കുറെക്കാലം മുൻപുള്ള കഥയാണ്..!
സ്ഥലത്തെ പ്രധാന ജന്മിയും പ്രമാണിയും ഒക്കെയാണ് ഈ കഥയിലെ നായകനായ സർവ്വശ്രീ കുട്ടൻനായർ..!
ഇരുപ്പൂ കൃഷി ചെയ്യുന്ന ആറേഴേക്കർ പാടം..!
ചക്കക്കൊപ്പം മുഴുപ്പാർന്ന തേങ്ങാ വിളയുന്ന മൂന്നേക്കർ തെങ്ങും തോപ്പ്..!
പിന്നെ..
കവുങ്ങ്, മാവ്, പിലാവ് എന്ന് വേണ്ട കച്ചറ പിച്ചറയായി സകലമാന ഇടവിളകൾ വേറെയും..!
വീട് നിൽക്കുന്നതു തന്നെ ഒന്നെരയേക്കർ സ്ഥലത്താണ്..!
വീടല്ല..!
നല്ല ഒന്നാന്തരം മണിമാളിക..!!
സിംഹത്തലവെച്ച മതിൽക്കെട്ടിനുള്ളിൽ വെണ്ണക്കല്ലുകൾ പാകിയ ഉമ്മറം..
ആകാശവാണിയുടെ വാർത്ത പറയുന്ന റേഡിയോഗ്രാം…!
വീട്ടുപേർ തന്നെ മാളിയേക്കൽ എന്നാണ്..!!
“മാളികയേക്കൽ കുട്ടൻ നായർ”..!!
വീട്ടുകാരായിട്ട് ഭാര്യ എച്ചുമുവമ്മയും മകൾ സുലോചനയും മാത്രം..
സുലോചന പത്താം തരം തോറ്റുനിൽക്കുന്നു..ഇപ്പോൾ ടൈപ്പ് പഠനമാണ് പ്രധാന തൊഴില്..!
പിന്നെ ചന്ദ്രിക സോപ്പ്, നീലിഭ്രങ്ങാതി തൈലം എന്നീ സൗന്ദര്യവർദ്ധിനികളിൽ കുളിച്ചു നറുമണപ്പൂംതെന്നലിൽ ആറാടിയുള്ള ജീവിതവും..!!
കുട്ടൻ നായർക്ക് ഒരു സന്തതസഹചാരിയുണ്ട്..
ആറടി പൊക്കവും, അതിനൊപ്പം വണ്ണവുമുള്ള ആജാനുബാഹുവായ ഒരു മനുഷ്യൻ..!
ഉണ്ണിരാമൻ..!!
കുട്ടൻനായരുടെ ബോഡിഗാർഡ് കൂടിയാണ് കക്ഷി..!!
ആള് ഭീമാകാരൻ ആണേലും കുട്ടൻനായർ നിക്കാൻ പറഞ്ഞാൽ ഇരിക്കും … ഇരിക്കാൻ പറഞ്ഞാൽ കിടക്കും ..!!
അത്രയും വിനീതകുനീതൻ..!
വീടിനു കുറച്ചകലെയായി തെക്കേപ്പാടത്ത് ഒരു കാവൽപ്പുരയുണ്ട്.
രാത്രി പന്നിക്കൂട്ടത്തെ ഓടിക്കാൻ പോകുന്നു ആണെന്നാണ് വെപ്പ്..
ചില ദിവസങ്ങളിൽ അത്താഴമൊക്കെ കഴിഞ്ഞു കുട്ടൻ നായർ ഭാര്യോട് പറയും..
” ഏച്ചുമോ.. ” ആ ചൂട്ട് ഒന്നു കത്തിച്ചെടുത്തോ.. ”
“ഞാൻ കാവൽപ്പുരയിലേക്ക് പോക്വയ്..
കതകടച്ചേരെ..
ഇനീപ്പോ രാത്രി വരവൊന്നും ഉണ്ടാവില്ല്യാ”…
എച്ചുമുവമ്മക്ക് അറിയാം. രാത്രിയിൽ ഇനി വരവുണ്ടാവില്ല എന്ന്.!
വിലാസിനിയോ പ്ലാന്തോട്ടത്തെ ലീലാമണിയോ ആരാച്ചാ കാണുമല്ലോ അന്തിക്കൂട്ടിന്.!
