ആനി ഈയിടെയായി വലിയ ദു:ഖത്തിലാണ്. തൻ്റെ പ്രിയപ്പെട്ട സുഹൃത്താണ് മാലിനി. കൈരളീയം സാഹിത്യ ഗ്രൂപ്പിലെ സ്ഥിരാംഗങ്ങളാണ് അവർ. രണ്ടുപേരും സാഹിത്യ രചനകൾ ഒക്കെ നടത്താറുണ്ട്. എന്നാൽ പുരസ്ക്കാരമഴ ഇടീംവെട്ടി മിന്നിമിന്നീ തിമിർത്തു പെയ്യുന്ന ഈ കാലയളവിൽ തങ്ങൾക്കു രണ്ടുപേർക്കും മാത്രം… ങ് ഹേ…. ആരുതരാനാണ്?
അങ്ങനെ കൊതി പിടിച്ചിരിക്കുമ്പോഴാണ്, മാലിനി വിളിക്കുന്നത്. “എടീ ആനിനിനക്ക് വാസു നിർഭയനെ പരിചയമുണ്ടോടീ? ….
നമ്മുടെ ഗ്രൂപ്പിലെ ജോൺസി മേമന എന്നെ ഫോൺ വിളിച്ചു പാഞ്ഞു; നിർഭയന് അഞ്ഞൂറു രൂപയും ഒരു ഫോട്ടോയും കൊടുക്കാൻ. എനിക്കൊരു അവാർഡുണ്ടെന്ന്. അതെങ്ങനെയാ കൊടുക്കേണ്ടതെന്ന് അറിയില്ല. നിനക്ക് പരിചയമുണ്ടെങ്കിൽ വാസുവിൻ്റെ നമ്പർ തരാമോ?”
“ഓ യേസ്. നിർഭയൻ വളരെ നല്ല മനുഷ്യനാണ്, എൻ്റെ സ്നേഹിതനാണ്. നമ്പർ ഞാൻ വാട്സാപ്പു ചെയ്യാം.”
“എടീ എനിക്കൊരു പരിചയോമില്ല ഇപ്പറഞ്ഞ വാസൂനോട്…. മേമനയാണെങ്കിൽ, ഇപ്പോഴൊട്ട് ഫോൺ എടുക്കുന്നുമില്ല.
ഉറ്റ സുഹൃത്തല്ലേ മാലിനി. നിർഭയനുമായും മാന്യമായ ഒരു സൗഹൃദമുണ്ട്. ആ ധൈര്യത്തിൽ ആനി വിളിച്ചു. മേമന മാലിനിയോട് പറഞ്ഞതിൻ പ്രകാരം.. മാലിനി പറഞ്ഞ കാര്യങ്ങളൊക്കെ നിർഭയനോട് പറഞ്ഞു. എങ്ങനെയാണ് പണം അവൾ ഇട്ടു തരേണ്ടത് എന്നു ചോദിച്ചയുടൻ നിർഭയൻ്റെ തനി സ്വരൂപം പുറത്തുവന്നു. താൻ ഇതുവരെ കണ്ട നിർഭയൻ എത്ര ശാന്തസ്വരൂപനായിരുന്നു. ദൈവമേ പേടിച്ചു പോയി.
അദ്ദേഹം തന്നെ ആകെ തെറ്റിദ്ധരിച്ചിരിക്കുന്നു. തന്നെ ഒരു മൂരാച്ചിയായി കണ്ടിരിക്കുകയാണ്. സഹിക്കാൻ പറ്റിയില്ല. നല്ല ഒരു സൗഹൃദം ഉലയുന്നതിൻ്റെ വേദന അവൾക്ക് താങ്ങാനാവുന്നതല്ല, വളരെ വലുതാണ്. കുറെ നേരം മൂകയും ബധിരയുമായി … അസ്തപ്രജ്ഞയായി ഇരുന്നിട്ട് അവൾ ഫോണെടുത്തു പ്രിയ കൂട്ടുകാരിയെ വിളിച്ചു: “മാലൂ ആ മേമന നല്ല മനുഷ്യനാണ് …. അയാളോടു തന്നെ ചോദിയ്ക്കൂ…. അയാളല്ലെ നിന്നെ കൊതിപ്പിച്ചത്. എങ്ങനെയാ പണം കൊടുക്കേണ്ടതെന്ന് … “
” അതെന്നാടി നിനക്കൊന്നു ചോദിച്ചാല് … ഞാൻ വിളിച്ചിട്ട് നിർഭയൻ തിരക്കാണ് എന്നു പറഞ്ഞ് ഫോൺ വച്ചെടാ … ,എന്നോട് എന്തോ പിണക്കം പോലെ.
