9:16 :“യഹോവ തന്നെത്താൻ വെളിപ്പെടുത്തി ന്യായവിധി നടത്തിയിരിക്കുന്നു.ദു:ഷ്ട്ൻ സ്വന്ത കൈകളുടെ പ്രവർത്തിയിൽ കുടുങ്ങിയിരിക്കുന്നു”-.തന്ദ്രിനാദം.സേലാ.
പുരയിടത്തിലെ പഴയ ഓടിട്ട വീടിന്റെ അകത്തേക്ക് പൗലോസ് കടന്നു ചെന്നപ്പോൾ കടുത്ത നിശബ്ദതയിൽ പൊടുന്നനെ എവിടെനിന്നോ ആ പ്രാർത്ഥനാ ശ്ലോകം അയാളുടെ കാതുകളിൽ വന്നലച്ചു.അവിടെ എല്ലാം അമ്മച്ചി നിറഞ്ഞു നിൽക്കുന്നതുപോലെ അയാൾക്ക് തോന്നി…ഇരുണ്ട മുറികൾ,നിറയെ പൊടിപടലങ്ങളും മാറാലയും.പടർന്നു കിടക്കുന്ന മാറാലകൾ കൈകൊണ്ടു വകഞ്ഞു മാറ്റി അയാൾ ചിതലരിച്ച ജനാലപ്പാളികൾ മലർക്കേ തുറന്നിട്ടു. അകത്തേക്ക് ചെറുകാറ്റ് തല്ലിയലച്ചു കയറി.
“ ഏലിപ്പെണ്ണേ…”- അകത്തുനിന്നും അപ്പച്ചന്റെ വിളി അയാൾ വ്യക്തമായിക്കേട്ടു.
അടർന്നു വീഴാറായ ജനാലയുടെ അഴികളിൽ പിടിച്ചു അയാൾ വിദൂരതയിലേക്ക് നോക്കി നിന്നു.പിന്നെ വരാന്തയിൽ ഇപ്പോഴും കിടക്കുന്ന അപ്പച്ചൻ ഇരുന്നിരുന്ന കേടു വന്നിട്ടില്ലാത്ത്ത ചാരുകസേരയിൽ പൊടി തട്ടിക്കുടഞ്ഞു ചാരിയിരുന്നു…
വസന്ത കാലത്തിലേക്ക് മനസുകൊണ്ടുള്ള മടക്കം…ഓർമ്മകൾക്ക് എന്ത് സുഗന്ധം. ബാല്യത്തിലെ സുവർണ്ണ നിമിഷങ്ങളുടെ താഴ്വാരത്തിലൂടെ അയാൾ ഏകനായി യാത്ര ചെയ്യാറുണ്ട്.പൗലോസിനെ സംബന്ധിച്ചിടത്തോളം ഇതൊരു അത്താണിയാണ്.മനസ് കൈവിട്ടുപോകുമ്പോൾ തിരികെ ജീവിതത്തിലേക്ക് വലിച്ചടുപ്പിക്കുന്ന അദൃശ്യ ശക്തികൾ ഉറങ്ങുന്ന മണ്ണും വീടും…അവിടെ എല്ലാം അപ്പച്ചനുണ്ട്, അമ്മച്ചിയുണ്ട് അവരുടെ അടങ്ങാത്ത സ്നേഹവും വിശ്വസവും സത്യവുമുണ്ട്… അമ്മച്ചി മുടിയിഴകളിൽ തലോടുന്നു.വിവരണാധീതമായ ഒരു സമാധാനം ലഭിക്കുന്നു.മനസ്സിൽ അടക്കിവെക്കപ്പെടുന്ന സങ്കടകടലുകൾ ആവിയായി പ്പോകുന്നു.ഭൂമിയിലെ സ്വർഗ്ഗമായിരുന്നല്ലോ തന്റെ കുട്ടിക്കാലം.
പട്ടാളക്കാരനായിരുന്ന പൗലോസ് അവധിക്കു വരുമ്പോൾ തന്റെ കുട്ടിക്കാലത്തെ ആ പഴയ വീട്ടിലേക്കു ഒറ്റയ്ക്ക് വരിക പതിവായിരുന്നു.ആത്മ ബന്ധങ്ങൾ,അത് ചിതലെടുത്തു നശിക്കാറില്ലല്ലോ.
