അതൊരു കരാള രാത്രിയായിരുന്നു. ചുട്ടുപഴുത്ത ഭൂമിയുടെ മാറിൽ ആകാശത്ത് നിന്ന് കൊള്ളിയാൻ ചീറിപ്പുളഞ്ഞു വന്ന് കുത്തി മുറിവേൽപിച്ച രാത്രി! എന്നിട്ടും പ്രകൃതി വിതുമ്പി നിന്നു. ഒരു തുള്ളി കണ്ണീർപോലം പൊഴിക്കാനാതെ
രാത്രിയിൽ കത്തിക്കരിഞ്ഞ തെങ്ങിൻ നെറുകയിൽ നിന്ന് പുക അപ്പോഴും ഉയരുന്നു ണ്ടായിരുന്നു. കരിഞ്ഞു വാടി താഴെ കുലകൾ ചിതറിക്കിടന്നു. അകലെ അലങ്കോലപ്പെട്ട് വീണുകിടന്ന കരിയിലക്കൂട്ടിൽ നിന്ന് തെറിച്ചു പോയ ചതഞ്ഞരഞ്ഞ മുട്ടകൾ നോക്കി കേഴുന്ന പെൺകിളിയുടെ ശബ്ദത്തിന് പിന്നാലെ കാതും കണ്ണും അലഞ്ഞപ്പോഴാണ് നീർമാതാളം പൂത്തത് എന്റെ ശ്രദ്ധയിൽപ്പെട്ടത്. വർഷങ്ങളായി തളിർത്തിട്ടും പൂക്കാതെ നിന്ന വൃക്ഷം എന്നിൽ ഉത്കണ്ഠ വിരിയിച്ചിരുന്നു. മഴയ്ക്ക് മുമ്പ് ഓരോ വർഷവും തോട്ടമൊരുക്കുമ്പോൾ പൂക്കാതെ വെറുതെ ശിഖരങ്ങൾ വീശിപ്പരത്തി നിൽക്കുന്ന നീർമാതളം നോക്കി ഞാൻ നെടുവീർപ്പിട്ടു. ഇനിയും പൂത്തില്ലെങ്കിൽ ആ മരം വെട്ടിക്കളയ ണമെന്ന് ഞാനൊരു തീരുമാനം എടുത്തിരുന്നു.
‘എന്തൊരത്ഭുതം?’
പ്രകൃതി മുഴുവൻ ഞെട്ടിവിറച്ച് കിടുങ്ങി വിറങ്ങലിച്ചു നിന്ന രാത്രി ആകാശം കീഴ്പ്പെടുത്താൻ ചങ്കൂറ്റത്തോടെ തലയുയർത്തി നിന്ന വൃക്ഷരാജൻ നെറുകപുകഞ്ഞു കത്തി തലകുത്തി വീണ രാത്രി കുത്തിച്ചുടാനും മൂങ്ങകളും പരിഭ്രമത്തോടെ പറന്ന് ചിറകുകൾ സടകുടഞ്ഞ് വിടർത്തി രാത്രി. കുളക്കോഴികൾ വിതുമ്പലടക്കി മണ്ണിൽ തല പൂഴ്ത്തിയിരുന്ന കാളരാത്രിയിൽ, മലരണിക്കൊമ്പുകൾ പൊട്ടിത്തരിച്ച് പൂമുത്തുകൾ ചിതറിത്തെറിപ്പിച്ച എന്റെ നീർമാതളം! സകലവും മറന്ന് ഞാൻ കെട്ടിപ്പുണരുന്നു നിന്നെ ! എന്റെ മനസ്സിലെ കോടാലി ഞാൻ വീശി എറിയുന്നു. അകലേക്ക്…….. അകലേക്ക്….. എന്തോ നേടിയ ഒരഹംഭാവം എന്റെ മനസ്സിനെ കീഴ്പ്പെടുത്തിയിരുന്നു. മുട്ടോളം വെള്ളം വറ്റിയ ആമ്പൽക്കുളത്തിൽ കാക്കക്കുളി നടത്തി. നിവരുമ്പോഴും ഒരു മൂളിപ്പാട്ട് ചുണ്ടുകളിൽ തങ്ങി നിന്നു. ചീങ്കുവായി ത്തോട്ടി ലൂടെയുള്ള സ്‌കൂൾ യാത്രയിൽ തോട്ടിൽ നനഞ്ഞു കിടന്ന പുഴമണൽ ഞാൻ വാരിയെടുത്ത് മേലേക്കെറിഞ്ഞു. മണൽത്തരികൾ പറന്നു വീണതിൽ കൂട്ടുകാർ കോപാക്രാന്തരായപ്പോൾ ഞാൻ ഉറക്കെ പാടി.
