LIMA WORLD LIBRARY

രചനയുടെ സുഗന്ധം; വായനയുടെ ആനന്ദം – പ്രൊഫ. ഡോ. ജോർജ് ഓണക്കൂർ

നമ്മുടെ കലാ-സാഹിത്യരംഗങ്ങളിൽ സജീവസാന്നിദ്ധ്യമാണ് ശ്രീ സാബു ശങ്കർ. വേറിട്ടവഴികളിലൂടെ ഒറ്റയ്ക്കു യാത്രചെയ്യുന്ന സഞ്ചാരി. ആ മൗലികതയുടെ സ്പർശം പുതിയ സൃഷ്ടിയിൽ ശക്തവും സുന്ദരവുമായിരിക്കുന്നു.
 മനുഷ്യരാശിയെ പിടിച്ചുലച്ച കോവിഡ് പത്തൊമ്പത് എന്ന കൊറോണ വൈറസ്ബാധ  അതിന്റെ പ്രത്യാഘാതങ്ങൾ പല തലങ്ങളിൽ അനുഭവവേദ്യമായി. കഴിഞ്ഞ എട്ടൊൻപതു മാസങ്ങളായി ശാസ്ത്രജ്ഞരും ഭരണകർത്താക്കളും എത്ര തലപുകച്ചിട്ടും തെളിയുന്നില്ല രോഗാണുവിന്റെ ചിത്രം. ഉത്തരംകിട്ടാത്ത സമസ്യകൾക്കൊടുവിൽ ദൈവത്തെ തേടിപ്പോകുന്ന പതിവുകൾ ആവർത്തിക്കപ്പെടുന്നു. അധികാരികൾ ആവുന്ന വിധത്തിലൊക്കെ സ്വതന്ത്രശബ്ദങ്ങൾ അമർത്തിവയ്ക്കാൻ ബദ്ധപ്പെടുന്നു. പലപ്പോഴും അത് അരാജകത്വത്തിലേക്ക് വഴുതിവീഴുന്നു. മനുഷ്യബന്ധങ്ങൾ മരവിച്ചുപോകുന്നവിധത്തിൽ സാമൂഹിക അകലം സൃഷ്ടിക്കപ്പെടുന്നു. ലൈംഗികാതിക്രമങ്ങൾ ഏറിവരുന്നു.
ഈ ദുരന്തകാലാവസ്ഥയിൽ കലയും സാഹിത്യവുമൊക്കെ മുരടിച്ചുപോവുകയേയുള്ളൂ. അരങ്ങുകൾ ഒഴിഞ്ഞുകിടക്കുന്നു. സൂക്ഷ്മവും ഗൗരവപൂർണമായ എഴുത്തുവഴികളിൽ ആളനക്കമില്ല. സമൂഹമാദ്ധ്യമങ്ങൾ ശബ്ദായമാനമാണ്. പക്ഷേ, ‘മാറ്റൊലി’കളിൽനിന്ന് ‘യഥാർത്ഥശബ്ദ’ങ്ങളെ വേർതിരിച്ചറിയുക വിഷമകരമായിരിക്കുന്നു.
ഏതു ദുഃഖപരിണാമവും പുതിയ ചില പാഠങ്ങൾ നമുക്കു പരിചിതമാക്കുന്നു. ഈ കോവിഡ്കാലം മനുഷ്യസമൂഹത്തിന്റെ വിധിചക്രത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് നിരീക്ഷിക്കുകയാണ് ‘ഷെവലിയര്‍ ഹൗസിലെ കൊറോണ രാത്രി’ എന്ന നോവലിൽ ശ്രീ സാബുശങ്കർ. ഷെവലിയർഹൗസിൽ പരേതനായ പാപ്പുവക്കീലിന്റെയും അന്നാമ്മയുടെയും ഒൻപതു മക്കളും അവരുടെ കുടുംബവും ഒത്തുകൂടിയിരിക്കുന്നു. സ്വദേശത്തും വിദേശത്തുമായി കഴിയുന്നുവരുടെ സംഗമസന്ധ്യ. ഏറ്റവും ഇളയമകൾ കത്രീനയുടെ വിവാഹവേള. ഈ കൊറോണക്കാലത്ത് ആ മംഗളകർമ്മം വിഘ്‌നംകൂടാതെ നടത്തുന്നതിന് ‘ഈശോമിശിഹായ്ക്കു സങ്കടഹർജി കൊടുത്തു കരുണയ്ക്കായി പ്രാർത്ഥിക്കേണമേ’ എന്ന് പാപ്പുവക്കീലിനോട് അന്നാമ്മയുടെ അപേക്ഷ.