നാൾ കഴിയുന്തോറും പരിമളം ഏറും…..
അപ്പച്ചൻ നല്ല മുച്ചീട്ടുകളിക്കാരനായിരുന്നു…!!
അമ്മച്ചി നല്ല സ്നേഹമുള്ളവളായിരുന്നു….
അപ്പച്ചൻ എന്ത് ചെയ്താലും അതിനെല്ലാം കട്ട സപ്പോർട്ടായിരുന്നു നാട്ടുകാർ ഏലിയാമ്മ എന്നും അപ്പച്ചൻ “ഏലിപ്പെണ്ണേ”- എന്നും വിളിച്ചിരുന്ന അമ്മച്ചി.
ഹൈറേഞ്ച് ആയതുകൊണ്ട് നല്ല തണുപ്പുണ്ടായിരുന്നു കുട്ടിക്കാലത്തു…
പറമ്പിൽ നിന്നും കട്ടൻ കപ്പ പറിച്ചു തലേന്ന് വെള്ളത്തിലിട്ടു രണ്ടു വട്ടം തിളപ്പിച്ച് വാർന്നു കാട്ടുകളഞ്ഞ കപ്പ പുഴുക്കും കാന്താരിയും കൂടെ കട്ടി തൈരും തരുമായിരുന്നു.ചിലപ്പോഴൊക്കെ ചന്തയിൽ നിന്നും വാങ്ങിയ ഉണക്ക മീനും…ആഴ്ച അവസാനമാകുമ്പോൾ മീൻ കാണില്ല പകരം മീൻ തല ചുട്ട ചമ്മന്തിയും.പച്ച മീൻ ഒരു ദിവസമേ കാണുള്ളൂ ..അത് ഞായറാഴ്ച മാത്രം ..അന്ന് വീട്ടിൽ ഉത്സവമാണ് .
എല്ലാവര്ക്കും വയർ നിറച്ചു കഴിക്കാമല്ലോ…
അംഗങ്ങൾ ഒരുപാടുണ്ടല്ലോ… ആകെ പത്തു കുട്ടികളാണ്. അമ്മച്ചി അകെ പതിന്നാലു പ്രസവിച്ചിരുന്നു.നാല് പേര് ചത്തുകെട്ടുപോയി. ഉണ്ടായപ്പോഴേക്കു തന്നെ
അപ്പച്ചൻ ചിലപ്പോഴൊക്കെ പണിക്കു പോകും.
മിക്കവാറും കാലത്തേ വീട്ടിൽ നിന്നും അമ്മച്ചി ഉണ്ടാക്കിക്കൊടുക്കുന്ന കട്ടൻ കാപ്പിയും കുടിച്ചിട്ട് ഇറങ്ങും.നേരെ മുക്കവലയിലേക്കു.
അവിടെയാണ് അപ്പച്ചന്റെ തട്ടകം …
അവിടെ ശീട്ട് കളിക്കുന്ന ഒരു സംഘമുണ്ടാകും
അവിടെയിരുന്നു പകൽ മുഴുവനും ചിലപ്പോൾ രാത്രി എട്ടു മണിയോ ഒൻപതു മാണി വരെയോ …പിന്നെ ഒരു കുപ്പി അന്തി കള്ളും മോന്തി അപ്പൻ തിരികെ വീട്ടിലേക്ക്. അപ്പൻ എന്റെ അറിവിൽ ഇത് വരെ ആരോടും മോശമായിപെരുമാറിയതായി ഞാൻ കേട്ടിട്ടേയില്ല….