നിൻപദങ്ങളിൽ നൃത്തമാടിടും
എന്റെ സ്വപ്നജാലം ! നീയൊരു മലർവാടീ!
”എന്താടീ ………ഒരിളക്കം?’
ആൺകുട്ടികളുടെ നായകനായി വിരാജിക്കുന്ന ബാലകൃഷ്ണൻ കാതോരത്ത് വന്ന് ചോദിച്ചു.
സാധാരണ ഇത്തരം സന്ദർഭത്തിൽ പൊട്ടിത്തെറിക്കുന്ന ഞാൻ, അത്ഭുതകരമായി സടയൊതുക്കി.
ഹൃദയം നൃത്തമാടുന്നത് ഇവരൊക്കെ എങ്ങനറിയാൻ ! ക്ലാസ് മുറിയിലിരിക്കുമ്പോഴും എന്റെ നീർമാതളം ഇടക്കിടെ എന്റെ മനസ്സിൽ കുളിരുപാകി തലയാട്ടി നിന്നു. ഉച്ചഭക്ഷണ ത്തിന് ബെല്ലടിച്ചപ്പോൾ എന്റെ ഉള്ളിലൊരാശ! ഇന്ന് ചോറ് കൊണ്ടുവരാൻ മറന്നെന്ന് നുണ പറഞ്ഞ് വീട്ടിലേക്കൊന്നു മുങ്ങാൻ! മനസ്സ് വീണ്ടും വീണ്ടും നിർബന്ധിച്ചപ്പോൾ ക്ലാസ് ടീച്ചറുടെ അടുത്ത് നുണ പറഞ്ഞ് ഞാൻ മുങ്ങി. വീട്ടിൽച്ചെന്ന് എന്റെ നീർമാതളം ഒരിക്കൽ കൂടി കണ്ണ് നിറയെ കാണാൻ മനസ്സ് കൊതിച്ചുകൊണ്ടിരുന്നു. ആരും കാണാതെ പുറത്തിറങ്ങി. ചോറ് പാത്രവുമായി ഓടുന്ന കൂട്ടുകാരാരും എന്നെ ശ്രദ്ധിച്ചില്ലെന്ന് തോന്നുന്നു. ആരും പുറകിൽ നിന്നു വിളിച്ചില്ല!