അതും അറിയാം അവർക്ക്…!!
പാവം അവരെന്ത് ചെയ്യാൻ..!
നിർഗുണപരബ്രഹ്‌മമായി അങ്ങനെയിങ്ങനെ ജീവിച്ചു പോവുക.. എന്നല്ലാതെ..!!
പെണ്ണിന്റെ കൂടെ കള്ള് വേണമല്ലോ..!
കള്ളും പെണ്ണും..!
അഥവാ മദ്യവും മദിരാക്ഷിയും..!!
ഈ ദ്വന്ദ്വസമാസം ആണല്ലോ എന്നത്തേയും ലോകനീതി..!!??
അതുകൊണ്ട് കുഞ്ഞിത്തോമായുടെ പൂവൻപഴവും പനഞ്ചക്കരേം ഇട്ടു കാച്ചിഎടുത്ത സ്വയമ്പൻ വാറ്റ് ചാരായവും..
അനുസാരിയായി
ചുട്ടു മൊരിയിച്ച കാട്ടുപന്നീടെ ഇറച്ചിത്തുണ്ടും.. അൺഡകടാഹം പോലും എരിയുന്ന ചീനിമൊളക് ചമ്മന്തീം..!!
പലപ്പോഴും സ്ഥലം സർക്കിൾ ശിവരാമൻപിള്ള സാറും ഉണ്ടാവും കൂട്ടിന്..!
നാട്ടുകാരെ കിടുകിടാ വിറപ്പിക്കുന്ന പിള്ളസാർ..!!
മീശക്കൊമ്പൻ..!! ഇരട്ടച്ചങ്കൻ..!!
തനി വേതാളം..!!
കാലമങ്ങിനെ അനർഗ്ഗനിർഗ്ഗളം കടന്നുപോയിക്കൊണ്ടിരിക്കവേ ആ സുപ്രധാന ദിവസം വന്നെത്തി..!
നാളെയാണ് സുലോചനയുടെ കല്യാണം..!
ഇനി അടുത്തകാലത്തൊന്നും ആ നാട് അമ്മാതിരി കല്യാണം കണ്ടുകാണാൻ വഴിയില്ലാത്തവിധം ആവണം സംഗതികൾ..!
അതിനുള്ള ഒരുക്കത്തിലാണ് കുട്ടൻ നായർ..!!
ചെറുക്കന്റെ വീട് അങ്ങ് ഗോവിന്ദാപുരത്താണ്. പാലക്കാട് കളക്ടറാപ്പീസിലെ ഉയർന്ന ഉദ്യോഗസ്ഥനാണ് ചെറുക്കൻ..!
ഇവിടെയാണ് കഥയിലെ ട്വിസ്റ്റ് തുടങ്ങുന്നത്.!
സുലോചനക്ക് ഒരു പ്രേമമുണ്ട്…!
പഞ്ചായത്താപ്പീസിൽ ശിപായി ഉദ്യോഗമുള്ള സുഗുണനാണ് പ്രേമവല്ലഭൻ..!
കുരുവിക്കൂടുവെച്ച മുടിയഴകും താഴേക്കു ചെത്തിവെച്ച പഴുതാര മീശയുമുള്ള സുന്ദരകളേഭരൻ..!
“സുഗുണൻ”
സുഗുണൻ ചെറുപ്പമാണ്..!
സർക്കാർ ജോലിയുണ്ട്..!!
അപ്പോൾ സുഗുണന് പ്രേമിച്ചൂടെ…!?
പ്രേമിക്കാം..! തീർച്ചയായും പ്രേമിക്കാം..!!
പ്രേമിക്കണം..!!!
പക്ഷെ അത് കുട്ടൻ നായരുടെ മോളെത്തന്നെ വേണോ..?
അതാണ് ചോദ്യം..!!
“കുട്ടന്നായര് എവടെക്കെടക്കുന്നു..!!?
“ഈ സൊകൊണൻ എവടെക്കെടക്കുന്നു”..?!!
അതാണ് നാട്ടുകാരിൽ ചിലരുടെ സംശയം..!
വാർത്ത കുട്ടൻ നായരുടെ ചെവിയിലും എത്തി..!