അദ്ദേഹത്തിന്റെ വരവ് കാത്തു അമ്മച്ചി ചൂട് വെള്ളവും അനത്തി ഇറയത്തു കാത്തിരിക്കുന്നുണ്ടാവും…
അപ്പച്ചൻ പടിക്കലെത്തുമ്പോഴേ ഒരു വിളിയുണ്ട്.. “ ഏലിപ്പെണ്ണേ…ന്ന്..”-
പലപ്പോഴും ഞങ്ങൾ വിചാരിച്ചിട്ടുണ്ട്, ഇതൊരു വല്ലാത്ത കെമിസ്ട്രി തന്നെ.ഇന്ന് വരെ അപ്പച്ചനും അമ്മച്ചിയും തമ്മിൽ പിണങ്ങിയിരിക്കുന്നതു ഞങ്ങൾ കണ്ടിട്ടില്ല. അപ്പച്ചൻ ചീട്ടു കളിയും കഴിഞ്ഞു വരുന്നത് വരെ അത് എത്ര രാത്രി വൈകിയാലും അമ്മച്ചി വരാന്തയിൽ പടിപ്പുര വെളിയിൽ വിളക്കണയ്ക്കാതെ കാത്തിരിക്കും. “ഏലിപ്പെണ്ണേ”-ന്നുള്ള വിളിക്കു കാതോർത്തു.
അപ്പച്ചനോട് ഇന്ന് വരെ അമ്മച്ചി “നിങ്ങൾ എവിടെ പ്പോയിരുന്നു എന്നോ ;എന്താ ഇത്ര താമസിച്ചിരുന്നതെന്നോ “-ചോദിച്ചതായി ഓർമ്മയിൽ ഇല്ല.
അതായിരുന്നു അമ്മച്ചിയും അപ്പച്ചനും.
അപ്പച്ചൻ കാലത്തു ചീട്ടു കളിയ്ക്കാൻ വീട്ടിൽ നിന്ന് പുറപ്പെടുമെന്നു പറഞ്ഞല്ലോ…
ഉച്ചയ്ക്ക് കാലമാകുമ്പോൾ അമ്മച്ചി ഒരു സ്റ്റീൽ പാത്രത്തിനകത്തു ചോറും വാഴക്ക മെഴുക്കു പുരട്ടിയും ചമ്മന്തിയും വെച്ച് മിക്കവാറും എന്നെ ആയിരിക്കും പറഞ്ഞു വിടുന്നത് അപ്പച്ചന് ഊണുമായി.അതിനുശേഷമേ അമ്മച്ചി കഴിക്കുകയുള്ളായിരുന്നു.
അന്നെനിക്കൊരു പഴയ,തുരുരുമ്പെടുത്ത മുക്കാൽ സൈക്കിൾ ഉണ്ടായിരുന്നു.ഞാൻ അതിലാവും അപ്പനുള്ള ആഹാരവുമായി യാത്ര ചെയ്തിരുന്നത്.മൂന്നും കൂടുന്ന ഒരു കവല
അവിടെ ഒരു ചായപ്പീടികയുണ്ടാവും,ഒന്നോ രണ്ടോ പലചരക്കു കടകളും, ഒരു മുറുക്കാൻ കട, ഒരു ബാർബർ ഷോപ്,ഒരു ഉണക്ക മീൻ കട കഴിഞ്ഞു ഇത്രയൊക്കെയുള്ളൂ.ഞങ്ങൾ അതിനെ സിറ്റി എന്നാണ് പറയുന്നത്.ഞങ്ങളുടെ സിറ്റിയുടെ പേരായായിരുന്നു ബാലൻപിള്ള സിറ്റി.അവിടെയുള്ള വലിയ കാട്ടുമാവിന്റെ ചുവട്ടിലെ തണലിൽ ഇരുന്നാണ് അപ്പച്ചനും സംഘവും ചീട്ടു കളിക്കാറുണ്ടായിരുന്നത്.ചോറിന്റെ വലിയ സ്റ്റീൽ പാത്രം കൊടുത്തു കഴിയുമ്പോൾ അപ്പച്ചൻ പറയും .
“പൗലൂ..നീ നാരായണന്റെ കടയിൽ പോയി ഒരു ചായയും നെയ്യപ്പവും കഴിച്ചൊ …”-ന്നു…..എന്ത് രുചിയായിരുന്നു നാരായണേട്ടന്റെ ചായക്കടയിലെ നെയ്യപ്പത്തിന്…
അങ്ങനെ ഒരുനാൾ ഞാൻ അപ്പച്ചന് ചോറുമായി പോകുകയാണ്.
