വായനയും എഴുത്തും നൃത്തവും സംഗീതവുമൊക്കെ ഒരുപാടിഷ്ടത്തോടെ ഹൃദയത്തോട് ചേർത്തുവെച്ച പ്രതിഭയാണ് രശ്മി പ്രകാശ്. കേരളം വിട്ട് വിദേശത്തേക്ക് ജീവിതം പറിച്ചുനട്ടെങ്കിലും ഈ എഴുത്തുകാരിയുടെ കലാസപര്യ പൂർവ്വോപരി തിളക്കമുള്ളതാവുകയായിരുന്നു.
എല്ലാ കുട്ടികളെയും പോലെ ചിത്രകഥാ പുസ്തകങ്ങളിലൂടെയാണ് രശ്മി പ്രകാശ് എന്ന എഴുത്തുകാരി വായനയുടെ ലോകത്തേക്ക് ചേക്കേറിയത്. അക്കാലത്ത് പ്രകാശ് ലൈബ്രറി എന്ന പേരിൽ നാട്ടിൽ ചെറിയൊരു പുസ്തകാലയം ഉണ്ടായിരുന്നു. അവിടെയുള്ള പുസ്തകങ്ങളൊക്കെ വായിക്കുമായിരുന്നു. കുറെദൂരം നടന്നുവേണം അവിടേക്ക് എത്താൻ. സഹോദരൻ കണ്ണനാണ് (മിഥുൻ) എപ്പോഴും രശ്മിക്ക് കൂട്ട് പോവുന്നത്. ഒരിക്കൽ തകഴിയുടെ പ്രശസ്ത നോവലായ കയർ വായിക്കാനായി എടുത്തു. വീട്ടിൽ കൊണ്ടുവന്നപ്പോൾ തൊള്ളായിരത്തിലധികം പേജുകളുള്ള ആ പുസ്തകത്തിൽ നോക്കി അമ്മ നർമത്തോടെ ചോദിച്ചു: ‘എന്റെ കൊച്ചേ, നീയീ കയർ എന്ന് പിരിച്ചുതീരാനാ?’ കട്ടികൂടിയ പുസ്തകങ്ങൾ കാണുമ്പോഴൊക്കെ ഈ സംഭവം രശ്മിയുടെ മനസ്സിൽ ഓടിയെത്താറുണ്ട്.
ആദ്യമായി വായിച്ച പുസ്തകം പെരുമ്പടവത്തിന്റെ ‘ഒരു സങ്കീർത്തനം പോലെ’യാണ്. 1993 ൽ കോട്ടയം തിരുനക്കര മൈതാനത്ത് നടന്ന പുസ്തകമേളയിൽ നിന്ന് അത് സ്വന്തമാക്കുമ്പോൾ ലോകം പിടിച്ചടക്കിയ സന്തോഷമായിരുന്നു രശ്മിക്ക്. ആറാം ക്ലാസ്സിൽ പഠിക്കുന്ന പിള്ളേര് വായിക്കേണ്ട പുസ്തകമല്ല ഇതൊന്നും എന്നൊക്കെ പറഞ്ഞെങ്കിലും അമ്മ പുസ്തകം വാങ്ങിത്തന്നു. പിന്നീട് പലപ്പോഴായി പല പുസ്തകങ്ങൾ സ്വന്തമാക്കി. പുതിയ പുസ്തകങ്ങൾ തുറക്കുമ്പോഴുള്ള ഗന്ധം രശ്മിക്ക് ഏറെ ഇഷ്ടമാണ്.

ആദ്യമായി രശ്മിയുടെ കവിത അച്ചടിച്ചുവന്നത് ആറാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ്. കോട്ടയം ബേക്കർ മെമ്മോറിയൽ ഗേൾസ് ഹൈസ്‌കൂളിലായിരുന്നു പഠനം. സ്‌നേഹം എന്നായിരുന്നു ആ കവിതയുടെ പേര്. വീട്ടിൽ എഴുത്തിനോടും വായനയോടും ആർക്കും വലിയ താല്പര്യം ഉണ്ടായിരുന്നില്ല. എന്നാൽ മാതാപിതാക്കളും അമ്മയുടെ അനുജത്തിയും എപ്പോഴും എഴുതാനുള്ള വലിയ പ്രചോദനം തന്നെയായിരുന്നു. രശ്മി എഴുതുന്നത് ആദ്യമൊന്നും അവർ കാര്യമായി എടുത്തിരുന്നില്ല. പിന്നീടാണ് എഴുതാനുള്ള ഇഷ്ടം അവർ തിരിച്ചറിഞ്ഞത്.
