” തറവാടു വിറ്റൂത്രെ! അതും പെട്ട വെലയ്ക്ക് . ”
മലർക്കാവ് തറവാട്ടിലെ വാട്സാപ്പ് ഗ്രൂപ്പിൽ വന്ന മെസേജ് ചിലർ കണ്ടെന്നു നടിച്ചു. മറ്റു ചിലർ പ്രതികരിച്ചതേയില്ല.
യുവതലമുറയോ, നമുക്കിതിലെന്തു കാര്യം എന്ന തോന്നലിൽ കണ്ണടച്ചു.
എന്തായാലും ചെറിയൊരോഹരി തങ്ങൾക്കും ലഭിക്കുമല്ലോ.
വിറ്റത് എല്ലാവരും ഒരുമിച്ചു ജീവിച്ച തറവാടാണെങ്കിലും അത് ചെയ്തത് തറവാട്ടിലെ മൂത്ത കാർന്നോരാണല്ലോ. തറവാടിനോട് മാനസിക അടുപ്പം വെച്ചുപുലർത്തിയിരുന്നവർ അതോർത്ത് എതിർത്തില്ല. വയസ്സിനു മൂത്തവരെ ബഹുമാനിക്കുന്നതാണല്ലോ പണ്ടേ ഉള്ള ഒരു നാട്ടുനടപ്പ്.
എന്നാൽ ചിലർ കഠിനമായി വ്യസനിച്ചു.
യുവ തലമുറക്കാർ കിട്ടുന്ന ലാഭവിഹിതമോർത്ത് സന്തോഷിച്ചു. ജീവനില്ലാത്ത മൺകട്ടകളോട് എന്തിനു വെറുതെ ഇഷ്ടവും സ്നേഹവും പ്രണയവും ആത്മബന്ധവുമെല്ലാം വെച്ചുപുലർത്തുന്നു ?
രണ്ടു മൂന്നാഴ്ച ഗ്രൂപ്പ് ചത്തു കിടന്നു.
ആകാംക്ഷ അടക്കാനാവാതെ ഒടുവിലൊരാൾ എഴുതി.
“വിറ്റിട്ട് മുഴുവൻ പണവും കൈപറ്റിയോ ആവോ ?”
തറവാടിനോട് ആത്മബന്ധം ഉള്ള ചങ്ങാതി തന്റെ ആഗ്രഹം പറഞ്ഞു … പറഞ്ഞില്ല എന്ന രൂപത്തിൽ വെളിപ്പെടുത്തി.
“നമുക്ക് വാങ്ങിയ വ്യക്തിയോട് ഒന്നു പറഞ്ഞു നോക്കിയാലോ ,തിരിച്ചു പിടിക്കാൻ പറ്റുമോ എന്നൊന്ന് ശ്രമിച്ചാലോ ?”
ആരോ ഒരാൾ തീർപ്പുകൽപിച്ചു.
” അയാൾ തറവാട് ഇഷ്ടപ്പെട്ട് വാങ്ങിയതാണത്രെ ! റിട്ടയർമെന്റ് ജീവിതം നാട്ടിൻ പുറത്തെ വീട്ടിൽ ആഘോഷമാക്കാൻ . ”
കഷ്ടി ഒരു കൊല്ലം പിന്നിട്ടു.
തറവാടിന്റെ പഴയ തനിമ ദൂരെ നിന്നാസ്വദിക്കുവാൻ കൊതിച്ച്, കഠിനമായി വ്യസനിച്ചൊരു വ്യക്തി ആ വഴി പോയി കുറേ ഫോട്ടോയെടുത്ത് ഗ്രൂപ്പിലിട്ടു.
കാടൻ പുല്ല് മലർക്കാവ് തറവാടിന്റെ നടുമുറ്റത്ത് കാടു പിടിച്ചു കിടക്കുന്നു. തുളസിത്തറയിൽ എന്തെല്ലാമോ പാഴ്ച്ചെടികൾ ഒടിഞ്ഞു മെലിഞ്ഞുണങ്ങി നിൽക്കുന്നു. തെക്കുവശത്ത് പൂത്തു നിന്നിരുന്ന വെള്ള മന്ദാരം ഉണങ്ങിക്കരിഞ്ഞ് ജീവനില്ലാതെയായിരിക്കുന്നു.
സർപ്പക്കാവിലെ കുന്നിക്കുരുവള്ളികൾ പടർന്ന മരം വെട്ടിയരിഞ്ഞ് ഒരു മുക്കിൽ കൂട്ടിയിട്ടിരിക്കുന്നു. സർപ്പക്കല്ലുകൾ വെയിലേറ്റ് മുരമ്പിച്ച് … തൊഴുത്തിനോടു ചേർന്നുള്ള ചാണകക്കുഴിയിൽ പ്ലാസ്റ്റിക് ഡപ്പകൾ അടിഞ്ഞുകൂടി …
കുന്നിക്കുരു വള്ളികൾ എത്രയേറെ കുന്നിക്കുരു ചൊരിഞ്ഞു തന്നിട്ടുള്ളതാണ്! അതിനു കീഴെ വലതു വശത്തായി കുറച്ചു മാറി പുളിമരവും ഉണ്ടായിരുന്നു.