ഇടവഴി കഴിഞ്ഞു പ്രധാന പാത വലിയ മണ്ണ് വഴിയാണ്…
ചാക്കോ മാഷുടെ വലിയ ഒരു വീടുണ്ടവിടെ …അവിടെ ഒരു വലിയ അൾസേഷൻ നായയുമുണ്ട്..വലിയ പൈസ കൊടുത്തു അദ്ദേഹം വാങ്ങിയതാണ്…പുരയിടത്തിനകത്താണ് അദ്ദേഹത്തിന്റെ വലിയ വീട്…
വൈകുന്നേരങ്ങളിൽ ഇതിനെ അഴിച്ചു വിടും…ആരെങ്കിലും ആ പുരയിടത്തിൽ കയറിയാൽ അവരുടെ കാര്യം കഴിഞ്ഞത് തന്നെ…ഒരു ഓലക്കീറു എടുക്കാൻ പോലും അതുകൊണ്ടു തന്നെ എല്ലാവരും ഭയപ്പെട്ടിരുന്നു.
കടിയനായ നായയെ ചിലപ്പോൾ പൂട്ടാൻ കിട്ടാറില്ല.അവൻ വീട്ടുകാരെ വെട്ടിച്ചു പാതയോരത്തു വന്നു കിടക്കും…അതിലെ ആരൊക്കെ പോയാലും അവരെ കടിക്കുകയും ചെയ്തിരിക്കും…അംങ്ങനെയുള്ള ഒത്തിരി സംഭവങ്ങൾ ഞാൻ കേട്ടിട്ടുണ്ട്.സാധാരണ അങ്ങനെ യുള്ള ദിവസങ്ങളിൽ നായയുടെ അടുത്ത് പോകാതെ വിദഗ്ദ്ധമായി തിരികെ പോവുകയും ചെയ്തിരുന്നു.ഞാൻ അപ്പച്ചന്റെ ഉച്ച ഭക്ഷണവുമായി അത് വഴിയെയാണ് സൈക്കിളിൽ പോകാറുള്ളത്. ഒരു നാൾ വരുമ്പോൾ അപ്രതീക്ഷിതമായി ആയി ഉൾകിടിലത്തോടെ അത് ഞാൻ കാണുകയുണ്ടായി.
ചാക്കോ മാഷിന്റെ അൾസേഷൻ നായ അതാ വെയിലുകൊണ്ടു പാതയോരത്തു കിടക്കുന്നു.അത്ര സുരക്ഷിതമല്ലാത്ത ദൂരത്തായതു കൊണ്ട് തിരികെ ഓടാനും കഴിയില്ല എന്നെനിക്കു മനസിലായി …
എന്നെ അമ്പരപ്പിച്ചത് അതല്ല.
നായ,.. അടുത്ത് വന്ന തന്നെ മൈൻഡ് പോലും ചെയ്യുന്നില്ല.സാദാരണ നായകൾ കുറച്ചു ചാടി വരില്ലേ, അതല്ലെങ്കിൽ മുരണ്ടു ശബ്ദ മുണ്ടാക്കില്ലേ…
ഇതൊന്നും ഉണ്ടായില്ല …
ഞാൻ വിചാരിച്ചു വെറുതെ ഓരോരുത്തർ എന്തൊക്കെ പറയുന്നു…ഞാൻ തന്നെ എന്തൊക്കെ ചിന്തിച്ചു കൂട്ടിയിരിക്കുന്നു…പലപ്പോഴും സത്യം യാഥാർത്യത്തിൽ നിന്നും എത്രയോ കാതം അകലെയാണ്.