ചെറുപ്പം മുതലേ എഴുത്തിന്റെ വഴികളിലൂടെ നടന്ന രശ്മി പത്താം വയസ്സു മുതൽ സ്‌കൂൾ മാഗസിനിൽ കവിതകൾ എഴുതിത്തുടങ്ങി. അക്കാലത്ത് കലാമണ്ഡലം ദേവകി അന്തർജനത്തിന്റെ കീഴിലും അതിനുശേഷം സീത മണി അയ്യരുടെ കീഴിലും നൃത്തം അഭ്യസിച്ചു. സ്‌കൂൾ, കോളേജ് വേദികളിൽ തുടർച്ചയായി നൃത്തം അവതരിപ്പിച്ചിരുന്നു.
കേരള കൗമുദി, മംഗളം, ബ്രിട്ടീഷ് മലയാളി, ജനനി, ഛായ, മഷിത്തണ്ട്, വിവിധ ഓൺലൈൻ പ്രസിദ്ധീകരണങ്ങൾ തുടങ്ങിയവയിൽ രശ്മി പ്രകാശ് എഴുതാറുണ്ട്.
രശ്മി പ്രകാശിന്റെ രണ്ട് പുസ്തകങ്ങൾ ഇതിനകം പുറത്തിറങ്ങിയിട്ടുണ്ട്.മഞ്ഞിന്റെ വിരിയിട്ട ജാലകങ്ങൾ എന്ന നോവെല്ലകളും ഏകം എന്ന കവിതാ സമാഹാരവും 2018ൽ ബാഷോ ബുക്‌സാണ് പ്രസിദ്ധീകരിച്ചത്. മഞ്ഞിന്റെ വിരിയിട്ട ജാലകങ്ങൾ രണ്ടു നോവെല്ലകൾ ചേർന്ന പുസ്തകമാണ്. രണ്ടിലും സ്ത്രീകളാണ് കേന്ദ്ര കഥാപാത്രങ്ങൾ. ചുറ്റുവട്ടങ്ങളുടെ സൂക്ഷ്മനിരീക്ഷണം ഈ പുസ്തകത്തിലെ രണ്ട് നോവെല്ലകളിലും തെളിഞ്ഞുനിൽക്കുന്നുണ്ട്. സ്വപ്‌നങ്ങൾക്കപ്പുറം പച്ചയായ ജീവിതമുണ്ടെന്ന് പറയുന്ന രചനയാണിത്. മഞ്ഞിന്റെ വിരിയിട്ട ജാലകങ്ങളിലെ നായിക ജാനകി ജ്യോതി വലിയൊരു ദുരന്തത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുനടക്കുമ്പോഴുള്ള ഓർമകളാണ് പങ്കിടുന്നത്. ഹൃദയം തൊട്ടറിഞ്ഞു സ്‌നേഹിച്ച ഒരു സ്ത്രീയുടെ പ്രണയത്തിന്റെ ശക്തിയാണ് ‘നീലിമ’ എന്ന നോവല്ലയിൽ അനാവൃതമാവുന്നത്. പ്രശസ്ത നോവലിസ്റ്റ് ബെന്യാമിനാണ് ഈ പുസ്തകത്തിന് അവതാരിക എഴുതിയത്.
പല രൂപത്തിലും ഭാവത്തിലുമുള്ള പെൺമനസ്സുകളെയാണ് ഏകം എന്ന കവിതാ സമാഹാരത്തിൽ അടയാളപ്പെടുത്തുന്നത്. പ്രമേയം കൊണ്ടും പദപ്രയോഗം കൊണ്ടും മികച്ചുനിൽക്കുന്നവയാണ് ഈ കൃതിയിലെ കവിതകൾ.
ഈ ഭൂമിയിലേക്ക് നാം തനിയെയാണ് വരുന്നത്. പിന്നീടുള്ള യാത്രയിൽ വന്നുചേരുന്നവർ നമ്മുടെ കൂടെ നടന്നേക്കാം, പാതിവഴിയിൽ മറ്റൊരു വഴിയിലേക്ക് പോയേക്കാം, അതുമല്ലെങ്കിൽ എന്നന്നേക്കുമായി ഈ ഭൂമിയിൽനിന്ന് പിരിഞ്ഞുപോയേക്കാം. ആരൊക്കെ കൂടെയുണ്ടെങ്കിലും പിരിഞ്ഞുപോയാലും യാത്രയുടെ അവസാനം മരണമെന്ന പരമമായ സത്യത്തിലേക്ക് നാം തനിയെ നടന്നുപോകും. ഇത്തരം സത്യത്തിലേക്ക് വായനക്കാരുടെ ചിന്തയെ ക്ഷണിക്കുകയാണ് ‘ഏക’ത്തിലെ കവിതകൾ. ലളിതവും ഹൃദയസ്പർശകവുമായ വാക്കുകളിലൂടെ വിരഹവും പ്രണയവും സ്വപ്‌നവും ഭക്തിയും ഉള്ളുനോവുന്ന ചിന്തകളും കവിതകളായി ഒഴുകുന്ന ഈ പുസ്തകത്തിൽ ആധുനിക കാലത്തിന്റേതായ വ്യത്യസ്തത കൊണ്ടുവരുന്നതിൽ രശ്മി പ്രകാശ് എന്ന കവി വിജയിച്ചിട്ടുണ്ട്.