അയ്യാൾ അതത്ര കാര്യമായൊന്നും എടുക്കാൻ പോയില്ല..!
പ്രായം ഇതല്ലേ..!
പിന്നെ തന്റെയല്ലേ സന്തതി..!!
” ദൊക്കെ.. അത്രക്കിത്രേ ഉള്ളെടാ.. ഉണ്ണ്രാമാ.. ”
എന്നേ കുട്ടൻനായർ പറഞ്ഞുള്ളൂ..!!
അത്രയും പ്രാധാന്യമേ കൊടുത്തുമുള്ളൂ..!
പക്ഷെ.. പുഴയിറമ്പത്ത് ആളൊഴിഞ്ഞ സമയത്ത് ഒരീസം കുട്ടൻനായര് സുഗണനെ കണ്ടു..!
മുണ്ടും കൂട്ടി അവന്റെ കിടുതാപ്പിൽ ഒരു പിടിയങ്ങു പിടിച്ചു..!
” തരത്തിൽ പോയി കളിക്കെടാ ചെറുക്കാ..
പുന്നാരമോനേ”..
അത്രയേ പറഞ്ഞുള്ളൂ..¡
വേറൊന്നും പറഞ്ഞില്ല.!
ഒന്നും ചെയ്തുമില്ല..!!
സുഗുണന് സുഖമായി മൂത്രം പോകാൻ അച്ചൂട്ടിവൈദ്യരുടെ ഒറ്റമൂലി വേണ്ടിവന്നു എന്നു മാത്രം..!!.
സുഗുണൻ അത് കാര്യമായി എടുത്തില്ല…!.
വെറും മൂത്രകാര്യം മാത്രമല്ലേ..!!
എല്ലാം അവിടംകൊണ്ടു കഴിഞ്ഞുവെന്നാണ് എല്ലാരും.. വിശിഷ്യാ കുട്ടന്നായരും കരുതിയത്..
പക്ഷെ ഒന്നുമങ്ങിനെ എളുപ്പത്തിൽ കഴിയില്ലല്ലോ..!
പ്രേമം പ്രത്യേകിച്ചും..!!
കല്യാണം നിശ്ചയിച്ചുറപ്പിച്ചു എന്നറിഞ്ഞപ്പോൾ സുഗുണൻ എങ്ങനെയോ ഒരു കുറിമാനം സുലോചനക്ക് എത്തിച്ച കൊടുത്തു.
കല്യാണത്തലേന്ന് പാതിരാ കഴിഞ്ഞു എല്ലാരും ഉറങ്ങുന്ന സമയം വീടിന് പിന്നിലുള്ള പെണ്ണുങ്ങളുടെ കുളിപ്പുരയിൽ വരണമെന്നും അവിടെനിന്നും രായ്ക്കുരാമാനം മദിരാശിക്ക് ഒളിച്ചോടാം എന്നുമായിരുന്നു പ്രസ്തുത കുറിമാനസന്ദേശം..!
സ്വർണ്ണപ്പണ്ടങ്ങളെല്ലാം എടുക്കുവാൻ മറക്കണ്ട എന്നും പ്രത്യേകമായി എഴുതിയിരുന്നു..!!
ഉള്ള ജോലിയും കളഞ്ഞു പോവുകയല്ലേ..
മദിരാശിപ്പട്ടണത്തിൽ രണ്ടാൾക്കു ജീവിക്കാൻ പണം ഇത്തിരിപ്പോരം പോരല്ലോ.!
എന്തായാലും സുഗുണന്റെ കണക്കു കൂട്ടൽ ഒന്നുമേ വിചാരിച്ച പോലെ നടന്നില്ല..!
പെണ്ണുങ്ങളുടെ കുളിക്കടവിലെ മറപ്പുരയിൽ വെച്ച് ഉണ്ണിരാമൻ കയ്യോടെ പിടികൂടി പ്രസ്തുത കാമുകനെ..!!
രാത്രിയിൽ വന്ന വിരുന്നുകാർക്കിടയിൽ നിന്നും കുട്ടൻ നായരെയും സർക്കിള് ശിവരാമൻ പിള്ളയെയും സൂത്രത്തിൽ കുളക്കരയിലേക്ക് കൂട്ടിക്കൊണ്ടു വന്നു..!