ആനി മാലിനിയോട് ഒന്നും വിട്ടു പറഞ്ഞില്ല. കാരണം ആനിക്കറിയാം കഴിഞ്ഞ വർഷം ഒരു വലിയ സാഹിത്യകാരൻ്റെ പേരിലുള്ള ഒരു അവാർഡ് നിർഭയൻ തനിക്ക് വച്ചുനീട്ടി നിർബ്ബന്ധിച്ചതാണ്. പക്ഷേ സംഭാവന കൊടുക്കാൻ തന്റെ കയ്യിൽ ഒന്നും ഇല്ലാണ്ടായിപ്പോയി. നേരെ ചൊവ്വേ കഞ്ഞികുടിയ്ക്കാൻ മാർഗ്ഗമില്ലാത്ത താൻ എങ്ങനെ സംഭാവന കൊടുത്ത് പുരസ്ക്കാരങ്ങൾ വാങ്ങും. അങ്ങനെ കഴിഞ്ഞ നാലു വർഷങ്ങളിലായി പന്ത്രണ്ട് അവാർഡുകൾ നിരസിച്ചു.
ഷോകേസിൽ വയ്ക്കാൻ കൊള്ളാവുന്ന അതിമനോഹരമായ മെമൻ്റോകൾ.. വീട്ടിൽ വരുന്ന അതിഥികൾക്കും മക്കൾക്കും എന്നും കാണാമായിരുന്നു സാധിച്ചില്ല. പുരസ്ക്കാരദാതാക്കളെല്ലാം പരസ്പരം സ്നേഹിതരാണ്. അവർ പല മീറ്റിംഗുകളിലും ഒത്തുകൂടി. കീർത്തിപത്രം വായ്ക്കപ്പെടേണ്ട സ്ഥാനത്ത് അവർ തൻ്റെ കുറ്റപത്രം വായിച്ചു. ചിലർ പൊടിപ്പും തൊങ്ങലും വച്ച് തലപ്പാവുകൾ തനിക്കു നെയ്തു തന്നു, തൻ്റെ തലയിൽവച്ചു തന്നു. പലരും അഹങ്കാരിയെന്നു തന്നെ മുദ്രകുത്തി തൻ്റെ പേരിൽക്കൂട്ടിത്തന്നു.
രസകരമായ ഒരു സംഭവമുണ്ടായി. ഒരു വൻ ജുവല്ലറി സ്പോൺസർ ചെയ്യുന്ന വൻതുകയുടെ ഒരവാർഡ്, താൻ ഏറ്റവും ബഹുമാനിച്ച സാഹിത്യകാരൻ്റെ പേരിലുള്ള അവാർഡാണ്. പത്രത്തിൽക്കണ്ടു മൂന്നു പുസ്തകം അയച്ചുകൊടുത്തു. പെട്ടെന്നു തന്നെ മറുപടിയും വന്നു. മാഡം ഒന്നും രണ്ടും മൂന്നും വായന കഴിഞ്ഞു. മാഡത്തിൻ്റെ പുസ്തകം സെലക്ടു ചെയ്തു. അത് എഴുതാനുണ്ടായ സാഹചര്യമെന്താണ്? അവാർഡുദാന ദിവസം അതൊക്കെ അല്പമൊന്നു വിവരിക്കണം. വലിയ സാഹിത്യകാരന്മാരുടെ നീണ്ടനിര, സിനിമാലോകത്തെ പ്രഗത്ഭരും പ്രശസ്തരും, മുഖ്യമന്ത്രി, സാംസ്കാരിക വകുപ്പുമന്ത്രി ഒക്കെയുള്ള ചടങ്ങിലാണ് അവാർഡ്. താൻ സന്തോഷം അടക്കാൻ വയ്യാതെ ഫോണും പിടിച്ചോണ്ട് ഉച്ചത്തിൽ സന്തോഷ വാർത്ത കുടുംബാംഗങ്ങളെ അറിയിച്ച് തൻ്റെ പുരയുടെ ചുറ്റും മണ്ടിനടന്നു. അയല്ക്കാരൊക്കെ ഒന്നറിയട്ടെ. സന്തോഷം അടക്കാനാവുന്നില്ല.
പെട്ടെന്നാണ് ഒരു ഫോൺ കോൾ. മാഡം പൊട്ടിച്ചിരിക്കുന്ന ഒന്നു രണ്ടു ഫോട്ടോസ് വേണം … അതും എളുപ്പത്തിൽ കൊടുത്തു. അടുത്തതായി വേറൊരാളാണ് കാൾ ചെയ്തത്.
“ഹലോ ആനി സ്വർണ്ണക്കാരനല്ലേ,”
“അതേല്ലോ… ആനിയാണ്”
“ജോയി സ്വർണ്ണക്കാരൻ്റെ ആരാണ് ?”
” ഭാര്യയാണ്”
” അപ്പോൾ സാർ പറഞ്ഞത് ശരിയാണല്ലോ”
” സാർ എന്താണ് പറഞ്ഞത് “
“ജോയി സ്വർണ്ണക്കാരൻ്റെ ഭാര്യയാണെന്ന്… അത് ഒരു പ്ലസ് പോയിൻ്റാണ് മാഡം”
” എന്ത് ?”