എനിക്ക് ധൈര്യമായി… നായ അതിന്റേതായ ലോകത്താണ്…
ഞാൻ പതുക്കെ സൈക്കിളിൽ നിന്നും ഇറങ്ങി പാതയുടെ മറ്റേ അരികിലൂടെ സാവധാനം മുന്നോട്ടു സൈക്കിൾ ഉരുട്ടി…
നായ അതൊന്നും ശ്രദ്ധിക്കുന്നതേയില്ല എന്ന് മാത്രമല്ല ഇതൊന്നും താനെ വിഷയമേയല്ല എന്ന ഭാവത്തിലും… പാവം മൃഗം…എന്തെല്ലാം തെറ്റിദ്ധരിച്ചു…
സൈക്കിൾ ഉരുട്ടിക്കൊണ്ടു അത് കിടക്കുന്ന ഭാഗത്തെത്തി… യാതൊരു പ്രകോപനപരമായ ഭാവപ്പകർച്ചയുമില്ലാതെ നായ സാവധാനം എഴുന്നേറ്റു സൈക്കിളിനടുത്തേക്കു വന്നു.പിന്നെ എന്റെ കാലിൽ പതിയെ ഒന്ന് മണത്തു. ഞാൻ അവിടെ നിന്നു.നേരിയ ഭയത്താൽ എന്നെ ചെറുതായി വിറക്കുന്നുണ്ടായിരുന്നു.
പൊടുന്നനെ ചാക്കോ മാഷിന്റെ നായ എന്റെ കാലിന്റെ വലത്തേ ദശയുള്ള ഭാഗം നോക്കി ഒറ്റ കടി …. അസഹനീയമായ വേദനയോടെ ഞാൻ സൈക്കിൾ എറിഞ്ഞിട്ടു ഓടി നായ എന്റെ പിറകെയും ……..പിന്നെ ആരൊക്കെയോ ഓടിക്കൂടി എന്നെ അതിന്റെ ക്രൂരആക്രമണത്തിൽ നിന്നും രക്ഷിച്ചു…
അപ്പച്ചൻ അപ്പപ്പോഴും പറഞ്ഞു
എല്ലാ ജീവ ജാലങ്ങളും ഈ ഭൂമിക്കു വേണം. അതുങ്ങളെയും അതുകൊണ്ടല്ലേ കർത്താവ് പൊന്നു തമ്പുരാൻ സൃഷ്ട്ടിച്ചിരിക്കുന്നത്
സഹജീവികളോട് എന്നും കരുണയുള്ള അപ്പച്ചനും അമ്മച്ചിയും.ക്രിസ്തുമസ്സിനോ ഈസ്റ്ററിനോ ന്യൂ ഇയറിനോ ഒന്നും വീട്ടിൽ വളർത്തുന്ന കോഴിയെയോ ആടിനെയോ കൊല്ലാറില്ലായിരുന്നു.
മറ്റുള്ളവരുടെ മുതൽ ആഗ്രഹിക്കുകയോ കക്കുകയോ,ചതിക്കുകയോ ചെയ്യുന്നവർ ദൈവത്തിന്റെ കോപത്താൽ പാപഭാരം പേറി അലയേണ്ടി വരുമെന്ന് പഠിപ്പിച്ചു അവർ.
മറ്റൊരിക്കൽ ഞാൻ ഇതുപോലെ അപ്പച്ചന് ഭക്ഷണവുമായി ചീട്ടു കളിക്കുന്ന കവലയിലേക്കു പഴയ സൈക്കിളിൽ പോവുകയായിരുന്നു.രണ്ടു വഴികൾ സാമാന്യം നിരപ്പും ഞാൻ സിറ്റിയിലേക്ക് ചെന്നിറങ്ങുന്ന മുക്കവല ഉയരമുള്ള സ്ഥലവുമാണ്.ഇറക്കമിറങ്ങിയാണ് ഞാൻ മുക്കവലയിലേക്കു ചെല്ലേണ്ടത്.മൂന്ന് വഴികളും കൂടുന്ന മുക്കവലയായ ബാലൻ പിള്ള സിറ്റിയിൽ കാലങ്ങളായി പച്ചക്കപ്പ കച്ചവടം ചെയ്തിരുന്നത് ഭാസ്കരേട്ടനായിരുന്നു.അദ്ദേഹം കാപ്പികമ്പു കൊണ്ട് ഒരു മുക്കാലി ഉണ്ടാക്കി വെച്ച് അതിൽ കട്ടിയും ത്രാസും ഉപയോഗിച്ച് തൂക്കം നോക്കുമായിരുന്നു….
