വിശുദ്ധമാലിന്യം – സൂസൻ പാലാത്ര

Facebook
Twitter
WhatsApp
Email

ജോബി മഹാ പരിശുദ്ധനാണ്… ലോകര ങ്ങനെയാ പറയുന്നത്. എന്തുകൊണ്ടെന്നാൽ അവൻ ധനികനാകുന്നു. പത്താം ക്ലാസ്സും ഗുസ്തിയും കഴിഞ്ഞു നിന്ന അവന് ഒരു നേഴ്സിനെ കെട്ടുവാൻ യോഗമുണ്ടായി. കാരണം അവന്റെ പെങ്ങൾ ഗൾഫിലാണ്. ഗൾഫിൽ എത്രയും പെട്ടെന്ന് പോകാം എന്നു നിനച്ച് പെൺ വീട്ടുകാർ ഉള്ളതു വിറ്റുപെറുക്കി മകളെ ജോബിക്കു കൊടുത്തു. ഇന്ന് അവൻ കുടുംബസമേതം ദുബായിലാണ്.

അവൻ നാട്ടിൽ വരുമ്പോഴൊക്കെ ഭയഭക്തി ബഹുമാനപുരസ്സരം വീട്ടിൽ പള്ളിവകയായുള്ള പല പ്രാർത്ഥന ഗ്രൂപ്പുകാർ നിരന്തരം കൂട്ടായ്മ പ്രാർത്ഥനകൾ നടത്തുന്നു. സുഭിക്ഷമായ കാപ്പിയും പലഹാരങ്ങളും കഴിച്ച് സന്തോഷ ചിത്തരായി അവർ മടങ്ങുന്നു. പള്ളീച്ചൻമാർക്കും പ്രമാണികൾക്കും നല്ല കൈമടക്കുകൾ നല്കും. രാത്രിയാകുമ്പോൾ അത്യുച്ചത്തിൽ ബൈബിൾ തുറന്ന് 1കോരി 13 വായിക്കും.
” ഞാൻ മനുഷ്യരുടെയും ദൂതന്മാരുടെയും ഭാഷകളിൽ സംസാരിച്ചാലും എനിക്കു സ്നേഹമില്ല എങ്കിൽ ഞാൻ മുഴങ്ങുന്ന ചെമ്പോ ചിലമ്പുന്ന കൈത്താളമോ അത്രേ….. ……… ………ആകയാൽ വിശ്വാസം, പ്രത്യാശ സ്നേഹം ഈ മൂന്നും നിലനില്ക്കുന്നു. ഇവയിൽ വലിയതോ സ്നേഹം തന്നേ. അവന്റെ വീട്ടു വാതില്ക്കൽ എഴുതിയിരിക്കുന്ന തിരുവചനം യേശു ക്രിസ്തുവിന്റെ തേനോലുന്ന ഇമ്പ വാക്കുകളാണ്. ” നിന്നെപ്പോലെ തന്നെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക ”

ലോക പ്രകാരവും നന്മയുള്ളവൻ നാട്ടുകാരെ പ്രസാദിപ്പിക്കാൻ ഫോറിൻ കുപ്പികൾ ധാരാളം പൊട്ടിക്കും; കുടിയ്ക്കാനും കുടിച്ചിട്ട് അവൻ പറയുന്നതൊക്കെ അനുസരിക്കാനും തയ്യാറായ ഒരു ‘ഗാംഗ്’ തന്നെ അവൻ രൂപപ്പെടുത്തിയിട്ടുണ്ട്. ജോബി ചൂണ്ടിക്കാട്ടിക്കൊടുക്കുന്നവരുടെ നേരെ ഈ ‘ചാവാലിപ്പട്ടികൾ ‘ കുരയ്ക്കും, ചെളി വാരിയെറിയും. ദുഷ്കൃത്യങ്ങൾ ചെയ്യും. ഇതൊക്കെ പലർക്കും അറിയാമെങ്കിലും മൗനവാസത്തിലാണ്, റെസിഡൻസ് അസോസിയേഷന്റെ കുടക്കീഴിൽ തിളങ്ങുന്നവർ.

