യാത്രക്കാരുടെ ശ്രദ്ധയ്ക്ക് – ഹാരിസ് എം.വി

Facebook
Twitter
WhatsApp
Email

മലയാളത്തിൽ മാത്രമല്ല, ദക്ഷിണ റെയിൽവേയ്ക്ക് കീഴിലുള്ള കേരളം, തമിഴ്‌നാട്, കർണാടക, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ഇംഗഌഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലും മുഴങ്ങിക്കേൾക്കുന്നത് ഈ അധ്യാപികയുടെ സ്വരമാണ്. ഒരിക്കൽ ഒരു സുഹൃത്താണ് അറിയിപ്പിന്റെ സ്വരം കേട്ട് ടീച്ചറുടേതാണോ എന്ന് സംശയം പ്രകടിപ്പിച്ചത്. അപ്പോഴാണ് തന്റെ ശബ്ദം സംപ്രേഷണം ചെയ്തുതുടങ്ങിയ കാര്യം ടീച്ചറും അറിയുന്നത്.

 

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്. ട്രെയിൻ നമ്പർ 22609 ചെന്നൈയിൽനിന്നും മംഗലാപുരം വരെ പോകുന്ന ചെന്നൈ മംഗലാപുരം ഇന്റർസിറ്റി എക്‌സ്പ്രസ് അൽപസമയത്തിനകം പഌറ്റ്‌ഫോം നമ്പർ രണ്ടിൽ എത്തിച്ചേരുന്നതാണ്. കാത്തിരിപ്പിന് വിരാമമായെന്നുള്ള ഈ അറിയിപ്പ് ലഭിക്കുന്നതോടെ യാത്രക്കാർ ആശ്വാസത്തോടെ തങ്ങളുടെ ബാഗുകളെല്ലാമെടുത്ത് തയാറായി നിൽക്കും. എത്രയോ കാലമായി ഈ ശബ്ദം നമ്മുടെ കാതുകളിൽ മുഴങ്ങിക്കേൾക്കാൻ തുടങ്ങിയിട്ടുണ്ട്. എന്നാൽ ഈ ശബ്ദത്തിനുടമ ഒരു കോഴിക്കോട്ടുകാരിയാണെന്ന് എത്ര പേർക്കറിയാം. കോഴിക്കോട് ജില്ലയിലെ വടകരക്കടുത്ത് മയ്യന്നൂരുകാരിയായ ഷിജിന ടീച്ചറാണ് ഈ മധുര ശബ്ദത്തിനുടമ.