അമേരിക്ക, കുവൈറ്റ്, ഇംഗ്ലണ്ട്, ജർമ്മനി എന്നിവിടങ്ങളിൽ നിന്നൊക്കെ എത്തിയവർ ക്വാറന്റൈൻ കഴിഞ്ഞ് വലിയ ഉത്സാഹത്തിലാണ്. മോളിക്കുട്ടി എല്ലാവരുടെയും മുഖഭാവങ്ങൾ ക്യാമറക്കണ്ണുകൊണ്ട് ഒപ്പിയെടുക്കുന്നു.
വിദേശങ്ങളിൽ നഴ്‌സുമാരായ മരുമക്കൾ താന്താങ്ങളുടെ പ്രൗഢിക്കനുസരണമായി നൽകിയ സമ്മാനങ്ങളിൽനിന്ന് വിശേഷപ്പെട്ടവ തിരഞ്ഞെടുത്ത് അന്നാമ്മയെ അണിയിച്ചൊരുക്കിയിരിക്കുന്നു മോളിക്കുട്ടി; ഷെവലിയർ ഹൗസിലെ രണ്ടാമത്ത സന്താനമായ ചിന്നമ്മയുടെ രണ്ടു മക്കളിൽ ഇളയതാണ്. അവൾ, അന്നാമ്മയുടെ പ്രിയങ്കരിയായ പേരക്കുട്ടി. പാപ്പുവക്കീലിന്റെ പാത പിൻതുടർന്ന് വക്കീൽപ്പണിയിൽ ഏർപ്പെട്ട ഏകമകളാണ് ചിന്നമ്മ; മകൾ മോളിക്കുട്ടിയും അമ്മയുടെ വഴിയിൽത്തന്നെ; നിയമവിദ്യാർത്ഥിനി.
കത്രീനയുടെ പ്രതിശ്രുതവരൻ അമേരിക്കയിൽനിന്ന് ആഗമിച്ചതാണ്. മനഃസ്സമ്മതം വീഡിയോകോൺഫറൻസിലൂടെ നടത്തി. അതു കാനോനികമാണോ എന്ന സന്ദേഹം പരിഹരിച്ച് സെയിന്റ് തോമസ് മൗണ്ടിൽനിന്ന് കർദ്ദിനാളിന്റെ അരുളപ്പാട്. ആ രാത്രി കൂടിക്കഴിഞ്ഞാൽ ആ മംഗളകർമ്മത്തിനു ശുഭപര്യവസാനം.
 ആൺമക്കൾ ഒറ്റക്കെട്ടായി ഷെവലിയർ ഹൗസിന്റെ മുറ്റത്ത് ഒത്തുകൂടി ലഹരി നുണയുന്നു. കൂടെ കഴിക്കാൻ കപ്പബിരിയാണി.
അകത്തളങ്ങളിൽ കപ്പബിരിയാണിയുടെ ചൂടൻമണം
 ഭക്തിഗാനത്തോടൊപ്പം വേലിയേറ്റ തിരകൾപോലെ പരന്നു നിറയുന്നു.
 കല്യാണപ്പെണ്ണ് കത്രീന അവളുടെ മുറിയിൽ കന്യാമറിയത്തിന്റെ ത്രിമാനരൂപത്തിനു മുന്നിൽ പ്രാർത്ഥിക്കുന്നു. അടുത്ത ഭിത്തിയിൽ തന്റെ തൊഴിലായ മോഡലിംഗിൽ മാതൃകയായ ഹോളിവുഡ്‌നടി മർലിൻ മെൺറോയുടെ ചിത്രം! പുതിയ വേഷങ്ങളോടെയും വേഷമില്ലാതെയും മർലിൻ മെൺറോ കത്രീനയുടെ ഭാവനയിൽ! കുടുംബം പലപ്പോഴും ജീനിയസ്സുകൾക്ക് പ്രതിബന്ധമാണെന്ന ചിന്ത. തന്നെപ്പോലുള്ളവർക്ക് നല്ലത് കോ-ഹാബിറ്റേഷൻ ആണ്! ഇണയായി എത്തുന്നവരോട് കടപ്പാടില്ല. ഒരു മീറ്റർ അകലം, കൊറോണകാലത്തെപ്പോലെ. മനുഷ്യജീവിക്കല്ല, വ്യക്തിക്കാണു പ്രസക്തി. സ്വാതന്ത്രം സർവ്വപ്രധാനമാണ്.