ഇങ്ങനെയൊക്കെ ഇവൻ ഒപ്പിക്കുമെന്ന് കുട്ടൻനായർ സ്വപ്നേനി ചിന്തിച്ചിട്ടില്ലായിരുന്നു..!
“തെണ്ടി..” “എമ്പോക്കി..”
ഒട്ടും അമാന്തിച്ചില്ല..!
അവന്റെ അടിനാഭിയിലെ മർമ്മം നോക്കി ഒറ്റച്ചവിട്ട്..!!
ആ നിമിഷം തന്നെ സുഗുണന്റെ ബോധം മറഞ്ഞു..!
സർക്കിൾ ശിവരാമൻപിള്ള പതുക്കെ ചെവിയിൽ പറഞ്ഞു..
“നായരേ.. ഞാൻ കൊണ്ടൊക്കോളാ ഇവനെ സ്റ്റേഷനിലേക്ക്.
ഒരു ആറുമാസത്തേക്ക് ഇവനെ പുറംലോകം കാണിക്കാത്ത വിധം പൂട്ടിയേക്കാം.. കിടക്കട്ടെ അവിടെ..!
അതുപോരെ..”?
അതുപോരല്ലോ പിള്ളസാറേ…”!!
അത്രയും നിസ്സാരപ്പെട്ട ശിക്ഷ കുട്ടൻനായ്രുടെ പീനൽ കോഡിലോ..?
അതും ഇതുമാതിരി ഒരു മാരകകുറ്റത്തിന്..!??
“ഇന്നിവൻ എന്റെ കുടുമ്പത്ത് കയറി എന്റെ മോളെ കെട്ടാൻ വന്നു..!
” മാളിയേക്കലെ കുട്ടൻപിള്ളേടെ മോളെ കെട്ടാൻ വന്ന പരനാറിയാണ് ഇവൻ..!!
“സാറിനറിയാല്ലോ ആ പൈമ്പാലപ്പുറത്തെ ഭാവനിയാണ് ഇവന്റെ തള്ളയെന്ന്..”!
“അവൾടെ അളവും വെളവും എനിക്കറിയാം..!
” ഉവ്വേ..”?
“സാറിന്നുമറിയാം..”!!
“അതോണ്ട് ഈ വിത്ത് ഇനി വേണ്ട പിള്ളസാറേ ഈ ഭൂമിമലയാളത്തില്..!
ഒരു കപ്പങ്ങ ചെടിയിൽ നിന്നും ഉരിഞ്ഞെടുക്കുന്ന ലാഘവത്തോടെൽ തന്റെ മുട്ടുകൈയ്ക്കിടക്കുവെച്ച് സുഗുണന്റെ കഴുത്ത് ഒന്നു തിരിച്ചു..!!
മമ്മദ്മാപ്ല ബിസ്മി നീട്ടിചൊല്ലി ഒറ്റവെട്ടിന് കഴുത്തറ്റു വീഴുന്ന കോഴിഉണ്ടാക്കുന്ന ദീനസ്വരം പോലെ ഒരു നേരിയ മുരങ്ങൽ മാത്രം ഉയർന്നുവന്നു സുഗുണന്റെ തൊണ്ടയിൽ നിന്നും..!!
മരണപ്പിടച്ചിൽ പോലും ഉണ്ടായില്ല..!!
നാട്ടുകാരെ കിടുകിടെ വിറപ്പിക്കുന്ന സർക്കിളേമാനും, ഇരുമ്പിന്റെ ശരീരമുള്ള ഉണ്ണിരാമനും രണ്ടുനിമിഷം തരിച്ചുനിന്നുപോയത്രേ..!
തുലാമഴയിലെ വെള്ളിടി കൊണ്ടെന്ന പോലെ..!!
“ഡാ.. ഉണ്ണിരാമാ.. പറ്റിഞ്ഞാറ്റേ തെങ്ങുംപറമ്പിൽ വെട്ടിമൂടെടാ ഈ തന്തയില്ലാക്കഴുവേറിയെ..”!!
“പഴയരി കൊണ്ടുവന്ന ആ ചാക്കിൽ അവന്റെ കയ്യും കാലുമൊടിച്ചു കയറ്റിവെച്ചോ..!”