… “പുസ്തകം എല്ലാർക്കും ഇഷ്ടപ്പെട്ടതാണ്… പിന്നെ പ്രത്യേകിച്ച് ജോയി സാറിൻ്റെ വൈഫല്ലേ”
ആനിക്കു മനസ്സിലായി ഇവർക്ക് ആളു തെറ്റിപ്പോയി. ഇവർ ഉദ്ദേശിക്കുന്നത് കേരളത്തിലും ഗൾഫിലുമായി ജുവല്ലറികൾഉള്ള ജോയി സ്വർണ്ണക്കാരനെയാണ്. പാവം തൻ്റെ ഭർത്താവും താനും ദിവസങ്ങൾ ഉന്തിത്തള്ളാൻ കഷ്ടപ്പെടുന്നവർ. ,,മക്കളുടെ നിസ്സാര ആഗ്രഹങ്ങൾക്കു മുമ്പിൽ പകച്ചു നില്ക്കുന്നവർ.
ആനി ഫോണെടുത്തു തിരിച്ചു വിളിച്ചു.
” ഹലോ സാർ, ഞാൻ ആനിയാണ്”
” ആ… മാഡം, പറഞ്ഞോളൂ “
യേശു ശിഷ്യന്മാരോട് ചോദിച്ചതു പോലെ അവൾ ചോദിച്ചു:
“നിങ്ങൾ എന്നെ ആരായി കാണുന്നു?”
പുകമറനീക്കണമല്ലോ… ?നാളെ ആരേം ചതിച്ചെന്നു കേൾപ്പിക്കരുത്.
” ജോയി സ്വർണ്ണക്കാരൻ്റെ “
“അതേയ്.. നിങ്ങൾ ഉദ്ദേശിക്കുന്ന ഗൾഫിലും കേരളത്തിലും ജുവല്ലറികൾ ഉള്ള സ്വർണ്ണക്കാരൻ്റെ ഭാര്യയല്ല ഞാൻ. അന്നന്നത്തെ അപ്പം തേടി അലയുന്ന ഒരു സാധു മനുഷ്യൻ്റെ …. ഒരു പാവപ്പെട്ട സ്വർണ്ണക്കാരൻ്റെ ഭാര്യയാണ് “
“എന്താ മാഡം തമാശ പറയുകയാണോ?”
“സത്യമാണ് “
” ഡോക്ടറിൻ്റെ … പിതാവിൻ്റെ … ജുവല്ലറികൾ, കൺസ്ട്രക്ഷൻസ്….”
“അല്ലെന്നേ
അവരുടെയൊന്നും ആരുമല്ല ഞാൻ “
” എന്താഹേ നിങ്ങൾ ആളെ പറ്റിക്കുകയാണോ?”
“ഞാൻ പറ്റിച്ചില്ലല്ലോ സാർ, പത്രത്തിൽക്കണ്ടു പുസ്തകം അയച്ചു അത്ര മാത്രം. ബാക്കിയൊക്കെ നിങ്ങളുടെ സങ്കല്പം”
അയാളുടെ ചീത്ത വിളികൾ കേൾക്കാൻ ആവതില്ലാതെ ചെവി പൊത്തിക്കൊണ്ട് അവൾ ധൃതിയിൽ ഫോൺ ഓഫുചെയ്തു.
അങ്ങനെ അവാർഡു മോഹങ്ങൾ ഒന്നൊന്നായി കൊഴിഞ്ഞുവീണ അവൾ അവാർഡുകളെ വെറുത്തു. പുരസ്ക്കാര വെറുപ്പുകൾ അതിൻ്റെ ഉച്ചസ്ഥായിയിലെത്തി നില്ക്കുമ്പോഴാണ് മാലുവിൻ്റെ അവാർഡു കാര്യം അറിയുന്നതും സഹായിക്കാമെന്നേറ്റതും.
നിർഭയൻ തന്നെ തെറ്റിദ്ധരിച്ചിട്ടുണ്ടാകുമോ? ആവോ ആർക്കറിയാം. എല്ലാവരും വെറുക്കട്ടെ. എന്നാലും താൻ എഴുതും. ഭഗവത് ഗീത പറയുന്നു;
“കർമ്മം ചെയ്യുക നമ്മുടെ ലക്ഷ്യം കർമ്മഫലം തരും ഈശ്വരനത്രേ…..
കർമ്മണ്ണ്യേ വാദിഗാരസ് തേ മാ ഫലേഷു കഥാചലാ “
ആനി എഴുത്തു തുടർന്നു കൊണ്ടേയിരിക്കുന്നു. പുറത്തെ ആരവാരങ്ങളൊന്നുമറിയാതെ..
പുറത്ത് ഇടിയുടെയും മിന്നലിൻ്റെയും അകമ്പടിയോടെ പുരസ്ക്കാരമഴ തകർത്തു പെയ്യുന്നു; ആനിയുടെ പ്രിയപ്പെട്ട സൗഹൃദങ്ങളൊക്കെയും പുരസ്ക്കാരമഴയിൽ നനഞ്ഞുനനഞ്ഞു കുതിർന്നൊലിച്ചുനടക്കുന്നു.
…..,,,,,,,…..
About The Author
No related posts.