മുരിങ്ങച്ചിറ ജംഗ്ഷനിൽ ഉള്ള സുരേഷിന്റെ ബേക്കറിയിലെ ഉൾ മുറിയിൽ ഇരുന്നു കട്ടൻ ചായ കുടിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് ബാർബർ ശശി രോഷത്തോടെ കയറി വന്നത്.
” ഇവിടെ അച്ഛൻ പറഞ്ഞ ജിഹാദ് അല്ല. ഉഡായിപ്പ് ജിഹാദ് ആണ്…. ”
ശശിയുടെ അരിശം എല്ലാവർക്കും മനസ്സിൽ ആയി. വിശാഖം സണ്ണി എന്ന സ്വർണകടക്കാരൻ
B I S മാർക്ക് ചെയ്തു കൊടുക്കാം എന്ന് പറഞ്ഞു എഴു പവൻ സ്വർണം കൈക്കൽ ആക്കി. മോടെ കല്യാണത്തിന് ശശി സ്വരുക്കൂട്ടിയ സ്വർണം.
ശശിയുടെ മാത്രമല്ല പലരുടെയും സ്വർണവും പണവും കൈക്കലാക്കി സണ്ണി കടന്ന് കളഞ്ഞു.
ശശിയുടെ രോഷത്തിൽ കാര്യം ഉണ്ടെന്ന് എല്ലാരും സമ്മതിച്ചു.
ചുക്കലി ബാബു ചായ കുടിച്ച ഗ്ലാസ്സ് മേശപ്പുറത്തു ശക്തിയായി വെച്ച് ചോദ്യങ്ങൾ ഉന്നയിച്ചു…..
” നമ്മൾക്ക് എല്ലാം എന്താണ് പറ്റിയത്…?
അതി ബുദ്ധിമാന്മാർ ആണെന്ന് വീമ്പിളക്കുന്ന നമ്മൾ എന്നും കബളിപ്പിക്കപ്പെടുകയാണ്
ആട്, തേക്കു, മാഞ്ചിയം, കുബേർകുഞ്ചി, ലക്ഷ്മി യന്ത്രം….. തുടങ്ങി എല്ലാത്തിനും നമ്മൾ തല വെച്ച് കൊടുത്തില്ലേ….?
ആയിരം രൂപ വിലയുള്ള ഊന്നുവടി ” മോശയുടെ അംശവടി ” ആക്കിയും നാലായിരം രൂപ പോലും വിലയില്ലാത്ത കസേര “ടിപ്പുവിന്റെ സിംഹാസനം ”
ആക്കിയും മുന്നൂറ് രൂപ വിലയുള്ള തടിക്കലം “ശ്രീകൃഷ്ണന്റെ ഉറി ” ആക്കിയും ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ, രാഷ്ട്രീയനേതാക്കൾ, സിനിമ നടന്മാർ, കോവിഡ് എന്ന മഹാമാരി നാട്ടിൽ പടർന്നു ഭീതി വിതക്കും എന്ന് നാല് വർഷം മുമ്പ് വെളുപാട് കിട്ടിയ ആൾ ദൈവം…… എന്നിങ്ങനെ പലരെയും വിഡ്ഢികൾ ആക്കിയ നാടാണ് നമ്മുടേത്. ”
തന്റെ മൊബൈലിൽ ഉള്ള ഒരു ഫോട്ടോ കാട്ടി ബാബു തുടർന്നു…..
” ഇത് നോക്ക്. നമ്മുടെ പോലീസ് മേധാവി “ടിപ്പുവിന്റെ സിംഹാസനത്തിലും ” നമ്മുടെ നാട്ടിലെ വടി ശ്രീധരൻ പണിത “ചക്രവർത്തിയുടെ ഉടവാൾ ” പിടിച്ചു ഉപമേധാവിയും….
നാണമില്ലേ ഇവറ്റകൾക്കു…. ”
മുൻ പഞ്ചായത്ത് പ്രസിഡന്റ് ദാസപ്പൻ ചേട്ടൻ ഒരു സഹായഹസ്തവുമായി എത്തി….
” ശശി സ്വർണതട്ടിപ്പ് അങ്ങനെ വിട്ടാൽ പറ്റില്ല. നമ്മൾക്ക് പോലീസിൽ ഒരു പരാതി കൊടുക്കാം.. അവർ സണ്ണിയെ പൊക്കും… ”
കൂടുതൽ ദേഷ്യത്തോട് ശശി വീണ്ടും തുടങ്ങി….
“എന്ത് പോലീസ്. മൂത്ത ഏമാന്മാരെല്ലാം സണ്ണിയുടെ വീട്ടിലെ നിത്യ സന്ദർശകർ ആണ്. സണ്ണിയുടെ ” ബാർ റൂം”അവരുടെ രാത്രി താവളം ആണ്…
അവർ നമ്മളെ സഹായിക്കുമെന്ന് പ്രസിഡന്റിന് തോന്നുന്നുണ്ടോ… ”
ശുഭിതനായ ബാബു കൂട്ടി ചേർത്തു… ” പാവപ്പെട്ട സ്കൂട്ടർ യാത്രക്കാരനെ വഴിയിൽ പിടിച്ചു നിർത്തി ലൈസൻസ് ചോദിക്കുന്ന പോലീസ് പുരാവസ്തു വിൽക്കാൻ ലൈസൻസ് ഉണ്ടോ എന്ന് പോലും തിരക്കാതെ ആക്രി മ്യൂസിയം നടത്തിയവന്
” ബീറ്റ് ബോക്സ് ” വെച്ചു പ്രൊട്ടക്ഷൻ നൽകിയവർ ആണ്….”
