വൃശ്ചികക്കാറ്റിന്റെ മൂളൽ കേട്ടിളകുന്ന കുട്ടനാടൻ കായലോളങ്ങൾ….
താറാവിൻപറ്റത്തെ നോട്ടക്കാരൻ ഔത തുറന്നുവിട്ടു. ഇര തേടാനുള്ള അവസരമാണ്. ക്വാ. ക്വാ… താറാവുകൾ നാട്ടുവർത്തമാനം പറഞ്ഞ് കായലിലേക്ക് ഊളിയിട്ടിറങ്ങി. തവളകളും പരൽമീനുകളും വേണ്ടുവോളമുണ്ട്.
ബാല്യകാലസഖികളായ ചിന്നക്കുട്ടിയും അനുക്കുട്ടനും കരയിലും കായലിലും എപ്പോഴും ഒരുമിച്ചാണ്. ചിന്നക്കുട്ടി മുട്ടയിടാറായിട്ടില്ല. അവൾക്കുവേണ്ടി എന്നും അനുക്കുട്ടൻ മുഴുത്ത പരൽമീനുകളെ ചുണ്ടിൽ കരുതിയിരിക്കും.
എല്ലാവരും നനഞ്ഞു മുഷിഞ്ഞ് ഇര തേടുമ്പോൾ നേതാവ് നിഷാദകുമാരൻ കരയിൽത്തന്നെ നിന്ന് ക്വാ ക്വാ…. എന്ന് ശബ്ദിക്കും.
‘എന്താണ് നേതാവേ, വെള്ളത്തിലിറങ്ങാതെ മീൻ പിടിക്കാനാവുമോ?’
‘അതേയ്, പിന്നെ, ഈ കായൽവെള്ളത്തിലിറങ്ങിയാൽ പനി പിടിക്കും. അതിന്റെ തണുപ്പ് അല്പം കട്ടിയാണ്. ഇത്രയും പറഞ്ഞ് നേതാവു പടിയിൽ കയറിയൊരിരുപ്പ്. ഇടയ്ക്കുള്ള മൂളൽ മാത്രമാണ് നേതാവിൽ നിന്നും പിന്നീടു പുറത്തുവന്നത്.
നേരം ഉച്ചയായി. താറാവുകൾ കൂട്ടമായി കരയ്ക്കു കയറിത്തുടങ്ങി. മിക്കതിന്റെയും വയറു നിറഞ്ഞിട്ടുണ്ട്. പല താറാവുകളും ചുണ്ടിൽ പരൽമീനുകളുമായിട്ടാണു വരവ്. നേതാവ് ഇതെല്ലാം കണ്ടുകൊതിച്ച് മൗനമായി ഇരുന്നു.
അനുക്കുട്ടൻ ഒരു മുഴുത്ത വരാലുമായി കരയ്‌ക്കെത്തി. കൂടെ ചിന്നക്കുട്ടിയുമുണ്ട്. നേതാവ് സടകുടഞ്ഞെഴുന്നേറ്റു.
‘അനുക്കുട്ടൻ, ഇവിടംവരെ വരൂ.’ നേതാവിന്റെ വിളി.
‘എന്താ നേതാവേ കാര്യം?’ അവൻ നേതാവിനെ സമീപിച്ചു.
‘ഈ നിഷാദകുമാരൻ പാവമല്ലേ അനുക്കുട്ടാ? ആ വരാലിങ്ങു താ.’
‘മേലു നനയാതെ മീൻ തിന്നാൻ പറ്റില്ലല്ലോ നേതാവേ.’ അനുക്കുട്ടൻ വഴങ്ങുന്ന മട്ടില്ല.
‘അനുക്കുട്ടാ, എനിക്ക് സുഖമില്ലെന്നറിയില്ലേ? പിന്നെ… ചിന്നക്കുട്ടിയുമായുള്ള വിവാഹം ഞാൻ മുൻകൈയെടുത്തു നടത്തിത്തരാം.’
ആ വാഗ്ദാനത്തിൽ അനുക്കുട്ടൻ വീണു. മുഴുത്ത വരാൽ നിഷാദന്റെ വായിൽ കിടന്നു പിടച്ചു.
‘പക്ഷേ, സുഖമില്ലെന്നു പറഞ്ഞ് കരയ്ക്കുനിന്നുള്ള ഈ മീൻപിടുത്തം നേതാവ് അവസാനിപ്പിക്കണം.’ അനുക്കുട്ടൻ ഓർമ്മിപ്പിച്ചു.
‘ക്വാ…ക്വാ..’ അതായിരുന്നു നേതാവിന്റെ പ്രതികരണം.