സഹോദരങ്ങളിൽനിന്ന് വ്യത്യസ്തമായി ചിന്തിക്കാൻ കത്രീനയ്ക്കു കഴിയുന്നു.
 ഈ നോവലിൽ സംസാരിക്കുന്നതു മുഴുവൻ സ്ത്രീകളാണ് എന്നൊരു പ്രത്യേകതയുണ്ട്. മൂന്നു മൂന്നര മണിക്കൂർകൊണ്ട് ലോകവും കാലവും അതിന്റെ പൂർണ്ണഭാവത്തിൽ അവതരിപ്പിക്കപ്പെടുന്നു. മാറുന്ന സ്ത്രീപുരുഷബന്ധങ്ങൾ, വിവിധദേശങ്ങളിൽ സംഭവിക്കുന്ന ഇണപിരിയലുകൾ. ഒപ്പം കൊറോണക്കാലത്ത് എവിടെയും സംഭവിക്കുന്ന ഗതിവിഗതികൾ നിരീക്ഷണവിധേയം. അഥവാ ചുരുങ്ങിയ സമയത്തിനുള്ളിൽ ചർച്ചചെയ്യപ്പെടുന്നതത്രയും വേറിട്ട ഒരു പശ്ചാത്തലഭൂമികയിലാണ്. ദൈവവും മതവും പ്രണയവും രാഷ്ട്രീയവുമൊക്കെ പുനർനിർവ്വചിക്കപ്പെടുന്ന കോവിഡ്കാലം. അപ്പോൾ ”തിരുവോസ്തിപോലെ ചന്ദ്രബിംബം തെളിഞ്ഞു” എന്ന നൂതന കല്പനയ്ക്ക് ഇടം കിട്ടുന്നു. ”മനുഷ്യാവകാശങ്ങളുള്ള ഒരു ജനാധിപത്യത്തിലേക്ക് ചൈന മാറ്റപ്പെട്ടെന്നു വരാം” എന്നു നിഗമനം. ‘ഭരണകൂടകമ്യൂണിസം എന്ന സങ്കല്പം കൊറോണക്കാലത്ത് തകരാൻ തുടങ്ങും’; മറ്റൊരു കണ്ടെത്തൽ. അതിനിടയിൽ പിറ്റേന്ന് അമേരിക്കക്കാരൻ രണ്ടാംകെട്ടുകാരനുമായി കത്രീനയുടെ വിവാഹം നടക്കുമോ എന്ന ആശങ്ക! അര്‍പ്പിതുമായി അവൾക്ക് അടുപ്പമുണ്ട്.
”കത്രീന ചാടും.”
ഇടിത്തീ വീണതുപോലെ ഡെയ്സിയും ആലീസും നടുങ്ങിപ്പോയി. അവർ തുറിച്ച കണ്ണുകളുമായി സൂസിയെ നോക്കിയിരുന്നു.
പെൺലോകത്തെ രഹസ്യങ്ങൾ!
 ഷെവലിയർഹൗസിനു ചുറ്റുമുള്ള ഇരുട്ടിൽ മൂങ്ങയുടെ മൂളൽ!
”ഇത് മനുഷ്യരാശിയുടെ രാത്രിയാണ്.”
കൊറോണക്കാലം ജീവിതത്തെ എങ്ങനെ മാറ്റിമറിക്കുന്നു എന്നതിന്റെ സൂക്ഷ്മാവലോകനം ഈ നോവലിൽ വായിക്കാം. കല്യാണത്തിന്റെ  തലേ രാത്രിയിൽ, ഷെവലിയർ കുടുംബത്തിന്റെ ഗൃഹാന്തർഭാഗത്തു സജീവമാകുന്നത് കൊറോണ വൈറസിനെക്കുറിച്ചുള്ള ചിന്തകൾ. വാക്‌സിൻ വൈകാതെ കണ്ടെത്താനാവുമോ? കോവിഡ് വന്നുപോയാൽ താനേ ആന്റിബോഡി ഉണ്ടാകും; ഭൂമിയിൽ എഴുപതു ശതമാനം പേരും അവശേഷിക്കും. പ്രതിരോധശക്തി കുറഞ്ഞവർക്കും രോഗികൾക്കുമാണ് പ്രശ്‌നമുണ്ടാവുക.