മലയാളത്തിൽ മാത്രമല്ല, ദക്ഷിണ റെയിൽവേയ്ക്ക് കീഴിലുള്ള കേരളം, തമിഴ്‌നാട്, കർണാടക, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ഇംഗഌഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലും മുഴങ്ങിക്കേൾക്കുന്നത് ഈ അധ്യാപികയുടെ സ്വരമാണ്. ഒരിക്കൽ ഒരു സുഹൃത്താണ് അറിയിപ്പിന്റെ സ്വരം കേട്ട് ടീച്ചറുടേതാണോ എന്ന് സംശയം പ്രകടിപ്പിച്ചത്. അപ്പോഴാണ് തന്റെ ശബ്ദം സംപ്രേഷണം ചെയ്തുതുടങ്ങിയ കാര്യം ടീച്ചറും അറിയുന്നത്.  റെയിൽവേയുടെ അറിയിപ്പ് തന്റെ ശബ്ദത്തിൽ കേട്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷമാണ് തോന്നിയതെങ്കിലും ഇനിയും നന്നാക്കാമായിരുന്നു എന്നു തോന്നാറുണ്ടെന്നും ടീച്ചർ പറയുന്നു. വർഷങ്ങളായി ഡബ്ബിംഗ് രംഗത്തു പ്രവർത്തിക്കുന്ന ടീച്ചർ നിരവധി ഡോക്യുമെന്ററികൾക്കും പരസ്യ ചിത്രങ്ങൾക്കും മാത്രമല്ല, കള്ളിയങ്കാട്ടു നീലി തുടങ്ങിയ നാടകങ്ങൾക്കും ശബ്ദം നൽകിയിട്ടുണ്ട്.
പാലക്കാട്ടെ പ്രസ്റ്റീജ് ഓഡിയോ ലാബിന്റെ ഉടമയും സൗണ്ട് എൻജിനീയറുമായ രതീഷാണ് ഇതിന് അവസരമൊരുക്കിയതെന്ന് ടീച്ചർ പറയുന്നു. മികച്ച സ്ത്രീശബ്ദത്തിനായി പാലക്കാട് റെയിൽവേയിൽനിന്നും അന്വേഷണമെത്തിയപ്പോൾ അദ്ദേഹമാണ് എന്റെ പേരു നൽകിയത്. തുടർന്ന് ശബ്ദ സാമ്പിൾ ഹൈദരാബാദിലേയ്ക്കയച്ചു. അവിടെനിന്നാണ് എന്റെ ശബ്ദം തെരഞ്ഞെടുക്കപ്പെട്ടത്. ഒരു മാസമെടുത്താണ് ഡബ്ബിംഗ് പൂർത്തിയായത്. തെലുങ്കു ഭാഷയായിരുന്നു ഏറെ ബുദ്ധിമുട്ടിച്ചത്. ചിറ്റൂർ കോളേജിലെ സഹപാഠിയായ സജിതയാണ് സഹായിച്ചത്. അവർ ആന്ധയിലായിരുന്നു താമസമെന്നതിനാൽ ഓരോ വാക്കിന്റെയും  ഉച്ചാരണ രീതിയെല്ലാം കൃത്യമായി പറഞ്ഞുതന്നു. ഓരോന്നും ഓരോ ഫയലുകളായാണ് റെയിൽവേ സൂക്ഷിച്ചിരിക്കുന്നത്. അതിനാൽ ആവശ്യാനുസരണം കൂട്ടിച്ചേർക്കലുകൾ നടത്താനാവുമെന്നും ടീച്ചർ പറയുന്നു.

