ഒരു ബൂസ്റ്റിന്റെ കുപ്പിയും , ആപ്പിളും ഓറഞ്ചും നിറച്ച പൊതികളും അന്നമ്മ ടീച്ചറിന്റെ കയ്യിലേക്ക് അമ്മ കൈമാറുന്നത് അത്ഭുതത്തോടെ മാലു മോൾ നോക്കി നിന്നു. അതിൽ നിന്നും ഒരു ഓറഞ്ച് കിട്ടിയിരുന്നെങ്കിൽ എന്ന ആശയോടെ അവൾ അമ്മയുടെ സാരിത്തുമ്പിൽ പിടിച്ചു വലിച്ചു കൊണ്ടേയിരുന്നു.
” കൊച്ച് ആരോടേലും പറയുവോ . എന്തോ… ജോലിക്ക് പോകാനുള്ള നിങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കി ഒന്ന് കണ്ണടച്ചു വിടുവാ .. ഇതിന്റെയൊന്നും ആവശ്യമില്ലായിരുന്നു. കട്ടി ക്കണ്ണട കയ്യിലെടുത്ത് ഗൗരവം വിടാതെ അവർ പറയുന്നത് ഇഷ്ടപ്പെടാത്ത മട്ടിൽ വീണ്ടും
അവൾ അമ്മയുടെ സാരിത്തുമ്പിൽ പിടിച്ചു വലിച്ചു കൊണ്ടേയിരുന്നു.
” അടങ്ങി നിൽക്കടി. ഇപ്പോൾ തന്നെ
ഓഫീസിലെത്താനുള്ള നേരം വൈകി. ”
” കൊച്ച് ബാ അപ്പുറത്ത് കൂട്ടുകാരെല്ലാം കളിക്കുന്നുണ്ട് ” ടീച്ചർ അവളുടെ കൈ പിടിച്ച് കളിപ്പാട്ടങ്ങൾ നിറഞ്ഞു കിടക്കുന്ന ഒരു മുറിയിലേക്ക് കൊണ്ടുപോയി. അതായിരുന്നു അവളുടെ സ്കൂൾ പ്രവേശനം.അവിടെ പുതിയ കൂട്ടുകാർക്കൊപ്പം കളിച്ചും ,രസിച്ചും അവളുടെ ബാല്യകാലം കടന്നു പോയി.
ജൂൺ മാസം 29 ന് ജനിച്ച അവളുടെ
ജനനത്തീയ്യതി മെയ് മാസം 29 എന്നാക്കി
സ്കൂൾ അഡ്മിഷൻ നേടിയെടുത്ത അമ്മയുടെ കുതന്ത്രത്തെക്കുറിച്ചോർക്കുമ്പോൾ മാലിനിക്ക് ഇന്നും ചിരി വരാറുണ്ട്.
“അമ്മ അന്ന് കാണിച്ചത് ഒട്ടും ശരിയായില്ലാട്ടോ, ബൂസ്റ്റും. ഓറഞ്ചും
അന്നമ്മ ടീച്ചറിന് കൈക്കൂലി കൊടുത്ത്
സ്കൂൾ അഡ്മിഷൻ ശരിയാക്കിയെടുത്തതേ …” അമ്മയെ ദേഷ്യം പിടിപ്പിക്കുവാനായി അവളിടക്ക് ഒക്കെ പറയും.
“പിന്നെ ഞാനെന്തു വേണമായിരുന്നു. ഇന്നത്തെപ്പോലെ അന്നു ‘ക്രഷോ വല്ലതും
ഉണ്ടോ .? കൊച്ചിനെ നോക്കാൻ ആരുമില്ലാതെ വന്നപ്പോഴാണ് നഴ്സറിയിൽ ആക്കിയേക്കാമെന്ന് വിചാരിച്ചത് ” .
About The Author
No related posts.