പുല്ലാഞ്ചിറ മൈതാനിയിലെ ചെളിപ്രദേശത്ത്കൊതുകുകളെല്ലാം ചേർന്ന് ഒരു യോഗം കൂടി.
ഈഡിസ് ഇമിലി കൊതുകിൻറെ നേതൃത്വത്തിലായിരുന്നു യോഗം.
കൊറോണ ശക്തമായതിൽപ്പിന്നെ തങ്ങളെ
ആരും മൈൻഡ് ചെയ്യുന്നില്ലെന്നായിരുന്നു
മൂളിക്കൊതുകിൻറെ പ്രധാന പരാതി.
“പണ്ടൊക്കെ എല്ലാവർക്കും കൊതുകുകളെ എന്തു
പേടിയായിരുന്നു.മഴക്കാലം എത്തികഴിഞ്ഞാൽ
എന്തെല്ലാം ജാഗ്രതാ നിർദ്ദേശങ്ങളായിരുന്നു.
വീടും പരിസരവും വൃത്തിയാക്കണമെന്ന്
ഒരു കൂട്ടർ.വെള്ളം കെട്ടിക്കിടക്കുവാൻ അനുവദിക്കരുതെന്ന് മറ്റൊരു കൂട്ടർ. അങ്ങനെ
കൊതുകുകളെ പേടിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു.ഇന്നാണേൽ എല്ലാവരും
കൊറോണ വൈറസ് എന്നും പറഞ്ഞ് വീട്ടിലിരുപ്പാണ്. അവനെക്കാൾ ശക്തനായ ഒരുവനെ
നമുക്ക് കളത്തിലിറക്കണം. എങ്കിലേ നമ്മുടെ
അഭിമാനം തിരിച്ചു പിടിക്കാനാവൂ”മൂളിക്കൊതുക്
ദേഷ്യത്തോടെ പറഞ്ഞു.
“അതെയതേ എല്ലാവരും വീട്ടിലിരിക്കുന്നത് നമുക്ക്
സൗകര്യമായി “കൊതുകുകൾ കൂട്ടത്തോടെ പറഞ്ഞു.
“നമുക്ക് ഡങ്കുവിനെ ഒന്നു കൂടി രംഗത്തിറക്കിയാലോ” .ബിന്ദുക്കൊതുക് അഭിപ്രായപ്പെട്ടു
“ഡങ്കുവും , ചിക്കുവും ഒന്നും വേണ്ട .ചൈനക്കാരൻ കൊറോണ വൈറസിനെ തോൽപ്പിക്കുന്നവനായിരിക്കണം ഇനി വരേണ്ടത്.പ്രായത്തിൽ മുതിർന്ന ജൂഡി
ക്കൊതുകമ്മ ഉപദേശിച്ചു.
“അതിലും കൂടിയ ഒരെണ്ണത്തിനെ എൻറെ കസ്റ്റഡിയിൽ കിട്ടിയിട്ടുണ്ട്.
‘സിക്ക’ .നമ്മൾ മനുഷ്യരെ കടിച്ചു രക്തമൂറ്റിയെടുത്തിട്ട് ഇവനെയങ്ങ് കേറ്റി വിടും.
രണ്ടാഴ്ച കഴിയുമ്പോൾ തലവേദനയും, പനിയും,
സന്ധിവേദനയുമെല്ലാമായി അവർ നമ്മുടെ ശക്തിയെന്താണെന്ന് വീണ്ടുമറിയും.ഏതെങ്കിലും
ഗർഭിണിയിൽത്തന്നെ വേണം ആദ്യ പരീക്ഷണം
നടത്തുവാൻ. ” ഇമിലികൊതുകിൻറെ കണ്ണുകളിൽ
പക കത്തി നിന്നിരുന്നു.
“അയ്യോ .അത് കഷ്ടമല്ലേ അത്രയും ക്രൂരത വേണോ.ഒന്നാമതേ മനുഷ്യരെല്ലാം ഇപ്പോൾ കഷ്ടത്തിലും ദുരിതത്തിലുമാണ്.കൂട്ടത്തിൽ കുറച്ച് ദയയുള്ള ലിങ്കിക്കൊതുകിന് സങ്കടം വന്നു.
“അങ്ങനെ തന്നെ വേണം.
ഈ മനുഷ്യർക്ക് യാതൊരു വൃത്തിയുമില്ല.കണ്ട ചപ്പും,ചവറുമെല്ലാം ഇട്ട് ഈ നാടെല്ലാം മലിനമാക്കി.
എതു പുഴയിൽ നോക്കിയാലും കുറെ പ്ലാസ്റ്റിക് കുപ്പികളും,അഴുക്കുകളും നിറഞ്ഞു കിടക്കുന്നതു
കാണാം. ചെടികളും , മരങ്ങളും ഒക്കെ വെട്ടിക്കളയുന്നതു കൊണ്ട് നമ്മുടെ ഭർത്താക്കന്മാർക്ക് ഭക്ഷണമൊന്നും കിട്ടാതെ
വരുമോ എന്നാണ് പേടി.ഈ ഭൂമി മനുഷ്യർക്കു മാത്രമുള്ളതല്ല.ശുചിത്വം പഠിക്കാത്തവർ ഇനി
അനുഭവിക്കട്ടെ.” മനുഷ്യരെ ഒരു പാഠം പഠിപ്പിക്കണമെന്ന് ഒരിക്കൽ കൂടി ഒന്നിച്ചുറപ്പിച്ച്
.കൊതുകുകൾ എല്ലാവരും കൂട്ടത്തോടെ
പറന്നു പോയി.
ലിങ്കിക്കൊതുക് മാത്രം സങ്കടത്തോടെ അവിടെ ഇരുന്നു.
About The Author
No related posts.