കാർത്തികപ്പള്ളി നമ്പർ വൺ യു.പി സ്‌കൂളിൽനിന്നും പ്രധാനാധ്യാപികയായി വിരമിച്ച നാരായണി ടീച്ചറുടെയും കെ.എസ്.ആർ.ടി.സിയിൽനിന്നും കൺട്രോളിംഗ് ഇൻസ്‌പെക്ടറായി വിരമിച്ച ചന്ദ്രന്റെയും ഇളയ മകളായ ഷിജിന പഠനകാലത്തു തന്നെ കലാരംഗത്ത് സജീവ സാന്നിധ്യമായിരുന്നു. അമ്മയിൽനിന്നും അമ്മാവന്മാരിൽനിന്നും സംഗീത വാസന പകർന്നുകിട്ടിയ ഷിജിന മൂന്നാം കഌസ് മുതൽ സംഗീതം അഭ്യസിച്ചുപോന്നു. വടകരയിലെ ശ്രീരഞ്ജിനി സ്‌കൂൾ ഓഫ് മ്യൂസിക്കിൽനിന്നും ശിവദാസൻ മാസ്റ്ററുടെ കീഴിലാണ് സംഗീത പഠനം ആരംഭിക്കുന്നത്. പിന്നീട് ഹരീന്ദ്രൻ മാസ്റ്ററിൽനിന്നും മേപ്പയ്യൂർ സത്യൻ മാസ്റ്ററിൽനിന്നുമെല്ലാം പഠനം തുടർന്നു. വില്യാപള്ളി എം.ജെ. ഹൈസ്‌കൂളിലെ പഠനകാലത്ത് തുടർച്ചയായി ഏഴു തവണ തോടന്നൂർ സബ്ജില്ലാ കലോത്സവത്തിൽ കലാതിലക പട്ടം സ്വന്തമാക്കിയിരുന്നു. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുഡി, നാടോടിനൃത്തം, ലളിതഗാനം, ശാസ്ത്രീയ സംഗീതം, കഥാപ്രസംഗം, ഹിന്ദി കവിതാലാപനം തുടങ്ങിയ ഇനങ്ങളിലെല്ലാം ഒന്നാം സ്ഥാനം നേടിക്കൊണ്ടായിരുന്നു ഷിജിനയുടെ കലായാത്ര. മടപ്പള്ളി ഗവൺമെന്റ് കോളേജിലെ പഠനകാലത്തും ബി സോൺ കലോത്സവത്തിൽ മികച്ച ശബ്ദത്തിനുടമയായി ഷിജിന തെരഞ്ഞെടുക്കപ്പെട്ടിരുന്നു. വടകരയിലെ റെഡ് ആർട്‌സ് കഌബ്ബ് എല്ലാ പ്രചോദനവുമായി കൂടെയുണ്ടായിരുന്നു.
സംഗീതം ജീവിതത്തിന്റെ ഭാഗമായതിനാലാണ് ബിരുദ പഠനത്തിനായി ചിറ്റൂരിലെ ഗവൺമെന്റ് സംഗീത കോളേജിലെത്തിയത്. പഠന കാലയളവിലെ അഞ്ചു വർഷവും ഇന്റർസോൺ കലോത്സവത്തിൽ സംഘഗാനത്തിൽ ഒന്നാം സ്ഥാനം ഷിജിനയ്ക്കും കൂട്ടർക്കുമായിരുന്നു. സംഗീതത്തിൽ ബിരുദാനന്തര ബിരുദം നേടിയാണ് അവിടെനിന്നും മടങ്ങിയത്. ഇക്കാലത്തായിരുന്നു കോളേജിന്റെ  സുവർണ ജൂബിലി ആഘോഷം നടന്നത്. പരിപാടിയുടെ സംഘാടകരായതു വഴി അനൗൺസ്‌മെന്റ് നടത്താനും മറ്റും മുൻപന്തിയിലായിരുന്ന ഷിജിനയുടെ ശബ്ദമികവു കണ്ട് അധ്യാപകനായ ശശിധരൻ മാസ്റ്റർ ഒരു സി.ഡി ഒരുക്കിയപ്പോൾ ശബ്ദം നൽകാൻ ക്ഷണിക്കുകയായിരുന്നു. പാലക്കാട്ടെ പ്രസ്റ്റീജ് ഓഡിയോ ലാബിൽ െവച്ചായിരുന്നു ഡബ് ചെയത്ത്. അവിടെ വെച്ചായിരുന്നു രതീഷിനെ പരിചയപ്പെടുന്നത്. അദ്ദേഹമാണ് പരസ്യ ചിത്രങ്ങളിലേയ്ക്കും മറ്റും ക്ഷണിച്ചത്. അതാണ് ജീവിതത്തിൽ വഴിത്തിരിവായത്.

പാലക്കാട് ബി.എസ്.എസ് ഗുരുകുലം സ്‌കൂളിൽ പത്തു വർഷത്തോളം സംഗീതാധ്യാപികയായിരുന്നു ഷിജിന. ഇക്കാലയളവിൽ കലാമത്സരങ്ങൾക്കായി ഒട്ടെേറ ഗാനങ്ങൾ രചിക്കുകയും സംഗീത സംവിധാനം നിർവഹിക്കുകയും ചെയ്തു. കലോത്സവങ്ങളിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് മാർഗനിർദേശങ്ങൾ നൽകാനും ടീച്ചർ മുൻപന്തിയിലുണ്ടായിരുന്നു. ഉറുദു, സംസ്‌കൃതം സംഘഗാനം, ലളിതഗാനം എന്നിവയിൽ നിരവധി തവണ സംസ്ഥാന തലത്തിൽ സമ്മാനാർഹമായത് ടീച്ചറുടെ ഗാനങ്ങളായിരുന്നു. കൂടാതെ ദേശഭക്തി ഗാനങ്ങളും ചിട്ടപ്പെടുത്തി സമ്മാനം നേടിയിട്ടുണ്ട്.
സംഗീതത്തിനു പുറമെ അഭിനയ രംഗത്തും സാന്നിധ്യമറിയിച്ചിട്ടുണ്ട് ഈ കലാകാരി. ലൗ 916 എന്ന ഹ്രസ്വ ചിത്രത്തിൽ രണ്ടു മക്കളുടെ അമ്മയായി വേഷമിട്ട് ശ്രദ്ധേയയായിരുന്നു. കൂടാതെ തസ്രാക്കിന്റെ ഭാരവാഹികൾ ഒരുക്കിയ കരിമ്പനക്കാറ്റിന്റെ ഓർമകൾ എന്ന ഹ്രസ്വ ചിത്രത്തിലും വേഷമിട്ടു. പുറത്തിറങ്ങാനിരിക്കുന്ന മോഹൻലാലിന്റെ ആറാട്ട് എന്ന ചിത്രത്തിൽ തീവണ്ടിയുടെ അറിയിപ്പ് അനൗൺസ് ചെയ്യാനായി ടീച്ചർക്ക് ക്ഷണം ലഭിച്ചുകഴിഞ്ഞു.