കത്തിക്കാളുന്ന വെയിൽ ഉച്ചിയിൽ ഉജ്ജ്വലിച്ചു നിന്നു. ചെരുപ്പില്ലാത്ത കാലുകൾ നീട്ടിവച്ച് നടന്നു. വഴി വിജനമായിരുന്നു. അച്ഛന്റെ ചായക്കടക്ക് മുന്നിലൂടെ പോകുമ്പോൾ ഭയം മനസ്സിലിരച്ചു കയറി. അച്ഛന്റെ കണ്ണിൽപെട്ടാൽ ചോദ്യമുണ്ടാകും തീർച്ച. ചായപ്പീടി കയിൽ നല്ല തിരക്കുണ്ട്. ഈയിടെ അമ്മയുടെ ബുദ്ധിയുണർന്ന് പ്രവർത്തിച്ചതിനാൽ ചായക്കട ഒരു ചെറിയ ഹോട്ടലായി മാറിയിരിക്കുന്നു. പാടത്തും പറമ്പിലുമൊക്കെ പണിക്ക് വരുന്നവർക്ക് ഉച്ചക്ക് ചോറും മീൻകറിയും കിട്ടുന്നതിൽപ്പരം സന്തോഷം പറയാനുണ്ടോ? പഴയകാലമല്ല. ഒരുവിധം ഓലക്കുടിലൊക്കെ ഇപ്പോൾ ഇഷ്ടി കകെട്ടിയ, ഓടിട്ട വീടുകളായി മാറിക്കൊണ്ടിരിക്കുന്നു. ആശാരിമാരും മേസ്തിരിമാരുമൊക്കെ ഉച്ചയൂണിന് പരക്കം പായുന്നു. കള്ളുഷാപ്പ് നടത്തുന്ന പുരുഷൻ ചേട്ടൻ കരിമീൻ വറുത്തതും കക്കയിറച്ചിയും താറാവ് റോസ്റ്റുമൊക്കെയൊരുക്കി പണിക്കാരുടെ കീശകാലിയാക്കുന്ന ബുദ്ധി പ്രയോഗിച്ച് പണക്കാരനായിക്കൊണ്ടിരിക്കുന്നു.
അമ്മയുടെ കൈപ്പുണ്യം പെട്ടെന്ന് പ്രശസ്തമായി. പൊന്നാംവെളിച്ചന്തയിലെ ഏറ്റവും മുഴുത്ത മീൻ അമ്മ കുട്ടയിലാക്കി. അമ്മിയിലരച്ചെടുത്ത അരപ്പ് പുളിയോട് ചേർന്ന് മീനിൽ പറ്റിച്ചേരുമ്പോൾ ഉയരുന്ന സുഗന്ധം അയൽപക്കത്തെ കടക്കാരെയൊക്കെ അങ്ങോട്ടാ കർഷിച്ചു. ഈ അടുത്ത കാലം കൊണ്ട് അച്ഛനെ ഒരു പുതുപ്പണക്കാരനാക്കി മാറ്റി ഈ ബുദ്ധിവൈഭവം. ഇന്നേതായാലും ചായക്കടയുടെ പുറകിലൂടെച്ചെന്ന് അമ്മ തരുന്ന ചൂട് ചമ്പാവരിച്ചോറും മീൻകറിയും കൂട്ടി ഉണ്ണണം. പെട്ടെന്ന് തന്നെ കാണുമ്പോൾ അമ്മ ഞെട്ടും. സാരമില്ല അമ്മയ്ക്ക് മനസ്സിലാവും, രാവിലെ ചോറ്റുപാത്രത്തിലിട്ട് കൊണ്ടുപോകുന്നത് ഉച്ചയ്ക്ക് വളിച്ചിരിക്കുമെന്ന്.
ശബ്ദമുണ്ടാക്കാതെ പുറകു വശത്തൂടെ തന്നെ കടയിലെത്തി. മുന്നിൽ നല്ല തിരക്കാണ്. സഹായത്തിന് നിൽക്കുന്ന കോവാലൻ ചേട്ടൻ അംബികയെ അനവസരത്തിൽ കണ്ട് ഞെട്ടി. ‘ന്ന് സ്‌കുളീ പോയില്ല…..നീയ്?’
”പോയി. ചോറ് കൊണ്ടോയില്ല. വേഗം എനിക്ക് കുറച്ച് ചോറും മീൻകൂട്ടാനുമെടുക്ക് കോവാലേട്ടാ’
”നല്ല തെരക്ക്ള്ള സമയാ…. മോള് കേറി എട്ത്തോ ‘ കോവാലൻ ചേട്ടൻ വെപ്രാളപ്പെട്ട് അകത്ത് പോയി. പൂച്ചയെപ്പോലെ പതുങ്ങി അകത്ത് കയറി. അച്ഛൻ പണപ്പെട്ടിക്കടുത്താണ്. കടയിൽ നല്ല ആൾത്തിരക്ക്. ഒരു വിധത്തിൽ ചോറും മീൻകറിയും ഒരൽപം പയറ് തോരനുമെടുത്ത് പുറത്തിറങ്ങുമ്പോൾ അമ്മ കുടത്തിൽ വെള്ളവുമായി വന്നു.