ഇവൻ നാട്ടിൽ വന്നു എന്ന വിവരം പലപ്പോഴും താമസിച്ചറിയുന്നത് തൊട്ടയൽപക്കക്കാരനായ മത്തായിച്ചനും കുടുംബവുമാണ്. മത്തായിച്ചൻ ദരിദ്രൻ എങ്കിലും ആരെയും കൂസാത്ത പ്രകൃതക്കാരനാണ്. പണ്ട് മത്തായിച്ചന്റെ തിണ്ണ നിരങ്ങി നടന്ന ജോബിയെ കൈകൂപ്പാനോ ഇരക്കാനോ മത്തായിച്ചനെ കിട്ടില്ല, മദ്യപാനിയുമല്ല. ഇത്യാദി കാരണങ്ങളാൽ തരം കിട്ടുമ്പോഴൊക്കെ മത്തായിച്ചനെയും കുടുംബത്തെയും വളരെ മോശമായി ചിത്രീകരിച്ച്, ജോബി താൻ തനിക്കു വേണ്ടി സൃഷ്ടിച്ചെടുത്ത മുഴുക്കുടിയരായ ‘ചാവാലി’കളോടു് പല ഇല്ലാക്കഥകളും പറഞ്ഞു കൊടുക്കും. തങ്ങൾക്ക് ഒരു ദ്രോഹവും ചെയ്യാത്ത മത്തായിച്ചനെയും കുടുംബത്തെയും ‘ചാവാലികൾ ‘ അറഞ്ചാപൊറഞ്ചാ തെറി വിളിക്കും.

” അയ്യോ അവൻ വന്നു, കേട്ടോ അവൻ വന്നു ” ഭാര്യ പെണ്ണമ്മ മത്തായിച്ചനെ വിളിച്ചു പറഞ്ഞു.
” ആരെട കാര്യാടീ ”
ആ വടക്കേലെ ജോബി
“എന്നാടി, എന്നാ ഒണ്ടായോ മൂന്നാലു ദിവസമായി അവനെ കാണുന്നുണ്ട് ”
“ദേ നോക്കിക്കേ നമ്മടെ വീടിന്റെ മുമ്പില് ഒരു ചാക്ക് വെയിസ്റ്റിട്ടിരിക്കുന്നു,
വെയിസ്റ്റു കണ്ട് ഞാൻ പര്യമ്പറത്തു ചെന്നു നോക്കുമ്പം അവൻ നമ്മടെ കിണറിനു ചുറ്റും പരുങ്ങുന്നു, കിണറ്റിൽ വല്ലോം ഒഴിച്ചിട്ടാണോ നമ്മുടെയെല്ലാം വയറ്റിൽ ഈ രോഗങ്ങളൊക്കെ. ‘ഹൈജീനിക് വെയിസ്റ്റ് ‘ എന്ന് അവൻ ഉച്ചത്തിൽ ആ പെരുമാനൂക്കാരോട് ഉൽഘോഷിക്കുന്നതും കേട്ടു.”

മത്തായിച്ചൻ പറഞ്ഞു: “കഴിഞ്ഞ തവണ അവൻ വന്നപ്പഴും ഇതന്നെയല്ലേടീ ചെയ്തത്. അവൻ ഒരു നടയ്ക്കൊന്നും പോവില്ല, ഒടേതമ്പുരാന്റെ കണ്ണ് കുരുടായതോ ചെവി മന്ദമായതോ അല്ലല്ലോ. എല്ലാം എന്റെ അപ്പൻ കാണുന്നുണ്ട്. ഒരു വിശുദ്ധമാലിന്യമായി അവനീ ലോകത്തങ്ങനെ കിടക്കും. യേശു ക്രിസ്തുവിനെ നാണം കെടുത്താൻ വിശുദ്ധ വചനവും പ്രസംഗിച്ചു നടക്കുന്നു. …. ഫ!

About The Author

Leave a Reply

Your email address will not be published. Required fields are marked *