s kunjumon

വാക്കുകൾ, വിമർശനങ്ങൾ മുറിവുകളുണക്കണം…എസ്.കുഞ്ഞുമോൻ, ആലപ്പുഴ

Facebook
Twitter
WhatsApp
Email

മാനവ ക്രൂരതയുടെ കാലത്താണ് നമ്മൾ ജീവിക്കുന്നത്. പ്രതികാരദാഹിയായി കോറോണയും എത്തിയിരിക്കുന്നു. നാവ് തീ കത്തിക്കുമെന്ന് പഴമക്കാർ പറഞ്ഞത് സത്യമാണ്. പരിസരബോധം മറന്ന് സാമൂഹ്യ വിഷയങ്ങളിൽ എന്തും വിളമ്പുന്നവരെ കാണാം. അതിന് വിശിഷ്ട വ്യക്തി എന്നില്ല. ചിലരാകട്ടെ ആത്മസംതൃപ്തിക്കായി, സമൂഹത്തിൽ പേര് നിലനിർത്താൻ എന്ത് വിഢിത്തവും പറയും അല്ലെങ്കിൽ എഴുതും. ഇവർക്ക്മ മറ്റുള്ളവരുടെ സമയം അപഹരിക്കാൻ ഒട്ടും മടിയില്ല. ഇവരെ പ്രോത്സാഹിപ്പിക്കുന്നവരുമുണ്ട്. എന്ത് എഴുതിയായാലും വാഴ്ത്തിപ്പാടുന്നവർ. ഈ സുഖിപ്പിക്കുന്ന ഏർപ്പാട് കുടുതലും കാണുന്നത് സോഷ്യൽ മീഡിയയിലാണ്.

എന്ത് അസത്യമെഴുതിയാലും അതുപോലെ വിശ്വസിക്കുന്നവരുണ്ട്. നിരപരാധികളെ കുറ്റവാളിയാക്കാനും ഇവർക്ക് മടിയില്ല. ഇത്തരത്തിൽ നിറംപിടിപ്പിക്കുന്ന കഥകൾ ചില മാധ്യമങ്ങളും തട്ടിവിടാറുണ്ട്. സത്യത്തിൽ വാക്കുകൾകൊണ്ട് ഒരാളെ മുറിവേൽപ്പിക്കുക ക്രൂരതയാണ്. ഇവർ എത്രയോ മനുഷ്യരെ ആശയക്കുഴപ്പത്തിലാക്കുന്നു. ഉന്നത സംസ്കാരം പുലർത്തുന്നവരുടെ സംസാരത്തിലും എഴുത്തിലും ഒരു സംസ്കാര സമ്പന്നത കാണാം. അവരുടെ വാക്കുകളിൽ വിവേകം എപ്പോഴുമുണ്ട്.

സാമൂഹ്യ രംഗത്ത് ശക്തമായി ഇടപെടുന്നവരും സ്വാധീനം ചെലുത്തുന്നവരുമാണ് എഴുത്തുകാർ. അവരുടെ കൃതികളെ അളന്നുമുറിച്ചു ഖന മന നിരൂപണപദ്ധതികളുമായി ചേർത്തുവച്ച് വിധിനിർണ്ണയം നടുത്തുന്ന നിരൂപകർ സാഹിത്യത്തിന് എന്നും ഒരു മുതൽക്കൂട്ടാണ്. അവിടെ വിമർശനത്തിന്റെ സത്യസന്ധത തെളിനീരിൻറ നിർമലതപോലെ തെളിഞ്ഞു കാണണം. അത് എഴുത്തുകാരനെ പുകഴ്ത്താനും ഇകഴ്ത്താനുമുള്ളതല്ല. നിരൂപകർ എല്ലാക്കാലത്തും എഴുത്തിനെയും എഴുത്തുകാരനെയും ശരിയായ ദിശയിൽ വഴിനടത്തിയിരുന്നു.

