ചെറുകഥ – മുതുകുളം സുനിൽ

Facebook
Twitter
WhatsApp
Email

കശുവണ്ടി വീടുകളിൽ നിന്ന് വാങ്ങി മൊത്തകച്ചവടക്കാർക്ക് വില്പന നടത്തിയിരുന്ന ചന്ദ്രൻ പിള്ള ചേട്ടനെ അണ്ടി ചന്ദ്രൻ പിള്ള…..
A C P എന്നാണ് അറിയപ്പെട്ടിരുന്നത്.

A C P ക്കു രണ്ടു ആൺമക്കൾ…. കേശവൻ പിള്ളയും പ്രഭാകരൻ പിള്ളയും.

ഹൈസ്കൂൾ വിദ്യാഭ്യസം വരെ അവർ അച്ഛനെ ജോലിയിൽ സഹായിച്ചിരുന്നു.
അവരെയും കൂട്ടുകാർ ചുരുക്കിയ ഇരട്ട പേർ വിളിച്ചു….
A K P…. അണ്ടി കേശവൻ പിള്ള.
A P P….. അണ്ടി പ്രഭാകൻ പിള്ള.

കോളേജ് വിദ്യാഭ്യാസം കഴിഞ്ഞു A K P ബേക്കറിയും A P P പലചരക്കു കടയും തുടങ്ങി.

രണ്ടു പേരും വിഭിന്ന രാഷ്ട്രീയപ്രസ്ഥാനങ്ങളിൽ അംഗങ്ങൾ ആണെങ്കിലും വിവാഹങ്ങൾക്ക് ശേഷം അവർ വെവ്വേറെ ആണ് താമസം എങ്കിലും സാഹോദര്യം അവരെ ഒന്നിച്ചു നിർത്തി.
രണ്ടു കുടുംബവും ഒത്തൊരുയോടെ സന്തോഷത്തോടെ ജീവിതം ആസ്വദിച്ചു.

പെട്ടെന്നായിരുന്നു എല്ലാം തകിടം മറിഞ്ഞത്.
A P P യുടെ ഇളയമകൾ കോളേജ് വിദ്യാർത്ഥിനേതാവായ അനിത വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവും ആയ കോളേജ് പ്രൊഫസറുമായി പ്രണയത്തിൽ ആകുകകയും ഗർഭം ധരിക്കുകയും ചെയ്തു.
A P P യും ഭാര്യയും മകളെ രഹസ്യമായി ഗർഭചിദ്രത്തിന് ശ്രമിച്ചെങ്കിലും സാധിച്ചില്ല.

അനിത പ്രസവിച്ച ദിവസം തന്നെ A P P യും പാർട്ടി സുഹൃത്തുക്കളും ചോര കുഞ്ഞിനെ ആശുപത്രിയിൽ നിന്ന് മാറ്റി. കുട്ടി മരിച്ചു എന്നാണ് മകളെ ധരിപ്പിച്ചത്.
തന്റെ കുഞ്ഞു മരിച്ചിട്ടെല്ലെന്നും കുഞ്ഞിനെ കോയമ്പത്തൂർ ഉള്ള ഒരു കുടുംബത്തിന് രഹസ്യം ആയി ദത്ത് നൽകി എന്നറിഞ്ഞ അനിത പാർട്ടിക്കും പോലീസിനും പരാതി നൽകി.

അനുജൻ തന്നോട് പോലും പറയാതെ മറച്ചു വെച്ച രഹസ്യം അറിഞ്ഞ
A K P ഞെട്ടി.
A K P പൊട്ടിത്തെറിച്ചു…..
” ചോര കുഞ്ഞിനെ അനിതയുടെ അടുക്കൽ നിന്ന് എടുത്തു കൊണ്ട് പോകാൻ എങ്ങനെ തോന്നി? അത്ര മാത്രം ക്രൂരൻ ആണോ നീ?. അവൾ കാണിച്ചത് തെറ്റ്. പക്ഷെ പിഞ്ചു കുഞ്ഞിനെ തള്ളയിൽ നിന്ന് കൊണ്ട് പോകാൻ ഒരു അവകാശവും നിനക്കില്ല….. ”

A P P യുടെ സുഹൃത്തും പാർട്ടി നേതാവുമായ കോലാലി വിനയൻ A K P യെ കണ്ട് ഒരു സന്ധി സംഭാഷണം നടത്തി…….
“ആ കുട്ടിക്ക് അതിന്റെ കുഞ്ഞിനെ ലഭിക്കണമെന്നതിലൊന്നും ഞങ്ങൾ എതിരല്ല.
പക്ഷെ, A P P യുടെയും ഭാര്യയുടെയും മനോനില മനസ്സിലാക്കണം. എനിക്കും രണ്ടു പെൺ കുട്ടികൾ ഉള്ളത് കൊണ്ട് പറയുകയാണ്. ആ മകളുടെ ഭാവിയെപ്പറ്റി അവർ എത്ര സ്വപ്‌നങ്ങൾ ആണ് കണ്ടിട്ടുണ്ടാവുക…
പക്ഷെ അവൾ എന്താണ് ചെയ്തത്…..ഇരട്ടി പ്രായമുള്ള വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ ഒരാളുമായി അടുക്കുക.. ഗർഭം ധരിക്കുക…..”