പുസ്തകത്തിന് അവതാരിക എഴുതിയത് കവിത ബാലകൃഷ്ണനാണ്. ചലച്ചിത്ര പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ ആസ്വാദനക്കുറിപ്പ് ഈ പുസ്തകത്തെ ധന്യമാക്കുന്നു.

2018 ൽ കോട്ടയം പ്രസ്സ് ക്ലബ്ബിൽ നടന്ന പുസ്തക പ്രകാശന ചടങ്ങിൽ ചലച്ചിത്ര പിന്നണി ഗായകൻ ജി. വേണുഗോപാൽ, വയലാർ ശരത്ചന്ദ്ര വർമ്മ, ഡോ .ബി ഇക്ബാൽ തുടങ്ങിയവർ പങ്കെടുത്തത് മധുരമുള്ള ഓർമയായി രശ്മിയുടെ മനസ്സിലുണ്ട്. 2018ലെ ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ രണ്ട് പുസ്തകങ്ങളും പ്രദർശനത്തിനെത്തിയത് രശ്മിക്ക് വലിയ സന്തോഷമാണ് നൽകിയത്. ആറ് വർഷങ്ങൾക്ക് മുൻപ്, അമ്പത്തിയെട്ടാമത്തെ വയസ്സിൽ മരണത്തിന് കീഴടങ്ങിയ പിതാവിന്റെ വിയോഗം വല്ലാത്തൊരു വേദനയായി ഇന്നും രശ്മിയുടെ മനസ്സിൽ നീറുകയാണ്.
രശ്മിയുടെ ‘മുഖങ്ങൾ’ എന്ന നോവൽ ‘ബ്രിട്ടീഷ് മലയാളി’ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2019 ലെ ബ്രിട്ടീഷ് മലയാളി എഡിറ്റോറിയൽ അവാർഡ് രശ്മിക്ക് ലഭിച്ചിട്ടുണ്ട്. വിവിധ കൾച്ചറൽ പ്രോഗ്രാമുകളുടെ സജീവ പ്രവർത്തകയാണ്. ബ്രിട്ടീഷ് മലയാളി അവാർഡ് നൈറ്റിൽ തുടർച്ചയായി മലയാളി മങ്ക, മിസ്സ് കേരള എന്നിവയുടെ കോർഡിനേറ്ററും അവതാരകയുമായിരുന്നു .
ബ്രിട്ടീഷ് മലയാളി ചാരിറ്റി ട്രസ്റ്റിയും മദേഴ്സ് ചാരിറ്റിയുടെ സജീവ പ്രവർത്തകയുമാണ്.
ലണ്ടൻ മലയാളം റേഡിയോയിൽ രശ്മി അവതരിപ്പിച്ചിരുന്ന ‘മാണിക്യവീണ’ എന്ന പരിപാടി ശ്രദ്ധേയമായിരുന്നു. കേരള ഗവണ്മെന്റിന്റെ മലയാളം ക്ലാസ്സുകളിൽ അധ്യാപികയായും പ്രവർത്തിക്കുന്നുണ്ട്.
മഴനൂൽ കനവ്, മഴയുടെ മിഴികൾ എന്നീ സംഗീത ആൽബങ്ങൾ ചെയ്തിട്ടുണ്ട്.
പത്മരാജന്റെ ചെറുകഥകൾ, മാധവിക്കുട്ടിയുടെ ‘നഷ്ടപ്പെട്ട നീലാംബരി’, ബെന്യാമിൻ എഴുതിയ മഞ്ഞവെയിൽ മരണങ്ങൾ, ജേക്കബ് ഏബ്രഹാമിന്റെ ‘വിഷമവൃത്തങ്ങളിൽ വിശുദ്ധർ’, ടി ഡി രാമകൃഷ്ണൻ എഴുതിയ ‘സുഗന്ധി എന്ന ആണ്ടാൾ ദേവനായകി’ എന്നിവ രശ്മി പ്രകാശിന് ഏറെ ഇഷ്ടപ്പെട്ട കൃതികളാണ്.
കോട്ടയം സ്വദേശിനിയായ രശ്മി പ്രകാശ് യു.കെയിൽ ചെംസ്ഫോർഡുള്ള ബ്രൂംഫീൽഡ് ഹോസ്പിറ്റലിൽ പ്ലാസ്റ്റിക് സർജറി ഡിപ്പാർട്ട്‌മെൻറിൽ നഴ്‌സായി സേവനമനുഷ്ഠിക്കുകയാണ്.
ഭർത്താവ് രാജേഷ് കരുണാകരൻ, മകൻ ആദിത്യ തേജസ് രാജേഷ് എന്നിവരോടൊന്നിച്ച് ചെംസ് ഫോർഡിൽ താമസിക്കുന്നു.
kadappadu – malayalam news