ഇന്ന് എഴുത്തുകാരന്റെ ജീവിതം പ്രതിജനഭിന്നമാണ്. ബഹുസ്വരതയുടെ സിംഫണി എന്നതിനെ ലളിതമായി നിർവ്വചിക്കാം. എഴുത്തുകാരൻ അവന്റെ സർഗ്ഗാകമായ സാദ്ധ്യതകളെ പ്രതിഭയുടെ കനലുരുക്കംകൊണ്ട് അനുഭവത്തിന്റെ വിവിധ ജ്വാലാമുഖങ്ങൾ സൃഷ്ടിക്കുന്നു. അത് നോവൽ, കഥ, കവിത,നാടകം എന്നീ പാരമ്പര്യനിഷ്ഠവും സർഗാകവുമായുള്ള മേഖലകളിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ഒന്നല്ല. അവിടേക്ക് ചരിത്രവും ശാസ്ത്രവും മാനവികവിഷയങ്ങളും കടന്നു വരുന്നു. ഇത് സാഹിത്യത്തിൽ ഏറെ പുതുമയുള്ളതും വൈജ്ഞാനികഭദ്രവുമായൊരു അനുഭവമാണ് നൽകുക. ഇതിന്റെ മുഖ്യപ്രത്യേകത, സർഗ്ഗസാഹിത്യവുമായി ബന്ധമുള്ള ഒരാൾ ഇത്തരം വൈജ്ഞാനികരചനകൾ കൈകാര്യം ചെയ്യുന്നു എന്നുള്ളതാണ്. അങ്ങനെ വരുമ്പോൾ രചനകൾ ശ്രദ്ധേയങ്ങളായിത്തീരും. അത്തരം രചനാവേളകളിൽ എഴുത്തുകാർ, ഈ ആധുനികയുഗത്തിൽ ആശ്രയിക്കുന്നത് ഇൻറർനെറ്റിനെയാണ്. എന്നാൽ ഇൻറർനെറ്റിൽ നിന്നു ലഭിക്കുന്ന വിവരങ്ങളെ അപ്പാടെ ആശ്രയിക്കാനാവില്ല. അവയിൽ പലതും തെറ്റായ വിവരങ്ങളുടെ കൂമ്പാരങ്ങൾ കൂടിയാണ്. ചതിയിൽ പെടാനുള്ള സാദ്ധ്യതകൾ വളരെക്കൂടുതലാണ്. എന്നാൽ എഴുത്തുകാരുടെ വിപുലമായ വിജ്ഞാനബോധം അതിനെ ധീരമായി തന്നെ മറികടക്കുന്നുണ്ട്.
.
ഇത്തരം വൈജ്ഞാനികരചനകൾക്ക് സംഭവിക്കുന്ന ‘പിഴവുകളെ’ വിലകുറഞ്ഞ വിമർശനങ്ങൾകൊണ്ട് നേരിടുന്ന കാഴ്ച സങ്കടകരമാണ്. വിമർശനം ആരോഗ്യകരമായിരിക്കണം. അതു ആരെയും അധിക്ഷേപ്പിക്കാനുള്ളതല്ല. സത്യസന്ധതയുള്ളതായിരിക്കണം. എന്നാൽ ‘വിമർശകർ’ എന്ന പേരിൽ പ്രത്യക്ഷപ്പെടുന്ന കൂപമൂകങ്ങളെ ഓർത്ത് പരിതപിക്കാനാണ് തോന്നുന്നത്. ഇന്ത്യയിയിൽ ആദ്യമായ് പിറന്ന വാൽമീകി രാമായണത്തെപ്പറ്റിയും വിമർശനമുണ്ട്. എഴുത്തച്ഛനെ മലയാള ഭാഷയുടെ പിതാവായി അറിയപെടുമ്പോൾ അതിനു മുൻപ് ചെറുശേരി അതിനു തുല്യൻ എന്നു വിളിച്ചു പറയുന്നവരുണ്ട്. ഈ വിമർശന നിരൂപണ മേഖലകളിൽ വിശാലമായ ഒരു നീതിബോധമുണ്ട്. അവർ ഉപയോഗിക്കുന്ന അക്ഷരമാലകൾ പരിശോധിച്ചാൽ അതിന്റെ തെളിമ തിട്ടപ്പെടുത്താൻ സാധിക്കും.