‘എന്താ മോളേ, നീയിവിടെ?’
”ഒന്നുംല്യമ്മ, ഞാൻ ചോറ്റുപാത്രം മറന്നു രാവിലെ.
”വല്ലാത്ത വിശപ്പ്. അതാ’
വേഗം പൊയ്ക്കോ …. അച്ഛൻ കാണണ്ട’
ഓടി വീട്ടിലെത്തി. ചോറുണ്ണാനല്ലല്ലൊ വന്നത്. എന്റെ നീർമാതളം മൊട്ടിട്ടു നിക്കണ കാണാനെന്തൊരു ചേല്?
ചോറെടുത്ത പിഞ്ഞാണം കൈയിൽ വച്ചുതന്നെ നീർമാതളച്ചുവട്ടിലെത്തി. നല്ല തണൽ വിരിച്ച്, മൂവാണ്ടൻ മാവിനോട് ചേർന്ന് നിൽക്കുന്ന നീർമാതളത്തിൻ ചുവട്ടിൽ കാലുനീട്ടിയിരുന്ന് അവൾ ഭക്ഷണം കഴിച്ചു. പറമ്പിൽ ചിക്കിച്ചികഞ്ഞു നടന്ന പുള്ളിക്കോഴിക്ക് ബാക്കി ചോറെറിഞ്ഞു കൊടുക്കുന്നത് കണ്ട് ഒരു കോങ്കണ്ണൻ കാക്ക എവിടന്നോ പറന്നെത്തി നീർമാതളക്കൊമ്പിലിരുന്ന് പാടി.
”കാ..കാ.. .കാ. ..’
അംബികയ്ക്ക് സന്തോഷമായി. കുറച്ച് ചോറും മീൻമുള്ളുമൊക്കെ കാക്കയ്ക്കും കൊടുത്തു.
സ്‌കൂളിൽ ബെല്ലടിക്കുന്നതിന് മുമ്പെത്തണം. പറമ്പിലെ കുഴിക്കുളത്തിലിറങ്ങി കൈകഴുകി പാത്രത്തിലൽപം വെള്ളമെടുത്ത് തുളുമ്പാതെ കൊണ്ടുവന്ന് നീർമാതള ചുവട്ടിലൊഴിച്ചു.
‘ഞാൻ പോവാണുട്ടോ……’ നീർമാതളത്തിനോട് യാത്ര പറഞ്ഞ് ഒരു മുത്തം കൊടുത്ത് വേഗം വേഗം നടന്നു. ഓട്ടത്തിന്റെ ആക്കത്തിൽ കയ്യിൽക്കിടന്ന ചുവന്ന കുപ്പിവള കിലുങ്ങുന്നുണ്ടായിരുന്നു. വേഗം പോരെന്നു തോന്നിയതിനാൽ കിതച്ചു കിതച്ചാണോടിയത്. ചീങ്കുവായിത്തോട്ടിലെ ഉച്ച വെയിലിൽ ഉണങ്ങിവരണ്ട ചരൽക്കല്ലുകൾ അവളുടെ കാൽക്കീഴിൽ ഞെരിഞ്ഞമർന്ന് കൊഞ്ചിച്ചിരിച്ചു.
പെട്ടെന്നാണ് ശക്തമായ കൈകൾ അവളെ വാരി അടുപ്പിച്ചത്. ആളെ മനസ്സിലാവാതെ അവൾ നിന്ന് കിതച്ചു തലതിരിച്ച് നോക്കിയപ്പോൾ ബാലകൃഷ്ണൻ! ഇവനെങ്ങിനെ ഇവിടെ വന്നു? കൈത്തണ്ടയിൽ നല്ലൊരു കടി വച്ചു കൊടുത്തു. പെട്ടെന്ന് പിടി ഒന്നയഞ്ഞു. ഉള്ള ശക്തിയെല്ലാമെടുത്ത് അവനെ തള്ളിമാറ്റി ഓടുമ്പോൾ കാലുകൾ തളരാതിരിക്കാൻ പാടുപെട്ടു. തോട്ടിനക്കരെ ദേവീക്ഷേത്രത്തിന്റെ നടയിൽ തുളസിമാല കെട്ടുന്ന വാര സ്യാരമ്മയുടെ അടുത്തെത്തി. അവൾ കിതപ്പോടെ തിരിഞ്ഞു നോക്കി. പിന്നിൽ ബാലകൃഷ്ണനെ കണ്ടില്ല.
