മുറിക്കപ്പെട്ട ദിനങ്ങൾ – ജസ്‌ല സെമീമ

Facebook
Twitter
WhatsApp
Email

മുറിക്കപ്പെട്ട ദിനങ്ങൾ

ഭക്ഷണ സാധനങ്ങൾ അകത്തേക്ക് കൊണ്ടുവരുന്ന സീതയെ കണ്ട് അമർഷത്തോടെ രാജേഷ് ചോദിച്ചു.

“ആരാണിന്ന് ഭക്ഷണം ഉണ്ടാക്കിയത് ”

തീൻമേശയിൽ നിരത്തിവെച്ച ചോറിൻ്റെ പാത്രം തട്ടി തെറിപ്പിച്ച് അയാൾ ചാടി എഴുന്നേറ്റു .
ഒരു ഞെട്ടലോടെയവൾ പിന്നോട്ട് നീങ്ങി . പിന്നെ ഭർത്താവും അച്ഛനും അമ്മയുമെല്ലാം ഇരിക്കുന്നിടത്തു വന്ന് തലകുനിച്ചവൾ പറഞ്ഞു.

“ഞാനാണ് ചേട്ടാ…”

“നീയോ… നിന്നോടാരാ ഇപ്പോ ഇങ്ങോട്ട് കയറി വരാൻ പറഞ്ഞത്. ശുദ്ധിയില്ലാത്ത സമയത്ത് വീടിനകത്തേക്ക് കയറാനും ഭക്ഷണം ഉണ്ടാക്കാനും പാടില്ലെന്ന് നിന്റെ വീട്ടുക്കാർ പഠിപ്പിച്ചിട്ടില്ലേ..
അയാൾ പൊട്ടിത്തെറിച്ചു.
“ശുദ്ധിയില്ലാത്തവരുടെ സ്ഥാനം വീടിന് പുറത്തെ വിറകു പുരയിൽ …”
എന്നും പറഞ്ഞയാൾ പുറത്തേക്ക് വിരൽ ചൂണ്ടി.. എല്ലാവരും ദേഷ്യത്തോടെ അവളെ നോക്കി.
നിറകണ്ണാലെ വേദനിക്കുന്ന അടി വയർ അമർത്തിപിടിച്ച് പുറത്തേക്കിറങ്ങി പോകുമ്പോൾ തന്റെ ഇന്നലെകളിലെ ചുവന്ന ദിനങ്ങളെ പറ്റി ആലോചിക്കുകയായിരു അവൾ.

അസഹ്യമായ വേദനയാൽ പിടയുമ്പോൾ ചൂട് ഉലുവ വെള്ളം കൊണ്ടുവരുന്ന അച്ഛനും, ഹോട്ട് ബാഗ് വെച്ചു തരുന്ന അമ്മയും, അടുത്തുനിന്നും മാറത്ത ചേട്ടായിയും….
ആ ഓർമയിൽ അവളുടെ നെഞ്ചൊന്ന് പിടച്ചു.
പെട്ടന്നുവന്ന ഫോണിന്റെ വൈബ്രഷനിലാണ് അവരൊക്കെ പുറത്തു പോയെന്ന് അവളറിഞ്ഞത്…
പറയാതെ പോയതിന്റെ സങ്കടം മനസ്സിൽ ഒതുക്കിപിടിച്ച് വീട്ടിൽ നിന്നും അവനോടൊപ്പം ഇറങ്ങി വന്ന നിമിഷത്തെ അവൾ പഴിച്ചു.

വൈകുന്നേരം ഉറക്കം മറന്ന മിഴികളോടെ തറവാട്ടിലേക്ക് നോക്കിയപ്പോൾ അവിടെ കണ്ട കാഴ്ച കണ്ട് അവളുടെ നെഞ്ചൊന്ന് കാളി..,
മുകളിലത്തെ നിലയിൽ നിന്നും ഉയർന്നു പൊങ്ങുന്ന കറുത്ത പുകയും മാമന്റെ റൂമിൽ നിറഞ്ഞു നിൽക്കുന്ന ചുവന്ന വെളിച്ചവും കണ്ടപ്പോൾ അവൾ കുതിക്കുകയായിരുന്നു അങ്ങോട്ടേക്ക്…,

ഹോസ്പിറ്റൽ വരാന്തയിൽ നിൽക്കുമ്പോൾ പല മുഖങ്ങളും അവളെ നന്ദിയോടെ നോക്കുന്നുണ്ടുണ്ടായിരുന്നു…,
“സ്വിച്ച് ബോർഡ് പൊട്ടി തെറിച്ചതാ… അന്നേരം തന്നെ രക്ഷപ്പെടുത്തിയത് കൊണ്ട് ജീവൻ ബാക്കിയായി…. “പലരും അടക്കം പറയുന്നത് കേട്ടപ്പോൾ അമ്മയ്ക്ക് അവളോട് വല്ലാത്ത അലിവ് തോന്നി…,

പക്ഷെ സീത അപ്പോഴും പകലിലെ ചുവന്ന നിമിഷത്തെയും വൈകുന്നേരത്തെ ചുവന്ന നിമിഷത്തെയും താരതമ്യപ്പെടുത്തുകയായിരുന്നു….നേരത്തെ അവളെ ഇറക്കിവിട്ടയാൾ രക്ഷയ്ക്ക് വേണ്ടി അവളെ വിളിച്ചു കരഞ്ഞത്….!

About The Author

Leave a Reply

Your email address will not be published. Required fields are marked *