ജനാധിപത്യ൦ പോലെ ഭാഷക്കും സർഗ്ഗപരമായ ഒരു ജനകിയ മാനമുണ്ട്. അത് എല്ലാം മത രാഷ്ട്രീയ രംഗങ്ങളിൽ പ്രവർത്തിക്കുന്നവരിലുണ്ട്. സമൂഹത്തിൽ, വ്യക്തിയിൽ നീറുന്ന പ്രശ്നങ്ങൾ വരുമ്പോൾ ജനങ്ങൾക്കിടയിൽ ആളിപ്പടർത്തി അപമാനിക്കാനുള്ളതല്ല. അവിടെ നടക്കുന്ന വഷളൻ സമീപനങ്ങൾ ഏതോ ആഭിചാരകർമ്മത്തിൻറ മുഖം തുറന്നു കാട്ടുന്നു. നമ്മുടെ ഭാഷ കോമാളിത്തരങ്ങൾ പറഞ്ഞു ചിരിക്കാനുള്ളതുമല്ല. . വ്യക്തിത്വമുള്ളവരുടെ വാക്കുകൾ ഒരു പുഷ്പംപോലെ അതിമനോഹരമാണ്. നമ്മിലെ തെറ്റുകുറ്റങ്ങൾ പുറത്തുകൊണ്ടുവരുന്നവരാണ് വിലയേറിയ നിർദ്ദേശങ്ങൾ നൽകുന്നത്. കപട ലക്ഷ്യങ്ങളും അത്യഗ്രഹങ്ങളും അവരിൽ കാണില്ല. അവരിൽ കുടിയിരിക്കുന്നത്, ഉപാസിക്കുന്നത് സത്യമാണ്. അതിനു മനുഷ്യൻറ തലച്ചോർ ഉജ്വലശോഭയോട് പ്രവൃത്തിക്കണം.
ആ കൂട്ടരേ ബുദ്ധിജീവികൾ എന്നറിയപ്പെടും.

ഈ ലോകത്തു് തിരുത്താനാകാത്ത ഒന്നുമില്ല. അവിടെ മൂർച്ചയേറിയ വാക്കുകൾ എന്തിനാണ്? അസംതൃപ്തിയും അസഹിഷ്ണതയും എന്തിനാണ്? നമ്മുടയെല്ലാം മനസ്സിനെ കാർന്നു തിന്നുന്ന വാക്കുകൾക്ക് ഒരു നിയന്ത്രണമുണ്ടായാൽ ഏത് ദുർഗ്ഗട വേളയിലും മറ്റുള്ളവരെ തുറന്ന മനസ്സോടെ കാണാനും സ്‌നേഹിക്കാനും സാധിക്കും. എഴുതുമ്പോൾ അക്ഷരത്തെറ്റുപോലെ നാവിൽ നിന്ന്വാ വരുന്ന വാക്കുകളും തെറ്റാറുണ്ട്. അനീതി കണ്ടാൽ അംഗീകരിക്കപ്പെടണമെന്നല്ല അതിനേക്കാൾ വാക്കുകൾക്കെന്നും ഒരു അതിർ വരമ്പുണ്ട്. അറപ്പും വെറുപ്പുമുള്ള വാക്കുകൾ വിവേകികൾ ബോധപൂർവ്വം തമസ്കരിക്കാറുണ്ട്. . നമ്മുടെ നാവിൽ നിന്ന് പുറപ്പെടുന്ന വാക്കുകൾ ക്രൂരവും മറ്റുള്ളവരുടെ മനസ്സിൽ ആണിപോലെ ചെന്ന് തറക്കുന്നതുമാകരുത്. വ്യക്തിയെക്കാൾ ആശയത്തോടെയാണ് പൊരുതേണ്ടത്.

About The Author

Leave a Reply

Your email address will not be published. Required fields are marked *