ബാർബർ ശശി ചാടി എഴുനേറ്റു ആക്രോഷിച്ചു..
“ഇല്ല വിടില്ല. ഉഡായിപ്പ് സണ്ണിയെ ഞാൻ കൊല്ലും..
ജയിലിൽ പോകാൻ എനിക്ക് മടിയില്ല….
എന്റെ ജീവിതം ആണ് അവൻ കൊണ്ട് പോയത്….
എല്ലാം കേട്ടു കൊണ്ടിരുന്ന കോയിക്കലെ കുഞ്ഞുമോൻ ചേട്ടൻ തമാശ കലർത്തി ശശിയോട് പറഞ്ഞു…..
” ശശിയെ, ജയിൽ ജീവിതം ഇപ്പോൾ വളരെ സുഖമാണ്. ”
തന്റെ മൊബൈലിൽ ഉള്ള ഒരു കത്ത് കാട്ടി കുഞ്ഞുമോൻ ചേട്ടൻ പറഞ്ഞു…..
” അടുത്ത കാലത്തു ജയിലിൽ പോകാൻ
“ഭാഗ്യം ” കിട്ടിയ ഒരാൾ അച്ഛനും അമ്മയ്ക്കും എഴുതിയ കത്താണ് ഇത്…..
കത്ത് വായിക്കാം….
എന്നെ ഇരട്ട തടവിനു ശിക്ഷിച്ചു ജയിലിൽ അടച്ചു എന്ന് കരുതി വിഷമിക്കരുത്…..
ഇവിടെ പരമാനന്ദ സുഖം ആണ്.
നാട്ടിലെ ജീവിതത്തെക്കാൾ സുഖം.
നല്ല ആഹാരം…..
പഴയ പോലെ ഗോതമ്പു ഉണ്ട ഒന്നും അല്ല…
രാവിലെ ഇഡ്ഡലി, ദോശ ഒക്കെ…
ചിലപ്പോൾ പുട്ടും കടലകറിയും… മുട്ടകറിയും.
ഉച്ചക്ക് നല്ല ഉണ്…
മീൻ കറിയും കാണും… വൈകുന്നേരത്തെ ആഹാരവും അടിപൊളി….ചില ദിവസങ്ങളിൽ ആട്ടിറച്ചി.
എനിക്ക് നല്ല ജോലിയും ഉണ്ട്.
ശമ്പളം മാസാ മാസം കറക്റ്റ്.
നാട്ടിൽ Mtech, MBBS ഒക്കെ പഠിച്ചു എത്രയോപേർ അലയുന്നു.
അച്ഛന്റെയും അമ്മയുടെയും ഭാഗ്യം.
ഞാൻ താമസിയാതെ പരോളിൽ വരാം…
ഗോവിന്ദചാമ്മി അണ്ണനെ പോലെ വെളുത്തു തുടിച്ചു സുന്ദരൻ ആയി നിങ്ങളെ കാണാൻ എത്തും…
ഇവുടുത്തെ സൂപ്രണ്ടിന്റെ ADC ആകാൻ സാധ്യത ഉണ്ട്.
കൊടിസുനിയേട്ടൻ അല്പം വിശ്രമത്തിൽ ആണ്.
അച്ഛാ, എനിക്ക് തുടർപഠനം നടത്തണം….
” വിഷപാമ്പുകളെ എങ്ങനെ വളർത്താം ” എന്ന വിഷയത്തിൽ ഡോക്ടറേറ്റ് എടുക്കണം എന്നാണ് ആഗ്രഹം.
എന്റെ ഈ സൗഭാഗ്യങ്ങളിൽ പങ്ക് ചേരാൻ നിങ്ങൾക്ക് കഴിയുന്നില്ലല്ലോ എന്ന ദുഃഖം മാത്രം.
സ്വന്തം മകൻ
അണലി സുര.”
കുഞ്ഞുമോൻ ചേട്ടൻ മൊബൈൽ ഓഫ് ചെയ്യുന്നതിന് മുമ്പ് തന്നെ ശശി ബേക്കറിയുടെ മൂലയിൽ കൂട്ടി ഇട്ടിരിക്കുന്ന ബെകാർഡി ലെമനിന്റെ ഒഴിഞ്ഞ കുപ്പികളിൽ ഒന്നെടുത്തു അലറിക്കൊണ്ട് റോഡിലിറങ്ങി…..
” ഉഡായിപ്പ് ജിഹാദികളെ വെറുതെ വിടില്ല….. ”
വൈകിട്ടത്തേക്ക് തൃക്കുന്നപ്പുഴയിൽ പോയി ക്യു നിന്ന് ബെകാർഡി ലെമൺ വാങ്ങുന്ന ചർച്ചയിൽ ഞങ്ങൾ മുഴുകി.
🌴🌴🌴🌴🌴🌴🌴🌴🌴
About The Author
No related posts.