ഇതിനിടയിൽ കത്രീന അപ്രത്യക്ഷയാകുന്നു. അവൾ നാദിയ ബീഗത്തിന്റെ ശവസംസ്‌കാരത്തിനു പുറപ്പെടുന്നു. ജഡത്തിൽനിന്നു കോവിഡ് പകരുമെന്ന് ജനത്തിന്റെ ഭീതി. അതു തെറ്റായ ധാരണയെന്നു സ്ഥാപിക്കുകയാണ് കത്രീനയുടെ ലക്ഷ്യം. ആ ചർച്ചകൾ സൂക്ഷ്മതലങ്ങളിലേക്കു പുരോഗമിക്കുമ്പോൾ നോവൽശില്പത്തിന്റെ ഭദ്രത മറികടക്കുന്നോ എന്ന തോന്നലുണ്ടാകാം. പക്ഷേ, കത്രീന കല്യാണത്തിനൊരുങ്ങുന്നത് അമേരിക്കക്കാരനുമായല്ല; അര്‍പ്പിതുമായിട്ടാണ്; അയാൾ ഈ സമയം അവളോടൊപ്പമുണ്ടുതാനും. ഇതിനിടയിൽ കന്യാസ്ത്രീയുടെ സങ്കീർത്തനം; കുട്ടികളുടെ ഡ്രാമ: ‘മാർപ്പാപ്പയുടെ ആന.’
ഒടുവിൽ വേദവിചാരങ്ങൾ; താത്ത്വികചർച്ചകൾ, ദൈവസങ്കല്പങ്ങൾ. അര്‍പ്പിത് കന്യാസ്ത്രീയോടു പറയുന്നു: ”സിസ്റ്ററാന്റി, മറ്റൊന്നും തോന്നരുത്. ഞാൻ വിശ്വസിക്കുന്ന ഈശ്വരന് ദേശമില്ല, ഭാഷയില്ല, മതമില്ല, ജാതിയില്ല, പകലും രാത്രിയുമില്ല, രാഷ്ട്രീയമില്ല. ഞാൻ സമന്വയത്തിന്റെ പാതയിലാണ്. എല്ലാ മതങ്ങൾക്കുംകൂടി ഒറ്റ ദൈവം.’
സാബു ശങ്കറിന്റെ നോവൽ, ‘ഷെവലിയര്‍ ഹൗസിലെ കൊറോണ രാത്രി’ മഹത്തായ ഈ സന്ദേശം ഹൃദയംഗമമായി അവതരിപ്പിക്കുന്നു. കൊറോണക്കാലം മനുഷ്യജീവിതത്തെ എങ്ങനെ മാറ്റിമറിക്കുന്നു; നവലോകസങ്കല്പം സൃഷ്ടിക്കുന്നു എന്നു വെളിപ്പെടുത്താൻ ശ്രമിക്കുന്നു. ഒരു വീടിന്റെ അകത്തളങ്ങളിൽ സ്ത്രീകൾ മാത്രം സംസാരിക്കുന്ന രാത്രിയിൽ, ഏതാനും മണിക്കൂറിലൊതുങ്ങുന്ന കഥാന്തരീക്ഷം.
ഈ നോവൽവായന വേറിട്ട അനുഭവം സൃഷ്ടിക്കുന്നു. പവിത്രമെന്നു കരുതിപ്പോന്ന ജീവിതസങ്കല്പനങ്ങൾ തകിടം മറിയുന്നു. ഞെട്ടലുണ്ടാക്കുന്ന പരിണാമഘട്ടങ്ങളെ സാബു ശങ്കർ സ്വതഃസിദ്ധമായ നർമ്മബോധത്തോടെ ആലേഖനം ചെയ്യുന്നു. കൊറോണക്കാലത്ത് അനുഭവപ്പെടുന്നതൊക്കെയും അവിചാരിതവും ആശങ്കാജനകവുമാണ്. സാബു ശങ്കർ അവയെ സൂക്ഷ്മതയോടെ വരഞ്ഞിടുമ്പോൾ പുതിയൊരു രചനാസുഗന്ധം; വായനയുടെ ആനന്ദം.
****************

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px