ലെ ഒരു തീ പിടുത്തത്തില്‍ പീറ്റര്‍ബറോ കത്തീഡ്രലിലെ ഈ ഗ്ലാസ്സ് പെയിന്‍റിങ്ങുകള്‍ പലതും പൊട്ടിപ്പോയിരിക്കുന്നു. അവിടെയെല്ലാം വെറുതെ ഗ്രില്ലിട്ട് അടച്ചിരിക്കുന്നു. അത്യധികം ഉയരത്തില്‍ നിലകൊള്ളുന്ന സീലിങ്ങിന്‍റെ ഭംഗിയും ശില്‍പ്പചാരുതിയും നോക്കിനില്‍ക്കുമ്പോള്‍ നൂറുകണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ്, ഇന്നത്തെപ്പോലെ സാങ്കേതികമികവൊന്നും ഇല്ലാതിരുന്ന ഒരുകാലത്ത്, ഇങ്ങനൊരു മഹത്തായ സൃഷ്ടി നടത്താന്‍ വേണ്ടി അനുഭവിച്ചിരിക്കാന്‍ സാദ്ധ്യതയുള്ള ക്ലേശങ്ങള്‍ ഊഹിക്കാന്‍ പോലും പറ്റില്ല.
ഇടത്തുവശത്തായുള്ള വരാന്തയില്‍ ദേവാലയത്തിന്‍റെ ചരിത്രം വിശദമായി ഒരു മ്യൂസിയത്തിലെന്ന പോലെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അതിലൂടെ കണ്ണോടിച്ചുപോയാല്‍ കത്തീഡ്രലിന്‍റെ ചരിത്രം മനസിലാക്കാം:
655-ല്‍ പേഡാ രാജാവിനാല്‍ നിര്‍മ്മിക്കപ്പെട്ട പള്ളി പിന്നീട് 870-ല്‍ ഡേന്‍സിനാല്‍ നശിപ്പിക്കപ്പെട്ടു. 972-ല്‍ വീണ്ടും രണ്ടാമതുണ്ടാക്കി വെഞ്ചരിച്ചുവെങ്കിലും 1116-ല്‍ ഒരു അപകടത്തില്‍ കത്തിനശിച്ചു. 1238-ല്‍ ഇപ്പോള്‍ കാണുന്ന രൂപത്തില്‍ വീണ്ടും ഉണ്ടാക്കി. 1539-ല്‍ ഹെന്‍റി എട്ടാമന്‍ ഇത് അടച്ചുപൂട്ടി. മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം ആംഗ്ലിക്കന്‍ സഭയുടെ പ്രചാരത്തോടെ 1541-ല്‍ പള്ളി കത്തീഡ്രലായി മാറ്റി. 1643-ല്‍ ഇംഗ്ലീഷ് ആഭ്യന്തര യുദ്ധകാലത്ത് മനോഹരമായ ശില്‍പ്പഭംഗിയാല്‍ അംബരചുംബിയായന നിലകൊണ്ട ഈ ദേവാലയം നശിപ്പിക്കപ്പെട്ടു. 1882-ല്‍ പുതിയ മോടികളുമായി സെന്‍ട്രല്‍ ടവര്‍ പുനര്‍നിര്‍മ്മിക്കപ്പെട്ടു. 1960-ലും 1970-ലും തൂക്ക് കുരിശ് അടക്കമുള്ള ചില മോടിപിടിപ്പിക്കലുകള്‍ നടത്തി.