“ആരേലും ചോദിച്ചാൽ പുഴുകേറിയ പൂവൻ കുല ആണെന്ന് പറ..!”
“എന്നിട്ട് ചാപ്രേൽ നിന്ന് മുളപൊട്ടിയ കൊന്നത്തെങ്ങുംതൈ ഒന്നെടുത്തു വെച്ചോ അവന്റ ഒടുക്കത്തെ കുഴീടെ മോളില്…!!”
അടുത്ത നിമിഷം തന്നെ കുട്ടന്നായർ അടപ്രഥമന്റെ പാകം നോക്കാൻ വെപ്പുപുരയിലേക്ക് പോയത്രേ..!!
അത്രക്കിത്രയേയുള്ളൂ അയാൾക്ക് ഇതൊക്കെയും..!!!
പിറ്റേന്ന് സുലോചനയുടെ കല്യാണം സമംഗളം നടന്നു..!
പതിനാറ് കൂട്ടം കറികൾ.. അതിനൊത്ത വറപൊരിയൽ, നാലുതരത്തിൽ പ്രഥമൻ.. ഒക്കെയായി.
നാട്ടുകാർ സമദ്ധിയായി സദ്യയുണ്ടു ഏമ്പക്കം വിട്ട് പിരിഞ്ഞു..!
സംവത്സരങ്ങൾ ആറേഴു കടന്നുപോയി..!!
ഇതിനിടെ ഗോവിന്ദാപുരത്തു നമ്മുടെ സുലോചന നാലു പെറ്റു..!
ഘടാഘടിയന്മാരായ നാല് ആങ്കുട്ട്യേള്..!
അഞ്ചാമത്തെ ഗർഭാലസ്യവുമായി ആയമ്മ സസുഖം വാഴുന്നു..!!
പ്രണയനൈരാശ്യം മൂത്ത് നാടുവിട്ടുപോയ മോനെയും കാത്തിരുന്ന ഭവാനി ഇങ്ങു നാട്ടിൽ ക്ഷയം പിടിച്ചു ചോര ഛർദ്ദിച്ചു ചത്തു പണ്ടാരടങ്ങി..!
സർക്കിളുസാറിനെ ഏതോ ഗുണ്ട കുതികാലു വെട്ടി ഇപ്പോൾ ഒന്നൊരക്കാലുമായി തിത്തോം തകതോം നടക്കുന്നു..!
ഉണ്ണ്രാമൻ ആവട്ടെ മാനസാന്തരം പ്രാപിച്ചു ഉണ്ണിയോഹന്നാൻ എന്ന പേരിൽ കവലകൾതോറും യേശുമാഹാത്മ്യം പ്രസംഗിച്ചു നടക്കുന്നു. !
ഹാലേലുയ്യാ..!!!
കുട്ടന്നായർക്കു മാത്രം യാതൊരു മാറ്റവുമില്ല.!
മുടി മൂന്നോ നാലോ കൂടുതൽ നരച്ചുവെന്നു മാത്രം..
പഴയ ചൂട്ടു മാറ്റി ആറ് ബാറ്ററിയിൽ കത്തുന്ന എവറെഡി ടോർച്ചുമായി അഭങ്കുരം തുടരുന്നു തന്റെ രാത്രികാല സവാരികളും കലാപരിപാടികളും..!
“എച്ചുമോ.. കതകങ്ങടച്ചേരെ..”
“രാത്രീല് ഇനി വരവൊണ്ടാവില്യാ..”
വിലാസിനിയും ലീലാമണിയുമൊക്കെ എക്സ്പയറി ഡേറ്റ് കഴിഞ്ഞു പിരിഞ്ഞതുകൊണ്ട് വസന്തിയും പുഷ്പ്പിണിയുമൊക്കെയായി പുതിയ അവതാരങ്ങൾ..!
സുഗുണന്റെ കുഴിക്കുമോളില് നട്ട തെങ്ങുംതൈ നല്ല ഒത്ത കൊന്നത്തെങ്ങായി ആകാശംമുട്ടെ വളർന്നുനിക്കുന്നുണ്ട്..!!
പന പോലെ…!!!
About The Author
No related posts.