അന്നൊക്കെ സർപ്പക്കാവിൽ
കൊളുത്തിയ അന്തിത്തിരി കരിന്തിരി കത്തുമ്പോൾ അമ്മമ്മ ഓർമിപ്പിക്കുമായിരുന്നു.
“കുട്ട്യോളെ … വിളക്ക് ആളരുത്. കരിന്തിരി കത്തരുതേ …”
മന്ദാരം നിലത്തു പൊഴിച്ച പൂക്കളെ പോലെ തറവാട്ടിൽ ഒരു ചെടിയും പൊഴിച്ചിട്ടുണ്ടാവില്ല. കയ്യാലപ്പണി കഴിഞ്ഞ് ചാണകം മെഴുകിയ വടക്കുഭാഗത്ത് നിന്നിരുന്ന വിവിധ വർണങ്ങളുള്ള കാശിത്തുമ്പകൾ ! അശോക മരത്തിന്റെ സുഖശീതളിമ . പിച്ചക പൂക്കളുടെ മൂക്കു തുളയ്ക്കുന്ന വാസന…
പനിനീരിന്റെ മണം പരത്തി നിൽക്കുന്ന പനിനീർ ചെമ്പകത്തിലെ വെളുത്ത പൂക്കൾ കൊഴിഞ്ഞു വീണു കിടന്നിരുന്ന നടുമുറ്റം. പൊയ് പോയ കാലം.
ഗ്രൂപ്പിൽ ഷെയർ ചെയ്ത തറവാടിന്റെ പ്രേതാലയം പോലെയുള്ള ഫോട്ടോകണ്ട് ഹൃദയം വേദനിച്ച മറ്റൊരു തറവാട്ടുകാരൻ പറഞ്ഞു. ” കഷ്ടം !മേസ്തിരിയെ വിളിച്ച് എല്ലാം ഒന്ന് ശരിയാക്കണം. ”
മാസങ്ങൾ കടന്നുപോയി.
തറവാട്ടുകാരൻ തറവാടു വഴി ഒന്ന് നടന്നു. എന്നു നിലംപൊത്തുമെന്നറിയാതെ നിൽക്കുന്ന തറവാടിന്റെ അവസ്ഥ. അയാൾ മൊബൈൽ തപ്പി. തറവാടിന്റെ ഫോട്ടോ എടുത്തു. ഫോട്ടോ ഗ്രൂപ്പിലിടാൻ മനസ്സ് അനുവദിച്ചില്ല.
തലയിൽ കഷണ്ടി കയറിയ കുഞ്ഞാണ്ടി ആ വഴി വരുന്നുണ്ടായിരുന്നു.
“ങ്ഹാ … മണിയൻ മൂത്താര്
തറവാടിന്റെ പടം പിടിക്കാൻ വന്നതാ… കഴിഞ്ഞാഴ്ച കുറേ സിനിമക്കാര് വന്ന് നോക്കി പോണ കണ്ടു. മകൻ വീരമണി പറഞ്ഞത് ,ഏതാണ്ടവര് സിനിമയ്ക്ക്ളള ലൊക്കേഷൻ തെരയ്യാണത്രെ. നശിച്ചു പോയതറവാടുകളുടെ കഥയാണു പോലും ! ”
തേങ്ങുന്ന മനസ്സോടെ അയാൾ തറവാടിന്റെ ഗെയ്റ്റ് തുറന്നു. ഉള്ളിൽ കയറി.
എത്ര വിളിച്ചിട്ടും ആളനക്കമില്ല. തുറന്നു കിടക്കുന്ന ജനലിലൂടെ അയാൾ വീടിനുള്ളിലേക്കു നോക്കി. നരിച്ചീറുകൾ തട്ടിൻ മൂലകളിൽ തലകീഴായി തൂങ്ങിക്കിടക്കുന്നു. പൊട്ടിപ്പൊളിഞ്ഞ തറയിൽ ഇളയ അനിയത്തിയുടെ അമൂല്യ ശേഖരമായ കുന്നിക്കുരു ചിതറിക്കിടക്കുന്നു.
“കുന്നിക്കുരു കുപ്പയിലിട്ടാലും മിന്നും മണിയേട്ടാ …”
പൂജാമുറിയിലെ പ്രാർത്ഥനയ്ക്കിടയിൽ അവൾ പറയാറുള്ളതയാൾ ഓർത്തു.
മടങ്ങുമ്പോൾ അയാളുടെ കാൽ എന്തിലോ ഉടക്കി. താഴെ കുനിഞ്ഞ് ഉടക്കിയ വസ്തുവെടുത്തു. നീണ്ട വാലുള്ള വസ്തു ഉയർത്തി നോക്കി.
അടുക്കളയിൽ അമ്മ നിത്യം ഉപയോഗിച്ചിരുന്ന കരണ്ടി !
ആ തറവാടിന്റെ ശേഷിപ്പുമായി അയാൾ പുറത്തിറങ്ങി. മക്കൾക്ക് കാണിച്ചു കൊടുക്കാനുള്ള പുരാവസ്തു കാറിനുള്ളിൽ ഭദ്രമായി വച്ചു ,കാർ സ്റ്റാർട്ട് ചെയ്തു.
രജനി സുരേഷ്
സൈകതം
ചേവായൂർ (പി.ഒ)
വര: ആർട്ടിസ്റ്റ് മദനൻ












The best memories in our life can not be captured in pictures but only in heart .
A good story . Congratulations