2001-ല്‍ വേനല്‍കാലത്ത് വന്‍ നാശം വിതച്ചുകൊണ്ട് വീണ്ടും തീ പിടിച്ചു. പഴമയുള്ള കാര്യങ്ങള്‍ അതേപടി നിലനിര്‍ത്തുകയാണ് ഇംഗ്ലീഷുകാരുടെ പതിവ്. ദേവാലയങ്ങള്‍ നിര്‍മ്മിക്കുന്ന കാര്യത്തില്‍ പ്രത്യേകിച്ചും. പഴമ നിലനിര്‍ത്തി കൊണ്ടു തന്നെയാണ് ഇവ ഓരോ തവണയും പുനര്‍നിര്‍മ്മിക്കപ്പെട്ടത്. നിലവില്‍ മാസ്സ് നടന്നുപോരുന്ന ഭാഗത്തുനിന്ന് വീണ്ടും ഉള്ളിലേക്ക് കടന്നാല്‍ ഇരുവശങ്ങളിലുമായി പഴയകാലത്ത് മാസ്സ് അറ്റന്‍റ് ചെയ്യാന്‍ മോങ്ക്സ് ഉപയോഗിച്ചിരുന്ന ഇരിപ്പിടങ്ങള്‍ കാണാം. ആ ഇരിപ്പിടങ്ങള്‍ക്ക് പിന്നില്‍ ഒരു രഹസ്യമുണ്ട്. പഴയകാലത്ത് മണിക്കൂറുകളോളം നീണ്ടുനിന്നിരുന്ന മാസ്സ് എഴുന്നേറ്റ് നിന്ന് കേട്ട് കാലുകള്‍ കുഴയുന്ന മോങ്ക്സ്, ഇരിപ്പിടം മടക്കുകസേരയെന്ന പോലെ മറിച്ചിടുകയും, അപ്പോള്‍ അതിന്‍റെ അടിഭാഗത്തുനിന്ന് ഉയര്‍ന്നു വരുന്ന ഭാഗത്ത് പൃഷ്ഠം കൊള്ളിച്ച് നില്‍പ്പും ഇരിപ്പും അല്ലാത്ത രീതിയില്‍ ചാരിനിന്ന് കാലുകള്‍ക്ക് വിശ്രമം കൊടുക്കുകയായിരുന്നു പതിവത്രേ !
പുരാതനമായ പള്ളിമണിയുടെ അവശിഷ്ടം ഒരിടത്ത് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പിന്നീടങ്ങോട്ട് ചുറ്റിലും ശവക്കല്ലറകളും അതിന് മുകളില്‍ മാര്‍ബിളില്‍ കൊത്തിവച്ചിരിക്കുന്ന പരേതരുടെ പൂര്‍ണ്ണകായ പ്രതിമകളുമൊക്കെയായി അവിടം അല്‍പ്പം ഭീതി നിറഞ്ഞ അന്തരീക്ഷമാണ്. ഏറ്റവും കുറഞ്ഞത് മുപ്പത് കല്ലറകളെങ്കിലും തറയില്‍ മാത്രമുണ്ട്. ചുവരുകളില്‍ അടക്കം ചെയ്തിരിക്കുന്ന പ്രഭുക്കന്മാരുടേയും പ്രമാണിമാരുടേയും കുടുംബ കല്ലറകള്‍ വേറേയുമുണ്ട് നിരവധി.
ആഭ്യന്തരകലഹവും, യുദ്ധവുമൊക്കെയായി ജീവന്‍ നഷ്ടപ്പെട്ട പ്രധാനികളായ വൈദികരുടേയും മറ്റും കല്ലറകള്‍ക്ക് മുകളിലുള്ള പ്രതിമകളുടെ മുഖങ്ങള്‍ മാത്രം അവ്യക്തമാണ്. യുദ്ധത്തില്‍ പലരുടേയും തലകള്‍ നഷ്ടപ്പെട്ടതുകൊണ്ടാണ് ആ വ്യക്തി ആരാണെന്ന് മനസ്സിലാക്കാന്‍ പറ്റാതെ പോകുന്നത്. എന്നിരുന്നാലും അവരുടെ ആടയാഭരണങ്ങളില്‍ നിന്ന് ആ വ്യക്തിയുടെ പ്രാധാന്യം മനസ്സിലാക്കിയാണ് പള്ളിക്കകത്ത് ബഹുമതികളോടെ സംസ്ക്കരിച്ചിരിക്കുന്നതത്രേ.