ആയിടയ്ക്കാണ് താറാവുകളുടെ ഉടമസ്ഥനായ കീവറീച്ചന്റെ മൂത്തമകൾ റോസിയുടെ കല്യാണം നിശ്ചയിച്ചത്. നേതാവു കാര്യങ്ങൾ കാലേക്കൂട്ടി മണത്തറിഞ്ഞു. എന്നിട്ട് നോട്ടക്കാരൻ ഔതയുടെ പിന്നാലെ കൂടി.
‘എന്താ നേതാവേ, വല്ല നിവേദനവുമുണ്ടോ?’
‘അതേയ്, നമ്മുടെ റോസിക്കൊച്ചിന്റെ കല്യാണം കേമമാക്കണം.’
‘അതിനു നേതാവെന്തിനാ എന്റെ പുറകെ നടക്കുന്നത്?’
‘അതേയ്, നമ്മുടെ അനുക്കുട്ടന്റെ ഇറച്ചി കല്യാണ സദ്യയ്ക്ക് ബഹുകേമമായിരിക്കും. വേറെയും നല്ല കൊഴുത്ത അഞ്ചാറു താറാവുകൾ
എന്റെ ലിസ്റ്റിലുണ്ട്. അവരെ തിരഞ്ഞുപിടിച്ച് കല്യാണസദ്യയ്ക്കു കൊണ്ടു പോവണം… അവരെ പിടിക്കുമ്പോൾ ഒരു പൊതുയോഗവും കൂടണം. ഞാൻ അദ്ധ്യക്ഷനാവാം. ചാവേറുകളായ താറാവുകളെ നിറുത്തി ഒരു ഫോട്ടോ എടുത്തു പത്രത്തിൽ കൊടുക്കാം. നിങ്ങളെ പുകഴ്ത്തി ഞാനൊരു പ്രസംഗവും കാച്ചിയേക്കാം.’
‘എല്ലാം നേതാവു പറഞ്ഞതുപോലെ’. ഔത സമ്മതിച്ചു. എങ്കിലും അനുക്കുട്ടനെ ഈ കുരുതിയിൽനിന്നൊഴിവാക്കണം. അവന് ചെറുപ്പമാണ്. കസേരയിൽ കുത്തിയിരുന്നു. ‘ക്വാ ക്വാ ‘ വയ്ക്കുമ്പോൾ അവനല്ലേ ഇരതേടിത്തരുന്നത്?’
നിഷാദകുമാരന് പിന്നെയും കുരുട്ടുബുദ്ധി തോന്നി. എങ്ങനെയും ചിന്നക്കുട്ടിയെ തട്ടിയെടുക്കണം. അനുക്കുട്ടനെ വകവരുത്തിയാലേ തന്റെ ലക്ഷ്യം നിറവേറുകയുള്ളൂ.
ഇതിന്നിടയിൽ നേതാവ് ചിന്നക്കുട്ടിയെ സമീപിച്ചു. ‘നീ എന്തിനാ എന്നും കഷ്ടപ്പെട്ട് മേലു നനയ്ക്കുന്നത്? ഞാൻ കരയിലിരുന്നു മീൻ തിന്നുന്നത് നീ കണ്ടില്ലേ? അതാണെന്റെ ബുദ്ധി.. നീ എന്റെ കൂടെ നടന്നോ. സമാജത്തിന്റെ അടുത്ത പരിപാടിയിൽ ഇഷ്ടംപോലെ പാടിക്കോ. നാടകത്തിൽ അഭിനയിച്ചോ. വേണ്ടിവന്നാൽ നമ്മുടെ സ്വാതന്ത്ര്യദിനത്തിൽ നിന്നെക്കൊണ്ട് ഞാൻ പതാകയും ഉയർത്തിക്കാം.’
‘ഫ, കള്ളനിഷാദാ, കൊത്തി നിന്റെ മുഖത്തിന്റെ ഷെയിപ്പു ഞാൻ മാറ്റും. നിന്നെയാരാടാ നേതാവാക്കിയത്? ഓടെടാ നാണം കെട്ടവനേ എന്റെ മുന്നിൽ നിന്ന്!’
നിഷാദൻ മുട്ടുകുത്തി, ‘ദൈവത്തെയോർത്തു ചിന്നക്കുട്ടി ഇതാരോടും പറയരുതേ. എന്റെ ഇമേജു കളയല്ലേ. എന്റെ പ്രതിച്ഛായയ്ക്കു മങ്ങലേൽപ്പിക്കല്ലേ, രക്ഷിക്കണേ, ഞാൻ പാവമല്ലേ?’
‘നീ ഇതുവരെയും പോയില്ലേ?’ ചിന്നക്കുട്ടി ആഞ്ഞടുത്തു. നേതാവ് വേറെ താവളം തേടി ഓടി
About The Author
No related posts.