A K P തിരിച്ചടിച്ചു..
“അമ്മയും കുഞ്ഞും തമ്മിലുള്ള പൊക്കിൾ കൊടി ബന്ധം നിങ്ങളുടെ പാർട്ടിക്ക് മനസിലാകില്ല “.

പോലീസ് അനേഷണം തുടങ്ങിയതോടെ A P P യും രണ്ടു പാർട്ടി പ്രവത്തകരും മുൻകൂർ ജാമ്യത്തിനായി വക്കിലിനെ കണ്ട് ഒളിവിൽ പോയി. പോലീസ് തമിഴ്നാട്ടിലെ ഒരു ലോഡ്ജിൽ നിന്നും അവരെ പിടിക്കൂടി കൊണ്ട് വന്നു.

ഇതിനിടെ A K P യും
A P P യും കൂടെ ഒരു തർക്കം നടന്നു….
അവരുടെ കുടുംബസ്വത്തിൽ ഉള്ള
കുളത്തിന്റെ കരയിൽ നിന്ന 13 മരങ്ങൾ മുറിച്ചു തമിഴ് നാട്ടുകാരായ തടികച്ചവടക്കാർക്ക് വിൽക്കാൻ
A P P തന്റെ ജോലിക്കാരെ ഏല്പിച്ചു.
അത് തനിക്ക് കൂടി അധികാരം ഉള്ളതാണെന്ന് പറഞ്ഞു AK P മരം മുറിക്കൽ തടഞ്ഞു.

പ്രശ്നങ്ങൾ കൂടുതൽ വഷളായപ്പോൾ റെസിഡന്റ് അസോസിയേഷൻ കോയിക്കൽ കുഞ്ഞുമോന്റെ അദ്ധ്യക്ഷതയിൽ യോഗം കൂടി.

യോഗം തയ്യാർ ആക്കിയ രണ്ടു പേജുള്ള കരട് രേഖ തുടങ്ങുന്നത് ഇങ്ങനെ…

“ചോര കുഞ്ഞിനെ ദത്ത് നൽകിയത് നൈതികമായും നിയമപരവുമായും പാലിക്കേണ്ടതെല്ലാം ലംഘിച്ചുകൊണ്ടാണ്….
എന്നാലും ആ അച്ഛന്റെയും അമ്മയുടയും നീറുന്ന മനസ്സ് നമ്മൾ മനസ്സിൽ ആക്കണം…..

യോഗതീരുമാനങ്ങളും
കരട് രേഖയിൽ ചേർത്തു….

*ജാമ്യം കിട്ടി മോചിതരാകുന്ന A P P ക്കും സഹപ്രവർത്തകർക്കും ഹൈസ്കൂൾ ജംഗ്ഷനിൽ വമ്പിച്ച സ്വീകരണം ഒരുക്കണം.

*A P P യെയും കുടുംബത്തെയും മനസികമായി പീഡിപ്പിച്ച
A K P യെ പരസ്യമായി ശാസിക്കണം .

*കുടുംബവീട്ടിലെ
കുളത്തിനരുകിൽ നിൽക്കുന്ന മരങ്ങൾ വെട്ടി A P P അറിയാതെ അദ്ദേഹത്തിന്റെ ജോലിക്കാർ തമിഴ് നാട്ടുകാരായ തടി കച്ചവടക്കാർക്ക് വിൽക്കാനുള്ള തീരുമാനം ആണെങ്കിലും
മരം വെട്ടൽ തല്കാലത്തേക്ക് മരവിപ്പിക്കുക.

കരട് രേഖയും യോഗ തീരുമാനങ്ങളും കയ്യടിച്ചു അംഗീകരിച്ചു മാസ്ക് കൊണ്ട് വായു മൂടി കെട്ടി ഞങ്ങൾ വീടുകളിലേക്ക് മടങ്ങി.
😷😷😷😷😷😷😷😷😷

About The Author

Leave a Reply

Your email address will not be published. Required fields are marked *