ശവക്കല്ലറകളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഹെന്‍ട്രി എട്ടാമന്‍റെ 6 പത്നിമാരില്‍ ഒരുവളായ കാതറീന്‍ ഓഫ് ആര്‍ഗോണിന്‍റെയാണ്. കാതറീന്‍ രാജ്ഞിയുടെ പ്രവിശ്യയുടെ പതാകയില്‍ മാതളനാരകത്തിന്‍റെ ചിത്രം ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നതുകൊണ്ട്, ഇന്നും ആ കല്ലറ സന്ദര്‍ശിക്കുന്നവര്‍, കല്ലറയ്ക്ക് മുകളില്‍ ഒരു മാതളനാരകം വെച്ചിട്ടുപോകുക പതിവാണ്. ഹെന്‍ട്രി എട്ടാമന്‍റെ മറ്റൊരു പത്നിയുടേയും ശവശരീരം ഇതിന് തൊട്ടടുത്ത് അടക്കം ചെയ്തിരുന്നുവെങ്കിലും പിന്നീടത് ഇവിടന്ന് മാന്തിയെടുത്ത് ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ അബേയിലേക്ക് കൊണ്ടുപോയി അവിടെ അടക്കം ചെയ്യുകയാണുണ്ടായത്. ആ കല്ലറയുടെ ശേഷിപ്പുകള്‍ കാതറീന്‍ രാജ്ഞിയുടെ കല്ലറയ്ക്ക് സമീപം ഇപ്പോഴും കാണാം.
പലപ്പോഴായുണ്ടായ തീപിടുത്തത്തിന്‍റെ ഫലമായി കത്തീഡ്രലിന്‍റെ പുറംചുമരുകളിലൊക്കെ ആകെ കരിനിറം പിടിച്ചിരിക്കുന്നുണ്ട്. പള്ളിപ്പരിസരത്തുള്ള മറ്റ് കെട്ടിടങ്ങളില്‍, തുറന്ന് കിടക്കുകയാണെങ്കിലും, ‘പ്രൈവറ്റ്’ എന്ന് ബോര്‍ഡ് വെച്ചിരിക്കുന്ന കവാടങ്ങള്‍ ഒഴികെ എല്ലായിടത്തും പ്രവേശിക്കുന്നതില്‍ തെറ്റില്ല. ദേവാലയത്തിന്‍റെ ചുറ്റും നിറയെ ശവക്കല്ലറകളുണ്ട്. ഇവിടെ പ്രത്യേകിച്ച് ഒരു ശ്മശാനം ഇല്ല. എല്ലാ ശരീരങ്ങളും കത്തീഡ്രലിന് അകത്തും പുറത്തുമായിത്തന്നെ സംസ്ക്കരിക്കപ്പെട്ടിരിക്കുന്നു.
ഇടയ്ക്ക് കത്തീഡ്രലിന് അകത്തുനിന്ന് മനോഹരമായ വാദ്യസംഗീതം മുഴങ്ങും. അകത്ത് ഉയരത്തിലായി ചുമരില്‍ സ്ഥാപിച്ചിട്ടുള്ള പൈപ്പ് ഓര്‍ഗനില്‍ നിന്നാണ് ആ സംഗീതം ഒഴുകിവന്നിരുന്നത്. ദേവാലയത്തിന്‍റെ ഉയരമുള്ള ചുമരുകളേയും നിശബ്ദതയില്‍ മുങ്ങിനിന്നിരുന്ന അന്തരീക്ഷത്തേയും ഭേദിച്ചുകൊണ്ടെന്നവണ്ണം മുഴങ്ങിക്കൊണ്ടിരുന്ന ആ വ്യത്യസ്ഥമായ ഉപകരണസംഗീതവും കേട്ട് ആരും ഒരുനിമിഷമൊന്ന് ഇരുന്നുപോകും.

(കാരൂർ സോമൻ)

About The Author

Leave a Reply

Your email address will not be published. Required fields are marked *