ഒറ്റപ്പാലം എൽ.എസ്.എൻ.ജി ഹൈസ്‌കൂളിലെ സംഗീതാധ്യാപികയാണിപ്പോൾ. ചിറ്റിലഞ്ചേരി എം.എൻ.കെ.എം ഹയർ സെക്കണ്ടറി സ്‌കൂളിലെ അധ്യാപകനായ അരുൺ കുമാറിനെ വിവാഹം കഴിച്ചതോടെ പാലക്കാട്ടുകാരിയായി മാറിയിരിക്കുകയാണിപ്പോൾ. ചിറ്റൂർ റോഡിനടുത്ത പൊൽപുള്ളിയിലാണ് താമസം. മക്കൾ ഇരുവരും അമ്മയുടെ പാതയിലൂടെയാണ് സഞ്ചാരം.
ചിറ്റൂരിലെ ഗവൺമെന്റ് വിക്‌ടോറിയ ഹയർ സെക്കണ്ടറി സ്‌കൂളിൽ പത്താം കഌസുകാരിയായ മകൾ മാളവിക അരുൺ സംഗീതത്തോടൊപ്പം നൃത്തവും വയലിനും അഭ്യസിക്കുന്നുണ്ട്. ലണ്ടൻ ട്രിനിറ്റി യൂനിവേഴ്‌സിറ്റിയിൽ നിന്നും വയലിനിൽ നാലാം ഗ്രേഡ് നേടിക്കഴിഞ്ഞു. പൊൽപുള്ളി കെ.വി.എം യു.പി സ്‌കൂളിലെ നാലാം കഌസുകാരനായ മകൻ ഇന്ദ്രജിത്ത് അരുൺ ആകട്ടെ സംഗീതത്തോടൊപ്പം ഫഌട്ടിലും മികവു തെളിയിക്കുകയാണ്. ഭർത്താവിന്റെയും മക്കളുടെയും പിന്തുണയാണ് ഈ രംഗത്ത് നിലനിൽക്കാൻ സഹായിക്കുന്നത്.
ഡബിംഗിൽ ഏറെ തൽപരയായ ടീച്ചർക്ക് അവസരം ലഭിച്ചാൽ കൂടുതൽ ഉയരങ്ങളിലേയ്ക്ക് എത്തണമെന്നാണ് മോഹം. പഠിച്ച കലകളെല്ലാം നിലനിർത്തിക്കൊണ്ടു പോകണമെന്നും ആഗ്രഹിക്കുന്നുണ്ട്.
ഒരു സംഗീതാധ്യാപിക എന്ന നിലയിൽ കുട്ടികൾക്ക് സംഗീതത്തെക്കുറിച്ച് കൂടുതൽ അവഗാഹമുണ്ടാക്കുകയാണ് ലക്ഷ്യം. എല്ലാവരും പാട്ടു പഠിക്കണമെന്നില്ല, പാട്ടുകാരായി മാറണമെന്നുമില്ല. എങ്കിലും എല്ലാവർക്കും സംഗീതം ആസ്വദിക്കാനുള്ള കഴിവുണ്ടാകണം. ശ്രുതിയും താളവും എന്താണെന്ന് അവരെ മനസ്സിലാക്കുകയും വേണം. അതാണ് ടീച്ചറുടെ ലക്ഷ്യം.

kadappadu – malayalam news

About The Author

Leave a Reply

Your email address will not be published. Required fields are marked *