ഒരിക്കൽ മുകളിൽ നിന്നും മുക്കവലയിലേക്കു സൈക്കിളിൽ ഞാൻ വേഗത്തിൽ വരികയായിരുന്നു…പെട്ടെന്നാണ് എനിക്ക് തോന്നിയത് സൈക്കിൾ ഒരു നിയന്ത്രങ്ങങ്ങളുമില്ലാതെ പായുകയാണെന്ന്.
അതിന്റെ ബ്രേക്ക് നഷ്ട്ടപ്പെട്ടെനിക്ക് മനസിലായി…
സൈക്കിൾ പറക്കുകയാണെന്നെനിക്കു തോന്നി….
നിമിഷനേരം കൊണ്ട് മുക്കവലയിലേക്കു പറന്നെത്തുമ്പോൾ ഞാൻ ഒന്ന് മാത്രം കണ്ടു …മുക്കാലിയിൽ പച്ചക്കപ്പ തൂകികൊണ്ടിക്കുന്ന ഭാസ്കരൻ ചേട്ടനും അടുത്ത കപ്പവാങ്ങാൻ വന്ന രണ്ടു പേരും ….
ധൂമ കേതുപോലെ മിന്നൽ വേഗത്തിൽ പാഞ്ഞു വരുന്ന എന്നെ കണ്ടതും രണ്ടു പേർ എങ്ങോട്ടോ ഓടിമാറിയിരുന്നു.
കപ്പ തൂക്കലിൽ. ശ്രദ്ധ ഊന്നിയിരുന്ന ഭാസ്കരൻ ചേട്ടനും ഞാനും മുക്കാലി ത്രാസും എന്റെ തുരുമ്പിച്ച സൈക്കിളും കൂടി ഒരു മിച്ചു അടുത്ത പറമ്പിലെ മത്തായിച്ചേട്ടന്റെ ചേന കൃഷി തോട്ടത്തിലും…
അമ്മച്ചി മെഴുകു തിരി കൊളുത്തി പ്രാത്ഥിക്കുവാൻ ഞങ്ങളെ വിളിച്ചു …
ഞങ്ങൾ മുട്ടുകുത്തിയിരുന്നു തിരുഹൃദയത്തിനു മുമ്പിൽ മുട്ടിപ്പായി പ്രാർത്ഥിച്ചു,അത് കഴിയാറായപ്പോഴേക്കും ..
പുറത്തെ വിളി കേട്ടു…”ഏലിപ്പെണ്ണേ..”- അപ്പച്ചൻ നേരത്തെവന്നിരിക്കുന്നു..!!
അമ്മച്ചി വേഗം വരാന്തയിലേക്ക് പോയി …
പള്ളിയിൽ കൂട്ട മണിയുടെ ശബ്ദം …”കർത്താവേ ആരെയായിരിക്കും നീ മുകളിലേക്ക് വിളിച്ചത്”-
നിലക്കാത്ത മണികളുടെ ശബ്ദം അരോചകമായി കർണ്ണപടത്തിലേക്ക് അലയടിച്ചു കൊണ്ടിരുന്നു… കൈയെത്തി മൊബൈൽ എടുത്തു പൗലോസ്.
ഭാര്യ ത്രേസ്യയുടെ അക്രോശം
“എവിടെ പ്പോയി കിടക്കുകയാണ് മനുഷ്യാ നിങ്ങൾ..ഇന്ന് എന്റെ വീട്ടിൽ പോണമെന്നു പറഞ്ഞതല്ലേ…..”-
ദുർബലമായ ശബ്ദത്തിൽ മൂളി,പിന്നെ അയാൾ ഫോൺ കട്ട് ചെയ്തു.
ശേഷം അൽപ്പ സമയത്തേക്ക് മാത്രം മുങ്ങി കുളിച്ചു രസിച്ചു നടന്നിരുന്ന സ്വർഗ്ഗതുല്യമായ തന്റെ അപ്പച്ചന്റെയും അമ്മച്ചിയുടെയും ഓർമ്മകൾ അവിടെ തന്നെ കുഴിച്ചുമൂടി,സ്വർഗ്ഗവാതിൽ കൊട്ടിയടച്ചു വീട്ടിലേക്കു തിരികെ നടന്നു.
*
About The Author
No related posts.