”എന്തേ കുട്ടേ…’
വാരസ്യാര് ചോദിച്ചു.
”ഒന്നൂംല്യ……….. ഒരു പട്ടി!”
”എവ്ടെ ?’
”അത് പോയീന്നാ തോന്നണെ’
അവൾ സ്‌കൂൾ ലക്ഷ്യമാക്കി വേഗം വേഗം നടന്നു. ഇടയ്ക്ക് തിരിഞ്ഞ് നോക്കിയപ്പോൾ അവൻ പിന്നാലെത്തന്നെ വരുന്നുണ്ട്. ഇവിടെ പേടിക്കാനില്ല! തോട് കഴിഞ്ഞല്ലൊ. അംബിക ഓട്ടം നിറുത്തി. ഭയപ്പെട്ടാണ് ബാലകൃഷ്ണൻ അടുത്ത് വന്നത്.
‘എന്താടാ ചെക്കാ…നീ കാട്ടീത്?’
അവൾ ഈറ്റപ്പുലിയെപ്പോലെ ചീറി
‘അംബിക എന്തിനാ ഓടിപ്പോകുന്നെന്ന് നോക്കി. ഞാൻ പിന്നാലെ വന്നതാ. നിന്നെ ഉപദ്രവിക്കാനല്ല’
‘ഊം…..മനസ്സിലായി. ഞാനച്ഛനോട് പറയട്ടെ?’
‘വേണ്ട…. ഇതൊര് സംഭവമാക്കണ്ട’
”എന്നാ മര്യാദക്ക് നടന്നൊ…. അവന്റെ ഒരന്വേഷണം.’ അംബിക അവനെ കോക്രി കാണിച്ചു.
‘ന്റെ നീർമാതളം പൂത്തു. അത് നീയറിഞ്ഞോ?’
‘ഇല്ല്യാ…………. അതിനെന്താ വിശേഷം?’
”അതങ്ങിനയാ….. അത് കാണാനാ ഞാനുച്ചക്ക് വന്നത്
”ഇനി നീയിങ്ങനെ ഒറ്റക്ക് വരരുത്, അതപകടാ! ഞാൻ നിനക്ക് കൂട്ട് വന്നതാ’.
‘ഊം… നെന്റെ കൂട്ട്……. അതെനിക്ക് വേണ്ടെങ്കിലോ…’
”വേണംന്ന് ന്റെ മനസ്സ് പറഞ്ഞു അതാ…’ അവൻ അടുത്ത് വന്ന് അവളെ സാകൂതം നോക്കി.
അതുവരെയുണ്ടായിരുന്ന വെറുപ്പ് അവൾ മറന്നു കഴിഞ്ഞിരുന്നു. അവന്റെ വിടർന്ന കണ്ണിൽ ഒരു നീർമാതാളം വിടരുന്നത് അവൾ കണ്ടു. കവിളിലെ കുങ്കുമഛവിയിൽ വിരൽത്തുമ്പു കൊണ്ട് തോണ്ടി അവൻ പറഞ്ഞു.
‘ഈ നീർമാതളം എന്റെ ഉള്ളിലെന്നേ പൂത്തു’! ”പോടാ ചെക്കാ’ എന്ന് പറഞ്ഞ് ആ കൈ തട്ടിമാറ്റാൻ അവൾക്ക് എന്തോ, കഴിഞ്ഞില്ല’.
About The Author
No related posts.